Skip to main content

തെക്കന്‍ പാട്ടുകളില്‍ നിന്നും ”മീശ” യിലേക്കുള്ള ദൂരങ്ങള്‍

എസ്.ഹരീഷ് എഴുതിയ ബൃഹദ് ആഖ്യാനപരമായ മീശ എന്ന നോവല്‍ വായിച്ചുകൊണ്ടിരിക്കുമ്പോള്‍ എന്റെ മനസ്സില്‍ തെക്കന്‍ പാട്ടുകളിലെ വീരനായ ‘ചെങ്ങന്നൂര്‍ ആദി’ ആയിരുന്നു. തലപ്പാവണിഞ്ഞ് സമശീര്‍ഷരായ നാട്ടുടയരെ വെല്ലുവിളിച്ച നാട്ടുപഴംപാട്ടില്‍ പാടി പതിഞ്ഞു പോയ വീരനായ ആ യോദ്ധാവിന്റെ മുഖം.

 

ബ്രിട്ടീഷ് സ്വാധീനമാണ് നവോത്ഥാനത്തിനു കാരണമായതെന്ന ഒരു പാഠം പൊതുവില്‍ അംഗീകരിച്ചു പോരുന്നുണ്ടല്ലോ. അതിന് അടിസ്ഥാനപരമായി ‘ രാമാദികളുടെ കാലത്ത് ശൂദ്രാദികള്‍ക്ക് സന്യസിക്കാനാവില്ലല്ലോ എന്നും തനിക്ക് ദീക്ഷ തന്നത് ബ്രിട്ടീഷുകാര്‍ ആണ് ‘ എന്നുമുള്ള നാരായണ ഗുരുവിന്റെ ഉദ്ധരണി എടുത്ത് പ്രയോഗിക്കുകയും പതിവാണ്. എന്നാല്‍ തിരുവിതാംകൂറില്‍ സവര്‍ണ്ണ ജാതി മേധാവിത്തത്തിനു എതിരായ മണ്ണ് ബ്രിട്ടീഷ് ഭരണ പരിഷ്‌കാരങ്ങള്‍ക്കു മുന്നേ പാകമാകുകയും വേരൂന്നി തളിര്‍ക്കുകയും ചെയ്തിട്ടുണ്ട്.

എന്തുകൊണ്ട് മലബാറിനും കൊച്ചിക്കും വ്യത്യസ്തമായി ജാതി വിരുദ്ധ സമത്വ ചിന്താധാരക്ക് തിരുവിതാംകൂറിലെ മണ്ണ് പരിപക്വമായി എന്നത് പഠനാര്‍ഹമാണ്. എന്റെ നിരീക്ഷണങ്ങളുടെ ഒരു തെളിച്ചം തരുന്നത് തിരുവിതാംകൂറില്‍ ഉണ്ടായിരുന്നത്രയും തീവ്ര ജാതി പീഡനം മലബാറിലും കൊച്ചിയിലും നിലനിന്നിരുന്നില്ല എന്നതാണ്. ബുദ്ധന്റെ തത്വചിന്തയിലെ അടിസ്ഥാനപരമായ ഒരു ദര്‍ശനം തീവ്രമായ മര്‍ദ്ദനം അതിന്റെ നിഷേധപരമായ വിസ്ഫോടനത്തിലേക്ക് നയിക്കും എന്നതാണ്.

‘Every action has an equal and opposite reaction’ (പ്രതി പ്രവര്‍ത്തനത്തിന് തുല്യവും വിപരീതവുമായ പ്രതിക്രിയ ഉണ്ടാകും) എന്ന ഐസക് ന്യൂട്ടന്റെ (Sir Isaac Newton) മൂന്നാമത്തെ ഗതിശാസ്ത്രനിയമ(Newton’s Third Law of Motion)ത്തിനു സമാനമായ ദര്‍ശനമാണ് ബുദ്ധന്റെ ഈ ദര്‍ശനവും.

തിരുവിതാംകൂര്‍ രാജ്യം ചാതുര്‍വര്‍ണ്യത്തിലധിഷ്ഠിതവും മനുധര്‍മ്മമനുസരിച്ചും ജാതി അടിമത്തത്തിലും നികുതി ചൂഷണത്തിലും എത്രമാത്രം തീവ്രമായ അവസ്ഥയില്‍ ആയിരുന്നുവോ അത്രയും പ്രതിഷേധാത്മകവും ആയിരുന്നു.
അതുകൊണ്ടാണ് വടക്കന്‍ പാട്ടുകളുടെ മധുരിമയല്ല തെക്കന്‍ പാട്ടുകളില്‍ തിരയടിക്കുന്നത്. തെക്കന്‍ പാട്ടുകളുടെ സത്തയും ഗരിമയും ഇന്നത്തെ കപട സവര്‍ണ്ണ പൊതുബോധത്തെ രസിപ്പിക്കുകയില്ല എന്നു മാത്രമല്ല പ്രതിസ്ഥാനത്ത് നിര്‍ത്തുകയും ചെയ്യും. അതു കൊണ്ടു കൂടിയാണല്ലോ ആരോമല്‍ ചേകവരും ഉണ്ണിയാര്‍ച്ചയും ഒതേനനും സെലിബ്രിറ്റികള്‍ ആകുമ്പോള്‍ ചെങ്ങന്നൂര്‍ ആദി ഗവേഷക പ്രബന്ധങ്ങളില്‍ മാത്രം ഒതുങ്ങി പോകുന്നതും.

അതുപോലെ തന്നെ സുപ്രധാനമാണ് വലിയ കേശി ചെറിയ കേശി പാട്ടുകഥയും. പുലയരുടെ പ്രക്ഷോഭത്തെ അവരിലെ തന്നെ ഒറ്റുകാരായ സഹോദരങ്ങളെ ഉപകരണമാക്കികൊണ്ട് അടിച്ചമര്‍ത്തുന്ന ദുരന്തസമാനമായ പാട്ടുകഥയാണത്. കഥകള്‍ കഥകള്‍ മാത്രമായിരിക്കുമ്പോഴും അത് സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ ബിംബാത്മകമായി പ്രതിഫലിപ്പിക്കുന്നുണ്ട്.

DC books releases novel Meesha: Controversy history in Malayalam -  Malayalam Oneindia

അപ്രകാരമാണ് എസ് ഹരീഷിന്റെ മീശ എന്ന നോവല്‍ വികസിക്കുന്നത്. കുട്ടനാട്ടിലെ പുലയ കൃസ്ത്യാനിയായ പവിയാന്റെ മകന്‍ വാവച്ചന്‍ മീശ വെക്കുന്നിടത്താണ് കഥയില്‍ സ്‌ഫോടന പരമ്പരകള്‍ ഉണ്ടാകുന്നത്. സ്വാതന്ത്ര്യ പൂര്‍വ്വ കേരളത്തില്‍ മീശ വെക്കാനും മുണ്ടുടുക്കാനും പെണ്ണുങ്ങള്‍ക്ക് മാറിടം മറക്കാനും ഒക്കെത്തന്നെ കൃത്യമായ ചട്ടങ്ങള്‍ നിലവിലുണ്ടായിരുന്നു. മെരുക്കാന്‍ എളുപ്പമല്ലാത്ത പ്രകൃതി പോലെ അന്ന് സവര്‍ണ്ണ രാജാധികാര ആധിപത്യം പുലര്‍ത്തിപ്പോന്ന സനാതന ചട്ടങ്ങളെ വാവച്ചന്‍ എന്ന മീശ വെല്ലുവിളിക്കുന്നു.

ഐതിഹാസികമായ തീരുമാനമെടുക്കുന്ന വാവച്ചന്‍ പിന്നീട് പാട്ടു കഥകളായും ഇതിഹാസമായും മാറുകയാണ്. അസാധാരണമായതെന്തും മനുഷ്യന്‍ ഭാവനാത്മകമായി പൊലിപ്പിക്കുകയും നമ്മുടെ സ്വപ്നവും ഭയവും ആയി മാറുകയും ചെയ്യും. വാവച്ചന്റെ മീശ ആകാശത്തോളം ഉയരത്തിലും പാതാളത്തോളം ആഴത്തിലും വളരുന്നു. ചെങ്ങന്നൂര്‍ ആദി തലപ്പാവ് വെക്കും പോലെ, അയ്യങ്കാളിയുടെ തലപ്പാവുപോലെ അത് കുട്ടനാട്ടിലെ ചേറില്‍ പുതഞ്ഞു പോയ എല്ലാ പുലയരുടേയും ആശയായി തിളങ്ങുന്നു. തലപ്പാവു വെച്ചും മീശ വെച്ചും സവര്‍ണ്ണ തിട്ടൂരങ്ങളെ തെല്ലും ഭയക്കാത്ത ചരിത്രത്തിലെ വീരനായകരുടെ പ്രതിപുരുഷനാകുന്നു വാവച്ചന്‍.

ഇത് വാവച്ചന്‍ എന്ന പുലയ ചെറുക്കന്റെ മാത്രം കഥയല്ല. അതുകൊണ്ടാണ് ബൃഹദ് ആഖ്യാനമെന്ന് ഞാന്‍ തുടക്കത്തിലേ സൂചിപ്പിച്ചത്. കുട്ടനാടിന്റെ നീരുറവകള്‍, പുഴകള്‍, എണ്ണമറ്റ പാടങ്ങള്‍, കായലുകള്‍, തോടുകള്‍, എരുമകള്‍, മത്സ്യങ്ങള്‍, താറാവുകള്‍, മുതലകള്‍, ആമകള്‍, സര്‍പ്പങ്ങള്‍, തത്തകള്‍ എല്ലാം ഈ കഥയിലെ നായകരാണ്. തെങ്ങുകളെ കുനിയാതിരിക്കാന്‍ പ്രേരിപ്പിച്ച ചോവനും തട്ടാനും കൊല്ലനും ആശാരിയും മാപ്പിളയും എഴുത്തശ്ശനും സായിപ്പും എന്നുവേണ്ട സകലരും വന്നു നമ്മോട് അവരുടെ വ്യഥിത കഥകള്‍ പറഞ്ഞു പോകുന്നുണ്ട് ഈ നോവലില്‍.

വാവച്ചന്റെ അമ്മ ചെല്ല ”മറിയ”ത്തെപ്പോലെ കണ്ണുകള്‍ നിറഞ്ഞ് കായലും തോടുകളും കരയുമായി നമ്മില്‍ നിറയുന്നു. പ്രളയവും വസൂരിയും കോളറയും തകര്‍ത്തെറിയുന്ന ഭൂപടത്തില്‍ ദുരാത്മാക്കള്‍ ഉയിര്‍ക്കൊള്ളുന്നു.

Buy Khasakkinte Itihasam Book Online at Low Prices in India | Khasakkinte Itihasam Reviews & Ratings - Amazon.in

ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിനു ശേഷം മീശ യിലൂടെ എസ്. ഹരീഷ് കുട്ടനാടിന്റെ ഇതിഹാസം നമുക്കായി തുറന്നിരിക്കുന്നു.


മീശ (നോവല്‍)
രചന : എസ്. ഹരീഷ്
പ്രസാധനം : ഡി.സി. ബുക്‌സ്, കോട്ടയം
വില : 399 രൂപ

No Comments yet!

Your Email address will not be published.

No related posts found.