നേര് ചൊല്ലാന്‍ സമയമില്ലാത്ത കാലത്ത് കവിതകളിലൂടെ തന്റെ വിചാരങ്ങള്‍ക്ക് അര്‍ത്ഥവും ഉയിരും നല്‍കാന്‍ തുനിയുന്നത് എന്തിന്? നേരും നുണയും പരസ്പരം മാറിപ്പോകുന്ന, യാഥാര്‍ത്ഥ്യത്തെ വ്യാജബിംബ വിതാനങ്ങളോടെ വക്രീകരിക്കുന്ന സത്യാനന്തരകാലത്ത് ഈ കവിതകള്‍ നിര്‍വഹിക്കുന്നതെന്ത്? ആത്മഹന്താവിനോട് ഒരു വാക്ക്, മടങ്ങിവരുന്ന കവിതകള്‍, ഉരഗം, ശിഥിലം എന്നീ കവിതാസമാഹാരങ്ങള്‍ക്ക് ശേഷം ‘നേര് ചൊല്ലാന്‍ സമയമില്ല’ എന്ന കവിതാ സമാഹാരത്തില്‍ എത്തുമ്പോഴും ബാലു പുളിനെല്ലിയുടെ കവിതകള്‍ ദുരൂഹബിംബങ്ങളിലൂടെ, ക്ലിഷ്ടപദാവലികളിലൂടെ, അമൂര്‍ത്ത പ്രതീകങ്ങളുടെ ആലഭാരങ്ങളിലൂടെ, അതിഭാവുകത്വ വിനിമയങ്ങളിലൂടെ സത്യത്തെ കവിതയുടെ സ്വര്‍ണപാത്രം കൊണ്ട് മൂടിവയ്ക്കാന്‍ ശ്രമിക്കുന്നില്ല എന്നതാണ് നേര്. ‘നേരെ വാ നേരേ പോ’ എന്ന മട്ടില്‍ ഭാഷയുടെ പുതുവഴക്കങ്ങള്‍, ചൊല്‍ത്താളവട്ടങ്ങള്‍, സമകാലിക ഉത്കണ്ഠകളില്‍ വിങ്ങുന്ന ആശയവിചാരങ്ങള്‍, ഭാവാത്മകമായ ഉള്‍തെളിച്ചങ്ങള്‍, നീതിയുടെയും മനുഷ്യാന്തസ്സിന്റെയും നേര്‍വിനിമയങ്ങള്‍ എന്നിവയെ തോറ്റിയുണര്‍ത്തുന്നു. നാട്ടു മണ്ണിന്റെയും ഗ്രാമീണ ജീവിത പരിസരങ്ങളുടെയും നാടോടി ജ്ഞാനദാര്‍ഢ്യങ്ങളുടെയും കരുത്തുകൊണ്ട് കവിതയെ ഒരു ജൈവാഖ്യാനമായി രൂപപ്പെടുത്തുന്നു. കുത്തക മുതലാളിത്തവും വിപണിയും നമ്മുടെ ജൈവസ്വരൂപങ്ങളെ വികൃതമാക്കുകയും ശിഥിലമാക്കുകയും സത്ത ചോര്‍ത്തിക്കളഞ്ഞ്ചരക്കാക്കി മാറ്റുകയും ചെയ്യുന്ന സംസ്‌കാര വ്യവസായ (Culture Industry) കാലത്ത് ഈ കവിതകള്‍ അത്തരം ആസൂത്രിത നീക്കങ്ങള്‍ക്കെതിരെയുള്ള പ്രതിരോധം കൂടിയാണ്. സത്യാനന്തരകാലത്ത് ബാലു പുളിനെല്ലിയുടെ കവിതകള്‍ ഭാവാത്മകമായി ഉയിരെടുക്കുന്നത് ആഖ്യാനത്തിന്റെയും അനുഭവത്തിന്റെയും സത്യസന്ധത കൊണ്ടാണ്. വെര്‍ച്ച്വല്‍ റിയാലിറ്റിയുടെയും നിര്‍മ്മിത ബുദ്ധിയുടെയും വ്യാജോക്തികളെയും സമ്മതികളെയും പ്രതിരോധിക്കാനും അതിന്റെ അകക്കാമ്പില്ലായ്മയെ അനാവൃതമാക്കാനും ഈ കവിതകള്‍ക്ക് കഴിയുന്നത് സ്വാനുഭവത്തിന്റെ സൂക്ഷ്മമായ സാംശീകരണത്തിലൂടെയും ഭാവാത്മകമായ പങ്കുവെക്കലിലൂടെയുമാണ്. നാളിതുവരെ ബാലു പുളിനെല്ലി എഴുതിയ കവിതകള്‍ വായിക്കുകയും കവിതകള്‍ മുന്നോട്ടുവെക്കുന്ന പ്രമേയ – ആഖ്യാന വൈവിധ്യങ്ങള്‍ ബോധ്യപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഇത്തരം ചില ആലോചനകള്‍ക്ക് പ്രേരണ നല്‍കി ‘നേര് ചൊല്ലാന്‍ സമയമില്ല’ എന്ന പുതിയ കവിത സമാഹാരത്തിന്റെ വായനയും.
‘വാ തുറന്നാല്‍ നുണ പറയുന്ന / വാമനന്മാര്‍ക്ക് സേവ ചെയ്യുന്ന / വാനരന്മാര്‍ നിറയുന്ന നാട്ടില്‍ /പുഞ്ചിരിക്കുന്നതെന്തിന്നു പൂവേ’ എന്ന് ‘ശിഥിലം’ എന്ന കവിതാസമാഹാരത്തിലെ ‘സ്മരണിക’ എന്ന കവിതയില്‍ പൂവിനോടുള്ള ചോദ്യത്തില്‍ കാലാകാലങ്ങളായി മലയാള ഭാവനയെ നിറവോടെ ഊട്ടിയ ഓണം എന്ന സങ്കല്‍പ്പത്തിന്റെ ഉള്‍പൊരുള്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഓണം വന്നാലും ഉണ്ണി പിറന്നാലും കുമ്പിളില്‍ കഞ്ഞി പോലും കിട്ടാത്ത കോരന്റെ നേരൊച്ചകള്‍ ലിപികളായി രൂപമെടുക്കുകയാണ്. ഓര്‍മ്മ പോലും ഭാരമാകുന്ന പ്രതീതി യാഥാര്‍ത്ഥ്യത്തിന്റെ വേഗ-സംത്രാസങ്ങളില്‍ ‘ഓര്‍മ്മയില്‍ മാത്രം ജീവിക്ക പൂവേ / ഓര്‍മ്മയില്ലാത്ത ലോകത്തിലിന്നും’ നിരര്‍ത്ഥകമാണെന്നറിഞ്ഞിട്ടും പൂവിനെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ സങ്കടവുമുണ്ട്.
നാട്ടു ജീവിതങ്ങളും അനുഭവങ്ങളും ഓര്‍മ്മകളും ഉച്ചത്തില്‍ സംസാരിക്കുന്ന ചില ചോദ്യങ്ങള്‍ കൊണ്ട് നമ്മുടെ സോ കോള്‍ഡ് ജീവിതത്തെ പൊറുതിമുട്ടിക്കുന്നതിന്റെ തിണര്‍പ്പുകള്‍ പല കവിതകളിലും കാണാം. കര്‍ഷകരുംഅതിസാധാരണക്കാരായ മനുഷ്യരും മഴയും കുളവും പുഴക്കടവും നിസ്വരുടെ കൂരയും കാലത്തോടും, വേഗതയില്‍ സ്വയം മറന്ന അഭിനവ മാന്യതയോടും കലഹിക്കുന്നത് കാണാം.
‘ആരാണിന്നലെ
സത്യത്തിന്റെ
നീറുന്ന കനല്‍
ഊതിക്കെടുത്തിയത്?
ആരാണ് ഗാന്ധിയെ
മരിച്ചിട്ടും
വിടാതെ പിന്‍തുടര്‍ന്ന്
വീണ്ടും വീണ്ടും
ഊരുവിലക്കുന്നത്
ആരാണ്
ബുദ്ധനേയും
അംബേദ്കറെയും വെറുക്കുന്നവരുടെ
ദൈവങ്ങളാക്കി മാറ്റുന്നത്
ആരാണിന്നും
ഗുരുദേവനെ
പ്രണയിച്ചു പ്രണയിച്ചു
ഇല്ലാതാക്കുന്നത്
ആരാണെന്നും
നുണയുടെ
വലയം തീര്‍ത്ത്
ദൈവങ്ങളെ
നിഷ്പ്രഭരാക്കുന്നത്?’
എന്നിങ്ങനെ തിരിച്ചറിവിന്റെ സ്വരം ഉയരുന്നത് അതുകൊണ്ടാണ്. കലഹത്തിന് ക്രിയാത്മകമായി ഒരു തിരുത്തല്‍ ശക്തിയായി ഇടപെടാന്‍ കഴിയും എന്ന് കാവ്യബോധ്യങ്ങള്‍ക്ക് ഇനിയും പ്രസക്തിയുണ്ടെന്നാണ് കവിയുടെ വിചാരം. കവിത ഒരേസമയം പ്രതിരോധവും പ്രതിവിചാരവും ആണെന്ന സത്യം ഉറപ്പിക്കുന്നിടത്താണ് കവിത ചില രാഷ്ട്രീയ സ്വരങ്ങള്‍ കൂടി ഉള്ളടക്കുന്നത് – ‘ഒഴിഞ്ഞുകിടപ്പുണ്ട് ഒരുപാടിടങ്ങള്‍ തിരുത്താനും പൂരിപ്പിക്കാനും.’
കവിയുടെ നോട്ടം ഗൃഹാതുരമായ വിജയ വഴികളിലേക്കോ പൂവിരിച്ച നടപ്പാതകളിലേക്കോ അല്ല. സ്‌കൂളിലെ ലാസ്റ്റ് ബെഞ്ചിലേക്കുള്ള നോട്ടം – തോറ്റവരെന്ന് സാമ്പ്രദായികമായി മുദ്രകുത്തപ്പെട്ട, അപമാനിക്കപ്പെട്ട ജീവിതങ്ങളിലേക്കാണ്.
പക്ഷേ, ആ ലാസ്റ്റ് ബെഞ്ചിലേക്ക് സ്ഥാനക്കയറ്റം കിട്ടിയവരാണ് പില്‍ക്കാലത്ത് രക്ഷപ്പെടുന്നത്. കാരണം, ചോദ്യം ചെയ്യാനും കലുഷിതാവസ്ഥകളെ അതിജീവിക്കാനും കരുത്ത് നേടിയ ഒരുകൂട്ടം പ്രസരിപ്പുകള്‍ അവിടെയുണ്ടായിരുന്നു. ‘അവര്‍ മാത്രമാണ് ചോദ്യങ്ങളെ നേരിട്ടത് അടികൊണ്ടതും തടഞ്ഞതും അവരാണ്’ ഇത്തരം പ്രതിവിചാരങ്ങള്‍ കൊണ്ട് നാം കെട്ടിയുയര്‍ത്തിയ സാംസ്‌കാരികവും സാമൂഹികവുമായ എടുപ്പുകള്‍ എത്ര പൊള്ളയാണെന്ന ഭാവം പല കവിതകളും പങ്കുവെക്കുന്നുണ്ട്. സത്യാനന്തരകാലത്ത് പ്രതിരോധത്തിന്റെ വാങ്മയമായികവിത രൂപപ്പെടുന്നു.
ചായാത്ത തെങ്ങിന്റെ / വീഴാത്തൊരോലയില്‍ / തൂക്കണാം കുരുവികള്‍ കൂടുവെച്ചത്
നമ്മുടെ വാസ്തുസങ്കല്‍പത്തെയും സ്വപ്നനിര്‍മ്മിതിയേയും അപഹാസ്യമാക്കും വിധമാണ്. വിഷം കലങ്ങി ജീവിതമാകെ മയങ്ങിപ്പോകുമ്പോള്‍ ‘ജൈവവാദത്തിനുള്ളിലും ചെറുവിഷങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്’ എന്ന നിരീക്ഷണം നമ്മുടെ ഹരിതരാഷ്ട്രീയത്തെ മാത്രമല്ല, സംസ്‌കാര വ്യവസായ വ്യവസ്ഥയെവരെ പുനര്‍നിര്‍ണയിക്കുന്ന തിരിച്ചറിവാണ്. ‘വിഷമേറെയുണ്ടെങ്കിലും വിശ്വാസം ജയിക്കട്ടെ’ എന്ന സിനിക്കല്‍ യുക്തികൊണ്ടാണ് ചന്ദനത്തിരിയുടെ സുഗന്ധത്തെ കവിതയില്‍ ചിരിയോടെ ആവാഹിക്കുന്നത്.
‘ഇന്നലെ ദൈവവീട്ടില്‍
ഇന്നോ മരണ വീട്ടില്‍
സുഗന്ധത്തിനും
ദുര്‍ഗന്ധത്തിനും
ഒരേയൊരൊറ്റ മൂലി’
(ചന്ദനത്തിരി)
ചില മുന്നറിവുകളെപ്പോലും വിധ്വംസകമായി അപനിര്‍മ്മിക്കാന്‍ കവിത ശ്രമിക്കുന്നതും കാണാം. സകലകര്‍തൃത്വങ്ങളെയും ബൃഹദാഖ്യാനങ്ങളെയും പാരമ്പര്യ ധാരണകളെയും പൊളിച്ചടുക്കുക കൂടിയാണ് കവിത.
റൂസ്സോ പറഞ്ഞു: ”പ്രകൃതിയിലേക്ക് മടങ്ങുക.”
പ്രകൃതി പറഞ്ഞു: ”എന്നെ വെറുതെ വിടുക.”
വിഷം തിന്നുതളിര്‍ത്ത മലയാളിക്ക് ഇനിയെന്തു വിപ്ലവം എന്ന ചോദ്യത്തില്‍ ആകുലതകളും സ്വയം വിമര്‍ശനവുമുണ്ട്. ചൊറിച്ചില്‍ എന്ന ആനന്ദമാര്‍ഗ്ഗത്തില്‍ അഭിരമിക്കുന്ന മധ്യവര്‍ഗ്ഗ ദൈനംദിന ജീവിതത്തെ ‘ആനന്ദമാര്‍ഗം’ എന്ന കവിതയിലൂടെ നേരിടുന്നതും അതുകൊണ്ടാണ്.
‘ഏതു വാദത്തിനുള്ളിലും
ചൊറിഞ്ഞു
ചൊറി സ്വയം
ചൊറിഞ്ഞു കൊണ്ടേയിരുന്നു.
എത്താത്തിടത്ത്
മാന്താനാവാതെ
അളളിപ്പിടിച്ചങ്ങനെ
വ്യാഖ്യാനങ്ങളുടെ
വ്യാഖ്യാനമായി
ഒരാനന്ദമാര്‍ഗിയെപ്പോലെ’
(ആനന്ദമാര്‍ഗം)
‘ശിഥിലം’ എന്ന കവിതാ സമാഹാരത്തിന്റെ ആമുഖത്തില്‍ തന്റെ കാവ്യരചനയെക്കുറിച്ച് ബാലു പുള്ളി പറഞ്ഞത് ഇത്തരുണത്തില്‍ ഓര്‍ക്കുന്നു – ‘ഓര്‍മ്മകള്‍ മരണം പോലെ ശൂന്യമാകുന്ന ഇക്കാലത്ത് നന്മ നിറഞ്ഞ ഓര്‍മ്മകളെ പുനര്‍നിര്‍മ്മിക്കാനുള്ള ഒരെളിയ ശ്രമം’ എന്നത് ഈ കവിതാ സമാഹാരത്തിലെ ചില കവിതകള്‍ക്കും ബാധകമാണ്. ജാതിക്കടവും സെക്കുലര്‍ കടവുമായി വിഭജിക്കപ്പെട്ട കുളത്തിന്റെ സ്ഥലവ്യവസ്ഥയെ നോക്കിക്കാണുന്ന കവിത ഓര്‍മ്മകളെ പുനരാനയിക്കുക മാത്രമല്ല, ഏറ്റ ചില പരിക്കുകളുടെ ഉണങ്ങാ മുറിവുകളില്‍ സ്പര്‍ശിക്കുക കൂടിയാണ്. സ്‌നേഹവും സൗഹൃദവും പകയും പരിഭവം പറച്ചിലും വഴക്കും വക്കാണവും പ്രണയതാളവും കലിതുള്ളലും ഒഴിഞ്ഞുപോയ കടവ് കേരളീയനുഭവങ്ങളുടെ പരിസരങ്ങളെ ചേര്‍ത്തുപിടിക്കുന്നു. പ്രളയവും വരള്‍ച്ചയും മൂലം നോക്കുകുത്തിയായി മാറുന്ന കര്‍ഷകന്റെ ജീവാത്മാവ് ഏത് പരമാത്മാവിനോടാണ് ഒട്ടി നില്‍ക്കുക എന്ന മുന നമ്മുടെ ആത്മീയ ഉദരപൂരണങ്ങളെ വേദനിപ്പിക്കും. പന്നികള്‍ തങ്ങളുടെ ആവാസവ്യവസ്ഥ വിട്ട് അവതാര പിറവിയായി തേറ്റ എഴുന്നള്ളിക്കുമ്പോള്‍ പൗരാണികമായ ഭാവനാ ലോകത്തെയും ഉള്‍വഹിച്ച് കവിത ചില കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു. കെ. ജെ. ബേബിയുടെ ‘കനവ്’ എന്ന ബദല്‍ വിദ്യാഭ്യാസ സംരംഭത്തെയും അടയാളപ്പെടുത്തുന്ന ‘കനവ്’ എന്ന കവിത ഓര്‍മ്മ ഒരു തിരുത്തല്‍ ശക്തി കൂടിയാണ് എന്ന് ബോധിപ്പിക്കുന്നു.
മുത്തശ്ശിയുടെ ബോധ്യങ്ങളില്‍ പ്രകാശിക്കുന്ന ചില നേരുകള്‍ ‘പ്രേതവിചാരം’ എന്ന കവിതയില്‍ വായിക്കാം.
”എന്തുകൊണ്ടാണ് മുത്തശ്ശീ പ്രേതങ്ങളില്‍ കൂടുതലും ആണുങ്ങളില്ലാത്തത്?”
”ചതിച്ചും വഞ്ചിച്ചും പീഡിപ്പിച്ചും കൊല്ലുന്ന നാട്ടില്‍ ആണുങ്ങളെങ്ങനെയാ മോളെ
പ്രേതങ്ങളാകുക?”
രാമേട്ടന്‍ കവിതയിലെ ഒരു പ്രതിനിധാനമാണ്. നിസ്വനായ ഒരു നാട്ടുമനുഷ്യന് രാമനെന്ന പേര്‍ വിളിക്കുമ്പോള്‍ അവതാര – ഉത്തമ – പുരുഷന്‍ സങ്കല്‍പ്പങ്ങള്‍ കീഴ്‌മേല്‍ മറിയുകയാണ്. രാമേട്ടനില്‍ നമുക്ക് ഗാന്ധിയുടെ രാമനെ കാണാം. ‘ദരിദ്രനാരായണന്‍’ എന്ന പ്രയോഗം നാരായണനെ അവഹേളിക്കുന്നതായി സനാതനികള്‍ക്ക് തോന്നുമെങ്കിലും നിരാധാരരായവരുടെ പ്രതിനിധിയായി ദൈവസങ്കല്പം വിമോചിപ്പിക്കപ്പെടുന്നിടത്താണ് കവിത അതിന്റെ ചരിത്ര ദൗത്യം നിര്‍വഹിക്കുന്നത്. ചെല്ലപ്പനാശാരിയും ആണ്ടിയേട്ടനും ക്ലാസിക് – വരേണ്യ കാവ്യ ഭാവനയ്ക്കകത്ത് നാം കാണാത്ത മനുഷ്യരാണ്. വിശ്വകര്‍മ്മാവിന് പോലും നാണക്കേടുണ്ടാക്കുന്ന കൂരയില്‍ നിന്ന് വരേണ്യ ഭാവന കെട്ടിപ്പൊക്കിയ എല്ലാ മതിലുകളും തകര്‍ത്ത് പൊതുനിരത്തിലേക്ക് നെഞ്ചുംവിരിച്ച് തലയുയര്‍ത്തി നടക്കുകയാണ് കവിത; നേര്‌ചൊല്ലി ‘ഗൂഗിളിന് മുകളില്‍ ഒരീഗളും പറക്കില്ല’ എന്ന സൈബര്‍ യുക്തിയെ നേരിടുകയാണ്. ഉപരിപ്ലവ – വരേണ്യ ഭാവുകത്വത്തിന്റെ ലൈക്കുകളില്ലാതെ സ്വയം നിര്‍ണയിക്കുന്ന ഈ കവിതകള്‍, നേര് ചൊല്ലാന്‍ സമയവും മനസ്സും ഇല്ലാത്ത സമകാലത്തെപ്രകോപിപ്പിക്കുന്നു. കവിതയില്‍ പറയുന്ന പോലെ ഓര്‍മ്മയുടെ തെളിഞ്ഞ നോട്ടം കൊണ്ട് മറവിയുടെ ചരിത്രത്തെ മാറ്റിപ്പടുക്കുന്നു.
**********

മടങ്ങിവരുന്ന കവിതകൾ, ശിഥിലം, ഉരഗം എന്നീ കവിതാ സമാഹാരങ്ങളുടെ രചയിതാവ്. ഗവ.കോളേജ് ചിറ്റൂരിൽ ഫിലോസഫി വിഭാഗം അധ്യാപകനായിരുന്നു. ‘നേര് ചൊല്ലാൻ സമയമില്ല ‘ – പുതിയ കവിതാ സമാഹാരം.
*****
നേരുചൊല്ലാൻ സമയമില്ല
ബാലു പുളിനെല്ലി
നേരമില്ല നമുക്കിനി
സ്നേഹിതാ
നേരു ചൊല്ലാൻ സമയമില്ല
വേരുനോക്കൂ
വടവൃക്ഷമൊന്നും
നേരിലല്ല
വളർന്നതെന്നോർക്കൂ
കാലമേറെയായ്
പട്ടുമെത്തയിൽ
പാലു മാത്രം
കുടിച്ചു ശയിച്ചോർ
കാലമേറെ
കടന്നുപോയിന്നും
കാലനോളം
വളർന്നിരിക്കുന്നു
കാളിയപ്പൻ്റെ
കാലം മുതൽക്കേ
കാളരാത്രിയിൽ
തോരാമഴയിൽ
തമ്പുരാൻ്റെ
കളപ്പുര കാത്തോർ
സന്തതികൾ
കരിപ്പിടി കണ്ടോർ
കന്നുപൂട്ടി
പുതുനാമ്പു നട്ടോർ
കന്നി ഞാറിൻ്റെ
പുഞ്ചിരി കാത്തോർ
മണ്ടയിൽ വറ്റു
തപ്പിത്തളർന്നോർ
കാക്ക പോലും
അറയ്ക്കും പനങ്കായ
കാട്ടിലൂടെ
പെറുക്കി നടന്നോർ
നേരുമാത്രം പറഞ്ഞവർ
നേരിൻ നേരു കണ്ടവർ
എൻ്റെ പിതാക്കൾ
മോന്തിയോളം
പണിയെടുത്താലും
മോന്തുവാനൊട്ടു
കഞ്ഞി കിട്ടാതെ
ചേറ്റിൽ മുങ്ങി നരകിപ്പു –
ജീവൻ കാറ്റിൽ ആടുന്ന
പാഴ്മരം പോലെ
എല്ലൊടിയോളം
വേലചെയ്താലും
പുല്ലുവിലപോലും
ഇല്ലാത്ത ജന്മം
പട്ടിണിപരിവട്ടവുമായി
ചത്തൊടുങ്ങി
ചരിത്രമില്ലാതെ
ചേറ്റിലേക്കിറങ്ങില്ലിനി
ഞങ്ങൾ
ചേറു ചോറായാലും
ചോരയായാലും
മണ്ണു പൊന്നാക്കി
മാറ്റിയൊരോർമ്മ
മണ്ണിൽത്തന്നെ
അലിഞ്ഞകലട്ടെ.
*****
കനവ്
ബാലു പുളിനെല്ലി
ഒരു നന്മമരം കൂടി
കടപുഴങ്ങി
സ്വപ്നങ്ങൾക്കു
ചിറകൊരുക്കി
സ്നേഹംകൊണ്ടു
പറന്നുയർന്ന
ഒരേയൊരൊറ്റമരം
തണലിനു പോലും
തണലായ തണൽമരം
ഇരുട്ടിനു കരുത്തും
കരുത്തിനു പ്രതീക്ഷയും
പകർന്നു കൊടുത്ത
ഒരു മഹാവെളിച്ചം
ഒറ്റയ്ക്കു നിന്നുകത്തിയ
മറ്റൊരു സൂര്യൻ
ബദലുകളുടെ ബദൽ
കനവുറഞ്ഞ് കവിതപോലെ
പറന്നു പറന്നങ്ങനെ
സ്വപ്നങ്ങളെ നിങ്ങളെ
ഇനിയാരാണു പിൻതുടരുക
അശരണരുടെ
കൂട്ടക്കരച്ചിലുകൾ
ആരാണു ശ്രവിക്കുക
ബദലുകളുടെ കനവുകളിൽ
ശിലപോലെ ആരാണു
ഉറച്ചുനിൽക്കുക
സ്വപ്നങ്ങൾക്കു മരണമില്ലല്ലോ.
*****
പുളിനെല്ലി
ബാലു പുളിനെല്ലി
ഇന്നാമരവും വീണു
വീടിനെ തിരക്കിനിന്ന
വളയൻ പുളിമാവ്
പഴുത്താലതത്ര
കൊള്ളില്ലെങ്കിലും
ഉപ്പിലിടാൻ ബഹുകേമൻ
കൂടെയൊരു
നെല്ലിമരവുമുണ്ട്
കൂടെപ്പിറപ്പിനെപ്പോലെ
വീണിട്ടും കൈവിടാതെ
ഒരു നെല്ലിക്കയ്യ്
ഒടിഞ്ഞു തുങ്ങുന്നു
വീഴാത്ത കൈകളിലിരുന്നു
കിളികൾ
വേദനയുടെ മുറിവുണക്കുന്നു
വീണിട്ടും ഉയർത്തിപ്പിടിച്ച വിരൽത്തുമ്പിൽ
ചെറുകിളികളുടെ അനക്കം
ചിതറി വരുന്നു
വീടു നഷ്ടപ്പെട്ടവരുടെ
കൂട്ടക്കരച്ചിൽ
കൂടൊഴിഞ്ഞ രോദനം
വെട്ടെരുതെന്നു
ബഹളംവച്ചു കരഞ്ഞ
കുട്ടികളാരും വെട്ടത്തിലില്ല
അവരുണരും മുമ്പേ
വെട്ടിമാറ്റണം
ഒഴിപ്പിക്കാനാവാത്ത വിധം
വേരുകളുള്ള സ്വപ്നങ്ങളെ
മറക്കും തോറും
ഉറന്നൊലിക്കുന്ന
ജീവിതങ്ങളെ…
*****
No Comments yet!