Skip to main content

ആലപ്പുഴയുടെ സ്വന്തം സാനുമാഷ്

1905ല്‍ ആണ് ഈഴവരെ സര്‍ക്കാര്‍ സ്‌കൂളില്‍ കയറ്റിത്തുടങ്ങിയത്. എങ്കിലും മിക്ക സ്‌കൂളുകളിലും 1910ലെ ട്രാവന്‍കൂര്‍ എഡ്യൂക്കേഷന്‍ കോഡ് നിലവില്‍ വരുന്നതുവരെ ഈഴവര്‍ ഉള്‍പ്പെടെയുള്ള അവര്‍ണ്ണര്‍ക്ക് അഡ്മിഷന്‍ നല്‍കിയിരുന്നില്ല. ഹരിപ്പാട് സ്‌കൂളില്‍ രണ്ട് ഈഴവ കുട്ടികള്‍ക്ക് ടി.കെ. മാധവന്‍ അഡ്മിഷന്‍ എടുപ്പിക്കാന്‍ ചെന്നതും സവര്‍ണരുടെ എതിര്‍പ്പു ഭയന്ന് ഹെഡ് മാസ്റ്റര്‍ പ്രവേശനം നിഷേധിച്ചതും തുടര്‍ന്ന് എഴുത്തുകുത്തുകള്‍ വഴി സ്‌കൂള്‍ ഇന്‍സ്പെക്ടര്‍ എം.രാജരാജവര്‍മ്മ ഇടപെട്ട് പ്രവേശനം നല്‍കിയതും ഇതിനെ തുടര്‍ന്ന് ലഹളയുണ്ടായതും ഈ ലഹളയാണ് കുപ്രസിദ്ധമായ നയരീഴവ ലഹളയായി തിരുവിതാംകൂറില്‍ പടര്‍ന്നത് എന്നും ടി.കെ. മാധവനെക്കുറിച്ച് വായിച്ചിട്ടുള്ളവര്‍ക്ക് അറിയാം. 1905 ജനുവരി 22ന് ആണ് ലഹള രൂക്ഷമായത്. നായര്‍ സ്ത്രീകളെ പോലെ ഈഴവ പെണ്ണുങ്ങള്‍ വസ്ത്രധാരണം നടത്തുന്നതും പ്രശ്നമായിരുന്നെങ്കിലും നായരീഴവ ലഹളയുടെ അടിസ്ഥാന കാരണം ഈഴവരുടെ സ്‌കൂള്‍ പ്രവേശനം തന്നെ ആയിരുന്നു. കൊല്ലം, കാര്‍ത്തികപള്ളി പ്രദേശങ്ങളിലും ഹരിപ്പാടും ആയിരുന്നു കലാപം.

എന്നാല്‍ ആലപ്പുഴ ഇംഗ്ലീഷ് സ്‌കൂളില്‍ ഡോ. ഹാര്‍വിയുടെ ശുപാര്‍ശ പ്രകാരം അധഃസ്ഥിതരായ ചില കുട്ടികള്‍ക്കും അഡ്മിഷന്‍ നല്‍കിയിരുന്നു. തിരുവനന്തപുരം മഹാരാജാസ് കോളേജിലെ ആദ്യകാല ഇംഗ്ലീഷ് ഭാഷാധ്യാപകനായിരുന്നു തത്വശാസ്ത്ര വിദഗ്ധനായ ഡോക്ടര്‍ ഹാര്‍വി. പ്രോഗ്രസ്സ് ഓഫ് ട്രാവന്‍കൂര്‍ അണ്ടര്‍ എച്.എച്. ശ്രീമൂലം തിരുനാള്‍ എന്ന ഉള്ളൂരിന്റെ ഗ്രന്ഥത്തില്‍ ആലപ്പുഴ ഇംഗ്ലീഷ് സ്‌കൂളിനെ ഹൈസ്‌കൂള്‍ ആക്കിയ സംഭവം വിവരിച്ചിട്ടുണ്ട്. തിരുവിതാംകൂര്‍ സര്‍ക്കാര്‍ സ്ഥാപിച്ച വിദ്യാലയങ്ങളില്‍ അധസ്ഥിത വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാലയങ്ങളില്‍ പ്രവേശനാനുമതി നിഷേധിക്കപ്പെട്ടിരുന്നു എങ്കിലും സര്‍ ടി. മാധവ റാവു സ്ഥാപിച്ച സ്‌കൂളുകളില്‍ ഒന്നായ ആലപ്പുഴ ഗവണ്‍മെന്റ് ഇംഗ്ലീഷ് സ്‌കൂളില്‍ ജാതി മത വിവേചനം കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കിയിരുന്നു. സി.ഓ. ബ്രദേഴ്‌സ് എന്ന പേരില്‍ വിഖ്യാതരായ സി.ഓ.മാധവനും സി.ഓ. കരുണാകരനും ഇവരുടെ അമ്മാവനും പഠിക്കാനെത്തിയത് ആലപ്പുഴ സ്‌കൂളിലാണ്. ഇവര്‍ ആലപ്പുഴ ഹരിപ്പാട്ട് കാരായിരുന്നു എങ്കിലും അവിടെ ഈഴവര്‍ക്ക് അഡ്മിഷന്‍ ലഭിക്കുമായിരുന്നില്ല. (ഡോക്ടര്‍. സി.ഓ. കരുണാകരന്‍ വ്യക്തിയും ജീവിതവും , ഡോ. പി. വിനയചന്ദ്രന്‍ പേജ് 42-44). എന്നാല്‍ ആലപ്പുഴ ഇംഗ്ലീഷ് സ്‌കൂളിന്റെ പ്രവര്‍ത്തനം ഈഴവര്‍ക്ക് പ്രവേശനം നല്‍കാന്‍ തുടങ്ങി 3 വര്‍ഷത്തിനുള്ളില്‍ 1908ല്‍ തന്നെ നിലച്ചുപോയി.

മുസ്ലീം ഭൂരിപക്ഷ പ്രദേശത്തായിരുന്നു ഇംഗ്‌ളീഷ് സ്‌കൂള്‍ എന്നതാണ് പൂട്ടാനുള്ള പ്രധാനകാരണം. കൂടാതെ ലിയോ തെര്‍റ്റീന്‍ത് സ്‌കൂളിന്റെയും സനാതനധര്‍മ്മ സ്‌കൂളിന്റെയും വരവോടെ അഭിജാതരായ സവര്‍ണര്‍ അവര്‍ണ്ണകുട്ടികള്‍ക്കൊപ്പമുള്ള പഠനം മതിയാക്കി സര്‍ക്കാര്‍ സ്‌കൂള്‍ ഉപേക്ഷിക്കുകയായിരുന്നു.1905 ല്‍ സ്ഥാപിതമായ എസ്.ഡി.വി. സ്‌കൂളില്‍ ആദ്യം അവര്‍ണ്ണകുട്ടികള്‍ക്ക് അഡ്മിഷന്‍ നല്‍കിയിരുന്നില്ല. 1910ല്‍ മാത്രമാണ് ഈഴവര്‍ക്ക് പ്രവേശനാനുമതി നല്‍കിയതെന്ന് 1085 കുംഭ മാസത്തിലെ വിവേകോദയത്തില്‍ വിശദീകരിക്കുന്നുണ്ട്. (കുമാരനാശാന്റെ മുഖപ്രസംഗങ്ങള്‍-സമ്പാദനം, പഠനം -ജി. പ്രിയദര്‍ശനന്‍ – page 196)
1908ല്‍ അനാഥമായ സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടങ്ങളും സ്ഥലവും മലയാളം പള്ളിക്കൂടം തുടങ്ങുന്നതിലേക്കായി ആ വകുപ്പിനെ സര്‍ക്കാര്‍ ഏല്‍പിക്കുകയായിരുന്നു.

ഈഴവരുടെ സ്‌കൂള്‍ പ്രവേശനം സംബന്ധിച്ച നിരന്തരമായ ആവലാതികള്‍ക്കു 1908ല്‍ സര്‍ക്കാര്‍ കൈക്കൊണ്ട അനുകൂല നടപടികളുടെ പൂര്‍ണരൂപം 1083 മേടം, ഇടവം മാസങ്ങളിലെ വിവേകോദയത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഇവയില്‍ നമ്പര്‍ .ഇ .2044.1908 ജൂണ്‍ മാസം 6-ാം തീയതിയിലെ രണ്ടാം പ്രൊസീഡിങ്‌സിന്റെ ചുരുക്കമിങ്ങനെ:-തിരുവട്ടാറ്റും ആലപ്പുഴയിലും ചങ്ങനാശ്ശേരിയിലുമുള്ള ഇംഗ്ലീഷ് പള്ളിക്കൂടങ്ങളുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ നിര്‍ത്തിവച്ചിട്ടുള്ളതിനാല്‍ അവിടേക്കു അതാതിടങ്ങളിലുള്ള സര്‍ക്കാര്‍ ആണ്‍പള്ളിക്കൂടങ്ങളിലെ ഈഴവ ബാലന്മാര്‍ക്ക് പ്രവേശിക്കവുന്നതാണെന്നാണ് ഈ ഉത്തരവിലൂടെ സര്‍ക്കാര്‍ നയം വ്യക്തമാക്കിയിട്ടുള്ളത്. ആക്ടിങ് ഗവണ്മെന്റ് ചീഫ് സെക്രട്ടറി ആര്‍. മഹാദേവയ്യരുടെ ഉത്തരവാണിത് (കുമാരനാശാന്റെ മുഖപ്രസംഗങ്ങള്‍, സമ്പാദനം, പഠനം -ജി .പ്രിയദര്‍ശനന്‍ page 189-90). പ്രസ്തുത ആലപ്പുഴ ഇഗ്‌ളീഷ് സ്‌കൂള്‍, ഗവണ്മെന്റ് മുഹമ്മദന്‍സ് സ്‌കൂള്‍ എന്ന പേരില്‍ പുനര്‍ നാമകരണം ചെയ്യുകയായിരുന്നു.

ഈ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥികളില്‍ പലരും നാനാതുറകളില്‍ തങ്ങളുടെ കഴിവ് തെളിയിച്ചവരാണ്.
സര്‍ദാര്‍ കെ. എം. പണിക്കര്‍, സാഹിത്യ പഞ്ചാനനന്‍ പി.കെ. നാരായണപിള്ള, ശ്രീ. ഐ.സി. ചാക്കോ, ഡോ. വെങ്കിട്ടനായിഡു, ആര്‍. സുഗതന്‍ ശ്രീ. എം.എ. ബെക്കര്‍, സംവിധായകന്‍ ശ്രീ. ഫാസില്‍, ശ്രീ. ആലപ്പി അഷ്റഫ് അങ്ങിനെ ആ നിര നീളുന്നു…

തിരുവിതാംകൂറിലെ ആദ്യത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ആലപ്പുഴയിലെ കുട്ടിവാധ്യാരെ കേരളീയര്‍ക്ക് പരിചയപ്പെടുത്തി തന്നവരാണ് മേല്‍ സൂചിപ്പിച്ചവര്‍. കുട്ടിവാധ്യാരുടെ അനുജനായ അപ്പു വാധ്യാരുടെ മകളെ വിവാഹം ചെയ്തത് വി.കെ. വേലായുധനായിരുന്നു. പ്രൊഫ. എം.കെ. സാനു മാഷിന്റെ അച്ഛന്റെ ജ്യേഷ്ഠന്റെ മകനാണ് ആലപ്പുഴ കിടങ്ങാമ്പറമ്പില്‍ കേരളത്തില്‍ ആദ്യമായി അരിവാള്‍ ചുറ്റിക പതിച്ച ചെങ്കൊടി ഉയര്‍ത്തിയ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വി.കെ. വേലായുധന്‍ ബി.എ.ബി.എല്‍. അദ്ദേഹം എസ്.എന്‍.ഡി.പി. യോഗത്തിന്റെ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും ആയിട്ടുണ്ട്. സഹോദരന്‍ അയ്യപ്പന്‍ പ്രസിഡന്റ് ആയിരിക്കുമ്പോള്‍ അദ്ദേഹമായിരുന്നു ജനറല്‍ സെക്രട്ടറി. സാനുമാഷും വി.കെ. വേലായുധനും സഹോദരന്മാര്‍ കൂടി ആയിരുന്നു. ആലപ്പുഴ ജില്ലയിലെ തുമ്പോളിയിലായിരുന്നു ജനനമെങ്കിലും സാനു മാഷിന്റെ പ്രവര്‍ത്തന മണ്ഡലം എറണാകുളമായിരുന്നു. ഏറെക്കാലം എറണാകുളം മഹാരാജാസില്‍ അധ്യാപകനായതോടെ താമസം എറണാകുളത്തേക്ക് മാറ്റിയതാണ്. സാനുമാഷിന്റെ വളരെ അപൂര്‍വമായ താടിവെച്ച ഒരു പഴയ ഫോട്ടോയാണ് ഇതോടൊപ്പമുള്ളത്. ഇതില്‍ ഒ.എന്‍.വി., എം.കെ.സാനു, പ്രസിദ്ധ കവി ഗൗരീശപട്ടം ശങ്കരന്‍നായര്‍ മുതലായവരാണ് കൂടെയുള്ളത്.

നബി: ആലപ്പുഴക്കാരന്‍ കൂടിയായ നടേശ ഗുരുവും പുത്രനും സുനാതനം ശോഭിപ്പിക്കാന്‍ നടക്കുമ്പോള്‍ പഴയ ജനറല്‍ സെക്രട്ടറിയുടെ മുഖപ്രസംഗംങ്ങള്‍ ഒക്കെ ഇടക്കെടുത്ത് വായിച്ചു നോക്കുന്നത് നല്ലതാണ്!

 

No Comments yet!

Your Email address will not be published.