Skip to main content

ഇന്ത്യക്ക് ധാര്‍മ്മിക ദിശാസൂചി നഷ്ടമായിരിക്കുന്നു

(ലെബനനിലെ അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ബെയ്റൂട്ട്, 2024 ല്‍ ഓണററി ഡോക്ടറേറ്റ് ഓഫ് ഹുമെൻ ലെറ്റേഴ്സ് നൽകി ആദരിച്ച, എഴുത്തുകാരി അരുന്ധതി റോയ് ബിരുദം സ്വീകരിച്ച് കഴിഞ്ഞ ജൂൺ 7ന് നടത്തിയ പ്രഭാഷണം.)
ഒരു ഡോക്ടറേറ്റ് ബിരുദം നൽകി എന്നെ ആദരിക്കുന്നതിന് ഈ വിശേഷപ്പെട്ട നഗരത്തിലെ വിശേഷപ്പെട്ട സർവകലാശാലയോട് ഞാൻ നന്ദി പറയുന്നു. വിവർത്തനത്തിന് സമയം ആവശ്യമുള്ളതു കൊണ്ട്, 2024 ലെ ഇന്ത്യയിലെ പൊതു തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പ്രഖ്യാപിക്കുന്നതിന് ഏതാനും ദിവസങ്ങൾക്കു മുമ്പാണ് ഞാൻ ഈ പ്രസംഗം തയ്യാറാക്കുന്നത്. മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഉൾപ്പെട്ട ന്യൂനപക്ഷ വിഭാഗങ്ങളെ പീഡിപ്പിക്കുകയും കൊല്ലുകയും വിമർശകരെ തടവിലാക്കുകയും ഇന്ത്യയിൽ ഒരിക്കലും നേരിടേണ്ടിവരില്ലെന്നു കരുതിയിരുന്ന ഫാസിസത്തിന്റെ തൊട്ടടുത്തു വരെ നമ്മെ എത്തിക്കുകയും ചെയ്ത അതേ ഭരണത്തിനു കീഴിൽ തന്നെ നാം തുടർന്നും ജീവിക്കേണ്ടി വരുമോ ഇല്ലയോ എന്ന് നമുക്ക് അറിയാനാവുന്നതിനും മുമ്പ്.

ഈ ചെറിയ പ്രസംഗത്തിൽ, ഞാൻ ഗാസയെക്കുറിച്ച് സംസാരിക്കുന്നില്ലെങ്കിൽ മറ്റൊന്നിനേയും കുറിച്ച് എനിക്ക് സംസാരിക്കാനാവില്ല; ഞാൻ സംസാരിക്കേണ്ടതുമില്ല. ഗാസയെക്കുറിച്ച് സംസാരിക്കുമ്പോൾ ഈ മൂന്നു വാക്കുകൾ നിർബ്ബന്ധമായും നാം പറഞ്ഞിരിക്കണം; വർണ്ണ വിവേചനം (Apartheid), അധിനിവേശം (Occupation), വംശഹത്യ (Genocide). ഈ മൂന്നു പാതകങ്ങളുംചെയ്ത കുറ്റവാളിയാണ് ഇസ്രയേൽ. കഴിഞ്ഞ വർഷം ഒക്ടോബർ 7-ാം തീയതിയല്ല അവർ ഇതെല്ലാം ആരംഭിച്ചത്. ഹമാസ് ചെയ്തതും-ചെയ്യാത്തതുമായ-തട്ടിക്കൊണ്ടു പോകൽ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളെ പറ്റി വാചാലരായിക്കൊണ്ട്, ഇസ്രയേൽ നടത്തുന്ന ഈ കുറ്റകൃത്യങ്ങൾ മൂടിവയ്ക്കാൻ പാശ്ചാത്യ മാധ്യമങ്ങൾ എത്ര കഠിനശ്രമം നടത്തിയാലും, അധിനിവേശത്തെയും വർണ്ണവിവേചനത്തെയും ചെറുക്കുന്ന പ്രക്രിയക്കിടയിൽ ചെയ്യേണ്ടി വരുന്ന കൃത്യങ്ങൾ എത്ര ഭീകരമാണെങ്കിൽ പോലും അവയും വംശഹത്യയും തമ്മിൽ ധാർമ്മികമായി സമീകരിക്കാവുന്നതാണെന്ന് ആരും വിശ്വസിക്കുകയില്ല.

ഇസ്രയേലിന്റെ ചെയ്തികളിൽ അവരെ പിന്തുണക്കുന്നവർ വംശഹത്യയും നിയമവിരുദ്ധമായ അധിനിവേശവും ഉൾപ്പെടെയുള്ള അവരുടെ പാതകങ്ങളിൽ കൂടി പങ്കാളികളാവുകയാണു ചെയ്യുന്നത്. അക്കൂട്ടത്തിൽ എന്റെ രാജ്യം കൂടി ഉൾപ്പെടുന്നു. (അധികാരത്തിൽ നിന്നും പുറത്തു പോകുമെന്നു നമ്മൾ പ്രതീക്ഷിക്കുന്ന) നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി വളരെ അടുത്ത വ്യക്തി സൗഹൃദമുള്ളയാളാണ്. അമേരിക്ക അവരുടെ സമ്പത്തു കൊണ്ടും ആയുധങ്ങൾ കൊണ്ടും ഇസ്രയേലിനെ പിന്തുണക്കുമ്പോൾ, നമുക്ക് സമൃദ്ധമായുള്ളതെന്താണോ അതു വച്ചുകൊണ്ടാണ് ഇന്ത്യ അവരെ പിന്തുണക്കുന്നത്; തൊഴിൽ രഹിതരായ പാവപ്പെട്ടവരെ വച്ചുകൊണ്ട്. പുറത്താക്കപ്പെട്ട പലസ്തീൻകാർക്കു പകരമായി 6000ത്തിലേറെ ഇന്ത്യൻ തൊഴിലാളികളെയാണ് ഇസ്രയേൽ റിക്രൂട്ട് ചെയ്തിരിക്കുന്നത്. ഒരു യുദ്ധമേഖലയിലെത്തി സ്വന്തം ജീവൻ അപകടത്തിലാക്കാനും നിരന്തരമായി വംശീയത പ്രയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിൽ സ്വന്തം ആത്മാഭിമാനം നഷ്ടപ്പെടുത്താനും തയ്യാറാകുന്ന വിധം അത്രത്തോളം നിരാശ ബാധിച്ച തൊഴിലാളികളാണ് ആ ഇന്ത്യക്കാർ. മോദിയുടെ ഏറ്റവും പ്രിയങ്കരനായ ഗുജറാത്തി വ്യവസായി ഗൗതം അദാനി 900 ഹെർമെസ് ആളില്ലാ വിമാനങ്ങളാണ് (Hermes Drones) ഇസ്രയേലിലേക്ക് അയച്ചിരിക്കുന്നത്. സൂക്ഷ്മ നിരീക്ഷണത്തിനു മാത്രമല്ല വ്യോമാക്രമണങ്ങൾ നടത്താൻ കൂടി ശേഷിയുള്ള  ഡ്രോണുകളാണവ.

ഒരിക്കൽ പലസ്തീന്റെ സുഹൃദ് രാഷ്ട്രമായിരുന്നു ഇന്ത്യ. അവിടെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ നമ്മുടെ തെരുവുകളും സർവ്വകലാശാലകളും രോഷം കൊണ്ടു തിളച്ചുമറിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് അതില്ല. നമ്മുടെ ധാർമ്മിക ദിശാസൂചി നഷ്ടമായിരിക്കുന്നു. ഒരു ഇന്ത്യൻ പൗരയെന്ന നിലയിൽ അതിലെനിക്ക് കടുത്ത ലജ്ജ തോന്നുന്നു.

ഗാസയിലെ ജനങ്ങളോടു തോളോടു തോൾ ചേർത്തു നില്ക്കുന്നതിന്റെ വിപത് സാധ്യതകൾ ഏറ്റെടുക്കാൻ സന്നദ്ധത കാണിച്ചഒരു രാജ്യത്തിലെ വിദ്യാർത്ഥികളോടാണു ഞാൻ സംസാരിക്കുന്നത് എന്നതിനാൽ, അതിനായി അണി നിരന്ന ജനങ്ങളോടും സ്വന്തം രാജ്യങ്ങളിലെ സർക്കാരുകളെ നിഷേധിച്ച് പ്രതിഷേധിക്കാനായി രംഗത്തു വന്ന അമേരിക്കയിലെയും യൂറോപ്പിലെയും കോളജ് ക്യാമ്പസുകളിലെ ആയിരക്കണക്കിനു വിദ്യാർത്ഥികളോടും അധ്യാപകരോടും നമുക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാം. കുതിരപ്പുറത്തേറിയും അല്ലാതെയും വരുന്ന സായുധ പോലീസുകാർ, വിദ്യാർത്ഥികളെ അടിച്ചു വീഴ്ത്താനായി ക്യാമ്പസുകൾക്കകത്തു പ്രവേശിക്കുന്നതു നാം കണ്ടു. മുസ്ലീങ്ങൾക്കെതിരായി സർക്കാർ കൊണ്ടു വന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിദ്യാർത്ഥികൾ പ്രതിഷേധിച്ചപ്പോൾ ഇന്ത്യയിലെ ക്യാമ്പസുകളിലും പോലീസ് കടന്നു കയറിയിട്ട് ഏറെക്കാലമായിട്ടില്ല.

എന്നാൽ അമേരിക്കയിൽ നാം കാണുന്നത് അമേരിക്കൻ പോലീസ് ഇസ്രയേലിനു വേണ്ടി അമേരിക്കൻ വിദ്യാർത്ഥികളെ തല്ലിച്ചതയ്ക്കുന്നതാണ് ! വിദ്യാർത്ഥികൾ ഫീസായി നൽകുന്ന പണവും സമ്പന്നരായ ദാതാക്കളും കുത്തകകളും അവ രൂപം കൊടുക്കുന്ന ഫൗണ്ടേഷനുകളും നൽകുന്ന ഭീമമായ മൂലധനവും കൊണ്ട് തടിച്ചു കൊഴുക്കുകയും നഗരരാഷ്ട്രങ്ങളെപ്പോലെ പ്രവർത്തിക്കുകയും വംശഹത്യക്കാരായ ഭരണകൂടങ്ങൾക്കും ആയുധ നിർമ്മാതാക്കൾക്കും വേണ്ടി മൂലധന നിക്ഷേപം നടത്തുകയും ചെയ്യുന്ന സർവകലാശാലകൾ നിലനിൽക്കുന്ന ഒരു സമൂഹത്തെപ്പറ്റി ഒന്നു സങ്കല്പിച്ചു നോക്കൂ. അതിനേക്കാൾ അധാർമ്മികമായി എന്തെങ്കിലും ഉണ്ടാവുമോ?
പലസ്തീനിലെ അധിനിവേശം നിയമവിരുദ്ധമാണ്. എന്നാൽ, അമേരിക്കൻ സർക്കാരിനെ ഇസ്രയേൽ നിയമാനുസൃതമായി തന്നെ അധിനിവേശിച്ചിരിക്കുന്നു എന്നാണ് നമുക്കു തോന്നുക. അമേരിക്കയുടെ പണത്തിനും ആയുധങ്ങൾക്കും നയങ്ങൾക്കും എന്തിന് അതിന്റെ ഭാവനാശേഷിയുടെ വലിയൊരു പങ്കിനു മേൽ പോലും ഒന്നാമത്തെ അവകാശം ഇസ്രയേലിനാണെന്നാണ് കണ്ടാൽ തോന്നുക.

ഇന്ത്യയിലെ തെരഞ്ഞെടുപ്പുഫലം എന്തായിരുന്നാൽ പോലും ഫാസിസത്തെയും കോർപ്പറേറ്റ് മുതലാളിത്തത്തെയും ജാതിമേധാവിത്തത്തെയും മൗലികമായിത്തന്നെ എതിർക്കുന്ന ശരിയായ ഒരു പ്രതിപക്ഷം രൂപം കൊണ്ടിരിക്കുന്നു. അമേരിക്കയെ നോക്കൂ. ലോകത്തെ ഏറ്റവും മികച്ചവയെന്ന് ജനങ്ങൾ കരുതുന്ന സർവകലാശാലകളുടെ-ഐവി ലീഗ്-സ്ഥലമായിരുന്നിട്ടു പോലും തെരഞ്ഞെടുക്കാൻ എന്താണ് അമേരിക്കൻ ജനതയുടെ മുന്നിലുള്ളത്? എൺപതു വയസ്സു കഴിഞ്ഞ രണ്ടു വയസ്സൻമാർ. രണ്ടു പേരും വംശഹത്യയെ പിന്തുണയ്ക്കുന്നവർ. രണ്ടു പേരും തുറന്ന വംശീയവാദികൾ. ഇതാണ് മുതലാളിത്തം ചെയ്യുന്നത്. തെരഞ്ഞടുക്കപ്പെടാൻ യാതൊരു യോഗ്യതയുമില്ലാത്തവരെ തെരഞ്ഞെടുക്കാനുള്ള അവസരമാണതു നൽകുക.

പാശ്ചാത്യ ലിബറൽ ജനാധിപത്യത്തിന്റെ ധാർമ്മിക വാസ്തുവിദ്യ-യഥാർത്ഥത്തിൽ അത് ഒരിക്കലും ധാർമ്മികമായിരുന്നില്ല-അതിന്റെ സ്വന്തം പൗരസമൂഹത്തിനു മുന്നിൽ പോലും പൂർണ്ണമായും തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. മറുവശത്താവട്ടെ, അവരെ ധീരമായിനേരിട്ട ജനങ്ങളാണ്; പാലസ്തീൻകാരും യഹൂദരും കറുത്തവരും വെളുത്തവരും തവിട്ടുനിറക്കാരും എല്ലാ വംശങ്ങളിലും വർണ്ണങ്ങളിലും മതങ്ങളിലും ഗോത്രീയതകളിലും പെട്ട ജനങ്ങളാണ്, ലോകത്തെ രക്ഷിക്കുകയും തികച്ചും അലസമായി എതിർവംശീയവാദികളോ സെമിറ്റിക് വിരുദ്ധരോ ആയി മാറുന്നതിൽ നിന്നും നമ്മെയെല്ലാം തടയുകയും ചെയ്തത്.

നാം ജീവിക്കുന്നത് വളരെ പ്രയാസകരമായ ഒരു കാലത്താണ്. സ്വന്തം മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന കാര്യത്തിൽ പാശ്ചാത്യ ജനാധിപത്യങ്ങൾ എത്രത്തോളം കാപട്യം കാണിച്ചാൽ പോലും ആ മൂല്യങ്ങൾ അവയുടെ നൈസർഗ്ഗിക സ്വഭാവം കൊണ്ടു തന്നെ തികച്ചും പ്രധാനമാണ്. വിയോജിപ്പുകളോടു സഹിഷ്ണുത കാണിക്കാത്ത, സ്വന്തം പൗരന്മാർക്ക് തുല്യാവകാശങ്ങൾ നൽകാത്ത, സ്ത്രീകളെ പുരുഷന്മാർക്കു തുല്യരായി കാണാത്ത, ലിംഗവ്യത്യാസങ്ങളെയും ലൈംഗികതയെയും പറ്റി മദ്ധ്യകാല വീക്ഷണങ്ങൾ വച്ചു പുലർത്തുന്ന അമിതാധികാര ഭരണകൂടങ്ങളെല്ലാം ചരിത്രത്തിന്റെ വലതു ഭാഗത്താണ് പതിച്ചിട്ടുള്ളത്. ഗാസയെ സംബന്ധിച്ചേടത്തോളം അത് അമിതാധികാര പ്രവണതകൾക്ക് മാപ്പു നൽകുന്നില്ല. സ്വന്തം രാജ്യങ്ങളിൽ സ്വന്തം ജനങ്ങൾക്കു നേരെ ഭരണകൂടങ്ങൾ നടത്തുന്ന കുറ്റകൃത്യങ്ങൾക്ക് അത് മാപ്പു നൽകുന്നില്ല. നമ്മൾ ഒട്ടേറെ ആളുകൾക്ക്-വിദ്യാർത്ഥികളും എഴുത്തുകാരുംപോരാളികളും സാധാരണ മനുഷ്യരുമായ നമുക്ക്-വളരെയേറെ ജോലി ചെയ്യാനുണ്ട്.

എന്റെ ഏറ്റവും ആദ്യത്തെ രാഷ്ട്രീയ പ്രബന്ധത്തിൽ നിന്നും ഒരു ചെറിയ ഭാഗം വായിച്ചു കൊണ്ട് ഞാൻ അവസാനിപ്പിക്കാം. അതിന്റെ പേര് ‘ഭാവനയുടെ അവസാനം’ (The End of Imagination) എന്നായിരുന്നു. വലതുപക്ഷ ഹിന്ദുത്വശക്തികൾ അധികാരത്തിൽ വരികയും ആണവ പരീക്ഷണങ്ങളുടെ ഒരു പരമ്പര തന്നെ നടത്തുകയും ചെയ്തപ്പോൾ 1998 ലാണ് ഞാൻ അതെഴുതിയത്. എന്റെ ഒരു സുഹൃത്തും ഞാനും തമ്മിൽ വിജയത്തിന്റെയും പരാജയത്തിന്റെയും അർത്ഥത്തെ സംബന്ധിച്ച് സംസാരിച്ചതിനെപറ്റിയുള്ള ഒരു ഭാഗമാണത്.

നീ വളരെ നാളായി ന്യൂയോർക്കിൽ താമസിക്കുകയാണ്, ഞാൻ അവളോടു പറഞ്ഞു. വേറെയും ലോകങ്ങളുണ്ട്. മറ്റു തരം സ്വപ്നങ്ങളുമുണ്ട്. പരാജയം സാധ്യമോ പ്രായോഗികമോ ആയ സ്വപ്നങ്ങൾ. പരാജയം ആദരണീയമായവ. പരാജയത്തിനു വേണ്ടി ശ്രമിക്കുന്നത് കൂടുതൽ മൂല്യവത്താണെന്നു പോലും കണക്കാക്കാവുന്നവ. ബൗദ്ധിക ദീപ്തിയെയോ മാനവിക മൂല്യത്തെയോ അളക്കാനുള്ള ഒരേയൊരു മാപിനി (barometer) അംഗീകാരമാണെന്ന് ശഠിക്കാത്ത ലോകങ്ങൾ. എനിക്കറിയാവുന്നവരും ഞാൻ സ്നേഹിക്കുന്നവരുമായ ഒട്ടനവധി പോരാളികളുണ്ട്. എന്നെക്കാൾ എത്രയോ മൂല്യവത്തായി ജീവിക്കുന്ന ആളുകൾ. തങ്ങൾ പരാജയപ്പെടുമെന്ന് മുൻകൂട്ടി അറിഞ്ഞു കൊണ്ടു തന്നെ ഓരോ ദിവസവും യുദ്ധത്തിനായി ഇറങ്ങുന്നവർ. സത്യമാണ്, വാക്കിന്റെ ഏറ്റവും വികൃതമായ അർത്ഥമെടുത്താൽ അവർ കുറഞ്ഞ “വിജയം” മാത്രം നേടുന്നവരാണ്. എന്നാൽ, ഒരർത്ഥത്തിലും അവർ നേടുന്ന നിറവ് തെല്ലും കുറഞ്ഞതല്ല തന്നെ. സ്വപ്നം കാണാൻ യോഗ്യമായ ഒരേയൊരു സ്വപ്നം, ഞാൻ അവളോടു പറഞ്ഞു, ജീവനുള്ളപ്പോൾ നിങ്ങൾ ജീവിക്കുകയാണെന്നുംമരണപ്പെടുമ്പോൾ മാത്രമെ നിങ്ങൾ മരിക്കുന്നുള്ളു എന്നും സ്വപ്നം കാണുന്നതാണ്.

“എന്താണതിന്റെ യഥാർത്ഥ അർത്ഥം?” ഞാൻ വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും അതു നന്നായി ചെയ്യാൻ എനിക്കായില്ല. ചിലപ്പോഴെല്ലാം ചിന്തിക്കണമെങ്കിൽ എനിക്ക് എഴുതണം. അതുകൊണ്ട് ഒരു കടലാസു നാപ്കിനു മുകളിൽ അവൾക്കു വേണ്ടി ഞാൻ അത് എഴുതി. ഞാൻ എഴുതിയത് ഇതാണ്. സ്നേഹിക്കാൻ. സ്നേഹിക്കപ്പെടാൻ. നിന്റെ സ്വന്തം നിസ്സാരത ഒരിക്കലും മറക്കാതിരിക്കാൻ. നിനക്കു ചുറ്റുമുള്ള ജീവിതത്തിന്റെ പറഞ്ഞറിയിക്കാനാവാത്തത്രയും വലിയ ഹിംസയും വൈകൃതം നിറഞ്ഞ അസമത്വവുമായി ഒരിക്കലും പൊരുത്തപ്പെട്ടു പോവാതിരിക്കാൻ. ഏറ്റവും ശോകഗ്രസ്തമായ ഇടങ്ങളിൽ പോലും ആഹ്ലാദത്തെ അന്വേഷിക്കാൻ.മറഞ്ഞിരിക്കുന്ന സൗന്ദര്യത്തെ അതിന്റെ ഗൂഢസങ്കേതം വരെ പിന്തുടരാൻ. സങ്കീർണ്ണമായതിനെ ഒരിക്കലും ലളിതവത്കരിക്കാതിരിക്കാൻ, അല്ലെങ്കിൽ ലളിതമായതിനെ ഒരിക്കലും സങ്കീർണ്ണമാക്കാതിരിക്കാൻ. കരുത്തിനെ ആദരിക്കാനും അധികാരത്തെഒരിക്കലും ആദരിക്കാതിരിക്കാനും. എല്ലാറ്റിനുമുപരി, എല്ലാം നിരീക്ഷിക്കാൻ. പരിശ്രമിക്കാനും മനസ്സിലാക്കാനും. ഒരിക്കലും അവഗണിക്കാതിരിക്കാൻ. ഒരിക്കലും ഒരിക്കലും മറക്കാതിരിക്കാൻ. ഒരെഴുത്തുകാരിയെന്ന നിലയിൽ ഇതാണ് എന്റെ പ്രകടന പത്രിക, മാനിഫെസ്റ്റോ….നന്ദി.

——

 

No Comments yet!

Your Email address will not be published.