‘കൈപ്പാടൻ എന്ന അടിമയെ അമ്പുനായർ എന്ന ഉടമ എട്ട് ഉറുപ്പികക്ക് സുബ്ബരായപട്ടർക്ക് പണയം വെച്ചു. ’
1991 ൽ പ്രസിദ്ധീകരിച്ച കെ. ജെ. ബേബിയുടെ മാവേലി മൺറം എന്ന നോവൽ ആരംഭിക്കുന്നത് ഈ വാചകത്തോടെയാണ്. വയനാട്ടിലെ ആദിവാസികളുടെ യാതനാപൂർണ്ണമായ ജീവിതത്തിന് നേർക്ക് പിടിച്ച കണ്ണാടിയാണ് മാവേലി മൺറം എന്ന നോവൽ. സ്വപ്നത്തിൽ മാത്രം അസ്തിത്വമുണ്ടായിരുന്ന ഒരു മാവേലിക്കാലം കെട്ടിപ്പടുക്കാനുള്ള, അടിമകളുടെ യത്നമാണ്, അഥവാ യജ്ഞമാണ് മാവേലിമൺറം. നോവൽ പ്രസിദ്ധീകരിച്ച് ഏതാണ്ട് മുപ്പത്തഞ്ച് വർഷം പിന്നിട്ടു. അവരുടെ ജീവിതം കൂടുതൽ കൂടുതൽ ശോചനീയമായി എന്നതാണ് യാഥാർത്ഥ്യം. വിരലിലെണ്ണാവുന്ന ഭൂവുടമകൾ. അവരുടെ ഇഷ്ടത്തിനനുസരിച്ച് കൊല്ലുകയോ വളർത്തുകയോ വിൽക്കുകയോ വാങ്ങുകയോ ചെയ്യാവുന്ന, അവരുടെ ഇംഗിതത്തിനനുസരിച്ച് ചലിക്കുന്ന പാവകളെപ്പോലെ കാടിന്റെ മടിത്തട്ടിൽ ഒരു പറ്റം മനുഷ്യർ. രൂപംകൊണ്ട് മാത്രം മനുഷ്യരായ അവരെ ലോകം ആദിവാസികൾ എന്ന് വിളിച്ചു. അടിയോർ എന്നോ പണിയർ എന്നോ കുറുമർ എന്നോ കുറിച്യർ എന്നോ എന്തുതന്നെ പേരിട്ടാലും അവരുടെ ജീവിതങ്ങൾക്ക് ഒരേ നിറം, ഒരേ ഗന്ധം, അവർക്ക് നാവുണ്ടോ. സംശയമാണ്. ഉണ്ടെങ്കിൽ ഓരോരുത്തനും പറയാനുള്ള കഥകൾ ഒന്നുതന്നെ. കൊടിയപീഢനങ്ങളുടെ ഒരിക്കലും അവസാനിക്കാത്ത കഥകൾ. കടിച്ചാൽ തിരിച്ചുകടിക്കാനറിയാത്ത മഹാസാധുക്കളോട് സവർണ്ണഭൂവുടമകൾ കാണിക്കുന്ന പാതകങ്ങൾ അതേപടി തുറന്നു കാണിക്കുകയാണ് ബേബി ഈ നോവലിൽ.
ചോരയൊലിക്കുന്ന മുറിവിലൂടെ മുളമുള്ള് കോറിവലിക്കുന്ന നീറ്റലും വേദനയും സമ്മാനിക്കുന്നതാണ് നോവലിന്റെ വായനാനുഭവം.വിരലിലെണ്ണാവുന്ന ജൻമിമാരുടെ സുഖ സുഭിക്ഷജീവിതം ഉറപ്പിക്കുന്നതിന് വേണ്ടി അഹോരാത്രം അദ്ധ്വാനിക്കുന്ന അടിമകൾ. ഭയം എന്ന കാണാച്ചരട് കൊണ്ട് ബന്ധിതമാണ് അവരുടെ ജീവിതവും മനസ്സുകളും. ഇഹലോകത്തു മാത്രമല്ല, മരിച്ച് മണ്ണടിഞ്ഞ് കീയൂലോകത്ത് പോയാലും അവിടെയും അവർ അടിമകളാണ് എന്നുരുവിട്ടുറപ്പിക്കുകയാണ് ജൻമിവർഗം. അവിടെയും തങ്ങൾ അവരുടെ ജൻമിമാരാണ്.
എല്ലാരും ഒരുപോലെ കഴിഞ്ഞിരുന്ന മാവേലിക്കാലം. അവർ ആരുടെയും അടിമകളല്ലാതിരുന്ന മാവേലിമന്റുവിന്റെ ആ കാലത്തെക്കുറിച്ച് കൂട്ടത്തിലെ ഏറ്റവും പ്രായമുള്ള ജെവരനാണ് അവർക്ക് പറഞ്ഞുകൊടുക്കുന്നത്. എല്ലാരും ഒരുമിച്ച് പണിയെടുത്തും ഉള്ളത് ഒരുപോലെ പങ്കിട്ടെടുത്തും കഴി ഞ്ഞകാലം. അങ്ങനെ എല്ലാവരും സന്തോഷത്തോടെ കഴിയുന്ന കാലത്ത് മൂന്ന് കള്ളത്തമ്പ്രാക്കൾ അവിടെ വരുന്നു. മാവേലിമന്റു അവരെ ഹൃദയം തുറന്നിരുത്തി. അവർ ചതിപ്രയോഗത്താൽ മാവേലിമന്റുവിന്റെ മണ്ണും മന്റവും തകർത്തു. നൂറ്റെട്ട് കുലോം നൂറ്റെട്ട് ജാതിയും ഉണ്ടാക്കി.
ഞങ്ങള് വിരാട്പുരുഷന്റെ വായീന്നും കൈയ്യീന്നും വന്നോര്. നിങ്ങള് അടീന്ന് വന്നോര്. നിങ്ങള് ഞങ്ങടെ അടിമോള്. അങ്ങനെ അടിമക്കാലം തുടങ്ങി. മേലാളർക്ക് സുഖസുഭിക്ഷമായി ജീവിക്കാൻ വേണ്ടി അടിമകൾ രാപകലില്ലാതെ അദ്ധ്വാനിച്ചു. എന്തിന്, അവർ മൈഥുനത്തിൽ ഏർപ്പെടുന്നത് പോലും ഉടമക്ക് വേണ്ടി ആയിരുന്നു. മൈഥുനം ജൻമിയുടെ ഭാഷയിൽ ‘ചവിട്ട’ലാണ്. കന്നുകാലികളുടെ സംയോഗത്തെ അങ്ങനെയാണല്ലോ വിശേഷിപ്പിക്കാറ്. തമ്പുരാമ്പാടത്ത് പണിയെടുക്കാനും കമ്പനിക്കാർക്ക് (ഈസ്റ്റിന്ത്യാക്കമ്പനി) തോട്ടമുണ്ടാക്കാനും എത്ര അടിമകളെ കിട്ടിയാലും മതിയാകില്ല. അടിമകളെ പെറ്റുകൂട്ടാൻ വേണ്ടി ആണും പെണ്ണും ചവിട്ടണം. അതെങ്ങനെ വേണം, എങ്ങനെ ആകരുത് എന്നൊക്കെ ജൻമി നിർദേശിക്കും.
‘പെട്ടെന്നെല്ലാരും നല്ല ഏല്ക്കൊന്ന് ചവിട്ടിൻ. അധികം ചവിട്ടും ബലീം ഒന്നും വേണ്ടാ. ഞാളാടെ ഉണ്ടാകും. ആടെ കേക്കണം ഹായ് ഹായ്ന്നുള്ള ചെത്തം.’
അവരുടെ വയലുകളും തോട്ടങ്ങളും വലുതാക്കാൻ വേണ്ടി കൂടുതൽ അടിമകളെ സൃഷ്ടിക്കാൻ മാത്രം ആണും പെണ്ണും ഉടമയുടെ നിർദേശപ്രകാരം ചവിട്ടിക്കോളുക. എപ്പോൾ തുടങ്ങണം, എപ്പോൾ നിർത്തണം, ജൻമി നിശ്ചയിക്കും.
മുതലാളിത്ത വ്യവസ്ഥിതി ഇത്രയും അറപ്പുളവാക്കുന്ന രീതിയിൽ കീഴാള ജീവിതത്തിൽ ഇടപ്പെടുന്നതായി വായിച്ചതോർക്കുന്നില്ല. ഭാവനയല്ലിത്. നൂറ്റുക്ക് നൂറും പരമാർത്ഥം. മുപ്പത്തഞ്ച് കൊല്ലമാകുന്നു ഈ നോവൽ പ്രകാശം കണ്ടിട്ട് എന്ന് പറഞ്ഞല്ലോ. വയനാട്ടിലെ, എന്തിന്, അട്ടപ്പാടിയിലെ ഇടുക്കിയിലെ ആദിവാസി ജീവിതങ്ങളെ സംബന്ധിച്ച് വികസനത്തിന്റെ വഞ്ചി ‘ഇന്നും തിരുനക്കരെ തന്നെ’ അല്ലേ.
തമ്പുരാൻലോകം വലുതാക്കാൻ അടിമക്കുഞ്ഞുങ്ങളെ പെറ്റ് പെറ്റ് കൂട്ടേണ്ടിവരുന്ന അമ്മമാരുടെ ഉള്ളിലെ കണ്ണീർക്കുന്ന് കണ്ട് ചമ്പിയാണത് പറഞ്ഞത്: ‘കൂട്ടുകാരേ നമുക്കീ ലോകത്ത് തമ്പുരാൻ ലോകം വലുതാക്കാനായി ഒറ്റക്കുഞ്ഞുങ്ങളെയും പെറൂല്ലാന്ന് സത്യം ചെയ്യാം.’ ചമ്പിയോടൊപ്പം ജെവനിയും ഈരയും കാടിന്റെയും കാറ്റിന്റെയും സൂര്യഭഗവാന്റെയും ചന്ദ്രഭഗവാന്റെയും തീയുടെയും വെള്ളത്തിന്റെയും നേരെ കൈകളുയർത്തി സത്യം ചെയ്തു. ‘ഞങ്ങൾ ഈ തമ്പുരാൻലോകത്ത് തമ്പുരാമ്പാടം വളർത്താനായി ഒറ്റക്കുഞ്ഞുങ്ങളെയും പെറുകില്ല. ഇത് നിങ്ങളാണേ സത്യം.’
എന്നിട്ടോ ഈര ഒഴികെ മറ്റു രണ്ട് പേരും ജന്മിയുടെ ചതിയിൽപ്പെട്ട് ഗർഭിണികളായി പ്രസവിക്കുന്നു. ഈരയാകട്ടെ കൈപ്പാടനൊപ്പം കാട്ടിലേക്ക് ഓടി രക്ഷപ്പെടുന്നു. ആ രക്ഷപ്പെടലും രക്ഷപ്പെടലല്ല. അടിമയായ കൈപ്പാടന്റെ ഉടമയായ ജൻമി, കരടിത്തമ്പുരാൻ മറ്റ് ജൻമിമാരുടെ സഹായത്തോടെ നാല് ചുറ്റും നിന്ന് അവരെ കെണിയിൽ പെടുത്താനുള്ള ശ്രമത്തിലാണ്.
ജെവരൻ മൂപ്പനെക്കൊണ്ട് പണ്ട് ഇതുപോലെ രക്ഷപ്പെടുന്ന മേലോരച്ഛന്റെയും കീഴോരുത്തിയുടെയും കഥ പറയിക്കുന്നു. എല്ലാ വഴിയും അടഞ്ഞാൽ മാളി ദൈവത്തെക്കൊണ്ട് അടിമയെ പേടിപ്പിക്കുന്നു. അതുവരെ പിടികൊടുക്കാതെ ഒളിവിൽ കഴിയുന്ന അടിമ മാളി ദൈവത്തെ കണ്ടാൽ സകല പ്രതിരോധവും നഷ്ടപ്പെട്ട് സ്വാതന്ത്ര്യവാഞ്ചയും ഉപേക്ഷിച്ച് വീണ്ടും അടിമക്കൂട്ടിലേക്ക് തന്നെതിരികെപ്പോകുന്നു.
അടിമകളോട് ‘നല്ല ഏലുക്ക് ചവിട്ടാൻ’ കൽപ്പിച്ച് വരുമ്പോഴാണ് മേനോക്കി വഴി വിലങ്ങെ കിടക്കുന്ന അടിമയുടെ ജഡം കാണുന്നത്. അവിടെ കിടന്ന് പ്രാണൻ കളഞ്ഞ അതിനെ കഠിനമായി ശകാരിക്കുന്നു. അതിന്റെ മീതെ കാർക്കിച്ച് തുപ്പുന്നു. വഴിയോരത്ത് ചത്ത് കിടക്കുന്ന ഒരു ജന്തുവിനെ എന്നോണം ആ ജഡം കൈപ്പാടനെക്കൊണ്ട് കുഴിച്ചിടുവിക്കാൻ തിരക്ക് കൂട്ടുന്നു. അതിന്കാരണം പറയുന്നതാകട്ടെ.
‘ഓര് ചവിട്ട് കയ്യുമ്പളേക്കും ഇതിനെ കുയീല് താത്തണം. ’
ഇല്ലെങ്കിൽ
‘ഓരിത് കണ്ടാൽ ഇന്ന് മുഴുവൻ ഓരിയിടലും കൊയലൂത്തുമായിരിക്കും. ’
അടിമ ജനത്തിന് ജീവശ്വാസമാണ് അവന്റെ ആചാരാനുഷ്ഠാനങ്ങൾ. കരിംപട്ടിണിയിൽ കഴിയുമ്പോഴും അവന് ആ കുഴലൂത്ത് കേട്ടാൽ പുനർജൻമം കിട്ടിയ പോലാകും. പക്ഷെ ജൻമിമാർക്ക് അത് ഓരിയിടലും കൊയലൂത്തും ആകുന്നതിൽ അത്ഭുതമില്ല.
മാനുഷിക വികാരങ്ങൾ തൊട്ട് തീണ്ടിയിട്ടില്ലാത്തവരാണ് ഈ നോവലിലെ സവർണ്ണ കുടുംബാംഗങ്ങളായ ജൻമികൾ. അവരുടെ പേരിൽത്തന്നെയുണ്ട് ആ കാടത്തം. ഉദാഹരണം: കരടിത്തമ്പുരാൻ. ദേഹമാസകലം കരടിയെപ്പോലെ രോമവും അതിൽ നിറയെ പേനും. ആ പേൻ പെറുക്കലും അടിമകളുടെ ജോലിയാണ്.
മനുഷ്യത്വം എന്നത് അടിമകളോട് മാത്രമല്ല സ്വന്തം വീട്ടിലെ അംഗങ്ങളോട്, വിശിഷ്യാ പെണ്ണുങ്ങളോട് കാണിക്കാത്ത ജൻമി. കരടിത്തമ്പുരാൻ തന്റെ കുഞ്ഞിനെ പ്രസവിക്കാൻ ഇഷ്ടമില്ലാത്ത സ്വന്തം ഭാര്യയെ എത്ര ക്രൂരമായാണ് കൊലപ്പെടുത്തുന്നത് എന്നും ശകാര വാക്കുകളല്ലാതെ മറ്റൊന്നും കേൾക്കാൻ ഇട വന്നിട്ടില്ലാത്ത കൈക്കുഞ്ഞ് വളരുമ്പോൾ എങ്ങിനെ അയാളെപ്പോലെത്തന്നെയുള്ള കാടത്തിയാവുന്നു എന്നും മുത്തയും ജെവരനും തമ്മിലുള്ള കഥാകഥനത്തിലൂടെ കാണിക്കുന്നുണ്ട്.
കമ്പനിപ്പട്ടാളത്തിന് മുന്നിൽ മുട്ട് മടക്കാത്ത പഴശ്ശി കാട്ടിൽ ഒളിച്ച് താമസിക്കുന്നതും സ്വന്തം ദേശക്കാരായ ജൻമിമാരാൽ ഒറ്റുകൊടുക്കപ്പെട്ട്, അതിന് ഉപയോഗിക്കുന്നത് ചിന്താശേഷിയില്ലാത്തവരെന്ന് അവർ കരുതുന്ന കാട്ടുവാസികളെക്കൊണ്ടാണ്, വധിക്കപ്പെടുന്നത് ജെവരന്റെ കഥനത്തിലൂടെ അനുവാചകരിൽ എത്തുന്നുണ്ട്. ധീരനായ കടുങ്ങോൻ പഴശ്ശിയെ സഹായിച്ചതിന്റെ പേരിൽ ദുർമരണം ഏറ്റുവാങ്ങുകയും അയാളുടെ ഭാര്യ, കമ്പനിപ്പടക്കാരാൽ മാനഭംഗത്തിനിരയായി വധിക്കപ്പെടുന്നതും മകൾ ചിരുതയിയും പെരുമൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വൃദ്ധൻ, (ഇവിടെ പാവങ്ങളുടെ പെരുമൻ എന്ന അപരനാമധേയത്താൽ വർഗ്ഗീസിനെ ഓർത്ത് പോകുന്നു നമ്മൾ) കരടിത്തമ്പുരാന്റെ സഹോദരിയുടെ ഭർത്താവാണ് അയാൾ, അമ്പുത്തമ്പുരാന്റെ പിതാവ്, കുഞ്ഞിനെ അതിനകം സമസ്താപരാധം പറഞ്ഞ്, ധീരരായ സ്വന്തം പിതാവിനെയും സഹോദരീഭർത്താവിനെയും തള്ളിപ്പറഞ്ഞ് കരടിത്തമ്പുരാന്റെ ആശ്രിതനായി മാറിയ അമ്പുത്തമ്പുരാനെ ഏൽപ്പിച്ച് കാട്ടിലേക്ക് തിരികെപ്പോകുന്നതും പഴശ്ശിയുടെ വധത്തെക്കുറിച്ചറിഞ്ഞ് ആത്മാഹുതി നടത്തുന്നതും നോവലിൽ ഒരുപകഥയായി പറഞ്ഞുപോകുന്നുണ്ട്. ക്രൂരരും സ്വാർത്ഥമതികളുമായ ജൻമിമാർക്ക് അപവാദമെന്നോണം ധീരദേശാഭിമാനികളും അക്കൂട്ടത്തിൽ ഉണ്ടെന്ന യാഥാർത്ഥ്യം അനുവാചകരിലേക്കെത്തിക്കാൻ നോവലിസ്റ്റ് മറക്കുന്നില്ല.
1964 ൽ കുങ്കുമം അവാർഡ് നേടിയ, പിന്നീട് സുപ്രസിദ്ധ സംവിധായകൻ രാമു കാര്യാട്ട് സിനിമയാക്കിയ പി. വൽസലയുടെ നെല്ലിലൂടെ, പിന്നീട് കൂമൻകൊല്ലി, ആഗ്നേയം, തുടങ്ങിയ നിരവധി നോവലുകളിലൂടെയും ചെറുകഥകളിലൂടെയും ടീച്ചർ ആവിഷ്കരിച്ചിട്ടുണ്ട് വയനാടൻ ആദിവാസികളുടെ ജീവിതവ്യഥകൾ. എന്നാൽ അതിൽ വെളിപ്പെട്ടതിനേക്കാൾ അതിഭീകരമാണ് ബേബിയുടെആവിഷ്കാരം. ആദ്യത്തേതിൽ നോവലിസ്റ്റ് പുറമേ നിന്നുള്ള നിരീക്ഷണത്തിലൂടെയാണ് നോവൽ രചിച്ചതെങ്കിൽ ഇവിടെ നോവലിസ്റ്റ് അവരിലൊരാളായി താദാത്മ്യം പ്രാപിക്കുകയാണ്. അത് വായിച്ചറിഞ്ഞ് സാംസ്കാരിക കേരളം ഞെട്ടിയതായി എവിടെയും രേഖപ്പെടുത്തിയിട്ടില്ല. നെല്ലിലെ കഥാപാത്രങ്ങൾ വിധിക്ക് നിശ്ശബ്ദം കീഴടങ്ങുന്നവരാണ്. അവിടെ ചൂഷണമുണ്ടെങ്കിലും അതൊരു മയത്തിലാണ്. ചൂഷകനായ ജൻമിയും ചൂഷിതരായ അടിയാളനും തമ്മിലുള്ള വ്യത്യാസം നേരിയതാണ്. പ്രകൃതിയുടെ കരാളതക്ക് മുന്നിൽ മനുഷ്യന്റെ നിസ്സാരത വെളിവാക്കുന്നുണ്ട് പല സന്ദർഭങ്ങളിലും.
ആദിവാസി ജീവിതത്തിന്റെ മിത്തുകളുടെയും തുടിച്ചൊല്ലുകളുടെയും ഒരു ഡോക്യമെന്റേഷൻ കൂടി നോവലിൽ നിർവഹിക്കപ്പെടുന്നുണ്ട്. അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിന്റെ ലോകത്തേക്ക് രക്ഷപ്പെടുന്ന മേലോരച്ചനും കീയോര്ത്തിയും ശ്രമത്തിൽ പരാജയപ്പെടുന്നു. പക്ഷെ അവരുടെ കഥ കേട്ട് വളരുന്ന കൈപ്പാടന്റെയും ഈരയുടെയും പലായനം സ്വാതന്ത്ര്യത്തിന്റെ പുലർവെളിച്ചത്തിലേക്ക് തന്നെയാണ്. കൂട്ടരെക്കൂടി മാവേലിമന്റുവിന്റെ ആ കാട്ടിലേക്ക് കൊണ്ടുപോകാൻ അവർക്ക് കഴിയുന്നു. നോവലിലെങ്കിലും മാവേലിക്കാലം പുനരെടുക്കാൻ അവർക്ക് കഴിയട്ടെ എന്ന പ്രത്യാശ കാണിച്ച നോവലിസ്റ്റ് എന്തേ ആ ശുഭാപ്തിവിശ്വാസം സ്വന്തം ജീവിതത്തിൽ കൈവിട്ടത് എന്ന വേദനയാണ് മാവേലി മൺറത്തിന്റെ പുനർവായന എന്നിൽ അവശേഷിപ്പിച്ചത്.
———-
No Comments yet!