സംഗീത നാടകങ്ങളുടെ തുടര്‍ച്ചയെന്നോണം മലയാളത്തില്‍ രൂപം കൊണ്ട സാമൂഹ്യ സംഗീത നാടകങ്ങള്‍ അരങ്ങ് കയ്യടക്കിയിരുന്ന കാലം. മറുവശത്താണെങ്കില്‍ ആധുനികതയുടെ കേളികൊട്ട് നമ്മുടെ കേരളത്തിലും അലയടിച്ചുയര്‍ന്നു. ചിത്രകലയിലും സാഹിത്യത്തിലും ആധുനികത തിമര്‍ത്താടി ! നാടക വേദിയില്‍ അത് പ്രത്യക്ഷപ്പെട്ടത് തനത് കളരി പ്രസ്ഥാനത്തിലൂടെയാണെന്നും കാണാം. ചൊടിപ്പിക്കുന്ന കമേഴ്‌സ്യല്‍ അവതരണങ്ങളില്‍ നിന്ന് ഭിന്നമായ ഒരു രംഗഭാഷക്കുള്ള അന്വേഷണമായിരുന്നു അത്. സി. ജെ തോമസിന്റെ ക്രൈം ,പുളിമാന പരമേശ്വരന്‍ പിള്ളയുടെ സമത്വവാദി, ശ്രീകണ്ഠന്‍ നായരുടെ കലി, ജി.ശങ്കരപ്പിള്ളയുടെ നിരവധിയായ ചെറു നാടകങ്ങള്‍, കാവാലത്തിന്റെ അവനവന്‍ കടമ്പ തുടങ്ങി നിരവധി പരീക്ഷണാത്മക നാടകങ്ങള്‍ രൂപപ്പെട്ടു! ഇതിന്റെ പ്രതിഫലനങ്ങള്‍ 10 കളില്‍ നാടക വേദിയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചു. സ്‌കൂള്‍ കോളേജ് യുവജനോത്സവ വേദികളിലും ഏകാങ്ക നാടക മത്സര വേദികളിലും അക്കാലത്ത് നിറഞ്ഞാടിയത് പരീക്ഷണ നാടകങ്ങള്‍ എന്ന പേരില്‍ ഇത്തരംഅവതരണങ്ങളായിരുന്നു.
അമൂര്‍ത്തങ്ങളായ ആശയങ്ങളെ മൂര്‍ത്തരൂപങ്ങളില്‍ പ്രതീകവല്‍കരിച്ച് അവതരിപ്പിക്കുന്ന ഒരു രീതിയായിരുന്നു മിക്ക നാടകങ്ങളിലും . മരണം – മോചനം – ഭരണകൂടം – സത്യം – നീതി – എന്നതൊക്കെ മൂര്‍ത്തരൂപം കൈവരിച്ച് കഥാപാത്രങ്ങളായി അഭിനയിച്ച് തകര്‍ത്തിരുന്ന ആ കാലവും മലയാള നാടക ചരിത്രത്തിന്റെ ഭാഗമാണ്. അന്ന് യുവാവായിരുന്ന വാസന്‍ പുത്തൂരിനെ സ്വാഭാവികമായും ഈ അവതരണങ്ങള്‍ സ്വാധീനിച്ചിരിക്കാം. കബന്ധങ്ങള്‍ എന്ന ഈ നാടകത്തിന്റെ രൂപഘടന നിശ്ചയിക്കുന്നതില്‍ മേല്‍ പറഞ്ഞ ഭാവുകത്വ പരിസരം തീര്‍ച്ചയായും ഇടപ്പെട്ടിരിക്കണം. പക്ഷേ അക്കാലത്ത് അവതരണത്തിനു വേണ്ടി മാത്രം എഴുതിയുണ്ടാക്കിയ ഈ ടെസ്റ്റുകളൊന്നും പുസ്തക രൂപം കൈവരിക്കുകയുണ്ടായില്ല. അവതരണങ്ങള്‍ അവസാനിച്ചപ്പോള്‍ നാടക കൃതികളും മരണപ്പെട്ടു. ഒരു ഹിസ്റ്റോറിക്ക് പീസ് എന്ന നിലയില്‍ കബന്ധങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത് നന്നായി.
ഇന്ത്യന്‍ ജനാധിപത്യത്തിനു മേല്‍ ഇരുണ്ട കരിമ്പടം വീണ അടിയന്തരാവസ്ഥയില്‍ രചിച്ച നാടകമെന്ന നിലയില്‍ ഇതിന് കൂടുതല്‍ പ്രസക്തിയുണ്ട്. ജനാധിപത്യ ബോധമുള്ള മുഴുവന്‍ മനുഷ്യരെയും ഭീതിയിലേക്കും, നൈരാശ്യത്തിലേക്കും, ശൂന്യതയിലേക്കും വലിചെറിഞ്ഞ ഒരു പാതിരാ കാലമായിരുന്നു അടിയന്തരാവസ്ഥക്കാലം! ഒ.വി.വിജയന്റെ അരിമ്പാറയും, സി.വി.ശ്രീരാമന്റെ മീശയും, സച്ചിദാനന്ദന്റെ നാവു മരവും എഴുതപ്പെട്ടത് അക്കാലത്തായിരുന്നു.. അവയെല്ലാം അലിഗറിക്കലായ ഒരു രീതിയില്‍ എഴുതപ്പെട്ടവയായതിനാലാകാം രചനയുടെ പേരില്‍ അവര്‍ കല്‍ത്തുറുങ്കുകളില്‍ അടക്കപ്പെടാതിരുന്നത്.
1978-ൽ കുന്നുകുളം സുധ കോളേജിന്റെ വാര്‍ഷികത്തില്‍ അവതരിപ്പിച്ച വാസന്‍ പുത്തൂരിന്റെ കബന്ധങ്ങള്‍ എന്ന മലയാളത്തിലെ ആദ്യത്തെ അസംബന്ധ നാടകത്തില്‍ സ്ക്കറിയ കുന്നംകുളം, പാങ്ങില്‍ ഭാസ്ക്കരന്‍, ശേഖരന്‍ അത്താണിക്കല്‍ , ലീലാ ഹരി, അബദുള്‍ ഖാദര്‍ മാഞ്ഞാലി.-ശേഖരന്‍ അത്താണിക്കലിന്‍റെ ശേഖരത്തില്‍ നിന്ന്.
കബന്ധവും ഒരു അലിഗറിക്കല്‍ നാടകമാണ്. യുവാവും യുവതിയും മദ്ധ്യവര്‍ത്തിയും പോര്‍ട്ടറും മുഖ്യ കഥാപാത്രമായ വൃദ്ധനും കബന്ധവും ബന്ധവാഹകനും എല്ലാം അലിഗറിക്കല്‍ ക്യാരക്ടറുകള്‍ തന്നെ. തീവണ്ടിയെ കാത്തിരിക്കുന്ന യാത്രക്കാരാണ് വൃദ്ധനൊഴികെയുള്ള മുഴുവന്‍ കഥാപാത്രങ്ങളുംപക്ഷെ വണ്ടി വരുന്നില്ല!’ വെയ്റ്റിങ് ഫോര്‍ ഗോദോ ‘ യിലെ ദൈവത്തിനു വേണ്ടിയുള്ള കാത്തിരിപ്പിനു സമാനമാണ് തീവണ്ടിക്കു വേണ്ടിയുള്ള കാത്തിരിപ്പ്. ഈ അസംബന്ധസ്ഥയാണ് നാടകത്തിന്റെ ക്ലെമാക്‌സ് ! .നാടകാന്ത്യത്തില്‍ രണ്ടു തീവണ്ടികള്‍ എത്തുന്നുണ്ട്. ആദ്യം പ്ലാറ്റ്‌ഫോമില്‍ എത്തുന്നത് മരണത്തിലേക്കുള്ള വണ്ടിയാണ്. ഈ തീവണ്ടിയില്‍ യാത്ര ചെയ്യാനാഗ്രഹിക്കുന്ന ഒരേ ഒരാള്‍ യുവാവാണ് ! അയാള്‍ വണ്ടിയില്‍ കയറാന്‍ ശ്രമിക്കുമ്പോള്‍ ഭാര്യയായ യുവതി അയാളെ തടയുന്നു. യുവതിക്കാണെങ്കില്‍ കയറേണ്ടത് ജീവിതത്തിലേക്കുള്ള വണ്ടിയിലും. മല്‍പ്പിടുത്തത്തിനൊടുവില്‍ മരണ വണ്ടി സ്റ്റേഷന്‍ വിട്ടു പോകുന്നു. യുവാവിന് കയറി പറ്റാനാകുന്നില്ല.
ജീവിതത്തിലേക്കുള്ള വണ്ടി പ്ലാറ്റ്‌ഫോമിലെത്തുമ്പോള്‍ ഓടിക്കയറാന്‍ ശ്രമിക്കുന്ന യുവതിയെ തടയുന്നത് ഭര്‍ത്താവായ യുവാവാണ്. മറ്റുള്ളവര്‍ തങ്ങള്‍ക്കാദ്യം വണ്ടിയില്‍ കയറിപറ്റാനുള്ള മത്സരത്തില്‍ ആര്‍ക്കും ജീവിത വണ്ടിയില്‍ കയറാനാവുന്നില്ല ! ഒടുവില്‍ ജീവിത വണ്ടിയും പ്ലാറ്റ്‌ഫോം വിടുമ്പോള്‍ നിരാശരായി കാത്തിരിപ്പ് തുടരുകയാണ് അടുത്ത വണ്ടി ഇനി എപ്പോഴാണ് വരിക എന്ന ചോദ്യം ഈ അസംബന്ധാവസ്ഥയുടെ മൂര്‍ദ്ധന്യാവസ്ഥയാണ് ആവിഷ്‌ക്കരിക്കുന്നത്. അടിയന്തരാവസ്ഥയെക്കാള്‍ ഭീതിതമായ ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ വര്‍ത്തമാന കാലത്ത് കബന്ധങ്ങള്‍ എന്ന ഈ നാടകകൃതിയുടെ പുനര്‍വായനക്കും പുനരവതരണത്തിനും പ്രസക്തിയേറുന്നുണ്ട്.
*****
No Comments yet!