ജനങ്ങള്‍ ഒരു യുദ്ധം ജയിക്കുമ്പോള്‍,
അതെത്ര ചെറുതോ വലുതോ ആകട്ടെ,
ആ നിമിഷം
രക്തസാക്ഷികള്‍ എവിടെയായിരിക്കുമെന്ന്
നിങ്ങള്‍ ആലോചിക്കാറുണ്ടോ?
അവര്‍-
സ്വയം ത്യജിച്ചവര്‍
അറിയാത്ത പലതും
ജീവിതത്തിലേക്കു കൊണ്ടുവരാന്‍
പോരാട്ടത്തിനിറങ്ങിയവര്‍
സ്വന്തം രക്തത്തേക്കാള്‍ വിലപിടിച്ചത്
സമൂഹത്തിനു നല്‍കാന്‍
സ്വയം ത്യജിച്ചവര്‍.
അവരെക്കുറിച്ചു ചിന്തിക്കാന്‍
എനിക്കിഷ്ടമാണ്
വിലപിക്കാനും സന്തോഷിക്കാനും.
നാം കൂട്ടംകൂടുന്നിടത്തെല്ലാം
തലയ്ക്ക് മുകളില്‍ അവര്‍
വട്ടമിട്ടു പറക്കുന്നുണ്ടാകും,
പുഞ്ചിരിച്ചു കൊണ്ട്,
പൊട്ടിച്ചിരിച്ചു കൊണ്ട്,
ആഹ്ലാദത്തിമര്‍പ്പില്‍
പരസ്പരം കയ്യടിച്ചുകൊണ്ട്.
അവര്‍ ചിന്തിയ രക്തം ഉണങ്ങി
പനിനീര്‍ ദളങ്ങളായി മാറി
നിങ്ങളുടെ കവിളില്‍ അനുഭവപ്പെടുന്ന
സ്പര്‍ശനം
നിങ്ങളുടെ കണ്ണീര്‍ മാത്രമല്ല
ഈ ഓളങ്ങള്‍ കൂടിയാണ്.
രക്തസാക്ഷികള്‍ ഒരിക്കലും ഖേദിക്കുന്നില്ല
ചെയ്തതിലും ചെയ്യേണ്ടി വന്നതിലും
അവര്‍ നെറ്റി ചുളിക്കുന്നുമില്ല.
വിസ്മയകരമാണ്
അവര്‍ നമുക്കുമുകളില്‍
നമുക്കരികില്‍ നിലകൊള്ളുന്നത്
നമ്മുടെയുള്ളിലും അവരുണ്ട്
ഓരോ സൂര്യോദയത്തിലും
അവര്‍ രശ്മികളാകുന്നു.
*****
വിവ: വി.കെ. ഷറഫുദ്ദീന്‍
No Comments yet!