ബൊളിച്ചം പതിക്കാത്ത നേരു
പയമെലിക്കു ഒരുക്ക തിരിഞ്ചു പോകണും
തെളിവു തേടി കാണണും
മലെ അടിവാരത്തു ഏച്ചിരു കൊമ്പുമ്പെ
ആലെവണ്ണെ ചിലെച്ചെനെ കാട്ടു കേട്ട
കാട്ടിലേറിന്റ പേരെങ്കു
അറിവും തുണെയും ആകണും
അന്നം തന്ത മണ്ണു തൊട്ടു
മലെന്തെയ്യത്തുനെ
കാവിലമ്മെ ഉത്തപ്പെമ്മാരെ
കാലുപുടിച്ചു മലെ കേറുത്തെ
കാട്ടുപെരുവയിമ്പെ മിനെലിനടന്ത
കരിന്തണ്ടെ ഉത്തെന
കാലു പതിച്ചെനെത്തേടി കാണുവ കാണി
പവുതിക്കു മുറിച്ചുട്ട പിരാണം
ചങ്ങലെക്കണ്ണിമ്പെ കൊരുത്തുട്ടനെ കണ്ടെ
കാരെ മുള്ളുകൊണ്ടു കാലുമ്പ ഓലുന്ത ചോരെക്കു
മറുമരുന്താത്തയി മുറികൂട്ടി
കുറുന്തോട്ടിക്കുടത്തിലി
പാഞ്ചൊളിച്ച പകതിന
തിലെനാരു ചുരുണ്ടു കുറുകുത്ത
പനെങ്കുടത്തിലി പാഞ്ചൊളിച്ച മേലാളത്തിന
തിലെനാരു പനങ്കുലെ പോലെ നൂരുന്ത
മലെന ഉകെരത്തു പാതാളക്കുയിലി
കറുത്ത നിയെലുന ഒച്ചെ
മുയെച്ചു കേട്ട
കാവത്തു കുത്തിക്കിളെച്ചന മൂക്കു
ചെത്തി കുയിച്ചുട്ട ഉത്തമ്മെ
ചങ്കിലി ഒളിപ്പിച്ച കതെ പറെഞ്ചു
മൂന്നടി മണ്ണുക്കു ചോത്തിയം പറെഞ്ചു
കെണിവെച്ചു നമ്മ കുലത്തുന ഉത്തെനെ
മണ്ണുക്കു മറെവെച്ച മേലാളെന കതെ
ഉടമെക ഒക്ക അടിമെക ആത്ത കതെ
ഇന്റത്ത കാടുക്കു
അയവും കാണി മണമും കാണി
കായെലു കുണ്ടെലി കാവിരിപ്പക്കി പറെഞ്ചളു
നാരെയും നൂറെയും കണ്ണുക്കെ കാണാ
പാതിരിക്കൈപ്പെയും നുവപ്പെന കയിപ്പും
നാവു മറന്ത
ചവുട്ടി മെതിക്കാതെ നടന്ത
കരിവുളു വള്ളിയും കാണതെ ആത്താ
മാഞ്ഞിക്കുടത്തിലി മാഞ്ച പകതിക്കു
വൊള്ളിലെച്ചാറിലി ചിരിയും ചുവപ്പകാണി
വൊളിച്ചം പതിക്കതെപോയ നേരു
മെലികയിച്ച നിയെലുകള
കിരെച്ചിലും പോരാട്ടമും
നലുമെയും ഇനിയും
മാഞ്ചും മറെഞ്ചും ഉള
തേടണും അറിയണും
കാടിറങ്കുത്തനേരത്തു
മലെന ഉകെരത്തു പാതാളക്കുയിലിത്ത
കരിനിയെലുന ഒച്ചെ മുയെച്ചു കേട്ട
കുരുതിക്കു നീയു തുണെ നിക്കണ്ട
നീയു നിന്ന മണ്ണുനെ
നീയു നിന്ന പൊണ്ണുനെ
നീയു നിന്ന മക്കളെ കാത്ത കണും
*****
മലയാള പരിഭാഷ
കവിത : വെളിച്ചം പതിക്കാത്ത പൊരുളുകള്‍
പഴമയിലേക്കൊന്നു തിരിഞ്ഞു നടക്കേണ്ടതുണ്ട്
പൊരുളു തേടി കണ്ടെത്തേണ്ടതുണ്ട്
മലയടിവാരത്തെ ഏച്ചിര് മരക്കൊമ്പില്‍
വണ്ണാത്തിക്കിളി ചിലച്ചു കാടുണര്‍ത്തി
കാടേറും പേരന് അറിവും തുണയും ആവണമെന്ന്
അന്നമൂട്ടും മണ്ണു തൊട്ട്
മലത്തെയ്യങ്ങളെ കാവിലമ്മയുത്തപ്പമ്മാരെ തൊഴുത് മലകേറി
കാട്ടുവഴികളില്‍
മുമ്പേ നടന്ന കരിന്തണ്ടനുത്തന്റെ
കാല്‍പാടു തേടി കണ്ടില്ല
പാതിയില്‍ അറുത്തിട്ട പ്രാണനെ
ചങ്ങലക്കയ്യാല്‍ കൊരുത്തു കണ്ടു
കാരമുള്ളു കൊണ്ട് കാലില്‍ പടര്‍ന്ന ചോരക്ക്
മറുമരുന്നായി മുറികൂട്ടി
കുറുന്തോട്ടിച്ചുവട്ടില്‍
ചെന്നൊളിച്ച പകതിയുടെ
മുടിനാരു ചുരുണ്ടു കുറുകി
പനഞ്ചുവട്ടില്‍ പാഞ്ഞൊളിച്ച മേലാളത്തിക്ക് മുടിനാരു
പനങ്കുലപോല്‍ നീണ്ടു
മലമുകളിലെ പാതാളക്കുഴിയില്‍
കറുത്ത ആത്മാവിന്റെ ശബ്ദം മുഴങ്ങിക്കേട്ടു
കാവത്തു കുത്തിക്കിളച്ചതിന്‍ മുള
ചെത്തിക്കുഴിച്ചിട്ട ഉത്തി
ചങ്കിലൊളിപ്പിച്ച കഥക്കെട്ടഴിച്ചു
മൂന്നടി മണ്ണു ചോദിച്ച്
ചതിമെനഞ്ഞ് സ്വന്തം കുലത്തിന്റെ തലവനെ
മണ്ണു പുതപ്പിച്ച മേലാളന്റെ കഥ
ഉടയോരെല്ലാം അടിയോരായ കഥ
ഇന്നത്തെ കാടിന്
നിറമില്ല മണമില്ല
മുളങ്കൂട്ടത്തിനിടയിലിരുന്ന കാവിരിക്കിളി പറഞ്ഞു
നാരയും നൂറയും കണ്ണിനു കാണ്‍മതില്ല
പാതിരിക്കൈപ്പയും നുവപ്പന്‍ കയ്പ്പും നാവുമറന്നു
ചവിട്ടേറ്റു മെതിയാതെ കവച്ചു നടക്കാറുള്ള
കരിവുളു വള്ളിയും കാണാതായ്
മാനിപ്പുല്‍ച്ചോട്ടില്‍ മറഞ്ഞ പകതിക്ക്
വെള്ളിലച്ചാറില്‍ ചിരി ചുവന്നില്ല
വെളിച്ചം പതിയാതെ പോയ പൊരുളുകള്‍
ബലികഴിക്കപ്പെട്ട ആത്മാക്കളുടെ തേങ്ങലുകള്‍
പോരാട്ടങ്ങള്‍
നന്‍മകള്‍
ഇനിയുമെത്രയോ മറഞ്ഞു കിടപ്പുണ്ട്
തേടേണ്ടതുണ്ട് അറിയേണ്ടതുണ്ട്
കാടിറങ്ങും നേരം
മലമുകളിലെ പാതാളക്കുഴിയില്‍ ഉയര്‍ന്ന
കറുത്ത ആത്മാവിന്റെ ശബ്ദം കാതുകളില്‍ മുഴങ്ങി
കുരുതിക്കു കൂട്ടു നീ ആവാതിരിക്കുക
നീ നിന്റെ മണ്ണിനെ
നീ നിന്റെ പെണ്ണിനെ
നീ നിന്റെ മക്കളെ കാത്തുകൊള്‍ക!
No Comments yet!