Skip to main content

അയ്യങ്കാളി – നവോത്ഥാന സമരങ്ങളിലെ അസാധാരണവും സമാനതകളില്ലാത്തതുമായ വിപ്ലവ നക്ഷത്രം

നവോത്ഥാന കാലഘട്ടത്തെ കീഴ്മേല്‍ മറിച്ച കീഴാള നവോത്ഥാന സമരങ്ങളില്‍ അസാധാരണവും സമാനതകളില്ലാത്തതുമായിരുന്നു അയ്യങ്കാളിയുടെ വില്ലുവണ്ടിയിലുള്ള യാത്ര. സഞ്ചാര സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ സ്വര്‍ണലിപികളാല്‍ രേഖപ്പെടുത്തിയ വില്ലുവണ്ടിയാത്ര തിരുവിതാംകൂറിലെ അടിമവര്‍ഗ്ഗം അയിത്തത്തിനും അടിമത്തത്തിനുമെതിരെ നടത്തിയ ആദ്യത്തെ പ്രത്യക്ഷ പ്രതിരോധമായിരുന്നു. ജാതി മേധാവിത്വത്തിന്റെയും മേല്‍ക്കോയ്മകളുടെയും ഉരുക്കു കവചങ്ങളില്‍ സുരക്ഷിതമാക്കപ്പെട്ടിരുന്ന സവര്‍ണ്ണാധിപത്യത്തെയാണ് തന്റെ മുപ്പതാമത്തെ വയസില്‍ അയ്യങ്കാളി വെല്ലുവിളിച്ചത്.

എങ്കിലും നാരയണഗുരുവും അയ്യങ്കാളിയും എല്ലാം നേതൃത്വംകൊടുത്ത നവോത്ഥാന മുന്നേറ്റം വാസ്തവത്തില്‍ പരാജയമടയുകയല്ലേ ഉണ്ടയിട്ടുള്ളത്? അത് വിജയം വരിച്ച സാമൂഹ്യവിപ്ലവങ്ങള്‍ ആയിരുന്നെങ്കില്‍ ഇന്ന് നമ്മള്‍ ജാതിയെക്കുറിച്ച് പറയേണ്ടിവരില്ലായിരുന്നല്ലോ? എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്?

യഥാര്‍ത്ഥത്തില്‍ നാരയണഗുരുവിന്റെയും അയ്യന്‍ കാളിയുടെയും എല്ലാം ഇടപെടലുകളെ ഹിന്ദുത്വം ഹൈജാക്ക് ചെയ്യുകയാണ് ഉണ്ടയത്. അത് അവര്‍ രണ്ടുപേരുടെയും മരണശേഷമല്ല അവര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ തുടങ്ങിയിരുന്നു.

ഗുരു സന്യാസിയാകുന്ന സമയത്തെ ചരിത്ര പശ്ചാത്തലം:

എന്തുകൊണ്ടാണ് ഗുരു നമുക്ക് സന്യാസം തന്നത് ബ്രിട്ടീഷുകാര്‍ ആണെന്ന് പറഞ്ഞത്? പലകാരണങ്ങളുണ്ട്, അതില്‍ ഒരു കാരണം ഇതാണ്. പാലക്കാട് രാജാവിന്റെ ബ്രാഹ്‌മണര്‍ക്കുള്ള ഊട്ടുപുരയിലേക്ക് ബ്രാഹ്‌മണര്‍ ഊണു കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ വിശന്നു വലഞ്ഞ ഒരു ആദിവാസി വൃദ്ധന്‍ കടന്നുചെന്നു. അതുകണ്ട് കണ്ട് കോപാകുലനായ രാജാവ് ശ്രീരാമന്‍ ശംബൂകനെ കൊന്നതുപോലെ ഒറ്റവെട്ടിന് അയാളുടെ കഥ കഴിച്ചു. എന്നാല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് രാജാവിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടു. അറസ്റ്റിലായ രാജാവ് ജയിലില്‍ കിടന്നു മരിച്ചു. ഈ ഓര്‍മ്മ കേരളത്തിലെ എല്ലാ നാടുവാഴികള്‍ക്കും നല്ലതുപോലെ ഉണ്ടായിരുന്നതുകൊണ്ടാണ് അവര്‍ണ്ണ സന്യാസിയായ നാരായണ ഗുരുവിനെ അവര്‍ കയ്യേറ്റം ചെയ്യാതിരുന്നത്. എന്ന് ഡോ. എം.എസ്, ജയപ്രകാശ് സാര്‍ വിശദീകരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് 1918 ല്‍ ചെന്നിത്തലയില്‍ വച്ച് പറയ സമുദായത്തില്‍ പെട്ട ശുഭാനന്ദസ്വാമിക്കും സ്വയം കഷായമുടുത്ത് സന്യാസിയാകാന്‍ പറ്റിയത്.

അതുപോലെതന്നെ ക്രിസ്ത്യാനികളെയും അവര്‍ക്ക് ഭയമായിരുന്നു. മതപരിവര്‍ത്തനം ചെയ്ത ഒരു ദലിത് ബാലികയെ ആ കുട്ടി അറിയാതെ വൈക്കം ക്ഷേത്രത്തിന്റെ പരിസരത്തുള്ള ക്രിസ്ത്യാനിക്കും മുസ്ലിങ്ങള്‍ക്കും നടക്കാവുന്ന വഴിയിലൂടെയല്ലാതെ പ്രധാന വഴിയിലൂടെ നടന്നതിന് ഒരു നായര്‍ പ്രമാണി ക്രൂരമായി മര്‍ദ്ദിച്ചു. ഇതിനെതിരെ സിഎസ്ഐ സഭ നല്‍കിയ പരാതിയില്‍ അയാളെ വൈക്കം പോലീസ് അയാളെ അറസ്റ്റ് ചെയ്യുകയും തലകീഴായി തൂക്കിയിട്ട് 101 അടി കൊടുക്കാനും ശിക്ഷിക്കുകയും അങ്ങനെ ചെയ്തതായും ദളിത് ബന്ധുവും എഴുതിയിട്ടുണ്ട്. അതുകൊണ്ട് ക്രിസ്ത്യാനികളെ നേരിട്ട് ഉപദ്രവിച്ചാല്‍ ലഭിക്കാവുന്ന ശിക്ഷയെക്കുറിച്ച് അവര്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. ഇതൊക്കെയായിരുന്നു അന്നത്തെ സാമൂഹ്യപശ്ചാത്തലം.

ദളിതരുടെ ക്രിസ്തുമത പരിവര്‍ത്തനം

തീരദേശ മേഖലയിലെ മല്‍സ്യത്തൊഴിലാളികളൊക്കെ ഡച്ചുകാരുടെയും പോര്‍ട്ടുഗീസുകാരുടെയും കാലത്ത് ക്രിസ് തുമതം സ്വീകരിച്ചിരുന്നെങ്കിലും ദളിതര്‍ ക്രിസ്തുമതം സ്വീകരിക്കുന്നത് ബ്രിട്ടീഷ് മിഷനറിമാരുടെ വരവോടെയാണ്. എല്‍എംഎസ്. സിഎംഎസ്, ബാസല്‍ മിഷന്‍ എന്നിവയുടെ പ്രവര്‍ത്തന ഫലമായാണ് ദളിതര്‍ ക്രിസ്തുമതത്തിലേക്ക് അടുക്കുന്നത്. അതവര്‍ക്ക് അക്ഷരം പഠിക്കാനും വസ്ത്രം ധരിക്കാനുമൊക്കെ ഇടയാക്കിത്തീര്‍ത്തു.

ആദ്യമായി അക്ഷരം പഠിച്ച ദളിത് പെണ്‍കുട്ടി പഞ്ചമിയൊന്നുമല്ല. നാരയണഗുരുവൊക്കെ ജനിക്കുന്നതിന് മുന്‍പേ, ഇവിടെ സവര്‍ണ്ണ സ്ത്രീകള്‍ പോലും അക്ഷരം പഠിക്കുന്നതിന് മുന്‍പേ ദളിതര്‍ മതം മാറ്റത്തിലൂടെ വിദ്യനേടുകയും അക്ഷര വെളിച്ചം കാണുകയും ചെയ്തിരുന്നു.അവരില്‍ ദളിത് സ്ത്രീകളും ഉണ്ടായിരുന്നു. 1817 ല്‍ തന്നെ കോട്ടയത്ത് സിഎംഎസ് സ്‌കൂളില്‍ ജാതിയും മതവുമൊക്കെ നോക്കാതെ അഡ്മിഷന്‍ കൊടുത്തിരുന്നു. പിന്നെയും ഏതാണ്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞാണ് ട്രാവന്‍കൂര്‍ എഡ്യൂക്കേഷന്‍ കോഡ് നിലവില്‍ വരുന്നതും പഞ്ചമിയുടെ അഡ്മിഷന്‍ പ്രശ്നമൊക്കെ ഉണ്ടാകുന്നത്. മതം മാറാത്ത ഹിന്ദു ദളിതര്‍ക്ക് അക്ഷര വെളിച്ചം കാണാന്‍ ഇടയായത് അന്നാണെന്നു വേണമെങ്കില്‍ പറയാം. അതും മിഷനറിമാരുടെ പിന്‍ ബലത്തിലായിരുന്നു.

അയ്യന്‍ കാളി പഞ്ചമിയുമായി ഊരൂട്ടമ്പലത്തെ പള്ളിക്കൂടത്തില്‍ പോകുമ്പോള്‍ കേരളത്തില്‍ അനേക ദളിതര്‍ ഉന്നത ഉദ്യോഗത്തില്‍ തന്നെ ഉണ്ടായിരുന്നു എന്നതാണ് ചരിത്രം. ഇന്നത്തെ ചീഫ് സെക്രട്ടറി പോസ്റ്റില്‍ ഉള്‍പ്പെടെ ദളിതരായിരുന്നു. അന്ന് ചീഫ് സെക്രട്ടറിക്ക് തുല്യമായ പദവിയില്‍ ഇരുന്ന ജ്ഞാന ജോഷ്വ ഇംഗ്ലണ്ടില്‍ പോയി പഠിച്ച ആദ്യത്തെ ഇന്ത്യക്കാരനുമായിരുന്നു. ദളിതനുമായിരുന്നു.

അന്നത്തെ വിദ്യാഭ്യാസ ഡയറക്ടര്‍ ആയിരുന്ന അലക്സാണ്ടര്‍ ക്രിക്ടണ്‍ മിച്ചല്‍ സക്കാര്‍ സ്‌കൂളുകളിലും സര്‍ക്കാര്‍ ധനസഹായമുള്ള ഇതര സ്‌കൂളുകളിലും ആര്‍ക്കും പഠിക്കണമെന്ന ഉത്തരവിറക്കി. പക്ഷേ ഉത്തരവിറങ്ങിയതല്ലാതെ ആരും എത്തിയില്ല. അപ്പോഴാണ് സാധുജനപരിപാലന സംഘവുമായി ബന്ധമുണ്ടായിരുന്ന എല്‍ എം എസ് പൂരോഹിതന്‍ ജെ.സാമുവേലിന്റെ ഇടപെടല്‍ മൂലമാണ് അയ്യന്‍കാളി പഞ്ചമിയുമായി സ്‌കൂളില്‍ പോകുന്നതും. സനാതനികള്‍ സ്‌കൂളിന് തീവെക്കുന്നതും ഊരൂട്ടമ്പലം ലഹളയുമെല്ലാം ഉണ്ടാകുന്നത്.

ഇതേസമയത്തുതന്നെ ഈഴവര്‍ക്കിടയിലും മതപരിവര്‍ത്തനത്തിലൂടെ ജാതി അടിമത്വത്തില്‍ നിന്നും പുറത്തുകടക്കാനുള്ള ചര്‍ച്ചകളും ശ്രമങ്ങളുമൊക്കെ നടക്കുന്നുണ്ട്. ക്രിസ്തുമതത്തിലേക്കും ഇസ്ലാം മതത്തിലേക്കും സിക്ക് മതത്തിലേക്കും ബുദ്ധമതത്തിലേക്കുമൊക്കെ കണ്‍വെര്‍ട്ട് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുകയും ചിലരെല്ലാം ഒറ്റയ്ക്കും കൂട്ടമായും എല്ലാം കണ്‍വെര്‍ട്ട് ചെയ്യുന്നുണ്ട്. തിരുവിതാംകൂറിലെ ക്രൈസ്ത ജനസംഖ്യ ഉയരുന്നതില്‍ തിരുവിതാംകൂറിലെ ഹൈന്ദവ സര്‍ക്കാര്‍ ആശങ്കപ്പെടാന്‍ തുടങ്ങി.

സദാനന്ദ സ്വാമിയുടെ ഇടപെടല്‍

തിരുവിതാംകൂര്‍ ദിവാന്റെ ക്ഷണപ്രകാരമാണ് പാലക്കാട് കാരനായ രാമനാഥ മേനോന്‍ എന്ന സദാനന്ദ സ്വാമി തിരുവനന്തപുരം സന്ദര്‍ശിക്കുന്നത്. മതപരിവര്‍ത്തനത്തിലൂടെ അയിത്ത ജാതിക്കാര്‍ ക്രിസ്തുമതത്തിലേക്ക് പ്രവഹിക്കുന്നത് തടയുകയാണ് അദ്ദേഹത്തെ ആനയിച്ചു കൊണ്ടുവന്നവര്‍ ഉദ്ദേശിച്ചത്. അയ്യങ്കാളിയും അദ്ദേഹത്തിന്റെ പിതാവും അടക്കമുള്ള പുലയര്‍ സദാനന്ദ സ്വാമിയുടെ ചിത്സഭയില്‍ അംഗങ്ങളായി. സദാനന്ദ സാധുജന പരിപാലന സംഘത്തില്‍ ചേര്‍ന്നു.

ആദ്യം ഹിന്ദുത്വ പരിഷ്‌കരണത്തിനിറങ്ങിയ നാരയണഗുരു പിന്നീട് സ്വയം തിരിച്ചറിയുന്നതുപോലെ മഹാത്മാ അയ്യന്‍കാളിയും തന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ അവിടെ നിന്നുകൊണ്ട് പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്നു മനസിലാക്കി സദാനന്ദ സാധുജന പരിപാലന സംഘത്തില്‍ നിന്നും പുറത്തുവന്ന്, കണ്‍വെര്‍ട്ട് ചെയ്ത ദളിതരെയും വിവിദ ജാതികളെയും ഉപജാതികളെയും എല്ലാം ഉള്‍പ്പെടുത്തി സ്വന്തമായി സാധുജന പരിപാലന സംഘം രൂപീകരിച്ചെങ്കിലും, എല്ലാ ജാതികളും ഒത്തുചേര്‍ന്ന് ഒരു സംഘമായി അത് ഏറെക്കാലം നിലനിന്നില്ല. ജാതിക്കും ഉപജാതികള്‍ക്കും എല്ലാം അതീതമായി ദളിതര്‍ സംഘടിക്കുന്നത് കണ്ടപ്പോള്‍ ജാതി ഹിന്ദുവിന് കുരുപൊട്ടി, അവരുടെ കുരുട്ട് ബുദ്ധിയാണ് അയ്യന്‍കാളിയെ പുലയരുടെ മാത്രം പ്രതിനിധിയായി പ്രജാസഭയില്‍ എടുത്തു കൊണ്ട് ചെയ്തത്. പ്രജാസഭയിലേക്ക് അദ്ദേഹത്തെ നോമിനേറ്റ് ചെയ്യുന്നത് സാധുജന പരിപാലന സംഘത്തിന്റെ പ്രതിനിധി എന്ന നിലയില്‍ ആയിരുന്നില്ല. പിന്നീട് ഓരോ സമുദായത്തിന്റെയും പ്രതിനിധികളെ പ്രജാസഭയിലെത്തിച്ചു, ജാതിക്കും ഉപജാതിക്കും അപ്പുറം ഒരു സമുദായമായി ദളിതര്‍ സംഘടിക്കുന്നത് തടയാനാണ് ഓരോ ജാതിയുടെയും പ്രതിനിധികളെ പരാജസഭയിലെത്തിച്ചത്, നമ്മള്‍ അത് പുരോഗമനമായിട്ടാണ് വായിക്കുന്നത്. ഇന്നും ദലിതര്‍ക്കിടയില്‍ സമുദായവല്‍ക്കരണം സാധിക്കാതായത് അങ്ങിനെയാണ്.

ശ്രീനാരായണഗുരു

നാരായണഗുരു മതത്തിനതീതമായി മനുഷ്യന്‍ എന്ന ചിന്തയിലേക്ക് അവസാനഘട്ടത്തില്‍ എത്തിയെങ്കിലും അനുയായികള്‍ എത്താത്തതുപോലെ അയ്യങ്കാളിയും സദാനന്ദ സ്വാമിയുടെ പ്രസ്ഥാനത്തില്‍ നിന്ന് പുറത്തുവന്നെങ്കിലും അനുയായികള്‍ ഹിന്ദുത്വം വിടാന്‍ തയാറായിരുന്നില്ല എന്ന് കാണാവുന്നതാണ്. കോഴഞ്ചേരി ചെറുകോല്‍പ്പുഴയില്‍ ഹിന്ദുമഹാ സമ്മേളനം തുടങ്ങിയത് സദാനന്ദ സ്വാമികളും വാഴൂര്‍ തീര്‍ത്ഥപാദ സ്വാമികളും ചേര്‍ന്നായിരുന്നു

പത്രാധിപരായ അയ്യന്‍കാളി

അക്ഷരജ്ഞാനം അറിവല്ല. അയ്യന്‍കാളി അറിവില്ലാത്ത ഒരു മനുഷ്യന്‍ ഒന്നുമായിരുന്നില്ല, അത്തരത്തില്‍ ചിത്രീകരിക്കുന്നതിനു പിന്നിലും ചില ദുരുദ്ദേശങ്ങളൊക്കെയുണ്ട്. ”സാധുജന പരിപാലിനി” എന്ന ഒരു പ്രസിദ്ധീകരണം മഹാത്മ അയ്യങ്കാളി നേരിട്ട് നടത്തിയിരുന്നു. കൂടാതെ അയ്യങ്കാളിയുടെ ഒരു സഹോദരന്‍ വേലിക്കുട്ടി അക്കാലത്ത് വേലക്കാരന്‍ എന്ന ഒരു പത്രം പ്രസിദ്ധീകരിച്ചിരുന്നു. (കൊച്ചിയില്‍നിന്നും പ്രസിദ്ധീകരിച്ചിരുന്ന വേലക്കാരന്‍ അല്ല) വേലുക്കുട്ടി ഹോട്ടല്‍ നടത്തി അതില്‍നിന്നും കിട്ടുന്ന വരുമാനം കൊണ്ടായിരുന്നു ആ പത്രം നടത്തിക്കൊണ്ടുപോയിരുന്നത്.

അതില്‍ ഒരു ലക്കത്തില്‍ വന്നലേഖനത്തിന്റെ തലക്കെട്ട് ‘അമേരിക്ക ഡെമോക്രസിയില്‍’ എന്നായിരുന്നു. അമേരിക്കയിലെ ജനാധിപത്യ നീക്കങ്ങളെക്കുറിച്ചും അവിടുത്തെ കറുത്തവരുടെ പ്രശനങ്ങളെക്കുറിച്ചുമൊക്കെ എഴുതണമെങ്കില്‍ കറുത്തവരുടെ ചരിത്രത്തെ കുറിച്ചും അടിമത്വത്തിന്റെ ചരിത്രത്തെ കുറിച്ചും ഒക്കെ അവര്‍ കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട് എന്ന് വേണം മനസിലാക്കാന്‍.

ഇതെങ്ങനെ സാധിച്ചു സിഎംഎസ് കോട്ടയത്ത് പ്രസ് തുടങ്ങുകയും രാജ്യസമാചാരം പത്രം തുടങ്ങുകയുമൊക്കെ ചെയ്തശേഷം അറബിക്കടലിനപ്പുറം മനുഷ്യരുണ്ടെന്നും അവര്‍ക്കും ദൈവങ്ങളുണ്ടെന്നും ഇവിടുത്തെ ദൈവങ്ങളെപ്പോലെ തൊട്ടുക്കൂടായ്മയും തീണ്ടിക്കൂടായ്മയും ആദൈവങ്ങള്‍ക്കില്ലെന്ന് മനസിലാക്കിയതോടൊപ്പം ലോകത്തെക്കുറിച്ച് മറ്റുപലതും അവര്‍ പഠിച്ചു. അമേരിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ നടത്തുന്ന സമരത്തിന്റെയും ഉയര്‍ത്തെഴുന്നേല്‍പ്പിന്റെയും എല്ലാം കഥകള്‍ മനസിലാക്കിയ അവര്‍ അത് വേലക്കാരനിലും പ്രസിദ്ധീകരിച്ചിരുന്നു. വിദ്യാസമ്പന്നരായിരുന്ന ജോണ്‍ ജോസഫ്, തോമസ് വാദ്യര്‍, ജെ സാമുവല്‍ തുടങ്ങിയ പ്രഗല്‍ഭര്‍ അയ്യങ്കാളിയോടൊപ്പം ഉണ്ടായിരുന്നു. അവരുമായുള്ള ആശയവിനിമയത്തിലൂടെ പ്രാദേശികമായ അറിവ് മാത്രമല്ല അദ്ദേഹം ആര്‍ജ്ജിച്ചിരുന്നത് അസാധാരണ ലോക പരിജ്ഞാനം നേടിയിരുന്നു എന്ന് സാരം. ജോണ്‍ ജോസഫ് ‘ചേരമര്‍ദ്ദൂതന്‍’ എന്ന ഒരു പ്രസിദ്ധീകരണവും നടത്തിയിരുന്നു.

ശ്രീമൂലം പ്രജാസഭയില്‍ എത്ര കൃത്യമായിട്ടാണ് അദ്ദേഹം വിഷയങ്ങള്‍ അവതരിപ്പിക്കുന്നത് എന്ന് രേഖകള്‍ ഉണ്ടല്ലോ? വളരെ ആഴത്തില്‍, വിഷയങ്ങള്‍ പഠിച്ച് അളന്നു തൂക്കിയുള്ള അവതരണമാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. അതിന് ശേഷം ഇന്ന് വരെ പോലും ഒരുപാട് വിദ്യാഭ്യാസ യോഗ്യതകളൊക്കെയുള്ള ഏതെങ്കിലുമൊരു ഒരു പട്ടികജാതി എംഎല്‍എമാര്‍ ഇത്തരത്തില്‍ ഇടപെട്ടിട്ടുണ്ടോ? അത് വായിക്കുന്ന ആര്‍ക്കെങ്കിലും അത് അറിവില്ലാത്ത ഒരു മനുഷ്യന്റെ പ്രസംഗമായി തോന്നുമോ? അതുകൊണ്ട് അദ്ദേഹത്തെ അറിവില്ലാത്ത മനുഷ്യന്‍, വിദ്യാഭ്യസമില്ലാത്ത നവോത്ഥാന നായകന്‍, അറിവില്ലാത്ത വിപ്ലവകാരി എന്ന നിലയില്‍ ഒക്കെ അവതരിപ്പിക്കുന്നത് കൃത്യമായ ദുരുദ്ദേശത്തോടെ തന്നെയാണ്.

നാരായണഗുരുവും അയ്യന്‍ കാളിയുമൊക്കെ സനാതനികളാല്‍ അവര്‍ അറിഞ്ഞും അറിയാതെയും ഹൈജാക്ക് ചെയ്യപ്പെട്ടവരാണ്, സഹോദരന്‍ അയ്യപ്പന്‍ ഒഴികെയുള്ള എല്ലാ നവോത്ഥാന നായകരും സനാതനികളാല്‍ വളച്ചൊടിക്കപ്പെട്ടവരാണ്. ഡോ. അംബേദ്കറും സഹോദരനും മുന്നോട്ടുവെച്ച രാഷ്ട്രീയം ഉയര്‍ത്തിക്കൊണ്ടുവരുകയാണ് സ്മൃതിമൂല്യങ്ങള്‍ അയവിറക്കുന്നതിനപ്പുറം വര്‍ത്തമാനകാലത്ത് നാം ഏറ്റടുക്കേണ്ട ചരിത്രപരമായ കടമ.

സഹോദരന്‍ അയ്യപ്പന്‍

നാരായണഗുരുവും അയ്യന്‍ കാളിയുമൊക്കെ അവസാനിപ്പിച്ചിടത്തുനിന്നും തുടര്‍ച്ചയാണ് ഉണ്ടാകേണ്ടത്. ഇന്ന് നവ ഫ്യൂഡല്‍ കാലത്തെ പുത്തന്‍ തമ്പുരാക്കന്മാര്‍ നാരായണ ഗുരുവിന്റെയും അയ്യങ്കാളിയുടെയും എല്ലാം നവോത്ഥാന പാരമ്പര്യത്തിന് മേല്‍ കാര്‍ക്കിച്ചു തുപ്പിക്കൊണ്ട് അവര്‍ എന്തിനെയെല്ലാം പടിയടച്ചു പിണ്ഡം വെക്കാന്‍ ശ്രമിച്ചോ അതിനെയെല്ലാം പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഈ കാല ഘട്ടത്തില്‍ ഇവിടുത്തെ കീഴാളരെ മുന്‍ നിര്‍ത്തി വീണ്ടും ഒരു വില്ലുവണ്ടികെട്ടേണ്ട സാഹചര്യത്തിലൂടെയാണ് ഇന്ന് പനരുത്ഥാന കേരളം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.