Skip to main content

സിനിമയാണെൻ്റെ ജീവനും ജീവിതവും – ഋത്വിക് ഘട്ടക്ക് / പ്രബീര്‍ സെന്‍ അഭിമുഖം

കല വ്യക്തിപരമാകുന്നതുപോലെ രാഷ്ട്രീയപരവുമാകാം എന്ന് സിനിമയുടെ ഭാഷയിലൂടെ നമ്മെ ഓര്‍മ്മിപ്പിക്കുകയും, സിനിമയുടെ ഭാഷ തന്നെ പുനര്‍നിര്‍വചിക്കുകയും ചെയ്ത പ്രതിഭയായിരുന്നു ഋത്വിക് ഘട്ടക് (1925-1976). സിനിമയിലെ കവിതാത്മക സ്വരം. വിഭജനത്തിന്റെ, ജനിച്ചയിടം നഷ്ടപ്പെടുന്നതിന്റെ, എരിഞ്ഞടങ്ങാന്‍ വിസ്സമ്മതിക്കുന്ന ആഗ്രഹങ്ങളുടെ, വേദനകള്‍ അദ്ദേഹം തന്റെ സിനിമകളില്‍ ഒപ്പിയെടുത്തു. ജുക്തി ടാക്കോ ഗപ്പോ, മേഖേ ദഖാ താര, കോമോള്‍ ഗന്ധാര്‍, സുവര്‍ണ്‍ രേഖ, എന്നിങ്ങനെയുള്ള സിനിമകളിലൂടെ അദ്ദേഹം വ്യക്തിപരമായ ദുഖകഥകളെ കവിത തുളുമ്പുന്ന സിനിമകളാക്കി. റിയലിസം, മിത്ത്, സംഗീതം, രൂപകാലങ്കാരം എല്ലാം അദ്ദേഹത്തിന്റെ സിനിമകളില്‍ കാണാനാകും. പിന്നീടു വന്ന തലമുറകളെപ്പോലും സ്വാധീനിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സിനിമാനിര്‍മ്മാണ രീതി. 1970 ല്‍ പത്മശ്രീ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. പക്ഷേ എങ്കിലും ജീവിച്ചിരുന്ന കാലങ്ങളില്‍ അദ്ദേഹത്തിന്റെ കൃതികള്‍ തമസ്‌കരിക്കപ്പെടാനുള്ള ഉത്സുകത അധികമായിരുന്നു എന്ന് കരുതപ്പെടുന്നു. 1975 ല്‍ അദ്ദേഹം നല്‍കിയ ഒരു അഭിമുഖത്തിലെ പ്രസക്തഭാഗങ്ങളാണിവിടെ ചേര്‍ത്തിരിക്കുന്നത്.

ഭാഗം 1: സ്വന്തം സിനിമകള്‍

എന്തിനാണു സിനിമ നിര്‍മ്മിക്കുന്നത്?

എന്തിനാണെന്നോ? എനിക്ക് തീര്‍ത്തും ഭ്രാന്തായതിനാല്‍. സിനിമ നിര്‍മ്മിക്കാതെ എനിക്ക് ജീവിക്കാനാകില്ല. നമ്മള്‍ എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കണ്ടെ? അതിനാല്‍ ഞാന്‍ സിനിമ നിര്‍മ്മിക്കുന്നു. അതല്ലാതെ മറ്റു കാരണങ്ങളൊന്നുമില്ല.

ഒരു സിനിമ നിര്‍മ്മിക്കാന്‍ തയ്യാറെടുത്ത് അതിനായുള്ള വിഷയം തിരയുമ്പോള്‍ എന്തിനായാണന്വേഷിക്കുക? എന്തിനെയാണു കാണാന്‍ ശ്രമിക്കുക?

മനുഷ്യരെ. വര്‍ത്തമാനകാല ജീവിതത്തിലെ ക്‌ളേശങ്ങളേയും ദുരിതങ്ങളെയും. അതെല്ലാം പിന്നെ ”എന്റെ കഴിവിന്റെ പരാമാവുധി”യ്ക്കനുസരിച്ച് പറയാന്‍ ശ്രമിക്കുന്നു. എന്റെ രാജ്യത്തെ സ്ത്രീ പുരുഷന്മാരെക്കുറിച്ച് മാത്രമാണെന്റെ വേവലാതി. അല്ലാതെ ഒന്നുമില്ല. എന്റെ നാട്ടുകാര്‍ എന്നെ സ്വീകരിക്കുമോ തിരസ്‌കരിക്കുമോ എന്നതൊന്നും എനിക്ക് പ്രശ്‌നമല്ല. എന്റെ വിഷയം എന്റെ നാട്ടിലെ സ്ത്രീകളും പുരുഷന്മാരുമാണ്. അല്ലാതെ എന്താണെന്റെ കൈവശമുള്ളത്?

സിനിമാ നിര്‍മ്മാണത്തിന്റെ പ്രാഥമിക ലക്ഷ്യം എന്തായിരിക്കണം?

പ്രാഥമിക ലക്ഷ്യം മനുഷ്യനു നന്മ വരണം എന്നതു തന്നെ. മാനവവംശത്തിനു നല്ലതു ചെയ്യാനാകുന്നില്ലെങ്കില്‍ ഒരു കലയും യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ കലയാകുന്നില്ല. കല ആദ്യം സത്യത്തിനോടും അതിനു ശേഷം മാത്രം സൗന്ദര്യത്തിനോടും വിശ്വാസ്യത പുലര്‍ത്തണം എന്ന് രബീന്ദ്രനാഥ് പറഞ്ഞിട്ടുണ്ട്. ഇത് ഒരു കലാകാരന്റെ സ്വന്തം ചിന്തകളില്‍ നിന്നും ധ്യാനത്തില്‍ നിന്നും വരുന്നതാണ്. സത്യമെന്നതൊരിക്കലും നിതാന്തമായ സ്ഥിരതയാകുന്നില്ല എന്നതിനാലും ഈ ലോകം എപ്പോഴും മാറിക്കൊണ്ടിരിക്കുന്നതിനാലും, ആത്മനിഷ്ഠമായതിനാലും, ഒരാള്‍ക്ക് അവരുടെ ജീവിതത്തിലെ ആഴമേറിയ ചിന്തകളും മനസിലാക്കലുകളും അനുസരിച്ചുള്ള വ്യക്തിപരമായ സത്യങ്ങളുണ്ടാകും. ആ സത്യത്തെ പൂര്‍ണ്ണമായും ബോധ്യപ്പെടുന്നതിനു ശേഷം മാത്രം സ്വീകരിക്കണം. കല എന്നത് ഒരു നിസ്സാര വസ്തുവല്ല.

ഒരു കഥ അല്ലെങ്കില്‍ നോവല്‍ സിനിമയാക്കുമ്പോള്‍ താങ്കള്‍ എന്തിനാണു പ്രാധാന്യം നല്‍കുന്നത്? അതിന്റെ സാഹിത്യ മൂല്യത്തിനോ അതോ അതിനെ മറ്റൊരു കലാരൂപമായി പരിവര്‍ത്തിപ്പിക്കുന്ന പ്രക്രിയയ്‌ക്കോ?

ഇവ രണ്ടും തമ്മില്‍ ഒരു വ്യത്യാസവും എനിക്ക് കാണാനില്ല. ഇതെല്ലാം മനുഷ്യജീവിതത്തിന്റെ വിവിധങ്ങളായ പ്രകടനങ്ങളാണ്. ഞാന്‍ ഏത് മാധ്യമം ഉപയോഗിക്കുന്നു എന്നതിനൊരു പ്രാധാന്യവുമില്ല. മാനവ സ്‌നേഹം എന്നതിനേ പ്രാധാന്യമുള്ളു. നിത്യവുമുള്ള അദ്ധ്വാനം, അടിമവേലപോലെയുള്ള ജോലി, അതാണോ ജീവിതം? സ്‌നേഹിക്കുന്നെങ്കില്‍ നിങ്ങള്‍ അതിനായി എല്ലാം സമര്‍പ്പിക്കണം. ഹൃദയം നിറഞ്ഞ് സ്‌നേഹിക്കണം. അങ്ങനെയൊക്കെ ചെയ്യാനായിട്ടുണ്ടോ എന്നെനിക്കറിയില്ല.

മേഖേ ദഖാ താര, കോമോള്‍ ഗന്ധാര്‍, സുവര്‍ണ രേഖ എന്നിവ തമ്മില്‍ ആഴത്തിലുള്ള ബന്ധം എന്തെങ്കിലുമുണ്ടോ? ഉണ്ടെങ്കില്‍ ഒന്ന് വിശദീകരിക്കാമോ?

തീര്‍ച്ചയായും അടുത്ത ബന്ധമുണ്ട്. മേഖേ ദഖാ താര പൂര്‍ണ്ണമായും എന്റേതാണ്. എന്റെ അവബോധമനസ്സിന്റേത്. കോമോള്‍ ഗന്ധാര്‍ വളരെ ബോധപൂര്‍വ്വമുള്ളതായിരുന്നു. ഒരു സ്ത്രീയുമൊത്തുള്ള എന്റെ വിവാഹത്തിനതുമായി അടുത്ത ബന്ധമില്ല. സുവര്‍ണ രേഖ വളരെ ഗൗരവമുള്ള ഒന്നാണ്. അതിനായി എനിക്ക് കഠിനാദ്ധ്വാനം ചെയ്യേണ്ടി വന്നു. മാനസികമായ കഠിനാദ്ധ്വാനം. അതിനു പുറകിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്. അല്ലാതെ ശാരീകമായ കഠിനാദ്ധ്വാനമില്ല. അതൊന്ന് പ്രാവര്‍ത്തികമാക്കാന്‍ എനിക്ക് മാനസികമായി ബുദ്ധിമുട്ടേണ്ടി വന്നു. അത് വിജയിച്ചോ എന്നെനിക്കറിയില്ല. പക്ഷേ സുഹൃത്തേ, യാഥാര്‍ത്ഥ്യമെന്തെന്നാല്‍ എനിക്ക് കുറേ അദ്ധ്വാനിക്കേണ്ടി വന്നിട്ടുണ്ട് എന്നതാണ്.

പക്ഷേ പരസ്പര ബന്ധം?

ഈ മൂന്നും തമ്മില്‍ ഒരേയൊരു ബന്ധമേയുള്ളു. രണ്ടു ബംഗാളുകളുടേയും ഏകീകരണമാവ. എനിക്ക് ഈ രണ്ടു ബംഗാളുകളും ഒന്നാകണം. ഇവ രണ്ടിനേയും ഞാന്‍ ഒരു പോലെ സ്‌നേഹിക്കുന്നു സുഹൃത്തേ… അതാണു ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്, മരണം വരെ ഞാന്‍ പറയാനുദ്ദേശിക്കുന്നതും അതു തന്നെ. എനിക്ക് മറ്റൊന്നിനെക്കുറിച്ചും അറിയേണ്ടതില്ല…പണം വേണ്ട. അതെല്ലാം എനിക്ക് പോരാടി നേടാനാകും. അതിവിടെയാണെങ്കിലും ധാക്കയിലാണെങ്കിലും ഋത്വിക്കിനു ചെയ്യാനാകും. എന്നെ പുറം കാലുകൊണ്ടു തൊഴിക്കേണ്ടവര്‍ അതു ചെയ്‌തോട്ടെ. അതൊന്നും എന്റെ പ്രശ്‌നമല്ല.

താങ്കളുടെ മിക്കവാറും സിനിമകളില്‍ ബംഗാള്‍ വിഭജനം മൂലമുണ്ടായ ക്‌ളേശങ്ങളും വേദനയും ചിത്രീകരിച്ചിരിക്കുന്നു. നമ്മുടെ ഇപ്പോഴത്തെ അവസ്ഥ തീരുമാനിക്കുന്നതില്‍ വിഭജനം പ്രത്യേകം പ്രാധാന്യമുള്ളതായിട്ടുണ്ടോ?

തീര്‍ച്ചയായും. ഞാന്‍ എന്നെന്നും അതിനെ ശക്തമായി എതിര്‍ത്തിരുന്നു. എന്റെ അവസാനത്തെ സിനിമയില്‍ (ജുക്തി ടാക്കോ ഗപ്പോ) ഞാനതിനെ ആക്രമിച്ചിട്ടുണ്ട് എന്നെനിക്ക് തോന്നുന്നു. രാഷ്ട്രീയ ഏകീരണത്തെക്കുറിച്ചുള്ള ചര്‍ച്ചകളുടെയൊന്നും ഭാഗമല്ല ഞാന്‍. അതിനു കാരണം എനിക്കതൊന്നും മനസിലാകുന്നില്ല എന്നതാണ്. അതിന്റെയൊന്നും ആവശ്യവും എനിക്കില്ല. എന്നാല്‍ സാംസ്‌കാരിക ഏകീകരണത്തില്‍ എനിക്ക് തീവ്രമായ ആസക്തി തന്നെയുണ്ട്. രണ്ട് ബംഗാളുകളിലും ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നേക്കാള്‍ കൂടുതല്‍ അതു ചെയ്തവര്‍ ആരുമുണ്ടാകില്ല. എന്നേക്കാള്‍ നന്നായി ബംഗ്‌ളാദേശിനെ അറിയുന്നവര്‍ ഇവിടെയുണ്ടാകില്ല. ഞാനവിടെ താമസിച്ച് ജോലി ചെയ്തതും അവിടെ കണ്ടതും, അവിടത്തെ ആണ്‍ പെണ്‍ കുട്ടികള്‍ക്കൊപ്പം പ്രത്യേകിച്ചും
പെണ്‍കുട്ടികള്‍ക്കൊപ്പം പ്രവര്‍ത്തിച്ചതും മറ്റാര്‍ക്കും ചെയ്യാനാകാത്ത വിധത്തിലാണ്.

Jukti Takko Aar Gappo

അവരാരും അതൊന്നും കണ്ടിട്ടേയുണ്ടാകില്ല. ഇനിയു കുറച്ച് ദിവസം കഴിഞ്ഞാല്‍ ഞാന്‍ വീണ്ടും അവിടേക്ക് പോകും. എന്നാല്‍ കാര്യം അതല്ല. വിഷയം ഞാന്‍ എന്റെ പല സിനിമകളിലും പറഞ്ഞിട്ടുള്ളതാണ്. രണ്ട് ബംഗാളുകളും തമ്മിലുള്ള കിടമത്സരത്തിനെ ഉത്തേജിപ്പിച്ചത് ഒരു വലിയ വഞ്ചനയാണ്. ആകെ ഒരേ ഒരു ബംഗാളേയുള്ളു. ശ്രമിച്ചാല്‍ സ്‌നേഹത്തിന്റേയും കരുണയുടേയും അടിസ്ഥാനത്തില്‍ നമുക്കതിനെ ഏകോപിപ്പിക്കാനാകും. സ്‌നേഹവും കരുണയും എന്നുമുണ്ടായിരുന്നു. എന്നാല്‍ തീര്‍ത്തും തെമ്മാടിത്തരമായ മാര്‍ഗങ്ങളിലൂടെ അതിനെ വിഭജിച്ചിരിക്കുന്നു. ഇത് വളരെ കൃത്രിമമാണ്. അതിനു മാപ്പു നല്‍കാന്‍ പോലും ആര്‍ക്കും അര്‍ഹതയില്ല. ഇപ്പോള്‍ ചരിത്രപരമായി ഇരുപത്തിയഞ്ചോ ഇരുപത്തിയേഴോ വര്‍ഷം പിന്നിട്ടിരിക്കുന്നു. അതെല്ലാം കഴിഞ്ഞില്ലേ, ഇനിയെന്തു ചെയ്യാനാകും എന്നൊക്കെ ചര്‍ച്ചകളുണ്ടാകുന്നു. പക്ഷേ ബംഗാളില്‍ സംസ്‌കാരത്തെ വിഭജിക്കാനാകില്ല. അതൊറ്റ സംസ്‌കാരമാണ്.

സുവര്‍ണരേഖയുടെ അവസാന ഷോട്ടില്‍ ബിനുവിന്റെ അമ്മാവന്‍ പുതുലോകത്തെക്കുറിച്ച് ബിനുവിനോട് സംസാരിച്ചുകൊണ്ടിരുന്നത് നുണപറയുകയായിരുന്നു എന്ന് താങ്കള്‍ ഒരിടത്ത് പരാമര്‍ശിച്ചത് ഓര്‍മ്മ വരുന്നു. അതുമായി ബന്ധപ്പെട്ട് നമ്മള്‍ അവസാനിച്ചിരിക്കുന്നതിനാല്‍ പുതിയ പോംവഴികള്‍ നമ്മളായി നിര്‍ദ്ദേശിക്കുകയില്ല എന്നും താങ്കള്‍ പറയുകയുണ്ടായി. അങ്ങനെയാണു വിശ്വസിക്കുന്നതെങ്കില്‍, താങ്കള്‍ സ്വന്തം ആനന്ദത്തിനു വേണ്ടി മാത്രമാണോ സിനിമകള്‍ നിര്‍മ്മിക്കുന്നത്? താങ്കളുടെ സിനിമകള്‍ കാണുമ്പോള്‍ ഞങ്ങള്‍ക്ക് മറിച്ചാണു തോന്നുന്നത്.

അതെയതെ. രണ്ടും ശരിയാണ്. എന്റെ സിനിമകള്‍ കണ്ടുകഴിഞ്ഞാല്‍ എനിക്കും ആഹ്‌ളാദമുണ്ടാകാറുണ്ട് എന്നതാണു സത്യം. ആനന്ദാനുഭവത്തില്‍ നിന്ന് വേര്‍പ്പെടുത്തിയാല്‍ കലയില്ല. അതേ സമയം മനുഷ്യര്‍ക്ക് നല്ലതു ചെയ്യുന്നതിനെ നിങ്ങള്‍ക്ക് മറക്കാനുമാകില്ല. മാനവകുലത്തിനോട് സ്‌നേഹമില്ലെങ്കില്‍ നിങ്ങള്‍ക്കെങ്ങനെ എന്തെങ്കിലും പ്രവൃത്തി ചെയ്യാനാകും? സൃഷ്ടി നടത്തണമെങ്കില്‍ ഭ്രാന്തെടുത്തതുപോലെ സ്‌നേഹിക്കണം. അതിനൊരു മറുവശവുമുണ്ടെന്ന് സമ്മതിക്കുന്നു. പക്ഷേ ഇവ രണ്ടും തമ്മില്‍ വൈരുദ്ധ്യങ്ങളില്ല. കലയെ സൃഷ്ടിച്ചുകൊണ്ടിരിക്കെ എനിക്കെന്തുകൊണ്ട് നിങ്ങളെ സ്‌നേഹിച്ചുകൂടാ? അതില്‍ സഹജമായ വൈരുദ്ധ്യമുള്ളതായി എനിക്ക് കാണാനാകുന്നില്ല.

ഇന്ത്യന്‍ സിനിമാ ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍, താങ്കളുടെ സിനിമകളെല്ലാം വൃതിക്രമങ്ങളായി മാറി നില്‍ക്കുന്നു. അവയില്‍ തന്നെ ജുക്തി ടാക്കോ ഗപ്പോ വേറിട്ടും നില്‍ക്കുന്നു. എന്തു തോന്നുന്നു?

എനിക്ക് ഒരഭിപ്രായവുമില്ല. അതൊക്കെ മറ്റുള്ളവര്‍ തീരുമാനിക്കേണ്ടതാണ്. എനിക്ക് സിനിമ നിര്‍മ്മിക്കണമായിരുന്നു. ഞാനത് ചെയ്തു. അവയ്ക്ക് എന്തെങ്കിലും മൂല്യമുണ്ടോ എന്നൊക്കെ നിങ്ങള്‍ തീരുമാനിച്ചോളൂ. എനിക്കെങ്ങനെ അതറിയാം. ഒരു കലാകാരനോടൊരിക്കലും അയാളുടെ കൃതിയെക്കുറിച്ച് ചോദിക്കരുത്. അയാള്‍ എപ്പോഴും പക്ഷപാതിയായിരിക്കും. അത് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. അതിനെ നിങ്ങള്‍ ഇഷ്ടപ്പെടുകയോ വെറുക്കുകയോ ചെയ്‌തോളൂ. പ്രതികരണങ്ങള്‍ നിങ്ങളുടെ സ്വന്തമാണ്. ചിലര്‍ക്ക് വല്ലാതെ അരോചകത്വം അനുഭവപ്പെടും ചിലര്‍ ആഹ്‌ളാദിക്കും. അതൊക്കെ ചിന്തിച്ച് ഞാനെന്തിനു വേവലാതിപ്പെടണം?

പക്ഷേ ഈ സിനിമയില്‍ താങ്കള്‍ രൂപം മാറ്റിയിരിക്കുന്നു.

ഓരോന്നും വ്യതിരിക്തമാണ്. രൂപം വരുന്നത് അതിന്റെ വിഷയം, തത്ത്വശാസ്ത്രം, പ്രതിഫലനം എന്നിവയില്‍ നിന്നാണ്. വിഷയത്തിനനുയോജ്യമെന്ന് എനിക്കു തോന്നിയ ഒരു രൂപം ഞാന്‍ തിരഞ്ഞെടുക്കുന്നു. അതിനാല്‍ രൂപമാറ്റത്തെക്കുറിച്ച് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. അത് ഉള്ളടക്കം നിര്‍ബന്ധിക്കുന്നതാണ്.

നായക വേഷം താങ്കള്‍ തന്നെ ചെയ്യേണ്ടുന്നത് ഒഴിച്ചുകൂടാനാകാത്തതായിരുന്നോ?

അതെ എന്ന് എനിക്ക് തോന്നുന്നു. അതിനു കാരണം ആ കഥാപാത്രാത്തിലൂടെ ഞാന്‍ സംവദിക്കാന്‍ ആഗ്രഹിച്ചിരുന്ന ചിന്തകളും വാക്കുകളും പ്രകടമാക്കാനാകുന്ന ഒരാളെയും എനിക്ക് കല്‍ക്കട്ടയില്‍ കണ്ടെത്താനായില്ല എന്നതാണ്. അതുപോലെ തന്നെ മൊനിദിയ്‌ക്കൊഴികെ (തൃപ്തി മിത്ര) മറ്റൊരാള്‍ക്കും ഭാര്യയുടെ വേഷം ചെയ്യാനാകില്ലായിരുന്നു. നടിമാര്‍ അനേകമുണ്ടെങ്കിലും അതാണു സത്യം. അത് രണ്ടും മാത്രമാണ് ഗൗരവമുള്ള വേഷങ്ങള്‍. മോനിദിയുടേയും എന്റേയും. നിങ്ങള്‍ ഒരു പഴയ കമ്മ്യൂണിസ്റ്റുകാരനല്ലെങ്കിലും, ആ പോരാട്ടത്തില്‍ നിന്ന് പുറത്തുവന്നിട്ടില്ലെങ്കിലും അങ്ങനെയൊരു ഭാഗം അഭിനയിക്കാന്‍ നിങ്ങള്‍ക്കാകില്ല. മറ്റുള്ളവരെ നിര്‍ബന്ധിച്ച് അഭിനയിപ്പിക്കാം. എന്നാല്‍ അതിലൊരു കൃത്രിമത്വമുണ്ടാകും. എന്റെ മനസ്സില്‍ മധാബിയുണ്ടായിരുന്നു. പക്ഷേ ഞാന്‍ പറഞ്ഞത് അവര്‍ക്ക് മനസിലാക്കാനായില്ല. അതേ സമയം മോനിദിയുടെ ഒരൊറ്റ ഭാവം എനിക്കാവശ്യമുള്ള കൗശലം ചെയ്തു. ഞങ്ങള്‍ ഒന്നിച്ചാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. മിക്കവാറും ഒരേ കാലത്താണതില്‍ നിന്ന് വിട്ടുപോന്നതും. ബംഗാളിലെ വിഷണ്ണമായ ഈ അവസ്ഥയിലെത്തിച്ചേരാന്‍ ഞങ്ങള്‍ സ്വീകരിച്ചിട്ടുള്ള നിര്‍ഭാഗ്യകരമായ പാതകളെന്തെന്ന് ഞങ്ങള്‍ ഇരുവര്‍ക്കുമറിയാമായിരുന്നു. അതിനാല്‍, മറ്റൊരാള്‍ക്ക് ആ ഭാഗം അഭിനയിക്കാനാകില്ല എന്നു തന്നെ ഞാന്‍ കരുതുന്നു.

അമര്‍ ലെനിന്‍. എന്തുകൊണ്ടാണ് ഞങ്ങള്‍ക്കാ സിനിമ കാണാനാകാഞ്ഞത്. അത് പുറത്തിറക്കാന്‍ ഒരു മാര്‍ഗ്ഗവുമില്ലേ?

അതോ…വളരെയധികം പ്രശ്‌നങ്ങളുണ്ട്. അത്…പറയാം…മൊറാര്‍ജി ദേശായിയുമായി ബന്ധപ്പെട്ടതാണ്. സെന്‍സര്‍ ബോഡ് അമര്‍ ലെനിന് അനുമതി നല്‍കി. ഞാന്‍ അതുമായി ഡല്‍ഹിയിലെത്തി. കോണ്‍ഗ്രസ്സിലെ പിളര്‍പ്പിനും മുമ്പായിരുന്നു അത്. ഞാന്‍ ആ സിനിമ പ്രദര്‍ശിപ്പിച്ചു. പോളിഷ് സാംസ്‌കാരിക പ്രതിനിധി അതു കണ്ട് ആവേശത്തിലായി. അയാള്‍ക്ക് ബംഗാളി നല്ലപോലെ അറിയാം. പിറ്റേന്നു തന്നെ ആ സിനിമ പോളണ്ട്, ചെക്കോസ്‌ളോവേക്യ, റഷ്യ എന്നിവിടങ്ങളിലേക്കയാക്കാന്‍ അയാള്‍ പദ്ധതിയിട്ടു തുടങ്ങി. അപ്പോഴാണ് മൊറാര്‍ജി ദേശായി ഒരു കത്തയച്ചിരിക്കുന്നു എന്നു ഞാന്‍ കണ്ടെത്തിയത്.

ഇന്ദിര എന്നോട് ”ഋത്വിക് ഈ സിനിമ നിരോധിച്ചിരിക്കുന്നു” എന്ന് പറഞ്ഞത്.

”എന്തസംബന്ധമാണിത്! നിങ്ങള്‍ എനിക്കു വേണ്ടി എന്തെങ്കിലും ചെയ്തു തരണം. ഇത് അസംബന്ധമാണ്” എന്ന് ഞാന്‍ പ്രതികരിച്ചു.

അക്കാലത്ത് ചീഫ് സെക്രട്ടറി ഹക്‌സര്‍ സാഹിബായിരുന്നു. എന്നോട് വലിയ സ്‌നേഹമുള്ള മനുഷ്യന്‍. എനിക്ക് പിതൃതുല്യനായിരുന്നു അദ്ദേഹം. അദ്ദേഹം വിഷയം മോറാര്‍ജിക്കരികിലെത്തിച്ചു. അപ്പോള്‍ ആ പെണ്‍കുട്ടി, എന്താണവരുടെ പേര്‍?

അതെ, നന്ദിനി, അവരിപ്പോള്‍ ഒറീസ്സയിലാണ്, എന്നെ വിളിച്ചു. ”എനിക്കെന്ത് ചെയ്യാനാകും ഋത്വിക്” എന്ന് ചോദിച്ചു.

”നിങ്ങള്‍ക്കെന്തു വേണമോ അത് ചെയ്‌തോളൂ” എന്നായി അവര്‍. അതിനിടയില്‍ അദ്ദേഹത്തിന്റെ മുറിയില്‍ നിന്ന് ഹക്‌സര്‍ സാഹിബുമെത്തി.

”ഇതില്‍ അന്യായങ്ങള്‍ ഒന്നുമില്ലല്ലോ? എന്താണിതിനൊരു കുഴപ്പം?” എന്നദ്ദേഹം ചോദിച്ചു.

അതിനു ശേഷം അത് റഷ്യയില്‍ വില്‍ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ചില സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ക്കും അത് വാങ്ങണമെന്ന ആഗ്രഹമുണ്ടായി. ആ പണം ലഭിച്ചാല്‍ എനിക്കെന്റെ കുടുംബത്തിന് ദീര്‍ഘകാലം ഭക്ഷണം വാങ്ങാനുള്ളതുണ്ടാകുമായിരുന്നു. പക്ഷേ മൊറാര്‍ജി അതിനെ നിരോധിച്ചു. എന്നിരുന്നാലും ഹക്‌സറും നന്ദിനിയും എനിക്ക് മുപ്പതിനായിരം രൂപ തന്നു. അതിനൊപ്പം കുറേ ചീത്തപ്പേരും. അതുപയോഗിച്ച് എനിക്ക് കുറച്ച് മദ്യം വാങ്ങാനാകും. എന്റെ ഭാര്യയേയും സന്തോഷിപ്പിക്കാനാകും. അത്ര മാത്രം. ഇതൊക്കെ ജീവിതത്തിന്റെ ഭാഗമാണ്. ഒന്നും ചെയ്യാനാകില്ല. ലഭിച്ചതില്‍ നിന്ന് കുറച്ചു പണം ഞാന്‍ ചിലവിട്ടു. തിരിച്ചു വന്നു. കല്‍ക്കട്ടയിലേക്ക് പറന്നെത്തി. കുറച്ചു പണം അവള്‍ക്ക് നല്‍കി ഇനി ഒരു മാസത്തേക്കെങ്കിലും എന്നെ ശല്യം ചെയ്യരുതെന്ന് പറയാനാണെത്തിയത്. ഇതൊക്കെ തൊഴില്‍ സംബന്ധിയായ അപായങ്ങളാണ്.

അടുത്ത സിനിമയെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയോ?

ഉവ്വ്. അതിനെക്കുറിച്ച് ചില ആലോചനകളുണ്ടായി. ഒന്നര വര്‍ഷം മുമ്പ് – അതോ ഒരു വര്‍ഷം മുമ്പോ എന്നെനിക്ക് ഉറപ്പില്ല, ഞാനപ്പോള്‍ ആശുപത്രിയിലായിരുന്നു – ബിഷ്ണുപ്രിയ എന്നു പേരുള്ള ഒരു പെണ്‍കുട്ടിയെക്കുറിച്ച് വര്‍ത്തമാന പത്രത്തില്‍ വായിക്കുകയുണ്ടായി. നബാദ്വീപിനരികിലുള്ള ഒരു ഗ്രാമത്തിലെ പെണ്‍കുട്ടി. ഒരു പറ്റം തെമ്മാടികള്‍, ഈയ്യിടെയായി പുതിയ കോണ്‍ഗ്രസ് ഗുണ്ടകളായവര്‍, ആ പെണ്‍കുട്ടിയെ പിന്തുടരാന്‍ തുടങ്ങി. അവളാകെ ചെയ്ത തെറ്റ് അവളൊരു പാവം ബ്രാഹ്‌മണന്റെ മകളായിരുന്നു എന്നതും അവര്‍ക്ക് ഗ്രാമം വിട്ടുപോകാന്‍ ഒരു മാര്‍ഗ്ഗവുമില്ലായിരുന്നു എന്നതും മാത്രം. സുന്ദരിയായിരുന്നു അവള്‍. അതിനാല്‍ ഈ ”പുതു കോണ്‍ഗ്രസ്സുകാര്‍ എന്ന് കരുതിയിരുന്ന” തെമ്മാടികള്‍ അവളെ കളിയാക്കാനാരംഭിച്ചു. അവര്‍ അവളെ അവളുടെ വീടിനരികിലുള്ള ഒരു മൂലയിലേക്ക് പിന്തുടര്‍ന്നെത്തിച്ചു.

ആ പെണ്‍കുട്ടി അപ്പോള്‍ ”ശരി, ഞാനൊന്ന് വീടിനകത്തു കയറി ഒരു സാരി ചുറ്റട്ടെ” എന്നവരോട് പറഞ്ഞു.

എന്നിട്ട് പുറകിലെ വാതിലിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ചു. പക്ഷേ ആ തെമ്മാടികള്‍ അവളെ പിടികൂടി. ഒരു കുറ്റിക്കാട്ടിലേക്കു കൊണ്ടുപോയി. അവര്‍ അവളെ ആസ്വദിച്ചു. അഞ്ചുപേരും തുടര്‍ച്ചയായി. ഇതിനിടയില്‍ സത്യജഗ് എന്ന വര്‍ത്തമാനപത്രത്തിലെ റിപോര്‍ട്ടര്‍ അവിടെയെത്തി. അയാളും ആ ഗ്രാമത്തില്‍ നിന്നുള്ളവനായിരുന്നു. അയാള്‍ വരുന്ന സ്വരം കേട്ടപ്പോള്‍ അവര്‍ ആ പെണ്‍കുട്ടിയുടെ ശരീരത്തിലേക്ക് മണ്ണെണ്ണയൊഴിച്ചു. തീകൊളുത്തി അവളെ കൊന്നു. ഈ കഥ ഞാന്‍ സിനിമയാക്കും. ലോകേഷ് ഘടക്കിനോട് തിരക്കഥയെഴുതാന്‍ പറഞ്ഞിട്ടുണ്ട്. ഇത് വര്‍ത്തമാന പത്രങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു യാഥാര്‍ത്ഥ്യമാണ്. സത്യജഗ് ഇതിനെക്കുറിച്ച് കുറേ എഴുതുകയുണ്ടായി.

അതിന് ചരിത്രത്തിന്റെ ഭാഗമായ ബിഷ്ണുപ്രിയയുമായി ബന്ധമുണ്ടാകുമോ?

തീര്‍ച്ചയായും. സ്വാഭാവികമായും. ശ്രീ ചൈതന്യയുടെ ആദ്യഭാര്യയായിരുന്ന ലക്ഷ്മിപ്രിയ പാമ്പുകടിയേറ്റാണു മരിക്കുന്നത്. അതിനു ശേഷം അയാള്‍ ലക്ഷ്മിപ്രിയയുടെ അനുജത്തിയെ വിവാഹം കഴിച്ചു. ശ്രീ ചൈതന്യ ദേബിനു സമാനനായി അവിടെ ആരുമില്ലായിരുന്നു എന്ന് നിങ്ങള്‍ക്കറിയാമല്ലോ. പതിനഞ്ചാം നൂറ്റാണ്ടിലെ ബംഗാളില്‍ അയാളുടെ സ്ഥാനത്തിനരികിലെത്തുന്ന ആരുമില്ലായിരുന്നു. ബിഷ്ണുപ്രിയ എന്നായിരുന്നു അയാളുടെ രണ്ടാം ഭാര്യയുടെ പേര്. ”ഭാഗ്യമെന്ന് പറയട്ടെ” അതേ ഗ്രാമത്തില്‍ നിന്ന് മറ്റൊരു ബിഷ്ണുപ്രിയ കൊല്ലപ്പെടുന്നു. നിങ്ങള്‍ ഏത് ഗ്രാമത്തിലേക്ക് പോയാലും ഒരു നാടോടി ഗാനം കേള്‍ക്കാനാകും.

”സച്ചി മാത ഗൊ, ആമി ജൂഗെ ജൂഗെ ഹോയി ജനോമൊ ധുഖിനി” എന്ന ഗാനം.

ബംഗാളിലെ എല്ലാ ഗ്രാമങ്ങളിലും നിങ്ങള്‍ക്കത് കേള്‍ക്കാനാകും. പ്രതിനിര്‍ദ്ദേശങ്ങള്‍ അനവധിയുണ്ടാകും. ഞാന്‍ ലോകേഷിന് ഒരു ചെറിയ സംഗ്രഹം മാത്രമേ നല്‍കിയിട്ടുള്ളു. എല്ലാ വിശദാംശങ്ങളും ഇപ്പോള്‍ അയാളുടെ കൈവശമില്ല. നബ ന്യായ് ഇപ്പോള്‍ ബംഗാളില്‍ പിറവികൊണ്ടതേയുള്ളു എന്നറിയാമല്ലോ. നബാദ്വീപില്‍ ഉജ്ജ്വലരായ ബുദ്ധിജീവികള്‍ നിറയുയുണ്ടായിരുന്നു. ഒന്നല്ല, നൂറുകണക്കിന്. അവരെല്ലാം വളരെ വിദ്യഭ്യാസമുള്ള പണ്ഡിതരായിരുന്നു. അവര്‍ നദിക്കരയിലിരുന്ന് ചര്‍ച്ചകള്‍ നടത്താറുണ്ട്. നിമൈ സന്യാസി അവരില്‍ ഒരുവനായിരുന്നു. സ്മാര്‍ത്ത രഘു മണിയായിരുന്നു അവസാനത്തെ മഹാനായ സ്മാര്‍തൊ പണ്ഡിറ്റ്. അയാളുടെ അവസാനത്തെ കൃതി സ്മൃതിയെക്കുറിച്ചായിരുന്നു. ഇതെല്ലാം ഞാന്‍ ഉള്‍പ്പെടുത്തും. ഇന്നത്തെ ജീവിതവും അന്നത്തേയും. അതെല്ലാം ഓരം ചേര്‍ത്ത് വയ്ക്കും. അത് നന്നായി എഴുതേണ്ടി വരും. ന്യായ്, നബ ന്യായ് – വലിയ സംഭാവനകളാണതെല്ലാം. ബംഗാളില്‍ നിന്ന് മാത്രമുള്ളത്. സമകാലിക ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതിനെയൊക്കെ സ്പര്‍ശിക്കും. അതാണ് വിഷയം. അതിനെക്കുറിച്ചെല്ലാം ഇപ്പോഴേ സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ല.

ബിഭൂതി ഭൂഷണ്‍ ബന്ധോപാധ്യായ്, മണിക് ബന്ധോപാധ്യായ് എന്നിവര്‍ എഴുതിയ കഥകള്‍ സിനിമകളാക്കണം എന്നെപ്പോഴും ചിന്തിച്ചിട്ടുണ്ടോ?

ചിഹ്ന (മണിക് ബന്ധോപാധ്യായുടെ ഒരു ചെറുകഥ) സിനിമയാക്കണം എന്നുണ്ട്. പക്ഷേ അതിനുള്ള പണം കണ്ടെത്തണം. അത്തരത്തിലുള്ള വ്യാപാരികളെ ആവശ്യമായി വരുന്നു എന്ന് നിങ്ങള്‍ക്കറിയാമല്ലോ. ചിഹ്ന ഇപ്പോള്‍ ആരും ഓര്‍ക്കുന്നില്ല. ആരും. അതുപോലെ പുതുല്‍ നാചേര്‍ ഇതികഥയും. ബിഭൂതി ബാബുവിന്റെ ആരണ്യകം ചെയ്യണം എന്ന് എനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. പ്രബാസി എന്ന ആനുകാലികത്തില്‍ അത് വന്നുകൊണ്ടിരുന്നപ്പോഴേ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ മറ്റാരോ അത് ചെയ്തു. അതുപോലെ അദ്ദേഹത്തിന്റെ ജാത്രാബദലും. വായിച്ചിട്ടുണ്ടോ അത്? ഗംഭീര കഥയാണ്. എനിക്കത് ചെയ്യാനാകുമോ എന്നറിയില്ല. കാരണം ഈ വ്യാപാരികള്‍ എപ്പോഴും ഇടനിലക്കാരാണ്. അവര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കും. അവര്‍ക്കിതൊന്നും ഒരിക്കലും മനസിലാകില്ല.

രബീന്ദ്രനാഥ്?

രബി ബാബുവിന്റെ ചതുരംഗത്തിന്റെ തിരക്കഥ ഞാന്‍ തയ്യാറാക്കി ചില നിര്‍മ്മാതാക്കളുമായി സംസാരിച്ചു. ഭാഗ്യം എന്നെ തുണച്ചു. ചിലരെല്ലാം സാമ്പത്തിക സഹായങ്ങള്‍ ചെയ്യാം എന്ന് സമ്മതിക്കുകയും ചെയ്തു. സിനിമാ രംഗത്തുള്ള വലിയ മാന്യരില്‍ ഒരാള്‍. കവിയായ ബിഷ്ണു ദേയാണെനിക്ക് വേണ്ടി എല്ലാം ശരിയാക്കി തന്നത്. കാരണം അയാള്‍, ഹേമന്‍ ഗാംഗുലി, ബിഷ്ണു ദായുടെ വിദ്യാര്‍ത്ഥിയായിരുന്നു. പക്ഷേ എനിക്കത് ചെയ്യാനായില്ല. ചതുരംഗം എനിക്ക് ഇഷ്ടപ്പെട്ട കൃതിയാണ്. രബി ബാബുവിന്റെ നോവലുകളെല്ലാം സത്യമായും ഭീകരങ്ങളാണ്. ഞാനുദ്ദേശിച്ചത് കൃത്രിമമാണെന്നാണ്. എന്നാല്‍ ചതുരംഗത്തില്‍ അദ്ദേഹം അതിനെ മറികടന്നിരിക്കുന്നു. അതുല്യമാണത്. യഥാര്‍ത്ഥത്തില്‍ നോവലുകളെന്ന് പറയാന്‍ ബംഗ്‌ളയില്‍ നാലെണ്ണമേയുള്ളു. ഇത് അതിലൊന്നാണ്. ചതുരംഗത്തിന്റെ ജ്യാത്തമാഷായ്, ശ്രീബിലാസ്, ദാമിനി – അവിശ്വസനീയം തന്നെ. അതിനാല്‍ ഞാന്‍ തിരക്കഥയെഴുതി. അത് തയ്യാറായിക്കഴിഞ്ഞപ്പോഴേക്കും ഹേമന്‍ ബാബു പെട്ടെന്ന് അന്തരിച്ചു. പിന്നെ നമുക്ക് എന്തു ചെയ്യാനാകും?

ബാക്കി മൂന്നെണ്ണം ഏതൊക്കെയാണ്?

ബംഗ്‌ളയിലെ കാര്യമാണോ ചോദിച്ചത്? മാണിബാബുവിന്റെ പുതുല്‍ നാചേര്‍ ഇതികഥ, രബി ബാബുവിന്റെ ചതുരംഗ, ബങ്കിം ചന്ദ്രയുടെ രാജസിംഘ, ഇവയെല്ലാം സത്യമായും മഹത്തരങ്ങളായ നോവലുകളാണ്.

നാലാമത്തേത്?

Tarasankar Banerjee

താരാശങ്കര്‍ദായുടെ ഗണദേബത. അദ്ദേഹവും മരിച്ചുപോയല്ലോ. അത്ര മാത്രം. ബംഗ്‌ളാ സാഹിത്യത്തില്‍ അവയെക്കൂടാതെ നോവലുകളില്ല. ബാക്കിയെല്ലാം വിഴുപ്പാണ്. പ്രസാധകര്‍ ഇപ്പോഴും അവയൊക്കെ വില്‍ക്കുന്നുണ്ടാകും. എന്നാലും അവ വിഴുപ്പാണ്. ഭര്‍ത്താക്കന്മാരെ ജോലിയ്‌ക്കോ അങ്ങാടിയിലേക്കോ പറഞ്ഞയച്ചതിനു ശേഷം പെണ്ണുങ്ങള്‍ വായിക്കുന്നത്. ഉച്ചയുറക്കത്തിനു മുമ്പ് അവര്‍ തലയിണയും ഒരു നോവലുമെടുക്കും. എന്നിട്ടുറങ്ങും. അത്തരത്തിലുള്ളതാണിക്കാലത്തെ എഴുത്തുകള്‍. അതിനേ അവരെ കൊള്ളുകയുള്ളു. (ചിരിക്കുന്നു.) ആരണ്യക ഇവ നാലിന്റേയും നിലയിലേക്ക് ഉയരുന്നില്ല. നല്ലെഴുത്താണെന്നതില്‍ സംശയമില്ല. എന്നാല്‍ വൈകാരികതയുടെ ആധിക്യമുണ്ട്. പക്ഷേ നേരത്തെ പറഞ്ഞ നാലെണ്ണവും കൃത്യം. ഒരു എഴുത്തുകാരന്റെ വീക്ഷണകോണില്‍ നിന്നു നോക്കിയാല്‍ അവയ്ക്ക് മുകളിലായി മറ്റൊന്നുമില്ല.

സിനിമാനിര്‍മ്മാണ അനുഭവങ്ങളെക്കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിക്കുന്നോ? താങ്കള്‍ ആസ്വദിച്ചിട്ടുള്ള സംഭവങ്ങള്‍? അല്ലെങ്കില്‍ വെറുത്തിട്ടുള്ളവ?

അവയെല്ലാം ടണ്‍ കണക്കിനുണ്ട്. അതെല്ലാം സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ല. ജോലി ചെയ്യുമ്പോള്‍ ഇത്തരത്തിലൊക്കെയുണ്ടാകും. അതിനെക്കുറിച്ചൊക്കെ ഞാനെന്തു പറയാനാ? എനിക്കൊപ്പമുണ്ടായിരുന്നവരും എനിക്ക് ചുറ്റിലുമുണ്ടായിരുന്നവരും അതിനെക്കുറിച്ച് സംസാരിക്കും. അവസാന വാക്ക്, അതായത് സംഗ്രഹിച്ചാല്‍, എങ്ങനെയൊക്കെയോ ഞാന്‍ അതിനെയെല്ലാം അതിജീവിച്ചു. ഞാന്‍ അതിജീവിച്ചു!

(തുടരും…)

***


വിവര്‍ത്തനം : സുരേഷ് എം.ജി.

One Reply to “സിനിമയാണെൻ്റെ ജീവനും ജീവിതവും – ഋത്വിക് ഘട്ടക്ക് / പ്രബീര്‍ സെന്‍ അഭിമുഖം”

  1. നല്ല ലേഖനം. പ്രസക്തമായ നിരീക്ഷണങ്ങൾ

Your Email address will not be published.