ഈ ശീർഷകത്തിൽ നിന്നൊരു വൈരുദ്ധ്യം തുറിച്ചുനോക്കുന്നുണ്ടെന്നറിയാം. ഇതിലെ വിരുദ്ധബന്ധം തന്നെയാണ് കെ.ജി. ശങ്കരപ്പിള്ളയുടെ ഫോസിൽ എന്ന കവിതയെ വ്യത്യസ്തമായ ഒരു രചനയാക്കുന്നത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളിൽ മലയാള കവിത കൈവരിച്ച ധൈഷണികവും സൗന്ദര്യപരവുമായ ആരോഗ്യത്തിന്റെ സാക്ഷ്യവുമാണ് ഈ രചന. അദ്ദേഹത്തിന്റെ തന്നെ ഇതര രചനകളിൽനിന്ന് സ്വീകരണ സാമഗ്രികളിലും രചനാതന്ത്രത്തിലും ഏറെ വേറിട്ടുനിൽക്കുന്ന ഈ കവിത ഭാവനയുടെ ഉയരങ്ങളും പാരമ്പര്യബോധത്തിന്റെ ആഴങ്ങളും ഒപ്പം കാട്ടിത്തരുന്നു.
നമ്മുടെ കാലഘട്ടത്തെ അതിന്റെ ചരിത്രപരവും സാംസ്‌കാരികവുമായ അതിരടയാളങ്ങൾക്കുള്ളിൽ നിർത്തി ആർജ്ജവപൂർവ്വംഅഭിസംബോധന ചെയ്ത കവിയാണ് കെ ജി ശങ്കരപ്പിള്ള. ആധുനികതയുടെ കാൽ പെരുമാറ്റത്തോടൊപ്പം ശങ്കരപ്പിള്ളയുടെ പ്രസരിപ്പുള്ള ശബ്ദവും കേട്ടുതുടങ്ങി. ആധുനികതയെ ആഘോഷമാക്കാതെ അതിന്റെ മൂല്യവിചാരണയിൽ രാഷ്ട്രീയവും നൈതികവുമായ പ്രതിസന്ധികളെയും ഈ കവി പരിഗണിച്ചു. എഴുപതുകളിൽ എരിയുന്ന രാഷ്ട്രീയ സാമൂഹ്യാനുഭവങ്ങളുടെ നടുവിൽ ചെന്നു വീണ ഒരാൾക്ക് കവിതയെ സംവാദാത്മകമാക്കാതെ തരമില്ലായിരുന്നു. ‘ബംഗാൾ’ ഒരു ‘കുരുക്ഷേത്രമല്ല’. കട്ടിളപ്പടികളിൽ ചോരപ്പാടുകളെ വരവേൽക്കുന്ന ഒരു നിയോഗത്താൽ പീഡിതമായ ഒരു ഭൂപ്രദേശത്തിന്റെ രാഷ്ട്രീയാസ്തിത്വപരമായ ഉദ്വേഗങ്ങളും ഉത്കണ്ഠകളും ആകുലതകളും ‘ബംഗാളി’ൽ നാം അഭിമുഖം കണ്ടു. ‘ഫോസിൽ’ ‘ബംഗാളി’ന്റെ പതിപ്പല്ല. അതിൽനിന്നു ബഹുദൂരം സഞ്ചരിച്ച് ഉടൻ വിപ്ലവസ്വപ്നങ്ങളെ വീണ്ടുവിചാരത്താൽ സംസ്‌കരിച്ച്, പറന്നു ചിറകുതളർന്ന കിളിയുടെ ചിറകുപോലും അരിയുന്ന ക്രൂരയാഥാർത്ഥ്യങ്ങളോട് എതിരിട്ടു തോറ്റ് അനക്കമറ്റ പാറപോലെ ആത്മവിസ്മൃതിയിലുറഞ്ഞുപോയ ഏകാകികളുടെ സ്വപ്നത്തിന്റെ തിരുശേഷിപ്പുകളാണ് ‘ഫോസിലി’ലുള്ളത്. ഇതിഹാസ കഥാംശങ്ങളും മിത്തുകളും സഹസ്രാബ്ദങ്ങളുടെ ഋതുചക്രത്തിൽ സഞ്ചരിച്ച് ചരിത്രത്തിന്റെ ജൈവമുദ്രകളായിത്തീരുന്ന സാംസ്‌കാരിക പരിണാമത്തെ കെ.ജി.എസ്. പ്രത്യക്ഷവത്കരിക്കുന്നു.
അരിഞ്ഞുവീഴ്ത്തിയ ചിറകിൽനിന്നു വാർന്നുവീണ് ഉറഞ്ഞുകൂടിയ ചോരയാണു കാതുചേർത്താൽ ചിറകടി കേൾക്കുന്ന കരിമ്പാറയായി-ഫോസിലായി-പരിണാമം കൊള്ളുന്നത്. രാവണൻ ജടായുവിന്റെ ചിറകരിഞ്ഞു വീഴ്ത്തിയ രാമായണകഥയെ ഉപജീവിച്ചുകൊണ്ടും ചടയമംഗലമെന്ന ജടായുമംഗലത്തിന്റെ സ്ഥലനാമപുരാണം ഓർമ്മിപ്പിച്ചുകൊണ്ടും മിത്തും ചരിത്രവും സംസ്‌കാരഭൂമികയിൽ വച്ചു പരസ്പരവിനിമയം നടത്തുന്ന പ്രക്രിയയാണ് ‘ഫോസിലി’ന്റെ പ്രമേയമായിത്തീരുന്നത്. പറന്നുപോകേണ്ട ചിറകാണ് എതിർപ്പുകളുയർത്തിയതുകൊണ്ടുമാത്രം ബഹുമുഖന്റെ വാൾത്തലയാൽ വീഴ്ത്തപ്പെടുന്നത്. പറക്കൽ എന്ന തുടർച്ചയെ വീണുപോകൽ എന്ന ഇടർച്ചയാക്കി, ചരത്തെ അചരമാക്കി, ഒരു വിപരീതബന്ധം സൃഷ്ടിച്ചുകൊണ്ടാണു കവിതയുടെ തുടക്കംതന്നെ. ഫോസിൽ എന്ന അചരത്തിന്റെ അവസ്ഥയെ നിർമ്മിച്ചുകൊണ്ട് പ്രമേയത്തിന്റെ പരിസരസൃഷ്ടി സാധിക്കുന്നു. ‘കാലങ്ങളിലൂടെ പറന്നുപറന്ന് ഒരു ചിറകാകണം’ എന്ന ഇച്ഛയ്ക്ക് ഏല്ക്കുന്ന ഭംഗമാണ് ചിറകരിയൽ കഥയിലേക്കു കവിയെ നയിക്കുന്നതെന്നു കരുതാം. പക്ഷിബിംബങ്ങളെ ഏറെ ലാളിച്ചിരുന്ന ഈ കവിക്കു ചിറകിന്റെ നാശം എല്ലാ വിപ്ലവസ്വപ്നങ്ങളുടെയും നഷ്ടമായി തോന്നുന്നതു സ്വാഭാവികം മാത്രം.
ചിറകുവന്നുവീണതു വലിയ ഒച്ചയോടെയാണ്. ”ഇത്രേം വല്യ ഒച്ചയോ ഒരു ചെറക് വന്നു വീണേന്” എന്നാണു ഗ്രാമീണബോധത്തിൽ ആ ശബ്ദം പ്രതിധ്വനിച്ചത്. ‘ഇക്കണ്ട മഞ്ഞും മഴേമെല്ലാം കൊണ്ടിട്ടും’ ‘ഞാമ്പറയാം എന്നൊരു കാക്ക വന്നു’ എന്നിങ്ങനെ മേല്പറഞ്ഞ തിരുവിതാംകൂർ ഗ്രാമീണ സംഭാഷണ ഭാഷയുടെ നൈസർഗ്ഗികതയും കരുത്തും കെ.ജി.എസ്. കവിതകളിൽ ഇപ്പോൾ സുലഭമാണ്. ആധുനികോത്തര കവിതയുടെ ഒരു സംസ്‌കാരചിഹ്നമെന്ന നിലയിൽ ഈ കവിയിലേക്കു സംക്രമിച്ച ഈ ഭാഷാബോധം നാട്ടിടകളുടെ പാമരസഹജമായ നിഷ്‌കളങ്കതയുടെ ചിഹ്നവ്യവസ്ഥയാണ്. വ്യാകരണമുക്തമായ വിനിമയരൂപമായി, കൂസലില്ലാത്ത ആർജ്ജവത്തിന്റെ മൂർത്തസാന്നിദ്ധ്യമായി, പ്രതിരോധവ്യഗ്രമായി കവിതയിലിടം പിടിച്ചിരിക്കുകയാണ് ഈ ഭാഗം.വലിയ ചിറകുള്ള വൃദ്ധന്റെ കഥ വായിച്ചിരുന്നെങ്കിൽ ‘സീതയും നീതിയും പോയി, ചർച്ച മാജിക്കൽ റിയലിസമായേനെ’ എന്നാണു മാർക്വേസ് കഥയിലെ വൃദ്ധനെപ്പറ്റിയുള്ള പരാമർശത്തിന്റെ തുടർച്ച. ‘ചെറക് വന്നുവീണേന്’ എന്നു ചൊൽവഴക്കം കൈവന്ന ഒരു ജനതയിൽ-ഒരുപക്ഷേ മാർക്വേസിനെ അവർ പരിചയപ്പെട്ടിരുന്നെങ്കിൽപോലും-മാജിക്കൽ റിയലിസത്തിന്റെയോ രവിവർമ്മചിത്രത്തിന്റെയോ ചർച്ചയുണ്ടാകാനിടയില്ല. എന്നാൽ നാഗരികനായ അഭ്യസ്തവിദ്യന്റെ സൗന്ദര്യാനുഭവത്തിലും സംസ്‌കാരത്തിലും തിളങ്ങിനിൽക്കുന്ന ഇത്തരം രത്‌നങ്ങൾ അനുഭൂതികൾക്കു കൂട്ടായി വരുന്നത് ഈ കവിയുടെ രചനകളിൽ അപൂർവ്വമല്ല. അനുഭൂതി സാന്ദ്രമായ ഈ നുണയുടെ വശ്യതയാണു കവിതയെ അതാക്കി മാറ്റുന്നത്.
”ജീവനുണ്ടായിരുന്നൂ ചിറകിന്
ആഴത്തിൽ ഒരോളം
ഉയരത്തിൽ ഒരായം
മിടിച്ചിരുന്നു” – ചിറകിൽനിന്നു ജീവൻ വേർപെട്ടുപോയിരുന്നില്ല. ചിറകിനു ജീവനുണ്ടായിരുന്നു എന്നിങ്ങനെ പറയാമായിരുന്ന ഒരു പ്രസ്താവത്തെയാണ് ‘ജീവനുണ്ടായിരുന്നൂ ചിറകിന്’ എന്ന രൂപത്തിൽ ഭാഷയെ ഒരനുഭൂതിയിലേക്കു വിവർത്തനം ചെയ്യുന്നത്. അരിഞ്ഞ ചിറകിന്റെ മുറിപ്പാടിന്റെ ആഴത്തിൽ ഒരു മിടിപ്പ്! ഈ മിടിപ്പ് ചിറകിന്റെ അഗ്രത്തോളം! ഉയരം ആഴം എന്നീ ദ്വന്ദ്വങ്ങൾ വിരുദ്ധ ധ്രുവങ്ങളിൽ നിന്നുകൊണ്ട് മിടിപ്പ് എന്ന ഭാഷയിൽ വിനിമയം ചെയ്യുന്നു – പിടയാതെ, തൂവലുകളിൽമാത്രം ഒരു ഉദയാകാശത്തിളക്കമായി. ഉയരം ആഴത്തെയും ആഴം ഉയരത്തെയും കരുതലോടെ പൂരിപ്പിക്കുന്ന അന്യോന്യതയുടെ സൗന്ദര്യാനുഭവമാണിത്. പാറയിൽ മനസ്സു വളർന്നു… മനസ്സിൽ പാറയും എന്നു പറയുന്നിടത്തും ഇതു ദൃശ്യമാണ്.
ചിറകിൽനിന്നു ചോര വാർന്നുകൊണ്ടിരുന്നു. അതു കുന്നോളമായി, കുന്നിനേക്കാളായി. ”മൂത്തു കനത്തു കറുത്തു കരിമ്പാറയായി! ഇവിടം ജടായുമംഗലമായി. ഇങ്ങനെ ഒരു ഐതിഹ്യം പിറവികൊള്ളുന്നു. ഐതിഹ്യങ്ങളെല്ലാം – ഒരുപക്ഷേ ഒന്നുപോലും – ചരിത്രവസ്തുതകളല്ല. എന്നാൽ ചരിത്രബോധപരമായ സൂക്ഷ്മാംശങ്ങളുടെ ചില മുദ്രകൾ അവയിൽ കണ്ടുവെന്നുവരാം. ചരിത്രമായി ഗ്രഹിക്കുമ്പോൾ സംഭവിക്കാത്ത ഒരിഷ്ടം ഐതിഹ്യങ്ങളുടെ നേർക്ക് ഏതു ചരിത്രകാലഘട്ടവും കാട്ടിയിട്ടുണ്ടാകണം. എങ്കിൽ മാത്രമേ പ്രാക്തന മനസ്സുകളുടെ ആഴഖനികളിൽനിന്ന് അവ ആധുനിക മനുഷ്യന്റെ ബോധശൃംഗങ്ങളോളം പ്രസരിക്കുന്ന സൗന്ദര്യാനുഭവങ്ങളായിത്തീരുകയുള്ളൂ.
പാറയ്ക്ക് ഇപ്പോഴും ചോരയുടെ ചൂരുണ്ടത്രേ! മണംപിടിച്ചു സിംഹങ്ങൾ കുളത്തൂപ്പുഴ വനത്തിൽനിന്നു വന്നു. അടുത്തില്ല. ചിന്തകളോടെ അവ മടങ്ങി. എന്തു ബോധമാണ് ആ മൃഗരാജന്മാരിൽ പ്രവർത്തിച്ചത്? ഒന്നുമില്ല. സിംഹപരാക്രമങ്ങളെപ്പോലും പ്രതിരോധിക്കാൻ പാകത്തിലുള്ള ഒരു തീയ്, ഒരങ്കപ്പറക്കൽ, ഉയർത്തിവിരുത്തിയ ചിറകടിയൊച്ച, ആ പാറയിലുണ്ട്.
”അനങ്ങുന്നില്ലെന്നേ തോന്നൂപാറ
വെറുതെയാ
കാതുചേർത്തുനിന്നാൽ
ചിറകടി കേൾക്കാം
അകമേയുണ്ടിപ്പോഴും അങ്കപ്പറക്കൽ
മെരുങ്ങിയിട്ടില്ല ആ തീയ്
ഇക്കണ്ട മഞ്ഞും മഴേമെല്ലാം കൊണ്ടിട്ടും” എന്നിങ്ങനെയൊരു പരിസമാപ്തിയാകും എല്ലാവരും പ്രതീക്ഷിക്കുക. എന്നാൽ ഈ പ്രമേയം അവസാനിക്കുകയല്ല.
‘പാറയിൽ മനസ്സു വളർന്നു’ എന്ന് ഈ കവിതയുടെ ശീർഷകത്തിനു സാക്ഷ്യമായി നിൽക്കുന്ന പരാമർശത്തിലേക്ക് അതിന്റെ ഉള്ളിലെ ഉയിരനക്കങ്ങൾ വളരുന്നു. ഫോസിലുകൾ ഗതകാല സഹസ്രാബ്ദങ്ങളിലെ ജീവചലനങ്ങളുടെ ശേഷിപ്പുകളാണല്ലോ. അവയിലെ സൂക്ഷ്മ ജൈവ ഘടകങ്ങളെ വേർതിരിച്ചെടുത്തു പ്രതിസ്പന്ദിപ്പിക്കാൻ അത്യദ്ധ്വാനമൊന്നും ആവശ്യമില്ലെന്നാണു നവീനശാസ്ത്രം പറയുന്നത്. ഫോസിലുകൾ ചരിത്രത്തിന്റെ സാക്ഷിമുദ്രകളാകുന്നതുപോലെ സുഷുപ്തിയിലാണ്ട സംസ്‌കാര ചിഹ്നങ്ങളുമാണ്. സമൂഹത്തിന്റെ അബോധത്തിൽ നിന്നുണർന്നുവരുന്ന സ്വപ്നങ്ങൾക്കും ബിംബങ്ങൾക്കും മിത്തുകളിലെ ആഖ്യാനാംശങ്ങളായും പാത്രാംശങ്ങളായും പ്രവേശം സിദ്ധിക്കുന്നതിനെപ്പറ്റി റെനെ വെല്ലക്കിനെപ്പോലുള്ളവരുടെ പഠനങ്ങൾ സൂചിപ്പിക്കുന്നു. കവിമനസ്സിൽ ‘ഹൃദയനിമന്ത്രിതസുന്ദരതത്വ’മായി വികസിക്കുന്ന അനുഭവത്തിന്റെ ഭാഷാരൂപമാണു കവിത. കവിയെ സംബന്ധിച്ചിടത്തോളം ഇതു വെറും ഭാവനയല്ല. ‘വ്യക്തം ഞങ്ങൾക്കപ്പൊരുൾ’ എന്ന് ഓണപ്പാട്ടുകാരിൽ വൈലോപ്പിള്ളി എഴുതുന്നതു ചരിത്രത്തേക്കാൾ സത്യസന്ധമായ അതിന്റെ അനുഭവതലത്തെപ്പറ്റിയാണ്.
മുൻ സൂചിപ്പിച്ച വരിയുടെ തൊട്ടടുത്തുവരുന്നതു ‘മനസ്സിൽ പാറയും’ എന്നാണ്. ഒരു കഠിനകാലത്തിന്റെ തീക്ഷ്ണവാതങ്ങളായും നിരാർദ്രതയായും ക്രൂരതയായും നിരന്തരമർദ്ദനസാന്നിദ്ധ്യമായും ആക്രമണാധിനിവേശങ്ങളായും ഹിംസാത്മകതയുടെ പ്രചണ്ഡഭസ്മാസുരത്വമായും ഈ ശിലാസാന്നിദ്ധ്യത്തെ മനുഷ്യവർഗ്ഗം അഭിമുഖീകരിക്കുന്നുണ്ട്. പ്രതികരണരഹിതമായ നിശ്ചലത്വവും അകർമ്മണ്യതയും സുഖാലസ്യങ്ങളുടെ സുഷുപ്തിയും ഉൾവലിയലിന്റെ ഊഷരതയുമായി, പണ്ടു ദർശനങ്ങളാൽ തീയാളിയ മനസ്സുകളിലേക്കും ഈ ശിലാസാന്നിദ്ധ്യം സംക്രമിച്ചിട്ടുണ്ട്.
”പുറകോട്ടാവുമോ പാറുന്നത്
ഈ പാറയിലെ ചിറക്?” എന്ന് അറ്റ ചിറകോടെ ശാസ്തമംഗലം ക്യാമ്പിൽ നിന്നു മടങ്ങുന്ന, കിലുങ്ങുന്ന നെഞ്ച് പോക്കറ്റടിച്ചുപോകാതെ പൊത്തിപ്പിടിച്ചിരിക്കുന്ന, തകർന്ന കണ്ണുകളിൽ നോട്ടം ചിതറിപ്പോകുന്ന, ഓർമ്മയിൽ പൂണ്ടുപോയ സഖാവിന്റെ ‘ശിലാചിത്ര’മാണല്ലോ തുടർന്നു കവി നമ്മുടെ മുമ്പിൽ അനാച്ഛാദനം ചെയ്യുന്നത്. ലോകത്തിന്റെ ഗതിയിൽ ഉത്കണ്ഠാകുലമാകുന്ന ഒരു ‘കിലുങ്ങുന്ന നെഞ്ച്’ അപ്പോഴുമയാളിലുണ്ട്. അതുപോലും പോക്കറ്റടിച്ചുപോകാവുന്ന അനുഭവസാന്നിദ്ധ്യവും ഒപ്പമുണ്ട്. കുതികാൽ വെട്ടും പരസ്പര മലിനീകരണവും ജനങ്ങളുടെ പോക്കറ്റടിയും മോഷണവും ചതിയും ക്വട്ടേഷൻ കൊലയും കമ്മീഷൻ ഏജൻസിപ്പണിയും പരിപാടിയാക്കിയ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ നേർക്കു ചൂണ്ടാവുന്ന ശക്തമായൊരു വിരൽ ആ സഖാവിന്റെ നെഞ്ചിൽ അമർന്നിരിക്കുന്നുണ്ട്. കണ്ണു തകർന്നതിനാലാണ് അയാളുടെ നോട്ടം ചിതറുന്നത്. നോട്ടം ചിതറാൻ വേണ്ടിയാണു കണ്ണുകൾ തകർത്തത് എന്നും ഇതിനൊരു യുക്തിയുടെ ഭാഷ്യം നൽകാം. ചിതറിയ കാഴ്ചകളിലെ അവ്യക്തതകളുമായി സഞ്ചരിക്കുന്ന ജനതയെ ‘നയി’ക്കാൻ ഏത് എമ്പോക്കിക്കും സാധിക്കുമെന്നതാണു കണ്ണു തകർക്കലിന്റെ രാഷ്ട്രീയബലതന്ത്രം.
ജടായുവിന്റെ ആ വലംചിറക് ഒന്നടുത്തു കാണാൻ ഇറങ്ങിയാലോ എന്നൊരു ചിന്ത മനസ്സിലുദിക്കുന്നു. ഏതു ദശമുഖന്റെ വാളിലെതീയിലാണ് നമ്മുടെ എതിർപ്പുകൾ അറ്റുവീഴുന്നതെന്നതിനെപ്പറ്റി ഒരു ‘പ്രതിബോധോദയ’മുണ്ടായാലോ എന്നാശിച്ചു. പിന്നെ ഇറങ്ങേണ്ട എന്നു തീരുമാനിക്കുന്നു. കെ.ജി.എസ്സിന്റെ കവിത അതിന്റെ രാഷ്ട്രീയസ്വരങ്ങളെ സ്വയം തിരിച്ചറിയുന്ന സന്ദർഭങ്ങളാണിത്. എതിർപ്പുകൾ അപ്രസക്തമായതുകൊണ്ടല്ല മോചനപ്പോരാട്ടങ്ങൾക്കു ഗതിവേഗം കിട്ടാത്തത്, മറിച്ച് ശത്രുപക്ഷത്തിന്റെ ആയുധബലം ബഹുമുഖമായതുകൊണ്ടാണ്. കപട സമരതന്ത്രങ്ങൾകൊണ്ട് എതിർപ്പുകളുടെ ലക്ഷ്യബോധം ചിതറിക്കപ്പെടുന്നു. ഇതു പോരാളിയുടെ വിപ്ലവലക്ഷ്യങ്ങളെ തളർത്തേണ്ടതുണ്ടോ എന്ന ചോദ്യവും കവിതയിലവശേഷിപ്പിക്കുന്നുണ്ടെന്നു തോന്നുന്നു. അല്ലായിരുന്നെങ്കിൽ ആ ‘പ്രതിബോധോദയം’ എന്ന പദം ഇവിടെ സ്ഥാനം പിടിക്കില്ലായിരുന്നു. ‘ഒട്ടൊന്നു വല്ലതും നീറിപ്പിടി’ച്ചാൽ പെട്ടെന്ന് അതിന്റെ ‘തലതെറിക്കു’ന്ന വിധം ദുർബ്ബലമായ ഒരാന്തരിക ഘടനയിൽനിന്നാണ് എതിർപ്പുകൾ ഉദ്ഭവിക്കുന്നതെങ്കിൽ അതിന്റെ ആയുസ്സും കുറവാകുമെന്നു കവി വിശ്വസിക്കുന്നുണ്ട്. ഇത്തരത്തിലോ മറ്റനേകം തലങ്ങളിലോ ഉള്ള രാഷ്ട്രീയവായനകൾ ഈ കവിതയിൽ ഉൾച്ചേർന്നിരിക്കുന്നു. മനസ്സിൽ മാത്രമല്ല, വൃക്കയിലും എല്ലാ ആന്തരികാവയവങ്ങളിലും നിഷ്ഫലമായ എതിർപ്പുകളുടെ വീര്യം ഉറഞ്ഞുകൂടിയ അകർമ്മണ്യതയുടെ ശിലാസാന്നിധ്യമുണ്ടെന്ന സത്യത്തിലേക്കാണ് ഈ കവിത നമ്മെ ഉണർത്തുന്നത്. ഉണരാൻ കൂട്ടാക്കാതെ ഉറങ്ങുന്ന ബോധത്തെയാണ് ഈ കവിത ചെന്നു തൊട്ടുവിളിക്കുന്നത്-സമയമില്ല വേണ്ടുവോളം എന്ന മുന്നറിയിപ്പോടെ.
സഖാവിനോട് ലോഗ്യം ചോദിച്ചതിനു മറുപടിയായി ”വൃക്കയിൽ കല്ല്, ഡോക്ടറെ കാണണം” എന്ന പ്രതിവചനമാണുണ്ടാകുന്നത്. ഇതു കവിതയുടെ പരിസമാപ്തിയിലേക്കു നയിക്കുന്നു. ഇവിടെ അപൂർവ്വമായൊരു രചനാതന്ത്രമാണു കെജിഎസ് പരീക്ഷിക്കുന്നത്. ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും മിത്തുകളുടെയും സൗന്ദര്യമേഖലകളിലേക്കു കവിതയുടെ ജാലകം തുറന്നിട്ടശേഷം തുച്ഛ ജീവിത യാഥാർത്ഥ്യങ്ങളുടെ പരുക്കൻ വിതാനങ്ങളിലേക്ക് ആ ജാലകപ്പഴുതിലൂടെത്തന്നെ കവി ആസ്വാദകനെ വലിച്ചുപുറത്തേക്കെറിയുന്നു – ‘ഏറെയങ്ങു മേല്‌പോട്ടു പറക്കണ്ടാ’ എന്ന ഒരു ചെറുചിരിയോടെ! സൗന്ദര്യാനുഭവം, ഭാവന, ദർശനം, പ്രത്യയശാസ്ത്രം എല്ലാം ഒരു ഞൊടിയിടയിൽ അറ്റ ചിറകായി മുന്നിൽ വന്നു വീഴുന്നു! കരുതലോടെ സൃഷ്ടിക്കപ്പെട്ട ഒരു ഘടനയെ – അതിന്റെ സൗന്ദര്യാനുഭവ ചിഹ്നങ്ങളെയാകെ-പൂർണ്ണമായി തകർത്തുകളയുന്ന ഈ സ്‌ഫോടനകൗതുകം സൗന്ദര്യപരമായ ഒരു ഭീകരപ്രവർത്തനമാണ്. പുതിയ കാലം അതിന്റെ ബോധത്തിലേക്ക് ഏതു ജ്ഞാനാംശത്തെയും ഉൾക്കൊള്ളുന്നത് ഒരു ബോംബുസ്‌ഫോടനസമാനമായ അനുഭവത്തോടൊപ്പമാണ്. ഇതാണു കെജിഎസ്. കവിതകൊണ്ടു സാധിക്കുന്നത്. നമ്മുടെ കാലത്തിന്റെ സൗന്ദര്യബോധപരവും രാഷ്ട്രീയമൂല്യ ബോധപരവുമായ പ്രതിസന്ധികളെ അടുത്തുനിന്നനുഭവിക്കാൻ ഉള്ളിൽ വീണു പൊട്ടുന്നഅനുഭവം സഹായകമാകുമെന്നാണു കവി വിശ്വസിക്കുന്നത്. ജടായുവിന്റെ ചിറകു വന്നുവീണതിന്റെ വലിയ ഒച്ച ഗ്രാമീണബോധത്തെ ഉലച്ചതുപോലെ സൗന്ദര്യപരമായ സൂക്ഷ്മനിർമ്മിതികളെല്ലാം ‘വൃക്കയിലെകല്ലു’ വന്നുവീണ് ഉടച്ചുകളയുന്നു. ഇതൊരു നഷ്ടമല്ല കലാപരമായൊരു നേട്ടമാണെന്നു ബോധ്യപ്പെടുന്നവർക്കേ വേണ്ടവിധം ഈ രചന ആസ്വാദ്യമാകൂ.
*******
No Comments yet!