2016ല്‍ പത്മശ്രീ നല്‍കി രാജ്യം ആദരിച്ച സുനിത കൃഷ്ണനെ കേവലം മനുഷ്യാവകാശ പ്രവര്‍ത്തക എന്ന് വിശേഷിപ്പിച്ചാല്‍ അതവരുടെ പ്രവര്‍ത്തനങ്ങളെ പൂര്‍ണ്ണമായും സ്വാംശീകരിക്കാത്തതായേക്കും എന്ന് ഭയക്കുന്നു. സ്ത്രീകളുടെ ആത്മാഭിമാനത്തേയും അവകാശങ്ങളേയും സംരക്ഷിക്കാന്‍ എക്കാലത്തും വൈമനസ്യം പ്രകടമാക്കിയിട്ടുള്ള ഒരു ചരിത്രമാണ് മനുഷ്യ വംശത്തിന്റേത്. ഒഴികഴിവുകളുണ്ടാകാം. എന്നാല്‍, അതിപുരാതന കാലം തൊട്ടേ സ്ത്രീകളെ പുരുഷന്റെ സമ്പത്തിന്റെ ഭാഗമായി മാത്രം കാണുക എന്ന രീതി ലോകവ്യാപകമായിരുന്നു. അബലകള്‍ എന്ന് മുദ്രയടിച്ച്, വരുതിയില്‍ നിര്‍ത്താനുള്ള ശ്രമം. മതങ്ങള്‍ (എല്ലാ മതങ്ങളും) അതിന് നേതൃത്വം നല്‍കി. അവര്‍ സ്ത്രീകള്‍ക്കായി സമൂഹത്തില്‍ പ്രത്യേകം ചട്ടക്കൂടുണ്ടാക്കി തളച്ചു. (മതഗ്രന്ഥങ്ങളിലെ, പുരാണങ്ങളിലെ ഒറ്റപ്പെട്ട വാക്യങ്ങളും സംഭവങ്ങളും പൊലിപ്പിച്ചെഴുതി ഞങ്ങള്‍ സ്ത്രീകളെ തുല്യരായി കണ്ടിരുന്നു എന്നോ, അവരുടെ സംരക്ഷണമാണ് ഞങ്ങളുടെ ലക്ഷ്യമെന്നോ വീരസ്യം പറയുവര്‍ മാപ്പാക്കുക. സത്യം അതല്ല എന്ന് അറിയാവുതാണല്ലോ) ദൈവങ്ങളുടെ, സംരക്ഷണമെന്നതിന്റെ മറവുപറ്റി മതങ്ങള്‍ സ്ത്രീപീഢനങ്ങളെ എന്നും പ്രോത്സാഹിപ്പിച്ചുകൊണ്ടേയിരുന്നു. ഇന്നും അതില്‍ വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ലെന്നു സംശയിക്കേണ്ടിയിരിക്കുന്നു. മതാദ്ധ്യക്ഷന്മാര്‍ എല്ലാകാലത്തും പുരുഷന്മാരായിരുന്നുവല്ലോ. നൂറ്റാണ്ടുകള്‍ നീണ്ട മസ്തിഷ്‌കപ്രക്ഷാളനത്തിന്റെ ഫലമായി ബഹുഭൂരിപക്ഷം സ്ത്രീകളും ഈ വ്യവസ്ഥിതിയോടു പൊരുത്തപ്പെടുക മാത്രമല്ല; അതാണ് നീതി എന്ന് കരുതാനും ആരംഭിച്ചു. അടിമത്തം അങ്ങനെ അവരുടെ ജന്മാവകാശമായി. അതിലാണ് സ്വാതന്ത്ര്യം എന്ന് വിശ്വസിക്കാനുമാരംഭിച്ചു.
സ്ത്രീകളോടുള്ള അതിക്രമങ്ങളുടെ ഭാഗമായി സമൂഹത്തില്‍ വേശ്യാവൃത്തി നിലവില്‍ വന്നു. ചിലര്‍ ഇതിനെ ദേവദാസികള്‍ എന്ന ചിത്രഭംഗിയുള്ള പേരൊക്കെ ചാര്‍ത്തി മഹത്വവത്കരിക്കാനും ദൈവീകമാക്കാനും ശ്രമിച്ചു. എാല്‍ ഈ ‘ദേവദാസി’കളുടേയും യൗവ്വനശേഷമുള്ള ജീവിതം മിക്കവാറും ദുരിതപൂര്‍ണ്ണമായിരുന്നു എന്ന് ചരിത്രം പരിശോധിച്ചാല്‍ കാണാനാകും. അതിനൊപ്പം വളര്‍ന്ന മറ്റൊരു ‘കല’യാണ് ബലാത്സംഗം. സ്ത്രീകള്‍ക്കു മീതെ പുരുഷന്‍ തന്റെ ധാര്‍ഷ്ട്യം കാണിക്കാനുപയോഗിച്ച മറ്റൊരു മാര്‍ഗ്ഗം. ലൈംഗികാസ്വാദനം മാത്രമായിരുന്നില്ല മിക്ക ബലാത്സംഗങ്ങളുടേയും പുറകിലെ പ്രചോദനം. അടിച്ചമര്‍ത്തല്‍ കൂടിയായിരുന്നു. പിടിച്ചെടുത്തു എന്നു പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായിരുന്നു. അത് പുരാതന കാലങ്ങളിലായാലും വര്‍ത്തമാനകാലത്തായാലും. പലപ്പോഴും യുദ്ധാനന്തരമുള്ള (അത് രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധമാകട്ടെ, വ്യക്തികള്‍ തമ്മിലുള്ളതാകട്ടെ) ബലാത്സംഗങ്ങള്‍. ബലാത്സംഗം പലരിലും ഒരു മനോരോഗത്തിന്റെ തലത്തിലേക്കെത്തിയിരുന്നു എന്ന് അവയെക്കുറിച്ച് വായിച്ചറിയുമ്പോള്‍ മനസിലാകും. ബലാത്സംഗം തന്റെ അധികാരമായി കണക്കാക്കിയിരുന്ന പുരുഷന്മാരും ഈ ലോകത്തില്‍ ജീവിച്ചിട്ടുണ്ട്.
അത്തരത്തില്‍ ബാല്യത്തില്‍ അധിക്ഷേപം നേരിടേണ്ടിവന്ന ഒരാളാണ് സുനിത കൃഷ്ണന്‍. എട്ടു പേര്‍ ഒന്നിച്ചാണവരെ അവരുടെ പതിനാലാമത്തേയോ പതിനഞ്ചാമത്തേയോ വയസ്സില്‍ കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. പൊതുവില്‍ അങ്ങനെയൊരു ആഘാതം നേരിടുന്ന സ്ത്രീകള്‍ സമൂഹത്തില്‍നിന്ന് പിന്‍വലിയുന്ന കാഴ്ചയാണ് നമ്മള്‍ കാണാറുള്ളത്. ആ പിന്‍വലിയല്‍ പലരൂപങ്ങളിലാകാം. ആത്മഹത്യയും അതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ സുനിത കൃഷ്ണന്‍ പോരാട്ടത്തിന്റെ പാതയാണ് സ്വീകരിച്ചത്. തളരാതെ ജീവിതം മുന്നോട്ടുകൊണ്ടുപോകുക എന്ന പാത. അക്കഥ കൂടിയാണവര്‍ ”ഐ ആം വാട്ട് ഐ ആം : എ മെമൊയര്‍” എന്ന പുസ്തകത്തില്‍ വിവരിച്ചത്.
സുനിത കൃഷ്ണന്‍ എന്ന പേര് ഇന്ത്യ കേള്‍ക്കാനാരംഭിച്ചത്, ശ്രദ്ധിക്കാനാരംഭിച്ചത്, അവര്‍ കൂട്ട ബലാത്സംഗത്തിനിരയായപ്പോഴല്ല. 1996ല്‍ ലോകസുന്ദരി മത്സരത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തത്തുകൊണ്ടാണ്. അതിനവര്‍ക്ക് ജയില്‍വാസമനുഭവിക്കേണ്ടി വന്നു. തുടര്‍ന്ന് അവര്‍ ലൈംഗിക പീഢനം, വേശ്യാവൃത്തി എന്നിവയുടെ ഇരകളെ തേടിപ്പിടിച്ച് സഹായിക്കുന്നതിലേക്കും പുനരധിവസിപ്പിക്കുന്നതിലേക്കും ശ്രദ്ധ തിരിച്ചു. സ്ത്രീകളെ കച്ചവടച്ചരക്കാക്കുന്നതിനെതിരെ നിന്നു. ആന്ധ്രാപദേശില ഹൈദരബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രജ്വല എന്ന സന്നദ്ധസംഘടനയുടെ സ്ഥാപാംഗമാണവര്‍. സാരഥിയുമാണ്. ഹൈദരാബാദിലെ ചുവന്ന തെരുവില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിച്ചുകൊണ്ടാണിവര്‍ പ്രവര്‍ത്തനമാരംഭിച്ചത് എന്നു പറഞ്ഞാല്‍ അതു പൂര്‍ണ്ണമായും ശരിയാകില്ല. അതിനു മുമ്പു തന്നെ ഇതാണ് തന്റെ പാത എന്നവര്‍ തിരിച്ചറിഞ്ഞിരുന്നു. അത്തരം കാര്യങ്ങളില്‍ സജീവമയി തന്നെ ഇടപെട്ടിരുന്നു. പ്രജ്വല അതിന്റെ തുടര്‍ച്ചയായിരുന്നു. കുടിയൊഴിപ്പിക്കലിന്റെ ഭാഗമായി അവിടെയുണ്ടായിരുന്ന നിരാലംബരായ സ്ത്രീകളെ ജയിലിലടച്ചു. വീടുകള്‍ നശിപ്പിച്ചു. പ്രജ്വലയുടെ ആദ്യകാല പ്രവര്‍ത്തനങ്ങളും അത്ര എളുപ്പമായിരുന്നില്ല. ഒരുപാട് വെല്ലുവിളികള്‍ സുനിത കൃഷ്ണനും കൂട്ടരും നേരിട്ടു. പക്ഷേ അവര്‍ പിന്മാറിയില്ല. മനുഷ്യക്കടത്ത്, അതും ലൈംഗികാവശ്യങ്ങള്‍ക്ക് സ്ത്രീകളെ കടത്തുന്നത് തടയുക, അതില്‍ നിന്നും മോചിപ്പിക്കാനായ സ്ത്രീകളെ പുനരധിവസിപ്പിക്കുക എന്നീ പ്രവര്‍ത്തനങ്ങള്‍ സുനിത തന്റെ ജീവിത സപര്യയാക്കി. പ്രജ്വല എന്ന അവരുടെ സംഘടന ഇങ്ങനെ മോചിപ്പിച്ചവരില്‍ സ്ത്രീകള്‍ മാത്രമല്ല; കുട്ടികളും അനവധിയുണ്ട്. അതില്‍ പല കുട്ടികളും എയ്ഡ്‌സ് രോഗികളാണ്.
സുനിത കൃഷ്ണന്‍ ഈ വെല്ലുവിളികളെ എങ്ങനെ നേരിട്ടു എന്നുകൂടി വിവരിക്കുകയാണ് അവര്‍ തന്റെ ഈ ഓര്‍മ്മക്കുറിപ്പിലൂടെ. നിശ്ചയദാര്‍ഢ്യം എന്ന ഒറ്റവാക്കില്‍ അതിനെ ഒതുക്കാം. തന്റെ ജീവനാപത്തു സംഭവിച്ചേക്കാവുന്ന നിമിഷങ്ങളില്‍ പോലും അവര്‍ ആ നിശ്ചയദാര്‍ഢ്യത്തെ കൈവിട്ടില്ല എന്ന് പുസ്തകം വായിച്ചാലറിയാനാകും. ഇതുവരേയും അവര്‍ ഏകദേശം ഇരുപത്തിയൊമ്പതിനായിരം അതിജീവിതകളെ സമൂഹജീവിതത്തിലേക്ക് തിരികെകൊണ്ടുവിട്ടിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു.
പുസ്തകത്തില്‍ അവരുടെ ഈ രംഗത്തെ മൂന്നിലേറെ ദശാബ്ദങ്ങളുടെ അനുഭവങ്ങള്‍ പറയുന്നുണ്ട്. വധ ഭീഷണി, ഇരകളുടെ അതിക്രമങ്ങള്‍, സര്‍ക്കാരിന്റെ ചുവപ്പു നാട, ശാരീരികാക്രമണങ്ങള്‍ എന്നിങ്ങനെ പലതും. ഇതിനൊപ്പം തന്റെ വ്യക്തിജീവിതത്തേയും; ഒപ്പം നിന്നവരേയും അവര്‍ പുസ്തകത്തില്‍ സ്പര്‍ശിക്കുന്നു. പ്രത്യേകിച്ചും എന്നും തനിക്കൊപ്പം നിന്ന, തന്റെ പ്രവര്‍ത്തനങ്ങളില്‍ താത്പര്യം മാത്രമല്ല; വിശ്വാസവും പ്രകടിപ്പിച്ച, ചലച്ചിത്ര പ്രവര്‍ത്തകനായ, ഭര്‍ത്താവ് രാജേഷിനെ.
സുനിത കൃഷ്ണന്‍ തന്റെ അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുന്നത് ലൈംഗികാതിക്രമങ്ങള്‍ അതിജീവിക്കാനായവരോട്, ലൈംഗിത തൊഴിലാളി എന്ന് മുദ്രയടിച്ച് മാറ്റിനിര്‍ത്തുവരോട്, ഈ സമൂഹത്തിനുള്ള മനോഭാവത്തില്‍ മാറ്റം വരുത്തണം എന്നാവശ്യപ്പെടാന്‍ കൂടിയാണ്. ഇന്നും സമൂഹം അത്തരം അനുഭവങ്ങളിലൂടെ കടന്നുപോയ സ്ത്രീകളോട് എന്തുകൊണ്ട് വേറിട്ട സമീപനമെടുക്കുന്നു എന്നതിനെ ചോദ്യം ചെയ്യുകയാണീ പുസ്തകം. എന്തിനവരെ പഴിചാരുന്നു എന്ന് ചോദിക്കുകയാണ്. അതിജീവിതകളോടുള്ള സമൂഹത്തിന്റെ നിസ്സംഗത അവസാനിപ്പിക്കണം എന്നാവശ്യപ്പെടുകയാണ്.
മനുഷ്യക്കടത്തിന്റെ സങ്കീര്‍ണ്ണതകളെ മനസ്സിലാക്കാന്‍ സഹായിക്കുന്നതുകൂടിയാണീ പുസ്തകം. ലളിതവായന ആഗ്രഹിക്കുന്നവര്‍ ഈ പുസ്തകം തുറക്കേണ്ടതില്ല. സ്വന്തം പിതാവിനാല്‍ ബലാത്സംഗം ചെയ്യപ്പെട്ട ഒരു നാലുവയസ്സുകാരിയെ രക്ഷിച്ച കഥയോടെയാണീ പുസ്തകം തുടങ്ങുന്നതുതന്നെ ഇതിലെ വിഷയത്തിന്റെ ഗൗരവവും ആഴവും വ്യക്തമാക്കുന്നതാണ്. പതിനഞ്ചാം വയസ്സില്‍ തനിക്ക് നേരിട്ട കൂര ബലാത്സംഗം സമൂഹത്തില്‍ ഇന്ന് സ്ത്രീകളോടുള്ള, അതിജീവിതകളോടുള്ള, ലൈംഗികാവശ്യത്തിനായി കടത്തിക്കൊണ്ടുവന്ന സ്ത്രീകളോടുള്ള, സമീപനത്തെ അപേക്ഷിച്ച് ഒന്നുമല്ലെന്ന പ്രഖ്യാപനം കൂടിയാണീ പുസ്തകം. സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റങ്ങള്‍ അത്യന്താപേക്ഷിതമായിരിക്കുന്നു എന്ന് അടിവരയിടുകയാണീ പുസ്തകത്തിലൂടെ സുനിത കൃഷ്ണന്‍.
No Comments yet!