ബേബി മാഷ് ഓർമയായിരിക്കുന്നു…. കത്തുന്ന ഓർമ. 2023 ജനുവരിയിലാണ് മാഷുമായി ഞാൻ സംസാരിക്കുന്നത്. അന്ന് കനവു മക്കളെക്കുറിച്ച് ഏറെ അഭിമാനത്തോടെയാണദ്ദേഹം സംസാരിച്ചത്. ഷേർളി ടീച്ചർ തനിച്ചാക്കി പോയതിന്റെ വേദന പലപ്പോഴും തെളിഞ്ഞു നിന്നെങ്കിലും ചെയ്തു തീർത്ത കാര്യങ്ങളിൽ തികഞ്ഞ സംതൃപ്തിയോടെയാണ് അദ്ദേഹം സംസാരിച്ചത്. സമർപ്പിത ജീവിതം നയിച്ച മാഷെയും ടീച്ചറെയും സ്നേഹാദരങ്ങളോടെ മാത്രമേ എന്നുമോർക്കാനാവൂ
കനവ് വീണ്ടും പൂക്കുന്നു; വസന്തത്തെ വരവേല്‍ക്കാനായി കനവു മക്കള്‍…ഏറെ സന്തോഷത്തിലും പ്രതീക്ഷയിലുമാണവര്‍. അവരുടെ ബേബിമാമനും ഷേര്‍ളിമാമിയും അവരെ സ്വപ്‌നം കാണാനും അത് യാഥാര്‍ത്ഥ്യമാക്കാനായി സമര്‍പ്പിത ജീവിതം നയിക്കാനുമൊക്കെ പ്രാപ്തരാക്കിയിരിക്കുന്നു. അവരെന്തു ചെയ്യുന്നു എന്ന് ബേബി മാമന്‍ ഏറെ പ്രതീക്ഷയോടെ, അതിലേറെ സന്തോഷത്തോടെ നോക്കിയിരിക്കുന്നു. അവരുടെ മക്കള്‍ അതിനുള്ള ശേഷി കനവു ജീവിതത്തില്‍ നിന്നും കൈവരിച്ചിട്ടുണ്ടെന്ന ബോധ്യവും അവരുടെ ബേബിമാമന്, കെ ജെ ബേബി എന്ന ധിഷണാശാലിയ്ക്കുണ്ട്. ഈ തിരിച്ചറിവോടെ തന്നെയാവണം ഷെര്‍ളി ടീച്ചറും കനവിനോടും ജീവിതത്തോടും യാത്ര പറഞ്ഞിട്ടുണ്ടാവുക. കനവ് പിറവിയെടുത്തപ്പോള്‍ വളരെ പ്രശസ്തമായ സ്‌കൂളില്‍ നിന്ന് തങ്ങളുടെ മക്കളായ ഗീതിയെയും ശാന്തിയെയും കനവിലേക്ക് കൊണ്ടുവന്ന് ആദിവാസി കുട്ടികള്‍ക്കൊപ്പം ജീവിതം പഠിക്കാനുള്ള അവസരമൊരുക്കുകയായിരുന്നു അവര്‍ ചെയ്തത്. ഏറെ പഠിക്കാനുണ്ട് കനവില്‍ നിന്ന്. ഇപ്പോഴും വിഴിഞ്ഞം സമരത്തിനടക്കം ഓടിയെത്തി നാടകം കളിച്ച് കാടിന്റെ മക്കളും കടലിന്റെ മക്കളും നേരിടുന്നത് പുറംതള്ളലിന്റെ ഒരേ രാഷ്ട്രീയമാണെന്നു പറയുന്ന കെ ജെ ബേബി എന്ന സമര്‍പ്പിത മനുഷ്യന്‍ പങ്കുവെച്ച സ്‌നേഹമാണിത്.
ചോ: ബദല്‍ വിദ്യാഭ്യാസ രീതി എന്ന ചിന്തയിലേക്ക് എത്തുന്നതെങ്ങനെയാണ്?
ഉ: കനവിനെ കുറിച്ചല്ലേ ചോദിച്ചത്? വാസ്തവത്തില്‍, കനവ് ഒരു ബദല്‍ വിദ്യാഭ്യാസ രീതി എന്ന നിലയിലൊന്നുമല്ല തുടങ്ങുന്നത്. ആദിവാസി മേഖലയില്‍ എത്രയോ വര്‍ഷങ്ങളായി സാക്ഷരത പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. അതുകൊണ്ട് ഞങ്ങള്‍ക്കറിയാം അവരുടെ പ്രശ്‌നങ്ങള്‍. അടിയോരുടെ ഭാഷയിലുള്ള നാടകങ്ങള്‍ ഉണ്ടാവുന്നതുപോലും ആ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ്. ആദിവാസി കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്താണെന്ന് ഞാന്‍ നേരിട്ടറിഞ്ഞിട്ടുണ്ട്. സ്‌കൂളുകളില്‍ അവര്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഭാഷാപരമായി അവര്‍ ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. വയനാട്ടില്‍ പല ആദിവാസി വിഭാഗങ്ങളുണ്ട്. ഓരോ വിഭാഗത്തിനും സ്വന്തം ഭാഷയാണ്. മലയാളം അവരെ സംബന്ധിച്ചിടത്തോളം മാതൃഭാഷയല്ല. അത് അവരുടെ ഉടയോരുടെ ഭാഷയാണ്. അവരുടെ ഭാഷ സംസാരിച്ചുവരുന്ന ഒരു കുട്ടി പെട്ടെന്ന് മലയാളം കേള്‍ക്കുമ്പോള്‍ അത് മനസ്സിലാക്കാന്‍ വിലിയ ബുദ്ധിമുട്ടുണ്ട്. ആ ബുദ്ധിമുട്ട് മനസ്സിലാക്കി അതിനുള്ള സാവകാശം കൊടുക്കാന്‍ തയ്യാറാവുന്ന അധ്യാപകരുടെ അടുത്ത് അവര്‍ നിന്നു പോവുന്നുമുണ്ട്. ഇതൊക്കെ കുട്ടിക്ക് അറിയാം…കുറച്ചു സമയമെടുക്കും എന്നേയുള്ളൂ എന്നൊക്കെ അറിയാവുന്നഅധ്യാപകരുടെ അടുത്ത് ഇവര്‍ നിന്നുപോവുന്നുണ്ട്. അധ്യാപകരെയും കുറ്റം പറയാന്‍ പറ്റില്ല. അവര്‍ക്ക് പത്തമ്പതോളം കുട്ടികളുണ്ടാവും. അതിനിടയില്‍ ഒരു ആദിവാസിക്കുട്ടി. ആ കുട്ടിയുടെ പേര് വിളിക്കുന്നതു പോലും പ്രശ്‌നമാവും. കാരണം അതുവരെ വീട്ടില്‍ കുട്ടിയെ വിളിച്ചിരുന്ന പേരായിരിക്കില്ല സ്‌കൂളില്‍ വിളിക്കുന്നത്. അത് മേരിയോ ലീലയോ ഒക്കെ ആക്കിയിട്ടുണ്ടാവും. കുട്ടിക്ക്പുതിയ പേര് മനസ്സിലായിക്കൊള്ളണമെന്നില്ല. കുറെ നാളുകള്‍ക്ക് ശേഷമാണ് കുട്ടി തിരിച്ചറിയുക, തന്റെ പേര് ഇതാണെന്നത്. എന്നാല്‍ അധ്യാപകന്‍ ചിന്തിക്കുന്നത് കുട്ടി ആദിവാസി വിഭാഗത്തില്‍ നിന്നായതുകൊണ്ട് സ്വന്തം പേരുപോലും മനസ്സിലാവാത്തത്ര ശേഷിയില്ലെന്നാണ്. പുഞ്ചി എന്നു വിളിച്ചാല്‍ അത് കുട്ടിക്ക് മനസ്സിലാവും. വാസ്തവത്തില്‍ കുട്ടിയുടെ ശരിക്കുള്ള പേര് പുഞ്ചി എന്നാണ്. അത് സ്‌കൂളിലെത്തുമ്പോള്‍ മറ്റെന്തെങ്കിലുമൊക്കെയാക്കി മാറ്റുകയാണ് ചെയ്യുന്നത്. നമ്മുടെ വീട്ടിലെ ഒരു കുട്ടിയെ ഹിന്ദിമീഡിയം സ്‌കൂളിലേക്ക് വിട്ടാല്‍ സംഭവിക്കുന്ന അതേ പ്രശ്‌നമാണ് ആദിവസിക്കുട്ടികളും നേരിടുന്നത്. അത് സര്‍ക്കാരിനോവിദ്യാഭ്യാസ വകുപ്പിനോ മനസ്സിലായിരുന്നില്ല. ഇതൊക്കെ എനിക്ക് അറിയാമായിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നുമല്ല കനവ് തുടങ്ങുന്നത്.
നാടുഗദ്ദിക നാടകം രണ്ടാമതായി അവതരിപ്പിക്കാന്‍ തീരുമാനിക്കുന്നു. അതിനു മുമ്പ് ഈ നാടകം നിരോധിക്കപ്പെട്ടു. കേസും അറസ്റ്റും ജയില്‍വാസവുമൊക്കെ കഴിഞ്ഞിരുന്നു. ആദ്യത്തെ നാടക സംഘത്തിലുള്ളവരൊക്കെ പോയി. മാവേലിമന്‍ട്രം നോവലിനുശേഷമാണത് വീണ്ടും അവതരിപ്പിക്കാന്‍ തീരമാനിക്കുന്നത്. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് പഠനം കഴിഞ്ഞുവന്നവരാണ് ഈനാടകം ഒന്നുകൂടി വീണ്ടും അവതരിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നത്. കാരണം ഈ നാടകത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍, പ്രത്യേകിച്ച് അടിയോരുടെ കാര്യങ്ങളൊക്കെ ഈ നോവലില്‍ വ്യക്തമായുണ്ട്. നാടകത്തില്‍ നമ്മള്‍ കീയിന്റോ എന്നൊക്കെപറയുന്നുണ്ട്. അത് മരണാനന്തര ലോകത്തെ കുറിച്ചുള്ള സങ്കല്‍പ്പമാണ്. അതൊക്കെ നോവലിനകത്ത് വിശദീകരിച്ചിട്ടുണ്ട്. അപ്പോള്‍ ഇതൊക്കെ അറിഞ്ഞുകൊണ്ട് നാടകം കാണാനുള്ളൊരു താല്‍പ്പര്യമായിരുന്നു. ഈ കേസൊക്കെ കഴിഞ്ഞപ്പോള്‍ ഈ നാടകം നിരോധിച്ചവരുടെ മുമ്പില്‍ അതൊന്ന് അവതരിപ്പിക്കണമെന്ന് ഞാനും ആഗ്രഹിച്ചിരുന്നു. സ്‌കൂള്‍ ഓഫ് ഡ്രാമയിലെ കുട്ടികളുടെ ആവശ്യം കൂടി ആയപ്പോള്‍ എനിക്കും ആവേശമായി. അതിനായി ഞാന്‍ ഇവിടെ നിന്നുതന്നെ പുതിയൊരു ടീമിനെ ഫോം ചെയ്യാന്‍ തുടങ്ങി. നടവയലിലാണ് ഞങ്ങള്‍ താമസിച്ചിരുന്നത്. ഞങ്ങള്‍ക്കും രണ്ട് പിള്ളേരുണ്ട്. ഞങ്ങള്‍ വീടിന്റെ പിറകില്‍ ഒരു ചെറിയ ഷെഡ് വച്ചുകെട്ടിയാണ് നാടക ക്യാമ്പ് നടത്തുന്നത്.
അന്ന് ക്യാമ്പില്‍ വന്നുകൊണ്ടിരുന്ന ആക്ടേഴ്‌സിന്റെ വീട്ടിലുള്ള കുട്ടികളും റിഹേഴ്‌സല്‍ ക്യാമ്പില്‍ വരുമായിരുന്നു. സ്‌കൂളില്‍ നിന്നും ഡ്രോപ്പ്ഔട്ട്‌സ് ആയ ആദിവാസി കുട്ടികളും സ്‌കൂളില്‍ പോയിക്കൊണ്ടിരിക്കുന്ന ചിലരും നാലിലും രണ്ടിലും പഠിക്കുന്ന ഞങ്ങളുടെ കുട്ടികളുമുണ്ടായിരുന്നു. അന്ന് അവര്‍ ഇവിടത്തെ ഏറ്റവും മികച്ച ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഞങ്ങള്‍ സമയമുള്ളപ്പോഴൊക്കെ കൂട്ടിയിരുത്തി ചില പരിപാടികള്‍ തുടങ്ങി. പാട്ട് ഇഷ്ടമാണ്. ആര്‍ട്ട് ഇഷ്ടമാണ്. പെയിന്റിങ് ഇഷ്ടമാണ്. ഞങ്ങളുടെ രണ്ട് സുഹൃത്തുക്കള്‍ പോര്‍ട്ടറിയുടെ വര്‍ക്ക്‌ഷോപ്പ് ചെയ്തു. അതും വലിയ ഇഷ്ടമാണ്. എന്നാല്‍ സ്‌കൂളില്‍ പോവാന്‍ മാത്രം ഇവര്‍ക്ക് തീരെ ഇഷ്ടമില്ല. സ്‌കൂളില്‍ പോവുന്ന പിള്ളേരെ അത് മുടക്കി ഇവിടെ നിര്‍ത്തിയതിന് നാട്ടുകാര്‍ തല്ലുമെന്നൊക്കെ എന്റെ അമ്മ പറയുമായിരുന്നു. എന്നാല്‍ ഇവരോട് സ്‌കൂളില്‍ പോവാന്‍ പറഞ്ഞാല്‍ പറമ്പിന്റെ അപ്പുറംപോയിരുന്ന് കുറെകഴിയുമ്പോള്‍ തിരിച്ചുവരും. എന്നാല്‍ നമ്മുടെ അടുത്ത് വരുന്നത് വലിയ ഇഷ്ടമായിരുന്നു. അന്ന് ഷേര്‍ളി കോളജില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന കാലമാണ്. എന്നാലും സമയം കിട്ടുമ്പോഴൊക്കെ ഞങ്ങള്‍ സ്‌കൂളില്‍ പോവുന്ന കുട്ടികള്‍ക്ക് ഇംഗ്ലീഷും കണക്കുമൊക്കെ പറഞ്ഞുകൊടുക്കാന്‍ തുടങ്ങി. ഞാനും നാടകമില്ലാത്ത സമയത്തൊക്കെ, യാത്രകളൊക്കെ ചുരുക്കി കുട്ടികളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ തുടങ്ങി. അങ്ങനെ തുടങ്ങി ഒന്നൊന്നര വര്‍ഷമായി. അങ്ങനെ സ്വാഭാവികമായി രൂപപ്പെട്ടുവന്നതാണ് കനവ്. ഇടക്കിടയ്ക്ക് ഒന്നിച്ചുകൂടുമ്പോള്‍ മാത്രം കിട്ടിയിരുന്ന സന്തോഷം എല്ലാവര്‍ക്കും ഒന്നിച്ചുകൂടിയിരുന്ന് എല്ലായ്‌പ്പോഴും വേണമെന്ന കുട്ടികളുടെയും ഞങ്ങളുടെയും തോന്നലില്‍ നിന്നാണ് പിന്നീട് സ്ഥലമൊക്കെ സംഘടിപ്പിച്ച്ഇങ്ങനെയായിത്തീരുന്നത്. അപ്പോഴും എങ്ങനെ എന്നതൊന്നും അറിയില്ലായിരുന്നു. പിന്നീട് ഇതുപോലുള്ള പല സ്‌കൂളുകളും സന്ദര്‍ശിച്ചു. അട്ടപ്പാടിയിലെ സാരംഗ് സന്ദര്‍ശിച്ചു. അവിടെ ചെന്ന് കണ്ടതോടെ വലിയ ആവേശമായി. ഗോപാലകൃഷ്ണന്‍ മാഷുടെയുംവിജയലക്ഷ്മി ടീച്ചറുടെയും മകന്‍ ഗൗതമിനെയൊക്കെ മുഖ്യധാരയില്‍ നിന്നുവിട്ട് സ്വന്തമായി വളരാന്‍ വിട്ട ആ തന്റേടമുണ്ടല്ലോ അത് ആവേശം കൊള്ളിച്ചു. ആ ധൈര്യം കേരളത്തില്‍ ആദ്യമായി കാണിച്ചത് അവരാണ്. എന്തുകൊണ്ട് നമ്മുടെ പിള്ളേരെയും ഇങ്ങനെ ചെയ്തുകൂട എന്ന തോന്നലുണ്ടായി. അതുമാത്രമല്ല, അവര്‍ അവിടെ ചെയ്തത് അങ്ങേയറ്റം അഭിനന്ദനാര്‍ഹമായ കാര്യങ്ങളാണ്. ആ തരിശുഭൂമിയില്‍ അവര്‍ ഒരു സ്വാഭാവിക വനമുണ്ടാക്കി, നീരുറവയുണ്ടാക്കി, ആമ്പല്‍ പൊയ്കയുണ്ടാക്കി. അവരുടെ പ്രവൃത്തി വിലമതിക്കാനാവാത്തതാണ്. ആ മഹത്വം ആരും കാണാതെ പോവരുത്. ഒരു പ്രസ്ഥാനത്തിനും കഴിയാത്ത കാര്യമാണവര്‍ ചെയ്തത്. ക്ഷമയും സഹനവും നിരന്തരമായ കഠിനാധ്വാനവും കൊണ്ടാണ് അവര്‍ക്കതിന് സാധിച്ചത്. അപാരമനുഷ്യരാണവര്‍. സാരംഗ് ഞങ്ങള്‍ക്ക് വലിയ പ്രചോദനമായിരുന്നു. പിന്നീട് കര്‍ണാടകയിലാണ് ധാരാളമായി ഇത്തരം സമാന്തര വിദ്യാലയങ്ങളുള്ളത്. അവിടെയൊക്കെ പോയിക്കണ്ടു. പലരും സ്വന്തം കുട്ടികളെയും മറ്റു കുട്ടികളുടെ കൂടെത്തന്നെ കൂട്ടുകയാണ് ചെയ്തിരുന്നത്. ഇതിനകത്തൊരു ശാന്തതയുണ്ട് തിരക്കില്ല. അങ്ങനെ കുറെ പ്രയോഗങ്ങള്‍ കണ്ടതിനു ശേഷമാണ് തീരുമാനത്തിലെത്തുന്നത്.
തുടങ്ങിക്കഴിഞ്ഞപ്പോഴാണ് പലകാര്യങ്ങളും മനസ്സിലാവുന്നത്. ഇപ്പോള്‍ നമ്മള്‍ മൂന്നുപോരും സന്തോഷമായിരിക്കുന്നു. പക്ഷേ, ഒരു മാസം നമ്മള്‍ ഒന്നിച്ചു ജീവിച്ചാല്‍ നമുക്കറിയും നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ വരും. അഭിപ്രായങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുകള്‍വരും. സ്വാഭാവികമാണത്. ആശയങ്ങള്‍കൊണ്ട് നമുക്ക് എല്ലാകാര്യങ്ങളും ചെയ്യാന്‍ സാധിക്കില്ല. വ്യക്തി വ്യക്തിതന്നെയാണ്. മനുഷ്യപ്രകൃതി വ്യത്യസ്തമാണ്. അതുകൊണ്ട് ഒരുമിച്ച് ചെയ്യാന്‍ കഴിയുന്നത് ചെയ്യുക എന്നതു മാത്രമേയുള്ളൂ. ഞങ്ങള്‍ അങ്ങനെ തുടങ്ങി. അന്ന് ഞങ്ങള്‍ കലകള്‍ക്കു തന്നെയാണ് പ്രാധാന്യം കൊടുത്തിരുന്നത്. പാട്ട്, ഡാന്‍സ്, പെയിന്റിങ്, കഥ, നാടകം. അതോടൊപ്പം അവരുടെ ഭാഷയ്ക്ക് പ്രാധാന്യം കൊടുത്തു. കഥകളൊക്കെ മലയാളത്തില്‍ പറയുമ്പോള്‍ അവര്‍ അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ മതി. അതിന് അവര്‍ക്ക് വേണ്ടത്ര സമയം കൊടുത്തു. അങ്ങനെ ആറ് മാസം കഴിഞ്ഞപ്പോഴേക്കും മലയാളം അവര്‍ക്ക് അറപ്പും പേടിയുമില്ലാത്ത ഭാഷയായി മാറി. അങ്ങനെയുള്ള ശ്രമങ്ങളാണ് ഞങ്ങള്‍ ചെയ്തത്.
ചോ: ആദിവാസി ഭാഷയ്ക്ക് ലിപി കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ അട്ടപ്പാടിയിലൊക്കെ നടന്നുവരുന്നുണ്ടല്ലോ. അത്തരം ശ്രമങ്ങള്‍ കനവില്‍ നടന്നിരുന്നുവോ?
ഉ: ഇല്ല. അത് നമ്മള്‍ക്ക് ചെയ്യാന്‍ സാധ്യമല്ല. അത്തരം ചില ശ്രമങ്ങള്‍ അട്ടപ്പാടിയിലൊക്കെ പുറമെനിന്നു വന്ന ചില അധ്യാപകരുടെയും മറ്റും ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. എന്നാല്‍ പ്രായോഗികമല്ല. അത് ഭാഷ ഉപോയഗിക്കുന്നവരുടെ ഭാഗത്തു നിന്നു തന്നെയുള്ള ശ്രമഫലമായെ സാധ്യമാവൂ. അത് അവര്‍ക്ക് മാത്രമെ സാധ്യമാവൂ. വിവിധ ആദിവാസി വിഭാഗങ്ങളുടെ ഭാഷ വ്യത്യസ്തവുമാണ്. അതുകൊണ്ട് അത്ര എളുപ്പമാണെന്നു തോന്നുന്നില്ല. പിന്നെ ഇപ്പോള്‍ മലയാള ഭാഷയുടെ അവസ്ഥയെന്താണ്? മലയാളമൊരു സങ്കരഭാഷയായി മാറിക്കറിഞ്ഞു. മറ്റ് ഭാഷകളുടെ സ്വാധീനത്തില്‍ എഴുത്തിലായാലും സംസാരത്തിലായാലും മാറിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ആദിവാസി ഭാഷ നിലനില്‍ക്കും. മലയാളഭാഷ നിലനിന്നു കൊള്ളണമെന്നില്ല.
ചോ: കനവ് തിരിഞ്ഞുനോക്കുമ്പാള്‍ സംതൃപ്തി തോന്നുണ്ടോ?
ഉ: കനവ് യഥാര്‍ത്ഥത്തില്‍ ഒരു ശ്രമമായിരുന്നു. സംതൃപ്തി എന്നല്ല, ഇപ്പോഴും അത് നോക്കിയിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ഇത് ഇപ്പോഴും പ്രോസസ്സിങില്‍ തന്നെയാണ്. എങ്ങനെയായിരിക്കും ഇനിയുമത് മുന്നോട്ടു പോവുക എന്ന് നോക്കിക്കാണുകയാണ്.അവിടെ ഉണ്ടായിരുന്നവരൊക്കെ വ്യത്യസ്ത ശേഷികളുള്ളവരായി മാറിയിട്ടുണ്ട് എന്നത് സംതൃപ്തി തരുന്നുണ്ട്. എല്ലാവരും ഏതെങ്കിലും വിധത്തിലുള്ള സവിശേഷ ശേഷിയുള്ളവരായി മാറിയിട്ടുണ്ട്. ലീല സന്തോഷ് സിനിമാ മേഖലയില്‍ വലിയ ശേഷിയുള്ള ആളായി മാറി. ആ മേഖലയില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നു. അങ്ങനെ ഓരോരുത്തരും അവരവരുടെ മേഖലകളില്‍ ശേഷി തെളിയിച്ചിട്ടുണ്ട്. ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യാന്‍ അവര്‍ക്ക് കഴിയുന്നുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ഞങ്ങളുടെ പരിശ്രമം ഒരു പരിധിവരെ വിജയിച്ചു എന്നുതന്നെ പറയാം. എല്ലാം പരിശ്രമമാണ്. ഞങ്ങള്‍ അവരോടൊന്നിച്ച്, ജീവിക്കുക തന്നെയായിരുന്നു. അന്ന് ഇരുപത് പേര് ചെയ്തത് ഇന്ന് ഇവര്‍ ആറേഴുപേര്‍ക്ക് തന്നെ ചെയ്യാനാവും. അവരവരുടെ ശേഷിയെ തിരിച്ചറിയാനും അത് പുറത്തുകൊണ്ടുവരാനും അത് ഉപയോഗപ്പെടുത്താനും കഴിയണം. ഓരോ വ്യക്തിക്കും പ്രത്യേകം കഴിവുകളും കഴിവുകേടുകളുമുണ്ട്. അത് തിരിച്ചറിയുക എന്നത് പ്രധാനമാണ്. അവര്‍ക്ക് ഇന്നതിന് കഴിയുന്നുണ്ട്. അന്നത്തെകനവിലെ കുട്ടികള്‍ ഇന്ന് മൂന്നും നാലും കുട്ടികളുടെ മാതാപിതാക്കളാണ്. കുട്ടികളെ നല്ല രീതിയില്‍ പഠിപ്പിക്കുന്നു. സ്വന്തം അച്ഛനമ്മമാരെ സംരക്ഷിക്കുന്നു. എല്ലാകാര്യങ്ങളും സ്വന്തമായി കൈകാര്യം ചെയ്യാനുള്ള പ്രാപ്തി അവര്‍ നേടിയെടുത്തിട്ടുണ്ട്. അവര്‍ സ്വസ്ഥമായും ശാന്തമായും ജീവിതം നയിക്കുന്നു. ഇതൊക്കെ ഏറെ സന്തോഷകരമാണ്.
ചോ: മാഷ് എങ്ങനെയാണ് ഇങ്ങനെയൊരു വഴിയിലെത്തുന്നത്?
ഉ: എന്റെ കാര്യത്തില്‍ ഇതെല്ലാം യാദൃശ്ചികമാണ്. വയനാട്ടിലെത്തുന്നതുപോലും. ഞങ്ങളുടെ കുടുംബം പേരൂര് നിന്നാണ് വയനാട്ടിലെത്തുന്നത്. എന്റെ സഹോദരിയുടെ വിവാഹശേഷം ഇവിടേക്ക് താമസം മാറേണ്ടിവന്നു. അങ്ങനെ ഇവിടെ വന്നതിനു ശേഷം ഇവിടെ ഓരോന്ന് കാണുകയും കേള്‍ക്കുകയും പഠിക്കുകയും ചെയ്ത് പടിപടിയായി വളര്‍ന്നു. അതൊരു വലിയ കഥയാണ്. പിന്നെ നാടകങ്ങള്‍ ചെയ്യുന്നു. പിന്നെ ജയില്‍വാസം, മോചനം. പ്രസ്ഥാനമൊക്കെ ഇല്ലാതാവുന്നു. ഞാന്‍ ജീവിതത്തില്‍ ഒറ്റപ്പെടുന്നു. എന്നെ എല്ലാ അര്‍ത്ഥത്തിലും മനസ്സിലാക്കാന്‍ കഴിയുന്നൊരാളായാണ് ഷേര്‍ളി എന്റെ ജീവിതത്തിലേക്ക് വരുന്നത്. അതിനുശേഷം 2021 ഡിസംബര്‍ 22 വരെ. ഞങ്ങള്‍ ഒന്നിച്ചാണ് എല്ലാകാര്യങ്ങളും ചെയ്തത്. എന്റെ ആദ്യത്തെ വായനക്കാരി ഷേര്‍ളിയായിരുന്നു. എന്റെ എഴുത്തിനും നാടകത്തിനുമൊക്കെയുള്ള ചരിത്രരേഖകള്‍ പഴയ ചില ജന്മിഗൃഹങ്ങളില്‍ നിന്നെല്ലാമാണ് ശേഖരിക്കുന്നത്. ആയിരത്തി എണ്ണൂറുകളിലെയൊക്കെ ചരിത്ര രേഖകള്‍. അവ കണ്ടെത്തുകയും പകര്‍ത്തി എടുക്കുകയും ചെയ്യുന്നതുമെല്ലാം ഞങ്ങള്‍ ഒരുമിച്ചാണ്. മാസങ്ങളെടുത്താണ് അതൊക്കെ പകര്‍ത്തി എഴുതുന്നത്. കനവിലെ കാര്യങ്ങളും ഞങ്ങളൊരുമിച്ചാണ് തീരുമാനിക്കുന്നതും ചെയ്യുന്നതും. അങ്ങനെയാണ് ഞങ്ങള്‍ സ്‌പെഷ്യല്‍ സ്‌കൂളുകളൊക്കെ കാണാനായി പോവുന്നത്. അങ്ങനെയുള്ള ശ്രമങ്ങളായിരുന്നു എല്ലാം. ചരിത്രത്തെ ഇന്നത്തെ സമൂഹത്തിന് മനസ്സിലാക്കിക്കൊടുക്കാന്‍, ഇത്തരത്തിലൊരു കാലമുണ്ടായിരുന്നു എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളായിരുന്നു എന്റെ നാടകങ്ങള്‍. ഇപ്പോള്‍ ചെയ്യുന്ന നാടകം ‘കുഞ്ഞിമായിന്‍ എന്തായിരിക്കും പറയുന്നത്?’- പഴയചരിത്രത്തില്‍ ആരുമറിയാതെ കിടന്നിരുന്നൊരു കുഞ്ഞിമായിനെ, പഴയ ആ സാഹചര്യം വച്ചുകൊണ്ട്, ഇന്നത്തെ സമൂഹത്തിന്റെ മുന്നിലേക്ക് കൊണ്ടുവരികയാണ് ചെയ്യുന്നത്. ഇങ്ങനെയുമൊരാള്‍ ജീവിച്ചിരുന്നു എന്ന് ജനങ്ങളോട് പറയുക എന്നതാണ്. എന്തിനാണ് ആയരത്തി എണ്ണൂറുകളിലെ ആ പഴയകാലം കൊണ്ടുവരുന്നത് എന്നുചോദിച്ചാല്‍ അന്നും ഇന്നും അവസ്ഥക്ക് വലിയ മാറ്റമൊന്നുമില്ലെന്ന് ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാവും. ഇതുമൊരു ശ്രമമാണ്. അതുപോലെ നോവല്‍ ഒരു ശ്രമമാണ്. ഇത്തരത്തില്‍ പരിമിതികള്‍ക്കകത്ത് നിന്നുകൊണ്ട് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്യുക എന്നതിലാണ് കാര്യം. ഇപ്പോഴും അത്തരം ശ്രമങ്ങളുമായി പോവുന്നൊരു ആളാണ് ഞാന്‍. എനിക്ക് ഇഷ്ടമുള്ളപ്പോള്‍ യാത്രകള്‍ ചെയ്യും. മക്കളോടൊപ്പം യാത്രചെയ്യും. അങ്ങനെ. ഞാന്‍ ഒന്നിനോടും കമ്മിറ്റഡല്ല. എനിക്ക് ചെയ്യേണ്ടുന്നതാണ് എന്ന് തോന്നുന്നത് ഞാന്‍ ചെയ്യും. ഇതൊക്കെയാണ് ഞാന്‍… അതില്‍കൂടുതലൊന്നുമില്ല.
ചോ: ഇപ്പോള്‍ പുതിയ നാടകങ്ങള്‍ ചെയ്യുന്നുണ്ടോ? നാടകങ്ങളെക്കുറിച്ച്?
ഉ: ഉണ്ട്. ‘കുഞ്ഞിമായിന്‍ എന്തായിരിക്കും പറയുന്നത്” എന്നതിനുശേഷം ഇപ്പോള്‍ രണ്ട് നാടകങ്ങള്‍ കൂടി ചെയ്യുന്നുണ്ട്. അതില്‍ ഒന്ന് അല്‍പ്പം ഇംഗ്ലീഷൊക്കെയുണ്ട്. അതും ഒറ്റയാള്‍ അഭിനയിക്കുന്നതു തന്നെയാണ്. നാടകത്തിന് ബുക്കിങ് കിട്ടുന്നിടത്തേക്ക് ഞാന്‍ പോവും, അതുപോലെ തിരുവനന്തപുരം സെക്രട്ടേറിയറ്റിമുന്നില്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുവേണ്ടി ദയാഭായി നിരാഹാരസമരം നടത്തിയപ്പോള്‍ ഞാനവിടെ കാണാനായി പോയി. ചെന്നപ്പോള്‍ നാടകം കളിച്ച് സമരത്തിന് പിന്തുണയേകണമെന്ന് തോന്നി. ഞാനത് അറിയിച്ചതോടെ എന്റെ സുഹൃത്തുക്കളായ ധാരാളം പേര് വന്നു. അത് സമരത്തിന് ഒരു പിന്തുണയായി. ഒരു കാലാകാരന്‍ എന്ന നിലയില്‍ എനിക്കതാണ് ചെയ്യാനാവുക. ഒരു നാടകം കളിക്കുമ്പോള്‍ സമരത്തിന് വേറൊരു ഡൈമെന്‍ഷന്‍ വരും. നാടകത്തിലൂടെ നിരവധി പേരുടെ സമരമുഖത്ത് ഉണ്ടാക്കാന്‍ പറ്റുന്നു. അതാണ് തിയേറ്റര്‍ ആര്‍ട്ടിന്റെ ശക്തിയും. അങ്ങനെ സമരത്തോട് ഐക്യപ്പെടുന്നു. അതുപോലെ വിഴിഞ്ഞം സമര മുഖത്തും ഞാന്‍ പോയിരുന്നു. അവിടെ അമ്മമാരങ്ങനെ നിരാഹാരം കിടക്കുകയായിരുന്നു. ഞാനവരെ കണ്ടപ്പോള്‍ കുറച്ചു പാട്ടൊക്കെ പാടി. പിന്നെ നാടകം കളിച്ചു. അവര്‍ക്കത്വലിയ സന്തോഷമായി. അതിലൊരമ്മ പറഞ്ഞൊരുകാര്യമുണ്ട്. ‘ ചേട്ടാ നിങ്ങള്‍ മലേന്റെ മോളിലെ കാര്യം പറയുന്നു. ഞങ്ങള്‍ കടലിന്റെ മക്കളാ. കടലില്‍ നിന്ന് പുറത്താക്കപ്പെട്ടവരാണ്…നിങ്ങളവിടെനിന്നും വന്ന് ഞങ്ങള്‍ക്കുവേണ്ടി ഇത് കളിച്ചല്ലോ… എന്ന്. ഒരു വലിയ ഐക്യം അവിടെ വരികയാണ്. മലപ്പുറത്തും കടപ്പുറത്തും എന്നതല്ല, പുറത്താക്കപ്പെട്ടവരുടെ ഐക്യമാണ്. എന്റെ കല കൊണ്ട് ചരിത്രത്തെ ക്കുറിച്ച് ചിന്തിപ്പിക്കാന്‍ കഴിഞ്ഞു എന്ന സന്തോഷം എനിക്കു കിട്ടി. ആ ഐക്യപ്പെടലില്‍ അവരും സന്തോഷിച്ചു. ഈ പുറന്തള്ളലുകള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല, ഇതിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട് എന്ന് അവരോട് പറയാന്‍ പറ്റി എന്നതുതന്നെയാണ്.
ചോ: ഇപ്പോഴും ജനകീയസമരമുഖത്തേക്ക് ഓടിയെത്താനും നാടകം കളിച്ചുകൊണ്ട് ഐക്യപ്പെടാനും കഴിയുന്നു എന്നത് ഏറെ സന്തോഷകരം തന്നെയാണ്. അതൊരു തുടര്‍ച്ചയാണോ?
ഉ: അതെ പോവണം എന്നു തോന്നുമ്പോള്‍ ഞാന്‍ പോവും. ജാനു സെക്രട്ടേറിയറ്റിനു മുന്നില്‍ കുടില്‍ കെട്ടി സമരം നടത്തിയപ്പോള്‍ കനവിലുള്ള കുട്ടികളുമായാണ് ഞങ്ങള്‍ പോവുന്നത്. വിവിധ ജില്ലകളില്‍ നിന്നുവന്ന ആദിവാസികള്‍ സമരത്തിലുണ്ട്. അവരെ കാണണം. കാര്യങ്ങള്‍ മനസ്സിലാക്കണം. നാല് കോളജുകളിലും നാല് സ്‌കൂളുകളിലും നാടകം കളിച്ച് വണ്ടിക്കൂലിക്കുള്ള പൈസയുണ്ടാക്കിയാണ് ഞങ്ങള്‍ തിരുവനന്തപുരത്തേക്ക് പോവുന്നത്. അവിടെ മുഴുവന്‍ ഞങ്ങള്‍ പ്രചാരണം നടത്തിയിരുന്നു. നാട്ടുകാരുടെ ചോദ്യങ്ങളെ ഞങ്ങളും അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. ഞങ്ങളെയും വളഞ്ഞുനിര്‍ത്തി ആള്‍ക്കാര്‍ ചോദ്യംചെയ്യുന്നുണ്ട് ‘അഞ്ചേക്കറ് കിട്ടിയാല്‍ നിങ്ങള്‍ ഒലത്ത്വോ?” എന്നൊക്കെ… അപ്പോള്‍ ഞാന്‍ പറഞ്ഞത് നിങ്ങള്‍ ഭൂമി കൊടുത്ത് നോക്ക്. എന്നിട്ട് എന്താണ് ചെയ്യുന്നത് എന്ന് കാണാലോ…എന്നാണ്. നിങ്ങള്‍ മൊയന്തുകളാണ് എന്നു പറഞ്ഞുവിട്ട കുട്ടികളാണ് ഇവരൊക്കെ… ഇവര്‍ ചെയ്യുന്നതൊന്നു കണ്ടു നോക്ക് എന്നും ഞാന്‍ പറഞ്ഞു. അവസരം കിട്ടിക്കഴിഞ്ഞാല്‍ ഇതുപോലെ നൂറുകണക്കിന്, ആയിരക്കണക്കിന് ആള്‍ക്കാര്‍ അവസരം കിട്ടാതെ കിടക്കുന്നുണ്ട്. അപ്പോള്‍ അവസരം കൊടുക്കാതെ കൊടുത്താലെന്താവും എന്ന് ആലോചിക്കാതെ കൊടുക്കൂ…അതാണ് ചെയ്യേണ്ടത് എന്നൊക്കെ പ്രചാരണത്തിനിടെ ഞങ്ങള്‍ക്ക് പൊതുജനങ്ങളോട് സംസാരിക്കേണ്ടി വരുന്നുണ്ട്. ഒട്ടും എളുപ്പമല്ലത്. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ഇവര്‍ക്കെതിരാണ്. ഇവിടെ പോലും…അക്ഷരം പഠിപ്പിക്കാനായാണ് ഇത് തുടങ്ങുന്നത്. അതിനുപോലും വലിയ എതിര്‍പ്പായിരുന്നു. കനവിനെ പോലും എപ്പോഴാണ് അംഗീകരിക്കുന്നത്…വളര്‍ന്ന് വലുതായതിനുശേഷം മാത്രം. ഒരു കളരി തുടങ്ങിയപ്പോള്‍ ഞാന്‍ തീവ്രവാദിയാണെന്നായി. സായുധപരിശീലനം കൊടുക്കുന്നുണ്ടെന്ന് പറഞ്ഞായിരുന്നു പ്രചാരണം. കേരളത്തിലെ ആദ്യത്തെ കളരി അക്കാദമിയായി സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തി. അത്രയും ക്ഷമയോടെ നിന്നാണ് ഓരോ കാര്യവും ചെയ്തത്. ‘പൈക്കിന്റൈ യൂണിവേഴ്‌സിറ്റി’ എന്ന് വിളിച്ച് കളിയാക്കുമായിരുന്നു. വിശപ്പിന്റെ യൂണിവേഴ്‌സിറ്റി എന്ന്. അങ്ങനെയുണ്ടായിരുന്ന കനവിനെ പൊതുസമൂഹത്തിന് അവഗണിക്കാന്‍ വയ്യാത്ത നിലയിലേക്ക് ഉയര്‍ത്താനായത് നിരന്തരമായ ശ്രമത്തിന്റെ ഫലമായാണ്. ഇതൊന്നും ഒട്ടും എളുപ്പമല്ല. അതുകൊണ്ടാണ് ഇത് കണ്ടുപോയ എത്രയോ അധ്യാപകരുണ്ടായിട്ടും ഇത്തരത്തിലൊന്നിന്റെ തുടര്‍ച്ച ഇല്ലാതെ പോവുന്നത്. ഈ പ്രോസസ്സിങ്ങിലൂടെ കടന്നുപോയവര്‍ക്കേ അത് മനസ്സിലാക്കാനാവൂ. ഇതിന്റെ കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കിയ അധ്യാപകരുണ്ട്. അവര്‍ ഇപ്പോഴും നമ്മളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. ഓരോ കാര്യങ്ങളുമായി. ഇനിയെന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത് തുടങ്ങിയ കാര്യങ്ങളൊക്കെ അവര്‍ ഇപ്പോഴും അന്വേഷിച്ചുകൊണ്ടേയിരിക്കുന്നു. അവര്‍ക്ക് ഇതിന്റെ പിറകിലെ പ്രയത്‌നത്തെക്കുറിച്ചറിയാവുന്നതു കൊണ്ടാണത്. അല്ലാത്തവര്‍ക്കത് മനസ്സിലായിക്കൊള്ളണമെന്നില്ല. ഇപ്പോള്‍ നിങ്ങളുടെ ഈ മാസികതന്നെയെടുക്കുക. അതിന്റെ പ്രോസ്സസ്സിങ്ങിനെ കുറിച്ചറിഞ്ഞാല്‍, അതിന്റെ പിറകിലെ പ്രയത്‌നത്തെക്കുറിച്ചറിഞ്ഞാല്‍ ആര്‍ക്കും അതിനെതിരെ ഒന്നും ചെയ്യാനാവില്ല. എനിക്കതിലേക്ക് എടുത്തു ചാടാനായിക്കൊള്ളണമെന്നില്ല. എന്നാലും പരസ്പരം വിഷ് ചെയ്യാമല്ലോ. ഓരോരുത്തരുടെയും അധ്വാനത്തെ, പ്രയത്‌നത്തെ പരസ്പരം മാനിക്കുക എന്നതാണ് ഇക്കാലത്ത് നമുക്ക് ചെയ്യാനുള്ളത്. അധ്വാനത്തെ മാനിക്കാത്തൊരു സമൂഹമാണിത്. വളരെ പ്രയാസകരമാണത്. പക്ഷേ, അത് തിരിച്ചറിയുന്നവരുണ്ടാവും. അത്തരം ധാരാളം അനുഭവങ്ങള്‍ നാടകവുമായി പോവുമ്പോള്‍ എനിക്കുണ്ടായിട്ടുണ്ട്. അത് കൊടിപിടിച്ച വലിയ കൂട്ടമൊന്നുമായിക്കൊള്ളണമെന്നില്ല. വ്യക്തികളാവും പക്ഷേ, അവരുടെ ഉള്ളില്‍ നിന്നും വരുന്ന പിന്തുണ, അവരുടെ കണ്ണുകളില്‍ നിന്ന് വായിച്ചെടുക്കാനാവും. അതിന്റെ തുടര്‍ച്ചയില്‍ തന്നെയാണ് ഞാനിപ്പോഴും പോവുന്നത്. നോവല്‍ എഴുതുന്നു, നാടകം കളിക്കുന്നു, സിനിമ പിടിക്കുന്നു. യാത്രചെയ്യുന്നു അങ്ങനെ. പക്ഷേ, കനവിലുണ്ടായ കാലം യാത്രകളടക്കമെല്ലാം മാറ്റിവെച്ച് അവിടെത്തന്നെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചു.
ചോ: കനവില്‍ എത്രവര്‍ഷമാണ് മാഷ് അവര്‍ക്കൊന്നിച്ചുണ്ടായത്?
ഉ: 1992 മുതല്‍ തുടങ്ങി. 94ലാണ് ആ കെട്ടിടമുണ്ടാക്കി അവിടേക്ക് മാറുന്നത്. 2006 വരെ കനവില്‍ ഒന്നിച്ചു നിന്നു. 2003ല്‍ കനവ് മക്കള്‍ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്തു. 2006ല്‍ ഞങ്ങള്‍ പടിയിറങ്ങി. അപ്പോഴേക്കും അവിടെയുണ്ടായിരുന്ന കുട്ടികള്‍ മുതിര്‍ന്നവരായി മാറിയിരുന്നു. ഇതൊരു ശ്രമമായിരുന്നു. തെറ്റുകുറ്റങ്ങളുണ്ടായിട്ടുണ്ടാവാം. അതൊരു ജീവിതമാണ്. അത് അദ്ഭുതമല്ല. പുതിയ മാനവികബോധം വളര്‍ന്നുവരുന്നുണ്ട്. പുതുതലമുറയ്ക്ക് പ്രത്യയശാസ്ത്രത്തിന്റെയോ പാര്‍ട്ടിയുടെയോ ഒന്നും ഈഗോ കാണുന്നില്ല. അവര്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നുണ്ട്. പുതിയ തലമുറയില്‍ വിശ്വസവും ഏറെ പ്രതീക്ഷയുമുണ്ട്.
കടപ്പാട്: മറുവാക്ക്
——
No Comments yet!