പ്രകൃതി നമുക്കു നല്‍കുന്ന ഏറ്റവും വലിയ പാഠങ്ങളിലൊന്നാണ് സഹവര്‍ത്തിത്തം. ഈ ആശയം കാച്ചിക്കുറുക്കിയെടുത്താല്‍ സാഹോദര്യത്തിന്റെ വിശുദ്ധി കാണാം. സഹവര്‍ത്തിത്തം എന്നതിന്റെ ആധുനികമായ സമീക്ഷണമാണ് സെക്കുലറിസം. എന്നാല്‍ ഈയൊരാശയം ഇന്നത്തെ സമൂഹത്തില്‍ എത്രമാത്രം ഭൗതികശക്തിയായി പ്രവര്‍ത്തിക്കുന്നുണ്ട്? സഹവര്‍ത്തിത്തത്തെ ജീവിതചര്യയാക്കി സ്വീകരിക്കാന്‍ ഓരോരുത്തരും സന്നദ്ധമായാല്‍ മനുഷ്യസമൂഹത്തിനിടയില്‍ പിന്നെന്തു വിഷയമാണ് പരിഹരിക്കാനുള്ളത്? ചില പ്രശ്‌നങ്ങള്‍ അവശേഷിക്കുമെങ്കിലും പ്രശ്‌നപരിഹാരത്തിന്റെ മനോഭാവമാണ്, ആ ഉദാരതയുടെ വാതിലാണ്സഹവര്‍ത്തിത്തം നമുക്കു തുറന്നു തരുന്നത്.
‘പാത്തുമ്മയുടെ ആട്’ എന്ന ബഷീര്‍ കൃതിയെ പേര്‍ത്തും പേര്‍ത്തും വായിക്കുമ്പോള്‍ ഒരു കാര്യം തന്നെ വളരെ സ്പഷ്ടമാണ്. ഇല്ലായ്മയുടെയും വല്ലായ്മയുടെയും നടുവില്‍ കഴിയുന്ന മനുഷ്യര്‍ക്കിടയില്‍ സംഘര്‍ഷങ്ങള്‍ അനവധി ഉണ്ടാകുമെന്നും, പക്ഷേ അപ്പോഴും സഹവര്‍ത്തിക്കാനുള്ള ഒരു പ്രേരണയായി ബഷീര്‍ എന്ന വല്യാക്കാക്ക അവിടെ നിലകൊള്ളുന്നുണ്ടെന്നും ഓര്‍ക്കുക. ബഷീര്‍ ഇവിടെ സമസൃഷ്ടിസ്‌നേഹമെന്ന അദ്വൈതത്തെ താലോലിക്കുന്നു. നാനാത്വത്തിലെ ഏകത്വദര്‍ശനമാണ് ജ്ഞാനമെന്നത് ബഷീറിന്റെ ശിരസ്സിലെത്തിച്ചത് ജീവിതം പഠിപ്പിച്ച അലച്ചിലിന്റെ വേദാന്തമാണ്. മനുഷ്യജീവിതത്തിന്റെ ചലനാത്മകതയും ഞെരുക്കവും അതിന്റെ പൊരുളും അറിയിക്കാനുള്ള വലിയ യത്‌നമാണ് ബഷീര്‍സാഹിതി. ആധുനിക സാഹിത്യത്തിന്റെ ശബ്ദമായി ഇവിടെ പരിണമിക്കുന്നു.
വൈക്കം മുഹമ്മദ് ബഷീര്‍ ഈ ലോകത്തുനിന്ന് പോയ് മറഞ്ഞിട്ട് 30 വര്‍ഷം പിന്നിട്ടു. എങ്കിലും അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങളും അദ്ദേഹം സൃഷ്ടിച്ച ഭൂമിമലയാളവും പ്രപഞ്ചങ്ങളായ പ്രപഞ്ചങ്ങളും എല്ലാം മലയാളി ജീവിതത്തിലെ നിത്യസാന്നിദ്ധ്യമായി നിലകൊള്ളുന്നു. അദ്ദേഹത്തിന്റെ ചില രചനകള്‍ വാര്‍ന്നുവീണിട്ട് നവതിയോടടുക്കുന്നുവെങ്കിലും, ഇന്നും അതിനെ നെഞ്ചോട് ചേര്‍ത്തുവെച്ച് ലോകസംസ്‌കാരത്തില്‍ ചില പുതിയ പാഠങ്ങള്‍ അനാവൃതമാക്കുന്നു.
പാത്തുമ്മയുടെ ആട് അഥവാ പെണ്ണുങ്ങളുടെ ബുദ്ധി എന്ന തമാശക്കഥ ബഷീര്‍ അവതരിപ്പിച്ചിട്ടുതന്നെ അറുപത്തഞ്ചു വര്‍ഷം പിന്നിട്ടു. 1959 ഏപ്രിലില്‍ ആണത് ആദ്യം പ്രസിദ്ധീകരിച്ചത്. പക്ഷേ, അത് 1954 ഏപ്രില്‍ 27-ാം തിയ്യതി എഴുതിത്തീര്‍ത്ത കഥയാണെന്ന് ആമുഖത്തില്‍ നോവലിസ്റ്റ് പറയുന്നുണ്ട്. 1980-കളില്‍ പാത്തുമ്മയുടെ ആട് വായിക്കുമ്പോള്‍ എനിക്കിതില്‍ അത്ര പര്യാലോചന ഉണ്ടായില്ല. പിന്നീട്, ബഷീര്‍ എന്നാല്‍ സ്‌നേഹത്തിന്റെ വെളിച്ചമാണ്, പ്രകൃതിയുടെ പ്രകാശരൂപമാണ് എന്നെല്ലാം അറിഞ്ഞുതുടങ്ങി. ബാല്യകാലസഖിയും, ജന്മദിനവും, തേന്മാവും, ഭൂമിയുടെ അവകാശികളും, അമ്മയും, മതിലുകളും, ആ മനുഷ്യനും വായിച്ചപ്പോള്‍ അതൊരു വലിയ അനുഭവത്തിന്റെ വന്‍കര(എം.എന്‍. വിജയന്‍)യാണെന്നറിഞ്ഞു.
ഇപ്പോള്‍ ഓരോരോ ജീവിതസന്ദര്‍ഭത്തിലും ബഷീറിനെ വായിച്ചുപോകുകയാണ്. പാത്തുമ്മയുടെ ആട് വായിച്ചപ്പോള്‍ അത് ഭൂമിയുടെ അവകാശികളുടെ വലിയ ലോകമാണെന്നു തോന്നി. ജൈവസംസ്‌കാരത്തിന്റെ ഉറവിടമായ വീടെന്ന വലിയ കലയെപറ്റിയാണ് അതെന്നെ ചിന്തിപ്പിച്ചത്. സ്വാതന്ത്ര്യഗാഥയാണ് പാത്തുമ്മയുടെ ആടിലെ ജീവിതപ്രകൃതി. മഹാകവി വൈലോപ്പിള്ളി കല്പന ചെയ്യുന്ന ‘ഇത്തിരിവട്ടം കാണുന്ന അധോലോക വാമനന്മാരുടെ ലോകത്ത്’, ബഷീര്‍ സ്‌നേഹത്തിന്റെ കല്‍പനാശക്തികൊണ്ടും ഭാഷണശക്തികൊണ്ടും പുതിയൊരു ഗേഹം പണിയുന്നുണ്ട്. അതാണ് ബഷീറിനെ മലയാളസാഹിതിയിലെ ഇമ്മിണി ബല്യ ഒന്നാക്കി നിലനിറുത്തുന്നത്.
ഓല മേഞ്ഞ ചെറിയ രണ്ടുമുറികള്‍. അടുക്കള. രണ്ടു വരാന്ത ഉള്ള വീട്ടില്‍ പത്തു വലിയവര്‍ (5 പുരുഷന്‍+5 സ്ത്രീ) എട്ടു കുട്ടികള്‍. അതുമാത്രമോ? ഇവരെ കൂടാതെയുണ്ട് സംഭവങ്ങള്‍. എവിടെ നിന്നോ വന്നു കയറിയ അഭയാര്‍ത്ഥികളായി പാര്‍ക്കുന്ന കുറെ അഭയാര്‍ത്ഥി പൂച്ചകള്‍, അവരെ പേടിച്ച് മച്ചമ്പുറത്ത് സദാ ഓടിനടക്കുന്ന കാക്കത്തൊള്ളായിരം എലികള്‍, വീട് ഭരിക്കുന്നവരായ പത്തുനൂറു കോഴികള്‍, അവരുടെ എണ്ണമില്ലാത്ത കുഞ്ഞുങ്ങള്‍.’ യാതൊരു കൂസലും കാണിക്കാതെ ഞാനാണ് ഇവിടത്തെ അവകാശി എന്ന മട്ടില്‍ എത്തുന്ന കാക്കകള്‍. ഇതുകൂടാതെ അജസുന്ദരികള്‍. ബൈബിളിലെ നോഹയുടെ പെട്ടകത്തെ ഓര്‍മ്മിപ്പിക്കുന്ന ഒരു വീട് എന്നു പറഞ്ഞാല്‍, അതിന്റെ അവസ്ഥ ഭാവന ചെയ്യാലോ? പക്ഷേ, ഇവിടെ എല്ലാവരും തന്‍കാര്യം നോക്കികളുടെ ലോകത്താണ് അധികനേരവും വിഹരിക്കുന്നത്. കുടുംബചെലവ് നടത്തുന്നവരും വല്യക്കാക്കയും ഒക്കെയുമുണ്ട്. വല്യക്കാക്കയും അമ്മയും എല്ലാതരക്കാരെയും ചേര്‍ത്തുപിടിക്കുന്നതിനുള്ള യജ്ഞത്തിലാണ് എപ്പോഴും എന്നറിയുക. അതില്‍ വല്യക്കാക്ക 15 കൊല്ലമായി വന്നും പോയുമിരിക്കുന്ന സാഹിത്യകാരനാണ്.
ഇക്കഥ വീട്ടിലെ സത്യകഥയാണെന്ന് ബഷീര്‍ പുസ്തകത്തില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം എല്ലാവരെയും സ്വാതന്ത്ര്യത്തിന്റെ ജീവിതപന്ഥാവിലൂടെ ആവിഷ്‌കരിക്കുന്നു. കുറ്റവും കുറവും, തന്‍കാര്യ വ്യഗ്രതയും ഉണ്ടെങ്കിലും എല്ലാ കഥാപാത്രങ്ങളും നന്മയും, ആര്‍ദ്രതയും, കുടുംബമര്യാദകളും ഒക്കെയുള്ളവരാണ്. ആടും, കാക്കയും, പൂച്ചയുമെല്ലാം മനുഷ്യരേക്കാള്‍, കുടുംബാംഗങ്ങളേക്കാള്‍ കൂടുതല്‍ സ്വതന്ത്രമായവിടെ വിഹരിക്കുന്നുണ്ട്.
വഴിയേ പോകുന്ന പെണ്‍കുട്ടികള്‍ തന്നെ നോക്കി പോകുകയാണെന്ന ചിന്തയാണ് ബഷീറിന്. എന്നാല്‍ വസ്തുത വെളിപ്പെടുത്തുമ്പോള്‍ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. ഇവിടെ ബഷീര്‍ തന്നെത്തന്നെ നോക്കി പരിഹസിക്കുകയാണെന്ന് തിരിച്ചറിയുന്നു. തന്നിലെഅല്പത്തത്തെ വിമര്‍ശനവിധേയമാക്കുകയാണ് അദ്ദേഹം. അവര്‍ പറമ്പിലെ ചാമ്പയ്ക്ക നോക്കിയാണ് കണ്ണോട്ടം നടത്തിയിരുന്നതെന്ന് ബഷീര്‍ വളരെ വൈകി തിരിച്ചറിയുന്നുണ്ട്. ബഷീറിന്റെ ശുണ്ഠിയും അവിടെ വെളിവാക്കപ്പെടുന്നുണ്ട്.
മനുഷ്യരാരും അപ്രമാദികളല്ലെന്നും, എല്ലാവരും ജീവിതപ്രാരാബ്ധങ്ങളുമായി ഏറ്റുമുട്ടുന്നുണ്ടെന്നും, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള തത്രപ്പാടുകള്‍ക്കിടയില്‍ കുടുംബബന്ധങ്ങളില്‍നിന്നുവരുന്ന കലഹങ്ങള്‍ സ്വാഭാവികമാണെന്നും, അവയെയെല്ലാം വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യങ്ങളോട് പൊരുത്തപ്പെടുത്തിക്കാണണമെന്നും വല്യക്കാക്ക/ബഷീര്‍ എല്ലാവരെയും പഠിപ്പിക്കുകയാണ്.
ഒരര്‍ത്ഥത്തില്‍ ‘പാത്തുമ്മയുടെ ആട്’ ഇത്തരം ദരിദ്ര കുടുംബത്തിലെ ധനകാര്യമാനേജ്‌മെന്റിന്റെ സാഹിതീയാവിഷ്‌കാരമാണ്. മിതവിലയ്ക്കാണ് ഉമ്മയുടെയും കുട്ടികളുടെയും ചാമ്പയ്ക്ക കച്ചവടം. സരസവും സരളവുമായ ഒരാഖ്യാനം. ജീവിതപ്രാരാബ്ധങ്ങള്‍ക്കിടയില്‍ ആരോഗ്യകരവും സാംസ്‌കാരികവുമായ ജീവിതം നഷ്ടപ്പെടുന്നത് സ്ത്രീകള്‍ക്കാണെന്ന് നോവല്‍ വിസ്തരിച്ചിട്ടുണ്ട്. സ്ത്രീകള്‍ ആരും നേരാംവണ്ണം ചോറുണ്ണാറില്ല. പണിയെടുത്തും വീടിനെപറ്റി ചിന്തിച്ചും മുതുകൊടിയുന്നവര്‍ സ്ത്രീകള്‍ ആണ്. ആണുങ്ങള്‍ ഉണ്ണാന്‍ സമയത്തേ വരൂ. ഇന്നത്തെ ലോകത്ത് ഇതില്‍ എത്രമാത്രം മാറ്റം വന്നിട്ടുണ്ട്?
നാട്ടുജീവിതത്തിന്റെ സ്‌നേഹമസൃണമായ സംഭവങ്ങളുടെയും വ്യവഹാരങ്ങളുടെയും വിവരണം ഇതിലുണ്ട്. ബഷീര്‍ ഒരുപാട് ഉമ്മമാരുടെയും അമ്മമാരുടെയും മുലപ്പാല്‍ കുടിച്ചാണ് വളര്‍ന്നത്. മുസ്ലിം സമുദായത്തിലെ അമ്മമാര്‍ മാത്രമല്ല ബഷീറിനെ ഊട്ടിയത്. അതായത് അമ്മമാര്‍ക്ക് എല്ലാ മക്കളും ഒന്നുപോലെയാണ്. മാനവികമായ ജീവിതത്തിന്റെ ഇത്തരം ദൃശ്യങ്ങള്‍ ഉണ്ടാക്കുന്ന സംവേദനം ഉത്തമകലയുടേതാണ്.
ഗാന്ധിയും ബഷീറും മൗലികതയുള്ള ഇന്ത്യന്‍ ദാര്‍ശനികര്‍ എന്ന കൃതിയില്‍ (കെ. അരവിന്ദാക്ഷനും, കെ.പി. ശങ്കരനും ചേര്‍ന്നുള്ള സംഭാഷണം) ബഷീറിന്റെ ആത്മീയത എന്താണെന്ന് ശങ്കരന്‍ വ്യക്തമാക്കുന്നുണ്ട്. ”ബഷീറിന്റെ ആത്മീയത, ബുദ്ധന്റെയും, ഗാന്ധിയുടെയും, സോക്രട്ടീസിന്റെയും ആത്മീയത തന്നെയാണ്. അഹം കേന്ദ്രീകൃതസ്വഭാവം കുറച്ചുകൊണ്ടു വരുമ്പോള്‍ ഉണ്ടാകുന്ന അനുകമ്പ, ദയ, കരുണ, മറ്റു മനുഷ്യരുള്‍പ്പെടെയുള്ള എല്ലാ ജീവജാലങ്ങളോടും തോന്നുന്ന താല്‍പര്യം.” ഈ ഫിലോസഫി പ്രൊഫസറുടെ ബഷീര്‍ പുനര്‍വായന തുടക്കം വളരെ കൗതുകകരമാണ്. യാദൃശ്ചികമായി ഉണ്ടായ ചില പ്രശ്‌നങ്ങളോടുള്ള പ്രതികരണം ആണ് അദ്ദേഹത്തിലെ ബഷീര്‍ വായനയുടെ, ചാരം മൂടിയ കനലുകളെ പുറത്തെടുക്കുന്നത്. ഇവിടെ ഈ വാക്യങ്ങള്‍ പര്യാലോചനാവിധേയമാക്കുന്നതിന്റെ വസ്തുത ‘പാത്തുമ്മയുടെ ആട്’ എന്ന കൃതിയുടെ പുനര്‍വായന തന്നെയാണ്.
എം.ടി. വാസുദേവന്‍നായര്‍ക്ക് ഗുരു ആയിരുന്നല്ലോ ബഷീര്‍. അദ്ദേഹം ‘അനുരാഗത്തിന്റെ ദിനങ്ങള്‍’ എന്ന സുദീര്‍ഘമായ ലേഖനത്തില്‍ ഇങ്ങനെ പരാമര്‍ശിച്ചിട്ടുണ്ട്; ”ബഷീറിന്റെ കഥാപാത്രങ്ങള്‍ എന്റെ സ്വകാര്യലോകത്തില്‍ തൊടാവുന്ന അകലത്തില്‍ നില്‍ക്കുന്ന അംഗങ്ങളായി മാറിക്കഴിഞ്ഞിരുന്നു…. പിന്നെ പാത്തുമ്മയുടെ ആട് വന്നപ്പോള്‍ ചാമ്പയ്ക്ക പെറുക്കാന്‍ വന്ന പെണ്ണുങ്ങളോട് കിന്നാരം പറയുന്ന കഷണ്ടി ബഷീറിനോട് കഠിനമായ അസൂയ. പിന്നെ ഉമ്മ എന്ന വലിയ കഥാപാത്രം. ഏക്കവും, പക്കവും നോക്കി, ഇരുചെവിയറിയാതെ രൂപ തന്നാല്‍ മതിയെന്നു പറയുന്ന ഉമ്മ. എന്തൊരു അത്ഭുതചൈതന്യം നിറഞ്ഞ സത്യമാണ്! വെറും സാധാരണ സത്യം. പക്ഷേ, എന്തൊരു മനുഷ്യാവബോധം! എന്നും ചോറുമായി തകരവിളക്കും കത്തിച്ചുവെച്ച് രാത്രിയില്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മകന്‍ വന്നെങ്കിലോ എന്നു കരുതി കാത്തിരിക്കുന്ന അമ്മ തന്നെയാണ് ഈ ഉമ്മയും. അവര്‍ തന്റെ ചുണ്ടില്‍ മന്ദഹാസവും അകത്ത് വിതുമ്പലും ഉയര്‍ത്തുന്നു.
ബഷീര്‍ ഉപയോഗപ്പെടുത്തിയ ജീവിതസന്ധികള്‍ അതിസാധാരണമാണ്. അതിലോലവും സാധാരണവുമായ ജീവിതസന്ധികളില്‍നിന്ന് മനുഷ്യന്റെ അഗാധസങ്കീര്‍ണ്ണതകളെ, ഒന്നുമറിയാത്ത നിഷ്‌കളങ്കഭാവത്തില്‍ അനാവരണം ചെയ്യുന്നു, കഥ പറയാനറിയുന്ന ഈ കഥാകാരന്‍. ഞങ്ങളില്‍ പലരും കഥ എഴുതാന്‍ പാടുപെടുമ്പോള്‍ ബഷീര്‍ അനായാസമായി കഥ പറയുന്നു”
”എന്റെ മരുപറമ്പില്‍ തണലും തണുപ്പും സുഗന്ധവും ഇത്തിരിവട്ടത്തില്‍ തരുന്ന ഈ പൂമരം മുളപ്പിച്ച കാലത്തിന്റെ ഉര്‍വരതയ്ക്ക്” എന്നു പറഞ്ഞാണ് ബഷീറിനെപറ്റിയുള്ള ഈയെഴുത്ത് എം.ടി. ഉപസംഹരിച്ചിട്ടുള്ളത്.
പാത്തുമ്മയുടെ ആട് എന്ന നോവല്‍, സാമ്പ്രദായികമായ ജീവിതാവബോധത്തെ, വെല്ലുവിളിക്കുകയും, സാഹിത്യകാരനിലെ ദുഷ്പ്രഭാവങ്ങളെ ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നു. നിസ്സാരമായ ജീവിതസന്ദര്‍ഭങ്ങള്‍ അതിന്റെ സ്വാഭാവികമായ ഭാവനകളോടെയും ഭാഷയോടെയും സൃഷ്ടിക്കുമ്പോഴും ബഷീറിന്റെ ദാര്‍ശനികമായ അപാരത അവിടെ പതിയുന്നുണ്ട്. അപ്പോഴാണ് അതിന്റെ വായന അസാധാരണമായ അനുഭൂതികളിലേക്ക് നയിക്കുന്നത്. സഹവര്‍ത്തിത്തം എന്നത് ഇന്നൊരു ചെറിയ കാര്യമല്ല. കുടുംബം എന്ന യാഥാര്‍ത്ഥ്യം തകര്‍ന്നുവീഴുന്ന കാലത്ത് മാനവികമായ നോട്ടം അതിലേക്ക് പായിക്കാന്‍ പാത്തുമ്മയുടെ ആട് സഹായകമാണ്.
*****
No Comments yet!