Skip to main content

ശൈലീബന്ധനങ്ങളുടെ തടവിലല്ല ഞാന്‍

പേരിന്റെ വേരുകള്‍ തിരയുന്ന എഴുത്ത് എന്ന ശീര്‍ഷകത്തില്‍ കവിയും നോവലിസ്റ്റുമായ എം.എസ് ബനേഷുമായി സജീവ് സി. വാര്യര്‍ നടത്തിയ അഭിമുഖത്തിന്റെ അവസാന ഭാഗം

കവിതകളെഴുതുന്നതിനൊപ്പമാണ് മനുഷ്യരുടെ വേദനകള്‍, ആശങ്കകള്‍, പ്രതിരോധങ്ങള്‍ ഒക്കെ താങ്കള്‍ ഡോക്യുമെന്ററികളാക്കിയത്. കണ്ണീരൊപ്പാന്‍ കവിത പോരെന്നാണോ?

കവിത കണ്ണീരൊപ്പുന്നില്ല. പലപ്പോഴും അതിന്റെ നദിയെ കൂടുതല്‍ തുറന്നുവിടുകയാണ്. കണ്ണീരിന്റെ അണക്കെട്ടുകള്‍ അഴിച്ചുവിടുകയാണ്. ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി കണ്ണീരോ ചോരയോ ഒക്കെ ആവുന്നത് അങ്ങനെയാണ്. കവിതയുടെ സ്‌നേഹബദ്ധവും സാമൂഹ്യബദ്ധവുമായ ഒരു ദൃശ്യത്തുടര്‍ച്ചയാണ് എനിക്ക് ഡോക്യുമെന്ററികള്‍. ‘ദി ബ്ലൈന്‍ഡ് ലൈബ്രേറിയന്‍’ എന്ന ഡോക്യുമെന്ററി കണ്ടിട്ട് മഹാ എഴുത്തുകാരന്‍ ആനന്ദ് അതേക്കുറിച്ച് മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലെഴുതിയത് ക്യാമറയെ പ്രതിരോധത്തിനായുള്ള കവിതയാക്കാന്‍ എനിക്ക് ധൈര്യം തന്നിട്ടുണ്ട്. ‘ഗര്‍ഭിണികളുടെ വാര്‍ഡ്’, ‘ശവമുറിയില്‍ നിങ്ങളെയും കാത്ത്’, ‘അസഹ്യന്‍’ എന്നിങ്ങനെയുള്ള ഡോക്യുമെന്ററികളുടെ സംവിധാന കാലങ്ങളെല്ലാം എന്റെ ഹൃദയവും തലച്ചോറും മനുഷ്യരുടെ, സഹജീവികളുടെ , പ്രകൃതിയുടെ വേദനകള്‍ക്കും ആശങ്കകള്‍ക്കുമൊപ്പമായിരുന്നു.

എം.എസ്. ബനേഷ് ചലച്ചിത്ര സംവിധായകന്‍ ജോഷി ജോസഫിനൊപ്പം

‘നല്ലയിനം പുലയ അച്ചാറുകള്‍’ അടിച്ചമര്‍ത്തപ്പെട്ടവരുടെ ചെറുത്തുനില്‍പ്പാണ്. അതെഴുതിയ കാലം കഴിഞ്ഞ് അതേ വിഷയം വലിയ ചര്‍ച്ചയായി. പ്യുവര്‍ വെജിറ്റേറിയന്‍ ഹോട്ടലുകള്‍ക്കെതിരെ പ്രതികരണങ്ങളുണ്ടായി. പഴയിടം കലോല്‍സവ കലവറ വിട്ടു. ആശാസ്യമായ മാറ്റങ്ങളാണോ ഇതെല്ലാം ?

‘നല്ലയിനം പുലയ അച്ചാറുകള്‍’ എഴുതിയത് 2013ലാണ്. ഇപ്പോള്‍ പന്ത്രണ്ടുവര്‍ഷമായിരിക്കുന്നു. പണ്ഡിറ്റ് കറുപ്പന്‍ ‘ജാതിക്കുമ്മി’ എഴുതിയതിന്റെ നൂറാംവാര്‍ഷികത്തിലാണ് നല്ലയിനം പുലയ അച്ചാറുകള്‍ ഞാനെഴുതിയത് എന്ന് ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ അത്ഭുതത്തോടെ മനസ്സിലാവുന്നു. അതൊരു യാദൃച്ഛികതയായിരുന്നില്ല. മറിച്ച് ഒരു തുടര്‍ച്ചയാണ്. നിരാശാഭരിതമായ തുടര്‍ച്ച. ഒരു നൂറ്റാണ്ടിനിപ്പുറവും കേരളത്തില്‍ പലതരം ജാതിക്കുമ്മികള്‍ നാം എഴുതുകയും പ്രചരിപ്പിക്കുകയും അവതരിപ്പിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യേണ്ടിയിരിക്കുന്നു എന്ന തിരിച്ചറിവിന്റെ തുടര്‍ച്ച.

പറയനോട്, വഴിമാറടാ എന്ന് ജാത്യഹങ്കാരത്തിന്റെ അയിത്തം പ്രഖ്യാപിച്ച ശങ്കരനെ, -പോടാ തിങ്കള്‍ത്തലയാ – എന്ന് പരോക്ഷമായി അറിവിനാല്‍ വെല്ലുവിളിക്കുകയും മാനവികതയുടെ നേര്‍വഴിയിലേക്ക് നയിക്കാന്‍ ശ്രമിക്കുകയുമായിരുന്നു ജാതിക്കുമ്മി. അതിനായി പറയന്റെയും ഭൂമിയിലെ അടിച്ചമര്‍ത്തപ്പെട്ട സകല അധ:കൃതജനതയുടെയും നാവുകളിലൂടെ പണ്ഡിറ്റ് കറുപ്പന്‍ പകര്‍ന്നാടി നടത്തിയ വാദങ്ങളിലൊന്ന് ആത്മീയതയിലെയും ഭൗതികതയിലെയും ‘അന്നമയ’ സങ്കല്പത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. ജാതിക്കുമ്മിയില്‍ ഒരുഭാഗത്ത് ശങ്കരാചാര്യരോടുള്ള പറയന്റെ ചോദ്യത്തെ പണ്ഡിറ്റ് കറുപ്പന്‍ ഇങ്ങനെ മുന്നോട്ടുവയ്ക്കുന്നു:

…’അന്നമയത്തിങ്കല്‍ നിന്നിട്ടല്ലേ

അന്നമയമൊക്കെയുണ്ടായത്,

പിന്നെയവതമ്മിലെന്താണ് വ്യത്യാസം’?

പണ്ഡിറ്റ് കറുപ്പന്‍ മുന്നോട്ടുവച്ച ഈ അന്നമയച്ചോദ്യം ‘നല്ലയിനം പുലയ അച്ചാറുകള്‍’ എഴുതുമ്പോള്‍, എന്റെ ഉപബോധ മനസ്സില്‍ തികട്ടിയിട്ടുണ്ടായിരുന്നിരിക്കണം. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വയനാട്ടിലെ ഒരു ചെറുകിട ഹോട്ടലില്‍ വച്ചാണ് ഈ അന്നമയജീവിതത്തിന്റെ വിചിത്രമായൊരു രംഗത്തിന് സാക്ഷിയായത്. കാഴ്ചയില്‍ ആദിവാസി നേതാവ് സി.കെ. ജാനുവിന്റെ ഛായയുള്ള ഒരു സ്ത്രീ, മുഷിഞ്ഞതും ദരിദ്രവുമായ വേഷത്തോടെ അവിടെയിരുന്ന് ഊണ് കഴിക്കുകയായിരുന്നു.

പണ്ഡിറ്റ് കറുപ്പന്‍

അച്ചാറില്‍ വിരല്‍മുക്കി, ഊണുരുളയാക്കി കഴിക്കുകയായിരുന്ന അവരെ നോക്കി ഒന്നുകൂടി അച്ചാര്‍ വിളമ്പിക്കൊണ്ട് വിളമ്പുകാരന്‍ അഭിമാനത്തോടെ പറഞ്ഞു: ‘കുറച്ചുകൂടി ഇടട്ടെ, നല്ല സൂപ്പര്‍ ബ്രാഹ്‌മിണ്‍സ് അച്ചാറാ.’

ഭാ…എന്ന ശബ്ദത്തോടെ ആ നിമിഷം ആ സ്ത്രീ ഊണുപാത്രത്തിലേയ്ക്ക് ഛര്‍ദ്ദിച്ചു. ‘ഓ, പിന്നേ, നല്ല പൊലയ അച്ചാറെന്ന് പറയാഞ്ഞിട്ടായിരിക്കും ഛര്‍ദ്ദിച്ചത്’ എന്നായിരുന്നു ചന്ദനക്കുറിയൊക്കെ തൊട്ട് അഭിമാനത്തോടെ അച്ചാര്‍ വിളമ്പിയ അയാളുടെ മറുപടി. പൊടുന്നനെ, ആ അച്ചാറില്‍ വിരല്‍ മുക്കി അവര്‍ അയാളുടെ കരണത്തടിച്ചു.

‘നല്ലയിനം പുലയ അച്ചാറുകള്‍’ എഴുതുമ്പോള്‍ ഈ കരണത്തടിയുടെ ജാതീയവും രാഷ്ട്രീയവുമായ ആഘാതം എന്റെ മനസ്സിനെ കിടുക്കിയിരുന്നു.

എം.എസ്. ബനേഷ് മഹേശ്വതാ ദേവിയോടൊപ്പം

ഇടതു നിലപാടിനോട് ചേര്‍ന്നു നില്‍ക്കുകയും ഹൈന്ദവികതയെ എതിര്‍ക്കുകയും ചെയ്യുന്നവര്‍ മതേതര വാദികളല്ല പ്രീണന വിദഗ്ധരാണ് എന്ന് വിമര്‍ശനമുണ്ട്. ഭക്ഷണത്തില്‍ പ്യുവര്‍ വെജിനെ എതിര്‍ക്കുന്നവര്‍ ഹലാലിനെക്കുറിച്ച് മിണ്ടുന്നില്ല എന്ന് പരാതിയുണ്ട്. എല്ലാ മതങ്ങളെയും ഒരേ പോലെ മാറ്റി നിര്‍ത്തുകയല്ലേ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ചെയ്യേണ്ടത് ?

ഹൈന്ദവികതയെ എതിര്‍ക്കേണ്ട യാതൊരു കാര്യവുമില്ല. എന്നാല്‍ ഹൈന്ദവികതയുടെ പേരിലുള്ള എല്ലാത്തരം ഹിന്ദുത്വ രാഷ്ട്രീയ മുതലെടുപ്പുകളെയും വര്‍ഗ്ഗീയതകളെയും ഭീകരവാദങ്ങളെയും ഭീകരപ്രവര്‍ത്തനങ്ങളെയും അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും എതിര്‍ക്കേണ്ടതുണ്ട്. ഇത് എല്ലാ മതങ്ങളുടെ കാര്യത്തിലും ബാധകമാണ്. പക്ഷേ ഒരു രാഷ്ട്രത്തില്‍ ഭൂരിപക്ഷശക്തിയുള്ള മതത്തിന്റെ പേരിലാണ് ഇത് നടക്കുന്നതെങ്കില്‍ അതിനെതിരായ പ്രതിരോധത്തിനും ശക്തി കൂടണം.

ഭക്ഷണത്തില്‍ പ്യുവര്‍ വെജിനെ ആരും എതിര്‍ക്കുന്നുണ്ടെന്ന് തോന്നുന്നില്ല. എതിര്‍ക്കുന്നത് പ്യുവര്‍ വെജ് മാത്രമേ കഴിക്കാവൂ എന്ന ഫാസിസ്റ്റ് ചിന്തയെയാണ്. ഹലാല്‍ മാത്രമേ കഴിക്കാവൂ എന്ന് പറഞ്ഞ് ആരെങ്കിലും ആള്‍ക്കൂട്ട കൊലയോ മറ്റോ നടത്തുന്നുണ്ടെങ്കില്‍ അതും എതിര്‍ക്കപ്പെടേണ്ടതാണ്. നല്ല നോണ്‍ വെജ് ആണ് എന്റെ കവിതകള്‍.

നാടകാന്തം കവിത്വം – കവിത്വത്തിന്റെ പാരമ്യത്തില്‍ നാടകം ജനിക്കും എന്നാണല്ലോ. താങ്കളെ സംബന്ധിച്ച് കവിതകള്‍ക്കൊടുവില്‍ നോവല്‍ ജനിച്ചു. കാവ്യഭംഗി തുളുമ്പുന്ന ‘ജലഭരദിനരാത്രങ്ങളു’ടെ രചനാ സാഹചര്യത്തെക്കുറിച്ച് പറയാമോ?

ഒരു സിനിമയുണ്ടാവുന്നത് എങ്ങനെയൊക്കെയാവാം. ഏതെങ്കിലുമൊരു ചെറുകഥയില്‍ നിന്ന്, ചിലപ്പോള്‍ ഒരു നോവലില്‍ നിന്ന്, അല്ലെങ്കില്‍ തിരക്കഥയില്‍ നിന്ന്. പക്ഷേ, ഇപ്പറഞ്ഞതിന്റെയൊക്കെ നേരേ വിപരീതം സംഭവിച്ചിട്ടുണ്ടോ. അതായത്, സിനിമയില്‍ നിന്ന് തിരിച്ച് ഒരു നോവല്‍. അതും നേരിട്ടൊരു കഥയോ തിരക്കഥയോ ഇല്ലാത്തൊരു സിനിമയില്‍ നിന്ന് സിനിമ കണ്ടതിന് ശേഷം ഒരു നോവല്‍.

‘ജലഭരദിനരാത്രങ്ങള്‍’ എന്ന നോവല്‍ എഴുതിപ്പൂര്‍ത്തിയാക്കിയപ്പോള്‍ ഞാന്‍ ആദ്യം ആലോചിച്ചത് ഇക്കാര്യമായിരുന്നു. ലോകസാഹിത്യത്തില്‍ സംഭവിച്ചിട്ടുണ്ടാകാം. ഇംഗ്മര്‍ ബര്‍ഗ്മാന്റെ ‘ദി സെവന്‍ത് സീല്‍’ എന്ന ചലച്ചിത്രം കണ്ടതിന്റെ രസച്ചൊരുക്കില്‍ നിന്നാണ് യുആര്‍ അനന്തമൂര്‍ത്തി ‘സംസ്‌കാര’ എന്ന വിഖ്യാതമായ കന്നട നോവല്‍ എഴുതിയിട്ടുള്ളതെന്നുമറിയാം.

പക്ഷേ, മലയാളത്തില്‍ സിനിമയുടെ കാഴ്ചാനുഭവം നല്‍കിയ ഹരപ്രഹരങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഇതുവരെയും ഒരു നോവലും ഉണ്ടായിട്ടില്ല. മലയാളിയായ ജോഷി ജോസഫിന്റെ ‘വോക്കിംഗ് ഓവര്‍ വാട്ടര്‍’ എന്ന ആത്മകഥാപരമായ ബംഗാളി ചിത്രം കണ്ട രാത്രിയില്‍ ഞാനെന്റെ യൗവനനാളുകളില്‍ ഒരാഴ്ചയോളം ഒറ്റയ്ക്ക് കറങ്ങി നടന്ന ബംഗാളി തെരുവുകള്‍ മുന്നിലേയ്ക്ക് വന്നു. ആ തെരുവുകള്‍ എന്നോട് പറഞ്ഞു, ഞങ്ങളെക്കുറിച്ച് എഴുതൂ ഭായ്.

ഓരോ അധ്യായവും എഴുതിയെഴുതി വരുന്തോറും ജോഷിയുടെ ‘ജലോപരി നടത്തം’ എന്ന സിനിമ മാത്രമല്ല, അദ്ദേഹത്തിന്റെ മുഴുവന്‍ സിനിമകളും സത്യജിത് റായും ഋത്വിക് ഘട്ടക്കും അടക്കമുള്ള ചലച്ചിത്ര ഇതിഹാസങ്ങളുടെ ചിത്രസംസ്‌കാരവും പല തലങ്ങളില്‍ നോവലിലേയ്ക്ക് കുടിയേറി. ഞാന്‍ ഉറപ്പിച്ചു, ഈ നോവല്‍ പൂര്‍ത്തിയായാല്‍ ഇത് മലയാളത്തിലെ ആദ്യത്തെ സിനിമാട്ടോ-ഗ്രാഫിക് നോവല്‍ ആയേക്കും.

ചില രാത്രികളില്‍ ജോഷിയുടെ സിനിമകളിലെ അഭിനേത്രി തന്നെയായ യഥാര്‍ത്ഥ മഹാശ്വേതാദേവി സ്വപ്നത്തില്‍ വന്ന് എന്നെ വിളിച്ചെണീല്‍പ്പിച്ചു. നന്ദിഗ്രാമിലേയ്ക്ക് മഹാശ്വേതാദേവി പ്രക്ഷോഭങ്ങളുടെ കാലത്ത് യാത്രപോയ വേളകളില്‍ തെരുവോരങ്ങളില്‍ കാത്തുനിന്നിരുന്ന പൊടിപിടിച്ച വസ്ത്രങ്ങള്‍ ധരിച്ച ഗ്രാമീണസ്ത്രീകള്‍ ഇപ്പോള്‍ എന്തുചെയ്യുകയായിരിക്കും എന്ന് പാതിസ്വപ്നത്തില്‍ എന്നോട് ചോദിച്ചു.

ഒരുപക്ഷേ, മഹാശ്വേതാദേവിക്ക് ഇങ്ങനെ സ്വപ്നത്തില്‍ വരാന്‍ കഴിയുന്ന തരം ആത്മബന്ധത്തിന്റെ നേര്‍ത്ത സ്പര്‍ശിനികള്‍ ഉള്ളതുകൊണ്ടാവാം ‘മഹുവമരത്തിന്റെ പേരുള്ളവള്‍’ എന്ന കവിത അവരുടെ മരണാനന്തര നിമിഷങ്ങളില്‍ എനിക്ക് എഴുതാന്‍ കഴിഞ്ഞത്. ‘നല്ലയിനം പുലയ അച്ചാറുകള്‍’ എന്ന സമാഹാരത്തില്‍ ആ കവിതയുണ്ട്. ദീദി പറഞ്ഞു, എന്നെക്കൂടി ഉള്‍പ്പെടുത്തിയില്ലെങ്കില്‍ നിന്റെ ഈ നോവലില്‍ വേണ്ടത്ര ജലം നിറയില്ല കേട്ടോ എന്ന്.

സ്വപ്നങ്ങളില്‍ നിന്ന് ചാടിയെണീറ്റ് അടുത്ത അധ്യായങ്ങളിലേയ്ക്ക് കടക്കുമ്പോള്‍, സിനിമ പാപമാണെന്ന് വിശ്വസിക്കുന്ന മതതീവ്രവിശ്വാസിയായ സംവിധായകന്റെ ഭാര്യക്കും സിനിമ തന്നെയാണ് ജീവിതമെന്ന് വിശ്വസിക്കുന്ന സംവിധായകനും അവര്‍ക്കിടയിലെ ശീതസമരങ്ങള്‍ക്കും ഇടയില്‍പെട്ട ഇരുവരുടെയും മകന്‍ ഒസു എന്നെ ദയനീയമായി നോക്കി. ആ ദയനീയത കണ്ടിട്ടാണോ എന്നറിയില്ല ഒസുവെന്ന് മകന് പേരിടാന്‍ കാരണഭൂതനായ ജാപ്പനീസ് സംവിധായകന്‍ യസുജിറോ ഒസുവും നോവലിലേയ്ക്ക് വന്നു.

സംവിധായകന്റെ മരിച്ചുപോയ അപ്പനെ അടക്കിയ കൊച്ചി കടമക്കുടിയിലെ ശ്മശാനത്തോട് ചേര്‍ന്ന പറമ്പിലെ വലിയ കടുംപച്ച ഇലകളുള്ള കടച്ചക്കമരങ്ങള്‍ ഞാനും ഒരിക്കല്‍ കണ്ടിട്ടുണ്ടായിരുന്നു. നോവലിലെ അവസാന അധ്യായങ്ങള്‍ എഴുതിവന്നപ്പോള്‍ ആ മരത്തിലെ കടച്ചക്കകള്‍ വച്ചുണ്ടാക്കിയ കറി അപ്രതീക്ഷിതമായി ഒരു വീട്ടില്‍ നിന്ന് കഴിക്കേണ്ടിവന്നപ്പോള്‍ അതില്‍ തെളിഞ്ഞുവന്ന നെയ്യിന്റെ പാട അപ്പന്റെ നെയ്യ് തന്നെയായി എന്റെ കടലാസിലേക്കും ഒഴുകിവന്നു.

 

ഇനിയാണ് രസത്തിന്റെ രുചിയുള്ള രസം. ഈ നോവല്‍ പ്രസിദ്ധീകരിക്കുംമുമ്പ് ആര്‍ക്കാണ് ചുമ്മാ ഒന്ന് വായിക്കാന്‍ കൊടുക്കേണ്ടത്. മഹാശ്വേതാദേവി സ്വപ്നത്തില്‍ വന്ന് എഴുതിച്ച നോവലല്ലേ. സിനിമ പാപമാണെന്ന് വിശ്വസിക്കുന്ന ഭാര്യയെയും സിനിമ ജീവിതമാണെന്ന് വിശ്വസിക്കുന്ന സംവിധായകനെയും അവര്‍ക്കിടയില്‍ പൊട്ടിവീഴുന്ന കലഹത്തിന്റെ ചായക്കപ്പുകളെയും നാസ വിക്ഷേപിച്ച ഗോള്‍ഡന്‍ റെക്കോഡുമായും റഷ്യ-അമേരിക്കന്‍ ശീതയുദ്ധങ്ങളുമായും സമുദ്രാന്തര്‍വാഹിനികളില്‍ പൊട്ടാന്‍ കാത്തുകിടക്കുന്ന ആണവായുധങ്ങളായുമൊക്കെ പരി(ഭ്രമ)കല്പിച്ചിരിക്കുന്ന ഈ നോവല്‍ സാഹസികമായി ആരാണ് വായിക്കുക.

പുതിയ ഭാവുകത്വത്തിന്റെ സ്‌ഫോടകസാധ്യതയുള്ള മണ്ണില്‍ ചവുട്ടിനിന്നുവേണം വായിക്കാന്‍. ആരായിരിക്കും അങ്ങനെ വായിക്കാന്‍ കഴിവുള്ള യുവതുര്‍ക്കി. പെട്ടെന്ന് മനസ്സിലോര്‍മ്മ വന്നത് തൊണ്ണൂറ്റിയഞ്ചു വയസ്സുള്ള എം. ലീലാവതിടീച്ചറെയാണ്. ബാലചന്ദ്രന്‍ ചുള്ളിക്കാട് യൗവ്വനത്തിന്റെ തുടക്കനാളുകളില്‍ എഴുതിയ ‘അമാവാസി’ എന്ന കവിതയെ ദുര്‍ഗ്രഹപ്പെട്ടിയിലാക്കി കടലിലൊഴുക്കാന്‍ മലയാളത്തിലെ നിരൂപക വിമര്‍ശകസമൂഹം ഒരുങ്ങിയ നാളുകളില്‍ ആ പെട്ടി തുറന്ന് അതിലെ ജീവന്‍ തുടിക്കുന്ന കവിതയുടെ ആത്മാവിനെ കാണിച്ചുതന്ന എഴുത്തുകാരി.

ബാലചന്ദ്രന്‍ ചുള്ളിക്കാട്

എനിക്ക് നേരിട്ട് പരിചയമില്ലാത്തതിനാല്‍ ഒരു സുഹൃത്ത് വഴി ടീച്ചറുടെ കയ്യില്‍ കയ്യെഴുത്തുപ്രതി എത്തിച്ചു. ദിവസങ്ങള്‍ കടന്നുപോയി. ഞാനത് മറന്നു. തൊണ്ണൂറ്റഞ്ചാം പിറന്നാളിന് മാസങ്ങള്‍ക്ക് മുമ്പ് എന്നെ കിടുക്കിക്കൊണ്ട് ആ സുഹൃത്ത് എനിക്ക് തപാലില്‍ ഇരുപത് ഫുള്‍സ്‌കാപ് കടലാസുകള്‍ അയച്ചുതരുന്നു. അതില്‍ അതാ നിറഞ്ഞുകവിഞ്ഞ് ലീലാവതിടീച്ചറുടെ നീലമഷിയിലുള്ള കുഞ്ഞുകുഞ്ഞക്ഷരങ്ങള്‍. ജലഭരദിനരാത്രങ്ങളില്‍ മുങ്ങിക്കുളിച്ചെഴുന്നേറ്റുവന്ന് മുടിച്ചുരുളുകള്‍ മാടിയൊതുക്കിയുള്ള ആഹ്‌ളാദനില്പ്. എന്റെ നോവലിന് ആവശ്യപ്പെടാതെ, ലഭിച്ച അര്‍ത്ഥഗര്‍ഭമായ പ്രവേശിക. അതും ഇക്കാലത്ത് പുതുകവികള്‍ പോലും ഇടാന്‍ ധൈര്യം കാണിക്കാത്ത തരം ശീര്‍ഷകത്തോടെ- ‘സിനിമയെടുപ്പും ചമ്മന്തിയരപ്പും തമ്മിലുള്ള വേഴ്ച്ച’.

എം. ലീലാവതി

ലീലാവതി ടീച്ചറുടെ ദീര്‍ഘമായ ആസ്വാദനക്കുറിപ്പിലെ അവസാന വരികള്‍ എന്നെ ലജ്ജിപ്പിച്ചു തലതാഴ്ത്തി. എം. എസ് ബനേഷ് എന്ന എന്റെ സ്വന്തം പേരിന് എന്തെങ്കിലും അര്‍ത്ഥമുണ്ടോ എന്ന് ഇതുവരെയും എനിക്കറിയില്ലായിരുന്നു. ടീച്ചര്‍ എഴുതി: ‘ബനേഷ് എന്ന പേര് വനേശനെന്ന സംസ്‌കൃതപദത്തിന്റെ വംഗഭാഷാരൂപമാണ്. വനമെന്ന പദത്തിന് ജലമെന്ന് അര്‍ത്ഥം. ജലംവിങ്ങുന്ന രാപകലുകള്‍ ഘോഷിക്കാന്‍ ശംഖഘോഷിനും വനേശനും തുല്യമായ അവകാശമുണ്ട്.’

മലയാളത്തിന്റെ മഹാഎഴുത്തുകാരിയില്‍ നിന്ന് സ്വന്തം പേരിന്റെ നേര് കൃതാര്‍ത്ഥതയോടെ ഞാന്‍ തിരിച്ചറിയുന്നു. പേരിന്റെ വേരുകള്‍ തിരയല്‍ തന്നെയാണല്ലോ എഴുത്തും ജീവിതവും.

ഭാഷയെ സാന്ദമായി ആറ്റിക്കുറുക്കിയ നോവലാണ് ജലഭരദിനരാത്രങ്ങള്‍. അതെഴുതിയ ആള്‍ തന്നെയാണോ പള്‍പ്പ് ഫിക്ഷന്‍ എന്ന് തോന്നിപ്പിക്കുന്ന പ്രേമലേപനം എഴുതിയത് എന്ന് സംശയം തോന്നും. നിരവധി പതിപ്പുകള്‍ ഇറങ്ങിയ പ്രേമലേപനം പോലൊരു നോവല്‍ എന്തുകൊണ്ടാണ് എഴുതിയത്?

ശൈലീബന്ധനങ്ങളുടെ തടവില്‍ കിടക്കുക എന്നത് എനിക്ക് എന്നും വെറുപ്പുള്ള കാര്യമാണ്. ജലഭരദിനരാത്രങ്ങള്‍ക്ക് ശേഷം അതിന്റെ നേരേ വിപരീതത്തിലുളള മറ്റൊരു കഥപറച്ചില്‍ രീതി വേണമെന്ന് തോന്നി. അതാണ് പ്രേമലേപനം.

മനോവിചാരങ്ങളേക്കാള്‍ സംഭവഗതികളുടെ ചടുലതയാണ് ജീവിതമെന്ന് വിചാരിക്കുന്നവര്‍ക്കുള്ളത്. നിശ്ചിതസമയത്തിനുള്ളില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട 100 ടോപ്പ് സെല്ലറുകളില്‍ ആദ്യ 36ല്‍ അത് ഇടംനേടി. അപ്പോഴും പ്രേമലേപനത്തിലെ ഭാഷയില്‍ നിന്ന് ഒരു വാക്കോ അക്ഷരമോ അനാവശ്യമെന്നോ കൊഴുപ്പുള്ളതെന്നോ പറഞ്ഞ് നീക്കാന്‍ കഴിയില്ല. ഫിക്ഷന്റെ രാവണന്‍കോട്ടകളിലൂടെ ഭാവന കൊണ്ട് നടത്തുന്ന ഹരഭരയാത്രകളുടെ ആനന്ദം ആ നോവല്‍ എനിക്ക് തന്നു. ഇപ്പോള്‍ ഉള്ളില്‍ ബാക്കിയുള്ള കഥകളില്‍ ചിലത് ആ വഴിക്കും മറ്റുചിലത് ഭാഷയുടെ അതിസൂക്ഷ്മവഴിക്കുമാണ്. അവ അധികം വൈകാതെ യാഥാര്‍ത്ഥ്യമായേക്കും.


ജലഭര ദിനരാത്രങ്ങള്‍
എം.എസ്. ബനേഷ്
പ്രസാധനം : ഡി.സി ബുക്്‌സ്
വില : 150 രൂപ

പ്രേമലേപനം
എം.എസ്. ബനേഷ്
പ്രസാധനം : ഡി.സി ബുക്്‌സ്
വില : 199 രൂപ

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.