കേരളത്തില്‍ എല്ലാ ദിവസവും കൊലപാതകങ്ങള്‍ നടക്കുന്നുണ്ട്. മിക്ക ദിവസങ്ങളിലും ഒന്നില്‍ കൂടുതലും നടക്കുന്നുണ്ട്. ആളുകളെ ആക്രമിക്കുക കൊല്ലുക എന്നതൊക്കെ ‘’പ്രശ്നപരിഹാര മാര്‍ഗ്ഗങ്ങള്‍ ‘’ ആയി മലയാളി സമൂഹം അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് വേണം കരുതാന്‍. ഏറ്റവും ഒടുവില്‍ ഉണ്ടായ വെഞ്ഞാറമ്മൂട് കൊലപാതക പരമ്പരയില്‍ പോലും ആളുകള്‍ കൊല്ലപ്പെട്ടു എന്നതിനേക്കാള്‍ ‘’എന്തിന് കൊന്നു ‘’ എന്നതിനെ പറ്റിയാണ് മാധ്യമങ്ങളും പൊതുജനവും വേവലാതിപ്പെട്ടത്. അതായത് കൊലപാതകം എന്നത് ഇന്ന് സമൂഹത്തെ അസ്വസ്ഥത പെടുത്തുന്ന ഒന്നല്ലാതെ ആയി മാറിയിട്ടുണ്ടോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. വായനക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റണമെങ്കില്‍ കൊന്നാല്‍ മാത്രം പോരാ കൊലപാതകത്തില്‍ ‘’പുതുമ‘’ ഉണ്ടാവണം എന്നതിലേക്ക് മലയാളി മനസ്സ് എത്തിയിരിക്കുന്നു എന്ന് ഏതാണ്ട് ഉറപ്പിക്കാം എന്ന് തോന്നുന്നു. ഇവിടെയാണ് സാദാ ഡിഷൂം ഡിഷൂം കാണിച്ചാല്‍ മലയാളിയുടെ വയലന്‍സിനോടുള്ള സംവേദനക്ഷമതയെ ഉണര്‍ത്താന്‍ കഴിയില്ല എന്ന തിരിച്ചറിവില്‍ ആകും ഭീകരമായ അക്രമങ്ങളെ മഹത്വവല്‍ക്കരിക്കുന്ന സിനിമകള്‍ ഉണ്ടാകുന്നത്. സ്ക്രീന്‍ വയലന്‍സ് കണ്ട് കയ്യടിക്കുന്ന, അതും തീയേറ്ററില്‍ എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്ന കാണികള്‍ക്ക് മുന്‍പില്‍ ഇനി എന്ത് തരം വയലന്‍സ് കാണിക്കും എന്ന് ശങ്കിച്ച് മലയാള സിനിമാ സംവിധായകര്‍ നില്‍ക്കുന്ന സമയത്താണ് സിനിമയിലെ വയലന്‍സ് സമൂഹത്തെ സാംസ്കാരികമായി ദുഷിപ്പിക്കുമോ എന്ന ഒരന്വേഷണം നടത്തുന്നത്.
വയലന്‍സിനെ ആഘോഷിച്ച മാര്‍ക്കോ പോലുള്ള സിനിമകള്‍ കാഴ്ചക്കാരുടെ മാനസീക നില തെറ്റിക്കുന്നു എന്ന വാദം ശരിയാണോ എന്ന് നോക്കാം. മലയാളികള്‍ ഏറ്റവും കൂടുതല്‍ കരഞ്ഞുകൊണ്ട് ആഘോഷിച്ച സിനിമയാണ് ആകാശദൂത്. ആ സിനിമയുടെ അവസാനം അംഗപരിമിതന്‍ ആയ റോണിയെന്ന കുട്ടിയെ മറ്റൊരു കുടുംബം ദത്തെടുക്കാന്‍ തയ്യാറാകുകയാണ്. മലയാളി ആഘോഷിച്ച ഈ സിനിമ കണ്ടിട്ട് ഏതെങ്കിലും മലയാളികള്‍ അനാഥാലയത്തില്‍ നിന്നും അംഗപരിമിതര്‍ ആയ കുട്ടികളെ ദത്തെടുക്കുകയുണ്ടായോ. ദത്തെടുക്കുന്ന കുട്ടികളില്‍ നിറം കുറഞ്ഞവരെയും ഒറ്റ നോട്ടത്തില്‍ തന്നെ ജാതിയില്‍ കുറഞ്ഞവര്‍ എന്ന് കരുതപ്പെടുന്നവരേയും ആര്‍ക്കും വേണ്ട. അംഗ പരിമിതരെ സ്വീകരിക്കുന്നവരും എണ്ണത്തില്‍ കുറവേ ഉണ്ടാകൂ. ആകാശദൂത് പോലുള്ള സിനിമകള്‍ ഉണ്ടായതുകൊണ്ട് മാത്രം കേരളത്തില്‍ ദത്തെടുക്കല്‍ കൂടിയെന്നോ അതില്‍ തന്നെ അംഗപരിമിതരെ ദത്തെടുക്കുന്നവരുടെ എണ്ണം കൂടിയെന്നോ പറയാന്‍ നമ്മുടെ കയ്യില്‍ തെളിവുകള്‍ ഒന്നുമില്ല. സിനിമകള്‍ കണ്ടതുകൊണ്ടു മാത്രംആളുകള്‍ മാന്യരും നല്ലവരും കൊല്ലാത്തവരും മോഷ്ടിക്കാത്തവരും ബലാല്‍ക്കാരം ചെയ്യാത്തവരും ആകും എന്നുറപ്പൊന്നുമില്ല എന്ന് ഞാന്‍ പറഞ്ഞാല്‍ അതിനെ സമ്പൂര്‍ണ്ണമായി തള്ളിക്കളയാന്‍ ആരുടെ കയ്യിലും വ്യക്തമായ തെളിവുകള്‍ ഒന്നുമില്ല. ആളുകളെ നല്ലവര്‍ ആക്കാന്‍ മാത്രം ശക്തിയൊന്നും സിനിമയ്ക്ക് ഇല്ല എന്നതിന്റെ മറുപുറം ആണ് വയലന്‍സ് ആഘോഷിക്കുന്ന മാര്‍ക്കോ പോലുള്ള ഒരു സിനിമയ്ക്ക് ആളുകളില്‍ വന്യത നിറയ്ക്കാനുള്ള കഴിവും ഇല്ലെന്നുള്ളത്. കേരളത്തില്‍ അടുത്ത കാലത്തായി കൂടിക്കൂടി വരുന്ന കൊലപാതക പരമ്പരകളുടെ എല്ലാം കാരണമായി പറയുന്നത് ‘’ലഹരിയുടെ അമിത ഉപയോഗം ‘’ എന്നാണ്. സിനിമകളിലെ വയലന്‍സ് ആണ് മറ്റൊരു കാരണമായി പറയുന്നത്. അമിത ലഹരിയുടെ ഉപയോഗം അല്ലെങ്കില്‍ ദൃശ്യമോ മാര്‍ക്കൊയോ പോലുള്ള സിനിമകള്‍ കണ്ടാണ് ആളുകള്‍ കൊലപാതകങ്ങള്‍ ചെയ്യുന്നത് എന്ന് പറയുന്നത് കേവലം ഉപരിപ്ലവമായ അഭിപ്രായങ്ങള്‍ മാത്രമായിട്ടേ ഞാന്‍ കരുതുന്നുള്ളൂ. ഒരു പ്രശ്നം ഉണ്ടാകുമ്പോള്‍ നമുക്കതിന് യുക്തിപരമായി സ്ഥാപിക്കാന്‍ പറ്റിയ കാരണം വേണം. എവിടെയും ഫിറ്റ് ചെയ്യാന്‍ പറ്റുന്ന കാരണങ്ങള്‍ ആണ് ലഹരിയും സിനിമയും. മലയാളിയുടെ വയലന്‍സ് കേവലം ലഹരിയുടെ ഉപയോഗം കൊണ്ടോ അല്ലെങ്കില്‍ സിനിമ കണ്ടതുകൊണ്ടോ ഉണ്ടാകുന്നതല്ല. വയലന്‍സ് ശുദ്ധ ശൂന്യതയില്‍ നിന്നും ഉണ്ടാകുന്ന ഒന്നല്ല. അതിന് കൃത്യമായ സാമൂഹ്യ സാംസ്‌കാരിക സാമ്പത്തിക രാഷ്ട്രീയ മനശാസ്ത്ര കാരണങ്ങള്‍ ഉണ്ട് എന്ന് കരുതി അവയെ അന്വേഷിക്കുന്നത് ആകും സമൂഹത്തിന് ഗുണം കിട്ടുന്നത്. ആളുകളുടെ വയലന്റ് ആയ പെരുമാറ്റ രീതികളെ പലതരത്തില്‍ മനശാസ്ത്രപരമായി വിശകലനം ചെയ്യാനുള്ള ഉദ്യമങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവയില്‍ ചിലതിനെ നമുക്കൊന്ന്‍ പരിശോധിക്കാം.
ആത്മഹത്യ ചെയ്യാനുള്ള വ്യക്തിയുടെ അടങ്ങാത്ത ചോദനകളെ മറ്റുള്ളവരെ വേദനിപ്പിച്ചുകൊണ്ടോ കൊന്നുകൊണ്ടോ മറികടക്കാന്‍ വ്യക്തികള്‍ ശ്രമിക്കുന്നതാണ് വയലന്‍സിന്റെ അടിസ്ഥാനമായി സിഗ്മണ്ട് ഫ്രോയ്ഡ് മുന്നോട്ട് വച്ചത്. മൃഗങ്ങളില്‍ അക്രമണാത്മകമായി പെരുമാറാനുള്ള ഒരാന്തര ത്വര ഉണ്ടെന്ന് നോബല്‍ സമ്മാന ജേതാവായ കൊണാര്‍ഡ് ലോറന്‍സും പറഞ്ഞിട്ടുണ്ട്. കൊല്ലാനും ആത്മഹത്യ ചെയ്യാനുമുള്ള അന്തരീക ത്വര എല്ലാവരിലും ഉണ്ടെന്നും അതുകൊണ്ട് തന്നെ മറ്റുള്ളവരോട് അങ്ങേയറ്റം വയലന്‍റ് ആയി പെരുമാറാനുള്ള ശേഷി എല്ലാവരിലും ഉണ്ടെന്ന്‍ ഫ്രോയ്ഡിനേയും ലോറന്‍സിനെയും ചേര്‍ത്ത് വച്ചാല്‍ നമുക്ക് അനുമാനിക്കാവുന്നതാണ്. വൈകാരികമായി വ്യക്തിയെ അസ്വസ്ഥതപ്പെടുത്തുന്ന സാഹചര്യങ്ങളിലൂടെ നിരന്തരം ഒരാള്‍ കടന്നുപോകുമ്പോള്‍ അയാളില്‍ ആത്മഹത്യ ചെയ്യാനും കൊലപാതകം ചെയ്യാനുമുള്ള ചോദനകള്‍ ഉടലെടുക്കുന്നു. എന്നാല്‍ കൊല്ലാനും ചാകാനുമുള്ള ത്വര അല്ലെങ്കില്‍ അക്രമവാസന എന്നതൊക്കെ കൃത്യമായി അളക്കാന്‍ കഴിയുന്നതല്ല എന്നതിനാല്‍ ഫ്രോയ്ഡിന്‍റെ സിദ്ധാന്തമൊക്കെ സിദ്ധാന്തം മാത്രമായി അവശേഷിച്ചു. എന്നാല്‍ കുറേക്കൂടി യുക്തിപരമായ വിശകലനത്തിന് സഹായകമായി വന്ന സിദ്ധാന്തമാണ് ആളുകള്‍ക്ക് ഉണ്ടാകുന്ന കടുത്ത നിരാശകള്‍ (Frustrations) ആണ് അവരെ ആത്മഹത്യയിലേക്കോ വയലന്‍സിലേക്കോ നയിക്കുന്നത് എന്നത്.
പഠന സിദ്ധാന്തങ്ങളിലൂടെ (Learning Theories) മനുഷ്യരിലെ വന്യതയെ വിശകലനം ചെയ്യാന്‍ ശാസ്ത്രജ്ഞര്‍ ശ്രമിച്ചിട്ടുണ്ട്. Conditioning theories of learning ന് മനുഷ്യരിലെ വന്യതയെ പൂര്‍ണ്ണമായി വിശദീകരിക്കാന്‍ കഴിഞ്ഞില്ല. മനുഷ്യര്‍ കാര്യങ്ങളെ കുറിച്ച് മനസ്സിലാക്കുന്നത് മറ്റുള്ളവരെ നിരീക്ഷിച്ചും അനുകരിച്ചും ആണെന്ന സിദ്ധാന്തം (Social Learning Theory and Social Cognitive Theory) സിനിമകള്‍ എങ്ങനെയാണ് വ്യക്തികളിലെ വന്യതയെ ഉത്തേജിപ്പിക്കുന്നത് എന്നതിന്‍റെ ഒരു വിശദീകരണം ആകുന്നു. ആളുകള്‍ സമൂഹവുമായി നിരന്തരം ഇടപഴകിക്കൊണ്ടാണ് മാനസീക ശാരീരിക വികാസം നേടുന്നത്. ഓരോ സാഹചര്യത്തിലും മറ്റുള്ളവര്‍ എങ്ങനെയാണ് പെരുമാറുന്നത് എന്നത് അതിന് സാക്ഷ്യം വഹിക്കുന്നവരെ സ്വാധീനിക്കാന്‍ ഇടയുണ്ട്. മറ്റുള്ളവര്‍ കൃത്യമായി പ്രയോഗിച്ചു വിജയിച്ച ഒരു കാര്യം അതേ സാഹചര്യത്തിലൂടെ കടന്നുപോകുന്ന മറ്റൊരു വ്യക്തി പ്രയോഗിക്കാന്‍ സാധ്യതയുണ്ട് ( Script theory of learning) അതുപോലെ തന്നെ നമുക്ക് നെഗറ്റീവ് ഫീലിംഗ് തരുന്ന സാഹചര്യങ്ങള്‍ നമ്മളില്‍ ഒന്നുകില്‍ അതിനോട് പൊരുതാനുള്ള (Fight) പ്രേരണ ഉണ്ടാക്കും അല്ലെങ്കില്‍ അവിടെനിന്നും രക്ഷപ്പെടാനുള്ള (Flight) തോന്നല്‍ ഉണ്ടാക്കും( Cognitive Neo association Theory). നമ്മള്‍ സാഹചര്യത്തെ നേരിടുമോ അതോ അതില്‍ നിന്നും ഒളിച്ചോടുമോ എന്നത് നമുക്ക് പ്രവചിക്കാന്‍ കഴിയുന്നതല്ല. നമ്മള്‍ കടന്നുപോകുന്ന സവിശേഷമായ മനോനിലകളെ ഉത്തേജിപ്പിക്കാന്‍ സാധ്യതയുള്ള അനുഭവങ്ങളിലൂടെ നമ്മള്‍ കടന്നുപോകുമ്പോള്‍ നമ്മള്‍ കൂടുതല്‍ കൂടുതല്‍ വൈകാരികമായി ഉത്തേജിതര്‍ ആകുന്നുവെന്ന്‍ പറയുന്ന സിദ്ധാന്തമാണ് Excitation transfer theory of learning. നിരന്തരമായി സിനിമകള്‍ പോലുള്ള മാധ്യമങ്ങള്‍ കാണുന്നത് വഴി യഥാര്‍ത്ഥ ലോകത്തിന്‍റെ പുറത്ത് അവാസ്തവീകമായ ഒരു ലോകത്തെ ആളുകള്‍ അവരുടെ മനസ്സില്‍ കെട്ടിപ്പൊക്കുന്നു (Cultivation theory of learning) എന്ന് മനോരോഗ വിദഗ്ദര്‍ കണ്ടെത്തിയിട്ടുണ്ട്. നിരന്തരം ക്രൈം സീരിയലുകള്‍ കാണുന്ന ആളുകള്‍ തനിക്ക് ചുറ്റുമുള്ള ലോകം കൂടുതല്‍ കൂടുതല്‍ ക്രിമിനല്‍വല്‍ക്കരിച്ചു കൊണ്ടിരിക്കുകയാണ് എന്ന മിഥ്യയായ ബോധത്തിലേക്ക് വഴുതിവീഴുന്നു. ഇത് അവരില്‍ എന്ത് തരത്തിലുള്ള പെരുമാറ്റ വ്യതിയാനങ്ങള്‍ ആണ് ഉണ്ടാക്കുക എന്നത് പ്രവചനാതീതം ആണ്.
കോടിക്കണക്കിന് ആളുകള്‍ ഒരു സിനിമയോ വെബ് സീരീസോ ടെലിവിഷന്‍ പ്രോഗ്രാമോ കാണുമ്പോള്‍ അതില്‍ വളരെ കുറച്ചു പേരെ മാത്രമാണ് ആ പ്രോഗ്രാമുകളിലെ ഉള്ളടക്കം ബാധിക്കുന്നത്. കാര്‍ട്ടൂണ്‍ കാണുന്ന എല്ലാ കുട്ടികളും അതിന് കീഴ്പ്പെട്ട് പോകുകയോ അതിലെ കഥാപാത്രങ്ങളെ അനുകരിക്കുകയോ തങ്ങളുടെ യഥാര്‍ത്ഥ ലോകത്തില്‍ മറ്റൊരാളായി അഭിനയിക്കുകയോ ചെയ്യുന്നില്ല. എന്നാല്‍ ചിലരുടെ കാര്യത്തില്‍ ഇങ്ങനെ സംഭവിക്കുന്നുമുണ്ട്. നോര്‍മലായ വ്യക്തിത്വത്തിനും അബ്നോര്‍മല്‍ വ്യക്തിത്വത്തിനും ഇടയില്‍ അങ്ങോട്ടോ ഇങ്ങോട്ടോ വീഴാന്‍ സാധ്യതയുള്ള Borderline Personality Disorder (BPD) ഉള്ള ആളുകളെയാണ് സിനിമകളും മറ്റും ആഴത്തില്‍ സ്വാധീനിക്കുന്നതെന്ന് അനുമാനിക്കുന്നതില്‍ തെറ്റില്ല. കുട്ടികളുടെ വ്യക്തിത്വഘടനയെ രൂപപ്പെടുത്തുന്നതില്‍ കുടുംബത്തിനുള്ള പങ്ക് ആര്‍ക്കും തള്ളിക്കളയാന്‍ കഴിയില്ല. സ്നേഹവും കരുതലും സന്തോഷവും ലഭിക്കുന്ന കുടുംബങ്ങള്‍ വ്യക്തികളുടെ മാനസീക വളര്‍ച്ചയെ മെച്ചപ്പെടുത്തിയെക്കാം. സാമൂഹ്യമായി ആരോഗ്യപൂര്‍ണ്ണമായ വിനിമയങ്ങള്‍ കുട്ടികള്‍ക്കിടയില്‍ വളര്‍ത്തിയെടുക്കാന്‍ സ്കൂളുകള്‍ക്കും അധ്യാപകര്‍ക്കും ഉള്ള പങ്കും പ്രധാനമാണ്. കുട്ടികളിലെ Borderline Personality Disorder കള്‍ വളരെ ചെറിയ പ്രായത്തില്‍ തന്നെ സ്ക്രീന്‍ ചെയ്യുകയും അത്തരക്കാര്‍ക്ക് വേണ്ട മനശാസ്ത്ര ഇടപെടലുകള്‍ ഉണ്ടാവുകയും ചെയ്‌താല്‍ ഒരു പരിധിവരെ ആ വ്യക്തിക്കും അയാള്‍ക്ക് ചുറ്റുമുള്ള ആളുകള്‍ക്കും സൌഖ്യത്തില്‍ ജീവിക്കാന്‍ കഴിയും. സിനിമ എന്നത് ആളുകളുടെ ഭാവനയുടെ പ്രകാശനമാണെന്ന യുക്തിസഹമായ തിരിച്ചറിവില്‍ നിന്നുകൊണ്ട് അവയെ സമീപിക്കാനുള്ള മാനസീക നില ആളുകളില്‍ ഉണ്ടാക്കാന്‍ ആരോഗ്യപൂര്‍ണ്ണമായ കുടുംബത്തിനും സ്കൂളുകള്‍ക്കും പൊതുസമൂഹത്തിനും സാധിക്കും.
ഫ്രോയ്ഡിയന്‍ മനോഘടനാ സിദ്ധാന്തം അനുസരിച്ച് നമ്മളില്‍ എല്ലാവരിലും മൂന്നായി വിഭജിക്കപ്പെട്ട മനോഘടന ആണുള്ളത്. മറ്റുള്ളവരെ കൊല്ലാനും നശിപ്പിക്കാനും ബലാല്‍ക്കാരം ചെയ്യാനും അവരുടെ സ്വത്തുവഹകള്‍ മോഷ്ടിക്കാനും തകര്‍ക്കാനും വേണ്ടി വന്നാല്‍ സ്വയം മരിക്കാനും തയ്യാറാകുന്ന മനോഘടയുടെ ഭാഗത്തെ ഫ്രോയ്ഡ് ഇദ്(Id) എന്ന് വിളിച്ചു. യാതൊരു വിധ തിന്മകളും ചെയ്യാത്ത അത്തരം കാര്യങ്ങളെ പറ്റി ചിന്തിക്കുക പോലും ചെയ്യാത്ത നമ്മുടെ മനോഘടനയിലെ ധാര്‍മ്മികതയുടെ പാരമ്യത്തെ ഫ്രോയ്ഡ് സൂപ്പര്‍ ഈഗോ (Super Ego) എന്ന് വിളിച്ചു. ഇദും സൂപ്പര്‍ ഈഗോയും മനോനിലകളുടെ വിരുദ്ധധ്രുവങ്ങള്‍ ആണ്. യഥാര്‍ത്ഥ ജീവിതത്തില്‍ നമ്മള്‍ പ്രയോഗിക്കുന്ന മനോഘടനയെ ഫ്രോയ്ഡ് ഈഗോ (Ego) എന്ന് വിളിച്ചു. ഇദിനും സൂപ്പര്‍ ഈഗോയ്ക്കും ഇടയിലുള്ള മധ്യമാര്‍ഗ്ഗത്തെയാണ് ഫ്രോയ്ഡ് ഈഗോ എന്ന് വിളിച്ചത്. ഫ്രോയ്ഡിയന്‍ മനോഘടനാ സിദ്ധാന്തത്തെ ആധുനീക മനശാസ്ത്രം തള്ളിക്കളഞ്ഞിട്ടുണ്ടെങ്കില്‍ പോലും അധുനീകര്‍ ഉണ്ടാക്കിയ എല്ലാ പഠന -പെരുമാറ്റ സിദ്ധാന്തങ്ങളുടെയും അടിത്തറ ഫ്രോയ്ഡ് തന്നെയാണ്. അവരത് സമ്മതിച്ചാലും ഇല്ലെങ്കിലും. നമ്മുടെ ഉള്ളില്‍ തന്നെയുള്ള മൃഗീയവാസനകളുടെ തള്ളല്‍ നമുക്കെല്ലാവര്‍ക്കും അനുഭവവേദ്യം തന്നെയാണല്ലോ. നമ്മള്‍ വളര്‍ന്നുവരുന്ന സാഹചര്യം, നമുക്ക് മുന്‍പിലുള്ള അവസരങ്ങള്‍, നമ്മള്‍ ഇടപെടുന്ന വ്യക്തികള്‍, നമ്മള്‍ ജീവിക്കുന്ന ഇടത്തിലെ ധാര്‍മ്മികബോധം ഒക്കെ നമ്മെ സ്വാധീനിക്കുന്നവ ആണ്. നല്ല കുടുംബങ്ങളെ ഉണ്ടാക്കുന്ന നിലനിര്‍ത്തുന്ന സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ സാംസ്‌കാരിക സാഹചര്യങ്ങള്‍ ഉണ്ടാക്കി പരിപാലിക്കുക എന്നതാണ് മുഖ്യം അല്ലാതെ മാര്‍ക്കോ പോലുള്ള സിനിമകളെയും മയക്കുമരുന്നിനെയും കുറ്റം പറഞ്ഞുകൊണ്ടിരുന്നാല്‍ വെഞ്ഞാറമ്മൂടുകള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും. സിനിമയില്‍ വയലന്‍സുണ്ട്, നാട്ടില്‍ മയക്കുമരുന്നും ഉണ്ട്. എന്നാല്‍ എന്തുകൊണ്ട് അത് ചിലരെ മാത്രം അക്രമാസക്തര്‍ ആക്കുന്നു എന്ന തരത്തിലുള്ള അന്വേഷണം ആണ് വേണ്ടത്. അവിടെയാണ് Borderline Personality Disorder പോലുള്ള സംഗതികള്‍ പ്രസക്തം ആകുന്നത്. സിനിമ അല്ല പ്രശ്നം മറിച്ച് സിനിമ സ്വീകരിക്കുന്ന വ്യക്തിയുടെ മനോഘടനയും അയാളെ നിരന്തരം അസ്വസ്ഥതപ്പെടുത്തുന്ന കുടുംബ -സമൂഹ സാഹചര്യങ്ങള്‍ ആണ് പ്രതിസ്ഥാനത്ത് വരേണ്ടത്. ജാതി ലിംഗം ലൈംഗീകത തുടങ്ങിയവയെ അപരഹിംസയ്ക്കുള്ള ഉത്തമകാരണങ്ങള്‍ ആയി അധികാരപൂര്‍വ്വം ഉപയോഗിക്കുന്ന മലയാളി പുരുഷാധിപത്യത്തെ കാണാതെ മാര്‍ക്കോ പോലുള്ള സിനിമകള്‍ ആണ് മലയാളിയെ വയലന്റ് ആക്കുന്നത് എന്ന് പറയുന്നത് യഥാര്‍ത്ഥ പ്രശ്നത്തിന്‍റെ ന്യൂനീകരണം ആണ്.
******
No Comments yet!