Skip to main content

വൈരുദ്ധ്യങ്ങളുടെ സമ്മേളനം  കവിതയായി മാറുന്ന അത്ഭുതം

പേരിൻ്റെ വേരുകള്‍ തിരയുന്ന എഴുത്ത് എന്ന ശീര്‍ഷകത്തിൽ കവിയും നോവലിസ്റ്റുമായ എം.എസ്. ബനേഷുമായി സജീവ് സി വാര്യര്‍ നടത്തിയ സുദീര്‍ഘമായ അഭിമുഖത്തിൻ്റെ രണ്ടാംഭാഗം.

മഹാരാജാസ് കോളജിലെ പഠനം, കെ.ജി എസ് അടക്കമുള്ള മഹാന്മാരായ അധ്യാപകരുടെ ശിക്ഷണം എത്രമാത്രം താങ്കളിലെ കവിയെ രൂപപ്പെടുത്തി?

മഹാരാജാസ് എന്നെ പല കാലങ്ങളില്‍  പല ലോകങ്ങളില്‍ ഒരേ സമയം തളിര്‍ക്കാനും പൂക്കാനും കായ്ക്കാനും കഴിയുന്ന തരത്തിലുള്ള ഒരു വൃക്ഷമാക്കി മാറ്റി. അതിന്‍റെ ചില്ലകളില്‍ കയറിയിരുന്നാണ് ലോകത്തെ വിചിത്രമായൊരു അനുഭവലോകമായി കണ്ടത്. ഒരു ഭാഗത്ത് കെജിഎസിനെപ്പോലുള്ള മഹാധ്യാപകര്‍ തൊണ്ണൂറുകളുടെ പകുതിയില്‍ തന്നെ ക്ലാസ് മുറികളിലേക്ക് ബ്ലാക് ലിറ്ററേച്ചറിനെയും കെന്‍ സാരോവിവയെയും കൊണ്ടുവന്നിരുന്ന കാലം. ഗദ്യത്തിലുള്ള അഗാധമായൊരു കാവ്യപ്രവാഹം തന്നെയായിരുന്ന അദ്ദേഹത്തിന്‍റെ ക്ലാസുകള്‍. മറുഭാഗത്ത്, കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും ലക്ഷദ്വീപില്‍ നിന്നുമെല്ലാം പഠിക്കാനായി മഹാരാജാസിലെത്തിയിരുന്ന മധ്യവര്‍ഗ്ഗത്തിനും അതിനു താഴെ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍. അന്ധവിദ്യാര്‍ത്ഥികളുടെ വലിയൊരു കൂട്ടം.

എം.എ കാലത്ത് അരങ്ങ് എന്ന പേരില്‍ ഞാന്‍ മഹാരാജാസ് കോളേജില്‍ കുറച്ചുകാലം നടത്തിയിരുന്ന ചുമര്‍ മാസിക. എം.ബി. മനോജും പി.കെ. പ്രകാശും അടക്കമുള്ളവര്‍ അതില്‍ എഴുതിയിരുന്നു.

പാതിരാത്രികളില്‍ ഹോസ്റ്റലില്‍ നിന്ന് ഇറങ്ങി കോളേജിന്‍റെ കുന്തമുനകളുള്ള  ഗേറ്റ് ചാടിക്കടന്ന് ക്യാമ്പസിലെ പ്രൊമിത്യൂസിന്‍റെ പ്രതിമയ്ക്കരികിലെ പാലമരത്തില്‍ കയറി കവിത ചൊല്ലിയിരുന്ന പുലരികള്‍. ചെറു മദ്യപാനങ്ങളുടെ ലഹരികളുമായി താഴെ നാടന്‍പാട്ടുകള്‍ പാടിയിരുന്ന വിചിത്ര സൗഹൃദങ്ങള്‍.

ബാനര്‍ എന്ന സാംസ്കാരിക വേദി അന്ന് കോളേജിനരികില്‍ മഹാകവി ജി ഓഡിറ്റോറിയത്തില്‍ നടത്തിയിരുന്ന സാഹിത്യ ചര്‍ച്ചകള്‍ കവിതയുടെ പുതുപ്രവണതകളിലേക്കുള്ള ലോകവഴികളായിരുന്നു. ആദ്യസമാഹാരത്തിലെ ‘വളകള്‍’, ‘മൃഗശാല’, ‘ട്രാഫിക് ലൈറ്റിനെക്കുറിച്ച്  അല്പം സ്വകാര്യട്യൂഷന്‍’ തുടങ്ങിയ കവിതകളില്‍ പലതും മഹാരാജാസ് കാലത്ത് എഴുതിയതാണ്.

വൈരുദ്ധ്യങ്ങളുടെ സമ്മേളനം കവിതയായി മാറുന്ന അത്ഭുതം താങ്കളുടെ കവിതയിൽക്കാണാം. ‘നെഞ്ചുംവിരിച്ച് തലകുനി’ച്ചും , ‘കാത്തു ശിക്ഷിക്കണേ’ എന്ന് പ്രാർത്ഥന പോലെ അർഥിച്ചും വിസ്മയിപ്പിക്കുന്നു താങ്കളുടെ കവിത. ഈ സങ്കലനം എങ്ങനെയാണ് സാധ്യമായത് ?

രോഗമാണോ എന്നുപോലും സംശയിക്കാവുന്ന തരത്തിലുള്ള വിചിത്രമായൊരു ജീവിതദര്‍ശനം ഈ പറഞ്ഞ വൈരുദ്ധ്യങ്ങളുടെ സമ്മേളനത്തിന് കാരണമായിട്ടുണ്ടെന്ന് തോന്നുന്നു. ഒരേസമയം മലമൂത്രാദികളും രക്തകഫപിത്തചലങ്ങളുമെല്ലാം വഹിച്ചുകൊണ്ടുതന്നെയാണ് നാം അതിന്‍റെ നേരേ വിപരീതമായ കാല്പനികതകളുടെ ചവിട്ടുപടികളില്‍ കയറിനിന്നുകൊണ്ട്, പ്രണയം, രതി, അനുരാഗം  പോലുള്ളവയുടെ പിറകേ പോകുന്നത്. ഏത് മനുഷ്യനെ കാണുമ്പോഴും അവരുടെ വയറ്റില്‍ അന്നുകഴിച്ച ആഹാരം ഇപ്പോള്‍ എന്തായിട്ടുണ്ടാവും എന്നു കൂടി ചിന്തിക്കാനുള്ള തരം വിമതചിന്ത എന്നില്‍ സംഭവിക്കുന്നു. ഇത്, യുക്തിയെയും നശ്വരത്വത്തെയും ഭൗതികതയെയും കുറിച്ച് ജാഗരൂകനാകാനുള്ള എന്‍റെ ബോധപൂര്‍വ്വ ശ്രമവുമാകാം. ശ്രീനാരായണഗുരുവിലും കുമാരനാശാനിലും ഇത്തരം ചിന്തകളുടെ സംഘര്‍ഷങ്ങള്‍ അതിപ്രകടമായിരുന്നു.  ഊട്ടിയില്‍ ഒരു പ്രണയകാലത്ത് എന്ന കവിത ഞാന്‍ തുടങ്ങുന്നതു തന്നെ –

സുന്ദരിയാണു നീ-

യെങ്കിലും ക്ലോസറ്റില്‍

വെള്ളമൊഴിക്കാന്‍

മറന്നുവല്ലോ-

എന്നു പറഞ്ഞുകൊണ്ടാണ്. (ഈ കവിതയിലെ  ഈ വരികള്‍ പിന്നീട് കെ.ആര്‍ മീര പെണ്‍പഞ്ചതന്ത്രം എന്ന നോവലില്‍ ഒരു കഥാപാത്രത്തെക്കൊണ്ട് പാടിപ്പിക്കുന്നുണ്ട്.)  പതിനഞ്ചുവയസ്സിലാണ് നാരായണഗുരുവിന്‍റെ ശിവശതകം ഞാന്‍ വായിക്കുന്നത്.  അതിലെ –

‘മിഴിമുനകൊണ്ടു മയക്കി നാഭിയാകും

കുഴിയിലുരുട്ടി മറിപ്പതിന്നൊരുങ്ങി

കിഴിയുമെടുത്തുവരുന്ന മങ്കമാ‍ര്‍ത‍ന്‍

വഴികളിലിട്ടു വലയ്ക്കൊലാ മഹേശാ!’

എന്ന വരികള്‍ എന്നെ എപ്പോഴും ഏത് മനുഷ്യനെയും എഴുത്തച്ഛന്‍ മുന്നേ പറഞ്ഞതുപോലെ ത്വങ്മാംസരക്താസ്ഥിവിണ്‍മൂത്രരേതസ്സായി കാണാന്‍ പ്രേരിപ്പിക്കുന്നു. ഇത് തരുന്ന വലിയൊരു നിസ്സംഗതയുണ്ട്. ഈ നിസ്സംഗതയില്‍ നിന്നാവാം വൈരുധ്യങ്ങളുടെ സമ്മേളനം സംഭവിക്കുന്നത്.

അതുകൊണ്ടാണ്, ഏത് ഫാസിസ്റ്റ് ഭരണകാലത്തും ഒരായിരം വട്ടം തലകുനിക്കാന്‍ ഇടവരുമ്പോഴും അതുപോലും നെഞ്ചുംവിരിച്ചുവേണം എന്ന വിചാരം വരുന്നത്. അതുകൊണ്ടുതന്നെയാവണം, കാത്തുരക്ഷിക്കാന്‍ നിയുക്തരായവര്‍ എന്ന് നാം തെറ്റിദ്ധരിക്കുന്നവര്‍ നമ്മെ കാത്തുശിക്ഷിക്കുകയാണെന്ന് എഴുതിപ്പോകുന്നത്. നമ്മുടെ അതിവിപ്ലവത്തിന്‍റെ ഏത് ഛെന്നായയെയും ആഞ്ഞൊന്ന് ഛെ എന്ന് ആട്ടിയാല്‍ ഛെന്നായയില്‍ നിന്ന് ചെ പോയി അത് നായയായി വാലാട്ടി നില്‍ക്കുമെന്ന് എഴുതേണ്ടിവരുന്നത്.

അവയവ കവിതകൾ എന്ന് വിളിക്കാവുന്ന ഒരുപിടി കവിതകളുണ്ട്. എന്തുകൊണ്ടാണ് പുറത്തേക്ക് നോക്കാതെ തന്നിലേക്ക് , ശരീരത്തിലേക്ക് ശ്രദ്ധയൂന്നിയത്?

അവയവങ്ങളിലേക്കുള്ള നോട്ടം വാസ്തവത്തില്‍ പുറത്തേക്കുള്ള നോട്ടമാണ്. ഒരേസമയം അത് സമൂഹഘടനയുടെ അവയവങ്ങളിലേക്കുള്ള നോട്ടവുമാണ്. ശരീരം ഒരു ക്ഷേത്രമാണെന്നൊക്കെയുള്ള സങ്കല്പം പണ്ടേയുണ്ടല്ലോ ചിലര്‍ക്ക്. എന്നെ സംബന്ധിച്ച്, അംബാനിമാര്‍ക്കും അദാനിമാര്‍ക്കും മറ്റുമായി രാജ്യം പകുക്കപ്പെടുന്നുവെന്ന് പറയപ്പെടുന്ന കാലത്ത്, ഓരോ ശരീരവും ഓരോ കോര്‍പറേറ്റ് കമ്പനിയെപ്പോലെയാണ്. അവയവങ്ങളാണ് അവിടുത്തെ ജീവനക്കാര്‍. ഓരോ അവയവവും കിണഞ്ഞ് പണിയെടുക്കുന്നുണ്ടോ എന്ന് പരിശോധിക്കുമ്പോള്‍, വെറും ഒരു കുഴിയായ പൊക്കിള്‍ എന്ത് പണിയാണ് ചെയ്യുന്നത് എന്ന ചോദ്യം വരും. കക്ഷത്തിന്‍റെ ഡ്യൂട്ടി എന്താണെന്ന ചോദ്യമുയരും. ചെറുവിരല്‍ അനക്കാന്‍ പോലും ചെറുവിരല്‍ അനങ്ങുന്നില്ലല്ലോ എന്ന നിരീക്ഷണം വരും. കണങ്കാലിലെ മൃദുരോമങ്ങള്‍, പുരുഷനിതംബമേ, ചര്‍മ്മം  ഇറച്ചിയോട്, പൊക്കിള്‍, കക്ഷം, നമ്രമുഖധ്യാനം, മുടി, ലിപ് ലോക്ക് തുടങ്ങിയ കവിതകളെല്ലാം ആത്മാവും അവയവങ്ങളും തമ്മിലുള്ള ഗാഢസംവാദങ്ങളാവാം. അത് ഒരേസമയം അകത്തേക്കും പുറത്തേക്കുമുള്ള യാത്രയാണ്.

ഒരു ഘട്ടത്തിൽ -കൊലപാതകം ചില നിരീക്ഷണങ്ങൾ- എന്ന കവിത  എഴുതുകയും ആദ്യ സമാഹാരത്തിലുൾപ്പെടുത്തുകയും ചെയ്ത താങ്കൾ പിന്നീട് അത് പിൻവലിച്ചു. അങ്ങനെയൊരു തീരുമാനമെടുക്കാനെന്താണ് കാരണം ? വിശദമാക്കാമോ?

‘കൊലപാതകം: ചില നിരീക്ഷണങ്ങള്‍’ എന്ന കവിത 22 വര്‍ഷം മുമ്പാണ് എഴുതിയതും മാധ്യമം ആഴ്ച്ചപ്പതിപ്പ്  പ്രസിദ്ധീകരിച്ചതും. 2021ലാണ് ആ കവിത ഞാന്‍ പിന്‍വലിച്ചത്. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച എന്‍റെ ആദ്യ കവിതാസമാഹാരമായ ‘നെഞ്ചുംവിരിച്ച് തലകുനിക്കുന്നു’ എന്ന പുസ്തകത്തില്‍ നിന്നുകൂടി ആ കവിത പിന്‍വലിക്കുന്നതായി അന്ന് ഞാന്‍ വ്യക്തമാക്കിയിരുന്നു.

രണ്ടു പതിറ്റാണ്ടുകള്‍ക്കുമുമ്പ് ട്രാന്‍സ് ജെന്‍ഡര്‍ എന്ന പദത്തിന്‍റെ വിശാലമായ മാനവികാര്‍ത്ഥം കേരളത്തില്‍ പലര്‍ക്കും പിടികിട്ടാതിരുന്നതുപോലെ എനിക്കും ആ വാക്കിന്‍റെ ഗഹനത അറിയാന്‍ കഴിഞ്ഞിരുന്നില്ല. നിരന്തരമായി രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നിരുന്ന ഒരു വേളയിലായിരുന്നു ആ കവിത ഞാനെഴുതിയത്.

‘നാം ഒരു നപുംസകമാണെന്നും ഒരു ഭീഷ്മരെയും വീഴ്ത്താനാവാത്ത ശിഖണ്ഡി’യാണെന്നും സൂചിപ്പിച്ചുകൊണ്ടാണ് ആ കവിത അവസാനിപ്പിച്ചത്. നപുംസകമെന്നും ശിഖണ്ഡിയെന്നുമൊക്കെയുള്ള പദങ്ങള്‍, പരിഹാസത്തിന്‍റെ സംസ്കാരംകൊണ്ട് പാകപ്പെടുത്തിയെടുത്തതാണെന്ന് പില്‍ക്കാലത്ത് നാം തിരിച്ചറിഞ്ഞു.

പിന്നീടൊരിക്കൽ, ട്രാന്‍സ് ജെന്‍ഡര്‍ അനന്യയും കൂടി പങ്കെടുത്ത ഒരു പരിപാടിയുടെ ചിത്രീകരണത്തിനുശേഷം, കട്ടന്‍ചായ കുടിച്ചിരിക്കെ, അനന്യ എന്‍റെ കവിതാസമാഹാരത്തിലെ ആ കവിത വായിച്ചിട്ട് എന്നെ നോക്കിയ ഒരു കഠിനനോട്ടമുണ്ട്. അന്നാണ് ആ കവിതയിലെ അപായസൂചന എനിക്ക് ആദ്യം തെളിഞ്ഞുകിട്ടിയത്.

നപുംസകമെന്നും ശിഖണ്ഡിയെന്നുമുള്ള രണ്ടുപദങ്ങള്‍ ഒഴിവാക്കി മറ്റേതെങ്കിലും പദങ്ങളാല്‍ ആ കവിതയെ നിലനിര്‍ത്താന്‍ കഴിയുമോയെന്ന് ഞാന്‍ പിന്നീട് പല സന്ദര്‍ഭങ്ങളില്‍ ആലോചിച്ചു നോക്കി. പിന്നീട് മനസ്സിലായി ആ കവിതയെഴുതിയ വേളയിലെ മനസ്സിലെ പൊതുബോധമാണ് കുറ്റക്കാരന്‍. അതിനുള്ള പ്രായശ്ചിത്തം ആ കവിത പിന്‍വലിക്കുക തന്നെയാണ്. ആ സമയത്തുതന്നെ കേരളത്തിലെ ഉന്നതനായ ഒരു രാഷ്ട്രീയനേതാവ് മറ്റൊരു രാഷ്ട്രീയനേതാവിനെ ശിഖണ്ഡി എന്ന് വിളിച്ചിരുന്നു. ആ വിളിയില്‍ അദ്ദേഹം സ്വയമറിഞ്ഞോ അറിയാതെയോ അപമാനിച്ചത് ആ വാക്ക് ഇക്കാലമത്രയും ഒരു വലിയ മനുഷ്യസമൂഹത്തോട് പുലര്‍ത്തിയിരുന്ന മുഴുവന്‍ അപമാനമാണ്.

എഴുതിയ ഓരോ കവിതയും അയയ്ക്കുന്നതിന് മുമ്പ് മാസങ്ങളോ വര്‍ഷങ്ങളോ കയ്യില്‍ വച്ച് പലതവണ ആറ്റിക്കുറുക്കലുകള്‍ക്കും വിസ്തൃതമാക്കലുകള്‍ക്കും വിധേയമാക്കി അത്രമേല്‍ ബോധ്യംവരുമ്പോളേ ഇതുവരെയും പ്രസിദ്ധീകരിക്കാന്‍ കൊടുത്തിട്ടുള്ളൂ. എങ്കിലും എത്രവലിയ ബോധ്യത്തേക്കാളും അപ്പുറമാണ്, നാം പോലുമറിയാതെ വാക്കുകള്‍ക്ക്, പില്ക്കാലം നല്‍കുന്ന അധികമാനങ്ങള്‍. അപ്പോള്‍ ഭാവിയുടെ ചോദ്യംചെയ്യലില്‍ പഴയ പദങ്ങള്‍ പ്രതിസ്ഥാനത്ത് നില്‍ക്കും. അതുകൊണ്ടാണ്  ആ കവിതയെ നിഷ്കരുണം വധശിക്ഷയ്ക്ക് വിധേയമാക്കിയത്. ഭാവിയില്‍ ‘നെഞ്ചുംവിരിച്ച് തലകുനിക്കുന്നു’ എന്ന എന്‍റെ ആദ്യകവിതാസമാഹാരം പുന:പ്രസിദ്ധീകരിക്കുമ്പോഴോ, എല്ലാ സമാഹാരങ്ങളും ഉള്‍പ്പെടുത്തിയുള്ള പൂര്‍ണ്ണസമാഹാരം ആകുമ്പോഴോ ഈ കവിത ഉള്‍പ്പെടുത്തില്ല.

കവി പൊളിറ്റിക്കലി കറക്ടാകണം എന്ന് വാദിച്ചാലും കവിത അങ്ങനെയാകണമെന്ന് നിർബന്ധം പിടിക്കേണ്ടതുണ്ടോ?

ജീവിതത്തില്‍ രാഷ്ട്രീയ ശരിയുണ്ടാകണം എന്നത് ഒരു മോശം കാര്യമല്ലാത്തതുപോലെ, കവിതയിലും രാഷ്ട്രീയശരിയുണ്ടാകണം. ആത്യന്തികമായ കവിതയുടെ സ്വരൂപത്തിന് രാഷ്ട്രീയശരിയുടെ തിളക്കം ഉണ്ടാകണം. നോവലിലോ കഥയിലോ കഥാപാത്രങ്ങള്‍ പരസ്പരം ശിഖണ്ഡീ എന്നോ നപുംസകം എന്നോ വിളിക്കുന്നുണ്ടെങ്കില്‍ അവിടെ രാഷ്ട്രീയശരി നോക്കേണ്ടതില്ല. അത് ആ കഥാപാതങ്ങള്‍ പറയുന്നതാണ്. രാഷ്ട്രീയശരിയില്ലാത്തവരായിട്ടാവും അവരെ എഴുത്തുകാരന്‍(രി) ആവിഷ്കരിച്ചിട്ടുണ്ടാവുക.

കവിതയിലും കഥാപാത്രങ്ങളെപ്പോലെ കാവ്യപാത്രങ്ങളുണ്ടെന്ന് കരുതുക. അവരുടെ വാക്കുകളായി ശിഖണ്ഡിയെന്നോ നപുംസകമെന്നോ ഉള്ള പദങ്ങള്‍ വന്നാലും കുഴപ്പമില്ല. അതിനെ അതിലംഘിക്കുന്ന രാഷ്ട്രീയശരി ആ കവിതയില്‍ ഉണ്ടായാല്‍ മതി.

രാഷ്ട്രീയശരി ഏതെങ്കിലും രാഷ്ട്രീയകക്ഷിയുടെ പ്രത്യയശാസ്ത്രത്തില്‍ നിന്ന് നാം നമ്മുടെ ഭാഷയില്‍ ഏച്ചുകെട്ടി സ്ഥാപിക്കേണ്ടുന്ന ഒരു കൃത്രിമവസ്തുവല്ല, അത് നമ്മില്‍ സ്വാഭാവികമായി പ്രവര്‍ത്തിക്കേണ്ട ഒന്നാണ്. നേരത്തേ പറഞ്ഞ കവിതയില്‍ ആഖ്യാതാവ് കവി തന്നെ ആയതുകൊണ്ടാണ് ആ പ്രയോഗം വേണ്ട എന്ന് തീരുമാനിച്ചത്. പക്ഷേ, താനെഴുതുന്നത് രാഷ്ട്രീയശരിയല്ല എന്ന് എഴുത്തുകാരന് തിരിച്ചറിയാന്‍ പറ്റുന്നില്ലെങ്കില്‍ അതാണ് ഏറ്റവും വലിയ ദുരന്തം.

മാധ്യമ പ്രവർത്തകനാകണം എന്ന ആഗ്രഹമുണ്ടായത്, അങ്ങനെ തന്നെയായത് സാഹിത്യ പ്രവർത്തനങ്ങളെ സഹായിച്ചുവോ? സാഹിത്യ പ്രവർത്തകർക്ക് ചേർന്നതല്ല മാധ്യമ പ്രവർത്തനം എന്ന അഭിപ്രായത്തോടുള്ള പ്രതികരണം എന്താണ്?

നിത്യവും രാവിലെ കുളിച്ച് നിലവിളക്കുകൊളുത്തി ഇനി എഴുതാം എന്ന് വിചാരിച്ചിട്ടല്ല ഇതുവരെയും ഒരുവരി പോലും എഴുതിയിട്ടുള്ളത്. നില്പില്‍, നടപ്പില്‍, ഇരിപ്പില്‍, കിടപ്പില്‍, ബസിലെ കമ്പിയില്‍  തൂങ്ങിപ്പിടിച്ചുള്ള യാത്രയില്‍, എവിടെവച്ചും കവിതയുണ്ടാവാം. ഇറച്ചിവെട്ടുകാരനായിരുന്നെങ്കില്‍ നിത്യേന വെട്ടി നുറുക്കി നുറുക്കി എഴുത്തിനുവേണ്ട മൃദുമനസ്സ് നഷ്ടമാകുമായിരുന്നില്ലേ എന്ന ചോദ്യം വരുമായിരുന്നു. ബാങ്കുദ്യോഗസ്ഥനായിരുന്നെങ്കില്‍ കണിശക്കണക്കുകളുടെ കാര്‍ക്കശ്യങ്ങള്‍ക്കിടയില്‍ കവിതയുടെ കണ്ണടയുമായിരുന്നില്ലേ എന്ന് ചോദ്യം വരുമായിരുന്നു. മറ്റേതൊരു തൊഴിലും പോലെ ജീവിതോപാധനത്തിനുള്ള ഒന്ന് എന്ന നിലയ്കാണ് മാധ്യമപ്രവര്‍ത്തനത്തില്‍ പെട്ടുപോയത്. അതിനു പറ്റുന്ന പദാവലികളും ശരീരഭാഷയും ശബ്ദവുമൊക്കെ ഉള്ള സ്ഥിതിക്ക് അതിലേക്കങ്ങനെ എത്തിച്ചേര്‍ന്നുവെന്നുമാത്രം.

അധ്യാപകനാകണമെന്നതായിരുന്നു ആഗ്രഹം. പക്ഷേ യൂജീസി രമ്യഹര്‍മങ്ങളിലേക്ക് പ്രവേശിക്കണമെന്ന നിഷ്ഠയോടെ ചമ്രം പടിഞ്ഞിരുന്ന് പഠിക്കാന്‍ കഴിയുന്നതിനേക്കാള്‍ അലസനായിരുന്നു ഞാന്‍. മാധ്യമപ്രവര്‍ത്തനം എന്‍റെ സാഹിത്യത്തിന് ഗുണമോ ദോഷമോ ചെയ്തിട്ടില്ല. അത് മറ്റേതൊരു ജോലിയും പോലെ ഒന്ന്. അതില്‍ അഭിരമിച്ചിട്ടില്ല.

എങ്കിലും മാധ്യമപ്രവര്‍ത്തന മേഖലയില്‍ ഇല്ലായിരുന്നെങ്കില്‍ ദേശീയ സംസ്ഥാന പുരസ്കാരങ്ങളടക്കം നേടിയ നിരവധി  ഡോക്യുമെന്‍ററികള്‍ സംവിധാനം ചെയ്യാന്‍ കഴിയുമായിരുന്നില്ലല്ലോ?

അതു ശരിയാണ്. മാധ്യമപ്രവര്‍ത്തനത്തിന് നാം നിത്യേന കാണുന്ന ടെലിവിഷന്‍ വാര്‍ത്താവതരണത്തില്‍ നിന്ന് വ്യത്യസ്തമായൊരു മുഖമുണ്ട്. അത് ദൃശ്യങ്ങളുടെ സാമൂഹിക കല എന്ന നിലയില്‍ അതിനെ ഉപയോഗിക്കാന്‍ കഴിയലാണ്. സാമൂഹിക പ്രസക്തിയുള്ളതടക്കം അഞ്ഞൂറിലേറെ ഡോക്യുമെന്‍ററികളാണ് കാല്‍നൂറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തനകാലത്ത് ചെയ്യാന്‍ കഴിഞ്ഞത്. രാഷ്ട്രീയനേതാക്കളെയോ, വിഐപികളെയോ കാത്തുകെട്ടിക്കിടന്ന് കണ്ട്, അവരുടെ ഔദാര്യത്തില്‍ ലഭിക്കുന്ന വാര്‍ത്തകള്‍ ബ്രേക്ക് ചെയ്ത് നിത്യവൃത്തി കഴിക്കേണ്ടുന്ന അവസ്ഥ എനിക്ക് വന്നിട്ടില്ല.

മറിച്ച്,  സാധാരണക്കാരിലേക്ക്, വിചിത്ര മനുഷ്യരിലേക്ക്, സമരമുഖങ്ങളിലേക്ക്, അധ:സ്ഥിതരിലേക്ക്, ഉള്‍ഗ്രാമങ്ങളിലേക്ക്, ക്യാമറയുമായി നിരന്തരം യാത്ര ചെയ്യാന്‍ അവസരങ്ങള്‍ ലഭിച്ചു. അതിന്‍റെ ഫലങ്ങളാണ് ഡോക്യുമെന്‍റികള്‍. ഏഴുതവണ ഡോക്യുമെന്‍ററി സംവിധാനത്തിന് സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്കാരം ലഭിച്ചത് അതാത് കാലത്തെ ഭരണകൂടങ്ങളുടെ മനുഷ്യാവകാശലംഘനങ്ങളെ തുറന്നുകാണിക്കുന്ന ചിത്രങ്ങള്‍ക്കായിരുന്നുവെന്നതും സന്തോഷകരമാണ്.

മാത്രമല്ല, ടെലിവിഷന്‍ ഭാഷയില്‍ പുതിയ  പദപ്രയോഗങ്ങള്‍ കൊണ്ടുവരാന്‍ കൂടി ആ കാലം അവസരം തന്നു.  കൈരളി ടിവിയില്‍ 2000ല്‍ തുടങ്ങിയ ഡോക്യുമെന്‍ററി പ്രോഗ്രാമിന്‍റെ ഓരോ എപ്പിസോഡും ആരംഭിച്ചത് – വാര്‍ത്തയെയും വാര്‍ത്തയില്‍ പെട്ടുപോയവരെയും വാര്‍ത്തയില്‍ നിന്ന് പുറത്താക്കപ്പെട്ടവരെയും ഒരു വാര്‍ത്തയ്ക്കും വേണ്ടാത്തവരെയും കുറിച്ചുള്ള പരിപാടി – എന്ന മുഖവുരയോടെയാണ്.  ജീവന്‍ ടിവിയില്‍ എത്തിയപ്പോള്‍ അത്, – കാഴ്ചയെയും കാഴ്ചയില്‍ പെട്ടവരെയും കാഴ്ചയില്‍ നിന്ന് പുറത്താക്കപ്പെട്ടവരെയും ഒരു കാഴ്ചയ്ക്കും വേണ്ടാത്തവരെയും കുറിച്ചുള്ള കാഴ്ച്ചപ്പതിപ്പ്- എന്നായി. മാത്രമല്ല, ഓരോ പരിപാടിയും കഴിയുമ്പോള്‍ അതേക്കുറിച്ചുള്ള -എതിര്‍പ്പുകളും ശകാരങ്ങളും ഞങ്ങളെ അറിയിക്കുക – എന്ന് 25 വര്‍ഷം മുമ്പേ ഇത്തരമൊരു മാധ്യമത്തില്‍ പറയാന്‍  കഴിഞ്ഞു എന്നതും മാധ്യമപ്രവര്‍ത്തനത്തിന്‍റെ നേട്ടങ്ങളായി കരുതുന്നു.

കേരളത്തില്‍ ഫെയ്സ്ബുക്ക് പോലും തുടങ്ങുന്നതിന് മുമ്പ് ഓര്‍ക്കുട്ടിന്‍റെ കാലത്ത് – നെറ്റിസന്‍ ജേണലിസ്റ്റ്- എന്ന മലയാളത്തിലെ ആദ്യത്തെ ഇന്‍റര്‍നെറ്റ് അടിസ്ഥാനമാക്കിയ ജനകീയ  പ്രോഗ്രാം തുടങ്ങാനും  ഫെയ്സ്ബുക്കിന്‍റെ പ്രഭാവകാലത്ത് ലോകമെങ്ങും നിന്നുള്ള  മലയാളികളെ ആ പരിപാടിയിലൂടെ അഭിസംബോധന ചെയ്യാനും കഴിഞ്ഞു എന്നത് മാധ്യമപ്രവര്‍ത്തനത്തിന്‍റെ നേട്ടമാണ്. പക്ഷേ, സാഹിത്യജീവിതവും ഈ ജോലിയും തമ്മില്‍ ഒരു ബന്ധവുമില്ല.

 

….(തുടരും)

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.