Skip to main content

കാഴ്ചകള്‍ വെടിയുണ്ടകളാകുന്ന സിനിമ

യുദ്ധവിരുദ്ധ സിനിമയെടുക്കുന്നവരുടെ ക്യാമറയും, യുദ്ധത്തിന്റെ ഇരകളായവര്‍ എടുക്കുന്ന സിനിമകളുടെ ക്യാമറയും തമ്മിലുള്ള വ്യത്യാസം എന്തെന്നു ലോകത്തെ ഞെട്ടിച്ചുകൊണ്ട് അറിയിച്ചുകൊണ്ടിരിക്കുന്ന ഡോക്യുമെന്ററി ആണ് ബാസല്‍ അദ്ര എന്ന പലസ്തീന്‍ യുവാവും കൂട്ടരും ചെയ്ത ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ അംഗീകരിക്കപ്പെട്ട No Other Land എന്ന ഡോക്യുമെന്ററി. ബാസല്‍ അദ്ര, ഹംദാന്‍ ബല്ലാല്‍, യുവാല്‍ അബ്രഹാം, റേച്ചല്‍ സ്‌ജോര്‍ എന്നിവര്‍ ആദ്യമായി സംവിധാനം ചെയ്ത 2024ലെ ഡോക്യുമെന്ററി ചിത്രമാണ് No Other Land.

പലസ്തീന്‍-ഇസ്രായേലി ആക്റ്റിവിസ്റ്റുകളുടെ ഒരു കൂട്ടായ്മയാണ് ഇത്. ഡയറക്ടര്‍മാരായ അദ്ര, ഇസ്രായേലി മാധ്യമപ്രവര്‍ത്തകന്‍ യുവാല്‍ അബ്രഹാം, പലസ്തീന്‍ ചലച്ചിത്രകാരനും കര്‍ഷകനുമായ ഹംദാന്‍ ബല്ലാലും, ഇസ്രായേലി ക്യാമറമാനും എഡിറ്ററുമായ റേച്ചല്‍ സ്‌ജോരും അവതരിപ്പിച്ച ഈ ഡോക്യുമെന്ററി, ഗാസയിലെ ഒരു ഗ്രാമത്തോട് ഇസ്രായേല്‍ നടത്തുന്ന വംശീയമായ കൂടിയൊഴിപ്പിക്കലാണ് കാണിക്കുന്നത്. പലസ്തീനിന്റെ അവകാശത്തെക്കുറിച്ചും ഇസ്രായേലിന്റെ ക്രൂരതയുടെയും ദൃശ്യതയിലൂന്നിയ ഈ ഡോക്യുമെന്ററി ഞെട്ടിപ്പിക്കുന്നതും ഉള്ളിലേക്കുള്ള ആഴ്ന്നിറങ്ങുന്നതുമാണ്.

ബാസല്‍ അദ്ര എന്ന സംവിധായകന്‍ ഗാസയിലെ മസഫര്‍ യട്ട എന്ന തന്റെ ഗ്രാമത്തില്‍ ഇസ്രായേല്‍ സൈന്യം ആര്‍മി പോസ്റ്റ് നിര്‍മ്മിക്കുന്നതിന് വേണ്ടി ഗ്രാമവാസികളെ അതിക്രൂരമായി കുടിയിഴിപ്പിക്കുന്നത്തിന്റെ ചരിത്രമാണ് ഈ ഡോക്യുമെന്ററി വെളിപ്പെടുത്തുന്നത്. ഗാസയിലെ മനുഷ്യരെ പടിപടി ആയി ഉന്മൂലനം ചെയ്യുന്നതിന്റെ പ്രക്രിയയുടെ ഒരു ആദ്യ ഭാഗം കൂടെ ആണിത്. ഇവിടെ ഇരകളായ മനുഷ്യരുടെ ക്യാമറകളില്‍നിന്ന് വരുന്ന ദൃശ്യങ്ങള്‍ നമ്മുടെ ഉള്ളില്‍ ഷെല്‍ ബോംബുകള്‍ പോലെ പൊട്ടിത്തെറിക്കുന്ന അനുഭവമാണ് നല്‍കുന്നത്.

ഒരു തരത്തില്‍ ബാസല്‍ അദ്രയുടെ ആത്മകഥപോലെയാണ് ഈ ഡോക്യുമെന്ററി നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ഇരുപത് വര്‍ഷം മുമ്പ് ഗാസയിലെ മസഫര്‍ യട്ട ഗ്രാമത്തില്‍ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുമ്പോഴും അവരുടെ ജീവിതത്തിലെ ചില മനോഹരമായ കാഴ്ചകള്‍ അന്നു തന്നെ റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങളായി ഈ ഡോക്യുമെന്ററിയില്‍ കാണാം. ബാസല്‍ അഡ്ര എന്ന കുട്ടിയും അയാളുടെ കുടുംബങ്ങളും വിനോദയാത്രയിലേയ്ക്ക് പോകുന്നതും, യാത്രാ വാഹനത്തിലെ ആഹ്ലാദ കാഴ്ചകളും ഹിസ്റ്ററിയായി ഒരു ക്യാമറയില്‍ പതിയുന്നു. അതിനുശേഷം, ബാസലിന്റെ അച്ഛന്‍ ആക്ടിവിസ്റ്റ് ആയതുകൊണ്ട് ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്യുന്നതും, പിന്നീട് മസഫര്‍ യട്ടയില്‍ നിന്നും 2500-ലധികം ആളുകളെ കണ്ണില്‍ ചോര ഇല്ലാതെ കുടിയൊഴിപ്പിക്കുന്നതും ഈ ഡോക്യുമെന്ററി രേഖപ്പെടുത്തുന്നു.ഒരു മനുഷ്യന്റെ വിവിധ കാലഘട്ടങ്ങളിലുള്ള, വ്യത്യസ്ത സാഹചര്യങ്ങളിലുളള ജീവിതത്തിന്റെ ദൃശ്യങ്ങള്‍ ഓരോ കാലത്തെ അവസ്ഥകളുടെ സിനിമാറ്റിക് (റിയലിസ്റ്റിക്?) ക്യാമറകളിലക്കും നമ്മളെ കൊണ്ട് പോകുന്നു.

നമ്മുടെ ജീവിതത്തില്‍ നാം അനുഭവിക്കുന്ന അതിക്രമങ്ങളും ക്രൂരതകളും അധിനിവേശങ്ങളും, നമ്മുടെ ക്യാമറകളില്‍ പതിയുന്നതു ദൃശ്യങ്ങളെയും അവയുടെ കാഴ്ചകളെയും അട്ടിമറിക്കാമെന്ന് ഈ ഡോക്യുമെന്ററി ആഴത്തില്‍ വ്യക്തമാക്കുന്നു. അധിനിവേശങ്ങള്‍ക്കു മീതെ കുടി ഒഴിപ്പിക്കലുകള്‍ക്കു വിധേയരായവര്‍ തോക്കുകള്‍ക്കു പകരം ക്യാമറകള്‍ എടുക്കുമ്പോള്‍ ദൃശ്യങ്ങളാണ് വെടി ഉണ്ടകളാകുന്നത്. അത്തരം കാഴ്ചകളുടെ ദൃശ്യതയിലുണ്ടാകുന്ന അനേകം വ്യത്യാസങ്ങളുടെ ഒരു പരമ്പരയാണ് ഈ ഡോക്യുമെന്ററി സൃഷ്ടിക്കുന്നത്.

കുട്ടിക്കാലത്ത് പകര്‍ത്തിയ കുടുംബസമേതമായ മനോഹര ജീവിതം, ബാസല്‍ അദ്രയുടെ പിതാവിന്റെ അറസ്റ്റ്, അന്നത്തെ പലസ്തീനിന്റെ മുഖം, പിന്നീടുള്ള ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന കൂട്ടക്കുടിയൊഴിപ്പിക്കലുകളുടെ ദൃശ്യങ്ങള്‍, ബള്‍ഡോസറുകള്‍ വീടുകള്‍, കുട്ടികളുടെ സ്‌കൂളുകള്‍, പക്ഷിക്കൂടുകള്‍ അടിച്ചുപൊളിക്കുന്ന കാഴ്ചകള്‍, പക്ഷിക്കൂടുകള്‍ തകര്‍ത്തതിനു ശേഷം ഒരു പ്രാവിനെ രക്ഷിക്കുന്ന കുട്ടികള്‍, വിശാലമായ പലസ്തീന്‍ ഭൂമിയുടെ മരങ്ങളില്ലാത്ത അനന്തമായ ദൃശ്യങ്ങള്‍, കിടപ്പ് രോഗികളെ രാത്രിയില്‍ കൂരയില്ലാതെ കിടത്തേണ്ടി വരുന്ന ദൃശ്യങ്ങള്‍, മനുഷ്യര്‍ വെടി ഏറ്റു വീഴുന്ന കാഴ്ചകള്‍ ഇസ്രായേല്‍ പട്ടാളക്കാര്‍ ഗ്രാമീണരെ ആക്രമിക്കുമ്പോള്‍ ഭൂമിയിലേക്ക് ഫോക്കസ് ചെയ്തു ഒടേണ്ടിവരുന്ന ഷെയ്ക്ക് ചെയ്യുന്ന ക്യാമറയുടെ കുലുക്കവും നാം കാണുന്നു. തോക്കുകള്‍ക്ക് നേരെ പ്രതിഷേധിക്കുന്ന പലസ്തീന്‍ കുട്ടികളെ ലക്ഷ്യമിടുന്ന ചെയ്യുന്ന ഷെല്‍ ആക്രമണങ്ങള്‍, ആ സമയത്ത് ആകാശത്തിലേക്ക് പറക്കുന്ന കറുത്ത ബലൂണുകള്‍-ക്യാമറയുടെ കാഴ്ചയെയും കാഴ്ചപ്പാടുകളെയും അതിന്റെ ദൃശ്യ ഭാഷയെ തന്നെ അട്ടിമറിക്കുന്നു.

മുപ്പതു വയസ്സോളം മാത്രം പ്രായമുള്ള ബാസല്‍ അദ്രയുടെ (മുപ്പത് വയസ്സ് ആയോ?) യുദ്ധജീവിതത്തിലെ ദൃശ്യതകളിലൂടെയാണ് ലോകത്തിന്റെ സമാധാനത്തിന്റെ നെഞ്ചിലേക്ക് ഒരു വെടിയുണ്ട പോലെ തുളച്ചുകയറുന്നത്. മസഫര്‍ യട്ട എന്ന ഗ്രാമത്തില്‍ തനിക്ക് ഒരു ഭാവിയില്ലെന്നു അയാള്‍ തിരിച്ചറിയുന്നു. No Other Land എന്ന സിനിമയുടെ പോസ്റ്ററില്‍ ബാസല്‍ നിരാശയോടെ കിടക്കുന്ന ദൃശ്യത്തില്‍ തന്നെ ഈ സിനിമയുടെ മുഴുവന്‍ പ്ലോട്ടും ജീവനുമുണ്ട്. ലോ കോളേജ് പഠനം പൂര്‍ത്തിയാക്കിയായാലും ഒരു അഭിഭാഷകന്‍ ആകാനുള്ള സാധ്യതയോ ആള്‍ക്കില്ല. പകരം, ഇസ്രായേലില്‍ കണ്‍സ്ട്രക്ഷന്‍ മേഘാലയില്‍ ജോലിക്ക് പോകേണ്ടി വരുന്നതിനെ കുറിച്ചൊക്കെ നക്ഷത്രങ്ങള്‍ മാത്രം കൂട്ടിരിക്കുന്ന ഒരു രാത്രിയില്‍ അയാള്‍ തന്റെ കൂട്ടുകാരനോടു പറയുന്നുണ്ട്.

ബാസിലിന്റെ ഇന്സ്റ്റാഗ്രാം പോസ്റ്റിലൂടെ ഫേസ്ബുക്കിലൂടെ ആണ് ഇസ്രയേലി സൈന്യം ഒരു കൊച്ചു ഗ്രാമത്തില്‍ നടത്തുന്ന കൂടിയൊഴിപ്പിക്കലിന്റെ ക്രൂരത ലോകം അറിയുന്നത്. വീട് നഷ്ടപ്പെട്ട്, കൂടിയൊഴിപ്പിക്കലില്‍ നടുങ്ങിയ അവസ്ഥയില്‍, ഗ്രാമത്തിലെ രാത്രിയിലൊരു കൂട്ടുകാരനോട് വിവാഹത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ആ സംഭാഷണം ദുരന്തങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യരുടെ സ്വപ്നങ്ങള്‍ നമ്മുടെ ഉള്ളില്‍ എന്തു അര്‍ഥം ആണ് ഉണ്ടാക്കുന്നതെന്ന് പോലും പറയുവാന്‍ കഴിയില്ല. കുട്ടികള്‍ ക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ സൈന്യം സ്‌കൂളിലേക്ക് എത്തുന്നു. കുട്ടികള്‍ ജനാല വഴിയും കോറിഡോറുകളിലൂടെയും ഓടിപ്പോകുന്നു. അവരുടെ തന്നെ കണ്‍മുന്നില്‍ ഇസ്രായേലി സൈന്യത്തിന്റെ ബള്‍ഡോസറുകള്‍ അവരുടെ ക്ലാസ്റൂമുകളും സ്‌കൂളും പൊളിക്കുന്നത് അവര്‍ തന്നെ കാണേണ്ടിവരുന്നു.

ഒരു കിടപ്പുരോഗിയായ മനുഷ്യന് വീട് നഷ്ടപ്പെട്ടതിന് ശേഷം രാത്രി തീകൂട്ടി ഇട്ട് തണുപ്പില്‍ നിന്നും രക്ഷപ്പെടുത്തി തമാശ പറയുന്ന സ്ത്രീയെ നമ്മുടെ ജീവിതത്തില്‍നിന്നും ഒരിക്കലും പറിച്ചുകളയാന്‍ പറ്റുകയില്ല. വേറൊരു ദൃശ്യത്തില്‍ രോഗിയായ മനുഷ്യനെ അങ്ങ് മുകളിലേക്ക് ഇതൊന്നും അനുഭവിക്കാനാകാതെ വിളിക്കാനാണ് ആ സ്ത്രീ പ്രാര്‍ത്ഥിക്കുന്നതും. ഈ ഡോക്യുമെന്ററിയുടെ അവസാന ഷോട്ടില്‍ ആ മനുഷ്യനെ കിടത്തിയ (അയാള്‍ തന്നെയാണോ?) ഒരു സ്ട്രച്ചറിന്റെ ആളില്ലാത്ത ഗോള്‍ഡന്‍ ലൈറ്റിലെ ഷോട്ട് ഒരിക്കലും പരസ്പരം ബന്ധപ്പെട്ടിട്ടില്ലാത്ത മൊണ്ടാഷ് സിനിമയുടെ ചരിത്രത്തില്‍ തന്നെ ഭീകരമായ ചലച്ചിത്രഭാഷയായിരിക്കും. വെടിവെച്ചിടുന്നതും വെടികൊണ്ട് മരിക്കുന്നതും ഫിക്ഷണിലെ ആസ്വാദനം വേറെ പല തരത്തിലും ആകുമ്പോള്‍, ഈ സിനിമയില്‍ ഇസ്രായേലി പട്ടാളക്കാരുടെ മുന്നില്‍ നേരെ നിന്ന് നെഞ്ചില്‍ വെടിയേറ്റ ബാസല്‍ അദ്രയുടെ മനുഷ്യന്റെ അര്‍ദ്ധ സഹോദരനായ മറ്റൊരു മനുഷ്യന്‍ (അയാള്‍ പിന്നീട് മരിക്കുന്നു) നമ്മളുടെ മുന്നില്‍ കഥകളല്ല, യാഥാര്‍ത്ഥ്യമാണ്. ഒരു മനുഷ്യന്‍ യഥാര്ത്ഥമായി വെടിയേറ്റ് വീഴുന്നത് കാണുന്ന ക്രൂരമായ കാഴ്ചയിലേക്ക് കാണികളെ ഈ ഡോക്യുമെന്ററി കൊണ്ടുപോകുന്നു.

തങ്ങളുടെ കിടപ്പാടം നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ സ്ത്രീകള്‍ ഇസ്രായേലി സൈന്യത്തിന് നേരെ പൊട്ടിത്തെറിക്കുന്നു. ഗ്രാമത്തിലേക്ക് വള്ളം അടിക്കുന്ന ശുദ്ധജല പൈപ്പ് ഇസ്രായേലി പട്ടാളക്കാര്‍ നശിപ്പിച്ചുകളയുമ്പോള്‍, ”നിങ്ങള്‍ തകര്‍ക്കുന്നത് നമ്മുടെ മനുഷ്യാവകാശങ്ങളാണ്,” എന്ന് വൃദ്ധര്‍ അലറി വിളിക്കുന്നു.ഈ പട്ടാളത്തിന്റെ ആക്രമണങ്ങളില്‍ സ്ത്രീകള്‍ പകലും പുരുഷന്മാര്‍ രാത്രിയും ജോലിചെയ്ത് ജീവിതം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നു. ഇസ്രായേലി ഷെല്ലുകള്‍ക്ക് മുന്നില്‍ കുട്ടികള്‍ സമരം ചെയ്യുമ്പോള്‍, പട്ടാളം ആക്രമിച്ചാല്‍ ‘കുട്ടികള്‍ മാതാപിതാക്കളുടെ പിന്നിലായി നില്‍ക്കണം ‘എന്നത് ഒരു ഉച്ചഭാഷണിയിലൂടെയാണ് ഉറക്കെ വിളിച്ചുപറയുന്ന ആ മനുഷ്യന്റെ ഹൃദയം തകര്‍ന്നു തരിപ്പണമായിട്ടുണ്ടാകാം. എന്നിരുന്നാലും ആ മനുഷ്യര്‍ രാത്രി തീ കൂട്ടിയിട്ട് കഥകള്‍ പറയുന്നു, പട്ടാളം വരുമ്പോള്‍ ഒളിക്കുന്നു, പകല്‍ പട്ടാളക്കാരെ കളിയാക്കുന്നു. അവര്‍ നൃത്തം ചെയ്യുന്നു. അങ്ങനെ, സ്വന്തം ജീവിതത്തിലൂടെ കടന്നുപോകുന്ന കൂട്ടിയൊഴിപ്പിക്കലുകള്‍, അമ്മമാരുടെ പോരാട്ടങ്ങള്‍, ഷെല്ലുകള്‍ക്കുമുന്നില്‍ നില്‌ക്കേണ്ടിവരുന്ന കുട്ടികള്‍, വെടിയേറ്റ് വീഴുന്ന സഹോദരന്റെ ദൃശ്യം പകര്‍ത്തേണ്ടി വരുന്ന ഭീകരതകള്‍ – സ്വന്തം രക്തത്തിലുള്ളവരുടെ ചോരയുടെ നെഞ്ചില്‍ കൊണ്ട വെടിയുണ്ടകളുടെ ദൃശ്യങ്ങളാണ് ഒരു സംവിധായകന് പകര്‍ത്തിവെക്കേണ്ടി വരുന്നത്.

ഈ ഡോക്യുമെന്ററി സിനിമയുടെ ഭാഷ തന്നെ ഒരു തരത്തില്‍ തകര്‍ത്ത് തരിപ്പണമാക്കുകയാണ്. യുദ്ധത്തിന്റെയും അധിനിവേശത്തിന്റെയും കാലത്തെ ക്യാമറ ഇതാണെന്ന് നമ്മളുടെ മുഖത്തേക്ക് എറിയുകയാണ്. വേറെ ഒരു ദേശവുമില്ലാത്ത ഒരു കൂട്ടം മനുഷ്യരുടെ ഈ സിനിമ, നമ്മുടെ കാഴ്ചയെ കാഴ്ചയുടെ സ്വഭാവങ്ങളെ തന്നെ അടിച്ചുപൊളിക്കുകയാണ്. ഈ സിനിമയിലെ ക്യാമറയില്‍ നിന്ന് പുറപ്പെടുന്ന ഷെല്ലുകളും വെടിയുണ്ടകളും അവസാനം കാണികളുടെ നെഞ്ചിലേക്കാണ് തുളച്ചുകയറുന്നത്.
കാഴ്ചകള്‍ തന്നെ വെടിയുണ്ടയാകുന്ന ഒരു സിനിമയാണ് No Other Land.

 

No Comments yet!

Your Email address will not be published.

No related posts found.