Skip to main content

അടിയന്തിരാവസ്ഥയുടെ വർത്തമാനം

‘I believe that despite the enormous odds which exist, unflinching, unswerving, fierce intellectual determination, as citizens, to define the real truth of our lives and our oscieties is a crucial obligation which devolves upon us all. It is in fact mandatory.’- Art, Truth and Politics, Harold Pinter.

ഉമ്മര്‍ ഖാലിദ് ജയിലിലായിട്ട് 1772 ദിവസം (നാലു വർഷം, എട്ടു മാസം ) പിന്നിട്ടിരിക്കുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കോണ്‍ഗ്രസ്സിനോട് കണക്കുതീര്‍ക്കാനെന്നവണ്ണം ജൂണ്‍ 26, 1975- അടിയന്തിരാവസ്ഥ പ്രഖ്യാപിതമായ ദിനത്തെ ഓര്‍മപ്പെടുത്താന്‍ – ഇനി മുതല്‍ ‘സംവിധാന്‍ ഹത്യ’ ദിനമായി ആചരിക്കുമെന്നു മുമ്പ് പ്രസ്താവിച്ചിരിക്കുന്നു. ജനാധിപത്യത്തോടും ഭരണഘടനയോടുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിരന്തരമായ അതിക്രമങ്ങളെ കോണ്‍ഗ്രസ്സും ഇന്‍ഡിയ (INDIA) മുന്നണിയും ചെറുക്കുന്നതില്‍ ശക്തിയാര്‍ജ്ജിച്ചപ്പോഴാണ് അടിയന്തിരാവസ്ഥയുടെ നാല്‍പ്പത്തിയൊമ്പതാം വര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിനു ഈ ആശയം തോന്നിപ്പിച്ചത്. വിചാരണകൂടാതെ തടവിലിടുകയെന്നത് അടിയന്തിരാവസ്ഥയുടെ മനുഷ്യാവകാശലംഘനത്തിന്റെ പ്രകടോദാഹരണമാണ്. ‘സംവിധാന്‍ ഹത്യ’ ദിനം ആചരിക്കുന്നവര്‍ക്ക് എന്നാല്‍ ഇതിനെക്കുറിച്ച് മൗനമാണ്.

ഉമ്മര്‍ ഖാലിദിനെ പോലെ ആക്ടിവിസ്റ്റുകള്‍ വിചാരണ കൂടാതെ മോദി സര്‍ക്കാര്‍ തടവിലിട്ടിരിക്കുകയാണ്. ഉമ്മര്‍ ഖാലിദ് ചെയ്ത കുറ്റമെന്താണ്? ജെ.എന്‍.യു ഡോക്ടറല്‍ വിദ്യാര്‍ത്ഥിയായ ഉമ്മന്‍ ഖാലിദ് പൗരത്വഭേദഗതി പ്രക്ഷോഭത്തില്‍ പങ്കെടുത്തു സി.എ.എ യെ എതിര്‍ത്തു സംസാരിച്ചു എന്നതാണ് അയാള്‍ ചെയ്ത കുറ്റം. കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന രാജ്യദ്രോഹകുറ്റമാണ് പക്ഷെ ഭരണകൂടം അയാള്‍ക്കെതിരെ ആരോപിച്ചിരിക്കുന്നത്. യു.എ.പി.എ എന്ന കരാള നിയമപ്രകാരമാണ് ജാമ്യമില്ലാ വകുപ്പു പ്രകാരം തടവിലിട്ടിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ജനാധിപത്യപരമായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യാനാണ് ഉമ്മര്‍ ഖാലിദ് പ്രസംഗത്തില്‍ ആഹ്വാനം ചെയ്തത്. രാജ്യദ്രോഹികളെ വെടിവെച്ചു കൊല്ലുക എന്നു മറു ആഹ്വാനം ചെയ്തുകൊണ്ടു കലാപത്തെ പ്രോത്സാഹിപ്പിച്ച ബി. ജെ.പി നേതാക്കള്‍ സ്വതന്ത്രരായും വിരാജിക്കുന്നു. ഭരണഘടനയില്‍ പ്രഖ്യാപിതമായ മൗലികാവകാശങ്ങളെ അട്ടിമറിക്കാന്‍ ലക്ഷ്യംവെച്ചുള്ള നിയമനിര്‍മാണങ്ങളിലൂടെയും നിയമബാഹ്യമായ ചതുരുപായങ്ങളിലൂടെയുമാണ് വര്‍ത്തമാന ഇന്ത്യയില്‍ സിവില്‍ സമൂഹത്തിനുമേല്‍ അപ്രഖ്യാപിതമായ അടിയന്തിരാവസ്ഥയുടെ ഭീഷണമായ യാഥാര്‍ഥ്യം കരിനിഴല്‍ പടര്‍ത്തിയിരിക്കുന്നത്.

75 – 77ലെ അടിയന്തിരാവസ്ഥ തെറ്റായിരുന്നുവെന്നു കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് തന്നെ സമ്മതിക്കേണ്ടി വന്നിട്ടുണ്ട്. പ്രയോഗത്തില്‍ ഭരണഘടനാവിരുദ്ധമായി അടിയന്തിരാവസ്ഥ പരിണമിച്ചുവെങ്കിലും തത്വത്തില്‍ ഭരണഘടനയുടെ 356-ാം വകുപ്പ് മുന്‍നിര്‍ത്തിയാണ് അടിയന്തിരവസ്ഥ ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അധികാരത്തില്‍നിന്നും താന്‍ തൂത്തെറിയപ്പെടുമെന്ന ഭയമാണ് ഇന്ദിര ഗാന്ധിക്ക് ജൂണ്‍ 25 രാത്രി അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാന്‍ പ്രേരണയായത്… സഞ്ജയ് ഗാന്ധിയുടെയും അയാളുടെ കൂട്ടാളികളുടെയും ജനാധിപത്യത്തിനുമേലുള്ള തേര്‍വാഴ്ചയായി മാറി ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ ഈ ഇരുണ്ട കാലം എന്നതില്‍ സംശയമൊന്നുമില്ല. അതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധങ്ങളും ഉയര്‍ന്നുവന്നിരുന്നു. 77 -ല്‍ ഉത്തരേന്ത്യയിലെ നിസ്വരായ ജനം ഇന്ദിര ഗാന്ധിയെ ജനാധിപത്യ പ്രക്രിയയിലൂടെ അധികാരത്തില്‍നിന്നും പുറന്തള്ളി.

നരേന്ദ്രമോഡി സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരാവസ്ഥയെ അനുസ്മരിക്കുന്നത് ജനാധിപത്യത്തോടും പൗരാവകാശങ്ങളോടും ഭരണഘടനയോടും തന്നെ പ്രതിബദ്ധതയുണ്ടായിട്ടല്ല എന്നതിനുള്ള തെളിവുകളാണ് കഴിഞ്ഞ പതിനൊന്നു വര്‍ഷത്തെ ഭരണകാലയളവില്‍ ഭരണഘടനയുടെ അന്തസത്തയ്ക്ക് നിരക്കാത്തതും ഭരണഘടനബാഹ്യമായ സര്‍ക്കാരിന്റെ കിരാത നടപടികളും, നിയമനിര്‍മാണങ്ങളിലൂടെ അംഗീകൃത പൗരവകാശങ്ങളെ വരെ കാറ്റില്‍ പറത്തിക്കൊണ്ടുള്ള അറസ്റ്റുകളും. ഇത് മാത്രമല്ല, ഇന്ത്യന്‍ ശിക്ഷാനിയമവും ക്രിമിനല്‍ നടപടി ക്രമങ്ങളും തെളിവ് നിയമവും പുതുതായി മാറ്റിയെഴുതി നടപ്പാക്കിയപ്പോള്‍ കൊളോണിയല്‍ കങ്കാളത്തിനു മേലുള്ള പുതിയ വെച്ചുക്കെട്ടല്‍ മാത്രമായിത്തീര്‍ന്നു. അടിയന്തിരാവസ്ഥയുടെ ദുര്‍ഭൂതം ഛായഗ്രഹിണിയെ പോലെ പുനരാവിഷ്‌ക്കരിച്ച നിയമങ്ങളില്‍ സമകാലത്തില്‍ ജനാധിപത്യത്തിനു അന്നത്തെക്കാള്‍ ഭീഷണമായി വര്‍ത്തിക്കുകയും ചെയ്യുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ അടിയന്തിരാവസ്ഥയുടെ ഭരണഘടനാവിരുദ്ധതയെ എതിര്‍ക്കുന്നില്ല പകരം കോണ്‍ഗ്രസ്സിനെ ആക്രമിക്കാനുള്ള ഉപാധിയായി മാത്രമാണ് 75-77ലെ എമര്‍ജന്‍സിയെ എതിര്‍ക്കുന്നതെന്നു വേണം കരുതാന്‍.

75-77ലെ അടിയന്തിരാവസ്ഥ കാലയളവില്‍ ഇന്ത്യയിലെ ഉന്നതരായ പ്രതിപക്ഷ നേതാക്കളുള്‍പ്പെടെ പുതുതലമുറയില്‍പ്പെട്ടവരും ജയിലിലടക്കപ്പെട്ടു പീഡനത്തിന് ഇരയാക്കപ്പെട്ടപ്പോള്‍ ആര്‍.എസ്.എസ് പ്രചാരകനായ നരേന്ദ്ര മോഡി ഏതാണ്ട് പത്തൊന്‍പതു മാസവും വ്യാജ പേരിലും പ്രച്ഛന്ന വേഷത്തിലും ഒളിച്ചു നടക്കുകയായിരുന്നു. അതായത്. അടിയന്തിരാവസ്ഥയുടെ കൊടിയ മര്‍ദ്ദനം അനുഭവിക്കേണ്ടിവന്നിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. സോഷ്യലിസ്റ്റ് നേതാക്കളും നക്‌സലൈറ്റുകളും വിമതരും രാഷ്ട്രീയ സ്വയം സേവകരും ജനസംഘക്കാരും ജമാത് ഇസ്ലാമിക്കാരും ജയിലിലടക്കപ്പെട്ടു. എങ്കിലും സുബ്രമണ്യ സ്വാമി പിന്നീട് വെളിപ്പെടുത്തിയതുപോലെ ആര്‍.എസ്.എസ് സര്‍സംഘ്ചാലക് ബാലാസാഹെബ് ദേവരസ് പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധിക്ക് മാപ്പപേക്ഷിച്ചുകൊണ്ടു യെര്‍വാദ ജയിലില്‍ കത്തുകള്‍ അയക്കുകയുണ്ടയി. എ.ബി. വാജ്‌പേയും മാപ്പപേക്ഷ കത്തുകള്‍ അയച്ചിരിക്കുന്നുവെന്നും സ്വാമി പറയുന്നു. ജെ.പി.യുടെ പ്രസ്ഥാനത്തില്‍നിന്നും അകലാന്‍ ജനസംഘം അടിയന്തിരാവസ്ഥയുടെ ഒന്നാം വര്‍ഷം കഴിഞ്ഞപ്പോള്‍ തീരുമാനിച്ചിരുന്നുവെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഈയൊരു വസ്തുത പ്രധാനമാകുന്നത് അടിയന്തിരാവസ്ഥ ഇന്ത്യന്‍ ജനാധിപത്യത്തിനുമേല്‍ സൃഷ്ടിച്ച ആഘാതത്തെക്കുറിച്ച് മോദിയുടെ ധാരണകള്‍ കേട്ടറിവുകള്‍ മാത്രമാണെന്നും യഥാര്‍ത്ഥത്തില്‍ അടിയന്തിരാവസ്ഥയുടെ പേരില്‍ നടന്ന ഭരണഘടനാ ലംഘനങ്ങളോടുള്ള എതിര്‍പ്പല്ല എന്നതുമാണ്. സ്റ്റേറ്റിന്റെ ദുര്‍വാഴ്ചക്കെതിരെയുള്ള നിലപാട് മോദി തന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പറയുന്നതല്ല എന്നത് നിശ്ചയം. അതുകൊണ്ടാണ് ലാലു പ്രസാദ് യാദവിനു ഇന്ദിരയുടെ അടിയന്തരാവസ്ഥയുമായി താരതമ്യം ചെയ്തുകൊണ്ടു ഇപ്രകാരം പറയേണ്ടി വന്നത്: ‘അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ അന്നത്തെ പ്രധാനമന്ത്രി ഭരണഘടനാ വ്യവസ്ഥകള്‍ അവലംബിച്ചിരുന്നു. ഇന്ദിരാഗാന്ധി ഞങ്ങളില്‍ പലരെയും ജയിലില്‍ അടച്ചു, പക്ഷേ അവര്‍ ഒരിക്കലും ഞങ്ങളെ അധിക്ഷേപിച്ചില്ല. അവരോ അവരുടെ മന്ത്രിമാരോ ഞങ്ങളെ ‘ദേശവിരുദ്ധര്‍’ അല്ലെങ്കില്‍ ‘രാജ്യദ്രോഹി’ എന്നോ വിളിച്ചിട്ടില്ല. നമ്മുടെ ഭരണഘടനയുടെ ശില്പിയായ ബാബാസാഹേബ് ഭീംറാവു അംബേദ്കറുടെ സ്മരണയെ അശുദ്ധമാക്കാന്‍ അവര്‍ ഒരിക്കലും അക്രമികളെ പ്രാപ്തരാക്കിയില്ല. മതത്തിന്റെയും ജാതിയുടെയും പേരില്‍ ന്യൂനപക്ഷങ്ങളെയും ദലിതരെയും കൊല്ലാനും അംഗഭംഗം വരുത്താനും തയ്യാറായ ആള്‍ക്കൂട്ടവുമായി അവര്‍ സഹവസിച്ചില്ല. പ്രഖ്യാപിത അടിയന്തിരാവസ്ഥയില്‍ മുസ്ലിം കച്ചവടക്കാരെ ബീഫ് കൈവശം വെച്ചുവെന്ന് ആരോപിച്ച് പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തിട്ടില്ല’ (ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ നളിന്‍ മേത്തയുമായി ചേര്‍ന്ന എഴുതിയ ലേഖനം, ജൂണ്‍ 29, 2024)

അടിയന്തിരാവസ്ഥ എന്നു വിളിക്കുന്നത് ഭരണകൂടത്തിന്റെ അമിതാധികാര പ്രവണതയും നിരന്തരമായ പൗരവകാശലംഘനങ്ങളും പോലീസ് അടിച്ചമര്‍ത്തലും കോടതികള്‍ ഉള്‍പ്പടെയുള്ള ഭരണഘടനാസ്ഥാപനങ്ങളെ സര്‍ക്കാറിനോട് വിധേയപ്പെടുത്തലും ഏകപക്ഷീയ ശാസനാധികാരങ്ങളും ന്യൂനപക്ഷ-ദളിത് കീഴാള സമൂഹങ്ങളെ നിര്‍ബാധമായ വേട്ടയാടലും മാധ്യമങ്ങളെ നിശ്ശബദ്ധമാക്കലുമൊക്കെയാണെങ്കില്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റേതും അടിയന്തിരാവസ്ഥയുടെ ആവര്‍ത്തനമാണ്. രണ്ടു വ്യത്യാസങ്ങളേയുള്ളൂ; രണ്ടും കൂടുതല്‍ അപകടകരവും. 75-77ലെ അടിയന്തിരാവസ്ഥ ഭരണഘടനാധിഷ്ഠിതമായിരുന്നുവെങ്കില്‍ രണ്ടാമത്തെ അപ്രഖ്യാപിത ആവര്‍ത്തനം ഭരണഘടനാബാഹ്യമാണെന്നതാണ്. ഇതിനുപുറമെ, നിയമബാഹ്യ ശക്തികളായ ഫാസിസ്റ്റ് ആള്‍ക്കൂട്ടങ്ങള്‍ക്ക് അധികാരം കൈയിലെടുക്കാന്‍ ആക്രമം അഴിച്ചുവിടാനും സാധിക്കുന്നുവെന്നതാണ്.

ബി.ജെ.പിക്കും ആര്‍.എസ്.എസിനും ഇന്ദിരാഗാന്ധിയോടുള്ള എതിര്‍പ്പിന് മറ്റൊരു സുപ്രധാന കരണവുമുണ്ട്. ‘സെക്കുലര്‍’, ‘സോഷ്യലിസ്റ്റ്’ എന്നത് ഭരണഘടനയുടെ ആമുഖത്തില്‍ ചേര്‍ത്തത് ഇന്ദിരഗാന്ധിയുടെ ഭരണക്കാലത്താണ്. 1976-ലെ 42-ാം ഭേദഗതിയിലൂടെയാണ് ഭരണഘടനയുടെ ആമുഖത്തില്‍ ഇതുള്‍പ്പെടുത്തിയത്. സമീപകാലത്തു പാര്‍ലിമെന്റില്‍ ബി.ജെ.പി വിതരണം ചെയ്ത ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും ഇതൊഴിവാക്കിയിരുന്നു. ബി.ജെ.പി യുടെ പ്രത്യയശാസ്ത്ര താല്പര്യങ്ങള്‍ക്കനുസൃതമായി ഭരണഘടനാപരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കുമെന്നതിനുള്ള സൂചനകള്‍ ബി.ജെ.പി വളരെ മുമ്പേ തന്നെ നല്കിയിട്ടുള്ളതാണ്. അതിന്റെ ആദ്യപടിയായി ബി.ജെ.പി യും സംഘ് പരിവാറും കാണുന്നത് ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും ‘സെക്കുലര്‍’, ‘സോഷ്യലിസ്റ്റ്’ എന്ന ചേര്‍ക്കലുകള്‍ ഒഴിവാക്കുക എന്നതാണ്. ബി.ജെ.പി ക്ക് കേവലാധികാരം ലഭിച്ചിരുന്നുവെങ്കില്‍ ഈ നടപടികള്‍ അവര്‍ ത്വരിതപ്പെടുത്തിയേനെ എന്നാല്‍ 2024 മൂന്നാം തവണയും അധികാരത്തില്‍ തിരിച്ചെത്തിയ എന്‍. ഡി.എ യുടെ രണ്ടു മുഖ്യ ഘടകകക്ഷികളായ നിതീഷ് കുമാറിന്റെ ജനതാദളും ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി യും ഇതിനെ എതിര്‍ക്കുമെന്നുള്ള ആശങ്കയുണ്ട് ബി.ജെ.പി ക്ക്.

അടിയന്തിരാവസ്ഥ അനുസ്മരണത്തെ കോണ്‍ഗ്രസിനെതിരെ തിരിച്ചുവിടാനാണ് മോദിയും ഷായും ഉദ്യമിക്കുന്നത്. ഇന്ത്യ മുന്നണി ഘടകകക്ഷികളായ പാര്‍ട്ടികള്‍ അടിയന്തിരാവസ്ഥ വിരുദ്ധമായ രാഷ്ട്രീയത്തിലൂടെ ഉയര്‍ന്നുവന്നവരാണ്. ഇന്ത്യാ മുന്നണിയെ ഈ പേരില്‍ വിഭജിക്കാമെന്നാണ് ഗൂഢതന്ത്രം. എന്നാല്‍ പത്തുവര്‍ഷത്തെ മോദിയുടെ ഏകശാസന അധികാരം പ്രതിപക്ഷത്തെ രാഷ്ട്രീയ കക്ഷികള്‍ക്ക് അടിയന്തിരാവസ്ഥയും വര്‍ത്തമാനവസ്ഥയുമായുള്ള താരതമ്യം ചെയ്യാനും നിലവിലെ ഹിന്ദുത്വ സമഗ്രാധികാര ഭരണക്രമത്തിനെതിരെ നിലപാട് സ്വീകരിക്കാനും പ്രേരകമായി. അടിയന്തിരാവസ്ഥയെ ഇന്നനുസ്മരിക്കുമ്പോള്‍ ജനസംഘവും ആര്‍ എസ് എസിന്റെയും വലതുപക്ഷ ഹിന്ദു രാഷ്ട്രീയത്തിന്റെയും ഇന്ത്യന്‍ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള കടന്നുകയറ്റത്തിന് വഴിയൊരുക്കിയാക്കിയതായുള്ള വിലയിരുത്തലിന് പ്രാധാന്യം ലഭിക്കുന്നു.

ഗാന്ധിവധത്തെ തുടര്‍ന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുഖ്യധാരയില്‍ നിന്നും പുറന്തള്ളപ്പെട്ട ഹിന്ദു വലതുപക്ഷം അല്ലറ ചില്ലറ രാഷ്ട്രീയമായി മാത്രം നിലനിന്നു പോരുകയായിരുന്നു അടിയന്തിരാവസ്ഥയുടെ സാഹചര്യം വരെ. ഗോവധ നിരോധനം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രകടനങ്ങള്‍, പാകിസ്ഥാന്‍-ചൈന വിരുദ്ധ പ്രചാരണം എന്നിവയിലേക്ക് ചുരുങ്ങുകയും കാഷായ വസ്ത്രക്കാരുടെ മാര്‍ച്ചുകളും മതപരിവര്‍ത്തനത്തിനെതിരെയുള്ള സ്വകാര്യ ബില്ലുകളും മാത്രമായി രാഷ്ട്രീയ രംഗത്ത് മുരടിച്ചു നില്‍ക്കുമ്പോഴാണ് അടിയന്തിരാവസ്ഥ വന്നുവീഴുന്നത്. രാഷ്ട്രീയമായും സംഘടനാപരമായും ഉയര്‍ത്തെഴുനേല്‍ക്കാനുള്ള സുവര്‍ണ്ണാവസരമായാണ് ഹിന്ദു വലതുപക്ഷം ഇന്ദിര ഗാന്ധി വിരുദ്ധ രാഷ്ട്രീയത്തെ ഉപയോഗപ്പെടുത്തിയത്. ജെ.പി. യെ പോലെ സര്‍വ്വാദരണീയനായ ഗാന്ധിയന്‍ സോഷ്യലിസ്റ്റ് നേതാവിന്റെ നിഴലില്‍ നിന്നുകൊണ്ടാണ് ഹിന്ദു വലതുപക്ഷം രാഷ്ട്രീയം കെട്ടിപ്പടുത്തത്. ഹിന്ദു വലതുപക്ഷത്തിന്റെ ഇന്ത്യന്‍ ദേശീയ രാഷ്ട്രീയ രംഗത്തേക്കുള്ള പുനരാഗമനത്തെ സസൂക്ഷ്മം നീരിക്ഷിച്ചു ഈ വിപത്തിനെ ചെറുക്കേണ്ടത് കമ്മ്യൂണിസ്റ്റുകളുടെ മൗലികകടമയാണെന്നു വിശദീകരിച്ചത് അന്ന് സി.പി.എം സെക്രട്ടറിയായിരുന്ന പി. സുന്ദരയ്യയാണ്.

പി. സുന്ദരയ്യ ആഗസ്റ്റ് 1975-ല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും രാജിവെച്ചുകൊണ്ടു സി.പി.എം ന്റെ പി ബി/ കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്ക് എഴുതിയ കത്തില്‍ തുടക്കത്തില്‍ തന്നെ പ്രസ്താവിക്കുന്നത് സാമ്രാജ്യത്വ അനുകൂല ജനസംഘത്തിനൊപ്പവും പാരാ മിലിട്ടറി ഫാസിസ്റ്റുമായ ആര്‍.എസ്.എസ് പോലുള്ള അര്‍ദ്ധസൈനിക സംഘടനയുടെ കൂടെയും അടിയന്തരാവസ്ഥയ്ക്കെതിരായ ഒരുമിച്ചു പോരാടാന്‍ കേന്ദ്രകമ്മിറ്റി തിരുമാനിച്ചതിനെ എതിര്‍ക്കണമെന്നാണ്. അടിയന്തിരാവസ്ഥയ്ക്കുശേഷവും പരോക്ഷമായാണെങ്കിലും ഈ ബന്ധം തുടര്‍ന്നു. ദീര്‍ഘകാല രാഷ്ട്രീയ പദ്ധതിയുള്ള ജനസംഘത്തിന്റെ പുനരവതാരമായ ബി.ജെ.പിക്ക് ഇന്ത്യയില്‍ വളരാന്‍ പിന്നീട് ലഭിച്ച അവസരങ്ങളിലൊക്കെ തന്നെ കോണ്‍ഗ്രസ്സ് വിരുദ്ധമായ ഇടതുപക്ഷമുള്‍പ്പെടെയുള്ള പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകളെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

ദേശീയ രാഷ്ട്രീയത്തെക്കുറിച്ചു ദീര്‍ഘകാല രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള സി.പി.എം, സി.പി.ഐ മുഖ്യധാര കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഘട്ടം ഘട്ടമായി പിറകോട്ടടിക്കുകയും പയ്യെ പയ്യെ സങ്കോചിക്കുകയും അപ്രത്യക്ഷമാകുന്നതുമായ സ്ഥിതി വിശേഷമാണ് സംഭവിച്ചിട്ടുള്ളത്. ദേശീയ രാഷ്രട്രീയത്തെക്കുറിച്ചു ദീര്‍ഘകാല വീക്ഷണമില്ലാതെ സാര്‍വദേശീയ തലത്തിലെ ഗതിമാറ്റങ്ങളെയോ മനസ്സിലാക്കാതെയും കമ്മ്യൂണിസ്റ്റു പാര്‍ട്ടികളുടെ, വിശിഷ്യാ സി.പി.എം ന്റെ, സംസ്ഥാന നേതൃത്വങ്ങള്‍ ഇടതുപക്ഷ രാഷ്ട്രീയത്തെ ഏതാണ്ട് നേതാക്കളുടെ അനുഭവസീമയുടെ പരിധിയിലുള്ള പാര്‍ട്ടി ഗ്രാമ രാഷ്ട്രീയത്തിലേക്ക് ചുരുക്കുന്ന കാഴ്ച്ചയാണ് ഇരുപത്തിയൊന്നാം നൂറ്റാഡിന്റെ ആദ്യ ദശകം പിന്നിടുമ്പോള്‍ കാണാന്‍ കഴിയുന്നത്. അടിമുടി രാഷ്ട്രീയ പാപ്പരത്തം ബാധിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പതുക്കെ നവലിബറല്‍ സ്വഭാവമുള്ള പ്രയോഗികതയിലേക്കും അവിടെ നിന്നും അരാഷ്ട്രീയവല്‍ക്കരണത്തിലേക്കും സംക്രമിച്ചു.

ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ സങ്കുചിതത്വം ഒരു പില്‍ക്കാല പ്രതിഭാസമാണെങ്കില്‍ കോണ്‍ഗ്രസ്സിന്റെതു കുറേകാലം മുമ്പെയുള്ള പ്രത്യയശാസ്ത്ര ദുര്‍ബലതയാണ് ഇന്ത്യയിലെ വലതുപക്ഷത്തിന്റെ രാഷ്ട്രീയ മുന്നേറ്റത്തിന് സവിശേഷമായി തന്നെ സഹായകമായത്. ജനാധിപത്യമൂല്യങ്ങളോടും നെഹ്രുവിയന്‍ ആദര്‍ശാത്മകതയോടും മാലികാര്‍ജ്ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ഇന്നു കാണിക്കുന്ന പ്രതിബദ്ധത കോണ്‍ഗ്രസ്സിനു പക്ഷേ നഷ്ടപ്പെട്ട മൂല്യമായിരുന്നു. അടിയന്തിരാവസ്ഥയ്ക്കുശേഷമുള്ള തിരിച്ചടികളില്‍നിന്നും ചില പാഠങ്ങള്‍ കോണ്‍ഗ്രസ്സ് ഉള്‍ക്കൊളളാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അധികാര പാര്‍ട്ടി എന്ന നിലയിലുള്ള മനോഭാവം പൂര്‍ണമായും വിട്ടകന്നിരുന്നില്ല. ഇന്ത്യയിലെ എല്ലാ കരിനിയമങ്ങളും കേന്ദ്രത്തിലെ കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ സൃഷ്ടിയാണ്. മിസ, ടാഡ, പോട്ട, യു.എ.പി.എ വരെ. മുസ്ലിം ന്യുനപക്ഷവും ദളിതരും ആദിവാസികളും തന്നെയാണ് ഈ നിയമങ്ങള്‍ മുന്‍നിര്‍ത്തിയും പിന്‍നിര്‍ത്തിയും വേട്ടയാടപ്പെട്ടത്.

ഇന്ത്യയിലെ വലതുപക്ഷ രാഷ്ട്രീയത്തിനു തഴച്ചു വളരാന്‍ പറ്റിയ സാഹചര്യമൊരുക്കിയത് കോണ്‍ഗ്രസ്സിന്റെ വലതുപക്ഷ വ്യതിയാനമാണ്. സാമ്പത്തിക അടിയന്തിരാവസ്ഥയിലൂടെയും സമ്പദ് വ്യവസ്ഥയുടെ ഉദാരീകരണത്തിലൂടെയാണ് ഇതിനു തുടക്കം കുറിച്ചത്. നവലിബറല്‍ ഘടനപരിഷ്‌ക്കാരം സാമ്പത്തിക അടിയന്തിരാവസ്ഥയ്ക്ക് സമാനമാണെന്ന് തന്നെ വിവക്ഷിക്കേണ്ടി വരും. തൊഴില്‍ നിയമ പരിഷ്‌കാരങ്ങളും വിദേശ മൂലധനത്തിനു അനുകൂലമായ ഇതര നിയമനിര്‍മാണങ്ങള്‍ മാത്രമല്ല നവലിബറല്‍ പ്രയോഗങ്ങളെ നീതിക്കാരിക്കുന്ന ഒട്ടനവധി ഭരണപരമായ പ്രവര്‍ത്തന പരിപാടികളും കോണ്‍ഗ്രസ്സ് സര്‍ക്കാരുകളാണ് നടപ്പാക്കിയത്. നവലിബറലിസം എന്ന സൗഹൃദനാമത്തില്‍ സ്വീകരിക്കപ്പെട്ടിരിക്കുന്ന പരിഷ്‌ക്കാരങ്ങള്‍ യഥാര്‍ത്ഥത്തില്‍ നവകൊളോണിലിസത്തിന്റെ വ്യവസ്ഥാപനമായിരുന്നു. ഇന്ത്യയുടെ പ്രകൃതി വിഭവങ്ങളെ കൊള്ളയടിക്കാനും ഇന്ത്യയുടെ വിസ്തൃതമായ വിപണി ആഗോള കോര്പറേഷനുകള്‍ക്ക് തുറന്നുകൊടുക്കാനുമുള്ള ഭരണപരിഷ്‌ക്കാരങ്ങള്‍ വലതുപക്ഷ രാഷ്ട്രീയത്തിന്റെ വളര്‍ച്ചയ്കക്കുള്ള നിലമൊരുക്കലായി പരിണമിച്ചു.

ഉദാരീകരണത്തിന്റെ ഭാഗമായി ടെക്‌നോക്രസി സര്‍വമേഖലയിലും പിടിമുറുക്കി. ടെക്‌നോക്രസിയുടേത് സങ്കുചിതമായ കാഴ്ചപ്പാടാണ്. മുതലാളിത്ത സാമ്പത്തിക വളര്‍ച്ച മാത്രമാണ് ടെക്‌നോക്രസി ലക്ഷ്യംവയ്ക്കുന്നത്. ആഗോള മൂലധന താല്പര്യങ്ങള്‍ക്കനുസൃതമായുള്ള നയങ്ങള്‍ നിര്‍മിക്കുകയും അതിനു സര്‍ക്കാര്‍ സംവിധാങ്ങളിലൂടെ നീതിമത്കരിക്കുകയാണ് (legitimize) ടെക്‌നോക്രസി അവലംബിക്കുന്ന മാര്‍ഗം. നിരന്തര അടിയന്തിരാവസ്ഥയാണ് (permanent emergency) ടെക്‌നോക്രസിക്ക് നയങ്ങള്‍ നടപ്പാക്കിയെടുക്കാന്‍ ആവശ്യം. കാരണം ജനവിരുദ്ധമായ നയങ്ങളെ നടപ്പാക്കാന്‍ ജനഹിതത്തിലൂടെ സാധ്യമല്ലാത്തതിനാല്‍ അടിസ്ഥാന അവകാശങ്ങളെ പിന്‍വലിച്ചുകൊണ്ടാണ് വലതുപക്ഷവത്കൃത നയങ്ങള്‍ നടപ്പാക്കാന്‍ ടെക്‌നോക്രാസിക്ക് പറ്റുകയുള്ളൂ.

ദേശ രാഷ്ട്രങ്ങളുടെ സ്വയംഭരണപരമായ നയസമീപനങ്ങളെ അപമൂല്യവല്‍ക്കരിച്ചു (devalue) കൊണ്ടു ആഗോള മുതലാളിത്തത്തിന്റെ മൂല്യ ശൃംഖലയിലേക്ക് രാഷ്ട്ര സമ്പദ്‌വ്യവസ്ഥ കണ്ണിചേര്‍ക്കപ്പെട്ടത് കോണ്‍ഗ്രസ്സിന്റെ സര്‍ക്കാരിന്റെ വലതുനയ വ്യതിയാനത്തിന്റെ ഭാഗമായാണ്. നയപരമായ തിരുമാനങ്ങളെടുക്കുന്ന ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങളിലൂടെയും നിയമപരമയി സ്ഥാപിതമായ അക്കാദമിക ഗവേഷണ സ്ഥാപനങ്ങളിലൂടെയും സമാനമായ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്ന വ്യവസ്ഥകളിലൂടെയും നവകൊളോണിയല്‍ നയങ്ങള്‍ ഒളിച്ചുക്കടത്തിയുമാണ് ആഗോള മൂലധന വ്യവസ്ഥയ്ക്ക് അനുകൂലമായ വ്യവഹാരങ്ങള്‍ രൂപപ്പെടുത്തിയത്. മാധ്യമങ്ങള്‍ ഈ പ്രവര്‍ത്തനത്തില്‍ പ്രധാന പങ്കുവഹിച്ചു; ലിബറല്‍ പുറംതോട് കാഴ്ചയ്ക്ക് നിലനിര്‍ത്തുമ്പോള്‍ തന്നെ ഉളടക്കം സവിശേഷമായി തന്നെ മാറ്റപ്പെടുകയായിരുന്നു. അടിയന്തിരാവസ്ഥ സാഹചര്യം വളരെ വൈകാതെ പൗരസമൂഹത്തിനുമേല്‍ ആധിപത്യം ചെലുത്തുന്ന നിയമങ്ങളായി മാറുകയായിരുന്നു.

വ്യക്തമായി വ്യവഛേദിച്ചു മനസ്സിലാക്കേണ്ടത് വലതുപക്ഷവത്കൃതമായ അടിയന്തിരാവസ്ഥയാണ് വ്യവസ്ഥ ചെയ്യപ്പെട്ടത് എന്നുതന്നെയാണ്. ‘സോഷ്യലിസവും’ ‘സെക്യൂലറിസവും’ സവിശേഷ പ്രധാനമായി ആമുഖത്തില്‍ രേഖപ്പെടുത്താന്‍ പ്രേരകമായ കാലത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായി ‘സോഷ്യലിസ’വും ‘സെക്യൂലറി’സവും മായ്ച്ചുക്കളഞ്ഞുകൊണ്ടു വലതുപക്ഷ രാഷ്ട്രീയ വിവക്ഷകളുടെ ശൂന്യത വെളിപ്പെടുത്തുന്ന ആലേഖനമാണ് വര്‍ത്തമാനത്തിലെ അടിയന്തിരാവസ്ഥയിലൂടെ ആധിപത്യ ശക്തികള്‍ ലക്ഷ്യമിടുന്നത്. പൗരത്വനിയമഭേദഗതിയും കര്‍ഷക നിയമ പരിഷ്‌കാരങ്ങളും കരിനിയമങ്ങളും തൊഴില്‍ നിയമ പരിഷ്‌ക്കാരങ്ങളുമൊക്കെ തന്നെ സങ്കുചിത ദേശീയവാദത്തിന്റെ പ്രത്യക്ഷീകരണങ്ങളായിരിക്കെ തന്നെ ആഗോള മൂലധനത്തിന്റെ അനധികൃത വിന്യാസങ്ങള്‍ക്കുള്ള അടിയന്തിരാവസ്ഥ നിയമങ്ങളുമാകുന്നു.

ആധുനിക ഇന്ത്യയുടെ നാനാത്വത്തെയും മതേതര ഘടനയെയും വീണ്ടെടുക്കുക എന്നത് ജനങ്ങള്‍ അണിചേര്‍ന്നു ആഗോള സാമ്രാജ്യക്രമത്തിനെതിരെയുള്ള പ്രക്ഷോഭത്തിനുള്ള സാധ്യത അന്തരീക്ഷത്തില്‍ തെളിഞ്ഞു വരാന്‍ തുടങ്ങുകയും ചെയ്ത ഘട്ടത്തില്‍, അത്തരമൊരു പ്രക്ഷോഭ യാഥാര്‍ഥ്യത്തെ തിരിച്ചറിഞ്ഞുക്കൊണ്ടു, വലതുപക്ഷം അങ്ങനെയുള്ള ജനകീയ മുന്നേറ്റത്തെ കൈയടക്കുകയാണ് 2014-ല്‍ ചെയ്തത്. അണ്ണാ ഹസാരെയുടെ നേതൃത്വത്തിലുള്ള ‘ആന്റി കറപ്ഷന്‍’ പ്രസ്ഥാനം. ജനസാന്നിദ്ധ്യംകൊണ്ടും ഉള്ളടക്കംകൊണ്ടും വലതുപക്ഷ സമരമായിരുന്നു. കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഉദാരമായാണ് ഈ സമരത്തെ സമീപിച്ചത്. എന്നാല്‍, അണപൊട്ടിയൊഴുകാന്‍ സാധ്യതയുള്ള ജനപ്രക്ഷോഭത്തിന്റെ സൂചനകളെ കണ്ടു വലതുപക്ഷം അബോര്‍ട്ട് (abort) ചെയ്തുക്കളഞ്ഞ മുന്നേറ്റമായിരുന്നു അത്. വലതുപക്ഷത്തിനു അധികാരത്തില്‍ അവരോധിതമാകാന്‍ വേണ്ടി അണിയിച്ചൊരുക്കിയ സമരം. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമുണ്ടായ സമീപകാല സമരങ്ങളില്‍ പ്രകടമാവുന്നത് വ്യത്യസ്തമായ കര്‍ത്തൃത്വമുള്ള ജനസാന്നിധ്യമാണ്. ഈ പുതിയ കീഴാള ജനമുന്നേറ്റത്തെ അടിച്ചമര്‍ത്താനാണ് പുതിയ കരിനിയമങ്ങളുടെ രൂപത്തില്‍ അപ്രഖ്യാപിതമായ അടിയന്തിരാവസ്ഥ ഉരുവംകൊണ്ടിരിക്കുന്നത്.

ജനാധിപത്യത്തിന്റെ പുനസ്ഥാപന ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി വര്‍ത്തമാനത്തില്‍ അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ സാധ്യമാക്കുന്ന സന്ദര്‍ഭവും നടപ്പാക്കപ്പെടുന്ന അടിയന്തിരനിയമങ്ങളുടെ പ്രകൃതവും വ്യവഛേദിച്ചു മനസ്സിലാക്കേണ്ടതുണ്ട്. ജനാധിപത്യ വ്യവസ്ഥയെ അകത്തുനിന്നു തന്നെ അട്ടിമറിക്കാന്‍ പറ്റുന്നവിധം കാര്യങ്ങള്‍ ഇന്നു പുരോഗമിച്ചിരിക്കുന്നു. നവലിബറല്‍ വികസനത്തിന്റെ വ്യവഹാരങ്ങളില്‍ കുരുക്കപ്പെട്ടിരിക്കുന്ന ഇടതുപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ രാഷ്ട്രീയത്തെ നീര്‍വീര്യമാക്കാന്‍ നവവലതുപക്ഷത്തിനു സാധിച്ചിരിക്കുന്നു എന്ന യാഥാര്‍ഥ്യമുണ്ട്. നേതൃത്വപരമായ പിഴവാണ് ഈ ഗതിയില്‍ ഇവരെ എത്തിച്ചിരിക്കുന്നത്. വ്യവസ്ഥാപിത ഇടതുപക്ഷവും പ്രതിപക്ഷ രാഷ്ട്രീയവും എത്രേമേല്‍ ജീര്‍ണമായിരിക്കുന്നുവെന്നും അവരുടെ നേതാക്കളെ കേസ്സന്വേഷങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടു വലതുപക്ഷ രാഷ്ട്രീയത്തിന് കൂടുതലിടങ്ങളിലേക്ക് കടന്നുകയറാമെന്നും മറ്റാരേക്കാളും ഇന്ത്യന്‍ വലതുപക്ഷം മനസ്സിലാക്കിയിട്ടുമുണ്ട് അവര്‍ ആ വഴി തന്നെയാണ് മുന്നേറുന്നതും.

ആഴത്തില്‍ വേരൂന്നിയതും സ്ഥാപനവല്‍ക്കരിക്കപ്പെട്ടതുമായ അഴിമതിയും ദുര്‍ഭരണവും വലതുപക്ഷത്തിന്റെ രാഷ്ട്രീയത്തിന്റെ വളര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യമാണ്. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും പേരില്‍ പ്രതിപക്ഷ നേതാക്കളും മുഖ്യമന്ത്രിമാരും അറസ്റ്റ് ചെയ്യപ്പെടുന്ന അടിയന്തിര സാഹചര്യത്തിലും ഇതൊക്കെ ഏതോ നിലയില്‍ വാസ്തവമാണെന്നുള്ള ബോധ്യം ജനത്തിന് ഉണ്ടാകുന്നത് ഈ നേതാക്കളുടെ തന്നെ ചെയ്തികളാകുന്നു. വന്‍കിട ബിസിനസുകാരും രാഷ്ട്രീയക്കാരും തമ്മിലുള്ള അവിശുദ്ധ ബന്ധം; മാധ്യമ ഉടമകളും എഡിറ്റര്‍മാരും രാഷ്ട്രീയ പാര്‍ട്ടികളും തമ്മിലുള്ള സൗഹൃദമൊക്കെ വലതുപക്ഷവല്കരിക്കപ്പെട്ട രാഷ്ട്രീയത്തിന്റെ ഈടുവെയ്പുകളാണ്; ക്രിമിനല്‍ ഘടകങ്ങളുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള കടന്നുകയറ്റം സ്വാഭാവികമായൊന്നായി തീര്‍ന്നിരിക്കുന്നു. ജനത്തെ പുറത്തുനിര്‍ത്തിക്കൊണ്ടുള്ള വ്യാജ ജനാധിപത്യമാണ് അരങ്ങേറിയിട്ടുള്ളതെന്നു വിളിച്ചുപറയാന്‍ ബാധ്യതയുള്ള ചിന്തക വര്‍ഗവും എഴുത്തുകാരും അധികാരത്തിന്റെ കൂട്ടാളികളും കുഴലൂത്തുകാരുമായിരിക്കുന്നു. അടിയന്തിരാവസ്ഥ കാലത്തിലെന്നപോലെ ഇതും ഒരു ആവര്‍ത്തനമാണ്. അടിയന്തിരാവസ്ഥ കാലത്തില്‍ മൗനം ഭൂഷണമാക്കിയ ബുദ്ധിജീവികളും അക്കാദമിക് പരിഷകളും അതു തന്നെ ആവര്‍ത്തിക്കുന്നു. രാഷ്ട്രീയ വര്‍ഗം ഒന്നടങ്കം പാര്‍ട്ടിഭേദമെന്യേ ഒന്നാവുന്ന സ്ഥിതിവിശേഷവും നിയമത്തിന്റെ വക്രീകരണത്തിലൂടെ പൗരാവകാശങ്ങള്‍ മുഴുവനും ഉലംഘിക്കുന്ന സവിശേഷ സ്ഥിതിയുമാണ് അപ്രഖ്യാപിത അടിയന്തിരാവസ്ഥ.

അപ്രഖ്യാപിത അടിയന്തിരാവസ്ഥയുടെ നിഷ്ടൂരതകള്‍ അനുഭവവേദ്യമായ നിരാലംബ ജനസമൂഹങ്ങള്‍ അതീജീവനത്തിനായി അതിനെ പ്രതിരോധിക്കാന്‍ തയ്യാറായി മുന്നിട്ടിറങ്ങിയിട്ടുണ്ട്. അവരുടെ നേര്‍ക്കാണ് രാജ്യദ്രോഹികള്‍ എന്ന ആക്രോശങ്ങള്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. ആദ്യത്തെയും ഇപ്പോഴത്തെയും പ്രഖ്യാപിതവും അപ്രഖ്യാതിതവുമായ അടിയന്തിരാവസ്ഥയുടെ പ്രധാന ഇരകള്‍ മുസ്ലിമുങ്ങളും ദളിതരുമാണ്. കീഴാള സമൂഹങ്ങളുടെ പ്രതിരോധ സമരങ്ങള്‍ രാജ്യദ്രോഹം എന്ന് ചാപ്പയടിക്കപ്പെടുകയും നേതൃത്വപരമായ പങ്കുവഹിച്ചവരെ രാജ്യദ്രോഹക്കുറ്റത്തിന്റെ പേരില്‍ വിചാരണ കൂടാതെ ജയിലില്‍ അടച്ചിരിക്കുകയുമാണ്. ഉമ്മര്‍ ഖാലിദും ഷാര്‍ജീല്‍ ഇമാമും ഖുറം പര്‍വേശും ജയിലിലാണ്. ഭീമ കൊറേഗാവ് വ്യാജകേസില്‍ ഇപ്പോഴും ആക്ടിവിസ്റ്റുകള്‍ വിചാരണ കൂടാതെ ജയിലില്‍ കഴിയുകയാണ്.

ഇന്ത്യയില്‍ സമീപകാലത്തു നടന്ന പ്രധാന പ്രക്ഷോഭങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടന്നതല്ല. പക്ഷെ ഈ പ്രക്ഷോഭം വിശാലമായ ഫാസിസ്റ്റ് വിരുദ്ധ പ്ലാറ്റഫോമിന്റെ അനിവാര്യത ബോധ്യപ്പെടുത്തുന്നതായിരുന്നു. ഇതിന്റെ അനുരണങ്ങള്‍ ഇന്‍ഡിയ മുന്നണി രൂപീകരണത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്. സ്വന്തം അധികാര സംരക്ഷണം മാത്രം ലക്ഷ്യം വെച്ച് നിതീഷ് കുമാര്‍ മുന്നണി വിട്ടുകൊണ്ടു എന്‍.ഡി.യില്‍ ചേര്‍ന്നെങ്കിലും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രധാനപപ്പെട്ട പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചുനില്‍ക്കാന്‍ തയ്യാറയത്തിന്റെ ഗുണഫലമാണ് ഇന്‍ഡിയ മുന്നണിക്ക് തിരഞ്ഞെടുപ്പിലുണ്ടായ നേട്ടം. ഇന്‍ഡിയ മുന്നണിയില്‍ ജനം പ്രതീക്ഷവെച്ചു പുലര്‍ത്തുന്നു എന്നതിന്റെ ആവര്‍ത്തിതമായ തെളിവാണ് 2024 ജൂലൈ മാസത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളിലെ വിജയം. ഉപതിരഞ്ഞെടുപ്പ് നടന്ന 13 മണ്ഡലങ്ങളില്‍ 10 എണ്ണം ഇന്ത്യ മുന്നണി നേടി. 2 എണ്ണംക്കൊണ്ടു ബി.ജെ.പി തൃപ്തിപ്പെടേണ്ടിവന്നു. ജനാധിപത്യത്തെ സംബന്ധിച്ചു ഇതില്‍ നിന്നുള്ള പ്രധാന പാഠമെന്തെന്നാല്‍ ജനം പ്രതിരോധത്തിനു തയ്യാറാണ് എന്നതാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ അതിനൊത്തുയരണം. അതിന്റെ അനുരണനമെന്നോണം ഇന്ത്യയിലെ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാനുള്ള ആവശ്യം ഉടനെ തന്നെ ജനാധിപത്യ സഖ്യ കക്ഷികള്‍ രാഷ്ട്രീയമായും നിയമപരമായും ഉയര്‍ത്തേണ്ടതാണ്. മാവോയിസ്റ്റുകളെ മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിലൂടെ ഉന്മൂലനം ചെയ്യുന്ന ചെയ്യുന്ന ഭരണകൂട നടപടിനിര്‍ത്തിവെക്കേണ്ടതാണ്. സംഭാഷണത്തിലൂടെ പരിഹരിക്കുക എന്നതാണ് ജനാധിപത്യത്തിനു അഭികാമ്യമായ മാര്‍ഗം. ആശാ വര്‍ക്കര്‍മാരുടെ സമരത്തെ അവഗണിക്കുന്ന കേരള സര്‍ക്കാര്‍ സമീപനം നവലിബറല്‍ സാമ്പത്തിക യുക്തിയുടെ ആവിഷ്‌ക്കാരം മാത്രമാണ്. ഭരണഘടനാബദ്ധമായ പൗരവകാശങ്ങളെ ലംഘിക്കുന്ന അക്രമരഹിത ജനാധിപത്യ പ്രക്ഷോഭങ്ങളെ കിരാത നിയമങ്ങളുപയോഗിച്ചു അടിച്ചമര്‍ത്തുന്ന ഭരണവര്‍ഗത്തിന്റെ നയസമീപനത്തെയാണ് അടിയന്തിരാവസ്ഥയായി ഇന്നു മനസ്സിലാക്കപ്പെടുന്നത്.

No Comments yet!

Your Email address will not be published.