Skip to main content

ചാലയിലെ തൊഴിലാളികള്‍ക്ക് ചലച്ചിത്രോത്സവത്തില്‍ എന്തു കാര്യം…?

 

ഫിലിം പോളിസി കോണ്‍ക്ലേവിന്റെ സമാപന ചടങ്ങില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പട്ടികജാതി-പട്ടികവര്‍ഗ പരാമര്‍ശത്തിനെതിരെ ഗായിക പുഷ്പവതി സദസ്സില്‍ എഴുന്നേറ്റുനിന്ന് പ്രതിഷേധിക്കുന്നു.
ചിത്രം : മലയാള മനോരമ

ചാലയിലെ തൊഴിലാളികള്‍ക്ക് ചലച്ചിത്രോത്സവത്തില്‍ എന്തു കാര്യം എന്നു ചോദിക്കാന്‍ ഈ പുതിയ കാലത്തും ആളുകളുണ്ടാകുന്നു! അയാള്‍ പഴയ ദന്തഗോപുരവാസികളുടെ പരമ്പരയില്‍പെട്ട ആളാവണം.

അടൂർ ഗോപാലകൃഷ്ണൻ സംസാരിക്കുന്നു

‘ഞാന്‍ സംസാരിക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കാന്‍ അവളാരാണ്? അവള്‍ എന്തിന് ഇവിടെ വന്നു?’ ഒരു കലാകാരിയെപ്പറ്റിയാണ് ചോദ്യം. പുഷ്പവതി എന്ന സുപ്രസിദ്ധ കലാകാരിയെപ്പറ്റി. പഴയ കാലത്താണെങ്കില്‍ എത്ര അകലെ നില്‍ക്കണമായിരുന്നു എന്ന് അയാള്‍ പറഞ്ഞില്ല. പക്ഷേ, ഓര്‍ത്തിരിക്കണം. ആ ഓര്‍മ്മയുടെ ക്ഷോഭമുണ്ട് വാക്കുകളില്‍. അയാള്‍ക്ക് അടിത്തട്ടോളം ചെല്ലുന്നില്ല കാഴ്ച്ചകള്‍. മാറുന്ന ലോകത്തോളം ഉയരുന്നില്ല ശിരസ്സ്. അത് അയാളുടെ പരിമിതി.

വര്‍ക്കിംഗ് ക്ലാസ് ഹീറോസ് എന്ന സിനിമ വന്നത് സമീപകാലത്താണ്. സിനിമ തൊഴിലാളികള്‍ പണിയെടുക്കുന്നിടം തേടിയിറങ്ങിയതാണ്. അവര്‍ എങ്ങനെയാണോ അങ്ങനെ സിനിമയിലേക്ക് സ്വീകരിക്കപ്പെട്ടു. തൊഴിലാളിവര്‍ഗത്തില്‍ പിറന്ന Milo’s Pusic സംവിധാനം ചെയ്ത സെര്‍ബിയന്‍ സിനിമയാണ്.

പുറംപൂച്ചുകളില്‍നിന്ന് സിനിമ അകപ്പൊരുളിലേക്ക് കുറുകുകുന്നതു കണ്ടു. വരേണ്യ വ്യസനങ്ങളില്‍നിന്ന് അടിത്തട്ട് അതിജീവനത്തിന്റെ സൂക്ഷ്മങ്ങളിലേക്കും സാഹസികതകളിലേക്കും സിനിമ എത്തുന്നു. അത് പ്രമേയത്തിന്റെ കാര്യമല്ലേ എന്നു തോന്നേണ്ട. അഭിനേതാക്കളായി എത്തുന്നത് തൊഴിലാളികളാണ്. സിനിമയെ ചുമലേറ്റുന്നതും തൊഴിലാളികളാണ്.

മത്സ്യത്തൊഴിലാളികള്‍ സിനിമാ നിര്‍മ്മാണത്തിന്റെ ഭാഗമാകുന്നത് ഫിഷര്‍മാന്‍സ് ഡോട്ടറില്‍ കണ്ടിട്ടുണ്ട്. ‘അങ്ങാടി’യില്‍ തൊഴിലാളിയായി ജയനോ ഓടയില്‍നിന്നിലെ റിക്ഷാതൊഴിലാളിയായി സത്യനോ അഭിനയിച്ചതുപോലെയല്ല അത്. നടന്മാര്‍ തൊഴിലാളിവേഷം കെട്ടുന്നതുപോലെയല്ല. തൊഴിലാളികള്‍ അഭിനേതാക്കളായി ഉയരുകയാണ്. തൊഴിലാളി കുടുംബത്തില്‍നിന്ന് മിലോസ് പൂസിക്കിനെപ്പോലെ സിനിമാപ്രവര്‍ത്തകര്‍ ഉയര്‍ന്നുവരികയാണ്.

Miloš Pušić

നമ്മുടെ നാട്ടിലും സാധാരണക്കാര്‍ ചെറിയ സൗകര്യങ്ങളില്‍ വലിയ സിനിമകള്‍ എടുത്തു തുടങ്ങിയിട്ടുണ്ട്. അവര്‍ ഏറെയും തൊഴിലാളി കര്‍ഷക കുടുംബങ്ങളില്‍ പിറന്നവരാണ്. അവരുടെ കലാ ആഭിമുഖ്യവും ലാവണ്യബോധവും ഭാവുകത്വവും സര്‍ഗാത്മക വികാസം കൈവരിച്ചിരിക്കുന്നു. തന്തഗോപുരങ്ങളെ കടപുഴക്കുന്ന കലാനിര്‍മ്മിതികളാണ് വന്നു തുടങ്ങിയിട്ടുള്ളത്. അതിന്റെ ഭാഗമായവരും ഊര്‍ജ്ജമായവരും ചലച്ചിത്രോത്സവത്തിനും വരും. അതിനു വേണ്ടിയാണ് കേരളത്തില്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ആരംഭിച്ചത്. നടത്തിപ്പോരുന്നത്.

സിനിമ ഭീമാപ്പള്ളി വഴി ചാലക്കമ്പോളത്തിലേക്ക് ഇറങ്ങിപ്പോയത് അടൂര്‍ ഗോപാലകൃഷ്ണന്‍ അറിഞ്ഞിട്ടില്ല. കലാലാവണ്യ പ്രസരം തെരുവിലേക്കും തൊഴിലിടങ്ങളിലേക്കും എത്തിക്കാനാണ് പുരോഗമന സാംസ്‌കാരിക പ്രവര്‍ത്തകര്‍ യത്‌നിച്ചത്. അതിനാല്‍ തൊഴിലാളികള്‍ വരും. വന്ന് മുട്ടും. വരേണ്യരുടെ പത്തായപ്പുരകളില്‍ നിന്ന് പൂഴ്ത്തിവെച്ച കലാധാന്യങ്ങള്‍ ചാക്കുചാക്കായി എടുത്തു പുറത്തിടും. അത് വിതരണം ചെയ്യും. അവരും അതിന്റെ അവകാശികളാണ്.

ലൈംഗികദൃശ്യം കാണാനാണ് തൊഴിലാളികള്‍ വരുന്നതെന്ന് അവരെ അധിക്ഷേപിക്കുന്ന ആശാന്മാര്‍ അറിയണം. തെരുവുകള്‍ക്ക് അത് പുതുമയല്ല. കെട്ടിവെച്ച തൃഷ്ണകളുടെ തുഞ്ചം പിടിച്ച് മറകളെല്ലാം ചൂഴ്ന്നു തിരയുന്ന കണ്ണുകള്‍ വരേണ്യ മേലാളവര്‍ഗത്തിന്റേതാണ്. അവരോളം ദരിദ്രരല്ല ഒരു തൊഴിലാളിയും. അദ്ധ്വാനം നല്‍കുന്ന ലഹരിയും ഉത്തരവാദിത്തവും അവരിലുണ്ട്. അലസവര്‍ഗത്തിന്റെ ജീര്‍ണതയപ്പാടെ അവരില്‍ ചൊരിയേണ്ട. ലൈംഗികത ഏറ്റവും ജീവത്തായും കലാത്മകമായും ആവിഷ്‌കരിക്കുന്ന ചിത്രങ്ങള്‍ അധികം ആളുകള്‍ കാണും. പുതുമുതലാളിത്ത ജീവിതത്തിലെ വിമോചന സന്ദര്‍ഭങ്ങള്‍ ആര്‍ക്കാണ് ഉപേക്ഷിക്കാനാവുക?

രതി പരിമിതികളെ ഉല്ലംഘിക്കുന്ന സമരോത്സുകതയുടെ വെളിപ്പെടലാണ്. അവരവരെ അലിയിച്ചുള്ള ശുന്യകാലപ്പുലരലാണ്. അവരവരെ വീണ്ടെടുക്കലാണ്. ലോകത്തെയും ദൈവത്തെയും തോല്‍പ്പിക്കുന്ന മാന്ത്രികയാത്രയും സുഷുപ്തിയുമാണ്. തൊഴിലാളികള്‍ക്കു മാത്രം അത് അപ്രാപ്യമാവുമെന്ന് കരുതുന്നത് മണ്ടത്തരമാണ്. അത് കാണാനും അറിയാനും മേലാളപ്പുര തപ്പേണ്ട ഗതികേട് തൊഴിലാളികള്‍ക്കില്ല.

എന്റെ സിനിമ ഉദാത്തമാണ്, അതില്‍ സെക്‌സിന്റെ അതിപ്രസരമില്ല എന്ന് പറ കൊട്ടുന്നവരുണ്ട്. അവര്‍ പഴയ ഏതോ മൂല്യബോധത്തിന്റെ തടവറയില്‍ കിടന്ന് പുതിയ ലോകത്തെ അഭിസംബോധന ചെയ്യുന്നവര്‍ മാത്രമാണ്. സിനിമയില്‍ തുറന്നിടേണ്ടതോ ഒളിച്ചുവെക്കേണ്ടതോ അല്ല രതി. അത് അതിന്റെ പാഠസന്ദര്‍ഭത്തെ സ്വാഭാവികമാക്കുന്ന ആഖ്യാനം മാത്രമാണ്. കല ജീവിതത്തിന്റെ ചില തടയണകള്‍ തുറന്നുവിടുന്നതും ചില പ്രവാഹങ്ങള്‍ കെട്ടി നിര്‍ത്തുന്നതുമാവും. അത് വിപരീതാന്വയങ്ങളിലും ജീവിക്കും. അവിടെ എന്റെ വഴിയാണ് മഹത്തരം എന്ന അവകാശവാദം അപ്രസക്തം.

തൊഴിലാളികള്‍ ചലച്ചിത്രമേളകളിലേക്ക് കടന്നുവരുന്നത് പുതിയ ഭാവുകത്വത്തിന്റെ സൂര്യവെളിച്ചം അവരെ ഉണര്‍ത്തുന്നതിനാലാണ്. അവരത് ആഴത്തില്‍ ഏറ്റുവാങ്ങി നല്ല സിനിമകളുടെ ഭാഗമാകാന്‍ ശ്രമിക്കുന്നതുകൊണ്ടാണ്. അവരെ അഭിവാദ്യം ചെയ്യണം. ചലച്ചിത്രമേളകള്‍ അതിന്റെ ചില ഉദ്ദേശ്യങ്ങള്‍ സാക്ഷാത്കരിക്കുന്നുവെന്ന് പി. ഗോവിന്ദപ്പിള്ള ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ പറയുമായിരുന്നു എന്ന് ഞാന്‍ കരുതുന്നു.

No Comments yet!

Your Email address will not be published.