‘ഓർമ്മക്കായി ‘ എന്ന ഭരതൻ-ജോൺ പോൾ കൂട്ടുകെട്ടിന്റെ ഒരു സിനിമയുണ്ട്. ഇതിൽ രാമു എന്ന കഥാപാത്രം ഒരു ബാറിൽ റാപ് സോങ് പാടുന്ന നല്ല പൈസ ഉള്ള ഒരു പാട്ടുകാരനാണ്. തന്റെ കൂടെ താമസിക്കുന്നവർക്കു അത്യാവശ്യം വാടകയും ചിലവിന് കൊടുക്കുന്നതും ഈ കഥാപാത്രവുമാണ്. ആയിരത്തി തൊള്ളായിരത്തി എണ്പതുകളിൽ ഒക്കെ ആകാം ഒരു പക്ഷേ കേരളത്തിൽ ബാർ സിങ്ങർ, അത് പോലെ കാബറ പോലുള്ള കലാരൂപങ്ങൾ കേരളത്തിലെ ബാറുകൾ പോലുള്ള ‘അണ്ടർ വേൾഡ്’ കളിൽ വ്യാപകമായത്. മഹേഷിന്റെ പ്രതികാരത്തിൽ അലൻസിയറിന്റെ കഥാപാത്രം ഒക്കെ അങ്ങനെ കാബറ കാണാൻ പോയതിനെ ഒക്കെ ഓർക്കുന്നുമുണ്ട്. കേരളത്തിൽ ഒരു കാലത്ത് അനുരാധ സിൽക്ക് സ്മിത തുടങ്ങിയവരുടെ കാബറേകൾ ഉള്ള സിനിമകൾ കാണാൻ പോകുന്നതും അതിനു ശേഷം ഇറങ്ങിയിട്ടുള്ള ആദ്യപാപം പോലുള്ള സോഫ്റ്റ് പോൺ സിനിമകൾ കാണാൻ പോകുന്നതും ഒളിച്ചായിരുന്നു. ഇതിൽ ഷക്കീല ഒക്കെ കേരളത്തിലെ പൊതു ബോധത്തിലേക്ക് കയറി വന്നതിനു ഒരു ചരിത്രം കൂടെ ഉണ്ടെന്ന് തോന്നുന്നു. ഛോട്ടാ മുംബൈ എന്ന സിനിമയിലൂടെ ആണ് ഷക്കീല പിന്നീട് കേരളത്തിലെ ‘പൊതു’ എന്ന ഇടത്തിലേക്ക് കയറി വരുന്നത്. പിന്നീട് ഇവിടത്തെ മെയിൻ സ്ട്രീം ചാനലുകളിൽ അവരുടെ അഭിമുഖങ്ങൾ പ്രത്യക്ഷപ്പെട്ടു. പക്ഷേ അതിന്റെ കൂടെ അനേകം നടിമാർ അപ്രത്യക്ഷരായി. രേഷ്മ എന്ന നടിയെ ‘വേശ്യാ വൃത്തി’ക്ക് അറസ്റ്റ് ചെയ്യുകയും അവരുടെ വീഡിയോ പോലീസ് സ്റ്റേഷനിൽ വെച്ചു ചിത്രീകരിച്ചു പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. പിന്നീട് അവർക്കു എന്തു പറ്റി എന്നറിയില്ല. കേരളത്തിൽ കാബറേ നിരോധിക്കണം എന്നൊക്കെ പറഞ്ഞു സമരങ്ങൾ പോലും ഉണ്ടായി എന്ന കെട്ടറിവുണ്ട്. ഞങ്ങൾ സ്കൂളൽ പഠിക്കുമ്പോഴാണ് പൈങ്കിളി വാരികകള് നിരോധിക്കണം എന്നു പറഞ്ഞു കൊണ്ട് പൈങ്കിളി വാരികകൾ കത്തിച്ചു കൊണ്ട് എസ് എഫ് ഐ സമരം നടത്തുന്നത്. ഏറ്റവും വലിയ ഒരു കോമഡി ഞങ്ങൾ ബി എ ഇംഗ്ലീഷ് പഠിക്കുന്ന കാലത്ത് ക്ലാസ് റൂമിൽ നിന്നു പഠിച്ചതിനെക്കായാലും ഇംഗ്ലീഷ് മദ്രാസിൽ നിന്നും ഇറങ്ങിയിരുന്ന ജയ് തേ വൻ, സജ്ജൻ തുടങ്ങിയവർ സംവിധാനം ചെയ്ത സോഫ്റ്റ് പോൺ ഇന്ത്യൻ ഇംഗ്ലീഷ് സിനിമകളിൽ നിന്നും സംസാരിക്കാണെങ്കിലും പഠിച്ചിരുന്നു എന്നതാണ്. അവയിലെ ഇന്ത്യൻ ഇംഗ്ലീഷ് കേട്ടാൽ വേഗം മനസ്സിലാകുമായിരുന്നു.
തിരിച്ചു മലയാളിയുടെ ക്ലാസിക്/കൾട്ട് സിനിമാക്കാരുടെ കൂട്ടത്തിൽ പ്പെടുന്ന ഭരതൻ-ജോൺപോളിന്റെ “ഓർമ്മയ്ക്കായി” എന്ന സിനിമയിലേക്ക് തിരികെ വരാം. രാമുവിന്റെ ബാർ സിംഗർ എന്ന കഥാപാത്ര സൃഷ്ടി അത്രയും വംശീയവും ആ തൊഴിലിനെ താഴ്ത്തി കെട്ടുന്ന രീതിയിലുമാണ് ആ സിനിമയിൽ അവതരിപ്പിച്ചത്. രാമു ഒരു ബുള്ളറ്റിൽ ഒക്കെ വരുന്ന സ്റ്റൈലിഷ് ആയ വെസ്റ്റേനൈസ്ഡ് ആയ ഒരു ചെറുപ്പക്കാരൻ അയന്. അയാളെ വീട്ടിൽ കയറ്റാൻ പറ്റാത്തൊരു ‘സൃഷ്ടി’യായിട്ടാണ് നെടുമുടി വേണു അവതരിപ്പിക്കുന്ന കഥാപാത്രം ഒരു ഘട്ടത്തിൽ വായിച്ചെടുക്കുന്നത്.പക്ഷേ, അതേ സമയത്ത് നെടുമുടി വേണു അടക്കമുള്ളവരുടെ തൊഴിലില്ലായ്മയ്ക്കിടയിൽ വീട്ടുവാടക കൊടുത്തതും, ഭക്ഷണച്ചെലവുകൾ പങ്കുവച്ചതും, രക്ഷപ്പെടുത്തിയതും—(all contributed by) എല്ലാം രാമുവിന്റെ ഈ ബാർ സിംഗർ എന്ന തൊഴിൽ തന്നെയാണ്. അതായത്, ഈ കഥാപാത്രം ഒരു തരത്തിൽ സാമ്പത്തികമായി അവരെയൊക്കെ പിന്താങ്ങിയവനാണ്.സ്വാഭാവികമായും, സിനിമ അതിന്റെ “മോറൽ ജഡ്ജ്മെൻ്റ്” പങ്കുവെക്കുന്ന സമയത്ത്, ഒട്ടും അപ്രതീക്ഷിതമല്ലാതെ രാമു ഒരു റേപ്പിസ്റ്റ് ആകുന്നു. പിന്നീട് മാധവി അയാളെ കൊല്ലുന്ന വഴിയിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്.ഫലമായി, കേരളത്തിന്റെ പൊതു ഇടത്തിലേക്ക് കയറ്റാൻ പാടില്ലാത്ത ഒരു തൊഴിൽ രൂപമായും, അതിൽ ഏർപ്പെട്ടിരിക്കുന്നവരെ നീചത്വത്തിലേക്കും തള്ളി വിടുന്ന രീതിയിലുമാണ് ആ സിനിമ അവസാനിക്കുന്നത്.
എം. ജി. ശ്രീകുമാർ എന്ന ഗായകൻ വേടനെ അറിയില്ല എന്നു പറയുമ്പോൾ, അത് ഒരു നൈമിഷിക വർത്തമാനം എന്നതായി എനിക്ക് തോന്നുന്നില്ല. ‘അറിയില്ല’ എന്ന വാക്ക് കേരളത്തിൽ എം ജി ശ്രീകുമാർ പറയുമ്പോൾ അങ്ങനെ ഒരു കാര്യം exist ചെയ്യുന്നില്ല എന്ന ഒരു അര്ത്ഥം ചിലർക്കെങ്കിലും ഉണ്ടായിരിക്കാം. (പക്ഷേ വേടന്റെ കാര്യത്തിൽ നല്ല ഭേഷായി പൊളിഞ്ഞു പോയി) മലയാള സിനിമയിലെ ക്ലാസിക്കൽ/കൾട്ട് സൃഷ്ടികളൊക്കെ ഉണ്ടാക്കിയ സിനിമാ സൃഷ്ടാക്കൾ അപരത്വത്തിലേക്ക് തള്ളി വിട്ട, ഓടിച്ചു വിട്ടത്തിലൂടെയും കൂടെയാണ് എം. ജി. ശ്രീകുമാർ അടക്കം വാഴത്തിപ്പാടുന്ന ‘ശുദ്ധസംഗീതം’ ഉണ്ടാകുന്നത്. കഴിഞ്ഞ നാല്പത് വർഷങ്ങളായി പലതും മറയുകയും, തെളിയുകയും വീണ്ടും മറയുകയും ചെയ്തിട്ടുണ്ട്.വേടനെ അംഗീകരിച്ചാൽ , കേരളീയതയുടെ സാംസ്കാരിക ചരിത്രത്തിൽ ശുദ്ധസംഗീത വാദികൾ തള്ളിപ്പറഞ്ഞ പലതിനെയും അവർക്കു അംഗീകരിക്കേണ്ടതായി വരും. അതിൽ റാപ്പ് സോണുകൾ, പോപ് കൾച്ചറുകൾ, ഡിസ്കോ ഡാൻസുകൾ, വി. ഡി. രാജപ്പന്റെ പാരഡികൾ, മിമിക്സ് പരേഡുകൾ, നാട്ടൻ പാട്ടുകൾ, കാബറേ ഡാൻസുകൾ, സോഫ്റ്റ് പോൺ സിനിമകൾ, പൈങ്കിളി വാരികകൾ തുടങ്ങിയവയും ഉൾപ്പെടും.
ഓരോ കാലത്തും പാരമ്പര്യ മലയാള സാംസ്കാരികതയെ ബോംബ് വെച്ചു പൊട്ടിച്ച പലതരം അപര കലാരൂപങ്ങളെയും മായിച്ചു കളയാനുള്ള അവസാനത്തെ ശ്രമമാണ് ഒരു പക്ഷേ വേടന്റെ കാര്യത്തിൽ “വേടനെ അറിയില്ല” എന്നു എം ജി ശ്രീകുമാർ പറയുന്നതും. പക്ഷേ gen z ഒക്കെ ഇപ്പോ ആരാണ് എം ജി ശ്രീകുമാർ എന്നു ചോദിച്ചു തുടങ്ങിയിട്ടുണ്ട് അതേ പോലെ ഉള്ള മറ്റൊരു കോമഡി ആണ് “വേടൻ കൊള്ളാം, പക്ഷേ കഞ്ചാവ് ഉപേക്ഷിച്ചു നന്നാകണമെന്നും ” എന്ന ഉപദേശികളും
പണ്ട് ഒരു ബാറിലെ ടി വി യിൽ ദേശീയ ഗാനം കേട്ട ഫിറ്റ് ആയ ഒരാൾ ഉറക്കെ വിളിച്ചു പറഞ്ഞു: “ദേശീയ ഗാനമാണ്. എഴുന്നേറ്റ് നിന്നൊളീ..” അതേ പോലെ എം ജി ശ്രീകുമാറിന്റെ വേടനെ അറിയില്ല എന്ന തള്ളലും വേടൻ നന്നാകണം എന്നു പറയുന്നതൊക്കെ kekkumbol എഴുന്നേറ്റു നിന്നു തോഴാനാണ് തോന്നുന്നത്.
—–
No Comments yet!