Skip to main content

പരിവര്‍ത്തനം

അകനാള്‍* നീക്കാന്‍ പോയ
വണ്ണാത്തിപ്പെണ്ണിന്
അടിവയറ്റിലൊരനക്കം തട്ടി.

പുറംചായ്പ്പില്‍
പകച്ചിരിക്കാതെ
പുലത്തുണികള്‍
പൊതിഞ്ഞു കെട്ടി
കുളത്തണുപ്പില്‍
വിയര്‍ത്തൊലിച്ചു.

അശുദ്ധി നീങ്ങിയ
തുണികളത്രയും
നരച്ചവെയിലത്ത്
ചിരിച്ചു നിന്നു.

മാറ്റു*കൈമാറി
ചായ്പ്പിലെ മൂലയില്‍
വിശന്നനിറവയറിനെ
ആശ്വസിപ്പിച്ചു.

അശുദ്ധിയില്‍ നിന്നും
വിശുദ്ധിയിലേക്ക്
പരിവര്‍ത്തനം ചെയ്യപ്പെട്ട
മാറ്റുതുണികള്‍
പരിചയംകാട്ടാതെയകം പൂകി

ഇരുട്ടു പരക്കവെ
കാവില്‍
ചെണ്ടകൊട്ടിന്റെ താളം മുറുകി.

തീത്തിളക്കത്തില്‍
ഭഗവതിയുടെ
മുടിയേന്തിയ പെരുവണ്ണാന്‍
കൂപ്പുകൈകള്‍ക്കിടയില്‍
ഗുണംവരുത്താനായ്
നിറഞ്ഞാടി.

പൊടുന്നനെ
അമ്പലപ്പറമ്പില്‍ നിന്നൊരു
കതിന
അവളുടെ അടിവയറ്റില്‍
വീണു പൊട്ടി.

കാവകത്തെ പീഠത്തിലിരുന്ന്
ഭഗവതി
നാടിനെയനുഗ്രഹിച്ചു.

===========

*അകനാള്‍ നീക്കല്‍- പുല,ആര്‍ത്തവ അശുദ്ധി മാറാന്‍ വണ്ണാന്‍ സമുദായാംഗങ്ങള്‍ തുണികള്‍ അലക്കി വൃത്തിയായി നല്‍കുന്നത്.
*മാറ്റുതുണി – ഇത്തരത്തില്‍ അലക്കി വൃത്തിയാക്കി നല്‍കുന്ന തുണി

 

 

No Comments yet!

Your Email address will not be published.