പറക്കും തളിക എന്ന സിനിമയില്‍ ഹരിശ്രീ അശോകനെ ചൂണ്ടി, ”ഇവനെയാണോടാ നീ സുന്ദരാ” എന്നു വിളിച്ചതിന് കൊച്ചിന്‍ ഹനീഫയുടെ വീരപ്പന്‍ കുറുപ്പ് എന്ന പോലീസുകാരന്‍ ദിലീപിന്റെ മോന്തക്കിട്ട് പൊളിക്കുന്നുണ്ട്. കേരളത്തിലെ പോപ്പുലര്‍ കള്‍ച്ചറില്‍ ഹരിശ്രീ അശോകന്‍, സലീം കുമാര്‍ തുടങ്ങിയ നടന്മാര്‍ തകര്‍ത്തുവാരുന്ന ഒരു സമയമായിരുന്നു അത്. ജഗതി, പപ്പു, മാള, ഇന്നസന്റ് എന്നിവര്‍ക്കുശേഷം വരുന്ന ഒരു തലമുറ മാറ്റം ഇത്തരം സിനിമകളിലൂടെ ഉണ്ടായി. അപ്പോഴേക്കും ലോക സിനിമകളിലേക്കുള്ള മലയാളിയുടെ കാഴ്ചകളിലും മാറ്റങ്ങള്‍ വന്നു തുടങ്ങിയിരുന്നു. ഗ്ലോബലൈസേഷനു ശേഷം ഫിലിം ഫെസ്റ്റിവല്‍ സിനിമകള്‍ക്കപ്പുറം ധാരാളം ഹോളിവുഡ് സിനിമകള്‍ മലയാളികള്‍ കാണാന്‍ തുടങ്ങിയ കാലഘട്ടം ആയിരുന്നു അത് – പുതിയ നൂറ്റാണ്ടിന്റെ തുടക്കം. കണ്ണൂരിലെ വി.കെ., കോഴിക്കോട് ക്രൗണ്‍ തുടങ്ങിയ തീയേറ്ററുകള്‍ ലോക സിനിമകള്‍ക്കുള്ള വാതിലുകള്‍ തുറന്നിരുന്നു. ‘ബ്രേവ് ഹാര്‍ട്ട്’, ‘ഫോറസ്റ്റ് ഗംപ്’ തുടങ്ങിയ സിനിമകള്‍ ഞങ്ങള്‍ കാണുന്നത് വി.കെ. തീയേറ്ററിലായിരുന്നു. അതേസമയം, ലോകം മുഴുവന്‍ ഹിറ്റായ ‘ബേബീസ് ഡേ ഔട്ട്’ പോലുള്ള സിനിമകള്‍ സിറ്റുവേഷന്‍ കോമഡിയുടെ കാഴ്ചകളെയും സ്വാധീനിച്ചു. കേരളത്തിലെ ബുദ്ധിജീവി പാരലല്‍ സിനിമകള്‍ക്കപ്പുറം വ്യത്യസ്തമായ സിനിമഭാഷകള്‍ നിലവിലുണ്ടെന്ന് മലയാളികള്‍ തിരിച്ചറിഞ്ഞ കാലഘട്ടം കൂടി ആയിരുന്നു അത്.
ഇത്തരം ഒരു കാലത്താണ് മലയാളി നോര്‍മാലിറ്റിയെ തകര്‍ത്തുകൊണ്ട് ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍, കലാഭവന്‍ മണി, സലീം കുമാര്‍ തുടങ്ങിയവര്‍ കോമഡിയുടെ ഒരു എക്‌സാഗറേറ്റഡ് ഫോമിലൂടെ മലയാളിയുടെ പോപ്പുലര്‍ കള്‍ച്ചറില്‍ സ്വീകരിക്കപ്പെടുന്നത്. കോമഡിയിലെ സട്ടിലിറ്റിയെ പൊളിച്ചുകൊണ്ടായിരുന്നു ഈ മിമിക്രി താരങ്ങളുടെ പൂണ്ടു വിളയാട്ടം. ഇതില്‍ ഇന്ദ്രന്‍സ് ഒഴികെ ഉള്ള മൂന്നു നടന്മാരും മിമിക്‌സ് പരേഡ് എന്ന കലയിലൂടെ സിനിമ വഴികളില്‍ ഏത്തിയവരാണ്. കേരളത്തിലെ ബുദ്ധിജീവികള്‍, എഴുത്തുകാര്‍, പാരലല്‍ സിനിമാക്കാര്‍, എന്തിന് കൊമേഴ്‌സ്യല്‍ സിനിമാക്കാരുടെ അപ്പൊസ്തലനായ ശ്രീനിവാസന്‍ വരെ തൊണ്ണൂറുകളിലെ മിമിക്രി സിനിമകളെ തെറിവിളിച്ചു. മിമിക്രി സിനിമകള്‍ മലയാളത്തിന്റെ സിനിമയുടെ നിലവാരം തകര്‍ത്തു എന്നു പറഞ്ഞു. ഈ അഭിനേതാക്കള്‍ മിമിക്രിക്കാര്‍ ആണ് അഭിനേതാക്കള്‍ ആണ് എന്നു പറഞ്ഞ് കളിയാക്കി. പക്ഷേ സാധാരണക്കാര്‍ ജീവിക്കുന്ന രമണനെയും, മണവാളനെയും, മുതലാളി ജങ്ക ജക ജക, ഒക്കെ ഇപ്പോഴും യൂടൂബിലൂടെയും മറ്റും കണ്ടു ആസ്വദിച്ചു.
അങ്ങനെ മലയാളത്തിന്റെ പോപ്പുലര്‍ കള്‍ച്ചറില്‍ മണവാളനായും സുന്ദരനായും തകര്‍ത്ത് വാരിയ ഹരിശ്രീ അശോകന്റെ ഒരു ഒന്നൊന്നര ഷിഫ്റ്റ് ആണ് കേരള ക്രൈം ഫയല്‍സ് എന്ന സീരീസിലെ അയ്യപ്പന്‍ എന്ന കഥാപാത്രം. ഒരു മിമിക്രി കലാകാരന്റെ കൂള്‍ ആയ കേക്ക് വാക്ക്. ഇത്രയും അധികം മാനസിക സംഘര്‍ഷവും ക്രൂരതയും വയലന്‍സും തട്ടിപ്പും ഒക്കെ കൂട്ടിച്ചേര്‍ത്ത് ഭ്രാന്തിന്റെ അതിര്‍വരമ്പുകളിലൂടെ നടന്നുപോകുന്ന ഒരു കഥാപാത്രം മലയാള സിനിമയില്‍ അപൂര്‍വമായി മാത്രമേ ഉണ്ടായിട്ടുള്ളൂ എന്ന് തന്നെ പറയാം. മുമ്പ് വിധേയന്‍ എന്ന സിനിമയിലെ ഗോപകുമാറിനെ കണ്ടിട്ടു സ്റ്റീഫന്‍ സ്പീല്‍ബര്‍ഗ് അദ്ദേഹത്തെ ഹോളിവുഡിലേക്ക് ക്ഷണിച്ചെന്നു കേട്ടിട്ടുണ്ട്. മിക്കവാറും ഹോളിവുഡിലെ മറ്റോ ഏതെങ്കിലും സംവിധായകര്‍ ഈ സീരീസിലെ അയ്യപ്പനെ കണ്ടാല്‍ അങ്ങ് കൊത്തിക്കൊണ്ടുപോകും.
അഭിനയം എന്നത് ഒരു മനുഷ്യന്റെ എഫോര്‍ട്ടും ഡെലിവെറിയും മാത്രം അല്ല; രൂപപരമായ, ശാരീരികമായ ഒരു പരിണാമം കൂടി ആണ്. അയ്യപ്പന്‍ എന്ന കഥാപാത്രത്തിന്റെ ഈ ബോഡി ട്രാന്‍സ്ഫര്‍മേഷന്‍ ഒരു ടെക്സ്റ്റ് കൂടെ ആണ്. സ്വന്തം ഭാര്യയുടെ പഴയ ഭര്‍ത്താവില്‍ നിന്നു സ്വാതന്ത്ര്യം ലഭിക്കാനാഗ്രഹിക്കുന്ന ഒരു മനുഷ്യന്റെ സംഘര്‍ഷം. അമ്മോ! മലയാളത്തിലെ ഒരു കള്‍ട്ടും ലാന്‍ഡ്മാര്‍ക്കും ആയ കഥാപാത്രമാണ് ഹരിശ്രീ അശോകന്റെ ഈ സീരീസിലെ അയ്യപ്പന്‍. ഒരു രക്ഷയുമില്ല!
വീരപ്പന്‍ കുറുപ്പ് ഇപ്പോ ജീവിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ അയാള്‍ പണ്ട് പറഞ്ഞത് ”നീ സുന്ദരനല്ലടാ … രാക്ഷസനാണ്” എന്ന് തിരുത്തിയേനെ!
No Comments yet!