
ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ബ്രിട്ടീഷ് നാടകവേദികളെ അടക്കി ഭരിച്ച പീറ്റര്‍ ബ്രൂക്ക് (Peter Brook) ഒരിക്കല്‍ പറഞ്ഞു :
‘In everyday life, ‘If ‘ is a fiction, in the theatre, ‘if ‘ is an experiment.’
2025 ലെ പൃഥ്വി തിയ്യറ്റര്‍ ഫെസ്റ്റിവലില്‍, പരീക്ഷണ നാടകങ്ങള്‍ കാണാനെത്തിയപ്പോള്‍, പീറ്റര്‍ ബ്രൂക്കിന്റെ വരികളാണ് ഓര്‍മ്മയിലോടിയെത്തിയത്. ആലങ്കാരികതകളില്ലാതെത്തന്നെ പറയട്ടെ, തികച്ചും വ്യത്യസ്ഥമായ നാടകാനുഭവങ്ങള്‍ സമ്മാനിച്ചുകൊണ്ടാണ് നവംബര്‍ 1 മുതല്‍ 17 വരെ നീണ്ടു നിന്ന പൃഥ്വി തിയറ്റര്‍ ഫെസ്റ്റിവല്‍ (Prithvi Theatre Festival) കടന്നു പോയത്. നാടകോത്സവത്തില്‍,
ഹിന്ദിയില്‍ അവതരിപ്പിക്കപ്പെട്ട നാല് പരീക്ഷണങ്ങളെക്കുറിച്ചുള്ള നാടകവര്‍ത്തമാനമാണ് ഈ കുറിപ്പ്.

അഫ്‌സാന തിയ്യറ്റര്‍ (Afsana Theatre) അവതരിപ്പിച്ച ‘ക്യാ ഹി ഫരക് പട്താ ഹെ ‘ (Kya hi faraq padta hai) എന്ന ഏകപാത്ര നാടകം ഇന്ത്യയുടെ സമകാലിക സാമൂഹിക-രാഷ്ട്രീയാവസ്ഥയുടെ നേര്‍പ്പകര്‍പ്പായി.
വാരിസ് അഹമദ് സെയ്ദ് എഴുതി, ജിതേന്ദ്ര സിംഗ് സംവിധാനം ചെയ്ത നാടകത്തില്‍, വാരിസ് തന്നെയാണ് വേഷമിട്ടത്. ഒരു സാധാരണ മുസ്ലിം കുടുംബത്തില്‍ പിറന്ന അമറിന് ചെറുപ്പം മുതലേ അഭിനയത്തോട് തോന്നിയ ഇഷ്ടവും, തുടര്‍ന്നുള്ള അമറിന്റെ ജീവിതയാത്രയുമാണ്, ഹാസ്യവും ദുരന്തവും കലര്‍ന്ന ഈ നാടകം.
‘The world is a comedy to those who think, a tragedy to those who feel’എന്നെഴുതിയത് ഹൊരേസ് വാല്‍പോളാണ് (Horace Walpole). പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം ചിന്തയും അനുഭവവും സമ്മിശ്രമായ ഈ നാടകം, തികച്ചും ‘One – man – tragicomedy’ യായി മാറി. സ്‌കൂള്‍ പഠന കാലം മുതല്‍ അഭിനയ കലയോട് അമിതമായ ആഭിമുഖ്യം വെച്ചു പുലര്‍ത്തിയിരുന്ന ഒരു അഭിനേതാവിന്റെ ജീവിത സാഹചര്യങ്ങള്‍, കുടുംബ പശ്ചാത്തലം, സാമൂഹിക ചുറ്റുപാടുകള്‍.. എല്ലാം തന്നെ നാടകത്തില്‍ ഇഴചേര്‍ക്കപ്പെടുമ്പോള്‍, സാമൂഹിക പരിതസ്ഥിതിയും ഗാര്‍ഹിക ചുറ്റുപാടുകളുമാണ്
ഒരു മനുഷ്യനെ വാര്‍ത്തെടുക്കുന്നതെന്ന തോന്നല്‍ ഓരോ പ്രേക്ഷകനും ശക്തയായി അനുഭവപ്പെടും.
ഹിന്ദി സിനിമകളിലെ ഹീറോകളെപ്പോലെ ഒരിക്കല്‍ തനിക്കും ഒരു ഹീറോ ആകണമെന്ന കലശലായ മോഹം അമര്‍ ജീവിതത്തിലുടനീളം വെച്ചു പുലര്‍ത്തുന്നുണ്ട്, പരിശ്രമിക്കുന്നുണ്ട്. പങ്കെടുക്കുന്ന ഓഡിഷനുകളിലെല്ലാം പരാജയപ്പെട്ട്, ഒടുവില്‍, ഛോട്ടാപ്പൂരിലെ രാമലീല മഹോല്‍സവത്തില്‍ രാമായണം അവതരിപ്പിക്കുവാന്‍ നടീനടന്‍മാരെ ആവശ്യമുണ്ടെന്ന പരസ്യം ശ്രദ്ധയില്‍പ്പെടുന്നതോടെ ഭാവനയില്‍ത്തന്നെ രാമനെന്ന ഹീറോ ആയി അമര്‍ അഭിനയിച്ചു നോക്കുന്നുണ്ട്. ഓഡിഷന് പോകുമ്പോള്‍, വാനരന്റെ റോള്‍ ലഭിച്ചാല്‍ വേണ്ടെന്നു പറയുമെന്ന് ആവര്‍ത്തിക്കുന്നുണ്ട്…. രാമനെന്ന ഹീറോയുടെ റോള്‍ മോഹിച്ച അമറിന് സംഭാഷണം കുറവാണെങ്കിലും ലക്ഷ്മണന്റെ വേഷം ചെയ്യാന്‍ അവസരം ലഭിക്കുന്നത് തന്റെ ആഗ്രഹ സഫലീകരണമായി അമര്‍ കരുതുന്നു. എന്നാല്‍, ആ തെരഞ്ഞെടുപ്പ്, ഓഡിഷന് വന്നവരില്‍ മാത്രമല്ല, സമൂഹത്തില്‍ത്തന്നെ വലിയ കോളിളക്കമുണ്ടാക്കുന്നതായിരുന്നു. വിഷയം ഗ്രാമീണ സമാജങ്ങളില്‍ ചര്‍ച്ചയാകുന്നു. ഹിന്ദുമത വിശ്വാസിയല്ലാത്തൊരാള്‍ എങ്ങനെ ലക്ഷ്മണനായി വേഷം കെട്ടും? മതവിശ്വാസികളും അവിശ്വാസികളും നിറഞ്ഞ സമൂഹം വിഷയം ഏറ്റെടുക്കുന്നു. ജനങ്ങള്‍ ചേരിതിരിയുന്നു. രാമലീല മഹോല്‍സവത്തിന്റെ സംഘാടക സമിതിയിലും സെലക്ഷന്‍ കമ്മിറ്റിക്കകത്തും പൊട്ടിത്തെറിക്കത്തക്കവിധം വിരുദ്ധാഭിപ്രായങ്ങള്‍ രൂപപ്പെടുന്നു. തന്റെ ജീവിതയാത്രയില്‍ പ്രതീക്ഷക്കൊത്ത് കാര്യങ്ങള്‍ നടക്കാതിരിക്കുമ്പോള്‍ മാനസിക സംഘര്‍ഷങ്ങളെ ലഘൂകരിക്കാന്‍ അമര്‍ ആവര്‍ത്തിക്കാറുള്ള ഒരു ആത്മഗതമുണ്ട്.
‘ക്യാ ഹി ഫരക് പട്താ ഹെ? ‘ പതിവുപോലെ, അമര്‍ സംയമനം പാലിക്കുന്നു. ആദ്യം എതിര്‍പ്പുണ്ടായിരുന്നെങ്കിലും, ഒരു വിധത്തില്‍ സ്വന്തം വീട്ടുകാരെ, പ്രത്യേകിച്ചും വാപ്പയെ (അബ്ബയെ), ബോധ്യപ്പെടുത്തുവാന്‍ അമറിന് കഴിയുന്നുണ്ട്. മത്സ്യമാംസാദികള്‍ ഒഴിവാക്കി, രാമലീല മഹോത്സവം കഴിയുന്നതുവരെ വ്രതമനുഷ്ഠിക്കണമെന്ന നിബന്ധനകളോടെ സെലക്ഷന്‍ കമ്മറ്റിയും സംഘാടകരും അമറിന്റെ കാര്യത്തില്‍ ഒത്തു തീര്‍പ്പിലെത്തുന്നു. പക്ഷെ പ്രശ്‌നം അവിടെയൊന്നും തീര്‍ന്നില്ല. സ്വന്തം മഹല്ലിലെ പള്ളിയില്‍ അമറിന് പ്രവേശനം നിഷേധിക്കുന്നു. വാപ്പയുടെ ഉപദേശത്തോടെ നഗരത്തിലെ പള്ളിയില്‍ പോകാനൊരുങ്ങുന്ന അമറിന് അവിടെയും പ്രവേശനാനുമതി ലഭിക്കുന്നില്ല. ഹിന്ദുവുമല്ല മുസല്‍മാനുമല്ല എന്ന അവസ്ഥയിലൂടെ അമറിന്റെ ജീവിതം കടന്നു പോകുന്ന ദിനരാത്രങ്ങള്‍. റിഹേഴ്‌സല്‍ പുരോഗമിക്കുമ്പോള്‍, വീണ്ടും മറ്റൊരു പ്രശ്‌നം മുള പൊട്ടുന്നു. ഇസ്ലാം മതത്തില്‍ പിറന്നവനെ ലക്ഷ്മണനായി അഭിനയിക്കുവാന്‍ തിരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച് രാമനായി വേഷമിടുന്ന നടന്‍ താന്‍ അഭിനയിക്കില്ലെന്നു പറഞ്ഞ് ‘വാക്ക് ഔട്ട് ‘ നടത്തുന്നു. രാമലീല മഹോല്‍സവത്തിന് മുന്നോ നാലോ ദിവസം മാത്രം ബാക്കി. രാമനായി അഭിനയിക്കുവാന്‍ മറ്റൊരാളെ കണ്ടെത്താനാവാത്ത സാഹചര്യത്തില്‍,
രാമന്റെ ദീര്‍ഘ സംഭാഷണം അറിയുന്ന അമറിന്റെ കൈകളിലേക്ക് രാമന്റെ റോള്‍ വന്നെത്തുകയാണ്. രോഗി ഇച്ഛിച്ചതും പാല്, വൈദ്യന്‍ കല്പിച്ചതും പാല്. കുറച്ചു ഡയലോഗുകള്‍ മാത്രമുള്ള ലക്ഷ്മണന്റെ റോളിന് സംഘാടകര്‍ മറ്റൊരാളെ കണ്ടെത്തി,
രാമലീല അരങ്ങേറുന്നു.
പക്ഷെ, ആ ആഹ്ലാദത്തിന് അല്പായുസ്സേ ഉണ്ടായിരുന്നുള്ളൂ… ‘പാലം കടക്കുവോളം നാരായണാ… പാലം കടന്നാല്‍ കൂരായണാ’ എന്ന നാടന്‍ പ്രയോഗം അന്വര്‍ത്ഥമാകുന്ന വിധം, നാടകാന്ത്യത്തില്‍,
ഏതു കൂട്ടരെന്ന് കണ്ടു പിടിക്കാനോ അവകാശപ്പെടാനോ ആവാത്ത വിധം, ഇരുട്ടിന്റെ മറവില്‍,
അമര്‍ എന്ന നായക നടന്‍ ആക്രമിക്കപ്പെടുന്നു. ഇന്നത്തെ ഇന്ത്യന്‍ പരിതസ്ഥിതിയില്‍ ഈ നാടകം ഒരു രാഷ്ട്രീയ വായനകൂടി സാധ്യമാക്കുന്നുണ്ട്. മനുഷ്യനെന്ന വികാരം മാത്രം ഭരിക്കുന്ന അമറിന്റെ മനസ്സില്‍ നിന്ന് പുറത്തെത്തുന്ന ആത്മഗതം – ‘ക്യാ ഹി ഫരക് പട്താ ഹെ?’ – ജീവിതത്തിന്റെ വ്യത്യസ്ഥ സാഹചര്യങ്ങളില്‍ ഓരോ പ്രേക്ഷകനും ചോദിച്ചു പോകാറുള്ളതാണ്. ചോദിക്കാത്തവര്‍,
ഇന്നല്ലെങ്കില്‍ നാളെ ചോദിക്കാനും സാധ്യതയുള്ളതാണ്. പൊയ്‌പ്പോയ തലമുറ ദാനം നല്‍കിയ ഭൂമിയില്‍, ഇത്തിരികാലം കടം കൊള്ളുന്ന ജീവിതമെന്ന സമസ്യാപൂരണത്തിനിടക്ക്, മനുഷ്യരെ ജാതി മത വര്‍ഗ്ഗ വര്‍ണ്ണാടിസ്ഥാനത്തില്‍ വേര്‍തിരിച്ച്, വിവിധ നിറത്തിലും തരത്തിലുമുള്ള കള്ളികളിലാക്കി, വര്‍ഗ്ഗീയതയും വിഭാഗീയതയും വെറുപ്പും വിദ്വേഷവും വളര്‍ത്തി,
മനുഷ്യരെ തമ്മിലടിപ്പിച്ച് സ്വാര്‍ത്ഥ ലാഭം കൊയ്യുന്ന കറുത്ത ശക്തികളെ തിരിച്ചറിയാന്‍ കൂടി ഈ നാടകം പ്രേരകമാകുമ്പോള്‍, മനുഷ്യന്റെ നിലനില്പിനുള്ള സമരത്തില്‍ (Struggle for existence) മതമേതായാലും, ‘ക്യാ ഹി ഫരക് പട്താ ഹെ?’ എന്ന് ഓരോ പ്രേക്ഷകനും ചോദിച്ചു പോകും.

അന്തരീക്ഷ് (Antriksh) അവതരിപ്പിച്ച ‘നീലി ദീവാരോം കേ ബീച്’ (Neeli Dewaronke Beech) എന്ന നാടകം, സുമിത് ചന്ദേല്‍ എഴുതി സംവിധാനം ചെയ്തതാണ്. പ്രസിദ്ധ നാടക നടന്‍ വിദ്യാസാഗര്‍, ജിവിതം മുന്നോട്ടു കൊണ്ടുപോകാന്‍ റീല്‍സും ചെറിയ വിഡിയോകളും ചെയ്യുവാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ഒരു സാമൂഹിക പശ്ചാത്തലത്തിലാണ് നാടകം പൂരോഗമിക്കുന്നത്. എങ്കിലും തന്റെ നാടകത്തോടും അരങ്ങിനോടുമുള്ള അടങ്ങാത്ത അഭിനിവേശം അയാളെ നിരന്തരം വേട്ടയാടുന്നു. എങ്ങോട്ടു തിരിഞ്ഞാലും, ആരുമായി ഇടപെട്ടാലും അത് തന്റെ വിശ്വാസങ്ങളെ ചോദ്യം ചെയ്യപ്പെടുന്ന ഒരവസ്ഥയിലൂടെ വിദ്യാസാഗര്‍ കടന്നു പോകുന്നു. തന്റെ ആന്തരിക ലോകം തന്നോടു തന്നെ സംവദിക്കുന്നതായി വിദ്യാസാഗറിന് തോന്നുന്നു. അത്തരം ആത്മസംഘര്‍ഷങ്ങളില്‍, താന്‍ അടക്കിവെച്ച ചില ജീവിത യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് ബോധവാനാകുവാന്‍ വിദ്യാസാഗറിനാവുന്നുണ്ട്. സ്വയം കണ്ടെത്തല്‍, തന്നിലുള്ള വിശ്വാസം, നാടക രംഗത്തെ മുതലാളിത്ത (Capitalism) ചൂഷണം എന്നിവയൊക്കെ നാടകത്തില്‍ പ്രത്യക്ഷമായും പരോക്ഷമായും പ്രതിപാദിക്കപ്പെടുന്നുണ്ട്. ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഒരു സംഘം കലാകാരന്മാര്‍ അവതരിപ്പിച്ച ഈ നാടകത്തില്‍, ഒരു നടന്റെ വൈയക്തികമായ അന്വേഷണം, സ്വത്വം തേടിയുള്ള അലച്ചില്‍ എന്നിവ ആദ്യാവസാനം വരെ തുടര്‍ന്നു പോകുന്ന ഒരു അടിസ്ഥാന രേഖയാണ്. അത് നാടകത്തിന്റെ അനുസ്യൂതമായ ആന്തരിക താളമാകുന്നു. അച്ചടക്കത്തിലുപരി അടങ്ങിയൊതുങ്ങിയിരിക്കുക എന്ന സാമ്പ്രദായിക അനുസരണാശീലങ്ങളെ ചോദ്യം ചെയ്ത്, ചിലപ്പോഴെങ്കിലും, ഒന്ന് കുടഞ്ഞെഴുന്നേല്‍ക്കുവാന്‍ ഈ നാടകം ഓരോ കാണിക്കും പ്രചോദനമാവുന്നുണ്ട്.

പുനാഹ തിയ്യറ്റേഴ്‌സിന്റെ (Punaha Theatres) ന്റെ ‘താംബേ കെ കീടേ’ (Taambey Ke Keedey) എന്ന നാടകം എഴുതിയത് ഭുവനേശ്വറും അഭിനവ് ഗ്രോവറും ചേര്‍ന്നാണ്. അഭിനവ് ഗ്രോവര്‍ സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. അസംബന്ധ നാടക ഗണത്തില്‍ (Absurd Theatre) പെടുന്ന നാടകമാണ് ‘താംബേ കെ കീടേ.’
1946 ല്‍ ഭുവനേശ്വര്‍ പ്രസാദ് എഴുതിയ ഈ അസംബന്ധ നാടകം, യുദ്ധത്തിനും വ്യാവസായിക പുരോഗതിക്കും ശേഷമുള്ള മനുഷ്യരുടെ മാനസികാവസ്ഥകള്‍ ചര്‍ച്ചചെയ്യുന്നു.
ഒരു പക്ഷേ, സാമുവല്‍ ബക്കറ്റിനെയൊക്കെ നമ്മള്‍ അറിയുന്നതിനും എത്രയോ മുന്‍പ്, ഇന്ത്യയില്‍ അസംബന്ധ നാടകം (Absurd Play) എഴുതിയ ആളായിരിക്കണം മുന്‍ഷി പ്രേംചന്ദിന്റേയും (1880-1936) രാംവിലാസ് ശര്‍മ്മയുടേയും (1912-2000) കാലത്ത് ജീവിച്ചിരുന്ന നാടകകൃത്ത് ഭുവനേശ്വര്‍ പ്രസാദ്. കാലത്തിനു മുന്‍പേ സഞ്ചരിച്ച, പുരോഗമനാശയം പേറിയ ഒരെഴുത്തുകാരന്‍. രണ്ടാം ലോകമഹായുദ്ധത്തിന്റെ നിഴലില്‍, സാങ്കേതിക വിദ്യകളുടെ ആവിര്‍ഭാവം മാനുഷിക മൂല്യച്യുതി വര്‍ദ്ധിപ്പിച്ച് ശിഥിലമാക്കിയ ലോകത്ത്, ഭ്രാന്തിനും നിരര്‍ത്ഥകതക്കുമിടയില്‍ അങ്ങോട്ടുമിങ്ങോട്ടും നീങ്ങിക്കൊണ്ടിരിക്കുന്ന തുണ്ടം തുണ്ടമാക്കപ്പെട്ട സമൂഹത്തിന്റെ അനിശ്ചിതത്വത്തിലേക്ക് ഓരോ പ്രേക്ഷകനെയും ഈ നാടകം വലിച്ചാഴ്ത്തുന്നു. ഭുവനേശ്വര്‍ പ്രസാദിന്റെ രചനയെ പ്രോത്സാഹിപ്പിച്ച മുന്‍ഷി പ്രേംചന്ദിനേക്കുറിച്ചൊക്കെ നാടകത്തില്‍ പല സന്ദര്‍ഭങ്ങളിലും സൂചിപ്പിക്കുന്നുണ്ട്.
ഭുവനേശ്വര്‍ 1936 ല്‍ എഴുതിയെന്നു പറയപ്പെടുന്ന ‘The Romance of the Spermatozoa’ എന്ന കവിതയിലെ വരികളൊക്കെ നാടക രംഗത്തില്‍ ഉദ്ധരിക്കുന്നുണ്ട്.
1910 ലാണ് ഉത്തര്‍പ്രദേശിലെ ഷാഹജാന്‍പൂരില്‍ ഭുവനേശ്വറിന്റെ ജനനം എന്നു പറയപ്പെടുന്നു. (1912 ല്‍ ആണെന്നും അല്ല, 1915 ല്‍ ആണെന്നും വ്യത്യസ്ഥ അഭിപ്രായങ്ങളുമുണ്ട്).
1937 ല്‍ ‘The Wolves ‘ എന്ന ചെറുകഥയെഴുതിയ ഭുവനേശ്വര്‍, ഹിന്ദി സാഹിത്യത്തിന്റെ ഭാവി യാണെന്നാണ് പ്രേംചന്ദ് കുറിച്ചു വെച്ചത്. കലശലായ മദ്യാസക്തി സ്വന്തം ജീവിതതാളം തന്നെ തെറ്റിച്ച്, മാനസികനില തകരാറിലായി, തെരുവില്‍ ജീവിക്കേണ്ടി വന്ന ഭുവനേശ്വറിനെ,
അവസാനമായി വാരണാസിയിലെ ഭിക്ഷാംദേഹികളുടെ കൂട്ടത്തില്‍ കാണപ്പെട്ടുവെന്നും
1957 ല്‍ ആ മഹാനായ എഴുത്തുകാരന്‍ മരണപ്പെട്ടുവെന്നും ചരിത്രസാക്ഷ്യം.
സ്വന്തം ജീവിതം എത്തിപ്പിടിക്കാന്‍ കഴിയാത്ത ഒരു സ്വപ്നത്തിന്റെ ശൂന്യതയിലേക്ക് ഓരോരുത്തരും (Self existence) നീരാവിപോലെ നഷ്ടപ്പെടുമെന്ന് സ്വന്തം ജീവിതം സാക്ഷ്യപ്പെടുത്തി ഭുവനേശ്വര്‍ നമ്മോട് വിളിച്ചോതുന്നുണ്ട്. ‘നമ്മളുടെ വിധിയുടെ ചെന്നായ്ക്കള്‍ നമ്മോടടുക്കുന്നു.
നമ്മള്‍ അതിനെ അതിജീവിക്കാന്‍ വിസമ്മതിക്കും. ഒടുവില്‍, ചെന്നായ്ക്കള്‍ നമ്മളെ ഭക്ഷിക്കും… ‘ എന്നും ഭുവനേശ്വര്‍ എഴുതി. സാമുവല്‍ ബക്കറ്റിന്റെ ‘ഗോദോയെ കാത്ത് ‘ എന്ന നാടകം, കാത്തിരിപ്പുണ്ടാക്കുന്ന എല്ലാ മാനുഷിക വികാരങ്ങളേയും പ്രേക്ഷകനെ അനുഭവിപ്പിക്കുന്ന തരത്തില്‍ സംവദിക്കുന്നുവെങ്കില്‍, ഈ നാടകം പ്രേക്ഷകനെ കശക്കി വെക്കുന്നു; അസ്വസ്ഥമാക്കുന്നു. ജീവിതത്തിന്റെ അര്‍ത്ഥരാഹിത്യത്തിലേക്കോ വ്യര്‍ത്ഥതയിലേക്കോ കൈ പിടിച്ചു കൊണ്ടുപോകുന്ന, ഒരു വിചിന്തനത്തിന് പ്രേരിപ്പിക്കുന്ന നല്ലൊരു ദൃശ്യാനുഭവമായി ഈ നാടകം മാറി എന്നതില്‍ സംശയമില്ല. ആധുനിക ഹിന്ദി സാഹിത്യത്തിലെ അസംബന്ധ നാടക രചയിതാവ് ഭുവനേശ്വര്‍ പ്രസാദ് ഇനിയും വായിക്കപ്പെടേണ്ടതുണ്ട്… ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.
ചിന്തിക്കുന്ന പുതിയ തലമുറക്ക്, അതില്‍ കാര്യമുണ്ട്.

പി.ബി. തിയ്യറ്റേഴ്‌സിന്റെ ‘ഡബ്ബേവാലി’ (Dabbewaali) എന്ന ഏകപാത്ര നാടകം, തികച്ചും വിസ്മയിപ്പിച്ചു കളഞ്ഞു. തിയറ്റര്‍ ലെജന്‍ഡ് സരിതാ ജോഷിയുടെ ‘സകുഭായ്’ ഇതുപോലൊരു തിയ്യറ്റര്‍ ഫെസ്റ്റിവലില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് പൃഥ്വിയില്‍ വെച്ചു തന്നെയാണ് കണ്ടത്. ആ നാടകത്തോട് കിടപിടിക്കുന്ന പ്രകടനമായിരുന്നു ആശ എന്ന കഥാപാത്രമായി മാറി രംഗത്തു വന്ന പരിധി ഭണ്ഡാരി, എഴുതി, സംവിധാനം ചെയ്തവതരിപ്പിച്ച ‘ഡബ്ബേവാലി.’ പരിധിയും വിഭാന്‍ഷു ദോഷിയും ചേര്‍ന്നാണ് നാടകരചന നിര്‍വ്വഹിച്ചിരിക്കുന്നത്. മുംബയ് നഗരത്തില്‍ ഉച്ചഭക്ഷണ വിതരണ ശൃംഗലയായ ഡബ്ബേവാല കള്‍ നഗരവാസികള്‍ക്ക് സുപരിചിതമാണ്. ഒരിക്കല്‍, കോര്‍പ്പറേറ്റ് മാനേജുമെന്റ് തലത്തില്‍ ‘സീറോ എറര്‍’ ക്വാളിറ്റി മാനേജുമെന്റ് സിസ്റ്റത്തിന്റെ ക്ലാസുകളെടുക്കുവാന്‍, അവരുടെ പ്രവര്‍ത്തനത്തെക്കുറിച്ച് പഠിച്ച് പവര്‍ പോയന്റ് പ്രസന്റേഷന്‍ തയ്യാറാക്കിയിട്ടുമുണ്ട്. എങ്കിലും അവരുടെ ജീവിത കഥകളിലേക്ക് വെളിച്ചമെറിഞ്ഞത് ആശയെന്ന കഥാപാത്രത്തിലൂടെ,
ഡബ്ബേവാലിയെന്ന നാടകത്തിലൂടെ പരിധി ഭണ്ഡാരിയാണ്. ഡബ്ബേവാല ശൃംഗലയില്‍ ഒരേയൊരു വനിതാ അംഗമാണുള്ളത്. ആശ, സ്വന്തം ജീവിതകഥയിലൂടെ മുംബയ് നഗരജീവിതവും നമുക്കു മുന്നിലേക്കെത്തിക്കുകയാണ്. നഗരത്തിലെ തിക്കും തിരക്കും, ലോക്കല്‍ ട്രെയിന്‍ യാത്രകളും, ട്രെയിനിലെ ‘വിഠല് വിഠല്… ‘ എന്നു തുടങ്ങുന്ന ഭജനും,
കട്ടിംഗ് ചായയും, വേനലും വര്‍ഷവും, പ്രണയവും… എല്ലാമെല്ലാം നാടകയാത്രയുടെ ഒരു മണിക്കുറിനുള്ളില്‍ പ്രേക്ഷകന് അനുഭവവേദ്യമാകുന്നു.
സ്വന്തം ജീവിതം സ്വല്പം മാറി നിന്ന് കാണുന്നതു പോലുള്ള വേറിട്ട ഒരനുഭവം. നിറയെ പോസിറ്റീവ് എനര്‍ജി പേറുന്ന, ഉല്‍സാഹിയായ ആശ, കോവിഡ് പിടിപെട്ട് വേര്‍പിരിഞ്ഞ തന്റെ പങ്കാളിയുമൊത്ത് ചിലവിട്ട ജീവിതമുഹൂര്‍ത്തങ്ങള്‍ ഓര്‍ത്തെടുക്കുന്ന ചില സന്ദര്‍ഭങ്ങളുണ്ട്. പ്രേക്ഷകന് കൊള്ളുകയും പൊള്ളുകയും ചെയ്യുന്ന നിമിഷങ്ങള്‍. തന്റെ സ്വകാര്യ ദു:ഖങ്ങളെ ബോധപൂര്‍വ്വം മറച്ചു പിടിച്ചും തന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളെ കൂടെയുള്ളവരുമായി പങ്കുവെച്ചും, സങ്കടങ്ങളും നിരാശകളും നഷ്ടസ്വപ്നങ്ങളും മറികടന്ന് ജീവിതം മുന്നോട്ടു നയിക്കാന്‍ പ്രേരണയാകുന്ന ഒരു നഗരത്തിന്റെ നന്മയുടെ പ്രതീകം കൂടിയായി ആശ മാറുന്നുണ്ട്.. ആരേയും ഉള്‍ക്കൊള്ളാനും പുറന്തള്ളാനും കഴിയുന്ന, ആര്‍ക്കും ആശ്രയമാകുന്ന മഹാനഗരത്തെ നന്ദിയോടെ സ്മരിക്കുന്ന, മാസം തോറും ലഭിക്കുന്ന പതിനയ്യായിരം രൂപ ശമ്പളം കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാന്‍ പാടുപെടുന്ന എത്രയെത്ര ആശമാരുടെ കഥകള്‍ ഈ നഗരത്തിന് ഇനിയും പറയാനുണ്ടാവും! നഗരവാസികള്‍ക്കുള്ള, അല്ലെങ്കില്‍ നഗരത്തിനുള്ള ഒരു പ്രേമലേഖനമാണ് ആശയുടെ കഥ. എന്നും ഉച്ചഭക്ഷണപ്പൊതിയില്‍ (Lunch Box) യാത്ര ചെയ്യുന്നത് ഓരോ കഥകളാണ്.
നാടകത്തിനു ശേഷം പരിധി ഭണ്ഡാരിയുമായും തന്റെ സംഘത്തിലെ മറ്റു നാടക പ്രവര്‍ത്തകരുമായും അല്പനേരം സംസാരിച്ചു. ഡബ്ബേവാലിയുടെ കഥയെഴുതുന്നതിനു മുന്‍പ് ഗുജാറത്തില്‍ നിന്നെത്തി ഡബ്ബേവാലാ ശൃംഗലയിലെ നിരവധി അംഗങ്ങളുമായി സംസാരിച്ച്, അവരുടെ ദൈനംദിന ജീവിതത്തെക്കുറിച്ചൊക്കെ ചോദിച്ചറിഞ്ഞ നാടക ശ്രമങ്ങളെക്കുറിച്ചെല്ലാം അവര്‍ വാചാലരായി. ഓരോരുത്തര്‍ക്കും ഓരോരോ കഥകളുണ്ട്. നാടകത്തിന്റെ സ്ഥലകാല പരിമിതിക്കുള്ളില്‍ അവതരിപ്പിക്കുവാന്‍ അത്യാവശ്യവും അനുയോജ്യവുമായ ഘടകങ്ങളും വസ്തുതകളും മാത്രമേ എടുത്തുള്ളൂവെന്നും പരിധി പറഞ്ഞു. ചില രംഗങ്ങളില്‍ പ്രേക്ഷകരെപ്പോലും നാsകത്തിന്റെ ഭാഗമാക്കിയ അവതരണ മികവില്‍, പൃഥ്വി നാടകോല്‍സവം സമ്മാനിച്ച പരീക്ഷണ നാടകങ്ങളില്‍ ‘ഡബ്ബേവാലി” മുന്നില്‍ത്തന്നെ നില്‍ക്കുന്നു. കാരണം, അത്, വിശാലമായ അര്‍ത്ഥത്തില്‍, മഹാനഗരത്തില്‍ അന്നം തേടിയെത്തിയ ഓരോരുത്തരുടെയും കഥയാണ്. ഫോര്‍മാറ്റുകള്‍ മാത്രം മാറ്റിയാല്‍ മതി, നമുക്കു നമ്മെത്തന്നെ ദര്‍ശിക്കാം. പരിധി ഭണ്ഡാരി എന്ന നടി, ഒരു വാഗ്ദാനമാണ്, വരദാനമാണ്. അഭിനന്ദനമറിയിച്ച്, കൂടെ നിന്ന് ഫോട്ടോയെടുത്ത്, കൈ കൊടുത്ത് പിരിയുമ്പോള്‍, പരിധിയില്ലാത്ത അരങ്ങുകളില്‍, പരിമിതികളില്ലാത്ത നാടകയാത്രകളില്‍ ആ അഭിനേത്രിക്ക് ഇനിയും ബഹുദൂരം സഞ്ചരിക്കാനാവട്ടെ എന്നാശംസിച്ചു,
പൃഥ്വി കഫേയില്‍ നിന്ന് ഒരു ഐറിഷ് കോഫിയും മൊത്തിക്കുടിച്ച് തിരിച്ചുപോരുമ്പോള്‍, തിയറ്ററിന്റെ പ്ലാറ്റ് ഫോമിലിരുന്ന് ഗിറ്റാറില്‍ താളമിട്ട് ഒരാള്‍ പാടുന്നുണ്ടായിരുന്നു…
”…Ooo kashmaksh dinb din badhti hi ja rahi hai meri Zindagi tere bin kat’ti hi ja rahi hai meri….
Sard aahein liye yaad karta hoon tujhe Naam leta hoon tera Jaise saansein ho meri…….’
മടക്കയാത്രയില്‍, ലഞ്ച് ബോക്‌സുകള്‍ അരികില്‍ ഒതുക്കിവെച്ച്, വെള്ളത്തൊപ്പിയും വെളുത്ത വസ്ത്രവും ധരിച്ച ഡബ്ബേവാലകള്‍ വട്ടമിട്ടിരുന്ന് ഉറക്കെ പാടി.
‘വിഠല് വിഠല് വിഠലാ…
ഹരി ഓം വിഠലാ… ‘
വിഠല് വിഠല് വിഠലാ…
പാണ്ഡുരംഗാ വിഠലാ… ‘
‘അഗലാ സ്റ്റേഷന്‍ ദാദര്‍.. ‘ അനൗണ്‍സ്‌മെന്റ് കേട്ട്, മയക്കത്തില്‍ നിന്നുണര്‍ന്നു. അടുത്താരുമില്ല..
‘Life is an uncharted territory. It reveals its story one moment at a time’ എന്ന Leo Buscaglia യുടെ വാക്കുകളോര്‍ത്ത്, ഇറങ്ങി. ഇനി അടുത്ത ട്രെയിന്‍ പിടിക്കണം. അതെ, ഇനി അടുത്ത വര്‍ഷത്തെ പൃഥ്വി തിയറ്റര്‍ ഫെസ്റ്റിവലിനുമെത്തണം!
കവിയും ഗാനരചയിതാവും നാടകപ്രവര്‍ത്തകനുമാണ് ലേഖകനായ പി.കെ. മുരളീകൃഷ്ണന്‍







No Comments yet!