”അത്രമേല്‍ സ്വാഭാവികമായ മനുഷ്യചോദനകളോട് മുഖം ചുളിക്കുന്ന കപടസദാചാരവാദികളോട് എനിക്കൊന്നേ പറയാനുള്ളൂ… കണ്ണടച്ചാല്‍ ഇരുട്ടാവില്ല! സ്വയം വെള്ള പൂശിയാല്‍ ലോകം വെളുക്കുകയുമില്ല.”
വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഞാന്‍ കൗമാരത്തിലേക്ക് കാലെടുത്തു വെച്ച കാലം. ഒരു ദിവസം, ഒരു തെളിവാര്‍ന്ന പകല്‍ ഞാന്‍ വീട്ടില്‍ ഒറ്റക്കായിരുന്നു. പുസ്തകങ്ങള്‍ ചുവന്ന ഉമ്മറത്തിണ്ണയില്‍ നിരത്തിവെച്ച് ഞാന്‍ പാഠങ്ങള്‍ ഉരുവിട്ട് പഠിക്കുകയാണ്.
”പരാഗിയില്‍ നിന്ന് പരാഗം പരാഗണ സ്ഥലത്തേക്ക് മാറ്റപ്പെടുന്നതിനെ പരാഗണം” എന്ന് പറയുന്നു. ”പുംബീജവും അണ്ഡവും കൂടിച്ചേര്‍ന്നാണ് ഭ്രൂണങ്ങള്‍ ഉണ്ടാകുന്നത്” എന്നെല്ലാം അര്‍ഥങ്ങള്‍ മുഴുവന്‍ മനസ്സിലാവാതെ ഉറക്കെ ഉരുവിടുകയായിരുന്നു. അപ്പോഴാണ് ഓടിട്ട വീടിന്റെ കഴുക്കോലുകള്‍ക്കിടയില്‍ ഒരു ശബ്ദം കേട്ടത്. ഞാന്‍ സാകൂതം നോക്കിയപ്പോള്‍ രണ്ട് അണ്ണാറക്കണ്ണന്മാര്‍ ആണ്. ഒന്ന് മറ്റൊന്നിന്റെ മുകളില്‍ വാലുപൊക്കി ചേര്‍ന്നിരുന്ന് ചലിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ ആ കാഴ്ച ശ്വാസമടക്കി നോക്കിയിരുന്നു. പുംബീജവും അണ്ഡവും ചേര്‍ന്നാണ് ഭ്രൂണങ്ങള്‍ ഉണ്ടാവുന്നത് എന്ന പാഠപുസ്തക അറിവ് ആ രംഗവുമായി ചേര്‍ത്തുവെച്ഛ് വായിച്ചു! തനി നാട്ടിന്‍പുറമായ ഞങ്ങളുടെ നാട്ടില്‍ പട്ടികളും പൂച്ചകളും കോഴികളും ഇണചേരുന്നത് പതിവ് കാഴ്ചകള്‍ ആയിരുന്നു. എന്റെ കൗമാരകുസൃതി അതെല്ലാം വിസ്മയത്തോടെ നോക്കിനിന്നു. അരുതാത്തതെന്തോ കുട്ടികള്‍ കാണുന്നുണ്ട് എന്ന മട്ടില്‍ മുതിര്‍ന്നവര്‍ അവയെ വേര്‍പെടുത്താന്‍ ശ്രമിക്കുമ്പോള്‍ എനിക്ക് വിഷമം തോന്നുമായിരുന്നു; അവയെപോലെത്തന്നെ നിരാശയും.
എന്റെ നാട്ടില്‍ ജലാശയങ്ങളും കുന്നുകളും സമൃദ്ധമായി ഉണ്ടായിരുന്നു. കുന്നിന്‍ മുകളില്‍ കാശിത്തുമ്പ പൂക്കളും ജലാശയങ്ങളില്‍ ആമ്പല്‍ പൂക്കളുംപൂത്തുനിന്നിരുന്നു. തോട്ടുവക്കില്‍ കൈതപൂ സുഗന്ധം പരത്തുമായിരുന്നു. കുട്ടികള്‍ ഒഴിവുസമയങ്ങളില്‍ കുളത്തില്‍ ‘ധിം ധിം’ ശബ്ദത്തില്‍ നീന്തിത്തുടിക്കുമായിരിന്നു. ഒരിക്കല്‍ ഞാന്‍ കുളത്തിലെ മീന്‍കുഞ്ഞുങ്ങളെ നോക്കി കുളക്കടവില്‍ കാലിട്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ഒരു സ്ത്രീയും അല്പസമയം കഴിഞ് ഒരു പുരുഷനും കുറച്ചപ്പുറത്തുള്ള മുള്‍വേലി കടന്നുപോകുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടത്. നാട്ടിലെ പൂജയും ഉത്സവവും കാലങ്ങളായി മുടങ്ങിയ ജീര്‍ണ്ണിച്ച ഒരു അമ്പല അവശിഷ്ടത്തിന്റെ ചുറ്റുമതിലുകള്‍ക്കുള്ളിലേക്കാണ് അവര്‍ പോയത്. ആരും കടന്നു ചെല്ലാത്ത ആ അമ്പലത്തിലേക്ക് ഇവര്‍ എന്തിനാണ് പോയതെന്ന് ഒരു നിമിഷം ഞാന്‍ അന്തം വിട്ടിരുന്നുപോയി. കുറേ നേരം കഴിഞ് കലങ്ങിയ കണ്ണുകളും മുഷിഞ്ഞ വസ്ത്രവുമായി തിരിച്ചുവരുന്ന അവരെ കണ്ടപ്പോള്‍ എന്റെ കൗമാരമനസ്സിന് കാര്യം പിടികിട്ടി. അവര്‍ ‘സ്വയം സമര്‍പ്പിത പൂജ’ ചെയ്യാന്‍ പോയതായിരുന്നു! ഏത് തരം പുഷ്പങ്ങള്‍ ആണാവോ അവര്‍ പൂജക്കുപയോഗിച്ചത് എന്ന് സങ്കല്‍പ്പിച്ചുനോക്കി എന്റെ ചിന്തകള്‍ കാടുകയറി. എന്തായാലും കാമജല്പനങ്ങള്‍ പൂജാമന്ത്രങ്ങളാക്കി മാറ്റിയ അവരോട് എനിക്കന്ന് ഒട്ടും വെറുപ്പ് തോന്നിയില്ല. ഗ്രാമവേശ്യകള്‍ക്ക് ഏത് രാത്രിയും വഴി നടക്കാമായിരുന്നു, ഏത് മുള്‍വേലിയും ചാടികടക്കമായിരുന്നു. ‘ഏത് വേലിയും ചാടികടക്കാനുള്ള അവരുടെ സ്ത്രീ സ്വാതന്ത്ര്യത്തോട് അന്നെനിക്ക് കടുത്ത അസൂയ തോന്നി!’
നാട്ടിലെ പുരുഷന്‍മാരില്‍ ചിലര്‍ ദാമ്പത്യത്തിനകത്തെ പ്രണയരഹിത സംഭോഗവ്യായാമങ്ങളില്‍ മനം മടുത്തതുകൊണ്ടോ വ്യത്യസ്തതകള്‍ തേടുക എന്നത് ജീവിവര്‍ഗ്ഗത്തിന്റെ സ്വാഭാവികവാസനയായതുകൊണ്ടോ നല്ല എരിവും പുളിയുമുള്ള നാടന്‍ ഉണ്ണിയാര്‍ച്ചകളെ തേടിയിറങ്ങുന്ന കഥകള്‍ അയല്പക്കത്തെ സ്ത്രീകള്‍ പൊടിപ്പും തൊങ്ങലും വെച്ച് പറയുന്നത് ഞാന്‍ അടുക്കളയുടെ മറവില്‍ നിന്ന് കേട്ടു. കുലസ്ത്രീകളപ്പോള്‍ കൊയ്‌ത്തൊഴിഞ്ഞ വയലില്‍ കുറ്റിയില്‍ കെട്ടിയിട്ട കറവപ്പശുവിനെ പോലെ ഇട്ടാവട്ടത്തില്‍ ചുറ്റി കറങ്ങുകയും എത്തിപ്പിടിക്കാന്‍ കഴിയാത്ത പച്ചതുരുത്തുകള്‍ നോക്കി മോഹങ്ങള്‍ അയവിറക്കുകയും ചെയ്തു.
അടിവസ്ത്രങ്ങളുടെ എണ്ണവും മേല്‍വസ്ത്രങ്ങളുടെ ഇറക്കവും കൂടിയ കൗമാരത്തില്‍ പെണ്‍കുട്ടികള്‍ കൂടുതല്‍ നിയന്ത്രിക്കപ്പെടുകയും മീശ കുരുക്കുന്ന ആണ്‍കുട്ടികള്‍ കൂടുതല്‍ സ്വതന്ത്രരാവുകയും ചെയ്തു. ഇതെന്നെ ചൊടിപ്പിച്ചു. ആര്‍ത്തവസംബന്ധമായ അന്ധവിശ്വാസങ്ങളെ ഞാന്‍ വേരോടെ പിഴുതെറിഞ്ഞു. ആയിടക്കാണ് അതുവരെ അപരിചിതമായിരുന്ന ഒരു വികാരം എന്നില്‍ ഉടലെടുക്കുന്നത് അറിഞ്ഞത്. അസാമാന്യ ആത്മവിശ്വാസമുള്ള ആണ്‍വര്‍ഗ്ഗത്തോടും വിശേഷവ്യക്തിത്വമുള്ള സ്വവര്‍ഗ്ഗത്തോടും എനിക്ക് ആരാധന തോന്നിത്തുടങ്ങി. എന്റെ ഹൃദയം പ്രണയങ്ങളുടെ പൂങ്കാവനമായി മാറി. വിരഹങ്ങളുടെ വേനല്‍ അതിനെ പൊള്ളിക്കുകയും പ്രണയത്തിന്റെ വസന്തമതിനെ പുഷ്പ്പിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. എവിടെയും ഉറച്ചുനില്ക്കാന്‍ കഴിയാത്ത മനസ്സിന്റെ മായാജാലങ്ങളില്‍പെട്ട് ഞാന്‍ എന്നെതന്നെ തേടിയലഞ്ഞു. ബാല്യത്തിന്റെ അവസാനത്തിലോ കൗമാരത്തിന്റെ ആദ്യത്തിലോ ഞാന്‍ മംഗളം, മനോരമ, മനോരാജ്യം തുടങ്ങിയ വീക്കിലികള്‍ വായിച്ചു തുടങ്ങിയിരുന്നു. സുധാകര്‍ മംഗളോദയവും ബാറ്റണ്‍ ബോസും ഏറ്റുമാനൂര്‍ ശിവകുമാറുമെല്ലാം എന്റെ കൗമാരഭാവനകള്‍ക്ക് നിറം പകര്‍ന്നു തന്ന എഴുത്തുകാര്‍ ആയിരുന്നു.നോവലിലെ രതി രംഗങ്ങള്‍ ഞാന്‍ പലതവണ വായിച്ചു. നായകനും നായികയും കതകടച്ച് താഴിടുമ്പോഴോ, വസ്ത്രങ്ങള്‍ അനാവൃതമാവുന്ന നിമിഷങ്ങളിലോ കഥാകൃത്ത് നോവലിനെ ‘തുടരും’ എന്ന മൂന്നക്ഷരം കൊണ്ട് കാത്തിരിക്കാന്‍ പ്രേരിപ്പിപ്പിച്ചപ്പോള്‍ ഞാന്‍ നിരാശയോടെ നെടുവീര്‍പ്പിട്ടു. ഹൈസ്‌കൂള്‍ ക്ലാസ്സുകളില്‍ പഠിക്കുമ്പോള്‍ തന്നെയാണ് വലിയ എഴുത്തുകാരുടെ നോവലുകള്‍ വായിച്ചുതുടങ്ങിയത്. എം.ടിയുടെ ‘മഞ്ഞ്’ എന്ന നോവലിലെ കാമുകനെ കാത്തിരിക്കുന്ന വിമലയും, പദ്മരാജന്റെ ‘നക്ഷത്രങ്ങളേ കാവല്‍’ എന്ന നോവലിലെ പ്രഭുവിന്റെ സൗന്ദര്യവും ശൃംഗാരവും, ലളിതാംബിക അന്തര്‍ജനത്തിന്റെ ‘അഗ്‌നിസാക്ഷി’ എന്ന നോവലിലെ പുരുഷസ്പര്‍ശമേല്‍ക്കാന്‍ കൊതിക്കുന്ന മോഹഭംഗയായ തേതികുട്ടിയുമെല്ലാം എന്നില്‍ ഭാവനയുടെ പുതിയ തലങ്ങള്‍ തുറന്നു തന്നു. ഞാന്‍ അവരില്‍ ജീവിച്ചു! അവരായി മാറി!
മഞ്ഞിലെ വിമലയുടെ ‘കിടക്കവിരി നനയിപ്പിച്ച ചുവന്ന കന്യകാത്വം’ എന്നെ ഏറെ ചിന്തിപ്പിച്ച മറ്റൊരു വസ്തുതയായിരുന്നു. എനിക്ക് കിട്ടിയ പുതിയ അറിവായിരുന്നു അത്. ആ ഭാഗം ഞാന്‍ പലതവണ വായിച്ചു. സത്യം പറയാമല്ലോ, അന്നെനിക്ക് ഉറക്കം വന്നില്ല. രാത്രിയുടെ ആദ്യ പകുതിയില്‍ എപ്പോഴോ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന ഞാന്‍ മറ്റൊരു വിമലയായി! കാമുകസാന്നിധ്യമില്ലാതെ എന്നിലെ എന്നെ കണ്ടെത്താന്‍ ഞാന്‍ ശ്രമിച്ചു. കൗമാരം തളിര്‍ത്തു നിന്നിരുന്ന ശരീരത്തിന്റെ നിമ്‌നോന്നതങ്ങളിലൂടെ ഞാന്‍ എന്റെ തന്നെ വിരലുകളോടിച്ചു… പുതുമഴയേറ്റ പൂച്ചെടിയെന്നപോലെ മേനി തളിര്‍ത്തു. എന്നില്‍ പൂക്കള്‍ വിരിഞ്ഞു, പൂന്തേന്‍ കിനിഞ്ഞു… അസഹ്യമായ ഒരു സുഖസുഷുപ്തിയില്‍ ഞാന്‍ പുളഞ്ഞുപോയി! പേമാരിയായി പെയ്യാനും കൊടുങ്കാറ്റായി മാറാനും കഴിയുന്ന ഒരു ശരീരം തനിക്കുണ്ടെന്ന് അത്ഭുതത്തോടെയും ആത്മനിര്‍വൃതിയോടെയും ഞാന്‍ തിരിച്ചറിഞ്ഞു! കൗമാരദാഹങ്ങളെ സ്വന്തം കൈകളാല്‍ ശമിപ്പിപ്പിക്കാന്‍ ശ്രമിച്ച ഞാന്‍ എന്നെ തൊട്ടറിഞ്ഞ ആദ്യ വ്യക്തിയായി മാറി!
No Comments yet!