Skip to main content

തോപ്പില്‍ ഭാസി; ജീവിതത്തെയും സാഹിത്യത്തെയും പോരാട്ടമാക്കിയ നാടകപ്രതിഭ

thoppil bassi

thoppil basi

തോപ്പില്‍ ഭാസിയെപ്പോലെ സര്‍ഗ്ഗവ്യാപാരത്തിന്റെ വിവിധ വിതാനങ്ങളില്‍ ഇത്രയേറെ സഞ്ചരിച്ച മറ്റൊരു മലയാളിയും ഉണ്ടെന്ന് തോന്നുന്നില്ല. 18 മുഴുനീള നാടകങ്ങള്‍, 16 ഏകാങ്കങ്ങള്‍, 32 നാടകങ്ങളുടെ സംവിധാനം, നൂറിലേറെ വരുന്ന തിരക്കഥകള്‍, 13 സിനിമകളുടെ സംവിധാനം, നിരവധി കഥകള്‍, രാഷ്ട്രീയലേഖനങ്ങള്‍, രണ്ട് ബൃഹത്തായ ആത്മകഥകള്‍, ചോദ്യോത്തരപംക്തികള്‍, ഇങ്ങനെയുള്ള സര്‍ഗ്ഗവ്യാപാരങ്ങള്‍ക്കിടയിലും നിര്‍വ്വഹിച്ചുപോന്ന പൊളിറ്റിക്കല്‍ ആക്ടിവിസം, നിയമസഭാപ്രവര്‍ത്തനങ്ങള്‍, നിരന്തരപ്രസംഗങ്ങള്‍ ഇങ്ങനെ ഒരാള്‍ക്ക് ഒരു പുരുഷായുസ്സുകൊണ്ട് ചെയ്തുതീര്‍ക്കാവുന്ന കാര്യങ്ങളാണോ ഇതെല്ലാമെന്ന് നാം അന്തംവിട്ടുപോകും.

തോപ്പില്‍ ഭാസിയെ അനുസ്മരിക്കുമ്പോള്‍ മലയാളനാടകവേദിയില്‍ അദ്ദേഹം അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത് എങ്ങനെയാണെന്ന് നിരീക്ഷിക്കുകയാണ് കൂടുതല്‍ പ്രസക്തമായിട്ടുള്ളത്. ഒരു നാടകകലാകാരനെന്ന നിലയില്‍ അദ്ദേഹത്തിന്റെ വളര്‍ച്ചക്ക് നിദാനമായ സാമൂഹ്യ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിക്കാതെ തോപ്പില്‍ ഭാസിയെക്കുറിച്ചോ അദ്ദേഹത്തിന്റെ നാടകങ്ങളെക്കുറിച്ചോ വിലയിരുത്താനാവില്ല. ഒരു ധനിക കര്‍ഷകകുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനം. ഭാസിയെ ഒരദ്ധ്യാപകനാക്കാനായിരുന്നു അച്ഛന് താല്‍പര്യം. പക്ഷെ, വൈദ്യപഠനത്തിനാണ് പോയത്. തിരുവനന്തപുരം ആയുര്‍വേദകോളേജില്‍ പഠിക്കുമ്പോള്‍തന്നെ അന്നത്തെ ചുട്ടുപൊള്ളുന്ന രാഷ്ട്രീയാവസ്ഥ ഭാസിയെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ തീച്ചൂളയിലേക്ക് എടുത്തെറിഞ്ഞു. അങ്ങനെ വിദ്യാര്‍ത്ഥി കോണ്‍ഗ്രസ്സിന്റെ സജീവ പ്രവര്‍ത്തകനായി മാറി. ചെറുപ്പംമുതലേ കാമ്പിശ്ശേരി കരുണാകരന്‍, പുതുശ്ശേരി രാമചന്ദ്രന്‍ തുടങ്ങിയവരുമായുള്ള സര്‍ഗ്ഗാത്മക കൂട്ടായ്മ സംഘടനാപ്രവര്‍ത്തനങ്ങള്‍ക്കിടയിലും ഭാസിയെ നാടകാഭിമുഖ്യമുള്ളവനാക്കി തീര്‍ത്തിരുന്നു. അവര്‍ മൂവരും ചേര്‍ന്ന് ആരംഭിച്ച യുവജനസംസദ് കലാ സാംസ്‌കാരികപ്രവര്‍ത്തനങ്ങളുടെ പ്രാരംഭക്കളരിയായി മാറി. കൈയെഴുത്തു മാസിക പ്രവര്‍ത്തനവും നാടകകൃതികളുടെ നിരന്തരപാരായണവും ആരംഭിക്കുന്നത് അവിടെവെച്ചാണ്. വാര്‍ഷികാഘോഷങ്ങളില്‍ അവതരിപ്പിക്കാനുള്ള നാടകങ്ങള്‍ പരതിയാണ് ഏറെ നാടകകൃതികളും അവര്‍ വായിച്ചത്. എല്ലാവര്‍ഷവും മദ്ധ്യവേനല്‍ അവധിക്കാലത്ത് അവര്‍ നാടകങ്ങള്‍ അവതരിപ്പിച്ചുപോന്നു. അന്ന് ഓണാട്ടുകരയില്‍ അവതരിപ്പിച്ച മിക്ക സംഗീതനാടകങ്ങളും കാണാനുള്ള ഒരവസരവും ഭാസി പാഴാക്കിയിട്ടില്ല. എട്ടു പത്തു കിലോമീറ്റര്‍ അകലെയുള്ള സിനിമാകൊട്ടകയില്‍ പോയി സിനിമകള്‍ കാണുന്ന പതിവും അദ്ദേഹത്തിനുണ്ടായിരുന്നു.

ചെറുപ്പത്തിലേ ആരംഭിച്ച ഈ സര്‍ഗ്ഗാത്മകപ്രവര്‍ത്തനങ്ങള്‍ പരിപക്വമാകുന്നത് തിരുവനന്തപുരത്തെ ജീവിതത്തിനിടയിലാണ്. പ്രൊഫ.എന്‍.കൃഷ്ണപിള്ളയുടെ താമസസ്ഥലത്തിന് തൊട്ടടുത്തുള്ള ഒരു മുറിയില്‍ താമസിക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യമായി പിന്നീട് ഭാസി രേഖപ്പെടുത്തിയിട്ടുണ്ട്. നാടകത്തെക്കുറിച്ചുള്ള ഗൗരവപൂര്‍വ്വമുള്ള പല പാഠങ്ങളും സ്വായത്തമാക്കുന്നത് ആ കാലയളവിലാണ്. ഇന്റര്‍ കോളേജ് തലത്തില്‍ അന്നു നടന്ന ഒരു നാടകമത്സരത്തില്‍ നല്ല നടനായി തെരഞ്ഞെടുക്കപ്പെട്ടതും (പ്രേമവൈചിത്ര്യം എന്ന നാടകത്തിലെ പത്രാധിപര്‍) ഭാസിയെ മറ്റൊരു തലത്തില്‍ പ്രചോദിപ്പിച്ചിരിക്കണം. എന്നാല്‍, ഭാസിയെന്ന നാടകപ്രവര്‍ത്തകന്റെ ദര്‍ശനത്തിന് തെളിമയും മൂര്‍ച്ചയും നല്കിയത് കമ്മ്യൂണിസ്റ്റ്കാരനായി മാറിയ കാമ്പിശ്ശേരി സമ്മാനിച്ച കമ്മ്യൂണിസ്റ്റ് സാഹിത്യങ്ങളുടെ വായനയും പുതുപ്പുള്ളി രാഘവന്‍, ശങ്കരനാരായണന്‍ തമ്പി എന്നീ നേതാക്കളുമായുള്ള രാഷ്ട്രീയബന്ധവുമായിരുന്നു. ഇതിനകം ഭാസി ഓണാട്ടുകരയിലെ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ സജീവമായി ഇടപെട്ടുകഴിഞ്ഞിരുന്നു. നാല് പോലീസുകാര്‍ വധിക്കപ്പെട്ട ശൂരനാട്ട് കലാപത്തില്‍ ഭാസി ഒന്നാംപ്രതിയായതോടെ ഒളിവില്‍ പോകാതെ നിര്‍വ്വാഹമില്ലാതായി. അന്ന് ആയിരം രൂപയായിരുന്നു ഭാസിയെ
കാണിച്ചുകൊടുക്കുന്നവര്‍ക്ക് ഇനാം ആയി പ്രഖ്യാപിച്ചിരുന്നത്.

thoppil bassi

സാഹസികമായ ആ നാല് വര്‍ഷക്കാലത്തെ ഒളിവുജീവിതം സാമാന്യജനങ്ങളുടെ ജീവിതം തൊട്ടറിയാന്‍ ഭാസിയെ സഹായിച്ചു. ഒളിവുകാലത്തെ നിരന്തരവായനയും ഏകാന്തതയും സൂക്ഷ്മനിരീക്ഷണവും അദ്ദേഹത്തെ ഒരെഴുത്തുകാരനാക്കി മാറ്റിത്തീര്‍ത്തു. താന്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കാലത്താണ് അദ്ദേഹം തന്റെ ആദ്യത്തെ കഥയെഴുതുന്നത്, വെളിച്ചത്തിലേക്ക്. അതിതീക്ഷ്ണമായ ഒരു ഒളിവുകാലാനുഭവമാണ് ഈ കഥക്കാധാരം. ഏറെ വൈകാതെ നാടകമാണ് തന്റെ മുഖ്യമാധ്യമമെന്ന് തിരിച്ചറിഞ്ഞ് ഭാസി ഒളിവിലിരുന്നുകൊണ്ടുതന്നെ തന്റെ നാടകം നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി പ്രസിദ്ധീകരിച്ചു. തീക്ഷ്ണമായ കമ്മ്യൂണിസ്റ്റാഭിമുഖ്യവും ഒളിവുകാലത്തെ തീവ്രനുഭവങ്ങളും കൂടിച്ചേര്‍ന്ന് ഈ നാടകം രൂപപ്പെടുകയായിരുന്നു.

കെ.പി.എ.സി. രൂപീകരണം ഭാസിയുടെ കലാജീവിതത്തിന്റെ ഗതിതന്നെ മാറ്റിമറിച്ചു. ഇടതുപക്ഷ രാഷ്ട്രീയ ആഭിമുഖ്യമുള്ള നാലഞ്ചു ചെറുപ്പക്കാരുടെ ഇച്ഛാശക്തിയില്‍നിന്നാണ് കെ.പി.എ.സി. ഉയിര്‍കൊള്ളുന്നത്. ജനാര്‍ദ്ദനക്കുറുപ്പ്, രാജഗോപാലന്‍നായര്‍, രാജാമണി, കാമ്പിശ്ശേരി തുടങ്ങിയവര്‍ ചേര്‍ന്ന് എന്റെ മകനാണ് ശരി എന്ന നാടകത്തിന്റെ അവതരണവുമായി ജനമധ്യത്തിലിറങ്ങി. കുണ്ടറയില്‍ ഒളിവിലിരിക്കുന്ന കാലത്താണ് ഭാസി ഇതിന്റെ അവതരണം കാണുന്നത്. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി കെ.പി.എ.സി. അവതരിപ്പിക്കുമോ എന്നറിയാന്‍വേണ്ടി കൂടിയാണ് യഥാര്‍ത്ഥത്തില്‍ ഭാസി നാടകം കാണാനെത്തിയത്. കെ.പി.എ.സി. ഇങ്ങനെയൊരു പ്രമേയത്തിനുവേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു. ജനാര്‍ദ്ദനക്കുറുപ്പും രാജഗോപാലന്‍നായരും ചേര്‍ന്നാണ് ;കമ്മ്യൂണിസ്റ്റാക്കിക്ക് രംഗപാഠം ഒരുക്കിയത്. നിരവധി മാറ്റങ്ങള്‍ വരുത്തി രചിതപാഠത്തെ അവര്‍ രംഗപാഠമാക്കി മാറ്റുകയായിരുന്നു. പതിനഞ്ചോളം ഗാനങ്ങള്‍ ഈ നാടകത്തില്‍ ഉള്‍ച്ചേര്‍ത്തിരുന്നു. (ദേവവരാജന്‍മാഷ് നാടോടിശീലില്‍ ചിട്ടപ്പെടുത്തിയവ) നാടകം ചവറയില്‍വെച്ച് ഉദ്ഘാടനം ചെയ്യപ്പെട്ടു. കഥാകൃത്തും പത്രപ്രവര്‍ത്തകനുമായിരുന്ന ഡി.എം.പൊറ്റേക്കാട്ടായിരുന്നു ഉദ്ഘാടകന്‍. പ്രമേയത്തിലും അവതരണത്തിലും സ്വീകരിച്ച നവീനതകൊണ്ടാകാം അക്ഷരാര്‍ത്ഥത്തില്‍തന്നെ ജനം ഈ നാടകം നെഞ്ചിലേറ്റുവാങ്ങി. അവതരണ ദിവസംതന്നെ 35 സ്ഥലത്ത് നാടകമവതരിപ്പിക്കാനുള്ള ബുക്കിങ്ങ് നടന്നു. ഉദ്ഘാടനാവതരണം നടക്കുമ്പോള്‍ നാടകരചന നിര്‍വ്വഹിച്ച ഭാസി ജയിലിലായിരുന്നു.

ജയില്‍ വിമോചിതനായ ഭാസി കെ.പി.എ.സി.യില്‍ എത്തിയതോടെ അര്‍ത്ഥവത്തായ ഒരു പ്രൊഫഷണല്‍ നാടകവേദിയായി ഇത് മാറി. കെ.പി.എ.സി. എന്ന നാടകവേദിയുടെയും തോപ്പില്‍ ഭാസി എന്ന നാടകപ്രവര്‍ത്തകന്റെയും പരസ്പരബന്ധം ഇഴപിരിച്ചെടുക്കാനാവാത്തവിധം ലയിച്ചുചേര്‍ന്നുകിടക്കുകയാണ്. ഒരു നാടകം കൃതിയെന്നനിലയില്‍ അസംസ്‌കൃത രൂപം മാത്രമാണ്. അരങ്ങില്‍വെച്ചാണ് അത് സംസ്‌കരിക്കപ്പെടുന്നത്. അതുകൊണ്ട് ഒരു നാടകകൃത്തിനെ സംബന്ധിച്ചിടത്തോളം കൃതി രംഗ പ്രയോഗക്ഷമമാക്കാനുള്ള സാഹചര്യം ഉണ്ടായിരിക്കുക എന്നത് പ്രധാനമാണ്. കെ.പി.എ.സി. രൂപീകരണത്തിലൂടെയാണ് ഭാസിക്ക് ഇങ്ങനെ ഒരവസരം ലഭിച്ചത്. അതായത് കെ.പി.എ.സി. എന്ന നാടകക്കൂട്ടായ്മ അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള നാടകസംരംഭങ്ങള്‍ക്ക് ഊര്‍ജ്ജസ്രോതസ്സായി മാറുകയായിരുന്നു. ഭാസിയുടെ പതിനെട്ട് നാടകങ്ങളും കെ.പി.എ.സി. അവതരിപ്പിച്ചു. 32 ഓളം നാടകങ്ങള്‍ കെ.പി.എ.സി.ക്കു വേണ്ടി സംവിധാനം ചെയ്യാനും അദ്ദേഹത്തിനു കഴിഞ്ഞു. 1953 മുതല്‍ 65 വരെയുള്ള കാലം കെ.പി.എ.സി.യുടെ സുവര്‍ണ്ണദശയായിരുന്നു. തോപ്പില്‍ ഭാസിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, സര്‍വ്വേക്കല്ല്, മുടിയനായ പുത്രന്‍, മൂലധനം, പുതിയ ആകാശം പുതിയ ഭൂമി, അശ്വമേധം തുടങ്ങിയ മികച്ച നാടകങ്ങളുടെ ജൈത്രയാത്രയുടെ കാലമായിരുന്നു അത്. നിരവധി അരങ്ങുകളില്‍ ആ നാടകങ്ങള്‍ അവതരിപ്പിക്കപ്പെട്ടു.

ഭാസിയുടെയും കെ.പി.എ.സി.യുടേയും നാടക സങ്കല്‍പ്പങ്ങള്‍ പരസ്പരാശ്ലേഷിയാണ്. കൃതിയുടെ രചന ഭാസിയാണ് നിര്‍വ്വഹിക്കുന്നതെങ്കിലും അതിന്റെ രംഗപ്രയോഗം പ്രതിഭാധനരായ കലാകാരന്മാരുടെ കൂട്ടായ്മയിലൂടെയാണ് സാക്ഷാത്ക്കരിക്കപ്പെടുന്നത്. ജനാധിപത്യപരമായ ഒരു സംഘ പ്രവര്‍ത്തനമായിരുന്നു ഇത്. ഇന്ത്യന്‍ പീപ്പിള്‍സ് തിയ്യറ്റര്‍ കാലത്ത് വിജയകരമായി പ്രയോഗിച്ചുവന്നിരുന്ന ഒരു രീതിയായിരുന്നു അത്. വാസ്തവത്തില്‍ കെ.പി.എ.സി.യുടെയും ഭാസിയുടെയും വളര്‍ച്ചക്ക് കാരണമായിത്തീര്‍ന്നത് ഈവിധത്തിലുള്ള സംഘപ്രവര്‍ത്തനമായിരുന്നു.

thoppil bassi

കുറച്ചുകാലം ഭാസിക്ക് കെ.പി.എ.സി.യില്‍നിന്ന് രാഷ്ട്രീയമായ കാരണങ്ങളാല്‍ വിട്ടുനില്‍ക്കേണ്ടിവന്നിട്ടുണ്ട്. എ.എന്‍.ഗണേഷിന്റെ ഭാരതക്ഷേത്രം എന്ന നാടകം കെ.പി.എ.സി. അവതരിപ്പിക്കാന്‍ തീരുമാനിച്ചു. നാടകത്തിന്റെ വ്യാഖ്യാനവുമായി ബന്ധപ്പെട്ട് ഭാസിയും പാര്‍ട്ടിയും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായി. ഒരു നാടകസംവിധായകനെന്ന നിലയില്‍ തന്റെ സര്‍ഗ്ഗസ്വാതന്ത്ര്യത്തില്‍ ഇടപെടുന്നത് ശരിയല്ലെന്ന നിലപാടായിരുന്നു ഭാസിയുടേത്. പാര്‍ട്ടിയും അതിന്റെ കാര്‍ക്കശ്യനിലപാടില്‍ ഉറച്ചുനിന്നതോടെ ഭാസിക്ക് കെ.പി.എ.സി. വിടേണ്ടിവന്നു. നാടകം മറ്റൊരു രീതിയില്‍ അവതരിപ്പിക്കുകയും ചെയ്തു. എന്നാല്‍, രാഷ്ട്രീയസാഹചര്യങ്ങളില്‍ മാറ്റം വന്നപ്പോള്‍ ഭാസിയുടെ നാടകവ്യാഖ്യാനമാണ് ശരിയെന്ന് പാര്‍ട്ടിക്ക് ബോധ്യം വരികയും ചെയ്തു. തുറന്ന മനസ്സോടെ വീണ്ടും ഭാസി കെ.പി.എ.സി.യിലേക്ക് എത്തിയത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായുണ്ടായിരുന്ന അദ്ദേഹത്തിന്റെ ജൈവബന്ധത്തിന്റെ ദൃഷ്ടാന്തമാണ്.

തോപ്പില്‍ഭാസിയുടെ നാടകദര്‍ശനം എന്തായിരുന്നു? അടിസ്ഥാനപരമായി ഭാസി ഒരു രാഷ്ട്രീയ നാടകപ്രവര്‍ത്തകനായിരുന്നു. വ്യക്തമായ ചില പ്രമേയങ്ങള്‍ ജനമനസ്സുകളിലെത്തിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിത്തന്നെയാണ് തന്റെ എല്ലാ നാടകങ്ങള്‍ക്കും അദ്ദേഹം രൂപം കൊടുത്തിട്ടുള്ളത്. ഭാസിയുടെ തീക്ഷ്ണമായ ഈ രാഷ്ട്രീയാഭിമുഖ്യം ഭാസിയിലെ നാടകപ്രതിഭയുടെ മാറ്റ് കുറച്ചിരുന്നു എന്ന് വിമര്‍ശിക്കുന്നവരുണ്ട്. രാഷ്ട്രീയനിലപാട് ഹൃദയച്ചുരുക്കത്തിന് കാരണമാകുമെന്നത് കാലഹരണപ്പെട്ട ഒരു നിലപാടാണ്. ലോകമറിയുന്ന മൗലികതയുള്ള നാടകപ്രവര്‍ത്തകരായ ബ്രെതോള്‍ഡ് ബ്രെഹ്തും ദാരിയോഫൊയും മെരിയോ ഫ്രെറ്റിയുമെല്ലാം കമ്മ്യൂണിസ്റ്റ് സഹയാത്രികരോ, പാര്‍ട്ടിപ്രവര്‍ത്തകരോ ആയിരുന്നു. നമ്മുടെ വി.ടി.യും എം.ആര്‍.ബി.യും പ്രേംജിയുമെല്ലാം സജീവ സാമൂഹ്യപ്രവര്‍ത്തക രായിരുന്നപ്പോഴാണ് നാടകങ്ങളെഴുതിയത്. കെ.ദാമോദരനും ചെറുകാടും കമ്മ്യൂണിസ്റ്റ് ആക്ടിവിസ്റ്റുകളായിരുന്നു. ഇവര്‍ക്കെല്ലാം ജനസ്വാധീനമുള്ള നാടകങ്ങള്‍ രചിക്കാന്‍ കഴിഞ്ഞത് പൊതുജനങ്ങള്‍ക്കിടയില്‍ ജലത്തിലെ മത്സ്യത്തെപ്പോലെ ഇടപെടാന്‍ കഴിഞ്ഞതുകൊണ്ടു മാത്രമാണ്. ഈ മേന്മയാണ് വാസ്തവത്തില്‍ ഭാസിയേയും തുണച്ചത്. രാഷ്ട്രീയമായി എതിര്‍ച്ചേരിയില്‍ നിന്നിരുന്ന എസ്.ഗുപ്തന്‍നായര്‍ ഭാസിയെക്കുറിച്ച് പറഞ്ഞത് ശ്രദ്ധേയമാണ്. ഭാസി നാടകമെഴുതി തുടങ്ങുമ്പോള്‍ നാടകരചനയെക്കുറിച്ച് വിശേഷിച്ചൊന്നും പഠിച്ചിട്ടില്ല. പക്ഷേ, ജീവിതം കുറേ കണ്ടിരുന്നു. ഇടത്തരക്കാരുടേയും എളിയവരുടെയും ജീവിതം. ജീവിതമറിയാമെങ്കില്‍ നാടകമെഴുതിക്കൂടേ? A mirror held up to nature എന്ന് ഷേക്സ്പിയറും അവസ്ഥാനുകൃതിര്‍ നാട്യം എന്ന് ഭരതനും പറഞ്ഞിട്ടുള്ളത് ഈ സാമൂഹ്യബന്ധത്തെക്കുറിച്ചാണ്. നാം ജീവിക്കുന്ന ലോകത്തിന്റെ യാഥാര്‍ത്ഥ്യത്തെ ആവിഷ്‌ക്കരിക്കുക, അതിലൂടെ പ്രേക്ഷകരെ സ്വയം തിരിച്ചറിയാന്‍ പ്രേരിപ്പിക്കുക, ഈ ലോകത്തിന്റെ പരിമിതികളെ മറികടക്കാനുള്ള ഉദാത്തചിന്തക്ക് തീ കൊടുക്കുക. ഇതാണ് ഭാസി തന്റെ നാടകങ്ങളിലൂടെ ചെയ്തുപോന്നത്.

ഇനി നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം കേരളത്തിന്റെ പൊതുബോധത്തില്‍ എങ്ങനെ ഇടപെട്ടുവെന്ന് പരിശോധിക്കുന്നത് കൗതുകകരമാണ്. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകമില്ലായിരുന്നെങ്കില്‍ 1957-ലെ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് ഉണ്ടാകുമായിരുന്നില്ല എന്നത് തീര്‍ച്ചയായും അതിശയോക്തി കലര്‍ന്ന അഭിപ്രായപ്രകടനമാകാം. എന്നാല്‍, ജനസാമാന്യത്തിന്റെ ബോധമണ്ഡലങ്ങളില്‍ ഇത്രയേറെ അലകള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞ മറ്റൊരു നാടകം ഒരുപക്ഷേ, ബംഗാള്‍ IPTA അവതരിപ്പിച്ച നബാന്ന മാത്രമായിരിക്കും. തുടര്‍ച്ചയായി ആയിരത്തോളം വേദികളിലവതരിപ്പിച്ച കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം പ്രേക്ഷകമനസ്സുകളില്‍ കൊടുങ്കാറ്റഴിച്ചുവിട്ടു. പതിനാല് രംഗങ്ങളില്‍ വിന്യസിക്കപ്പെടുന്ന ഈ നാടകത്തില്‍ മധ്യതിരുവിതാംകൂറിലെ യഥാര്‍ത്ഥ കര്‍ഷകന്റെ ജീവിതപരിച്ഛേദമാണ് ആവിഷ്‌കൃതമാകുന്നത്. വര്‍ഗ്ഗസമരമാണ് പ്രശ്നപരിഹാരത്തിനുള്ള ഏകപോംവഴിയെന്ന് നാടകകൃത്ത് വിശ്വസനീയമായി സ്ഥാപിച്ചെടുക്കുന്നു. തീര്‍ത്തും ക്രെഡിബിള്‍ ആയ നാടകസന്ദര്‍ഭങ്ങള്‍ നെയ്തെടുക്കുന്നതിലൂടെ ഒരു യഥാര്‍ത്ഥ ജനകീയ ബോധനനാടകമായി ഇത് മാറുന്നു. പാത്രസൃഷ്ടിയില്‍ അസാമാന്യമായ കരവിരുതാണ് ഭാസി പ്രകടിപ്പിക്കുന്നത്. ചാത്തപ്പുലയനും മാലയും തന്റെ ഒളിവിടങ്ങളിലെ കീഴാളര്‍തന്നെ! പരമുപിള്ള എന്ന കഥാപാത്രത്തെ തന്റെ അച്ഛനടക്കമുള്ള കര്‍ഷകരില്‍നിന്നാണ് വികസിപ്പിച്ചെടുത്തതെന്ന് ഭാസി പറയുന്നുണ്ട്. പ്രതിലോമശക്തികളില്‍നിന്നും ഭരണകൂടത്തില്‍നിന്നും നിരന്തരഭീഷണികള്‍ നേരിട്ടിട്ടും ഈ നാടകത്തിന്റെ അവതരണം മുന്നോട്ടുപോയത് ജനങ്ങള്‍ ഈ നാടകത്തെ തങ്ങളുടേത് എന്ന മട്ടില്‍ ഏറ്റെടുത്തതുകൊണ്ടാണ്.

എന്നാല്‍, ഈ നാടകത്തിന്റെ ദൗര്‍ബല്യം വിപ്ലവകാരിയായ ഗോപാലന്റെ പാത്രസൃഷ്ടിയിലാണ്. ഈ കഥാപാത്രത്തിന് ഒരുതരം ആദര്‍ശലോകം സൃഷ്ടിക്കേണ്ടി വരുന്നതുകൊണ്ട് അതിഭാവുകത്വവും കൃത്രിമത്വവും കടന്നുവരുന്നു. ഗോപാലന്റെ സംഭാഷണങ്ങളിലും ചെടിപ്പിക്കുന്ന ഒരു കൃത്രിമച്ചുവ നാം അനുഭവിക്കുന്നു. ഒരു തരം വിപ്ലവ ജാര്‍ഗണുകള്‍ അസ്ഥാനത്ത് തട്ടിവിടുകയാണിയാള്‍. ഗോപാലനെന്ന കഥാപാത്രത്തെ ഇ.എം.എസ്. വിലയിരുത്തുന്നത് പ്രസക്തമാണ്. ഇങ്ങനെയുള്ള ബോറന്മാരാണോ കരിവള്ളൂരും കയ്യൂരും പുന്നപ്രയും സൃഷ്ടിക്കാന്‍ നേതൃത്വം കൊടുത്തത് എന്ന് തെറ്റിദ്ധാരണയുണ്ടാകും. ഇങ്ങനെ കൃത്രിമമായി വര്‍ത്തമാനം പറയുന്ന ഒരാള്‍ക്ക് ഒരാളെയും എന്തിന് സ്വന്തം കാമുകിയെപ്പോലും കമ്മ്യൂണിസ്റ്റാക്കാനാവില്ല. എന്നാല്‍ ഈ ദൗര്‍ബല്യത്തെ മറികടക്കാനാവും വിധം ഈ നാടകത്തിലെ ക്രിയാംശം നൈസര്‍ഗ്ഗികമായി വികസിച്ച് നിര്‍വഹണഘട്ടത്തിലെത്തുമ്പോള്‍ ജനം നിറഞ്ഞ ഹൃദയത്തോടെ നാടകത്തെ ഏറ്റുവാങ്ങുന്ന കാഴ്ചയാണ് നാം കാണുന്നത്.

പല വേദികളിലും തോപ്പില്‍ ഭാസി ഇന്നും ചര്‍ച്ചചെയ്യപ്പെടുന്നത് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകവുമായി ബന്ധപ്പെടുത്തി മാത്രമാണെന്നത് ദൗര്‍ഭാഗ്യകരമാണ്. സവിശേഷ സാമൂഹ്യപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന അദ്ദേഹത്തിന്റെ മികച്ച പല നാടകങ്ങളും വേണ്ടത്ര പരിഗണിക്കപ്പെടുന്നില്ല. സ്വകാര്യസ്വത്തിലധിഷ്ഠിതമായ ഒരു വ്യവസ്ഥയില്‍ സമ്പത്തിനുവേണ്ടിയുള്ള കിടമത്സരങ്ങള്‍ സ്വാഭാവികമാണ്. ഇതെങ്ങനെ സാമൂഹ്യബന്ധങ്ങളെ ഛിദ്രമാക്കുന്നുവെന്ന് വെളിപ്പെടുത്തുന്ന ഒരു നാടകമാണ് സര്‍വ്വേക്കല്ല് ഈ നാടകം ഘടനാപരമായി നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയേക്കാള്‍ ഉയര്‍ന്ന തലത്തിലാണ്. വസ്തുതര്‍ക്കം കുടിപ്പകയായിത്തീരുന്നതും നിഷ്‌കളങ്കപ്രണയങ്ങള്‍ തകര്‍ന്നടിയുന്നതും ജീവിതങ്ങള്‍ വര്‍ണ്ണരഹിതമായിത്തീരുന്നതും സര്‍ഗ്ഗാത്മകമായി ആവിഷ്‌ക്കരിക്കാന്‍ സര്‍വ്വേക്കല്ലില്‍ ഭാസിക്ക് കഴിഞ്ഞിട്ടുണ്ട്. ലാവണ്യപരതയുടെ കാര്യത്തില്‍ മോശപ്പെട്ട ഒരു നാടകമാണെന്ന് വിലയിരുത്തപ്പെടുന്ന വിശക്കുന്ന കരിങ്കാലിയില്‍ അതിശക്തമായ ഒരു കഥാപാത്രം-ശങ്കരന്‍-തെളിഞ്ഞുനില്‍ക്കുന്നുണ്ട്. ഒരുവശത്ത് സംഘബോധവും മറുവശത്ത് വിശപ്പുമായുള്ള സംഘര്‍ഷത്തിനൊടുവില്‍ ഒരു കരിങ്കാലിയായിത്തീരേണ്ടി വരുന്നതും അതിന്റെ സംഘര്‍ഷവും അനുഭവിക്കേണ്ടി വരികയും ചെയ്യുന്ന ഉജ്ജ്വലമായ ഒരു കഥാപാത്രമാണിത്. ഈ കഥാപാത്രത്തെ വളര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമത്തിനിടയിലാണ് അമിതമായ ആദര്‍ശവത്ക്കരണത്തിലേക്കും മെലോഡ്രാമയിലേക്കും നാടകം കൂപ്പുകുത്തിവീഴുന്നത്. എന്നാല്‍, നാടകത്തിന്റെ പ്രമേയം അതിതീക്ഷ്ണമായി പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിക്കാന്‍ കഴിയുംവിധമാണ് നാടകത്തിന്റെ രൂപകല്‍പ്പന.

ഒരാള്‍ വളരുന്ന സാമൂഹ്യസാഹചര്യമാണ് അയാളുടെ/അവളുടെ സ്വഭാവരൂപീകരണം നിര്‍ണ്ണയിക്കുന്നത്. ഒരു സവിശേഷ കുടുംബസാഹചര്യത്തില്‍ വളരുന്ന രാജന്‍ നാട്ടുകാരുടേയും വീട്ടുകാരുടെയും വെറുപ്പ് സംബന്ധിച്ച് ജീവിച്ച് മുടിയനായ പുത്രനായിത്തീര്‍ന്നു. നാടകാരംഭത്തില്‍ പുലയപെണ്‍കുട്ടി ചെല്ലമ്മയുടെ കൈക്ക് കയറിപ്പിടിക്കുമ്പോള്‍ പൊട്ടിയുടയുന്ന കരിവളകളില്‍നിന്ന് ആരംഭിക്കുന്ന മാനസികപരിവര്‍ത്തനത്തിന്റെ ചിത്രീകരണമാണ് ഭാസി നിര്‍വ്വഹിക്കുന്നത്. ബൈബിളിലെ മുടിയനായ പുത്രനേക്കാള്‍ ചൈതന്യമുള്ള ഒരു മുടിയനായ പുത്രനെയാണ് ഭാസി സൃഷ്ടിച്ചിരിക്കുന്നത്. നല്ല കഥാപാത്രങ്ങളുടെ നല്ല വശങ്ങള്‍ മാത്രം ആവിഷ്‌കരിക്കുന്ന ചില സോദ്ദേശ്യനാടകങ്ങളുടെ നാടകവാര്‍പ്പ് മാതൃകകളെ തോപ്പില്‍ ഭാസി മറികടക്കുന്നത് മേല്‍ സൂചിപ്പിച്ച കഥാപാത്രങ്ങളിലൂടെയാണ്. സംഘര്‍ഷഭരിതമായ ജീവിതമാണ് മനുഷ്യരെ നവീകരിക്കുന്നതും രാഷ്ട്രീയവത്ക്കരിക്കുന്നതും എന്ന കാര്യം പ്രധാനമാണ്. ബ്രെഹ്ത് തന്റെ നാടകത്തിലെ ശക്തരായ കഥാപാത്രങ്ങളെ ആവിധമാണ് ചിത്രീകരിച്ചിട്ടുളളത്.

thoppil bassi

രോഗം ഒരു കുറ്റമാണോ? എന്ന ചോദ്യം രാഷ്ട്രീയമാണ്. കുഷ്ഠരോഗികളെ തെരുവില്‍ കണ്ടാല്‍ അറസ്റ്റ് ചെയ്യാനുള്ള ക്രൂരമായ നിയമമുണ്ടാക്കിയത് പുരോഗമനപരമായ നിരവധി നിയമങ്ങളുണ്ടാക്കിയ 57-ലെ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റാണെന്നത് ഞെട്ടിപ്പിക്കുന്ന സംഗതിയാണ്. പുരോഗമനവീക്ഷണമുണ്ടെന്ന് ധരിക്കുന്നവരില്‍തന്നെ ഉള്‍ച്ചേരുന്ന പ്രതിലോമപരതയാണിത്. ഈ ഘട്ടത്തിലാണ് ശാസ്ത്രമെന്ന യാഗാശ്വത്തെ ഭാസി അശ്വമേധം നടത്തിക്കുന്നത്. ജീവിതത്തില്‍ നേരിടുന്ന നിരന്തരമായ പ്രതികൂലാവസ്ഥകളെ ഇച്ഛാശക്തിയോടെ അതിജീവിക്കാന്‍ മുന്നോട്ടോടുന്ന ഈ യാഗാശ്വം ഒരുവേള നാടകത്തിലെ നായിക സരോജത്തിന്റെ പ്രതീകവത്ക്കരണം കൂടിയാകാം. പ്രേക്ഷകമനസ്സിനെ വിടാതെ പിന്തുടര്‍ന്ന് വിമലീകരിക്കുന്ന ഉജ്ജ്വലമായ ഒരു കലാശില്‍പമാണിത്.

ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തനം അതിസാഹസികവും ത്യാഗനിര്‍ഭരവുമായിരുന്നു. വിപ്ലവകാരികളും അവരുടെ കുടുംബവും അക്കാലത്ത് കൊടിയ മര്‍ദ്ദനങ്ങളും യാതനകളും അനുഭവിച്ചു. ഇതിന്റെ തീവ്രമായ ഓര്‍മ്മപ്പെടുത്തലാണ് മൂലധനം . അവരാണ് പ്രസ്ഥാനത്തിന്റെ യാഥാര്‍ത്ഥമൂലധനം. ശാരദയെന്ന കരുത്തുറ്റ സ്ത്രീകഥാപാത്രമാണ് ഈ നാടകത്തിലെ ജീവന്‍. മക്കളെ സംരക്ഷിക്കാന്‍വേണ്ടി പരപുരുഷന് വിധേയയായി ഗര്‍ഭിണിയാകേണ്ടിവന്ന ഈ കഥാപാത്രത്തെ എത്ര അനുതാപപൂര്‍വ്വമാണ് ഭാസി ചിത്രീകരിച്ചിരിക്കുന്നത്. ക്രൗര്യതയാര്‍ന്ന ഈ വ്യവസ്ഥയാണ് സ്ത്രീയെ പിഴച്ചവളാക്കു ന്നതെന്ന ബോധ്യം ഈ നാടകം ജനങ്ങളിലേക്ക് പകരുന്നു. സമാനമായ ഒരു നിലപാട് തന്നെയാണ് പാട്ടാബാക്കി എന്ന നാടകത്തില്‍ ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടേണ്ടിവരുന്ന കുഞ്ഞിമാളു എന്ന കഥാപാത്രത്തിലൂടെ കെ.ദാമോദരനും ഉയര്‍ത്തിപ്പിടിക്കുന്നത്. ഇങ്ങനെ മാനവികമായ നവമൂല്യങ്ങള്‍ പ്രേക്ഷകരിലേക്ക് വൈകാരികമായി സന്നിവേശിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ പരിശ്രമങ്ങളാണ് ഭാസിയുടെ ഓരോ നാടകങ്ങളും. അക്കാര്യത്തില്‍ അസാമാന്യമായ വിജയം കൈവരിക്കാന്‍ കഴിഞ്ഞുവെന്നതാണ് കെ.പി.എ.സി.യുടെയും തോപ്പില്‍ ഭാസിയുടേയും നേട്ടം!

തോപ്പില്‍ ഭാസി നാടകങ്ങള്‍ എങ്ങനെയാണ് പ്രാദേശികത സാര്‍വ്വജനീനമായി പരിവര്‍ത്തിക്കപ്പെടുന്നതെന്ന് പരിശോധിക്കപ്പെടേണ്ടത് അത്യാവശ്യമാണ്. ഓണാട്ടുകരയിലെ കാര്‍ഷികജീവിതത്തിന്റെ നേര്‍കണ്ണാടികളാണ് ഭാസിയുടെ മിക്ക നാടകങ്ങളും. ഗ്രാമീണജീവിതത്തില്‍നിന്നും അരങ്ങിലേക്ക് കയറിവന്ന നിരവധി കഥാപാത്രങ്ങളെ നമുക്ക് കണ്ടെടുക്കാനാവും. ഇടത്തരക്കാരും സാധാരണ ക്കാരുമായ ആ കഥാപാത്രങ്ങളില്‍ ഭൂരിഭാഗവും ഭാസിക്ക് ചിരപരിചിതരായ നാട്ടുകാരില്‍നിന്നും വികസിപ്പിച്ചെടുത്തവരാണ്. മധ്യതിരുവിതാംകൂറില്‍ സ്വാതന്ത്ര്യാനന്തരഘട്ടത്തില്‍ സംഭവിച്ച ചടുലമായ മാറ്റങ്ങളാണ് അതേവേഗത്തില്‍ ഭാസി അരങ്ങിലാവിഷ്‌ക്കരിച്ചത്. താന്‍ ജനിച്ചുവളര്‍ന്ന നാട്ടിന്‍പുറവും ചുറ്റുപാടും അടിസ്ഥാമാക്കി പുറംലോകം നേരിട്ടുകൊണ്ടിരിക്കുന്ന തീക്ഷ്ണയാഥാര്‍ത്ഥ്യങ്ങളെ അദ്ദേഹം ആവിഷ്‌ക്കരിച്ചു. അസമത്വവും അന്ധവിശ്വാസവും ശാസ്ത്രവിരുദ്ധചിന്തയും അദ്ദേഹത്തിന്റെ ശത്രുക്കളായിരുന്നു. മാനവ മഹത്വത്തിലേക്ക് കുതിച്ചുയരുന്ന ഒരു നവലോകമായിരുന്നു ഭാസിയുടെ സ്വപ്നം. ഈ നവലോകസ്വപ്നം തീര്‍ച്ചയായും പ്രാദേശികമായിരുന്നില്ല. സമാനമായ ചൂഷണങ്ങള്‍ നേരിടുന്ന മുഴുവന്‍ പ്രദേശങ്ങളിലെയും ജനവിഭാഗങ്ങളുടെ സ്വപ്നം തന്നെ ആയിരുന്നു. തോപ്പില്‍ ഭാസിയുടെ നാടകങ്ങളിലെ സംഭാഷണങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നത് മധ്യതിരുവിതാംകൂറിലെ പ്രത്യേകിച്ച് ഓണാട്ടുകരയിലെ പ്രാദേശിക വ്യവഹാരഭാഷയാണ്. നാട്ടുകാരായ മനുഷ്യര്‍ ടൈപ്പുകള്‍ കഥാപാത്രങ്ങളായി വരുമ്പോള്‍ ഈ നാട്ടുവര്‍ത്തമാനങ്ങള്‍ നാടകത്തിന് കൂടുതല്‍ മിഴിവേകി. ഓണാട്ടുകര മലയാളത്തിന്റെ വ്യംഗ്യഭംഗിയും ശൈലീവിശേഷങ്ങളും മലയാളസാഹിത്യത്തിന്റെ ഡര്‍ബാര്‍ ഹാളിലേക്ക് ഒരുപക്ഷേ ആദ്യമായി പ്രവേശിച്ചത് ഭാസിയുടെ നാടകത്തിലൂടെയാണെന്ന് ഗുപ്തന്‍നായര്‍ നിരീക്ഷിക്കുന്നുണ്ട്. ഭാസി നാടകങ്ങളിലെ ഈ പ്രാദേശികത്വത്തിന്റെ നിറവ് നാടകത്തിന്റെ സംഘര്‍ഷങ്ങള്‍ക്കോ ഘടനക്കോ യാതൊരുവിധ അയവും വരുത്തുന്നില്ല. പകരം കൂടുതല്‍ ചൂടും ചുണയും ആര്‍ജ്ജവവും പ്രദാനം ചെയ്യുകയാണ് ചെയ്യുന്നത്. കേരളത്തിലെ ഏതു പ്രദേശത്തുള്ളവരുടേയും നാടകാസ്വാദനത്തിന് ഇത് തടസ്സമാകുന്നുമില്ല. ഇന്നും മലയാളത്തിലെ വാണിജ്യ നാടകവേദിയില്‍ ആധിപത്യം നേടുന്ന വര്യേണ ഭാഷാപ്രയോഗങ്ങളെ വെല്ലുവിളിക്കാന്‍ അക്കാലത്തുതന്നെ ഭാസിക്കു കഴിഞ്ഞിരുന്നു.

കെ.ടി.മുഹമ്മദിന്റെയും ചെറുകാടിന്റെയും നാടകങ്ങളിലെ മലബാര്‍ ഭാഷകള്‍ കേരളത്തിലെ നാടകാസ്വാദകരുടെ സംവേദനത്തിന് ഒരിക്കലും വിഘ്നമായി തീരാറില്ലല്ലോ. പ്രാദേശികസ്വത്വബോധവും ബിംബങ്ങളും കൃതികളിലാവിഷ്‌ക്കരിക്കുന്നത് മൗലികതയുള്ള എഴുത്തുകാരുടെ സ്വാഭാവികരീതിയാണ്. ചിലിയിലെ കല്ലിനെക്കുറിച്ച് നെരൂദ എഴുതുമ്പോഴും കാളപ്പോരിനു സമാനമായ സ്പാനിഷ് കുടിപ്പകയെക്കുറിച്ച് ലോര്‍ക്ക എഴുതുമ്പോഴും ഈ ചെറുകേരളത്തിലെ മലയാളിക്ക് ആസ്വദിക്കാനാവുന്നുണ്ടല്ലോ! ഓണാട്ടുകരയിലെ ശൈലിയും ചേഷ്ടാവിശേഷങ്ങളും പഴംചൊല്ലുകളും നിറഞ്ഞ ഭാസിനാടകങ്ങള്‍ ഏറെ മൗലികങ്ങളായിത്തീര്‍ന്നതില്‍ തീര്‍ച്ചയായും ഈ പ്രദേശികത്വത്തിന് അതിന്റേതായ പങ്കുണ്ട്. തോപ്പില്‍ ഭാസിയുടെ നാടകങ്ങളിലെ സ്ത്രീകഥാപാത്രങ്ങളുടെ സവിശേഷത വിശകലനംചെയ്യേണ്ടതാണ്. പ്രാന്തവത്കൃതരായ ജനവിഭാഗങ്ങളോടുള്ള സവിശേഷമായ പക്ഷപാതിത്വം ഭാസിനാടകങ്ങളില്‍ കണ്ടെടുക്കാനാവും. തന്റെ ഒളിവുകാല ജീവിതത്തില്‍ അടുത്തറിയാന്‍ കഴിഞ്ഞ കീഴാളസ്ത്രീ സമൂഹങ്ങളുടെ ദൈന്യതയും പാരതന്ത്ര്യവുമാവാം തന്റെ നാടകങ്ങളിലൂടെ അദ്ദേഹം പ്രതിഫലിപ്പിച്ചത്. വര്‍ഗ്ഗ- വര്‍ണ്ണവ്യത്യാസമെന്നതുപോലെ സ്ത്രീ-പുരുഷ അന്തരങ്ങളും ഭാസിയുടെ സവിശേഷമായ ശ്രദ്ധയെ ആകര്‍ഷിച്ചിട്ടുണ്ട്. പ്രധാന പ്രമേയം മറ്റൊന്നായിരിക്കുമ്പോഴും ഒതുക്കിവെച്ച പെണ്‍പിടച്ചിലുകള്‍ നാം അനുഭവിക്കുന്നു. നാടകത്തിലെ മിക്ക സ്ത്രീകഥാപാത്രങ്ങളും സാധാരണക്കാരാണ്. നമ്മുടെ നാട്ടിന്‍പുറങ്ങളില്‍നിന്ന് നേരെ അരങ്ങില്‍ പ്രവേശിച്ചവര്‍. ഈ നാടന്‍തനിമ പെണ്‍കഥാപാത്രങ്ങള്‍ക്ക് അസാമാന്യമായ തിളക്കം പകരുന്നുണ്ട്. മലയാളനാടകവേദിയില്‍ ദളിത് നായികമാരെ സൃഷ്ടിച്ചത് ഭാസിയാണ്. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയിലെ ശക്തമായ ഒരു പെണ്‍സാന്നിദ്ധ്യമാണ് ചാത്തപ്പുലയന്റെ മകള്‍ മാല. സ്വന്തം വര്‍ഗ്ഗത്തിന്റെ വിമോചനത്തിന്റെ തീപ്പന്തം കൈയിലേന്തി പോരാടുന്നവളാണ് മാല. മുടിയനായ പുത്രനിലെ ചെല്ലമ്മ മാലയുടെ മറു രൂപം തന്നെ! സ്വന്തമായ തീരുമാനങ്ങളെടുക്കാന്‍ പ്രാപ്തരായ കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളെ ഭാസി സൃഷ്ടിച്ചിട്ടുണ്ട്. വിശക്കുന്ന കരിങ്കാലിയിലെ തങ്കമ്മ ശക്തമായ തീരുമാനമെടുക്കുന്ന പെണ്‍സ്വത്വബോധത്തിന്റെ ദൃഷ്ടാന്തമായി തിളങ്ങിനില്‍ക്കന്നു. സര്‍വ്വേക്കല്ലിലെ വാസന്തിയും അശ്വമേധത്തിലെ സരോജവും മൂലധനത്തിലെ ശാരദയും കൂട്ടുകുടുംബത്തിലെ ശ്യാമളയും തുലാഭാരത്തിലെ വിജയയുമെല്ലാം മെഴുകുതിരികളെപ്പോലെ ഉരുകിത്തീരുമ്പോഴും സവിശേഷമായ അനുതാപം അര്‍ഹിക്കുംവിധമാണ് തോപ്പില്‍ ഭാസി ചിത്രീകരിക്കുന്നത്. സ്വന്തമായ വ്യക്തിത്വമുള്ള സ്ത്രീകഥാപാത്രങ്ങള്‍ മിക്ക നാടകങ്ങളിലും കാണാവുന്നതാണ്. ഭാസിയുടെ നാടകജീവിതത്തിന്റെ അവസാനഘട്ടത്തില്‍ സ്ത്രീപക്ഷ ചിന്ത പൂര്‍ണ്ണത കൈവരിക്കുന്നതായി കാണാം. അനുതാപപൂര്‍വ്വം സ്ത്രീകഥാപാത്രങ്ങളെ സൃഷ്ടിച്ച ആദ്യകാല നാടകങ്ങളില്‍നിന്ന് വ്യത്യസ്തമായി സ്ത്രൈണശക്തിയുടെ വീറുറ്റ കഥാപാത്രങ്ങളാണ് മൃച്ഛകടികത്തിലെ വസന്തസേനയും ശകുന്തളയും പാഞ്ചാലിയുമെല്ലാം. സര്‍വ്വംസഹയായ ഭൂമിക്കുതുല്യം ജീവിക്കുന്നവരാണ് ഭാസിനാടകങ്ങളിലെ പെണ്‍കഥാപാത്രങ്ങളെന്ന് വിചാരിക്കുന്നവരുണ്ടാകും. എന്നാല്‍, അവഹേളിക്കപ്പെടുന്ന സ്ത്രീത്വത്തോടുള്ള കാരുണ്യവും ഐക്യദാര്‍ഢ്യവും ആദരവും ജനിപ്പിക്കാന്‍ ഭാസിയുടെ കഥാപാത്ര ചിത്രീകരണത്തിന് സാദ്ധ്യമാവുന്നുണ്ട്.

thoppil bassi

നന്മയുടെയും ത്യാഗത്തിന്റെയും പരിമളം പൊഴിക്കുമ്പോഴും അവര്‍ പോര്‍വീര്യം പ്രകടിപ്പിക്കുന്നുണ്ട്. നിര്‍ണ്ണായകഘട്ടത്തില്‍ ഉറച്ച തീരുമാനമെടുക്കാന്‍ അവരെ ഭാസി പ്രാപ്തരാക്കുന്നുണ്ട്. നാടകസംവിധായകനെന്ന രീതിയില്‍ അസാമാന്യമായ മികവ് പ്രകടിപ്പിക്കാന്‍ ഭാസിക്കു കഴിഞ്ഞിട്ടുണ്ട്. കെ.പി.എ.സി.ക്കുവേണ്ടി തന്റെ പതിനെട്ട് നാടകങ്ങള്‍ സംവിധാനം ചെയ്തതിനുപുറമെ വ്യത്യസ്തരായ നാടകകൃത്തുകള്‍ രചിച്ച പതിനാല് നാടകങ്ങള്‍ക്ക് രംഗവ്യാഖ്യാനം നല്‍കാന്‍ ഭാസിക്ക് കഴിഞ്ഞിട്ടുണ്ട്. ഇക്കൂട്ടത്തില്‍ താന്‍ ഗുരുതുല്യനായി കരുതിയിരുന്ന എന്‍.കൃഷ്ണപിള്ളയുടെ ഭഗ്‌നഭവനം, കന്യക എന്നീ നാടകങ്ങളുടെ സംവിധാനകര്‍മ്മം നിര്‍വ്വഹിക്കാനും ഭാസിക്കു കഴിഞ്ഞു. വായിക്കാന്‍ കൊള്ളാവുന്നതും എന്നാല്‍ അരങ്ങത്ത് വിജയകരമായി അവതരിപ്പിക്കാന്‍ കഴിയാത്ത നാടകങ്ങള്‍ ഉണ്ടെന്ന് കരുതുന്നവരുണ്ട്. ക്ലോസെറ്റ് പ്ലേ എന്ന് വിദേശങ്ങളില്‍ അത്തരം നാടകങ്ങളെ ചെല്ലപ്പേര് വിളിച്ച് ആക്ഷേപിക്കാറുണ്ട്.

ചെക്കോവിന്റെ നാടകങ്ങള്‍ വിജയകരമായി സ്റ്റാന്‍സ്ലോവ്സ്കി അവതരിപ്പിക്കും വരെ ചറി ഓര്‍ച്ചാര്‍ഡും, സീഗളും രംഗാവതരണക്ഷമങ്ങളല്ല എന്നാണ് കരുതിയിരുന്നത്. എന്‍.കൃഷ്ണപിള്ളയുടെ നാടകങ്ങളും അരങ്ങില്‍ ശോഭിക്കുന്നവയല്ല എന്ന് കരുതിയിരുന്നവരുടെ ധാരണകള്‍ തിരുത്തുംവിധം ഭഗ്‌നഭവനവും കന്യകയുമെല്ലാം വിജയകരമായി അരങ്ങിലെത്തിക്കാന്‍ തോപ്പില്‍ ഭാസിക്ക് കഴിഞ്ഞു. ഒരര്‍ത്ഥത്തില്‍ അതൊരു ഗുരുദക്ഷിണയായിരുന്നു. മറ്റ് നാടകകൃത്തുക്കളുടെ നാടകങ്ങളും അവശ്യം വേണ്ട തിരുത്തലുകളോടെ രംഗാവതരണക്ഷമമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കെ.പി.എ.സി.ക്കുവേണ്ടി ഭാസി സംവിധാനംചെയ്ത എല്ലാ നാടകങ്ങളും കേരളജനത സാമാന്യം നല്ല രീതിയില്‍ തന്നെയാണ് സ്വീകരിച്ചത്. ഓരോ നാടകങ്ങളും അതിന്റെ വൈവിദ്ധ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധേയമായിരുന്നു. നാടകത്തിന്റെ ഉള്ളടക്കം ആവശ്യപ്പെടുന്ന ഒരു രൂപഘടന കണ്ടെത്തുക ഭാസിയെ സംബന്ധിച്ചിടത്തോളം വിഷമകരമായിരുന്നില്ല. അതിനു കാരണം നാടകവേദിയിലുണ്ടാകുന്ന പുതിയ ചലനങ്ങളെ ഉള്‍ക്കൊള്ളാനുള്ള ഭാസിയുടെ തുറന്ന മനസ്സാണ്. പുതിയ കാലത്തിനൊത്ത് അദ്ദേഹം തന്റെ നാടകപ്രതിഭയെ നവീകരിച്ചുകൊണ്ടിരുന്നു. കെ.പി.എ.സി. സംഘവുമായി സംസ്ഥാനത്തിനുപുറത്തേക്കുള്ള നാടകയാത്രകള്‍ ഭാസിയുടെ നാടകാവബോധത്തില്‍ മൗലികമായ വ്യതിയാനങ്ങള്‍ വരുത്തിയിട്ടുണ്ട്. മറാത്തി, ബംഗാളി നാടകവേദിയുമായുള്ള ബന്ധവും കെ.എ.അബ്ബാസ്, ബെല്‍രാജ് സാഹ്നി തുടങ്ങിയ നാടകപ്രവര്‍ത്തകരുമായുള്ള സൗഹൃദവും ഭാസിയിലെ നാടകപ്രതിഭയെ പരിപോഷിപ്പിച്ചിട്ടുണ്ട്. Mood lighting, Scenic designing എന്നീ നാടകസങ്കേതങ്ങളില്‍ ഭാസിയുടെ സവിശേഷമായ ശ്രദ്ധ പതിയാന്‍ ഈ യാത്രകള്‍ വഴിയൊരുക്കിയിട്ടുണ്ട്. സോഷ്യലിസ്റ്റ് റിയലിസമെന്ന ആശയഗതി ഭാസിയില്‍ രൂഢമൂലമായത് ബല്‍രാജ് സാഹ്നിയുമായുള്ള നിരന്തരബന്ധത്തിലൂടെയാണ്. അന്നുവരെ നിലനിന്നിരുന്ന നാടകാവതരണ സമ്പ്രദായങ്ങളില്‍നിന്ന് വ്യത്യസ്തവും നൂതനവുമായ അവതരണശൈലി അവലംബിക്കാന്‍ കെ.പി.എ.സി.ക്ക് തീര്‍ച്ചയായും കഴിഞ്ഞിട്ടുണ്ട്. പ്രമേയപരമായും രൂപപരമായും കെ.പി.എ.സി പുലര്‍ത്തിയ ഈ മികവ് മറ്റ് പ്രൊഫഷണല്‍ സംഘങ്ങള്‍ക്ക് എന്നും മാര്‍ഗ്ഗദര്‍ശ്ശകമായിട്ടുണ്ട്. സാമൂഹ്യചലനങ്ങളെക്കുറിച്ചുള്ള സൂക്ഷ്മനിരീക്ഷണപാടവവും ശാസ്ത്രാവബോധവും കാലോചിതമായ ഭാവുകത്വ നവീകരണ പരിശ്രമങ്ങളും തീര്‍ച്ചയായും വര്‍ത്തമാനകാല നാടകപ്രവര്‍ത്തകര്‍ അനുശീലിക്കേണ്ട ഒന്നാണെന്ന് തോപ്പില്‍ഭാസി നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു.

——–


 

അഡ്വ. പ്രേംപ്രസാദ്

കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് നാടക പഠനത്തില്‍ ബിരുദം. മാസ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസത്തിലും മലയാളം ലിറ്ററേച്ചറിലും എംഎ, ജനനയന എന്ന ഫോക്ക് തീയറ്റര്‍ ഗ്രൂപ്പിന്റെ ഡയറക്ടര്‍. സംഗീത നാടക അക്കാദമി മുന്‍ എക്സിക്യൂട്ടീവ് അംഗം, ഇന്ത്യക്കകത്തും വിദേശങ്ങളിലും നിരവധി
കലാശില്‍പ്പശാലകളും അവതരണങ്ങളും നടത്തി. കെടാമംഗലം സദാനന്ദന്‍, മുല്ലനേഴി, ജോസ് ചിറമേല്‍ എന്നിവരുടെ പേരില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. നാടക പാതയിലെ വഴിവിളക്കുകള്‍ എന്ന പഠന ഗ്രന്ഥം രചിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ മെമ്പര്‍ ആണ്.

4 Replies to “തോപ്പില്‍ ഭാസി; ജീവിതത്തെയും സാഹിത്യത്തെയും പോരാട്ടമാക്കിയ നാടകപ്രതിഭ”

  1. ഒരു ലളിത ഗാനാലാപനത്തിലൂടെ ഒഴുകിപ്പോകും വിധം മാസ്മരികത നിറഞ്ഞ മനോഹര ശൈലി.

Your Email address will not be published.