Skip to main content

ഇരീച്ചാല്‍ കാപ്പ്

 

ഓരോ നോവലിന്റെ വായന നടക്കുമ്പോഴും വായനക്കാരന്റെ ഉള്ളിൽ ഒരു നോവൽ രചന നടക്കുന്നുണ്ട്. അത്കൊണ്ടു തന്നെയാണ്. ഒരു നോവലിന് പല വായനകളുണ്ട് എന്ന് പറയുന്നത്. വായിച്ച നോവൽ തന്നെ രണ്ടാമത് വായിക്കുമ്പോഴും വായനക്കാരൻ വ്യത്യസ്തമായ അനുഭവത്തിലെത്താറുണ്ട്. ‘ഇരീച്ചാൽ കാപ്പ്’ എന്ന നോവൽ കയ്യിൽ കിട്ടിയിട്ട് കുറച്ചുനാളായി അതിന്റെ വായന നീണ്ടുപോയെന്ന് മാത്രം. നോവൽ വായിച്ച് കഴിഞ്ഞപ്പോൾ വല്ലാത്ത ഒരനുഭവമായി നോവൽ മനസ്സിൽ ആഴ്ന്നിറങ്ങി.
റൂമി എന്ന 20 കൊല്ലകാലത്തെ പത്രപ്രവർത്തനം ഉപേക്ഷിച്ച് ഇരീച്ചാൽ കാപ്പിലെയും അതിന് ചുറ്റുപാടുമുള്ള പ്രകൃതിയുടെയും മനുഷ്യരുടെയും ജീവിതത്തെ നോവലാക്കാൻ ശ്രമിക്കുന്നു.

ഓരോ സ്ഥലനാമത്തിന്റെ പിന്നിലും ഒരുകഥയുണ്ട്. സുയിപ്പൻ തൊടി എന്ന സ്ഥലം. പണ്ടവിടെയൊരു സായിപ്പ് മരിച്ചിട്ടുണ്ട്. അങ്ങിനെ ആ സ്ഥലത്തിന് സായിപ്പിൽതറ എന്ന പേര് വന്നു പിന്നീടത് സുയിപ്പൻതറ കാലക്രമത്തിൽ അത് സുയിപ്പൻതൊടിയായി. ഇരീച്ചാൽ കാപ്പിലെയും പരിസരപ്രദേശത്തെയും ഓരോ മനുഷ്യനും ഒരുകഥയാണ്. കഥപറയുന്ന മനുഷ്യർ വേറേയുമുണ്ട്. ഒരു മനുഷ്യൻ അവന്റെ കഥകൾ പറയാൻ തുടങ്ങിയാൽ ഒരായുസ് തികയില്ല. കഥകളും കെട്ടുകഥകളും കൊണ്ടാണല്ലോ മനുഷ്യവംശം ഇതുവരെ എത്തിയത്.

ഇരീച്ചാൽ കാപ്പിന് പരിസര പ്രദേശത്തെ കഥാകാരൻമാരെയും സ്വയംകഥകളായ മനുഷ്യരെയും നമുക്ക് നോക്കാം.

ആന്തൽ വാസു : ഇരീച്ചാൽ കാപ്പിലെ രാത്രികാവൽക്കാരനാണ്i ആന്തൽ വാസു. ഭ്രാന്തിനും വെളിവിനും ഇടയിലുള്ള നേർതോരു പാതയിലാണ് അയാളുടെ ജീവിതം. വെള്ളത്തെയും മഴയെയും ഇഷ്ടപ്പെടുന്നവൻ. ചെണ്ടകൊട്ട് എവിടെയുണ്ടോ അവിടെ വാസുവുണ്ട്. അസമയത്ത് പള്ളിക്കാടിലും ഖബറിടങ്ങളിലും അമ്പലപറമ്പിലും വയൽ വരമ്പിലുമൊക്കെ ശബ്ദമില്ലാതെ വീശിയടിച്ചു.ഖബറിടങ്ങളിരുന്നു മരിച്ചവരോട് സംസാരിച്ചതായി ചിലർ പറയുന്നു.

മീൻക്കാരൻ അയ്മൊട്ടി : ഇരീച്ചാൽ കാപ്പിനടുത്ത് അമ്പലകണ്ടിയിലാണ് താമസിക്കുന്നത്. ചെറുപ്പം വലിയ ദാരിദ്രത്തിലായിരുന്നു. ഉമ്മ പശുവിനെ കറന്നും പല വീടുകളിലും പണിയെടുത്തും അവിടെ നിന്ന് കിട്ടുന്ന പല രുചിയുള്ള ഭക്ഷണം കഴിച്ചുമാണ് വളർന്നത്. ഉമ്മ നല്ല വായനക്കാരിയിയാണ്. ആ ശീലം അയ്മുട്ടിക്കുമുണ്ട്. അയ്മുട്ടിയുടെ മീനിനായി സ്ഥിരക്കാരും പൂച്ചുകളും കാത്തിരിക്കും. മീൻ കയ്യിൽ കിട്ടിയാൽ ഏറ്റവും നല്ല മീൻ ജാനകിക്കായി മാറ്റിവെക്കും. ജാനകിയും അയ്മുട്ടിയും തീവ്രപ്രണയത്തിലാണ്.അതവർ പരസ്പരം പറഞ്ഞിട്ടിലെന്ന് മാത്രം. അയ്മുട്ടിയുടെ പെരകെട്ടിന് നാട്ടുക്കാരെല്ലാം സഹായിക്കും. ജാനകിയാണന്ന് അയ്മുട്ടിക്കാവശ്യമായ വെള്ളവും ചായയുമൊക്കെ കൊണ്ട്കൊടുക്കുക. രണ്ട് പേരും വിവാഹം കഴിച്ചിട്ടുമില്ല.

ഉക്കാരൻ കഥ പറച്ചിലുക്കാരൻ : അച്ഛൻ വളയം പറമ്പിൽ വേലായുധൻ. തോണിക്കാരൻ-കമ്മ്യൂണിസ്റ്റായിരുന്നു. ശ്രീനാരയണഗുരുവിന്റെ ആശയങ്ങളോട് വലിയ താല്പര്യമായിരുന്നു. ജാതിവ്യവസ്ഥയെയും അനാചാരങ്ങളെയും ശക്തമായി എതിർത്തു. 1928 ഗുരു മരിച്ച ദിവസം വേലായുധൻ തന്റെ തോണിയിൽ ആരെയും കയറ്റാതെ ഗുളിഗപുഴയിലൂടെ ലക്ക്യമില്ലാതെ തുഴഞ്ഞു. അക്കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളെ ആ പരിസരത്ത് ഒളിസങ്കേതങ്ങളിലെത്തിച്ചിരുന്നത് വേലായുധനും ഹസ്സൻകുട്ടി എന്ന സഖാവുമായിരുന്നു. മകൻ ഉക്കാരന് തോണിയും ജീവിതവും തുഴയാമെന്നായപ്പോഴാണ് വേലായുധൻ വിശ്രമജീവിതം നയിക്കാൻ തീരുമാനിച്ചത്. തന്റെ ഓർമ്മകൾ നഷ്ടപ്പെടുന്നത് വരെ വേലായുധൻ പാർട്ടി പ്രവർത്തനം നടത്തി. തന്റെ ദുർബലമായ ഓർമ്മകൾ സഖാക്കളെ വഴിതെറ്റിക്കുമോ എന്ന പേടി ഉള്ളിൽ നിറഞ്ഞതോടെ വേലായുധൻ സ്വയം എല്ലാറ്റിൽ നിന്നും പിന്മാറി.

ഓർമ്മകളെ ആളികത്തിച്ച് കൊണ്ടേ പുതിയവഴി വെട്ടാൻ കഴിയുകയൊള്ളു. പോയകാലത്തിന്റെയും ഓർമ്മകളുടെയും ഊക്കിലാണ് മനുഷ്യനും സംഘടനക്കും സമരത്തിനും വിജയം നേടാൻ കഴിയൂ. സഖാവ് വേലായുധന്റെ ഓർമ്മകളിൽ നിന്നും അവസാനമായി പടിയിറങ്ങിയത് ഹസ്സൻകുട്ടിയും തോണിയുമായിരുന്നു. ഉക്കാരൻ തോണികുത്തിയിരുന്നത് കഥകളുടെ കൂടി ബലത്തിലായിരുന്നു. കഥകളില്ലാതെ അയാൾക്ക് ജീവിതമില്ല. കണ്ടതുംകേട്ടതും അനുഭവിച്ചതുമായ കാര്യങ്ങളെ കഥകളാക്കി പരിവർത്തിക്കാൻ ഉക്കാരന് എളുപ്പമായിരുന്നു. അയാളുടെ പ്രഭാതങ്ങളിലും രാത്രികളിലും വഴികളിലും കഥകൾ കാത്തിരുന്നു. ചാത്തഞ്ചേരിത്താഴെ കൈപറമ്പിൽ തെയ്യോന്റെ വീട്ടിൽ നടന്ന മിശ്രഭോജനത്തെക്കുറിച്ചും ആവളയിൽ നടന്ന കുടികിടപ്പ് സമരവും ഉക്കാരൻ വിവരിക്കും. ഉക്കാരന്റെ നാവിൽ നിന്നും വാക്കുകൾ പൂക്കളായും കിളികളായും ആകാശത്തേക്ക് പറന്നു. പറയാത്ത കഥകൾ ക്ലാവ് പിടിക്കുന്നു. കേൾക്കാനാളില്ലാതായാൽ കഥകൾക്ക് പൊരുൾ നഷ്ടപ്പെടും. അതിനാൽ ഉക്കാരൻ തൻറെ മനസ്സിലെ കഥകളുടെ വൻമരത്തെ പിന്നെയും പിന്നെയും വളർത്തി.

എസ്. പുഴയ്ക്കൽ : ആൾകൂട്ടത്തിൽ ഒറ്റയ്ക്ക് നടന്നിരുന്ന ആളായിരുന്നു പുഴയ്ക്കൽ. ലോകത്തെവിടെ നടക്കുന്ന മനുഷ്യവകാശ ലംഘനങ്ങൾക്കെതിരെയും അയാളുടെ അക്ഷരങ്ങളെ ജ്വലിപ്പിച്ചിട്ടുണ്ട്.
സാറ മൻസിലിലെ കൊലപാതകം : ഇരീച്ചാൽ കാപ്പിന്റെ ഓരത്താണ് സാറമൻസിൽ നാടിനാകെ സ്നേഹവും സൗഹൃദവും കാരുണ്യവും പകർന്ന് നൽകിയ വീട്. എന്നിട്ടും ആ വീട്ടിൽ കൂട്ടുകൊല നടന്നു. 4 പേർ കൊല ചെയ്യപ്പെട്ടു. ലൈലയും സിറാത്തും അവരുടെ ഉപ്പ അസൈനാരും ഉമ്മ ബിയ്യുമ്മയുമാണ് കൊല്ലപ്പെട്ടത്. കേസിൽ അമീർ അറസ്റ്റ് ചെയ്യപ്പെട്ടു. ആവളയിലെ കോമത്ത്തറവാട്ടിൽ ഇഎംഎസ് ഒളിവിൽ താമസിക്കാൻ വന്നത് അറിയാവുന്ന ഒരാളായിരുന്നു ബിയ്യാത്തുമ്മയുടെ ഉപ്പ. ഒരേ സമയം വിശ്വാസിയും കമ്മ്യൂണിസ്റ്റുമായിരുന്നു അയാൾ. മരിച്ചപ്പോൾ പെട്ടിയിൽ നിന്നു കിട്ടിയ ഖുറാനിൽ അടയാളമായി വെച്ചിരുന്നത് എകെജിയുടെ ഫോട്ടോയാണ്.

മൂക്കുത്തി : സുയിപ്പൻതൊടിയിൽ ആദ്യമായി മൂക്കുകുത്തിയത് അവളാണ്. കറത്തിരുണ്ട് അതീവസുന്ദരിയായിരുന്നു അവൾ. എപ്പോഴോ അവൾ നാടിന്റെ കാമുകിയായി. നാടിന്റെ രഹസ്യവും സൂക്ഷിപ്പുക്കാരിയും അവളാണ്. ഭൂമിയിൽ ആരെ വിശ്വസിക്കാൻ കൊള്ളില്ലെങ്കിലും മുക്കുത്തിയെ വിശ്വസിക്കാമെന്ന് ആ നാട് അനുഭവത്തിൽ നിന്നും അറിഞ്ഞിട്ടുണ്ട്. പക്രനുമായി അവൾ അഗാധമായ പ്രണയത്തിലാണ് ചന്ത ദിവസങ്ങളിൽ അയാൾക്കായി മാത്രം അവൾ അണിഞ്ഞൊരുങ്ങും. അവളുടെ പ്രാർത്ഥന മനുഷ്യർക്ക് വേണ്ടി മാത്രമല്ല. ഇരീച്ചാൽ കാപ്പും വയല ബ്രോൽകുന്നും വെയിലും മഴയും ഒക്കെ അതിലുൾപ്പെട്ടിരുന്നു. മറ്റുള്ളവരുടെ സങ്കടം ദൈവത്തിനോട് പറയുമ്പോൾ സ്വന്തം വേദനകൾകൂടി അതിനൊപ്പം ചേരുമെന്നാണ് മൂക്കുത്തിയുടെ വിശ്വാസം. ഒരാൾകെട്ടിപിടിക്കുമ്പോഴാണ് മനുഷ്യരും മൃഗങ്ങളുമെല്ലാം ഭാഗ്യംചെയ്തവരാകുന്നത്. ദൈവവും മനുഷ്യരും മിണ്ടുന്ന ഒച്ചയാണ് ഹൃദയമിടിപ്പെന്ന് മൂക്കുത്തി വിശ്വസിച്ചു. മുക്കുത്തി ഒരു രഹസ്യവും ആരോടും പറഞ്ഞില്ല. അവൾ ഒളിപ്പിച്ച് വെച്ച രഹസ്യങ്ങളുടെ ഗുഹയുടെ പുറത്തായിരുന്നു നാട്ടിലെ ഒട്ടുമിക്ക മനുഷ്യരും തലയുയർത്തി നടന്നിരുന്നത്. താഹിറക്ക് വേണ്ടിയും അമീറിന് വേണ്ടിയും അവൾ കരഞ്ഞു. അവളുടെ അമ്മ മാണിക്ക്യം സാറമൻസിലിലെ ബീയ്യാത്തുമ്മാക്ക് മുലപ്പാൽ ഇല്ലാത്തപ്പോൾ സിറാത്തിന് മുലപ്പാൽ കൊടുത്തിട്ടുണ്ട്. സ്നേഹത്തിന്റെ സൗഹൃദത്തിന്റെ ചേർത്ത് നിർത്തലിന്റെ ഒരു വലിയമനസ്സ് മൂക്കുത്തിക്കുണ്ടായിരുന്നു.

പക്രൻ: പള്ളിപറമ്പിനോട് ചേർന്നാണ് പക്രന്റെ വീട്. 3 കെട്ടിയെങ്കിലും ഒന്നും പക്രന്റെ ജീവിതകാഴ്ചപ്പാടുകളോട് ഒത്തുപോയില്ല. പലതരം കഥകളുടെ കൂടാരമായിരുന്നു പക്രൻ. പള്ളിക്കാടിൽ നിന്നും പഴയ നാട്ടുകാരണവർ സംബന്ധക്കാരിയെ കാണാൻ എല്ലാ വെള്ളിയാഴ്ചയും കബർ തുറന്ന് പോകുന്നത്? മുൻകർ-നക്കീർ ചോദ്യംചെയ്യൽ -അടിയും കുത്തും കരച്ചിലും കാരണം ഉറങ്ങാൻ കഴിഞ്ഞില്ല? 4 ഹജ്ജ് യൂസഫ്ഹാജിയുടെ ഖബർ ഇടുങ്ങിപോയി. നട്ടെല്ല പൊട്ടുന്ന ശബ്ദംകേട്ടു. മറ്റാരും പറയാൻ മടിച്ചിരുന്ന പശ്ചാതലമായിരുന്നു പക്രന്റെ കഥാഭൂമിക. കഥകളുടെ കൊടുങ്കാട് കരളിൽ സൂക്ഷിച്ച പക്രൻ മരിച്ചിട്ടും നാട്ടുകാർ അയാളെ “കഥയില്ലാത്തവൻ”എന്ന് വിളിച്ചു.

മനുഷ്യനും പ്രകൃതിയും ഇഴചേർന്ന് പോകുന്ന ഒരു രീതിയിലാണ് നോവൽ എഴുതിയിട്ടുള്ളത്. ഒരു ഗ്രാമീണമായ വിശുദ്ധിയും കരുതലും ഈ നോവലിനുണ്ട്. മതനിരപേക്ഷതയും മാനവികതയും ഗ്രാമത്തിന്റെ നിഷ്കളങ്കതയും അനീതികളോടുളള ചെറുത്ത് നിൽപ്പും ഒട്ടും കൃത്രിമത്തം ഇല്ലാതെ തന്നെ നമുക്ക് അനുഭവപ്പെടുന്നുണ്ട്. സ്നേഹത്തിന്റെ ഒരു തലോടൽ. കാരുണ്യത്തിന്റെ ഉറവകൾ.ചേർന്ന് നിൽക്കലിന്റെയും ചേർത്ത് നിർത്തലിന്റെയും കരുത്ത് നമ്മൾ അനുഭവിക്കുന്നുണ്ട്.
പൂർണ്ണത എന്ന വാക്കിനോളം അപൂർണ്ണമായ ഒന്നും ലോകത്തില്ല. ഓരോ മനുഷ്യനും ആഗ്രഹങ്ങൾ പാതിയിൽ നിർത്തിയാണ്.ജീവിതത്തിൽ നിന്നും പടിയിറങ്ങുന്നത്. ഒരുപാട് ചോദ്യങ്ങൾ ബാക്കി വെച്ചാണ് ഈ നോവൽ അവസാനിക്കുന്നത്? അത്കൂടിയാണ് “ഇരീച്ചാൽ കാപ്പിന്റെ” സൗന്ദര്യം. ഷംസുദ്ദീൻ കൂട്ടോത്തിൻറെ ആദ്യനോവലാണ് ഇരീച്ചാൽകാപ്പ്.

 

 

*******

 

 

No Comments yet!

Your Email address will not be published.