Skip to main content

നിശ്ശബ്ദതയുടെ പരിണാമം

 

പ്രകൃതിയിലെങ്ങും സൂക്ഷ്മ ശബ്ദതരംഗങ്ങളുണ്ട് ശൂന്യസ്ഥലത്തുകൂടി മാത്രമേ ശബ്ദതരംഗങ്ങൾ സഞ്ചരിക്കാറുള്ളൂ. എങ്കിൽപ്പിന്നെനിശ്ശബ്ദതയെന്താണ്? പ്രകൃതിയിലെ പ്രതിഭാസമാണോ? സാമൂഹ്യവ്യവഹാരങ്ങളുടെ ഫലമാണോ? അതോ, ഒരേസമയം പ്രകൃതിയിലെ സാധ്യതയും സാമൂഹ്യ വ്യവഹാരങ്ങൾ അർത്ഥം നൽകുന്ന അനുഭവവുമാണോ? ദൈനംദിന ജീവിതസന്ദർഭങ്ങളിൽ നിശ്ശബ്ദതക്ക് പലേ അർത്ഥങ്ങളുണ്ട്. ഗ്രാമവാസികൾ ഗ്രാമനിശ്ചലതയെ ഭേദിക്കാൻ മുഴക്കമുള്ള വാദ്യങ്ങൾ ഉപയോഗിക്കുമ്പോള്‍ നഗരവാസികൾ ഒച്ചക്കടലിൽ നിശ്ശബ്ദതയുടെ പച്ചത്തുരുത്താഗ്രഹിക്കുന്നു. ‘ആധുനിക’ സമൂഹങ്ങൾ നിശ്ശബ്ദതയിലൂടെ മരണമാചരിക്കുമ്പോൾ ആദിവാസികൾ ശവത്തിനു ചുറ്റും നൃത്തമാടുന്നു. നിശ്ശബ്ദത ചിലപ്പോൾ കോപത്തെ, ചിലപ്പോൾ വ്യക്തികളുടെ വാഗാതീതമായ വിനിമയശേഷിയെ (കുച്ച്‌ന കഹോ, കുച്ച് ഭി ന കഹോ, മുജ്‌കോ പതാഹേ, തുമ്‌കോ പതാഹേ-സിനിമാഗാനം-1942-എ ലവ് സ്റ്റോറി.) പ്രകടമാക്കുന്നു.

ആർ. നന്ദകുമാർ ‘കേൾവി ശീലങ്ങളുടെ സാമൂഹ്യശാസ്ത്രം’ (കേരള പഠനങ്ങൾ ലക്കം 3) എന്ന പഠനത്തിൽ നിശ്ശബ്ദതയെ ചരിത്രവത്കരിക്കുന്നുണ്ട്. ബ്രാഹ്‌മണമേൽക്കോയ്മയ്ക്കു മുമ്പുള്ള ശബ്ദനിർഭരമായ ആചാരാനുഷ്ഠാനങ്ങളിലെ ജീവനോൽസുകതയുടെ ഊർജ്ജതാണ്ഡവം ജൈവചോദനകളെക്കാൾ മരണത്തെയും മരണാനന്തര ജീവിതത്തെയും പറ്റിയുള്ള വ്യഗ്രതകൾക്ക്, ബാഹ്യമായ ശാരീരിക പങ്കാളിത്തത്തിനുപകരം മാനസികമായ ധ്യാനാത്മകതക്ക്, കൂട്ടായ്മക്കു പകരം വ്യക്തിപരതക്ക് ഊന്നൽ കൊടുക്കുന്ന ബ്രാഹ്‌മണിക സാംസ്‌കാരിക പ്രക്രിയകളിൽ എങ്ങനെ തരംതാഴ്ത്തപ്പെട്ടുവെന്ന് നന്ദകുമാറിന്റെ സൂക്ഷ്മദൃഷ്ടി കണ്ടെത്തുന്നു.

ഭൗതികത x ആത്മീയത, ജീവിതം x മരണാനന്തര ജീവിതം, സമൂഹം x വ്യക്തി, ശബ്ദം x നിശ്ശബ്ദത, പ്രവൃത്തി x ചിന്ത, ശാരീരികം x മാനസികം, സാധാരണക്കാർ x ബ്രഹ്‌മജ്ഞാനികളായ ഋഷിമാരും ബ്രാഹ്‌മണരും എന്നിങ്ങനെ സൃഷ്ടിക്കപ്പെട്ട ശ്രേണീബദ്ധമായ ദ്വന്ദ്വാത്മക ക്രമീകരണം സവർണ്ണ-കീഴാള ജീവിതലോകങ്ങൾക്കിടയിലെ അതിർവരമ്പായി പരിവർത്തിച്ചുപോന്നിട്ടുണ്ട്. കച്ചേരി സമ്പ്രദായവും നാഗസ്വരവാദനവും തമ്മിലുള്ള ഉച്ച-നീച ബന്ധത്തിന്റെ പശ്ചാത്തലത്തിൽ ഈ നിരീക്ഷണം ശരിയാണ്. എന്നാൽ ഈ കാലത്ത് സംഗീതരുചികൾക്ക് അപ്രതീക്ഷിത പരിണാമങ്ങളുണ്ടായിട്ടുണ്ട്.

യൂറോപ്യൻ വൈശ്യൻ ഊരാളനായ ആഗോളവത്കരണ ജാതിവ്യവസ്ഥയിലെ വിപണി ക്ഷേത്ര കഴകക്കാരും പുലവരും നട്ടുവരും വാദ്യമേളക്കാരുമാണ്. എം.ടി.വിയും എ.ആർ.റഹ്‌മാനും, അലീഷ ചിനായിയും, കൊളോണീയൽ കസിൻസും പരസ്യകലയും,താളമേളങ്ങളുടെ ഡയണേഷ്യൻ ഊർജ്ജത്തെ ഇവർ ആവാഹിച്ചെടുത്തിട്ടുണ്ട്. ‘ഉന്മാദിയാകൂ, ചലനാത്മകമാകൂ, കൺസ്യൂമർ പൂരത്തിലാറാടൂ’ (Be crazy, Be Dynamic, Celebrate Consumer Carnival) എന്ന് പുത്തൻ മേള പ്രമാണം. താളം ശാരീരിക ചോദനകളുടെ ജൈവതാളത്തെ എളുപ്പം ഉണർത്തുന്നു. ഇടത്തരം മലയാളികൾക്ക് മെലഡിയാണ് പ്രിയം. ഭൂതാതുരതയും ധ്യാനാത്മകതയും ശാന്തിയും ഇടകലരുന്ന ഏകാന്തതയുടെ ഈ അപ്പോളോണിയൻ ഇടത്തെ, മെലഡിയുടെ വിളംബകാലത്തെ ഈ ഫാസ്റ്റ് പാസഞ്ചർ സംഗീതം മുഴുവനായി കീഴടക്കിയിട്ടില്ല.

ഭരതം, ചിത്രം, ആറാംതമ്പുരാൻ, സോപാനം, ഹിസ് ഹൈനസ് അബ്ദുള്ള എന്നീ സിനിമകളിലെ ക്ലാസിക്കൽ സംഗീതം സവർണ്ണ വിഭാഗത്തിന്റെ ശ്രേഷ്ഠമായ അഭിരുചിയുടെയും സാംസ്‌കാരിക മൂലധനത്തിന്റെയും അടയാളമാണ്. ഈ നായർനമ്പൂതിരി വീരൻമാർ നാടൻ ഉത്സവനൃത്തത്തിന്റെയും എം.ടി.വി നൃത്ത സംഗീതികളുടെയും ഹൈബ്രീഡ് ഉടൽ രൂപങ്ങളായി അവതരിക്കാറുണ്ട്. (നരസിംഹം, താണ്ഡവം..) ഒരേ സമയത്ത് സാത്വിക ഗുരുവായും ചരടുവലിക്കാരനായ കൗടില്യനായും രാജസക്ഷാത്രവീരനായും ലിബറൽ വേഷമായും പകർന്നാടാനുള്ള സവർണ്ണ ഹിന്ദുത്വ ഫാഷിസത്തിന്റെ വഴക്കവും ബഹുമുഖത്വവും സാംസ്‌കാരിക പ്രക്രിയകളിലും കാണാനാവും. ക്ഷേത്രാധികാരം അസുരവാദ്യമായ ചെണ്ടയെയും എഴുന്നള്ളത്തുകളെയും ഉത്സവങ്ങളെയും സ്വാംശീകരിച്ചതുപോലെ ഇന്ന് വിപണിയും വർഗ്ഗീയതയും ജനകീയ സംസ്‌കാരത്തെ സ്വാംശീകരിച്ചിട്ടുണ്ട്.‍

കെ.ജി.ശങ്കരപ്പിള്ളയുടെ ‘നിശ്ശബ്ദത’ എന്ന ആദ്യകാല കവിതയിൽ ജനങ്ങളുടെ സഹനത്തിന്റെയും പീഡാനുഭവത്തിന്റെയും അടിത്തട്ടിലെ പ്രതിഷേധത്തിന്റെ അടയാളമായിരുന്നു നിശ്ശബ്ദത. എല്ലാം പറഞ്ഞു തീർന്നവരുടേതല്ല; എല്ലാം പറയാനുള്ളവരുടേതായിരുന്നു ആ നിശ്ശബ്ദത. എന്നാൽ പ്രാർത്ഥിക്കുന്നെങ്കിൽ ഇങ്ങനെ, ശബ്ദാസുരന്റെ നഗരത്തിൽ, പുഴയോടു പറഞ്ഞത്, മറയൂർക്കുപോകാനായില്ല എന്നീ കവിതകളിലെത്തുമ്പോഴേക്കും നിശ്ശബ്ദതക്ക് അർത്ഥഭേദമുണ്ടാകുന്നു. ഈ കാലത്ത് ജനങ്ങളുടെ ശബ്ദങ്ങൾ മാത്രമല്ല; നിശ്ശബ്ദതകൂടി, സാമൂഹ്യജീവിതം മാത്രമല്ല, ഏകാന്തത കൂടി, തൊഴിൽനേരം മാത്രമല്ല; ഒഴിവുനേരം കൂടി അന്യാധീനപ്പെട്ടുപോയിട്ടുണ്ട്. നമ്മെ ആഴത്തിൽ കേൾക്കുവാനും സൂക്ഷ്മമായി നോക്കാനും ചരിത്രവും ഏകാന്തതയുമായി പരസ്പരഗതാഗത സാധ്യതകൾ തുറന്നിടാനും, ലോകനിർഭരവും ജനനിബിഡവുമായ ഏകാന്തതയിലേക്കും നൃത്തമാടുന്ന ധ്യാനാത്മകതയിലേക്കും സ്വയം പൂക്കാനും കഴിയാത്തതെന്തുകൊണ്ടാണ്? കവി ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നു.

ആർ. രാമചന്ദ്രന്റെ കവിതകളിൽ കാല്പനികതയുടെ ഉച്ചസ്ഥായി സന്ധ്യാനിശ്ശബ്ദതയിലേക്ക് ഋതുമാറുന്നത് നാം കേട്ടിട്ടുണ്ട്. കാല്പനികരുടെ നാർസിസിസ്റ്റിക് കണ്ണാടിയുടഞ്ഞ് അപരരിലേക്കും പ്രകൃതിയിലേക്കും അപാരതയിലേക്കും സ്വത്വം വികേന്ദ്രീകൃതമാകുന്നതും, ആർ.രാമചന്ദ്രന്റെ കവിതകളിലെ യോഗാത്മക നിശ്ശബ്ദതയിൽനിന്ന് സ്വത്വവും ലോകവും ലോകരുമായുള്ള സംവാദത്തിന്റെ ഒറ്റയടിപ്പാതയിൽനിന്ന് കെ.ജി.ശങ്കരപ്പിള്ള നിശ്ശബ്ദതതയെ സൂക്ഷ്മചരിത്രത്തിന്റെയും ദൈനംദിന ജീവിതാനുഭവങ്ങളുടെയും ക്രോസ് ജംഗ്ഷനിലേക്ക് മാറ്റിപ്പാർപ്പിക്കുന്നു. കാലം, നാട്ടുസമയ സൂചികളും സ്വകാര്യസമയ സൂചികളും അനന്തതയുടെ സൂചിയും സെക്കന്റ് സൂചിയും ഇണചേരുകയും പിരിയുകയും ഇണചേരുകയും… ചെയ്യുന്ന ജൈവഘടികാരമായി ഈ കവിതകളിൽ സ്പന്ദിക്കുന്നു. നിശ്ചലതകളുടെ ഇടവേളകളുള്ള ശരീരചലനവിദ്യ(Coreography)യാണ് ഈ കവിതകളുടേത്. കടമ്മനിട്ട കവിതയുടെ പ്രചണ്ഡതാണ്ഡവത്തിൽ നിശ്ചലശരീരനിലയുടെ സ്ഥിതികോർജ്ജമില്ല. ആർ. രാമചന്ദ്രന്റെ കവിതകളിലാകട്ടെ, പ്രചണ്ഡ താണ്ഡവത്തിന്റെ ഗതികോർജ്ജമില്ല.

കൊടുങ്കാറ്റിന്റെ തുടിക്കുന്ന ഇമകൾക്കുള്ളിലെ കൃഷ്ണമണിയുടെ നിശ്ചലതയാണ് ഇവയിലെ നിശ്ശബ്ദത. പറക്കുന്നതിനിടയ്ക്ക്, പരുന്തിന്റെ ചിറകനക്കാനില്ല. സിംഹത്തിന്റെ ധ്യാനഗാംഭീര്യം. പോർക്കളത്തിലെ സെൻ. ഇതിൽ വിനയാന്വിതമായ ആത്മവിശ്വാസ ശക്തിയുണ്ട്. ‘നശ്വര നാദകണങ്ങൾ ഞങ്ങളനശ്വരതേ, നിൻ സംഗീതത്തിൻ നിശ്ചിതമാം സ്വരവിന്യാസത്തിനു പൂർണ്ണത ചേർത്തമൃതം നുകരുന്നു”3 എന്ന സാന്താനന്തന (Tempiterntiy)4യുടെ സിംഫണിയുണ്ട്. ”ഒഴിഞ്ഞ ഇടങ്ങളുടെ കാഴ്ച” എന്ന തൃശൂർപ്പൂരാനുഭവക്കുറിപ്പിൽ കെ.ജി.ശങ്കരപ്പിള്ള അടയാളപ്പെടുത്തുന്ന ലോക നിബിഡമായ നിശ്ശബ്ദത കേൾക്കൂ:
”പൂരത്തിരക്കിൽ എനിക്കിഷ്ടം ഒഴിഞ്ഞ ഇടങ്ങൾ കാണാനാണ്. അവയുടെ നിറവും മൗനവും കേൾക്കാനാണ്. പൂരത്തിരക്കിൽ ആ ഒഴിഞ്ഞ ഇടങ്ങൾക്ക് വല്ലാത്തൊരഴകും ആഴവുമുണ്ട്. വിൽക്കുഴിയിലെ വെള്ളം പോലെയോ, മദപ്പാട് കണ്ട് മതിലിനകത്ത് തളച്ച കൊമ്പനെപ്പോലെയോ അവ ഒരേ വടിവിൽ കെട്ടിനിന്നു കിതക്കുകയല്ല; ആളൊഴുക്കിൽ അവയുടെ രൂപം നിരന്തരം പുതുതാവുകയാണ്. നിരന്ന ആനകൾക്ക് പിന്നിൽ, കീഴിൽ ആനകൾക്കും മേളക്കാർക്കുമിടയിൽ, മേളക്കാരുടെ നിരകൾക്കിടയിൽ, രണ്ട് നാദങ്ങൾക്കിടയിൽ, ആ ഇടങ്ങളുടെ ലയമുണ്ട്. താഴെ നിൽക്കുന്ന ശീലക്കുടക്കും ആനപ്പുറത്ത് വർണ്ണപമ്പരമാകുന്ന പൂരക്കുടക്കും ആകാശത്തു വിടരുന്ന അമിട്ട് കുടക്കുമിടയിൽ ആ ഒഴിഞ്ഞ ഇടങ്ങളുടെ ആരോഹണമുണ്ട്. എല്ലാം ഇണക്കുന്ന കണ്ണികളായി. മേളം മുറുകുന്നതിനിടയ്‌ക്കെപ്പോഴോ കൊമ്പൻ ഒരു കാൽ കവച്ചു മടക്കുന്നതിനിടയിൽ കാണായ പാദവൃത്തത്തിൽ മൗനച്ചെണ്ടയുടെ ഇടന്തലയായി ആ ഇടം മുഴങ്ങാറുണ്ട്. ‘നെറ്റിപ്പട്ടത്തിൽ കുന്നും തടങ്ങളുമുള്ള കേരളത്തിന്റെ ഭൂപടമായി അത് ഉയർന്നുതാഴാറുണ്ട്. ആ ഒഴിഞ്ഞ ഇടങ്ങളുടെ കാഴ്ചയാണ് എന്റെ പൂരക്കാഴ്ച. അത് എന്റെയുള്ളിലെ ശൂന്യസ്ഥലങ്ങൾ എനിക്കു കാണിച്ചുതരാറുണ്ട്.”

നിശ്ശബ്ദതക്കും ശൂന്യതക്കും ഇവിടെ നിഷേധാത്മകമായ അർത്ഥമില്ല. ഇടംകൊണ്ടു മാത്രമല്ല ഒഴിവിടംകൊണ്ടുകൂടിയാണ് വാസ്തുവിദ്യ. വാക്കും നിശ്ശബ്ദതയും കൊണ്ടാണ് വിനിമയത്തിന്റെ വാസ്തുവിദ്യ. വാക്കും നിശ്ശബ്ദതയും വിപരീതങ്ങളല്ല. ഇവയിൽ ഏതെങ്കിലുമൊന്ന് ആദിമവും മൗലികവും സത്താപരവും മറ്റേത് ദ്വിതീയവും അനുബന്ധവും പ്രതിഭാസപരവും അല്ല. ഇവയെ ഇരുധ്രുവങ്ങളായി കാണുന്ന ”വൈരുദ്ധ്യാത്മക” (Dialectical) സമീപനത്തിൽ ഇവയുടെ ബന്ധം നിഷേധപരമാണ്. പരസ്പരം ഉൾക്കൊള്ളുന്ന ബന്ധമാണ് ഇവയുടേത്. നിശ്ശബ്ദതയും ഒഴിവിടവും ആപേക്ഷികവും ബന്ധപരവുമായ (Relative and Relational) അനുഭവമാണ്.

‘നമുക്ക് നിശ്ശബ്ദതയുടെ സംസ്‌കാരമില്ല. ജപ്പാൻകാർക്കുണ്ട്. മറ്റുള്ളവരുമായുള്ള ബന്ധത്തെ അനുഭവിക്കുന്നതിന്റെ പ്രത്യേക രീതിയായിരുന്നു നിശ്ശബ്ദത… നിശ്ശബ്ദതയെ ഒരു സാംസ്‌കാരിക പെരുമാറ്റ രീതിയായി വികസിപ്പിക്കാൻ എനിക്കു താൽപ്പര്യമുണ്ട്’ എന്ന് മിഷേൽ ഫൂക്കോ.5. പാശ്ചാത്യ നാഗരികതയിൽ ഗ്രീക്ക്-യഹൂദ പാരമ്പര്യത്തിൽനിന്ന് ക്രിസ്തുമതത്തിലേക്ക് വാക്കിനെ പ്രാഥമികമായി കാണുന്ന കാഴ്ചപ്പാട് പകർന്നിട്ടുണ്ട്. ഈ ലോകബോധത്തിൽ ഭാഷയുടെ ഭരണമേഖലക്കകത്ത് യാഥാർത്ഥ്യത്തെ ഒതുക്കിനിർത്തുന്നു. അതുകൊണ്ട് ഇവിടെ നിശ്ശബ്ദതയുടെ പദവി അധമമാണ്.6 ബുദ്ധമതത്തിൽ നിശ്ശബ്ദതയും ശൂന്യതയും ധനാത്മക സങ്കല്പങ്ങളാണ്. ദൈവത്തിന്റെ നിശ്ശബ്ദതയെ പ്രതിസന്ധിയായല്ല ഒരു സാധ്യതയായാണ് ബുദ്ധൻ കാണുന്നത്.
പ്രപഞ്ചത്തിലെ നിരീക്ഷിക്കപ്പെട്ട ദ്രവ്യത്തിന്റെ സാന്ദ്രത പ്രതീക്ഷിക്കുന്ന ദ്രവ്യത്തിന്റെ 20 മുതൽ 40 വരെ ശതമാനമാണ്. ബാക്കിയുള്ള ഭാഗത്തെ കോസ്‌മോളജിസ്റ്റുകൾ വാക്വം എനർജി അല്ലെങ്കിൽ ഡാർക്ക് മാറ്റർ എന്നു വിളിക്കുന്നു. വ്യക്തിയുടെ പ്രപഞ്ചവും അപരരുമായുള്ള ബന്ധത്തിലെ വാക്വം എനർജിയാണ് നിശ്ശബ്ദത. ഇന്ന് നിശ്ശബ്ദതക്കായുള്ള അവകാശം നിഷേധിക്കപ്പെട്ടിരിക്കുന്നു. പുത്തൻ കൊളോണിയൽ വികസനപദ്ധതികളുടെ ദുർഗുണഭോക്താക്കളായി എച്ചിൽ ഉപഭോക്താക്കളായി, തെണ്ടിത്തീനികളായി, സിന്തറ്റിക് ആത്മീയതയുടെയും പെട്രോ-ഡോളർ വർഗ്ഗീയതയുടെയും കരിസ്മാറ്റിക് തരികിടകളുടെയും ആത്മീയ പെറുക്കിത്തീനികളായി മാറുമ്പോൾ നമ്മുടെ ഒഴിവുനേരവും നിശ്ശബ്ദതയും സർഗ്ഗാത്മകതയും അമേദ്യ സംസ്‌കാരത്താൽ കുത്തിനിറയ്ക്കപ്പെടുകയാണ്.

സാമൂഹ്യമായ ഉണർവിന്റെ മുഹൂർത്തങ്ങളിൽ ഏകാന്തതകൂടി അപരരുടെ അദൃശ്യസാന്നിധ്യത്താൽ സംഗീതനിർഭരമായിരുന്നു.ഇത് ഇൻസുലാർ ഏകാന്തതയാണ്. ഇൻസുലാർ ഭക്തി. ഇൻസുലാർ മരണം. ഇൻസുലാർ രതിസൗഹൃദം. നിശ്ശബ്ദതയ്ക്കായുള്ള അഭിലാഷം ഇന്ന് സ്വാതന്ത്ര്യാഭിലാഷമാണ്. ‘ശബ്ദാസുരന്റെ നഗരത്തിൽ’ എന്ന കവിതയിൽ ഒരുപറ്റം കാതുകൾ ദത്തെടുക്കാനലയുന്നത് പ്രണയമോ, പണയമോ, പി.എഫ്.ലോണോ, പാറക്കൂട്ടമോപോലെ പെട്ടെന്ന് ആവിയായ് മാറാത്ത നിശ്ശബ്ദതയെ ആണ്. ‘കൊത്തിക്കൊത്തി ശിൽപ്പങ്ങളോ, കോരിനിറച്ച് മധുരങ്ങളോ’ വിളയിക്കാനാവുന്ന നിശ്ശബ്ദതയാണിത്. നിശ്ശബ്ദതയെ കവി കാൽപ്പനികവത്കരിച്ച് വഴുവഴുപ്പൻ ദ്രവമാക്കുന്നില്ല. നിഗൂഢവത്കരിച്ച് ധൂമിലമുക്കുന്നില്ല. ഇത് നിശ്ശബ്ദതയുടെ ചലനാത്മകമായ ഖരശിൽപ്പമാണ്. ‘പ്രാർത്ഥിക്കുന്നെങ്കിൽ ഇങ്ങനെ’ എന്ന കവിത ആഖ്യാതാവിന്റെ ശബ്ദാനുഭവമാണ്. ഈ ജീവചരിത്രരേഖ ചരിത്രരേഖകൂടിയാണ്. മലയാളികളുടെ കേൾവി സംസ്‌കാരത്തിന്റെ പ്രാദേശിക ചരിത്രമുദ്രകളുണ്ട്. ശബ്ദത്തിന്റെ സാംസ്‌കാരിക സ്മൃതി മുദ്രകളുംവർത്തമാനകാലാനുഭവവും ഭാവി അഭിലാഷങ്ങളും ഈ കവിതയിലുണ്ട്. കവിതയുടെ ഒന്നാം ഭാഗം ആഖ്യാതാവിന്റെ ഗ്രാമത്തിലേക്ക് ഗാന്ധിയൻ പ്രസ്ഥാനവും പിന്നീട് കമ്യൂണിസ്റ്റ് പ്രസ്ഥാനവും കടന്നുവന്നതിന്റെ ശബ്ദചരിത്രരേഖയാണ്.
വിപണിയുടെയും പരസ്യകലയുടെയും നാദമോഹിനിയെ അപനിർമ്മിക്കുകയാണ് കവിതയുടെ രണ്ടാം ഖണ്ഡത്തിൽ. മൂന്നാം ഭാഗം നമ്മുടെ നിലനിൽക്കുന്ന കേൾവി ശീലങ്ങളെ വെല്ലുവിളിച്ച് പുത്തൻ ശബ്ദ-നിശ്ശബ്ദത-താരാവലി ഉണ്ടാക്കാനുള്ള ആഗ്രഹമാണ്. വിളംബ (Slowness) ത്തിന്റെ നിരക്ക് ഓർമ്മയുടെ തീവ്രതയുമായി നേർ അനുപാതത്തിലായിരിക്കുമ്പോൾ വേഗത്തിന്റെ നിരക്ക് മറവിയുടെ തീവ്രതയുമായി നേർ അനുപാതത്തിലാണെന്ന് മിലൻ കുന്ദേര സ്ലോനെസ്സ് എന്ന നോവലിൽ അഭിപ്രായപ്പെടുന്നുണ്ട്. ഫാസ്റ്റ് പാസഞ്ചർ സംഗീതം നമ്മുടെ കാലത്തെ അതിദ്രുതകാലമാക്കുന്നു. വേഗം കൂടുംതോറും അന്യവത്കരണം കൂടുന്നു. ഭ്രമാത്മകത കൂടുന്നു. ഏകാഗ്രതയും വിവേകവും മനനശേഷിയും കുറയുന്നു. ശാന്തി കുറയുന്നു. ഭ്രാന്തും ഉപഭോഗഭ്രാന്തും കൂടുന്നു.
സെബാസ്റ്റ്യൻ ബാക്കിന്റെ സംഗീതം നിശ്ശബ്ദതയുടെ താഴ്‌വരയിൽ പനിനീരു വിടരുന്നതുപോലെ ഏകാന്തതയിൽനിന്ന് ഊർജ്ജത്തെ മോചിപ്പിക്കുമ്പോൾ സംഗീതം ഒച്ചയായി മാറുന്നതോടെ പരിപൂർണ്ണ വൈരൂപ്യത്തിന്റെ ചരിത്രഘട്ടം തുടങ്ങുകയാണെന്ന് മിലൻ കുന്ദേരയുടെ ‘ഉണ്മയുടെ അസഹനീയമായ ലാഘവം’ എന്ന നോവലിലെ സബീന അഭിപ്രായപ്പെടുന്നു. ഒച്ച മനുഷ്യരെ വശീകരിക്കാനുള്ള വിപണിയുടെ ആഭിചാരമന്ത്രമായി മാറുമ്പോൾ കവി ആഗ്രഹങ്ങളുടെ എതിർവ്യവഹാരം സൃഷ്ടിക്കുകയാണ്. പ്രാർത്ഥന ആഗ്രഹങ്ങളുടെ വാചിക രൂപമാണ്. (തായമ്പകയിലും മേളത്തിലും ഉള്ള അതിദ്രുതകാലമില്ലേ? പക്ഷേ, താളം അവിടെഅത്യുച്ചസ്ഥായിയുടെ ഗോപുരാഗ്രത്തിലെ ഏകാധിപതിയല്ല. വിവിധകാലങ്ങളിലൂടെ സഞ്ചരിക്കുന്നുണ്ട്.)

ഒച്ചയുടെ വൈരൂപ്യത്തിൽ നിന്ന് വിസ്മൃതിയിൽ നിന്ന് ബന്ധങ്ങളുടെയും പ്രകൃതിയുടെയും സംസ്‌കൃതിയുടെയും സൂക്ഷ്മനാദ സൗന്ദര്യത്തിലേക്ക് ആഖ്യാതാവിന്റെ ആഗ്രഹം ചിറകടിക്കുന്നു. ”ഞങ്ങൾക്ക് കേൾക്കണേ കാറ്റുകളുടെ കാലൊച്ച കുഞ്ഞുങ്ങളുടെ അരുവിച്ചിരി. അമ്മയുടെ നെടുവീർപ്പ് അമ്മൂമ്മയുടെ സന്ധ്യാ മർമ്മരങ്ങൾ/അനിയന്മാരുടെ കിനാചൊല്ല്/ കാരാഗൃഹങ്ങളുടെ മൗനനാഡികളിലെ/ നേരിന്റെ ചിറകനക്കങ്ങൾ/ ഇരയുടെ മിടിപ്പ്/ഇണയുടെ അലാറം/അരി ഭാരമായ ഉറുമ്പിന്റെ ആത്മഭാഷണം/ചേക്കേറലിന്റെ മിഴിവ്/ ചീവീടിന്റെ സദിര്/ ചങ്ങാതിയുടെ താക്കീത്/ കുളിച്ചവളെപ്പോലെ തണുത്ത ദേഹവുമായി/രാത്രി പറയുന്ന കഥകൾ/ നാദരാശിയിൽ അവളുടെ നാദനക്ഷത്രം/ഭാവിയുടെ ദൂരത്തായമ്പക/ ഞങ്ങൾക്ക് കേൾക്കണേ കേൾക്കണേ/ഞങ്ങളെ. ശബ്ദങ്ങളും ഒച്ചകളും മാത്രമല്ല നിശ്ശബ്ദതയും കവി കേൾക്കാനാഗ്രഹിക്കുന്നു.

”ഞായർ തിങ്കളിനോടും/തിങ്കൾ വെൺമേഘഖേദത്തിനോടും/ മേഘങ്ങൾ വൃക്ഷങ്ങളോടും/ വൃക്ഷങ്ങൾ മൃഗപക്ഷിജന്മങ്ങളോടും/പക്ഷികൾ ഋതുനൃത്തമാടും ലയത്തോടും/മനസ്സേ, നീ എന്നോടും/മന്ത്രിക്കുന്ന/വിസ്തൃതമായ മൗനം/വെളിവിന്റെ സൂക്ഷ്മശ്രുതി/പുതുചിന്ത വിരിയും സുഗന്ധം.” ഈ മൗനം ആനുഭവികം/അതിഭൗതികം/Empirical (Transcendal)സാന്തം/അനന്തം എന്നീ വിഭജനങ്ങളുടെ അതിരുകൾ മായുന്ന ഇടത്തിലാണ്. ജീവജാല-മനുഷ്യ-പ്രപഞ്ച പാരസ്പര്യത്തിന്റെ കേന്ദ്രരഹിതവും ചലനാത്മകവുമായ സംഗീതത്തിന്റെ ശ്രുതിയാണ് ഈ നിശ്ശബ്ദത. ഈ പ്രാർത്ഥന യോഗാത്മകഭാവത്തെ വിമർശനാത്മക ബോധത്തിനെതിരെ പ്രതിഷ്ഠിക്കുന്ന ദ്വന്ദ്വാത്മക യുക്തിയെ മറികടന്ന് വിചിന്തനത്തിന്റെയും യോഗാത്മകാനുഭവത്തിന്റെയും സംവാദാത്മകബന്ധം സൃഷ്ടിക്കുന്നു. സൂര്യനെ ഇമവെട്ടാതെ നോക്കുന്ന യോഗാത്മകദൃഷ്ടി. കൊടുങ്കാറ്റിന്റെ തുടിക്കുന്ന ഇമകൾക്കുള്ളിലെ നിശ്ചലകൃഷ്ണമണി. പ്രപഞ്ച നിഗൂഢതകൾക്കുമുമ്പിൽ മുട്ടുകുത്താതെ, ലോകത്തെ ജ്ഞാനംകൊണ്ട് കീഴടക്കിയെന്നു മദിച്ച് ശാസ്ത്രവാദിയുടെ ലോകത്തിന്നു മുകളിൽ കയറിനില്ക്കുന്ന അധികാര നിരീക്ഷണത്തിന്റെ പ്രകടിപ്പിക്കാത്ത പുത്തൻ കർത്തൃത്വത്തെ ഈ കവിത സൃഷ്ടിക്കുന്നു. ഒരേ സമയം യഥാർത്ഥ്യത്തിന്റെ സാക്ഷിയും നടനും സംവിധായകനുമാവുന്ന പുത്തൻ കർത്തൃത്വം. ഈ കവിതകളിലെ നിശ്ശബ്ദതാനുഭവം എല്ലാ മലയാളികളുടെതുമല്ല. നഗരം, വിപണി, ആധുനികവത്കരണം എന്നിവയുടെ ജീവിത ലോകവുമായി ബന്ധപ്പെട്ട ഇടത്തിലെ അനുഭവമാണിത്. നിശ്ശബ്ദതയുടെ നേർ രേഖാപാതയല്ലിത്. നിശ്ശബ്ദതയുടെ ക്വാണ്ടം സഞ്ചാരപഥമാണ്.

 

സൂചിക
1. ആറ്റൂർ രവിവർമ്മയുടെ നിരീക്ഷണം
2. മാക്‌സിംഗോർക്കിയുടെ വാക്യം
3. ഒ.എൻ.വി.കുറുപ്പ്, ഭൂമി, ഒ.എൻ.വി.യുടെ സമ്പൂർണ്ണകവിതകൾ, ഡി.സി. ബുക്‌സ്
4. റയ്മൺ പണിക്കരുടെ കണ്ടെത്തൽ. സാന്തം, അനന്തം എന്നീ വാക്കുകളുടെ മിശ്രവിവാഹത്തിൽ ജനിച്ച സന്തതി.
5. Michel, Foucault, Interview, Politics, Philosophy, Culture Newyork, Routledge, 1988.
6. George Steiner, Language and Silence, Page -32, Penquin Books, 1979.

 

*******

 

No Comments yet!

Your Email address will not be published.