ഈഴവ മേമ്മോറിയല്‍ സമര്‍പ്പിക്കപ്പെട്ട കാലത്തെ അനുസ്മരിപ്പിക്കുന്നതാണ് ശബരിമലയിലെ മേല്‍ശാന്തി ആകാന്‍ പോയ കര്‍മ്മബ്രാഹ്‌മണന്മാരായ ചോകാംപൂരികള്‍ക്ക് ദേവസ്വം ബോര്‍ഡ് നല്‍കിയ മറുപടിയും. ‘മലയാള ബ്രാഹ്‌മണന്‍ അല്ലാത്തതിനാല്‍ നിഷേധിക്കുന്നു.’ എന്നായിരുന്നു മറുപടി കിട്ടിയത്. (ഇവിടെ ജാതി ഇല്ല കേട്ടാ) ഏതാണ്ട് ഇതിന് സമാനമായ മറുപടിയാണ് ഡോ. പാല്‍പുവിനും ലഭിച്ചത്. എല്ലാവരും തുല്യ പൗരന്മാരാണെന്ന് പ്രഖ്യാപിക്കുന്ന ജാതിയുടെയും മതത്തിന്റെയും ലിംഗത്തിനെയും അടിസ്ഥാനത്തില്‍ വിവേചനം പാടില്ലെന്ന് പറയുന്ന ഭരണഘടന നിലവില്‍ വന്നിട്ടും അവിടെനിന്നും അധികമൊന്നും മുന്നോട്ട് പോകാന്‍ സുനാതനികള്‍ അനുവദിച്ചിട്ടില്ലെന്ന് സാരം.

1896 സെപ്റ്റംബര്‍ 3ന് ശ്രീ മൂലം തിരുനാള്‍ മഹാരാജാവ് നാടുവാഴുന്ന കാലത്താണ് ഈഴവ മെമ്മോറിയല്‍ സമര്‍പ്പണം നടന്നത്. മഹാരാജാവിനുവേണ്ടി ദിവാന്‍ ശങ്കരസുബ്ബയ്യര്‍ ആണ് മറുപടി-ഇണ്ടാസ്-നല്‍കിയത്.
”ഈഴവജാതിക്കാരായതുകൊണ്ടുള്ള പ്രശ്‌നങ്ങളാണ് മുഖ്യമായും ഉന്നയിച്ചിരിക്കുന്നത് എന്നതിനാല്‍, തിരുവിതാംകൂര്‍ പോലെയുള്ള ഒരു പുരാതന ഹിന്ദുരാജ്യത്ത് ഹര്‍ജിയിലെ വിഷയത്തെ തീരുമാനിക്കുന്നതിന് അനാദൃശമായ പ്രയാസവും കുഴപ്പവും നേരിടും” എന്ന മറുപടിയാണ് ലഭിച്ചത്.

‘എല്ലാ ജാതിക്കാര്‍ക്കും പൊതുവായ പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും എല്ലാ ജാതിക്കാരേയും ഒരെ പള്ളിക്കൂടത്തില്‍ നിര്‍ബന്ധിച്ചു ചേര്‍ക്കുന്നത് ഫലപ്രദമാകില്ലെന്നും അതിനാല്‍ ഈഴവജാതിക്കാര്‍ക്കു മാത്രമായി കൂടുതല്‍ സ്‌കൂളുകള്‍ തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കാം’ എന്ന നിര്‍ദേശമാണ് ഗവണ്‍മെന്റിന് ഉണ്ടായിരുന്നത്.
അതായത്, ഹിന്ദുരാജ്യത്തെ ഒന്നാം കിടക്കാരായ ഹിന്ദു പ്രജകളില്‍ ഈഴവര്‍ പെടുന്നില്ല എന്ന് സാരം. രണ്ടാം തരക്കാരായ ക്രിസ്ത്യാനിക്കോ മുസ്ലിമിനോ ഉള്ള പരിഗണന പോലും ലഭിച്ചിരുന്നില്ല. മതപരിവര്‍ത്തനം ചെയ്തവര്‍ക്ക് മേല്‍ജാതിക്കാരെ കണ്ടാല്‍ ആട്ടും തുപ്പും മാത്രമല്ല, മര്‍ദനവും ഏല്‍ക്കേണ്ടതില്ല. അന്നുവരെ നടക്കാന്‍ പാടില്ലാതിരുന്ന പൊതുവഴികളില്‍ കൂടി സൈ്വരമായി നടക്കാം. ഇഷ്ടമുള്ള വസ്ത്രവും ആഭരണവും ധരിക്കാം. യോഗ്യതയനുസരിച്ച് സര്‍ക്കാരുദ്യോഗങ്ങളില്‍ നിയമനവും ലഭിച്ചിരുന്നു.
ലോകത്തെ ഏക പുരാതന ഹിന്ദുരാജ്യത്ത് ഹിന്ദുക്കളായി പോലും കരുതാതിരുന്ന; അന്നും അതിനുശേഷവും അവര്‍ക്ക് ”പന്നിപെറ്റ സന്തതികള്‍” ആയിരുന്ന, പിന്നീട് 1925 ഒക്കെയാകുമ്പോള്‍ ചണ്ഡാളപ്രമുഖര്‍ ആയി സ്ഥാനക്കയറ്റം കിട്ടിയ (വൈക്കം ക്ഷേത്രപ്രവേശന കമ്മറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണകമ്മീഷന്‍ അദ്ധ്യക്ഷനായ ചിലരുടെയെല്ലാം പ്രമുഖ ”നവോത്ഥാനനായകന്‍” കൂടിയായ പുന്നശ്ശേരി നമ്പി എന്ന പുന്നശ്ശേരി നീലകണ്ഠ ശര്‍മാവ് നാരായണഗുരുവിന് കൊടുത്തിരിക്കുന്ന പേരാണ് ചണ്ഡാളപ്രമുഖന്‍ എന്ന്) ഇപ്പറഞ്ഞ ഈഴവരാണ് ഇന്ന് സവര്‍ണ്ണ ഈഴവനാകാന്‍ വെമ്പിനടക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

തിരുവതാംകൂറിന്റെ ജനസംഖ്യയില്‍ അഞ്ചിലൊന്നോളം ഉണ്ടായിരുന്നിട്ടും ഈഴവര്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ പ്രാതിനിധ്യം ലഭിച്ചിരുന്നില്ല. വിദ്യാഭ്യാസ-ഉദ്യോഗ കാര്യങ്ങളില്‍ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഡോ.പല്പുവിന്റെ നേതൃത്വത്തില്‍ 13,176 പേര്‍ ഒപ്പിട്ട ഹര്‍ജി 1896-ല്‍ തിരുവതാംകൂര്‍ മഹാരാജാവ് മൂലം തിരുനാളിന് അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തില്‍ സമര്‍പ്പിച്ചതാണ് ചരിത്രപ്രസിദ്ധമായ ഈഴവ മെമ്മോറിയല്‍.
അക്കാലത്തെ രീതിയനുസരിച്ചുള്ള നിവേദനത്തിലെ ഭാഷയുടെ വിധേയത്വവും സംഭവവിവരണവുമൊക്കെ ഇന്ന് കൗതുകമുണര്‍ത്തുന്നതാണ്. ഈഴവര്‍ ആദ്യമായി സംഘടിച്ച് അവരുടെ ആവശ്യങ്ങള്‍ മഹാരാജാവിന് മുമ്പാകെ ഉണര്‍ത്തിച്ച നിവേദനം ചുവടെ. ഇത്രയും താണുകേണപേക്ഷിച്ചട്ടും മുകളില്‍ കൊടുത്തിട്ടുള്ള മറുപടിയാണ് ലഭിച്ചത്.
”പൊന്നുതമ്പുരാന്‍ തിരുമുമ്പാകെ തൃപ്പാദംകൊണ്ട് കല്‍പ്പിച്ചു പരിപാലിച്ചു പോരുന്ന പ്രജകളും അഗതികളുമായ താഴെ പേരെഴുതി കയ്യൊപ്പിട്ടിരിക്കുന്ന ഈഴവര്‍ ഏറ്റവും താഴ്മയോടുകൂടി കയ്ക്കുറ്റപ്പാടു ചെയ്ത് തിരുവുള്ളമുണര്‍ത്തിച്ചുകൊള്ളുന്ന സങ്കടം.
അടിയങ്ങള്‍ സംസ്ഥാനം ഒട്ടുക്കുള്ള ജനസംഖ്യയില്‍ അഞ്ചിലൊന്നോളം ഉള്ളവരും പരമ്പരയായി തൃപ്പാദങ്ങളില്‍ വളരെ ഭയഭക്തി വിശ്വാസങ്ങളോടുകൂടി രാജ്യനീതികളെ കീഴ്വഴങ്ങി മര്യാദയായി കാലം കഴിച്ചുപോരുന്നവരും രാജ്യത്തിന് സമാധാനമില്ലാതിരുന്ന കാലങ്ങളില്‍ എല്ലാം പൊന്നുതമ്പുരാക്കന്മാര്‍ക്കുവേണ്ടി പ്രാണന്‍ കളഞ്ഞിട്ടുള്ള പഴവന്‍മാരുടെ സന്താനങ്ങളും ഇപ്പോഴും രാജ്യക്ഷേമകരങ്ങളായ കൃഷി, കൈത്തൊഴില്‍, കച്ചവടം മുതലായവയില്‍ പ്രവേശിച്ചു ഇതര ജാതിക്കാരേക്കാളും സര്‍ക്കാരിന് അധികം മുതല്‍കൂട്ടുന്നവരും ആകുന്നു എന്നുള്ള വാസ്തവം അടിയങ്ങള്‍ തിരുവുള്ളമുണര്‍ത്തിച്ചേ തീരൂ എന്നില്ല. ഇഹപരസുഖങ്ങള്‍ക്കു നിദാനമായിരിക്കുന്ന വിദ്യാഭ്യാസം ജാതിഭേദം കൂടാതെ സകല പ്രജകള്‍ക്കും ഒന്നുപോലെ സിദ്ധിക്കത്തക്കവണ്ണം തിരുവുള്ളമുണ്ടായി സംസ്ഥാനം ഒട്ടുക്കും പാഠശാലകള്‍ സ്ഥാപിച്ചു നടത്തിവരുന്നുണ്ടെങ്കിലും അടിയങ്ങളുടെ കിടാങ്ങളെയും പഠിത്തത്തില്‍ പ്രോത്സാഹിപ്പിക്കേണ്ട ഗവണ്‍മെന്റ് ഇന്നും അവരെ മിക്ക പാഠശാലകളിലും പഠിക്കാന്‍ സമ്മതിക്കാതെ നിര്‍ദയം ആട്ടിക്കളകയാണ് ചെയ്തുവരുന്നത്.
1891 ലെ കനേഷുമാരി കണക്കിന്‍ പ്രകാരം അടിയങ്ങളില്‍ പുരുഷന്മാര്‍ തന്നെ 25000 പേരെങ്കിലും വിദ്യാഭ്യാസമുള്ളവരായി ഉണ്ടായിരുന്നു. എന്നാല്‍ ഇവരില്‍ മിക്കവരും കച്ചവടം, കുത്തക, വൈദ്യം, ജ്യോതിഷം മുതലായി സര്‍ക്കാരിനെ ആശ്രയിക്കാത്ത വല്ല പണികളിലും ഒരുവിധം മാനമായി കാലക്ഷേപം ചെയ്തുവരുന്നതുകൂടാതെ, ഉയര്‍ന്നതരം ഇംഗ്ലീഷു വിദ്യാഭ്യാസം ലഭിച്ചിട്ടുള്ളവര്‍ അന്യഗവണ്‍മെന്റുകളുടെ കീഴില്‍ തക്കതായ ഉദ്യോഗങ്ങള്‍ ഭരിച്ചും പോരുന്നുണ്ട്. എന്നിട്ടും ഇതില്‍ ഒരാളെങ്കിലും പൊന്നുതിരുമേനിയുടെ ഗവണ്‍മെന്റിന്റെ കീഴില്‍ കുറഞ്ഞപക്ഷം അഞ്ചുരൂപ ശമ്പളമുള്ള ഒരു ചെറിയ ജീവനത്തില്‍ പോലും ഇരുന്നുകാണാത്തത് എന്തുകൊണ്ടാണെന്ന് അടിയങ്ങള്‍ക്ക് അറിവാന്‍ പാടില്ല. അടിയങ്ങളുടെ സഹോദരങ്ങളായ ബ്രിട്ടീഷ് മലബാറിലെ തീയരും ആ ഗവണ്‍മെന്റിന്റെ കീഴില്‍ നാട്ടുകാര്‍ക്ക് വഹിക്കത്തക്കതായ ഏതുതരം ഉയര്‍ന്ന ഉദ്യോഗങ്ങളിലും ഇരിക്കുന്നതായി അടിയങ്ങള്‍ കാണുന്നും ഉണ്ട്.
വാത്സല്യമുള്ള പൊന്നുതമ്പുരാന്‍ തിരുമുമ്പാകെ അമ്മയുടെ അടുക്കല്‍ കുട്ടികളെപോലെ സ്വപ്രജകള്‍ക്ക് കരയാമെന്നുള്ളതുകൊണ്ട് ധൈര്യപ്പെട്ടു, അടിയങ്ങള്‍ തൃപ്പാദങ്ങളില്‍ സമര്‍പ്പിച്ചുകൊള്ളുന്ന ഈ സങ്കടത്തിന് തിരുവുള്ളമുണര്‍ന്നു ഉടന്‍ ഒരു നിവൃത്തിയുണ്ടാക്കുമെന്ന് അടിയങ്ങള്‍ വിശ്വസിക്കുകയും പൊന്നുതിരുമേനി അടിയങ്ങളുടെ സകലസങ്കടങ്ങളും തീര്‍ത്തു വളരെക്കാലം ആയൂരാരോഗ്യസമ്പത്സമൃദ്ധിയോട് കൂടി എഴുന്നരുളിയിരുന്നു അടിയങ്ങളെ രക്ഷിപ്പാറാകണമെന്ന് സദാ ഈശ്വരനെ പ്രാര്‍ഥിക്കുകയും ചെയ്യുന്നു.”

ഈഴവമെമ്മോറിയല്‍ സമര്‍പ്പണത്തിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞില്ലെങ്കിലും അതിലൂടെ രൂപപ്പെട്ടുവന്ന ഈഴവ ഐക്യമാണ് 1903ല്‍ എസ്എന്‍ഡിപി രൂപീകരണത്തിന് അടിസ്ഥാനമായി മാറിയത്. എന്നാല്‍ ആ പ്രസ്ഥാനത്തെയും ഇന്ന് കാണിച്ചുകുളങ്ങരയിലെ ഒരു കുടുംബത്തിന്റെ ഫാമിലി ട്രസ്റ്റ് ആക്കി മാറ്റിക്കൊണ്ട് സുനാതനികള്‍ക്ക് അടിയറ വെക്കുകയും ബ്രാഹ്‌മണ്യത്തിന്റെ വിനീത ദാസരും ആചാരസംരക്ഷകരും ആക്കിത്തീര്‍ത്തുകഴിഞ്ഞു. മേല്‍ശാന്തി ആകാന്‍ പോയവര്‍ മാത്രമല്ല എഴുത്തും വായനയും അറിഞ്ഞിരിക്കണം എന്ന് മാത്രം യോഗ്യതയുള്ള തസ്തികയില്‍ ടെസ്റ്റ് എഴുതി കഴകക്കാരാകാന്‍ പോയ പിജിക്കാരും ഡിഗ്രിക്കാരും വരെ ഈഴവനായ ഒറ്റക്കാരണത്താല്‍ ഓടിക്കപ്പട്ടിട്ടും ഹിന്ദുവിന്റെ ശ്രേണിയിലെ ഐക്യം തകരുന്നതിനെക്കുറിച്ചാണ് ആ സംഘടനയുടെ നേതാക്കള്‍ ഇന്ന് ബേജാറാകുന്നത് എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിയത്.
ഈഴവരുടെ ആത്മാഭിമാനമുണര്‍ത്തിയ വലിയ പോരാട്ടമായിരുന്നു ഈഴവ മെമ്മോറിയല്‍. ഗവണ്‍മെന്റില്‍ നിന്നുള്ള പല ഭീഷണികളേയും അതിജീവിച്ചാണ് തിരുവിതാംകൂറില്‍ 13,000 ഈഴവര്‍ ഈ നിവേദനത്തില്‍ ഒപ്പിടാന്‍ തയാറായത്. ഇത് കേവലം ഒപ്പു ശേഖരണമായിരുന്നില്ല; മറിച്ച് ആദ്യകാല ബഹുജന പ്രക്ഷോഭണമായിരുന്നു. ഇന്നത്തെപോലെ യാത്രാസൗകര്യവും വിനിമയ സജ്ജീകരണവുമില്ലാത്ത കാലത്ത് 13,000 പേരെക്കൊണ്ട് ഒപ്പിടീപ്പിച്ച് ഡോ, പല്‍പ്പു സമര്‍പ്പിച്ച ഈഴവ മെമ്മോറിയല്‍ വലിയൊരു ഇടപെടല്‍ തന്നെയാണ്.
ഈ ഹര്‍ജിയെക്കുറിച്ച് പത്രങ്ങള്‍ എഴുതിയ ലേഖനങ്ങളും സ്വന്തം ലേഖനങ്ങളും ഹര്‍ജികളും ഉള്‍പ്പെടുത്തി, സമരത്തോടനുബന്ധിച്ച് ആശയപ്രചരണത്തിന്റെ ഭാഗമായി ഡോ. പല്പു പ്രസിദ്ധീകരിച്ച ‘ട്രീറ്റ്‌മെന്റ് ഓഫ് തിയ്യാസ് ഇന്‍ ട്രാവന്‍കൂര്‍’ (1896) എന്ന പുസ്തകം സര്‍ക്കാരിന്റെ അനീതിയുടെ ആഴം ജനങ്ങളിലെക്കെത്തിക്കാന്‍ ഏറെ സഹായിച്ചു.
തിരുവതാംകൂര്‍ ഭരണകൂടത്തില്‍ നിന്നും നീതി ലഭിക്കുക ശ്രമകരമായതിനാല്‍ പിന്നീട് കഴ്‌സണ്‍ പ്രഭുവിനെ സന്ദര്‍ശിച്ച ശേഷം ഡോ. പല്പു പ്രശ്‌നം ബ്രിട്ടീഷ് സര്‍ക്കാരിനെക്കൊണ്ട് തിരുവതാംകൂര്‍ പിന്തുടരുന്ന സവര്‍ണ യാഥാസ്ഥിതിക നയങ്ങളെപ്പറ്റി അന്വേഷണം നടത്തിക്കാനും അതുവഴി നയത്തില്‍ അയവു വരുത്താനും സാധിച്ചത് അന്നത്തെ നിലയില്‍ വന്‍ വിജയമായിരുന്നു. അതിനു ശേഷമാണ് അവര്‍ണവിഭാഗത്തിന് സര്‍ക്കാര്‍ സര്‍വീസുകളിലും വിദ്യാലയങ്ങളിലും ചെറിയ തോതിലെങ്കിലും പ്രവേശനം ലഭിച്ചു തുടങ്ങിയത്.

‘ബ്രിട്ടീഷുകാരാണ് നമ്മുടെ ഗുരു’ എന്ന് നാരായണ ഗുരു ചുമ്മാ പറഞ്ഞതല്ല. ഗുരുവിന് സന്യാസം മാത്രമല്ല അന്നത്തെ കീഴാളന് സ്‌കൂളില്‍ കയറാനും പറ്റിയത് സുനാതനികളേക്കാള്‍ കുറച്ചുകൂടി സംസ്‌കാരമുള്ള ബ്രിട്ടീഷുകാര്‍ ഇന്‍ഡ്യ ഭരിച്ചതുകൊണ്ടാണ്.







No Comments yet!