Skip to main content

വേടന് എതിരെ നടക്കുന്നത് രാഷ്ടീയ ഉന്മൂലനം

 

ഒരു പക്ഷേ, ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതിയ തലമുറകൾ വളരെ എക്സ്പ്ലോസീവ് ആയി ഉയർന്നത് 2016-ൽ രോഹിത് വിമുലയുടെ ഇൻസ്റ്റിറ്റ്യൂഷണൽ മർഡറിന് ശേഷം ആയിരുന്നു. ഇന്ത്യൻ സമൂഹത്തിലെ യുവത്വത്തിന്റെ രാഷ്ട്രീയ വളർച്ച രോഹിത് വിമുലക്കു മുമ്പും ശേഷവും എന്ന രീതിയിൽ വായിച്ചെടുക്കാൻ പറ്റും. ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെയും അതിനു പുറത്തുമുള്ള ഇന്ത്യൻ യുവത്വത്തിന്റെ ചിന്തയും പ്രവർത്തനവും രോഹിത് വിമുലയുടെ കൊലപാതകത്തിനോട് ഒപ്പം ഇളകിമറിഞ്ഞു. സർവകലാശാലകളിലെയും പൊതുസമൂഹത്തിലെയും ഒരു പറ്റം യുവത്ത്വം രാഷ്ട്രീയമായി ഇളകി മറിഞ്ഞു. ഇന്ത്യയിലെ ഇടതുപക്ഷത്തിന് അടക്കം അത്തരം മൂവ്മെൻറുകളെ ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചു പരാജയപ്പെടേണ്ടി വന്നു. രോഹിത് വെയ്മുലക്കു വേണ്ടിയുള്ള പ്രക്ഷോഭങ്ങൾക്ക് ശേഷം ഇന്ത്യൻ യുവതയുടെ രാഷ്ട്രീയത്തിന് വേറൊരു ദിശാമാറ്റം ഉണ്ടായി എന്നും പറയാം.
ഇതിന്റെ അലയൊലികൾ പോപ്പുലർ കൾച്ചറിലും ഉണ്ടായി, പ്രത്യേകിച്ച് പാട്ടുകളിൽ. രോഹിത് വിമുല അടക്കം ഉള്ള ചെറുപ്പക്കാർ ഉയർത്തിയിട്ടിരുന്ന രാഷ്ട്രീയത്തിന്റെ ചുവടുപിടിച്ചുള്ള പാട്ടുകളുടെ രാഷ്ട്രീയത്തിലൂടെ ആണ് വേടനെ പോലുള്ളവർ ഇന്ത്യൻ പോപ്പുലർ കൾച്ചറിനെ ഇളക്കി മറിക്കുന്നത്. അത് ജമൈക്കൻ ഗായകൻ ബോബ് മാർലി 1970കളിൽ തുറന്നു വിട്ട ജമൈക്കൻ പോപ്പുലർ മ്യൂസിക് ആയ റഗ്ഗെയുമായി താരതമ്യപ്പെടുത്താവുന്നതാണ്.

Buffalo Soldier, dreadlock Rasta
There was a Buffalo Soldier
In the heart of America
Stolen from Africa, brought to America
Fighting on arrival, fighting for survival
എന്നു പാടിയ ബോബ് മാർലിയുടെ അതേ തലത്തിലാണ് വേടൻ ഇപ്പോൾ:

“ഞാൻ പാണനല്ല പുലയനല്ല
നീ തമ്പുരാനുമല്ല……
ആണേൽ ഒരു മൈരുമില്ല”
“കാടുകട്ടവന്റെ നാട്ടിൽ
ചോറുകട്ടവൻ മരിക്കും”
“നീർ നിലങ്ങളിൻ
അടിമയാരുടമയാര്??!!”
എന്നതുപോലെയുള്ള റാപ് സോങ്ങുകൾ പൊളിക്കുന്നത്. പോപ്പുലർ കൾച്ചറിൽ റാപ്പ് മ്യൂസിക്കിലൂടെ ബോബ് മാർലിയുടെ റഗ്ഗേയും റസ്തഫരിയൻ മൂവ്മെന്റിനെയും പോലെ വേടൻ ഇവിടെ തകർത്തു തുടങ്ങിയിട്ടുണ്ട്. ബോബ് മാർലിയെ അവിടെ വെടിവെച്ചു അസാസിനെറ്റ് ചെയ്യാൻ ശ്രമിച്ചു ; വേടനെ ഇവിടെ ഭരണകൂടം അറസ്റ്റ് ചെയ്തു. ഇനി പൊതു സമൂഹത്തിൽ നിന്നു ബഹിഷ്കൃതനാക്കാനുള്ള ശ്രമം നടത്തും. അത്രയും മാത്രമാണ് വ്യത്യാസം.

കേരളത്തിൽ സബാൽട്ടേൺ സമൂഹം ആദ്യമായിട്ട് ഒന്നുമല്ല പോപ്പുലർ കൾച്ചറിൽ പാട്ട് പാടുന്നത്. പക്ഷേ രോഹിത് വിമുലയ്ക്ക് ശേഷം രൂപപ്പെട്ട റാപ്പും ഹിപ് ഹോപ്പും, കൊറിയൻ ഹിപ് ഹോപ്പിനോടും മറ്റും എക്സ്പോസ് ചെയ്യപ്പെട്ട ഒരു പുതിയ തലമുറയിലേക്ക് മാസ് ഹിസ്റ്റീരിയ സൃഷ്ടിക്കുന്നതിൽ വേടൻ വലിയ രീതിയിൽ വിജയിച്ചു എന്നതാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയകളിൽ വേടന്റെ വീഡിയോകൾ ആഘോഷിക്കപ്പെടുന്നത് അതിനു തെളിവാണ്. എഴുപതുകളിൽ ബോബ് മാർലിയെ കേൾക്കാൻ എന്നതുപോലെ, ഇന്നത്തെ Z-Generation വേടന്റെ വൈബ് പിടിക്കാൻ ഓടിയെത്തുന്നു. തന്റെ വേദികളിൽ തന്റെ മുന്നിലുള്ള ജനക്കൂട്ടത്തില് ഒരു മാസ് ഹിസ്റ്റീരിക് സ്പിരിച്വാലിറ്റി ആണ് രൂപപ്പെടുത്തിയാണ് ഇന്ത്യൻ ഹിന്ദുത്വത്തിന്റെ ജാതിവംശീയതയ്ക്കെതിരെ വേടൻ ചാട്ടുളി ആയത്. പുതിയ തലമുറ അത് ഏറ്റെടുത്തു. ഇത്തരം പുതിയ രാഷ്ട്രീയ ചിന്ത രൂപപ്പെടുന്നതിനെ ഇന്ത്യൻ സമൂഹം പേടിച്ചു. അതിന്റെ തുടർന്നാണ് വേടനെ അറസ്റ്റ് ചെയ്തത്. അത്ര മാത്രം. പോപുലർ കൾച്ചറിലൂടെ മുസ്ലീം വിഷ്വലൈസേഷനെ വളരെ വ്യത്യസ്തമായി റാപ്പിലൂടെയും, ബിഗ് സ്ക്രീനിൽ “തല്ലുമാല” പോലെയുള്ള സിനിമകളിലൂടെ ഖാലിദ് റഹ്മാനും സെലിബ്രേഷൻ മോഡിൽ അവതരിപ്പിച്ചു. ഖാലിദ് റഹ്മാനും പിടിക്കപ്പെട്ടു.

ഒന്നേ പറയാനുള്ളൂ: വേടനെ പോലുള്ളവർ നിർമ്മിക്കുന്ന മാസ് ഹിസ്റ്റീരിയ സോഷ്യൽ മീഡിയയിലൂടെയും മറ്റു പ്ലാറ്റ്‌ഫോമുകളിലൂടെയും റെക്കോർഡ് ചെയ്യപ്പെടുകയും പ്രചരിക്കുകയും ചെയ്യുന്നത് ഇന്ത്യൻ രാഷ്ട്രീയത്തെ ആകെ ഉലച്ചു അട്ടിമറിക്കുകയാണ്. കേരളത്തിലെ പുതിയ പോപുലർ കൾച്ചറിൽ ഇടതുപക്ഷം അടക്കം ഉള്ള രാഷ്ട്രീയത്തിന്റെ പിടിവിട്ടുപോകുകയാണ്. അതിനെതിരെയാണ് ‘അഞ്ചു ഗ്രാം കഞ്ചാവ്’, ‘ഒരു പുലിപ്പല്ല്’ തുടങ്ങിയ ചപ്പടാച്ചികൾ വെച്ച് വേടനെ പോലുള്ളവരെ അടച്ച് പൂട്ടാൻ ശ്രമിക്കുന്നത്. ‘മലയാളി’ വംശീയതകൾക്കു ഇപ്പോഴും ‘വിവിധ ജാതി മത വംശജർ സഹജരേ പോലെ വാഴും’ എന്ന ‘ശ്യാമ സുന്ദര കേര കിടാര ഭൂമി’ പോലുള്ള ദാരിദ്ര്യം മാത്രമേ തൊണ്ടയിൽ നിന്നും ഇറങ്ങൂ. അല്ലാതെന്ത് പറയാൻ ?

 

—–

 

No Comments yet!

Your Email address will not be published.