Skip to main content

ബുദ്ധനും മാർക്സും

മദ്ധ്യരാത്രിയുടെ സുഖമിഴിയിൽ ബോധിവൃക്ഷത്തണലിൽ ബുദ്ധൻ ചിന്തയിൽ ഇരുന്നു. ആ മൗനത്തിന്റെ ഇടയിലേക്ക് ഒരു തണുത്ത ഇളം കാറ്റ് വീശി.അങ്ങനെയിരിക്കേ പെട്ടന്ന് ഒരു മനുഷ്യൻ അരികിലേക്കെത്തി. ഇടതൂർന്നു വളർന്ന താടി,
തീ പാറുന്ന കണ്ണുകൾ, മുഷിഞ്ഞതും പിന്നി കീറിയതുമായ കറുത്ത കോട്ട്,….എന്നാൽ ചിരിയിലൂടെ ഒരു അഗാധസ്നേഹത്തിന്റെ തിളക്കം വിടർത്തുന്ന ഒരു മനുഷ്യൻ.

ആരാണിത്?
ബുദ്ധൻ സംശയത്തോടെ നോക്കി.

ഞാൻ കാറൽ മാർക്സ്.
ഘനഗാംഭീര്യവും ഉച്ചാരണശുദ്ധിയുമുള്ള വാക്കുകൾ…

ബുദ്ധൻ ഒരു നിമിഷം അദ്ദേഹത്തെ നിരീക്ഷിച്ചു. മോക്ഷത്തിനായി വന്നതാണോ?

മാർക്സ് ചിരിച്ചു.
മോക്ഷം…..അത് ജനങ്ങൾക്കാണ് വേണ്ടത്.
അവർക്കു നീതി വേണ്ടിയിരിക്കുന്നു.

നീതി?
എന്തിനായുള്ള നീതി?

അതിന്റെ നിർവചനം മാറ്റമാണ്.
മാർക്സ് തുടർന്നു.
ലോകം പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്നു. അവരെ അടിമകളാക്കുന്നു. അതിനു പരിഹാരമില്ലേ?

ദു:ഖത്തിന്റെ മൂലകാരണങ്ങൾ മനസ്സിലാക്കുക, അതിനെ അതിജീവിക്കുക. അതാണ് ബോധിയുടെ വഴി.
ബുദ്ധൻ നിസംഗനായി പറഞ്ഞു.

പക്ഷേ, അതു വെറുമൊരു മനസ്സിന്റെ യാത്രയല്ലേ? അവരുടേത് ശാരീരികമായ ദു:ഖമാണ്,അതിനാൽ
ധ്യാനമല്ല, വിപ്ലവമാണ് വേണ്ടത്!

വിപ്ലവം…..?

അതെ!
സമ്പത്തിന്റെ തുല്യ വിഭജനം,
അധികാരത്തിന്റെ പുനർവിതരണം. പണിയെടുക്കുന്നവരുടെ അടിമത്തം അവസാനിപ്പിക്കൽ…..!

ബുദ്ധൻ ചിന്തയിലായി. പക്ഷേ, മനസ്സിന്റെ അടിമത്തം അവസാനിപ്പിക്കാതെ, സമൂഹത്തിന്റെ അടിമത്തം അവസാനിക്കാൻ കഴിയുമോ?”

കഴിയും, ആദ്യം ഭക്ഷണം… ഉറക്കം…വിനോദം…മറ്റ് അവകാശങ്ങൾ. അതിനുശേഷം മനസ്സിന്റെ മോചനം!”

തണുത്ത ഇളം കാറ്റ് വീണ്ടും വീശി. ഇരുവരും നേർക്കുനേർ നോക്കി.

നീ ചൂണ്ടികാണിക്കുന്ന പാത ഞാൻ തിരിച്ചറിയുന്നു, ബുദ്ധൻ പറഞ്ഞു.
പക്ഷേ,സമാധാനമില്ലാതെ നീതി പ്രാപ്യമാകുമോ?”

നീതി ഇല്ലാതെ സമാധാനം പ്രാപ്യമാകുമോ?”

രാത്രി തണുത്തു. അക്ഷരങ്ങൾ പോലെ മനസ്സുകൾ തുറന്നു.
ചുറ്റുമുള്ള കറുപ്പ്,
ഉഷസ്സിന്റെ കാത്തിരിപ്പായി മാറി.

 

*****

 

No Comments yet!

Your Email address will not be published.