Skip to main content

പൊറാട്ട്

 

 

കടലോളം ആഴത്തിലുള്ള മുറിവുകളുമായി ചില മനുഷ്യർ നൂറ്റാണ്ടുകളായി നമുക്കൊപ്പമുണ്ട്. ഒപ്പമുണ്ടായിട്ടും അവരുടെ വേദനകളെ നമ്മുടെ വേദനകളായി നാം അനുഭവിച്ചിരുന്നില്ല.എല്ലാ ദേശങ്ങളിലും അന്യത്വത്തിന്റെയും ശൂന്യതയുടെയും ഭൂപടങ്ങൾ സൃഷ്ടിച്ച് ഇക്കാലം വരെ നാമവരെ പുറത്തുനിർത്തുകയായിരുന്നു. പുറത്തു നിൽക്കുമ്പോഴും ഭാഷയുടെയും ഭാവനയുടെയും കൈ പിടിച്ച് കലയുടെ ഭിന്നരൂപങ്ങളിൽ നിമ്നരായി തങ്ങളെ ആവിഷ്കരിക്കാനുള്ള ശ്രമങ്ങൾ നടത്തിയതിൻ്റെ ചരിത്രം കൂടിയാണ് നമ്മുടെ കലാചരിത്രം. പക്ഷെ ചരിത്രത്തിലെ സാംസ്കാരിക ശുദ്ധിവാദം അവരുടെ കലകളെയും പുറത്താക്കി. പൊറാട്ട് അതിലൊന്നാണ്. നൂറ്റാണ്ടുകളോളം പഴക്കമുള്ള നാടോടി നാടകമാണത്. ജാതി സമൂഹത്തിൽ ‘കീഴാളർ’എന്നു വിളിക്കപ്പെട്ട പാണന്മാർ അവതരിപ്പിച്ചുവന്നിരുന്ന പ്രധാന കലാരൂപം. പൊറാട്ട് എന്നാൽ പുറത്തെ ആട്ടം അതായത് പുറം ജനങ്ങളുടെ ആട്ടം (നൃത്തം) എന്നാണർത്ഥം. നാടുവാഴി കാലഘട്ടങ്ങളിൽ സമൂഹത്തിൽ നിന്നും പുറത്താക്കിയ, കീഴാളരുടെ നാടകം എന്നാണ് ഇത് അറിയപ്പെടുന്നത്. പൊറാട്ടിനെ മുൻനിർത്തി നിഖിൽ ദാസ് രചനയും സംവിധാനവും നിർവ്വഹിച്ച നാടകമാണ് തൃശ്ശൂർ അടാട്ട് പഞ്ചമി തിയറ്റേഴ്സ് അവതരിപ്പിച്ചു വരുന്ന പൊറാട്ട്. ചരിത്രത്തെയും വർത്തമാനത്തെയും മുൻനിർത്തി ജാതിയെ എങ്ങനെയാണ് നാം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നതെന്ന് പറയാനാണ് പൊറാട്ടിലൂടെ സംവിധായകൻ ശ്രമിക്കുന്നത്.

“അക്കാണും മാമലയൊന്നും
നമ്മുടെതല്ലെന്മകനെ.
ഇക്കായൽ കയവും കരയും
ആരുടേയുമല്ലെൻ മകനേ.
പുഴുപുലികൾ പക്കിപരുന്തുകൾ
കടലാനകൾ കാട്ടുരുവങ്ങൾ” അൻവർ അലി എഴുതിയ പ്രശസ്തമായ ചലച്ചിത്രഗാനത്തിന്റെ പശ്ചാത്തലത്തിലാണ് നാടകത്തിൻ്റെ ആരംഭം. അടിച്ചമർത്തപ്പെട്ട മനുഷ്യരുടെ ഭൂമിയും വിഭവങ്ങളും സ്വപ്നങ്ങളും കവർന്ന ഓർമ്മകൾ സൃഷ്ടിച്ചു കൊണ്ടാണ് നിഖിൽ ദാസ് പൊറാട്ടിലേക്ക് കാണികളെ ക്ഷണിക്കുന്നത്. തുടർന്ന് അരങ്ങിലുള്ള എല്ലാവരും ചേർന്ന് വായ്ത്താരിക്കൊപ്പമുള്ള ആട്ടവും പാട്ടും. കീഴാളർ അവരുടെ വേദനകൾ മറന്ന് വരണ്ടുണങ്ങിയ പാടത്തും കരിഞ്ഞുപോയ പറമ്പിലും പൂക്കാതിരുന്ന കവുങ്ങു വെട്ടിക്കീറി കീറത്തുണികളും കെട്ടുമാറാപ്പുകളും ചമച്ചതിൻ്റെ ഓർമ്മയിൽ അരങ്ങൊരുക്കിക്കൊണ്ട്. കെട്ടുകാഴ്ചകൾക്കും വിസ്മയങ്ങൾക്കുമപ്പുറം അവർ സ്വയം ചിരിക്കാനും മറ്റുള്ളവരെ ചിരിപ്പിക്കാനും ശ്രമിച്ചതിൻ്റെ ഓർമ്മകൾ മെല്ലെ മെല്ലെ പങ്കുവെച്ചു തുടങ്ങുകയാണ്. അപ്പു ആശാന്റെയും അഭ്യസ്തവിദ്യനായ മകൻ വികാസ് കുമാറിന്റെയും ജീവിതത്തിലെ സംഘർഷങ്ങളിലൂടെ പുറത്താക്കപ്പെട്ടവരുടെ ജീവിതം കാണിച്ച് പുറത്തുനിന്നുള്ള ആട്ടിലേക്ക് ചരിത്രം പരിണമിച്ചതിന്റെ കഥ കൂടി ഉൾച്ചേർത്ത് ഉച്ചത്തിൽ കീഴാളരാഷ്ട്രീയം പറയാനാണ് സംവിധായകൻ നിഖിൽ ദാസ് ശ്രമിക്കുന്നത്. എല്ലാ വിപ്ലവങ്ങൾക്കും നാടകങ്ങൾ കൂടി തുടക്കമാണെന്നോർമിപ്പിക്കുന്നതുപോലെ.!

“എനിക്ക് മതിയായപ്പാ. ചങ്കിന്റെ കിതപ്പ് കൂടിക്കൂടിക്കൂടി ഉള്ളില് ചോര പൊടിയണ വേദനയുണ്ട്. വെറുപ്പിന്റെ കുപ്പായമിട്ടവരുടെ ഈ ലോകത്ത് അറപ്പിന്റെ വാലും പേറിയുള്ള ഈ ജീവിതം എനിക്കു മതിയായി. അപ്പാ… പോണേനുമുന്നേ നിങ്ങളെയൊന്ന് കെട്ടിപ്പിടിച്ച് പൊട്ടിച്ചിരിച്ച് പോകണന്ന്ണ്ടായിരുന്നു എനിക്ക്. പക്ഷെ അതു വേണ്ട. നിങ്ങളെക്കണ്ടാൽ ആ തീരുമാനം മാറും. നിങ്ങള് പറഞ്ഞുതന്ന നല്ല കഥകളോർത്തുകൊണ്ട് ഞാൻ പോക്വാ..”

നാടകത്തിലെ കേന്ദ്രകഥാപാത്രമായ അപ്പു ആശാന്റെ മകൻ വികാസ് കുമാർ കഴുത്തിൽ മരണക്കുടുക്കിട്ട് പറയുന്ന സംഭാഷണവും ദൃശ്യവും ഹൈദരാബാദ് സർവകലാശാലയിലെ ഗവേഷക വിദ്യാർഥി രോഹിത് വെമൂലയുടെ ആത്മഹത്യയെയാണ് ഓർമ്മിപ്പിക്കുക. എടച്ചേരിയിൽ നടന്ന ബിമൽ നാടകോത്സവത്തിലെ പൊറാട്ടിന്റെ അവതരണത്തിനു ശേഷം കാണികളിൽ നിന്ന് രോഹിത് വെമൂലയ്ക്കും ഇന്ത്യൻ ഭരണഘടനയ്ക്കും അഭിവാദ്യമർപ്പിച്ചുകൊണ്ടുയർന്ന മുദ്രാവാക്യങ്ങൾ ആ ഓർമ്മകൾക്ക് സാക്ഷ്യം വഹിക്കുന്നതായിരുന്നു. രോഹിത് വെമൂല ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായി ആത്മഹത്യ കൊണ്ടാണ് പ്രതിഷേധം സൃഷ്ടിച്ചതെങ്കിൽ വികാസ് തൂക്കുകയർ ഉപേക്ഷിച്ച് അച്ഛൻ പറഞ്ഞ കഥകളിൽ നിന്ന് ഊർജ്ജം സ്വീകരിച്ച് ആട്ടവും പാട്ടുമായി ഒപ്പമുള്ളവരോടൊപ്പം സമരോത്സുകരായി പുറത്തേക്കു വരുന്നിടത്താണ് നാടകം അവസാനിക്കുന്നത്.

മകനെ തൂക്കിക്കൊല്ലാൻ നിശ്ചയിച്ചതറിഞ്ഞ് പാഴുതറ എന്ന ഗ്രാമത്തിൽ നിന്നും വെള്ളായിയപ്പൻ കണ്ണൂർ ജയിലിലേക്ക് യാത്ര പുറപ്പെടുന്നതിന്റെ കഥയാണ് ഒ വി വിജയൻ എഴുതിയ ‘കടൽത്തീരത്ത്’. പൊറാട്ട് എന്ന നാടകം ആ അച്ഛനെയും മകനെയും ഓർമ്മയിലെത്തിക്കുന്നുണ്ട്. കടൽത്തീരത്തിൽ ചെയ്യാത്ത കുറ്റത്തിന് കണ്ടുണ്ണിയെ തൂക്കിക്കൊല്ലുന്നത് ഭരണകൂടമാണ്. ആ ആഖ്യാനത്തിൽ ഭരണകൂടത്തിന്റെ പ്രത്യക്ഷമായ കൊലയാണെങ്കിൽ ഇതിൽ ഭരണകൂടത്തിന്റെ പരോക്ഷമായ കൊലപാതകശ്രമമാണ്. അതിനെയാണ് ഈ കാലത്തിൻ്റെ കീഴാളരാഷ്ട്രീയ ഉണർവ്വുകളെ ചേർത്ത് പിടിച്ച് ഒരച്ഛനും മകനും അതിജീവിച്ച് മുന്നോട്ടു പോകുന്നത്. പൊറാട്ട് അവസാനിക്കുമ്പോൾ ഇന്ത്യൻ സമൂഹത്തിൽ പ്രത്യേകിച്ച് നവോത്ഥാനാന്തര കേരളീയ സമൂഹത്തിൽ ജാതി എങ്ങനെയാണ് സർവ്വാശ്ലേഷിയായ യാഥാർത്ഥ്യമായി നിലനിൽക്കുന്നതെന്ന് പറഞ്ഞു വെക്കുന്നുണ്ട്. കടൽത്തീരത്ത് ഭാവതീവ്രമായ ആഖ്യാനം കൊണ്ട് കണ്ണീരണിയിക്കുമ്പോൾ പൊറാട്ട് സാമ്പത്തികവും സാംസ്കാരികവുമായ വിഭവാധികാരങ്ങൾ പിടിച്ചെടുക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചു കൂടിയാണ് ബോധ്യപ്പെടുത്തുക.

ബ്രാഹ്മണ്യവുമായി കലഹിച്ചുകൊണ്ടല്ലാതെ കീഴാളർ എന്ന് മുദ്രകുത്തപ്പെട്ടവർക്ക് ഒരു പുതിയ ലോകം സാധ്യമല്ലെന്ന് അംബേദ്ക്കറുടെ കൂറ്റൻ ദൃശ്യത്തിലൂടെയും വാക്കുകളിലൂടെയും പൊറാട്ട് പറഞ്ഞുവെക്കുന്നുണ്ട്. അതുവരെ അരങ്ങിൽ ഉണ്ടായിരുന്ന അഭിനേതാക്കളെല്ലാം കാണികളുടെ ഇടയിലേക്ക് താളം പിടിച്ച് പാട്ടും പാടി അകന്നു പോകുമ്പോൾ ഇന്ത്യൻ ഭരണഘടനയിൽ നിന്ന് സമത്വത്തെക്കുറിച്ചും സാഹോദര്യത്തെക്കുറിച്ചും അംബേദ്കർ ചിത്രം പശ്ചാത്തലമായി കാണികൾ കേട്ടുതുടങ്ങുകയാണ്. ദളിതന്മാർ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന സംഘർഷം അവരുടെ ആഭ്യന്തര കാര്യമല്ലെന്നും അത് ഇന്ത്യൻ സമൂഹം പൊതുവായി അനുഭവിക്കുന്ന പ്രശ്നമാണെന്നും അത് ഭരണഘടന ഉയർത്തിപ്പിടിച്ച് സാമൂഹ്യമായി പരിഹരിക്കേണ്ടതാണെന്നുമുള്ള ആശയമാണ് പൊറാട്ട് ആത്യന്തികമായി മുന്നോട്ടു വെക്കുന്നത്. എല്ലാവരും സ്വാതന്ത്ര്യത്തെയും സമത്വത്തെയും സാഹോദര്യത്തെയും ആഘോഷിക്കുകയും ഉദ്ഘോഷിക്കുകയും ചെയ്യുമ്പോൾ യഥാർത്ഥ ജീവിതത്തിൽ നാമത് മറന്നു പോകുന്നുണ്ട് എന്ന് പൊറാട്ട് ഒരു ക്ലാസ് റൂം സൃഷ്ടിച്ചുകൊണ്ടുതന്നെ കാണികളെ പഠിപ്പിക്കുന്നുണ്ട്. ഒരു നാടകം അതിന്റെ അർത്ഥവും ആഴവും അനുഭവിപ്പിക്കേണ്ടത് നടീനടൻമാരിലൂടെയാണ്. പൊറാട്ടിൽ കഥാപാത്രങ്ങളായി പരകായപ്രവേശം നടത്തിയവരെല്ലാം ഗംഭീര പ്രകടനം കാഴ്ചവെച്ചവരാണ്. അവരും രംഗസജ്ജീകരണങ്ങളൊരുക്കിയവരുമെല്ലാം ഈ നാടകത്തിന്റെ ഉള്ളടക്കമനുസരിച്ചുയർത്തിയവരാണ്. എന്തായാലും മലയാള നാടകം പുതിയ ഉണർവിന്റെ തളിരുതേടി പുതിയ കാലത്തിന്റെ നീതിയറിഞ്ഞ് ധർമ്മമറിഞ്ഞ് അരങ്ങിൽ പുതിയ വിത്തുകളെറിഞ്ഞുകൊണ്ടിരിക്കുകയാണ്. പ്രതീക്ഷകളുടെ തുടർച്ചകൾ.

(2025 ലെ കേരള സംഗീത നാടക അക്കാദമിയുടെ അമച്വർ നാടകോത്സവത്തിൽ മികച്ച രണ്ടാമത്തെ നാടകമായി തിരഞ്ഞെടുക്കപ്പെട്ടത് പൊറാട്ടാണ്.)

 

 

 

****

 

 

No Comments yet!

Your Email address will not be published.