പായൽ കപാഡിയ സംവിധാനം ചെയ്ത പ്രധാനമായും മലയാളത്തിലും (മറാത്തി, ഹിന്ദി ഭാഷകളിലുമായുമുള്ള) ‘All We Imagine as Light’ (‘പ്രഭയായ് നിനച്ചതെല്ലാം’)എന്ന സിനിമ കണ്ടു. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരം നേടിയതു കൊണ്ടും മലയാളി താരങ്ങളും പ്രമേയ ബന്ധവുമൊക്കെ ഉള്ളതുകൊണ്ടും പ്രേക്ഷക ശ്രദ്ധയുമുണ്ടാകും. എന്നാൽ ഒരു ചലച്ചിത്രം എന്ന നിലയിൽ അത് ചലച്ചിത്രമെന്ന മാധ്യമത്തിന്റെ ആവിഷ്കാര സാധ്യതയുടെ ഏതെങ്കിലുമൊരു പുതുമേഖലയെ തൊടുന്നേയില്ല. ചലച്ചിത്രമെന്ന മാധ്യമം ഇന്നത്തെ നിലയിലുള്ള ആവിഷ്കാര സാദ്ധ്യതകളിൽക്കൂടി ഉരുത്തിരിയുകയും നൂറുകണക്കിനായ അത്തരം സിനിമകളുണ്ടാക്കുകയും ചെയ്തു തുടങ്ങിയിട്ടുതന്നെ പതിറ്റാണ്ടുകളായി. അതുകൊണ്ടുതന്നെ ആസ്വാദകന്റെ, പ്രേക്ഷകന്റെ ആ മാധ്യമത്തോടുള്ള അതിപരിചിതത്വമെന്ന വെല്ലുവിളി കൂടി ചലച്ചിത്ര സംവിധായകർ നേരിടുന്നുണ്ട്. ഒരു മൂന്നു-നാല് പതിറ്റാണ്ടു മുമ്പുള്ള വെല്ലുവിളിയെക്കാൾ എത്രയോ ഇരട്ടിയാണിതിപ്പോൾ. കലയുടെ ഭാഷയും വ്യാകരണവും നിരന്തരം പുതുക്കിപ്പണിയുക എന്നത് കല അതിന്റെ ആരോഗ്യകരമായ നിലനിൽപ്പിനായി ഉയർത്തുന്ന വെല്ലുവിളിയാണ്. മലയാളത്തിലെ നോവൽ വായനയിൽ ഇന്ന് നമുക്കീ കലയുടെ വെല്ലുവിളി ഏറ്റെടുക്കാത്ത വിപണി വിജയത്തിന്റെ പടുകൂറ്റൻ പരസ്യപ്പലകകൾ കാണാൻ കഴിയും. അത്തരത്തിൽ ചലച്ചിത്രമെന്ന മാധ്യമമുയർത്തുന്ന വെല്ലുവിളികൾ നോക്കിയാൽ All We Imagine as Light എന്ന സിനിമ വളരെ ദുർബ്ബലമായൊരു കലാവിഷ്കാരമാണ്.
മൂന്നു സ്ത്രീകളുടെ ജീവിതങ്ങളിലൂടെയാണ് ഈ സിനിമ ഉരുത്തിരിയുന്നത്. മുംബൈ നഗരത്തിലെ ഒരാശുപത്രിയിൽ നഴ്‌സായ പ്രഭ, അനു എന്ന രണ്ടു മലയാളി സ്ത്രീകളും അതേ ആശുപത്രിയിലെ ഭക്ഷണശാലയിൽ ജീവനക്കാരിയായ പാർവ്വതിയുമാണ് മൂന്നു പ്രധാന കഥപാത്രങ്ങൾ. ഭർത്താവ് ജർമ്മനിയിൽപ്പോയി ഇപ്പോൾ ഏതാണ്ട് ഉപേക്ഷിക്കപ്പെട്ട മട്ടിലുള്ള, വളരെ സാമ്പ്രദായികമായ ജീവിതബോധം പുലർത്തുന്ന പ്രഭ, അത്തരം ജീവിതബോധത്തിനപ്പുറത്തേക്ക് പോകാൻ ശ്രമിക്കുന്ന അനു, താമസസ്ഥലത്തുനിന്നും വൻകിട കെട്ടിടനിർമ്മാതാക്കൾ ഗുണ്ടകളെ വിട്ട് കുടിയൊഴിപ്പിക്കുന്ന, താമസ രേഖകൾപ്പോലുമില്ലാത്ത പാർവ്വതി എന്നിങ്ങനെയാണ് അവരുടെ ജീവിതം. അനു, ഷിയാസ് എന്നൊരു മുസ്‌ലിം ചെറുപ്പക്കാരനുമായി അടുപ്പമാണ്. അയാൾ മുസ്ലീമാണ് എന്നത് സഹപ്രവർത്തക ഊന്നിപ്പറയുന്നു. പ്രഭയുടെ സാമ്പ്രദായിക ധാരണകളാലും ജീവിതപ്രതിസന്ധികളാലും ഒതുക്കിവെച്ച, അടിച്ചമർത്തിവെച്ച ലൈംഗികത, അതിന്റെ ചില പ്രതീകാവിഷ്‌ക്കാരങ്ങൾ, അതിന് നേരെ തിരിച്ചുള്ള തരത്തിൽ പുതിയ ലോകം തേടുന്ന അനുവിന്റെ ലൈംഗികത, പാർവ്വതിയുടെ ജീവിത സമരങ്ങൾ, അതിന്റെ ചില ദൃശ്യങ്ങൾ എന്നിങ്ങനെയൊക്കെയായി സിനിമ തുടങ്ങുകയും തീരുകയും ചെയ്യുന്നു. അതിനിടയിൽ പ്രഭയുമായി ആശുപത്രിയിലെ മലയാളി ഡോക്ടർക്കൊരു അടുപ്പം, അയാളുടെ കവിത കൈമാറൽ ഒക്കെയുണ്ട്. ഏതെങ്കിലുമൊരു ഘട്ടത്തിൽ ഇതാ ഒരു പുതിയ കാഴ്ച എന്നോ സൗന്ദര്യബോധത്തിന്റെ ദൃശ്യാനുഭവമെന്നോ സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെയടക്കമുള്ള ആവിഷ്കാരസാധ്യതയുടെ മികവെന്നോ നമുക്ക് തോന്നാത്ത വിധത്തിൽ ദരിദ്രമാണ് ഇതെല്ലം കാണിക്കാൻ ശ്രമിക്കുന്ന സിനിമ. അതിസാധാരണമായൊരു പ്രമേയം അതീവ ദുർബ്ബലമായ ആഖ്യാനത്തിലൂടെ കാണിക്കുകയാണ്.
ഏച്ചുകെട്ടിയ മുദ്രാവാക്യ രംഗങ്ങൾ, ലൈംഗികത ദൃശ്യവത്കരിക്കുന്നതിലെ പരിതാപകരമായ അസ്വസ്ഥത ഇതൊക്കെ ഒരു amateur production-ന്റെ പരാധീനതകളെയാണ് ഓർമ്മിപ്പിക്കുന്നത്. അനുവിന് നാട്ടിൽ നിന്നുമുള്ള കല്യാണാലോചനകളിലെസ്ത്രീധന ആവശ്യങ്ങളും അതവതരിപ്പിക്കുന്ന രീതിയുമൊക്കെ ദൃശ്യാഖ്യാന ഭാവനയുടെ ദാരിദ്ര്യം വില്ലൻചുമയുമായി തിയ്യറ്ററിൽ നിറയുന്നുണ്ട്. ലൈംഗികതയെക്കുറിച്ചുള്ള രണ്ടുതരം കാഴ്ചപ്പാടുകളുള്ള രണ്ടു സ്ത്രീകളെ, അങ്ങനെയുള്ള ലോകത്തെ ചിത്രീകരിക്കുമ്പോൾ നിങ്ങൾ നേരിടുന്ന വെല്ലുവിളി ലോകത്തെ മികച്ച സിനിമകളിൽത്തന്നെ അതൊക്കെ നൂറുകണക്കിന് തവണ വന്നുപോയതാണ്. അത്തരം ദൃശ്യങ്ങളുടെപ്പോലും ദുർബ്ബലമായ ആവർത്തനങ്ങളായെ പ്രഭ, അനുവും ഷിയാസും തമ്മിലുള്ള ശരീര ലാളനകൾ കാണുന്നതൊക്കെ ചിത്രീകരിച്ചത് കാണാനാകുന്നുള്ളു. മലയാളികളുടെ അതിപ്രസരം കൊണ്ടാകണം ലൈംഗികതയെക്കുറിച്ചുള്ള അവതരണങ്ങളിലെല്ലാം, സംഭാഷണങ്ങളിലും ദൃശ്യങ്ങളിലും സിനിമ മടുപ്പിക്കുംവിധം പാളിപ്പോകുന്നുണ്ട്.
ഈ സിനിമ പ്രത്യേകമായി കുഴപ്പമായതുകൊണ്ടല്ല ഇത് ദുർബ്ബലമായിപ്പോയത്, ചലച്ചിത്രമെന്ന മാധ്യമം ഉപയോഗിച്ചുകൊണ്ട് മനുഷ്യരെ ആകർഷിക്കാൻ ഇനി മുമ്പത്തേക്കാളേറെ ബുദ്ധിമുട്ടുണ്ട് എന്നതുകൊണ്ടാണ്. അത്രയേറെ പരിചിതമാണ് ഒരു കലാസ്വാദകനെ സംബന്ധിച്ച്, അതിലെ രാഷ്ട്രീയ പ്രമേയങ്ങളുടെ ആവിഷ്‌ക്കാര സാധ്യതയെ സംബന്ധിച്ചൊക്കെയുള്ള പരിചിതത്വമിപ്പോൾ. ഒരു വിദേശിക്ക് ഇന്ത്യൻ ജീവിതദൃശ്യങ്ങളോട് തോന്നുന്ന exotic and curious fascination നമുക്കില്ലാത്തതും ഒരു കാരണമാകാം. എന്തായാലും ഒരു ചലച്ചിത്രം എന്ന നിലയിൽ വിരസവും ദുർബ്ബലവുമായ ഒരാവിഷ്കാരമാണ് All We Imagine as Light. അതാകട്ടെ ചലച്ചിത്രം എന്ന മാധ്യമത്തിന് അതിന്റെ അതിഭീമമായ ആവിഷ്‌കാര ചരിത്രം കെട്ടിവെച്ച കലയുടെ വെല്ലുവിളികൂടിയാണ്. അത് നേരിടുക എളുപ്പമല്ല, എളുപ്പമാകേണ്ടതുമില്ല.
*****
No Comments yet!