വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയ ‘ജന്മദിനം’ എന്ന കഥയ്ക്ക് 80 വയസ്സ് പിന്നിട്ടു. 1945-ജനുവരിയില്‍ ആണ് അദ്ദേഹം ഈ കഥ എഴുതിയത്. അന്ന് കടുത്ത ദാരിദ്ര്യത്തിന്റെ കാലം. 1939-ല്‍ ആരംഭിച്ച രണ്ടാം ലോകയുദ്ധം ഇന്ത്യയെ വലിയ വറുതിയിലേക്ക് തള്ളിയിട്ടു. പണവും പ്രതാപവും ഉള്ളവര്‍ക്കുപോലും അരിവെക്കാന്‍ കിട്ടാത്ത കാലം. തികച്ചും ക്ഷാമകാലംതന്നെ. ബംഗാളില്‍ പട്ടിണി കിടന്ന് പതിനായിരങ്ങള്‍ മരിച്ചു. സ്വന്തം മക്കളെ വിറ്റതിന്റെ വാര്‍ത്തകള്‍ വന്ന കാലമായിരുന്നത്. പ്രസിദ്ധ സാംസ്‌കാരികവിമര്‍ശകനും സാഹിത്യനിരൂപകനുമായ പ്രൊഫ. എം.എന്‍. വിജയന്‍, ആത്മകഥാക്കുറിപ്പുകളില്‍ (കലിഡോസ്‌കോപ്പ്) 1939-1945 കാലം ഇവിടെയും, നിത്യദാരിദ്ര്യത്തിന്റേതായിരുന്നു എന്നു വ്യക്തമാക്കിയിട്ടുണ്ട്. ”ജീവിതത്തിന്റെ മുഴുവന്‍ താളവും വിശപ്പിന്റെ ഇത്തിരി വട്ടത്തില്‍ രൗദ്രതയോടെ കറങ്ങി.” അക്കാലത്തെ ദാരിദ്ര്യത്തിന്റെ തീക്ഷ്ണമുഖം അഭിവ്യഞ്ജിപ്പിക്കുന്നതാണ് 1941-ല്‍ മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്‍ എഴുതിയ ‘അരിയില്ലാഞ്ഞിട്ട്’ എന്ന കവിത. ആ കവിതയില്‍ വിശപ്പിന്റെ കാഠിന്യം ഇങ്ങനെയാണ് രേഖപ്പെടുത്തിയത്.
മുറുക്കാന്‍ പൊതി നീക്കി
മൂത്തൊരു കരക്കാരന്‍
തിരക്കായകത്തെത്തി
പെണ്ണിനോടേവം ചൊന്നാന്‍;
”കണക്കായെല്ലാം, ഞങ്ങ-
ളിറക്കീ നില-ത്തെന്നാ,
ലുണക്കലരി വേണ്ട-
മിത്തിരി ചുറ്റും തൂവാന്‍”
കരുയുന്ന, തിന്നിട-
യ്‌ക്കോതിനാള്‍ കുടുംബിനി:
”അരിയുണ്ടെ,ന്നാലങ്ങോ-
രന്തരിക്കുകില്ലല്ലോ.”
കുടുംബനാഥന്‍ പട്ടിണികിടന്ന് മരിച്ചു. ആചാരപ്രകാരം നിലത്ത് കിടത്താന്‍ നോക്കുമ്പോള്‍ ഉണക്കലരി ചുറ്റും വിതറാനില്ല. ഒരു യഥാര്‍ത്ഥ ദരിദ്രജീവിതകഥയെ അടിസ്ഥാനമാക്കി എഴുതിയതാണ് ഈ കവിതയെന്ന് വൈലോപ്പിള്ളി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് കോവിഡ്-19 മഹാമാരിയുടെ കാലത്ത് ജന്മദിനം എന്ന കഥ ഓര്‍ത്തുപോകുക സ്വാഭാവികമാണ്.
നിത്യദാരിദ്ര്യത്തിന്റെ നാനാമുഖങ്ങള്‍ അനുഭവിച്ചറിയുകയും നോക്കിക്കാണുകയും ചെയ്ത മഹാനായ കഥാകാരനാണ് ബഷീര്‍. കഥാകാരന്‍ എന്നു പറഞ്ഞാല്‍ മാത്രം പോരാ; അക്കാലഘട്ടത്തിന്റെ ആര്‍ദ്രമായ മനസാക്ഷിയുടെ പ്രതീകമാണ്. നാഗരികമനുഷ്യരെ ആസുരമായ ഉപഭോഗത്തിന്റെ ക്രൗര്യങ്ങളിലേക്ക് നയിക്കുന്ന കാലത്ത് കേരളീയരെ പ്രകൃതിയുടെ കണ്ണികളുമായി ഇണക്കിചേര്‍ക്കാന്‍ പേന ചലിപ്പിച്ച മഹാനായ സാഹിത്യകാരന്‍. വാമൊഴി വഴക്കങ്ങള്‍ മലയാളസാഹിത്യത്തില്‍ ഒട്ടും പരിചിതമല്ലാത്ത കാലത്ത് വാമൊഴിയുടെ ശക്തി തിരിച്ചറിഞ്ഞുകൊണ്ടുതന്നെ സര്‍ഗാത്മകപ്രപഞ്ചത്തില്‍ വാമൊഴിമലയാളത്തെ ബഷീര്‍ നെഞ്ചേറ്റി ലാളിച്ചു. മലയാളി സഹൃദയരില്‍ അതിന് സ്വീകാര്യതയുണ്ടാക്കി ചിരപ്രതിഷ്ഠയാക്കി.
എം.എന്‍. വിജയന്‍ മരുഭൂമികള്‍ പൂക്കുമ്പോള്‍ എന്ന പുസ്തകത്തില്‍ വ്യക്തമാക്കിയത് ഇങ്ങനെയാണ്. ”നമ്മുടെ സാഹിത്യാസ്വാദകര്‍ക്ക് അന്നുവരെ അപരിചിതമായിരുന്ന ഒരു പുതിയ രീതി, ഭാഷാശൈലി, തന്റെ അനുഭവലോകത്തിന്റെ ചിത്രീകരണത്തിനായി ബഷീര്‍ മലയാളത്തിലേക്ക് കൊണ്ടുവന്നു. വളരെക്കാലത്തേക്ക് മലയാളത്തില്‍ ബഷീറല്ലാതെ മറ്റാരും ഇത്തരം ഭാഷാപരമായ വിപ്ലവം ഉണ്ടാക്കിയിട്ടില്ല. അദ്ദേഹം ഒരു സമുദായത്തിന്റെ മാത്രമല്ല ഒരു വ്യത്യസ്തമായ അനുഭവമണ്ഡലത്തിന്റെ മുഴുവന്‍ വ്യഥകള്‍ ആവാഹിക്കാന്‍ കഴിയുന്ന ഭാഷ കൊണ്ടുവന്നു. ചെറിയ കാര്യമെന്ന് തോന്നാമെങ്കിലും അതില്‍ വലിയ കാര്യം കൂടിയുണ്ട്.” (എം.എന്‍.വിജയന്‍/പേജ് 26/ഒന്നാം പതിപ്പ് 1993) വിജയന്‍മാഷുടെ ഈ അപഗ്രഥനവും കൂടി ചേര്‍ത്തുവായിക്കാം.
”വാരരൂട്ടി പറയുന്നതാണ് മലയാളം എന്ന ക്ലാസ്സ് റൂം വ്യാകരണത്തെയും, ‘ഠോ നാറാണാ’ എന്ന നമ്പൂതിരിവ്യാകരണത്തെയും അതിക്രമിക്കുന്ന മറ്റൊരു വ്യാകരണമുണ്ട് എന്നാണ് ബഷീര്‍ പഠിപ്പിച്ചത്.” എഴുത്തിലെ വരേണ്യഭാവനകളെയും ആഢ്യത്വം ഘോഷിക്കുന്ന ഭാഷാവ്യവഹാരങ്ങങെയും ബഷീര്‍സാഹിത്യം നിഷ്പ്രഭമാക്കി എന്നതാണ് അതിന്റെ ചരിത്രജീവിതസഞ്ചാരം വെളിപ്പെടുത്തുന്നത്.
‘ന്റുപ്പാപ്പക്കൊരാനേണ്ടാര്‍ന്നു’ എന്ന കൃതിയുടെ ശക്തിസൗന്ദര്യവും മുതല്‍ പ്രേമലേഖനത്തിന്റെ (ആകാശമിഠായി) ശക്തിസൗന്ദ ര്യം വരെ മലയാളിയറിഞ്ഞു. ‘വെളിച്ചത്തിനെന്തു വെളിച്ചം’ ‘ഇമ്മിണ്യ ബല്യ ഒന്ന്’ തുടങ്ങിയ പ്രയോഗങ്ങള്‍ രൂപകസദൃശ്യമായ ഭാവനകളാണ്. വാമൊഴിയുടെ അര്‍ത്ഥദീപ്തമായ സൗന്ദര്യത്തെ അനുഭാവനം ചെയ്യാന്‍ ബഷീര്‍ നടത്തിയ ശബ്ദമുഖരിതമായ പദനിര്‍മ്മിതികള്‍ സാഹിത്യത്തില്‍ വലിയ തരംഗദൈര്‍ഘ്യമുളവാക്കിയവയാണ്. കാലമിത്ര കടന്നുവന്നിട്ടും ഇളം തലമുറക്കാര്‍ ബഷീര്‍കൃതികള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു എന്നത് വളരെ സുവ്യക്തമാണിന്ന്. മലയാളസാഹിത്യം കൊണ്ട് ലോകസാഹിത്യത്തിലടക്കം ചില ഓളങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നതിന്റെ സാക്ഷ്യപത്രമാണ് ബഷീര്‍കൃതികള്‍.
‘ജന്മദിനം’ എന്ന കഥ വീണ്ടും വീണ്ടും വായിക്കുന്ന ധാരാളം മനുഷ്യര്‍ ഇന്നും സഹൃദയലോകത്തുണ്ട്. 2020കള്‍ ദാരിദ്ര്യം വീണ്ടും വിഷയമാകുന്ന കാലം തന്നെ കോവിഡ്-19 മാത്രമല്ല അതിനു കാരണം. രാഷ്ട്രീയമായ കാരണങ്ങളും ഉണ്ട്. ജന്മദിനം എന്ന കഥ ജനിക്കുന്ന കാലത്ത് ദാരിദ്ര്യത്തിന്റെ കഥകള്‍ എഴുതാതിരിക്കാന്‍ പറ്റാത്ത കാലമാണ്. ബഷീര്‍ ഈ കഥയില്‍ തന്നെ ഒരിടത്ത് ദാരിദ്ര്യത്തെപ്പറ്റി പറയുന്ന കഥകള്‍ ഉണ്ടാകുന്നതിനെപ്പറ്റി വിവരിച്ചിട്ടുണ്ട്. ജന്മദിനത്തിലെ ദുരിതവും ദാരിദ്ര്യവും തന്നെ വലച്ചതിനെപ്പറ്റി ഡയറി എഴുതാന്‍ ശ്രമിക്കുന്ന ആഖ്യാതാവിന്റെ വാങ്മയചിത്രമുണ്ടതില്‍. അദ്ദേഹം രാവിലെ കേള്‍ക്കുന്ന ആശംസാവാചകം ഇതാണ്- ”ഐ വിഷ് യു മെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് ദ ഡേ” ഈ വാചകം നെഞ്ചകം നീറ്റുന്നതായി പരിണമിച്ചു. രാവിലെ മുതല്‍ രാത്രി വരെ പട്ടിണി. വീടിനകത്ത് വിളക്കു കത്തിക്കുവാന്‍ എണ്ണയില്ല. പെയ്യാന്‍ പോകുന്ന കാര്‍മേഘങ്ങള്‍ പോലെ ഈ ദിവസത്തെ സംഭവങ്ങളെല്ലാം അന്തരംഗം പൊട്ടുമാറു തിങ്ങിവിങ്ങി നില്ക്കുന്നു. അന്യനാട്ടിലെ ജീവിതം കാശില്ല. കടം കിട്ടാന്‍ വഴിയില്ല. ഉടുത്തിരിക്കുന്നത് സുഹൃത്തുക്കളുടേത്. സ്വന്തമെന്നു പറയാന്‍ ഒന്നുമില്ല എന്നാണ് അതിന്റെ വ്യംഗ്യം. എന്നിട്ട് ബഷീര്‍ പറയുന്നത് ”അസാധാരണമായി ഒന്നുമില്ല” അതായത് ജന്മദിനവും മറ്റു ദിനങ്ങളും ഇങ്ങനെത്തന്നെ കഴിഞ്ഞുപോകുന്നു എന്നു സാരം. അപ്പോഴാണ് ഒരാശംസ-”ഈ നിലയിലുള്ള ജന്മദിനത്തിന്റെ അനേകം പുനരാവര്‍ത്തനങ്ങള്‍ ഉണ്ടാവട്ടേ” എന്നത്. ബഷീര്‍ എത്രമാത്രം തന്മയത്വത്തോടെയാണ്, അനുഭവരസികത്വത്തോടെയാണ് ഈ രചനയില്‍ ദൃശ്യമാകുന്നത് എന്നതോര്‍ക്കുക.
ആ കഥയുണ്ടായതിനെപ്പറ്റി പ്രൊഫ. എം.കെ. സാനു ബഷീര്‍: ‘ഏകാന്തവീഥിയിലെ അവധൂതന്‍’ എന്ന പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട് ”തൃശൂര്‍ ജീവിതകാലത്ത് പല കഥകളും രചിക്കാന്‍ കഴിഞ്ഞു എന്നത് ഒരു ഭാഗ്യമാണ്. മുണ്ടശ്ശേരിയും ചങ്ങമ്പുഴയും മറ്റുമായുള്ള സഹവാസം ആ രചനയുടെ പിന്നിലെ ഉന്മേഷമായിത്തീര്‍ന്നു. പഴയ അനുഭവങ്ങളില്‍ ചിലത് നിസ്സംഗതയോടെ ആവിഷ്‌ക്കരിച്ചതും അക്കാലത്താണ്. അതിലൊന്നാണ് ‘ജന്മദിനം’. എഴുത്തുകാരനും വിപ്ലവരാഷ്ട്രീയപ്രവര്‍ത്തകനും അനുഭവിക്കുന്ന ദാരിദ്ര്യത്തിന്റെ തീവ്രതയാര്‍ന്ന ദൃശ്യങ്ങളിലേക്ക് ഈ കഥ നമ്മെ നയിക്കുന്നു.” സ്വന്തം അനുഭവത്തിന്റെ തീക്ഷ്ണമായ ഒരാവിഷ്‌കാരം തന്നെയാണിത്.

പോഞ്ഞിക്കര റാഫിയുടെ നിരീക്ഷണം ഇവിടെ അവതരിപ്പിക്കട്ടേ. ”മകരം 8-ാം തിയ്യതി. ഇന്ന് എന്റെ ജന്മദിനമാണ് എന്ന വാക്യത്തോടെ ഡയറിയുടെ രൂപത്തിലാണ് ഇക്കഥ ബഷീര്‍ രചിച്ചിട്ടുള്ളതെങ്കിലും 1930കളിലും 1940കളുടെ ആരംഭത്തിലും കൈക്കോര്‍ത്തു നടന്നിരുന്ന രാജ്യദ്രോഹികളായ രാഷ്ട്രീയക്കാരുടെയും സാഹിത്യകാരന്മാരുടെയും ചരിത്രമാണത്. അവര്‍ക്ക് അനുഭവിക്കേണ്ടിവന്ന അപമാനവേദനകളുടെയും വിശപ്പിന്റെയും ചരിത്രം. വിശപ്പ് എന്ന പ്രാഥമിക യാഥാര്‍ത്ഥ്യത്തെ അതിന്റെ രൂക്ഷതയോടെ അനുഭവത്തിന്റെ മുഴുവന്‍ തീക്ഷ്ണതയോടെ ബഷീര്‍ ഇതില്‍ ചിത്രീകരിക്കുന്നു. എറണാകുളത്തെ ഒരു ലോഡ്ജിലെ ഇടുക്കുമുറിയിലിരുന്നു വിപ്ലവസാഹിത്യം രചിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിന് ഇത്തരത്തിലുള്ള അപമാനവേദനകള്‍ സഹിക്കേണ്ടിവന്നതും ഒടുവില്‍ വിശപ്പിന്റെ രൂക്ഷമായ വേദന സഹിക്കാനാവാതെ രാത്രി പത്തുമണിയായപ്പോള്‍ ആരും കാണാതെ അടുത്ത മുറിയില്‍ താമസിക്കുന്ന സ്‌നേഹിതന്റെ ചോറെടുത്ത് തിന്നേണ്ടിവരുന്നതും തന്റെ ജന്മദിനത്തിലായിരുന്നുവെന്നും വൈക്കം തലയോലപറമ്പിലുള്ള വീട്ടില്‍ അമ്മ ”ചോറും കറിയും വച്ച് എല്ലാ രാത്രിയും കാത്തിരിക്കു”മ്പോള്‍ തന്നെയായിരുന്നുവെന്നും കൂടി ഓര്‍ക്കേണ്ടതാണ്. അമ്മ എന്ന കഥയിലെ നാലാം ഘട്ടമായി സൂചിപ്പിക്കുകമാത്രം ചെയ്തിട്ടുള്ള കാലത്തെ, തന്റെ ജീവിതത്തിന്റെ സൂക്ഷ്മരൂപമാണ് ജന്മദിനം എന്ന കഥയില്‍ ബഷീര്‍ വരച്ചുവെച്ചിരിക്കുന്നതെന്നുകൂടി ചൂണ്ടിക്കാണിച്ചുകൊള്ളട്ടേ.”
കൗമാരകാലം വിടുംമുമ്പേ ബഷീര്‍ ദേശീയസ്വാതന്ത്ര്യസമരപ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ വീടുവിട്ടിറങ്ങി. ദേശീയപ്രസ്ഥാന നായകര്‍ കോഴിക്കോട്ടു നടത്തിയ ചരിത്രപ്രസിദ്ധമായ ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തു. പോലീസില്‍നിന്ന് മര്‍ദ്ദനം ഏറ്റുവാങ്ങി. തുടര്‍ന്ന് ജയില്‍ശിക്ഷയും. പിന്നീട് ഇന്ത്യയില്‍ പലേടത്തും അലഞ്ഞു. അതിനുശേഷം അദ്ദേഹം മടങ്ങിയെത്തിയതിനെപ്പറ്റി പോഞ്ഞിക്കര റാഫി വിവരിച്ചത് ഇങ്ങനെ, ”ബഷീര്‍ മടങ്ങിയെത്തിയതോ ദിവാന്‍ സി. പി. രാമസ്വാമിഅയ്യരുടെ ദുര്‍ഭരണം അവസാനിപ്പിക്കാനും ഉത്തരവാദഭരണം നടപ്പില്‍ വരുത്താനും വേണ്ടി സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ തിരുവിതാംകൂര്‍ തിളച്ചുമറിയുന്നതിനിടയ്ക്ക്. വീണ്ടും രാജ്യദ്രോഹിയായ ബഷീറിന്, വീടും നാടുമെന്നല്ല തിരുവിതാംകൂറിന്റെ അതിര്‍ത്തിപോലും വിട്ടുപോരേണ്ടിവന്നു. എറണാകുളത്ത് എത്തിച്ചേര്‍ന്ന ആ ‘രാജ്യദ്രോഹി’യെ വാച്ച് ചെയ്യാന്‍ തിരുവിതാംകൂര്‍ സി.ഐ.ഡി.കളും ഉണ്ടായിരുന്നു.”
ഇക്കാര്യം ഇവിടെ ഇത്രയും വിശദമാക്കിയതിനു കാരണം ഈ കഥയുടെ ഉള്ളടക്കത്തില്‍ ചരിത്രാവലോകനത്തിന്റെ മിന്നായങ്ങള്‍ ഉള്ളതുകൊണ്ടാണ്. ജന്മദിനം എന്ന കഥയില്‍ ബഷീര്‍ ചിത്രീകരിച്ചത് ഇങ്ങനെ; ”മണി ഏഴ്: ഒരു പോലീസുകാരന്‍ എന്റെ താമസസ്ഥലത്തുവന്ന് ഇന്നും എന്നെ കൂട്ടിക്കൊണ്ടുപോയി. കണ്ണഞ്ചിപ്പിക്കുന്ന പെട്രോമാക്‌സ് വിളക്കിന്റെ മുമ്പില്‍ എന്നെ ഇരുത്തി. ചോദ്യങ്ങള്‍ക്കു സമാധാനം പറയുമ്പോള്‍ എന്റെ മുഖത്തെ ഭാവഭേദങ്ങള്‍ സൂക്ഷിച്ചുകൊണ്ടു പിറകില്‍ കൈയും കെട്ടി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ അങ്ങുമിങ്ങും നടന്നു. നോട്ടം എപ്പോഴും എന്റെ മുഖത്തുതന്നെ. എന്തൊരു ഭാവം! എന്തൊരു നില! ഞാന്‍ ഏതോ കുറ്റം ചെയ്തിട്ട് പിടികിട്ടാപ്പുള്ളിയാണെന്ന മട്ട്. ഒരു മണിക്കൂറുനേരത്തെ ചോദ്യങ്ങള്‍. ആരെല്ലാമാണ് എന്റെ കൂട്ടുകാര്‍? എവിടെനിന്നൊക്കെയാണ് എനിക്ക് എഴുത്തുകള്‍ വരുന്നത്? ഗവണ്‍മെന്റിനെ തകിടം മറിക്കാനുള്ള ഗൂഢസംഘത്തില്‍ അംഗമല്ലേ ഞാന്‍? പുതുതായി എന്തൊക്കെയാണ് ഞാന്‍ എഴുതുന്നത്? എല്ലാം സത്യമായി പറയണം!
പിന്നെ-
”നിങ്ങള്‍ക്കറിയാമല്ലോ, നിങ്ങളെ ഇവിടന്നു നാടുകടത്തിക്കാന്‍ എനിക്കു കഴിയുമെന്ന്?” ബഷീറിന്റെ പിറകില്‍ സി.ഐ.ഡി. എപ്പോഴും നടക്കുന്ന കാലമാണത്.
”മണി പന്ത്രണ്ടര… സുഹൃത്തുക്കള്‍ എന്താണ് എന്നെ കണ്ടിട്ട് മിണ്ടാത്തത്? അതുശരി എന്റെ പിറകെ ഒരു സി.ഐ.ഡി.”
”മണി ഒന്ന് ഞാന്‍ യാത്ര പറഞ്ഞ് എണീറ്റു തെരുവില്‍ ഇറങ്ങി നടന്നു.
എന്റെ പിറകെ ആ സി.ഐ.ഡി.”
ഒളിച്ചുജീവിതത്തിന്റെ കൗശലവും പരിണതിയും ഈ കഥയില്‍ ഒരിടത്തു വിവരിക്കുന്നത് ഇങ്ങനെ ”ഭാരതത്തിന്റെ ഓരോ പട്ടണത്തിലും എത്രയെത്ര കൊല്ലം അലഞ്ഞുനടന്ന്, എത്രയെത്ര ജാതിയായി എവിടെയെല്ലാം ഞാന്‍ താമസിച്ചു! ആരുടെയൊക്കെ ആഹാരമാണു ഞാന്‍! എന്റെ രക്തവും, എന്റെ മാംസവും, എന്റെ അസ്ഥിയും ഭാരതത്തിന്റെത്… ആദര്‍ശങ്ങളുടെ എത്രയെത്ര ബോംബുകള്‍ എന്റെ അന്തരംഗത്തില്‍ വീണു പൊട്ടിത്തെറിച്ചു! ഭീകരമായ പടക്കളമാണ് എന്റെ ഹൃദയം! ഇന്നു ഞാന്‍ ആരാണ്? വിപ്ലവകാരി, രാജ്യദ്രോഹി, ദൈവദ്രോഹി, കമ്മ്യൂണിസ്റ്റ്-പിന്നെയും എന്തൊക്കെയോ ആണു ഞാന്‍. വാസ്തവത്തില്‍ ഇതു വല്ലതുമാണോ ഞാന്‍?”
കല്‍പറ്റ നാരായണന്‍ എഴുതിയ ‘എന്റെ ബഷീര്‍’ എന്ന പഠനത്തില്‍ ജന്മദിനം എന്ന കഥയെ നിരീക്ഷിച്ചത് ഇങ്ങനെയാണ്; ”തന്നെപ്പോലെ അഭിമാനിയായ ഒരെഴുത്തുകാരനില്‍പ്പോലും, മാനാപമാനങ്ങളെ ഗൗനിക്കാത്ത വിശപ്പിന്റെ പ്രഭാവം എത്രയുണ്ട് എന്നറിയുവാന്‍ സഹായിച്ചൊരു ദിവസത്തിന്റെ കഥയാണ് ജന്മദിനം… ഭാരതത്തില്‍ വിശപ്പിന്റെ വിളയാട്ടമായിരുന്ന ഒരു നൂറ്റാണ്ട് അതിന്റെ ഭാവനാശാലിയായ ഒരെഴുത്തുകാരനില്‍ ഉണ്ടാക്കിയ കരണപ്രതികരണങ്ങളുടെ ചരിത്രവുമാണ് ബഷീര്‍ സാഹിത്യം.” ബഷീറിനെ വായിക്കുക എന്നതുതന്നെ അതിജീവനത്തിനായുള്ള സ്‌നേഹത്തിന്റെ ഒരു തീര്‍ത്ഥാടനമാണ്.
ജന്മദിനം എന്ന കഥയ്ക്ക് ഒത്തിരിയൊത്തിരി അടരുകളുണ്ട്. ആലോചിക്കുന്തോറും പേര്‍ത്തുംപേര്‍ത്തും വായിക്കുന്തോറും ആ കഥയുടെ ആന്തരികമായ വിസ്തൃതി വര്‍ദ്ധിച്ചുവരുന്നു എന്നുള്ളതാണ് അതിന്റെ സവിശേഷത. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള സംഭാഷണത്തിന്റെ നേര്‍ഭാവനകള്‍, അഭ്യസ്തവിദ്യരുടെ അനുഭവരഹിതമായ ജീവിതം പെരുമാറ്റത്തില്‍ ഉണ്ടാക്കുന്ന വൈരുദ്ധ്യങ്ങള്‍, എന്തിലും ലാഭം ഇച്ഛിക്കുന്ന കച്ചവടക്കാരന്റെ അധപതിച്ച മനോഭാവം, നിജസ്ഥിതി അറിയാതെ പെരുമാറുകയും പ്രതികരിക്കുകയും ചെയ്യുന്ന സഖാവിന്റെ ചിത്രീകരണം, ഉദ്യോഗസ്ഥസംവിധാനവും സമൂഹനേതൃത്വവും കഥയറിയാതെ ആട്ടം കാണുന്നവരാണെന്ന സൂചനകള്‍, കമ്മ്യൂണിസ്റ്റുകാരനെ രാജ്യദ്രോഹിയായും ഭരണകൂടത്തെ അട്ടിമറിക്കുന്ന വിപ്ലവകാരിയായും ചിത്രീകരിച്ച് സ്വാതന്ത്ര്യപൂര്‍വകാലത്ത് പോലീസ് നടത്തിയിരുന്ന ചോദ്യം ചെയ്യല്‍, നിഴല്‍പോലെയുള്ള പിന്തുടരല്‍, ഒരാളുടെ അവസ്ഥയറിയാതെ യാന്ത്രികമായി പെരുമാറുന്ന നാഗരികമനുഷ്യരുടെ അസംബന്ധപൂര്‍ണമായ പെരുമാറ്റദൃശ്യങ്ങള്‍, വായനക്കാരെന്നു മേനി നടിച്ച് വര്‍ത്തമാനം പറയുന്നവരുടെ കാപട്യം. മാതൃഭാഷയില്‍ വല്ലതും വായിക്കുന്നത് അന്തസ്സുകുറഞ്ഞ പണിയാണെന്ന അഭ്യസ്തവിദ്യരുടെ ഊളത്തരങ്ങള്‍, പട്ടിണി കിടക്കുമ്പോഴും ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ നടത്തുന്ന പരിശ്രമങ്ങള്‍ ദാരിദ്ര്യത്തിനിടയിലും കെടാതെ സൂക്ഷിക്കുന്ന വിപ്ലവസ്വപ്നങ്ങള്‍ ഇങ്ങനെ എത്രയോ തലങ്ങളിലേക്ക് വന്ന കഥ നമ്മെ നയിക്കുന്നു.
ഈയൊരൊറ്റ കഥകൊണ്ടുതന്നെ കഥാസാഹിത്യത്തില്‍ ഇന്നു ബഷീര്‍ മുന്‍നിരയിലെത്തുന്നു. ബഷീറിന്റെ ജീവിതവും സാഹിതിയും ഇവിടെ ഒന്നാകുന്നു. ഒന്നാന്തരമാകുന്നു. തീര്‍ച്ചയായും പറയാം-ബഷീര്‍ ജീവിച്ചപോലെ എഴുതുകയും എഴുതിയപോലെ ജീവിക്കുകയും ചെയ്തു. ഭാവനയുടെ മഹാകാശങ്ങളിലേക്ക് നമ്മെ സഞ്ചരിപ്പിക്കുന്ന ബഷീര്‍ അടുത്ത നിമിഷം സഹൃദയനെ തന്റെ സ്വന്തം മണ്ണില്‍ ഇറക്കി നിറുത്തുകയും ചെയ്യുന്നു. ഈയൊരു രചനാശൈലി ഇമ്മിണി വല്യ ഒന്നുതന്നെയാണ്. അനുകരണീയംതന്നെ.
ജന്മദിനം
വൈക്കം മുഹമ്മദ് ബഷീര്‍
പ്രസാധകര്‍ : ഡി സി ബുക്‌സ്
വില : 130 രൂപ
No Comments yet!