നക്‌സല്‍ബാരിയുടെ രാഷ്ട്രീയസ്വാധീനം മലയാളസാഹിത്യത്തില്‍ ആഴത്തില്‍ സന്നിവേശിപ്പിച്ച എഴുത്തുകാരനാണ് യു.പി.ജയരാജ്. രചനകളുടെ മണ്ഡലങ്ങളില്‍ കലാപങ്ങള്‍ സൃഷ്ടിച്ച ആധുനികതയുടെ ഊര്‍ജ്ജത്തെ വ്യവസ്ഥക്ക് എതിരായ മുന്നേറ്റങ്ങളുമായി ബന്ധിപ്പിച്ച മലയാളത്തിലെ അപൂര്‍വ എഴുത്തുകാരില്‍ ഒരാളായിരുന്നു. ഒരുകാലത്തു കേരളീയ യുവതയുടെ സിരകളിലും തലച്ചോറിലും തീപടര്‍ത്തിയ ജനകീയ സാംസ്‌ക്കാരികവേദിയുടെ സഹയാത്രികനായിരുന്നു. വിപ്ലവപ്രസ്ഥാനത്തിനുണ്ടാകുന്ന തിരിച്ചടിയില്‍ ജീവിതകാലം മുഴുവനും ഉത്കണ്ഠാകുലനായിരുന്ന ജയരാജ് തന്റെകഥകളിലൂടെയും സ്വകാര്യ എഴുത്തുകളിലൂടെയും സൂക്ഷ്മമായ നിരീക്ഷണത്തിനും വിമര്‍ശനത്തിനും അതെല്ലാം വിധേയമാക്കി.
കേരളത്തിലെ വിപ്ലവസാംസ്‌കാരപ്രവര്‍ത്തകരെ സംബന്ധിച്ച് ജയരാജ് ഒരു കഥാകാരന്‍ മാത്രമായിരുന്നില്ല. പ്രസ്ഥാനത്തിന്റെ സമരവീര്യം പങ്കിട്ട സഖാവും സന്ദേശവാഹകനും അഭയകേന്ദ്രവുമായിരുന്നു. പ്രസ്ഥാനത്തിന്റെ തെറ്റുകളുടെ നിശിതവിമര്‍ശകനായിരുന്നുകൊണ്ട് സഖാക്കളില്‍ വിമോചന പ്രതീക്ഷകളെ ജ്വലിപ്പിച്ചുനിര്‍ത്താന്‍ ശ്രമിച്ച പ്രതിജ്ഞാബദ്ധനായിരുന്നു. അതിതീക്ഷണമായ രാഷ്ട്രീയബോധ്യമുള്ള ജയരാജിന്റെ കഥകള്‍ മലയാളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടവയാണ്.
1950-ല്‍ കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിക്കടുത്തു ജനിച്ചു. കതിരൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പഠനത്തിനുശേഷം ഐടി.ഐ ഡിപ്ലോമ നേടി. മഹാരാഷ്ട്രയിലെ അംബര്‍നാഥ് ആയുധനിര്‍മ്മാണശാലയിലെ ഇലക്ട്രീഷ്യനായ് ജോലിയില്‍ പ്രവേശിച്ചു.
നിരാശാഭരിതനായ സുഹൃത്തിന് ഒരു കത്ത്, സ്മരണ, ഒക്കിനാവിലെ പതിവ്രതകള്‍ എന്നീ മൂന്നു കഥാസമാഹാരങ്ങളാണ് അദ്ദേഹത്തിന്റെ കൃതികള്‍. വ്യത്യസ്തമായ ജീവിതപാഠങ്ങളുടെ അഗ്‌നിസാക്ഷ്യമായ നാല്പത്തി ഒന്‍പത് കഥകളാണ് മൂന്നു സാമാഹൃത കൃതികളിലായി ഉള്ളത്.
ഒരു സാഹിത്യകാരന്റെ കടമയും മുന്‍പേ പറക്കലിന്റെ ചിറകടിയും വ്യക്തമായും മുഴങ്ങികേള്‍ക്കുന്ന മഞ്ഞ്, തെയ്യം, ബീഹാര്‍, നിരാശാഭരിതനായ സുഹൃത്തിനൊരു കത്ത്, ഒക്കിനാവയിലെ പതിവ്രതകള്‍ എന്നീ കഥകള്‍ ആരെയും ആകര്‍ഷിക്കുന്നവയാണ്. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇന്നും എപ്പോഴും നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുന്ന സംഭവങ്ങളാണ് ഈ കൃതികളില്‍ നമുക്കു കാണാന്‍ കഴിയുക. അതുകൊണ്ട് ഈ കഥകള്‍, കഥ മാത്രമല്ല ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തിനു നേരെ പിടിച്ച കണ്ണാടി കൂടിയാണ്.
ഒരു കാലഘട്ടത്തിന്റെ വിപ്ലവാത്മകതയെ മുഴുവന്‍ അക്ഷരങ്ങളിലൂടെ പകര്‍ന്നുതന്ന് വ്യവസ്ഥാപിത തത്ത്വങ്ങളോട് കലഹിക്കുകയും വായനയുടെ ഒരു പുതിയ ലോകത്തേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോവുകയും ചെയ്ത യു.പി.ജയരാജ് 1999 ജൂലൈ 11-ന് അന്തരിച്ചു.
ഒരു കാലഘട്ടത്തില്‍ ക്ഷുഭിതയൗവനങ്ങളെ ആവേശം കൊള്ളിച്ച ജയരാജിന്റെ കഥകളെല്ലാം ഉണരുന്നവരെക്കുറിച്ചാണ്. ഉറങ്ങുന്നവരെയും ഉറക്കം നടിക്കുന്നവരെയും ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെ എഴുതിയത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സദാ ഉണര്‍ന്നിരിക്കുന്നവര്‍ അവര്‍ക്കും മറ്റുള്ളവര്‍ക്കും വേണ്ടി പോരാടുന്നുണ്ട് എന്ന് ഓര്‍മിപ്പിക്കാന്‍. ഉണരുന്നവരുടെ തലമുറ ഒരു കാലത്തിന്റെ മാത്രം പ്രത്യേകതയല്ലെന്നും എല്ലാക്കാലത്തും അവര്‍ യാഥാര്‍ഥ്യമാണെന്നും ബോധ്യപ്പെടുത്താന്‍.
വിപ്ലവസ്വപ്നങ്ങളെ പതിവഴയില്‍ ഉപേക്ഷിച്ച് പുതിയ ജീവിതം കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, അറുപതു-എഴുപതു കാലഘട്ടങ്ങളില്‍ വിമോചന-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന മിക്കവരും പിന്നീട് പിന്‍വലിഞ്ഞു. ഓര്‍മകളെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നവരും അതിനെ വിറ്റുജീവിക്കുന്നവരും ഓര്‍മിക്കാന്‍ താത്പര്യമില്ലാത്തവരുമുണ്ട്. അങ്ങനെയൊരു കാലമുണ്ടായിരിന്നോ എന്ന് അതിശയിക്കുന്ന പുതിയ തലമുറയുമുണ്ട്. അവര്‍ക്കുവേണ്ടിക്കൂടി ജയരാജിന്റെ കഥകള്‍ ഉണരുന്നു.
‘നിരാശാഭരിതനായ സുഹൃത്തിന് ഒരു കത്ത്’ എന്ന കഥാസമാഹാരത്തില്‍ നിന്ന്;
‘ബി എന്ന നഗരത്തില്‍ ജനങ്ങളോട് സഹതാപം പുലര്‍ത്തുകയും അവരോട് ഒത്തുചേര്‍ന്ന് അവരുടെ പോരാട്ടങ്ങളിലും വിജയങ്ങളിലും കഷ്ടതകളിലും ഒന്നുപോലെ പങ്കെടുത്ത് ജീവിക്കാന്‍ ശ്രമിക്കുകയും ചെയ്ത കുറ്റത്തിന് ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെടുകയും പീഡാനുഭവങ്ങള്‍ക്ക് വിധേയനാക്കപ്പെടുകയും ഇപ്പോള്‍ നിരാശപ്പുണ്ട് വിഷാദാവസ്ഥയില്‍ കഴിയുന്നവനുമായ സി എന്ന സുഹൃത്തിന് ടി എന്ന നഗരത്തില്‍ നിന്നും വി എഴുതുന്ന കത്ത്…’
‘അതായത് ഇത് ഏതാണ്ട് ആറ് വര്‍ഷം കാലത്തോളം ഒരു വിപ്ലവകാരിയായി ഒളിവില്‍ പ്രവര്‍ത്തിക്കുകയും പിന്നീട് ഒരു ഒറ്റുകാരനാല്‍ വഞ്ചിക്കപ്പെട്ടു ഇപ്പോള്‍ തടവില്‍ കഴിയുകയും ചെയ്യുന്ന എന്റെ സുഹൃത്ത് പറഞ്ഞ സംഭവമാണ്.’
കഥാസന്ദര്‍ഭം ഇതാണ്: കഥയിലെ വിപ്ലവകാരിയായ ചെറുപ്പക്കാരന്‍ ഒളിവില്‍ താമസിക്കാനായി ആന്ധ്രയിലെ കൃഷ്ണാ നദിയുടെ കരയിലെ ഒരു കുടിലില്‍ കുറച്ചുദിവസം താമസിക്കേണ്ടിവരുന്നു. കുടിലില്‍ ഒരു വൃദ്ധ മാത്രം. വെയിലത്ത് ഒരു കീറപ്പായില്‍ ചോളത്തിന് കാവലിരുന്ന്, തൊണ്ടകാട്ടി ചിരിച്ചു കൊണ്ട് ആ മുത്തശ്ശി
‘നീയെന്താ മോനേ ചിരിക്കാത്തെ’
എന്ന് ചെറുപ്പക്കാരനോട് ചോദിക്കുന്നു.
‘ഭയങ്കരമായ ജീവിതാനുഭവങ്ങള്‍ ചിരിക്കാനുള്ള തന്റെ കഴിവിനെ നഷ്ടപ്പെടുത്തിയിരിക്കുന്നു’
എന്നാണ് ചെറുപ്പക്കാരന്റെ മറുപടി. ഞങ്ങള്‍ അത്യധികം സാഹസികമായ നിലയില്‍ ജീവിക്കുന്നു, ഭീകരമായത് കാണുന്നു, ഏത് നിമിഷവും നിലംപതിക്കാം എന്നായിട്ടും മുന്നോട്ടു പോകുന്നു.
‘എന്തിനാണ് ഒറ്റയ്ക്ക് താമസിക്കുന്നത്’
എന്ന് ചെറുപ്പക്കാരന്‍ വൃദ്ധയോട് ചോദിക്കുന്നു.
‘ഭര്‍ത്താവ്? മക്കള്‍? എനിക്കാരുമില്ല, പക്ഷെ, എല്ലാവരുമുണ്ട്.’
തൊണ്ടകാട്ടി ചിരിച്ച് വൃദ്ധ പറഞ്ഞു.
‘നാല്‍പ്പത്തി എട്ടില്‍ തെലങ്കാനാസമരത്തില്‍ എന്റെ ഭര്‍ത്താവിനെ അവര്‍ വെടിവെച്ചു കൊന്നു.’
ചെറുപ്പക്കാരന്‍ സ്തബ്ധനായി.
‘മക്കള്‍, മൂത്തവന്‍ ബസവയ്യ കഴിഞ്ഞ വര്‍ഷം പോലീസ് സ്റ്റേഷനില്‍ വെച്ച് കൊല്ലപ്പെട്ടു. ഇളയവന്‍ നാഗയ്യ ജയിലിലുണ്ടെന്ന് ചിലര്‍ പറയുന്നു, ഇല്ലെന്ന് മറ്റു ചിലരും.’
പിന്നെ വൃദ്ധ പറഞ്ഞു,
‘മോനേ, ഞങ്ങളുടെ ജീവിതകാലം വലിയ കാര്യങ്ങളൊന്നും ചെയ്യാനാവാതെ ഞങ്ങളിങ്ങനെ പാഴാക്കി.’
ഒരു കുറ്റവാളിയെപോലെ ലജ്ജിതനും സ്വയം അപഹസിക്കപ്പെട്ടവനുമായി കുനിഞ്ഞ ശിരസ്സോടെ ചെറുപ്പക്കാരന്‍ ഇരുന്നു.
വിപ്ലവസ്വപ്നങ്ങളെ താലോലിക്കുന്ന ദൃഡമായൊരു മനസ്സ് ഒളിച്ചുവച്ചുകൊണ്ട് നിരാശാഭരിതനായ സുഹൃത്തിന്റെ കത്ത് അവസാനിക്കുന്നത് ഇങ്ങനെയാണ്;
‘വെയില്‍ ചിന്നുന്നുണ്ട്,
ഓര്‍മ്മകള്‍ ഉണരുന്നുണ്ട്.
കാക്കകള്‍ കരയുന്നുണ്ട്,
കാറ്റ് വീശുന്നുണ്ട്,
മരങ്ങള്‍ ഉലയുന്നുണ്ട് ,
കാടിളകുന്നുണ്ട്,
ചൂഷണം പെരുകുന്നുണ്ട്.
അതുകൊണ്ടു തന്നെ
സമരം തുടരുന്നുണ്ട്.’
നമ്മുടെ ജീവിതം നിരാശയിലേക്കോ മാനസികസമ്മര്‍ദ്ദങ്ങളിലേക്കോ സംഘര്‍ഷങ്ങളിലേക്കോ പോകുമ്പോള്‍ ഈ കഥ വായിച്ചാല്‍ നമ്മള്‍ അനുഭവിക്കുന്ന വേദനകളും ദുഃഖങ്ങളും ഒന്നുമല്ല എന്ന തിരിച്ചറിവ് നമ്മുടെ മനസ്സില്‍ സൃഷ്ടിക്കാന്‍ ഈ കഥയ്ക്ക് കഴിയുന്നു.
അതോടൊപ്പം, ഇന്ത്യന്‍ യുവത്വത്തെ ബാധിച്ചിരിക്കുന്ന നരച്ച നിരാശാബോധത്തെ പങ്കുവയ്ക്കുന്ന ഈ കഥ സമകാലികരാഷ്ട്രീയത്തെയും സാംസ്‌ക്കാരികചലനങ്ങളെയും ഭരണകൂടഭീകരതയുടെയും മുഖങ്ങളെ അനാവരണം ചെയ്യുന്നു.
‘സരളവും വ്യാകുലവുമായ ഒരു മനസ്സാണ് ജയരാജിന്റെ കഥകള്‍ക്കു പിന്നില്‍ ഞാന്‍ കണ്ടത്. സരളവും വ്യാകുലവുമായതുകൊണ്ടു തന്നെ ഇ മനസ്സ് വിഭ്രാമകവുമാകുന്നു’- എന്നാണ് യു.പി.ജയരാജ്-ന്റെ കഥകളെ കോവിലന്‍ വിശേഷിപ്പിച്ചിട്ടുള്ളത്.
യു.പി.ജയരാജിന്റെ കഥകള്‍ – സമ്പൂര്‍ണ്ണം
പ്രസാധകര്‍ – ഡി.സി ബുക്‌സ്
വില – 580 രൂപ
No Comments yet!