Skip to main content

ഇരുമ്പുരയുന്ന ശബ്ദം സംഗീതമാകുന്നു!

ചടുലമായ ഭാഷയില്‍ ‘ചേലക്കരയുടെ അതീതസ്വപ്നങ്ങ’ളും ‘ബീര്‍ഷേബ’യും എഴുതുന്ന കെ.പി. നിര്‍മ്മല്‍കുമാറിനു മുന്നേ അയാളില്‍ മറ്റൊരു കഥാകാരന്‍ ഉണ്ടായിരുന്നു. രോഗബാധിതമായ ഉറക്കത്തിന്റെയും ഉണര്‍വിന്റെയും ഇടയിലെ ഏകാന്തതയില്‍ വ്യഥിതമായ ഏതോ രഹസ്യസന്ദേശം പോലെ കഥകള്‍ എഴുതിയിരുന്ന നിര്‍മ്മല്‍കുമാര്‍!

വാക്ക്, ഭാഷ, ശൈലി …ഇവയെല്ലാം സാഹിതീയമായ വ്യവഹാരങ്ങള്‍ക്ക് എത്രയോ പ്രധാനമാണെന്നു ബോദ്ധ്യമുള്ള ഒരു യുവതലമുറ മലയാളസാഹിത്യരംഗത്തേക്കു കടന്നുവരുന്ന കാലയളവായിരുന്നു അത്. കഥയുടെ പ്രമേയമല്ല, അതിന്റെ ഭാഷാശില്‍പ്പവേലയാണ് പ്രധാനമെന്നു ഗ്രഹിച്ചിരുന്ന ഈ പുതുതലമുറയുടെ പ്രതിനിധിയായിരുന്നു നമ്മുടെ എഴുത്താളും. ഭാഷ സുതാര്യം, ലളിതം. ഈ കഥാകാരന്റെ ‘ഇരുമ്പിന്റെ സംഗീതം’ ഓര്‍ത്തുനോക്കുക! ‘ജലം’ എന്ന സമാഹാരത്തില്‍ ഈ കഥ വായിക്കാം. വാക്കിനോടുള്ള നിറഞ്ഞ പ്രാര്‍ത്ഥനയോടെ ധ്യാനനിമഗ്‌നനായി എഴുതുന്ന, ഏകാകിയും വ്യഥിതനുമായ ഒരു എഴുത്തുകാരനെ ആ കഥയുടെ ഓരോ വരിയിലും കണ്ടെത്താന്‍ കഴിയും. അസംതൃപ്തമായ വൈവാഹികജീവിതം നയിക്കേണ്ടി വരുന്ന ഒരു യുവതിയുടെ മാനസികവിഭ്രമങ്ങളെയാണ് ‘ഇരുമ്പിന്റെ സംഗീതം’ എഴുതുന്നത്.

റെയില്‍പാളങ്ങളുടെ ഇരുമ്പില്‍ തീവണ്ടിച്ചക്രങ്ങളുടെ ഇരുമ്പുരയുന്ന ശബ്ദം അസ്വാസ്ഥ്യജനകമായ കഠിനശബ്ദമാണ്. ഈ ശബ്ദം ഒരു സാഹിതീയരൂപകമായി പ്രത്യക്ഷപ്പെടുന്നത് ജീവിതത്തിന്റെ കഠിനയാഥാര്‍ത്ഥ്യങ്ങളെയും ഏകതാനതയെയും തളര്‍ച്ചയെയും കാണിക്കുന്നതിനായിരിക്കുമെന്നാണ് സ്വാഭാവികമായും പ്രതീക്ഷിക്കുക. ഇരുമ്പില്‍ ഇരുമ്പുരയുന്ന ശബ്ദം കേട്ടിരിക്കുന്നവള്‍, അത് സംഗീതം പോലെ ആസ്വദിക്കുന്നുവെന്നെഴുതുമ്പോള്‍ യാഥാര്‍ത്ഥ്യത്തിന്റെ സാധാരണാനുമാനങ്ങളില്‍ നിന്നും അത് വ്യത്യസ്തമാകുന്നുണ്ട്.
ഇരുമ്പിന്റെ സംഗീതം ഒരു വിരുദ്ധരൂപകമാണ് (Paradoxical Metaphor), മാധുര്യമുള്ള സങ്കടം എന്നു പറയുന്നതു പോലെ. കാഠിന്യത്തിന്റെ, അതിസാന്ദ്രമായ ഖരാവസ്ഥയുടെ, യാന്ത്രികതയുടെയും അചേതനത്വത്തിന്റെയും സൂചകത്തെ സൗന്ദര്യത്തിന്റെയും വികാരത്തിന്റെയും ലയനത്തിന്റെയും സൂചകവുമായി കൂട്ടിച്ചേര്‍ക്കുന്ന വൈരുദ്ധ്യത്തിലാണ് കഥയിലെ സ്ത്രീയുടെ മനസ്സ്.

അവളുടെ പ്രവൃത്തി ഒരു മാനസികവിചലനത്തെ സൂചിപ്പിക്കുന്നു. അവള്‍ ബാഹ്യലോകത്തെ സാധാരണമായ വഴക്കങ്ങള്‍ക്കനുസൃതം സ്വീകരിക്കുന്നില്ല. അവളുടെ മാനസികാവസ്ഥ അതിനെ മാറ്റിയെടുത്തിരിക്കുന്നു. ഇത് അന്തര്‍മുഖതയുടെ, അകത്തേക്കു മടങ്ങിപ്പോയ മനസ്സിനെ സൂചിപ്പിക്കുന്നു. പുറംലോകത്തിന്റെ കാഠിന്യം സംഗീതസൗന്ദര്യമായി തോന്നുന്നത് അവളുടെ ഉള്ളില്‍ അതിലുപരി വേദനയോ ശൂന്യതയോ നിലനില്‍ക്കുന്നതു കൊണ്ടാവാം. അവള്‍ സന്തുഷ്ടയല്ല. പക്ഷേ അസംതൃപ്തി തുറന്ന പ്രതിഷേധമായി പുറത്തുവരുന്നില്ല. അത് ഉള്ളില്‍ അടിഞ്ഞുകൂടിയ ഒരു മൗനവേദനയായിരിക്കുന്നു. മനസ്സിനെ നിറയ്ക്കാന്‍ വേദനകളോ ക്ഷോഭങ്ങളോ മാത്രം മതിയല്ലോ? മൗനവേദനകള്‍ പലപ്പോഴും മനുഷ്യനെ യാഥാര്‍ത്ഥ്യത്തില്‍ നിന്നും മാറിനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നു. അത് യന്ത്രശബ്ദത്തെ, ഇരുമ്പുരയുന്ന ശബ്ദത്തെ കൂടിയും സംഗീതമായി കേള്‍ക്കുന്നു. ആ ശബ്ദത്തില്‍ സ്വന്തം ഉള്ളുലകത്തിന്റെ താളം കണ്ടെത്തുന്നു. പുറത്ത് ആ താളത്തിനായി കാത്തിരിക്കുന്നു. യന്ത്രശബ്ദങ്ങള്‍ ആധുനികമനുഷ്യന്റെ ആത്മാവിന്റെ ശബ്ദങ്ങളായിരിക്കുന്നുവെന്ന കവികല്‍പ്പന ഓര്‍ക്കുക. ഇത് അസ്തിത്വപരമായ ഒരു വിചലനവുമാണ്. അവള്‍ യാഥാര്‍ത്ഥ്യത്തെ പുനര്‍നിര്‍മ്മിച്ചിരിക്കുന്നു. അവളുടെ മനസ്സ് ആ കഠിനശബ്ദത്തില്‍ സുരക്ഷിതത്വമോ തൃപ്തിയോ കണ്ടെത്തുന്നുണ്ടാകണം. ഇത് സഹനത്തിനായുള്ള മനസ്സിന്റെ പ്രതിരോധവുമാകാം. യാഥാര്‍ത്ഥ്യത്തെ നേരിടാനുള്ള മറ്റു മാര്‍ഗ്ഗങ്ങളിലൊന്ന്.

Viktor Shklovsky – Movies, Bio and Lists on MUBI
Viktor Shklovsky

കലയും സാഹിത്യവും നടപ്പുശീലങ്ങളില്‍ നിന്നു മാറിനില്‍ക്കുകയും എല്ലാറ്റിനേയും പുതിയ വീക്ഷണത്തില്‍ കാണാന്‍ പ്രേരിപ്പിക്കുകയും വേണമെന്ന് റഷ്യന്‍ രൂപവാദികളിലൊരാളായ വിക്ടര്‍ ഷ്‌ക്ലോവ്‌സ്‌കി പറയുന്നുണ്ട്. വസ്തുക്കളെയും അനുഭവങ്ങളെയും അതിന്റെ ഗതാനുഗതിയില്‍ തിരിച്ചറിയുന്നതിനുപകരം പുതുതായി മനസ്സിലാക്കാന്‍ കല അവയെ ‘വിചിത്ര’മാക്കണമെന്ന്, ‘അപരിചിത’മാക്കണമെന്ന് ഈ രൂപവാദി നിര്‍ദ്ദേശിക്കുന്നു. കെ പി നിര്‍മ്മല്‍കുമാര്‍ ഇരുമ്പിന്റെ സംഗീതം എന്ന രൂപകനിര്‍മ്മിതിയിലൂടെ ഈ നിര്‍ദ്ദേശത്തെ അബോധത്തിലെങ്കിലും പാലിക്കുകയായിരുന്നു. ഇത് കഥാകാരന്റെ സൗന്ദര്യശിക്ഷണത്തിന്റെ ഭാഗമായിരുന്നു. തന്റെ ജീവിതം ഈ കഥയില്‍ ഇടപെട്ടതിനെ കുറിച്ച് അദ്ദേഹം ഒരു കുറിപ്പില്‍ പറയുന്നതു കൂടി നമ്മുടെ വികലനത്തില്‍ ഇതോടൊപ്പം ചേര്‍ത്തുവയ്ക്കണം. അതും പ്രധാനമാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ അറുപതുകളിലും എഴുപതുകളിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കു തൊഴില്‍ തേടിപ്പോയ കേരളത്തിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ അനുഭവിച്ച ആകുലതകളും അന്യത്വവും ഗൃഹാതുരത്വവും അക്കാലത്തെ മലയാളസാഹിത്യത്തിന്റെ ഗതിയെ തന്നെ നിര്‍ണ്ണയിക്കുന്ന രീതിയില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. ചൗരംഗി റോഡിന്റെ ഭവാനിപൂര്‍ ഭാഗത്ത് രോഗബാധിതനായി ഒറ്റമുറിയില്‍ കിടന്നവന്റെ ഏകാന്തത ഈ രചനക്കു പ്രേരണയായതിനെ അദ്ദേഹം ഒരു കുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്. പ്രത്യക്ഷാനുഭവവിവരണമായിട്ടല്ല, ആ അനുഭവത്തിന്റെ നവ്യവും സന്ദര്‍ഭവിച്ഛേദിയുമായ ആവിഷ്‌ക്കരണമായിട്ടാണ് ‘ഇരുമ്പിന്റെ സംഗീതം’ രൂപപ്പെടുന്നതെന്ന് അനുമാനിക്കണം.

കഥയിലെ ഓരോ വാക്കും അതീവ ശ്രദ്ധയോടെയാണ് എഴുതപ്പെട്ടതെന്ന് ഇപ്പോള്‍ ആദ്യമായി വായിക്കുന്നവര്‍ക്കു പോലും തോന്നും. നിറം മങ്ങിയ ജനല്‍പ്പടിയില്‍ മുഖം കുനിച്ചിരിക്കുന്നവളെ എഴുതുന്നത്, ദിനാന്തരീക്ഷസ്ഥിതിയുടെ വിവരണങ്ങള്‍ക്കൊപ്പമാണ്. തണുപ്പുകാലം. നഗരവീഥികളില്‍ മഞ്ഞ്, നേര്‍ത്ത പാട പോലെ. സന്ധ്യയാകുന്നു. അവളുടെ കെട്ടഴിഞ്ഞ തലമുടിയെ നൃത്തം ചെയ്യിക്കാന്‍ തണുത്തു മരവിച്ച കാറ്റ്. ഇഴയുന്ന സമയം. ഇരുമ്പുപാളങ്ങളില്‍ ഇരുമ്പുചക്രങ്ങള്‍ ഉരയുന്ന സംഗീതം. ഉറച്ച ശരീരവും ചകിരിമുടിയുമുള്ള ചെറുപ്പക്കാരനായി അവള്‍ കാത്തിരിക്കുന്നത് ഈ സന്ധ്യയിലാണ്. അവന്‍ വരുന്നു. പോകുന്നു. ഇപ്പോള്‍, അവര്‍ക്കിടയിലെ ചില സംഭാഷണങ്ങള്‍ എഴുതപ്പെടുന്നുണ്ട്. പിന്നെ, മദ്ധ്യവയസ്‌കനായ ഭര്‍ത്താവ് കാറില്‍ നിന്നിറങ്ങിവരുന്നു. ”എന്തിനാണ് നീ കരഞ്ഞതെ”ന്ന ആജ്ഞയുടെ സ്വരം. ശിശിരകാല രാത്രിയില്‍ ചൗരംഗിറോഡിലെ ആരവങ്ങള്‍ ഒതുങ്ങുന്ന സമയത്ത് ഇരുമ്പിന്റെ സംഗീതത്തിനായി വീണ്ടും ചെവിയോര്‍ത്തിരിക്കുന്നവളിലാണ് കഥ അവസാനിക്കുന്നത്.

കഥാനായികയുടെ ദാമ്പത്യജീവിതത്തിലെ അസംതൃപ്തി കളാണ് കഥയുടെ പ്രമേയമെന്ന് സാമാന്യമായി പെട്ടെന്നു പറയാവുന്നതാണ്. ”നീലനിറമുള്ള ആകാശത്തെയും അതില്‍ വച്ചുപിടിപ്പിച്ചിരിക്കുന്ന നക്ഷത്രങ്ങളെയും നോക്കി ആലസ്യത്തില്‍ മയങ്ങി കിടന്നിരുന്ന പാളങ്ങളില്‍ ദ്രവിച്ച ഇരുമ്പു ചക്രങ്ങള്‍ അമരുമ്പോള്‍ വേദനയുടെ കരച്ചില്‍ ഉയരുന്നത് കേള്‍ക്കുന്നില്ലേ? ഘനീഭവിച്ച ദുഃഖത്തിന്റെ പ്രതീകമായ ഞാനല്ലാതാരാണ് ആ പാളങ്ങള്‍? നിങ്ങളല്ലാതാരാണ് ആ ചക്രങ്ങള്‍?” ഇങ്ങനെ ഒരു ചോദ്യം നായിക ഭര്‍ത്താവിനോട് തന്റെ മനസ്സില്‍ ഉയര്‍ത്തുന്നതായി നമുക്ക് വായിക്കാം. സാമാന്യത്തിലധികം ഉയരമുള്ള നരച്ചമുടിയുള്ള മദ്ധ്യവയസ്‌കന്‍, ദ്രവിച്ച ഇരുമ്പുചക്രങ്ങള്‍ എന്നീ വാക്കുകള്‍ കൊണ്ടാണ് അവളുടെ ഭര്‍ത്താവ് എഴുതപ്പെടുന്നത്. ദ്രവിച്ച ഇരുമ്പുചക്രങ്ങളോടു രൂപകാത്മകമായി ബന്ധിപ്പിക്കുന്നത് അദ്ദേഹത്തെ കൂടുതല്‍ മനുഷ്യത്വരഹിതനാക്കുന്നു.

സംയമനപൂര്‍ണ്ണവും എന്നാല്‍ ഉദ്വേഗജനകവുമായ ഒരു ആഖ്യാനസങ്കേതമാണ് കഥാകാരന്‍ സ്വീകരിക്കുന്നത്. ബാഹ്യാന്തരീക്ഷവിവരണത്തെയും നായികയുടെ ആന്തരികവൈകാരികപ്രകൃതിയെയും അത് ഇഴചേര്‍ക്കുന്നു. മങ്ങിയ ഒരു ജനല്‍പ്പടിയില്‍ ചാരിയിരിക്കുന്ന സ്ത്രീയുടെ ചിത്രത്തില്‍ അവളുടെ മനസ്സു കൂടി എഴുതപ്പെടുന്നുണ്ട്. ദിനാന്തരീക്ഷസ്ഥിതിയെ കുറിച്ചുള്ള വിവരണങ്ങള്‍ ആലങ്കാരികമല്ല. അത് നായികയുടെ മനസ്സിന്റെ വിപുലീകരണങ്ങളാണ്.

ഈ വിവരണങ്ങള്‍ നായികയുടെ മനസ്സില്‍ തൂങ്ങിനില്‍ക്കുന്ന മരവിച്ച വികാരങ്ങളിലേക്കു നീണ്ടുനില്‍ക്കുന്നു. അവള്‍ കാത്തിരിക്കുന്ന യുവാവ് മനഃപൂര്‍വ്വമെന്നോണം അവ്യക്തമായ ഒരു ആഖ്യാനസ്ഥലത്താണ് നില്‍ക്കുന്നത്. യുവാവിന്റെ സാന്നിദ്ധ്യം യാഥാര്‍ത്ഥ്യത്തിന്റേതാണോ ഭാവനയുടേതാണോ എന്ന അനിശ്ചിതത്വം സൃഷ്ടിക്കപ്പെടുന്നുണ്ട്. അവന്റെ വരവും പോക്കും യാഥാര്‍ത്ഥ്യമോ സ്വപ്നമോയെന്ന് വായനക്കാരനു തീരുമാനിക്കാമെന്ന നിലയിലുള്ള രചനാരീതിയാണ് കഥാകാരന്‍ സ്വീകരിക്കുന്നത്. കഥ നമുക്കായി തുറന്നിരിക്കുന്നു. യുവാവിന്റെ സന്ദര്‍ശനങ്ങളെ വസ്തുനിഷ്ഠമായ ഉറപ്പില്‍ നങ്കൂരമിടാന്‍ വിസമ്മതിക്കുന്ന അവ്യക്തത കഥയില്‍ പ്രവര്‍ത്തിക്കുന്ന സൗന്ദര്യാത്മകഭാവത്തിന്റെ ഭാഗമാണ്. യാഥാര്‍ത്ഥ്യത്തിന്റെ നിര്‍ണ്ണയം വായനക്കാരനു നല്‍കുന്നതിലൂടെ ആഖ്യാനം വസ്തുനിഷ്ഠമായ വിവരണത്തെക്കാള്‍ ആത്മനിഷ്ഠമായ സത്യത്തെ മുന്നില്‍ നിര്‍ത്തുന്നു. വൈകാരികപ്രകടനത്തെ സഹാനുഭൂതിയോടെയല്ലാതെ നേരിടുന്ന തല നരച്ചവന്റെ ആജ്ഞയുടെ വാക്കുകള്‍ ആ ദാമ്പത്യബന്ധത്തിന്റെ സ്വഭാവം വെളിപ്പെടുത്തുന്നതാണ്. അയാളോടു നായിക ഉന്നയിക്കാത്ത ആ ചോദ്യം പ്രമേയത്തിന്റെ കാതലായ ഭാഗത്തെ സുവ്യക്തമായി ആവിഷ്‌ക്കരിക്കുന്നു. ഭര്‍ത്താവിനെ ചക്രങ്ങളായും തന്നെത്തന്നെ പാളങ്ങളായും തിരിച്ചറിയുന്ന അവള്‍ ദാമ്പത്യജീവിതത്തിലെ അതൃപ്തിയെ വ്യക്തിപരമായ പരാജയത്തേക്കാള്‍ ഘടനാപരമായ അക്രമത്തിന്റെ അവസ്ഥയായി മനസ്സിലാക്കുന്നുണ്ടാകണം. ആന്തരികമായ ഏറ്റുമുട്ടല്‍ തുടരുന്നുവെന്നത് അവളുടെ നിശബ്ദതയുടെ ആഴത്തെയും ദാമ്പത്യത്തിനുള്ളില്‍ പരസ്പരവിനിമയത്തിന്റെ അസാധ്യതയെയും കാണിക്കുന്നു. ശൈത്യകാല രാത്രിയില്‍ നഗരത്തിലെ ചൗരംഗി റോഡിലെ ആരവങ്ങള്‍ ഒടുങ്ങുമ്പോള്‍ അവള്‍ വീണ്ടും ഇരുമ്പിന്റെ സംഗീതത്തിനായി കാതോര്‍ക്കുന്നു.ഇഴയുന്ന സമയം മാന്ദ്യത്തിന്റെ അടയാളമായും കാത്തിരിപ്പില്‍ നിന്നും കാത്തിരിപ്പിലേക്കെത്തുന്ന കഥയുടെ ചാക്രികഘടന യുവതിയുടെ ജഡതുല്യമായ സ്ഥിതാവസ്ഥയായും പ്രത്യക്ഷപ്പെടുന്നു.

THIRANJEDUTHA KATHAKAL - K P NIRMALKUMAR

ആര്‍ക്കും സങ്കല്‍പ്പിക്കാവുന്ന ഒരു പ്രമേയം. അതിസാധാരണം. സാമാന്യമായി പറഞ്ഞാല്‍, അക്കാലത്ത് ഏറെ പ്രചരിച്ചിരുന്ന പൈങ്കിളിവാരികകളില്‍ എഴുതപ്പെട്ടിരുന്ന കഥകളുടേതു പോലെ.
കഥയുടെ ക്രാഫ്റ്റിന്റെ സവിശേഷത കൊണ്ടാണ്, അതിന്റെ ആവിഷ്‌ക്കരണചാരുത കൊണ്ടാണ് ഈ കഥ ഇപ്പോഴും ചര്‍ച്ച ചെയ്യേണ്ടതായി മാറുന്നത്. ഏതു സാധാരണപ്രമേയത്തേയും
നവീനമായ ആവിഷ്‌ക്കരണചാതുരി അനന്യമായ കലയാക്കി മാറ്റുന്നു.


തിരഞ്ഞെടുത്ത കഥകള്‍
രചന : കെ.പി. നിര്‍മ്മല്‍ കുമാര്‍
പ്രസാധനം : ഡി.സി. ബുക്‌സ്, കോട്ടയം
വില : 275 രൂപ

One Reply to “ഇരുമ്പുരയുന്ന ശബ്ദം സംഗീതമാകുന്നു!”

  1. നല്ല ആസ്വാദനം. ഭാഷയിൽ വ്യത്യസ്തമായ ഭാവുകത്വം സൃഷ്ടിയ്യ എഴുത്തുകാരനാണ് കെ.പി. നിർമ്മൽ കുമാർ.

Your Email address will not be published.