പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് ഈ ഉപഭൂഖണ്ഡത്തിലേക്ക് വ്യവസായവത്കരണമെത്തുന്നത്. ബോംബെ പ്രവിശ്യയില്‍ ഈ പ്രവര്‍ത്തനമെത്തിയത് പരുത്തി തുണികള്‍ ഉത്പാദിപ്പിച്ച പുതിയ ടെക്‌സ്‌റ്റൈല്‍ മില്ലുകളായിട്ടായിരുന്നു. പരുത്തിയ്ക്കു പകരം തുണി തന്നെ കയറ്റുമതി ചെയ്യുന്നത് അമേരിക്കയിലെ അടിമകളെ ഉപയോഗിച്ചു ഉത്പാദിപ്പിക്കുന്ന പരുത്തിയേക്കാള്‍ വിപണിലാഭം നല്‍കുന്നു എന്ന് ബ്രിട്ടീഷുകാര്‍ കണ്ടെത്തി. (1) ഈ ആവശ്യത്തിന്റെ പൂര്‍ത്തീകരണത്തിനായി ഗുജറാത്തികള്‍, പാര്‍സികള്‍ മുസ്‌ളീമുങ്ങള്‍ക്കിടയിലെ ചില വ്യാപാരി വിഭാഗങ്ങള്‍ എന്നിങ്ങനെയുള്ളവര്‍ ബോംബെയില്‍ മില്ലുകള്‍ സ്ഥാപിക്കാനാരംഭിച്ചു. (2)
ഇവയില്‍ പുതിയ ജോലി തേടി മഹാരാഷ്ട്രയിലെമ്പാടുനിന്നും ജാതിവ്യവസ്ഥ മൂലം അടിച്ചമര്‍ത്തപ്പെട്ട ഗ്രാമീണര്‍ നഗരത്തിലെത്തി. ഇവരില്‍ പലരും ഗ്രാമങ്ങളിലെ ദാക്ഷിണ്യമൊട്ടുമില്ലാത്ത ജാതിവ്യവസ്ഥയ്ക്കു കീഴിലുള്ള ജീവിതത്തിനൊരു പകരം അന്വേഷിക്കുന്നവരായിരുന്നു. ദൈനംദിനാപമാനങ്ങളില്‍ നിന്ന് ഇത്തിരി ആശ്വാസവും അവരുടെ ഭാവി തലമുറകള്‍ക്ക് പുതിയ സാധ്യതകളും തേടുകയായിരുന്നു അവര്‍.
വ്യാവസായിക വിപ്‌ളവത്തിന്റെ കെണികളെക്കുറിച്ച് നല്ല അറിവുള്ള ഇക്കാലത്തെ ശരാശരി വായനക്കാര്‍ക്കറിയാവുന്നതുപോലെ അവരെ കാത്തിരുന്നത് കൂടുതല്‍ ക്‌ളേശങ്ങളായിരുന്നു.

മില്ലുകളിലെ ജോലി കഠിനമായിരുന്നു. ദീര്‍ഘമണിക്കൂറുകള്‍ അവര്‍ക്ക് ജോലി ചെയ്യേണ്ടി വന്നു. ദിവസത്തില്‍ എത്ര മണിക്കൂര്‍ ജോലി എന്നതു നിജപ്പെടുത്തിയിട്ടില്ലായിരുന്നു. ഇടവേളകളും അനുവദിച്ചിരുന്നു. ഈ ജോലികളിലേക്ക് കുട്ടികളെ വകതിരിവുകളില്ലാതെ നിയമിച്ചിരുന്നു. ജോലിസ്ഥലത്തെ അപകടങ്ങളെ നേരിടുന്നതിനവര്‍ക്ക് പോലും സുരക്ഷകള്‍ നല്‍കിയിരുന്നില്ല. നഗരം പക്ഷേ അവര്‍ക്ക് ചില ആശ്വാസങ്ങള്‍ നല്‍കി. സാധ്യതകളില്‍ മാറ്റം നല്‍കി. എന്നാല്‍ ചെയ്യാന്‍ പിന്നെയും പലതുമുണ്ടായിരുന്നു.മില്‍ തൊഴിലാളികളെ ആദ്യം സംഘടിപ്പിച്ചത് ജ്യോതിബ ഫൂലെയും സത്യശോധക് സമാജുമായിരുന്നു. അക്കാലമായപ്പോഴേക്കും അറിയപ്പെടുന്ന ജാതിവിരുധ സാമൂഹിക വിപ്‌ളവകാരിയായിട്ടുണ്ടായിരുന്നു ജ്യോതിഫ ഫൂലെ. സത്യശോധ സമാജിനു മഹാരാഷ്ട്രയുടെ പല ഭാഗങ്ങളിലും സാന്നിദ്ധ്യമുണ്ടായിരുന്നു. (3)

അവര്‍ ദളിത് വിഭാഗങ്ങളായിരുന്നില്ല എങ്കിലും അടിച്ചമര്‍ത്തപ്പെട്ട ജാതികളില്‍ പെട്ടവരായിരുന്നു. അവര്‍ അവര്‍ക്കായി സങ്കീര്‍ണ്ണവും പരിഷ്‌കൃതവുമായ സാമൂഹിക ചട്ടക്കൂടുകള്‍ വികസിപ്പിച്ചിരുന്നു. അവര്‍ നിസ്സന്ദേഹം അവര്‍ അനുഭവിക്കുന്ന അടിച്ചമര്‍ത്തലിന്റെ നിര്‍മ്മിതി ജാതി വ്യവസ്ഥയില്‍ നിന്നാണെന്ന് തിരിച്ചറിഞ്ഞു. അവര്‍ അനുഭവിച്ചുകൊണ്ടിരുന്ന സാമ്പത്തികവും സാമൂഹികവുമായ പരാധീനതകള്‍ അതില്‍ നെയ്യപ്പെട്ടിരിക്കുന്നതാണെന്നും തിരിച്ചറിഞ്ഞു. അതിനാല്‍ അവര്‍ ഭൂമിയുടമസ്ഥരായ, തൊഴില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന, പണമിടപാടുകള്‍ നടത്തുന്ന ഭരണവര്‍ഗ്ഗത്തിലുള്ള ജാതികളെ വെല്ലുവിളിച്ചു. ഇതേ ഭരണവര്‍ഗ്ഗത്തിലുള്ളവര്‍ തന്നെയാണൊരാചാരക്രമത്തിന്റെ രൂപത്തില്‍ അധികാരക്രമം നിലനിര്‍ത്തിയതും അടിച്ചമര്‍ത്തിവച്ചിരുന്ന ജാതികളില്‍ പെട്ടവരെ അനേകം തലമുറകളായി, പൂര്‍ണ്ണ അടിമത്തമില്ലെങ്കില്‍ അതിനരികില്‍ നില്‍ക്കുന്ന അവസ്ഥയില്‍ നിലനിര്‍ത്തിയതും. അതിനാല്‍ 1880 കളായപ്പോഴേക്കും അവര്‍, ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന പീഢിത ജാതിവിഭാഗത്തിന്റെ കരുത്തിനെ പ്രതിനിധീകരിക്കുന്ന, `ബഹുജന്‍ സമാജ്` (3) എന്ന ഭാഷ ഉപയോഗിച്ചു തുടങ്ങിയിരുന്നു. 1970കളില്‍ സാഹെബ് കാന്‍ഷിറാമാണതിനു പിന്നെ പുതിയ ഊര്‍ജ്ജം പ്രദാനം ചെയ്തത്.

സത്യശോധക്കുകാര്‍ പലവശങ്ങളിലൂടെ പ്രവര്‍ത്തിച്ചു. അവര്‍ മില്‍ ഹാന്‍ഡ്‌സ് അസോസിയേഷന്‍ എന്ന പേരില്‍ തൊഴിലാളികളെ ആദ്യമായി സംഘടിപ്പിച്ചു. തൊഴിലിലേക്കാളെയെടുക്കുന്നവരുമായും, മില്‍ ഉടമകളുമായും മെച്ചപ്പെട്ട ജോലി സമയം, മെച്ചപ്പെട്ട പരിഗണനകള്‍, അവുധി ദിവസങ്ങള്‍, ആരോഗ്യ സംരക്ഷണം എന്നിവയ്ക്കായി വിലപേശി.(4) അതിനൊപ്പം അവര്‍ ജാതിവ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗബാധകള്‍ അവസാനിപ്പിക്കുന്നതിനും, സ്ത്രീകളും വിദ്യാസമ്പന്നരും നേരിടുന്ന സാമൂഹിക അടിച്ചമര്‍ത്തലിനെതിരെയും പ്രവര്‍ത്തിച്ചു. (ഔപചാരിക വിദ്യഭ്യാസത്തിനു ജാതിവ്യവസ്ഥ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പക്ഷേ ഫൂലെ ഉള്‍പ്പെടെയുള്ള പല സത്യശോധക് പ്രവര്‍ത്തകരും ബ്രിട്ടീഷ് മിഷനറിമാരുടെ സഹായത്തോടെ ഔപചാരിക വിദ്യഭ്യാസം നേടി. ഇത് ഉന്നത ജാതിക്കാരെ അലോസരപ്പെടുത്തി. ബ്രിട്ടീഷുകാര്‍ കോണ്‍വന്റ് സ്‌കൂളുകള്‍ തുറന്ന് അതിലേക്ക് എല്ലാവരേയും പ്രവേശിപ്പിച്ചിരുന്നു.)

പൊതുവില്‍ അവരാണ് ഇന്ത്യയിലെ തൊഴിലാളി പ്രസ്ഥാനത്തിനു വഴിയൊരുക്കിയവര്‍. സത്യശോധക് സംഘാടകരില്‍ ഒരാളായ നാരായണ്‍ ലോഖണ്ഡെയെ ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി നേതാവായി കരുതപ്പെടുന്നു. അദ്ദേഹത്തെ ”ട്രെയ്ഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ (ഇന്ത്യന്‍) പിതാവ്” എന്നും വിളിക്കുന്നുണ്ട്. (4)
നൂറ്റാണ്ടിന്റെ അവസാനത്തോടെ ദേശീയ പ്രസ്ഥാനങ്ങള്‍ വേരുപിടിച്ചു തുടങ്ങി. അതിനു ചുറ്റിലുമുള്ള പ്രസ്ഥാനങ്ങള്‍ അധികവും ചൂഷക ജാതികളാല്‍ നയിക്കപ്പെടുന്നവയായിരുന്നു. ”വീണ്ടും ഭരിക്കാനുള്ള അഭിലാഷ”ത്തിന്റെ ഭാഷയിലാണവര്‍ സംസാരിച്ചത്. അടിച്ചമര്‍ത്തപ്പെട്ട വിഭാഗമാകട്ടെ ഇതിനെ അവിശ്വാസത്തോടെയും ദോഷാനുദര്‍ശനത്തോടേയും വീക്ഷിച്ചു. മറുവിഭാഗത്തെ ഭരണം എന്നാല്‍ എന്താണെന്ന് അവര്‍ക്ക് അറിയാമായിരുന്നു. പക്ഷേ ബ്രിട്ടീഷ് വിരുദ്ധ വികാരം പടര്‍ന്ന് പിടിക്കുക എളുപ്പമായിരുന്നു. അതുമൂലം സത്യശോധക് സമാജ പ്രവര്‍ത്തകരുടെ സ്വാധീനം മങ്ങിത്തുടങ്ങി. ദേശീയതാവാദികളും കമ്മ്യൂണിസ്റ്റുകാരും അവരുടേതായ യൂണിയനുകളുമായി പ്രവര്‍ത്തനങ്ങളാരംഭിച്ചു.
എന്നാല്‍ ഈ പ്രസ്ഥാനങ്ങള്‍ തൊഴിലാളികളെ സംഘടിപ്പിച്ചതിന്റെ മാതൃകയ്ക്ക് വളരെ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. അത് ഗെയ്ല് ഓംവെദ്ത് അവരുടെ രണ്ടു ഭാഗങ്ങളിലായി എഴുതപ്പെട്ടിരിക്കുന്ന ‘നോണ്‍ ബ്രാഹ്‌മന്‍സ് ആന്‍ഡ് കമ്മ്യൂണിസ്റ്റ്‌സ് ഇന്‍ ബോംബെ’യില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ പ്രസ്ഥാനങ്ങളുടെയൊന്നും നേതാക്കള്‍ തൊഴിലാളികളായിരുന്നില്ല. അവര്‍ ഉന്നത ജാതിക്കാരായിരുന്നു. പലപ്പോഴും ബ്രാഹ്‌മണരായിരുന്നു. അവരുടെ സമൂഹത്തിലെ സ്ഥാനത്തിന് അവര്‍ സംഘടിപ്പിച്ചുകൊണ്ടിരുന്ന തൊഴിലാളികളുടേതുമായി യാതൊരു സാരൂപ്യവുമില്ലായിരുന്നു. ഈ പ്രശ്‌നത്തെ പ്രതി തൊഴിലാളികള്‍ നിശ്ശബ്ദരായില്ല. ഇവരുടെ നേതൃത്വത്തെ അംഗീകരിക്കുന്ന കാലഘട്ടങ്ങള്‍ക്കിടയില്‍ തന്നെ `ബാഹ്യ നേതൃത്വ` മാതൃകക്കെതിരെ എതിര്‍പ്പുകളുമുണ്ടായിക്കൊണ്ടിരുന്നു. പല തൊഴിലാളികാളും അത് ഉചിതമല്ലാത്തതെന്നും ചേര്‍ച്ചയില്ലാത്തതെന്നും കരുതി. അതിനാല്‍ ഉടനീളം ചെറുത്തു നില്‍പ്പുകളുമുണ്ടായി. (3)
1928ല്‍ ആറുമാസക്കാലം നീണ്ടുനിന്ന ബോംബെ ടെക്‌സ്‌റ്റൈല്‍ തൊഴിലാളി സമരത്തില്‍ ഈ സംഘടനാ മാതൃകകളില്‍ അംബേദ്കര്‍ അലോസരപ്പെട്ടിരുന്നു. അസഹ്യപ്പെട്ടിരുന്നു. എന്നിരുന്നാലും അദ്ദേഹം സമരത്തില്‍ പങ്കുചേരാന്‍ തീരുമാനിച്ചു. പ്രത്യേകിച്ചും ദളിത് തൊഴിലാളികള്‍ക്കൊപ്പം നില്‍ക്കാനും തീരുമാനിച്ചു. അക്കാലത്ത് അദ്ദേഹം ചില നിര്‍ണ്ണായകമായ കാര്യങ്ങള്‍ ശ്രദ്ധിക്കുകയുണ്ടായി. നെയ്ത്തു ജോലികള്‍ ദളിത് തൊഴിലാളികളെ എല്പിക്കാറില്ല. പ്രത്യേകിച്ചും ദളിത്-ഇതര തൊഴിലാളികളുടെ ഉമിനീരു നൂല്‍ നനയ്ക്കുന്നതുമായി ബന്ധപ്പെട്ട ജോലികള്‍ (അവരും പീഢിത ജാതികളില്‍ പെട്ടവരായിരുന്നു). ദളിതുകള്‍ അവര്‍ക്കൊപ്പം ജോലി ചെയ്യുന്നുണ്ടെങ്കില്‍ അത്തരം നൂലുകളുടെ ബോബ്ബിനുകള്‍ കൈകാര്യം ചെയ്യാന്‍ അവര്‍ വിസ്സമ്മതിച്ചു. തൊഴിലാളികളാണെങ്കിലും അവരപ്പോഴും അസ്പര്‍ശ്യരായിരുന്നു. നെയ്ത്തുകാര്‍ക്ക് കൂടുതല്‍ വേതനവും ലഭിച്ചിരുന്നു. അസ്പര്‍ശ്യനായ ഒരു വ്യക്തി തന്നേക്കാള്‍ കൂടുതല്‍ വേതനം വാങ്ങുക എന്നത് ദളിത്-ഇതര തൊഴിലാളികള്‍ക്ക് സങ്കല്പിക്കാനാകുന്നതല്ലായിരുന്നു.
കമ്മ്യൂണിസ്റ്റുകാര്‍ക്ക് ജാതി എന്ന പ്രശ്‌നത്തെ തുറന്നു വയ്ക്കാന്‍ താത്പര്യമില്ലായിരുന്നു. അവര്‍ വര്‍ഗ്ഗത്തെയാണു മുന്നിലേക്കു വയ്ക്കുന്നതെന്ന് പലപ്പോഴും പറയാറുണ്ട്. മതത്തിലെ ജന്മിത്തത്തിന്റെ നിര്‍ഭാഗ്യകരമായ പാര്‍ശ്വഫലം മാത്രമാണ് ജാതി എന്ന അവരുടെ മനസിലാക്കലിന്റെ അടിസ്ഥാനത്തിലാണവരുടെ ആദര്‍ശത്തിന്റെ ചട്ടക്കൂട് അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്. സാമ്പത്തിക ചലനക്ഷമതയുണ്ടെങ്കില്‍ അത് യാന്ത്രികമായി തുടച്ചു നീക്കപ്പെടും എന്നവര്‍ വിശ്വസിച്ചു. എന്റെ വീക്ഷണത്തില്‍ ഇത് ഗര്‍വ്വിഷ്ടമായ സമ്പത് വ്യവസ്ഥയുടെ സമീപനം മാത്രമല്ല. ഇതൊരു അവധാനക്കുറവോ നോട്ടപ്പിശകോ അല്ല.
ഇന്ത്യന്‍ സമൂഹത്തിലെ അടിസ്ഥാന സംഘടനാ ഘടനയായി കമ്മ്യൂണിസ്റ്റ് സംഘാടകര്‍ യാഥതഥമായി ജാതിയെ കാണുകയായിരുന്നു എങ്കില്‍, അവര്‍ക്ക് ചരിത്രപരവും വ്യക്തിപരവുമായ അവരുടെ തന്നെ ആഴത്തിലുള്ള സങ്കീര്‍ണ്ണതകളുമായി ഏറ്റുമുട്ടേണ്ടി വരുമായിരുന്നു. അവര്‍ തന്നെ സ്വയം വന്നത് ചൂഷകരുടെ നീണ്ട വംശാവലിയില്‍ നിന്നാണ്. അതിനര്‍ത്ഥം പീഢിത ജാതികളില്‍ പെട്ട തൊഴിലാളികളുടെ നേതാക്കള്‍ എന്ന നിലയില്‍ അവരുടെ സ്വന്തം സ്ഥാനമെന്തന്നതിനോട് അവര്‍ക്ക് തന്നെ ഒരു തണുപ്പന്‍ വീക്ഷണം നല്‍കേണ്ടി വരും എന്നാണ്. അതേ സമയം, പെറ്റി ബൂര്‍ഷ്വ എന്ന വര്‍ഗ്ഗ സ്ഥാനം മിക്കവാറും സ്വീകാര്യവും, ചലനാത്മകവും, പരിവര്‍ത്തനാത്മകവും ഒരു പക്ഷേ ഇത്തിരി നവവുമാണ്. എന്നാല്‍ ജാതി, അഗാധതയിലുള്ള ജീവനുള്ള ഫോസിലാകുന്നു. രക്തച്ചുവയുള്ളതും രക്തം വഹിക്കുന്നതുമാകുന്നു. ചിലതിലെങ്കിലും അത് വല്ലാത്തൊരു യാഥാര്‍ത്ഥ്യവുമാകുന്നു.
സമരത്തിനിടയില്‍ അംബേദ്കര്‍ തൊഴിലാളികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഈ ജാതി വ്യത്യാസം ചൂണ്ടിക്കാണിക്കുകയുണ്ടായി. എന്തുകൊണ്ടാണ് ദളിത് തൊഴിലാളികളെ നെയ്ത്തുകാരായി ജോലി ചെയ്യാന്‍ അനുവദിക്കാത്തത്? അതിനുത്തരമെന്ന നിലയില്‍ ദളിത്-ഇതര തൊഴിലാളികളും മില്‍ ഉടമസ്ഥരും നിസ്സഹായതയോടെ പരസ്പരം വിരല്‍ ചൂണ്ടി. (5)
ഇത് അംബേദ്കറില്‍ വലിയ അസംതൃപ്തിയ്ക്കും നിരാശയ്ക്കും കാരണമാക്കി. (ഇടതിടങ്ങളുമായി ഇടപെറ്റുന്ന പല ദളിതുകള്‍ക്കും ഈ വികാരങ്ങള്‍ നിര്‍ഭാഗ്യകരമെന്നു പറയട്ടെ ഇന്നും ബന്ധപ്പെടുത്താനാകുന്നതാണ്.) ഇത്തരം തൊഴിലാളി പ്രസ്ഥാനങ്ങള്‍ യഥാര്‍ത്ഥ ഗുണം നല്‍കണമെങ്കില്‍ ”തൊഴില്‍ വിഭജനം” മാത്രമല്ല ”തൊഴിലാളികളുടെ വിഭജനവും” കൈകാര്യം ചെയ്യപ്പെടേണ്ടതുണ്ട് എന്നദ്ദേഹം അടിവരയിട്ടു പറഞ്ഞു. ബഹിഷ്‌കൃത് ഭാരത് എന്ന തന്റെ ആനുകാലികത്തില്‍ അദ്ദേഹം ഉപയോഗിച്ച മൂര്‍ച്ചയുള്ള വാക്കുകള്‍ കാണുക:
ലെനിന്‍ ഇന്ത്യയിലായിരുന്നു ജനിച്ചതെങ്കില്‍ അദ്ദേഹം ആദ്യം ജാതിവ്യവസ്ഥയേയും തൊട്ടുകൂടായ്മ എന്ന ശീലത്തേയും കുഴിച്ചുമൂടുമായിരുന്നു. ഇതു ചെയ്യാതെ അദ്ദേഹം രാജ്യത്ത് തൊഴിലാളി വര്‍ഗ്ഗത്തിന്റെ വിപ്‌ളവം എന്നതിനെക്കുറിച്ച് ചിന്തിക്കുകയില്ലായിരുന്നു. ഇക്കാലമത്രയും ദളിത് തൊഴിലാളികള്‍ കമ്മ്യൂണിസ്റ്റ് യൂണിയനുകളില്‍ തുടര്‍ന്നു. അതിനൊപ്പം, അവര്‍ സ്വന്തമായും ചിലതെല്ലാം സംഘടിപ്പിച്ചുകൊണ്ടിരുന്നു. അവര്‍ ഫൂലെ-അംബേദ്കര്‍ തത്ത്വങ്ങളിലൂടെ അവരുടെ ജനതതിയെ വിദ്യാസമ്പന്നരാക്കാനും, സൗകര്യങ്ങളിലേക്ക് അവര്‍ക്കുള്ള പ്രവേശനം വിപുലമാക്കാനും, സാമൂഹ്യ സമത്വം ആവശ്യപ്പെടാനും പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. (6)
1930കളോടെ ദളിതുകള്‍ക്ക് ദേശം, തൊഴില്‍ എന്നിവയ്ക്കായി അവരുടേതായ സമീപനം ആവശ്യമുണ്ടെന്ന് അംബേദ്കര്‍ തിരിച്ചറിഞ്ഞു. യഥാര്‍ത്ഥ സാമൂഹികാവശ്യങ്ങളോട് പ്രതികരിക്കുനന്തും വ്യതിരിക്തവുമായ ഒന്നായിരിക്കണം അതെന്നും തിരിച്ചറിഞ്ഞു. (7) അതിനായി അദ്ദേഹം 1938 ല്‍ ഇന്‍ഡിപെന്‍ഡന്റ് ലേബര്‍ പാര്‍ട്ടി (ഐ.എല്‍.പി) സ്ഥാപിച്ചു. ഇതുവഴി ദളിതുകളും അംബേദ്കറും തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്കായി നിലകൊള്ളുന്നത് തുടര്‍ന്നു. സമരങ്ങള്‍ നിയമവിരുദ്ധങ്ങളാക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി നടപടികളെടുത്തപ്പോള്‍ അംബേദ്കര്‍ അത്യാവേശത്തോടെയുള്ള വെല്ലുവിളികള്‍ വര്‍ദ്ധിപ്പിച്ചു. ”സമരം ഒരു കുറ്റകൃത്യമല്ല. സമരം ചെയ്തതിനു തൊഴിലാളികളെ ശിക്ഷിക്കുന്നത് അവരെ അടിമകളാക്കുന്നതിനു തുല്യമാണ്.” എന്നദ്ദേഹം പറയുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ബില്ലിനെതിരെ ഐ.എല്‍.പി സമരം പ്രഖ്യാപിച്ചു (അതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സി പി ഐ)യുടെ അംഗങ്ങളും നേതാക്കളുമുണ്ടായിരുന്നു.) ബില്‍ റദ്ദാക്കലിലാണതവസാനിച്ചത്.(7)
അദ്ദേഹവും അദ്ദേഹത്തിനൊപ്പം നിന്നവരും കണ്ടെത്തിയ തൊഴിലാളി സേവനങ്ങളുടെ ചരിത്രത്തിലെ ഒരു ചെറിയ ഭാഗം മാത്രമാണ് ബോംബെ ടെക്‌സ്‌റ്റൈല്‍ വര്‍ക്ക്‌ഴേസ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടുള്ള അംബേദ്കറിന്റെ പ്രവര്‍ത്തനങ്ങള്‍. എന്നാല്‍ ജാതി വ്യവസ്ഥ നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ തൊഴിലാളി സംഘാടനം നേരിടുന്ന വെല്ലുവിളികള്‍ മനസിലാക്കാനും വളരെ കൃത്യമായി ചിത്രീകരിക്കാനും അതിനാകും.
അംബേദ്കറിനു ശേഷം, 1970കളിലേയും എണ്‍പതുകളിലേയും ദളിത് പാന്ഥറുകള്‍ ഈ പാരമ്പര്യം തുടരുകയുണ്ടായി. അവരും ടെക്‌സ്‌റ്റൈല്‍ പ്രസ്ഥാനങ്ങളില്‍ സമാനമായ അന്യവത്കരണം അനുഭവിക്കുകയുണ്ടായി.
ജാതിയും സമൂഹവുമായി ബന്ധപ്പെട്ട കമ്മ്യൂണിസ്റ്റ് മനോഭാവങ്ങളില്‍ ഇപ്പോള്‍ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടെങ്കിലും അതെല്ലാം വല്ലാതെ വൈകിയെന്നും വല്ലാതെ കുറഞ്ഞുപോകുന്നു എന്നുമുള്ള ചിന്തയുണ്ടാകുന്നു. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതൃത്വം അവരുടെ മന്ദഗതിയില്‍ പഠിക്കുന്ന, ബ്രാഹ്‌മണരെ രക്ഷിക്കുന്ന, നിശ്ചയങ്ങള്‍ എന്നൊന്നില്ലാത്ത, ഐക്യത്തെ മനസിലാക്കാത്ത, വലത്തോട്ടുള്ള പുതിയ തിരിവിനു രാസത്വരവിധേയമാകുന്ന സാന്ദ്രതയുള്ള മാര്‍ഗ്ഗത്തിലൂടെ തുടര്‍ന്നു.
വിവ : സുരേഷ് എം. ജി
പരാമര്‍ശങ്ങള്‍:
1. Logan, Frenise A. ‘India – Britain’s Substitute for American Cotton, 1861-1865.” The Journal of Southern History 24.4 (1958): 472-480.
2. Medhora, Phiroze B. ‘Entrepreneurship in India.’ Political Science Quarterly 80.4 (1965): 558-580.
3. Omvedt, Gail. ‘Non-Brahmans and Communists in Bombay.’ Economic and Political Weekly (1973): 749-759.
4. Pandit, Nalini. ‘Narayan Meghaji Lokhande: The Father of Trade Union Movement in India.’ Economic and Political Weekly (1997): 327-329.
5. B. R. Kamble (translator), Bahishkrit Bharat (A Newspaper in Marathi founded by Dr.Babasaheb Ambedkar in April 1927), Part 4, Kolhapur: Dr Babasaheb Ambedkar Research. Institute in Social Growth, 2012, pp. 68-69; 216-217.
6. Satyendra More, Memoirs of a Dalit Communist: The Many Worlds of R B More.
7. Geetha, V. Bhimrao Ramji Ambedkar and the Question of Socialism in India. Palgrave Macmillan, 2021.
******
ബോംബെ ടെക്‌സ്‌റ്റൈല്‍ തൊഴിലാളികളുടെ ചരിത്രം പൂര്‍ണ്ണമായും പറയുന്ന അഞ്ചു ഭാഗങ്ങള്‍ `ഒരിക്കലും അവസാനിക്കാത്ത സമരം` വായിക്കാന്‍ https://www.groundxero.in/2019/06/03/the-strike-that-never-ended/ സന്ദര്‍ശിക്കാവുന്നതാണ്.
Courtesy : groundxero
No Comments yet!