പ്രശസ്ത എഴുത്തുകാരനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ലോകസഞ്ചാരിയുമായ അനില്‍കുമാര്‍ എ വി യുടെ തിങ്കളാഴ്ച പംക്തി തുടരുന്നു:
നുറുങ്ങുകള്‍ : 3
”ഓര്‍മകള്‍, നിങ്ങളുടെ ഏറ്റവും വിലപ്പെട്ടവ പോലും അത്ഭുതകരമാംവിധം വേഗത്തില്‍ മങ്ങുന്നുവെന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. ഏറ്റവും വിലമതിക്കുന്ന ഓര്‍മകള്‍ ഒരിക്കലും മങ്ങുന്നത് കാണുന്നില്ല ഞാന്‍. എന്റെ കണ്ണുകള്‍ പാതി അടച്ചു, കുട്ടിക്കാലം മുതല്‍ എനിക്ക് നഷ്ടപ്പെട്ടതെല്ലാം ഒഴുകിപ്പോയ സ്ഥലമാണിതെന്ന് സങ്കല്പ്പിക്കുകയുമുണ്ടായി. ഇപ്പോള്‍ ഞാന്‍ അതിന്റെ മുന്നിലാണ് നില്‍ക്കുന്നത്. ഞാന്‍ വളരെനേരം കാത്തിരുന്നാല്‍ വയലിന് കുറുകെ ചക്രവാളത്തില്‍ ചെറിയ രൂപം പ്രത്യക്ഷപ്പെടുകയും ക്രമേണ വലുതാകുകയും ചെയ്യും. അത് ടോമിയാണെന്ന് ഞാന്‍ കാണും, അവന് കൈവീശി വിളിക്കുകയും ചെയ്യും”
– കസുവോ ഇഷിഗുറോ (നെവര്‍ ലെറ്റ് മി ഗോ എന്നെ ഒരിക്കലും പോകാന്‍ അനുവദിക്കരുത്)

ദുഃഖകരവും നിഗൂഢവുമായി പര്യവസാനിക്കുന്ന ക്ലോണുകള്‍ സംബന്ധിച്ച അതിസൂക്ഷ്മവും ഹൃദയഭേദകവുമായ സയന്‍സ് ഫിക്ഷന്‍ രചനയാണ് ‘നെവര്‍ ലെറ്റ് മി ഗോ’. ഭീഷണി നേരിടുന്ന വിലയേറിയ കാര്യങ്ങളെപറ്റി നിങ്ങള്‍ക്ക് യഥാര്‍ഥ ബോധ മില്ലെങ്കില്‍ സമയം പരിമിതപ്പെടുന്നതില്‍ സങ്കടമൊന്നുമില്ലെന്നാണ് പുസ്തകം മുന്‍നിര്‍ത്തിയുള്ള എഴുത്തുകാരന്റെ തീര്‍പ്പ്. ഏവരും വിശ്വസിക്കുംപോലെ യുക്തിരഹിതമായി സ്നേഹത്തിന്റെ വിധിയില്‍ നിന്ന് നിങ്ങളെ ഒഴിവാക്കുന്ന എല്ലാ കാര്യങ്ങളും ചെയ്യാന്‍ സാധിക്കുമെന്നാണ് കഥാപാത്രങ്ങളുടെ വിശ്വാസം. നെവര്‍ ലെറ്റ് മി ഗോ യഥാര്‍ഥത്തില്‍ ലോഞ്ച് ഗായകരെക്കുറിച്ചായിരുന്നു; 1950-കളില്‍ അമേരിക്കയില്‍ ജീവിച്ചിരുന്നവരും ബ്രോഡ്വേയില് കരിയര്‍ പിന്തുടരുന്നവരും. കൃതിയുടെ പ്രസിദ്ധീകരണത്തിന് ഒന്നര പതിറ്റാണ്ട് മുമ്പ് ഇഷിഗുറോ കഥാകാരി കാത്തി എച്ചുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി. അദ്ദേഹം ആദ്യം വിചാരിച്ചത് തന്റെ കഥാപാത്രങ്ങള്‍ സാധാരണ മനുഷ്യരെക്കാള്‍ വേഗത്തില്‍ മനുഷ്യായുസ് ജീവിക്കുമെന്നാണ്. എട്ടു ദശാബ്ദങ്ങള്‍ക്കു പകരം 30 വര്‍ഷത്തിനുള്ളില്‍ രാത്രിയില്‍ വലിയ ലോറികളില്‍ ചുറ്റിത്തിരിയുന്ന ആണവായുധങ്ങള്‍ അവര്‍ നേരിടേണ്ടിവരുമെന്നും ഏതെങ്കിലും വിധത്തില്‍ നശിപ്പിക്കപ്പെടുമെന്നും കരുതി. തന്റെ വിദ്യാര്‍ഥികളെക്കുറിച്ച് നോവല്‍ രചിക്കാന്‍ ആഗ്രഹിച്ചെങ്കിലും ഒരിക്കലും കൂടുതല്‍ മുന്നോട്ട് പോവാനായില്ല; അത് തികച്ചും വ്യത്യസ്തമായ മറ്റൊന്ന് എഴുതുന്നതിലെത്തി.
മരണത്തില്‍നിന്ന് ആര്‍ക്കും ഒരിക്കലും രക്ഷപ്പെടാനാവില്ല
2005-ലെ അവയവങ്ങള്‍ ദാനംചെയ്യാന് വളര്‍ത്തിയ മനുഷ്യ ക്ലോണുകളെക്കുറിച്ചുള്ള ഡിസ്റ്റോപ്പിയന്‍ സയന്‍സ് ഫിക്ഷനായ നെവര്‍ ലെറ്റ് മി ഗോ യഥാര്‍ഥത്തില്‍ മരണനിരക്ക്, ഓര്‍മശക്തി, ജീവിതത്തിന് കാലഹരണ തീയതിയുള്ളപ്പോള് മനുഷ്യനായിരിക്കുക എന്നതിന്റെ അര്‍ഥം എന്നിവയെക്കുറിച്ചാണ്.അതില്‍ ഭാവിയെക്കുറിച്ചുള്ള പ്രമേയമുണ്ടെങ്കിലും താന്‍ അത്രയധികം സയന്‍സ് ഫിക്ഷന്‍ വായനക്കാരനല്ലെന്ന് പറഞ്ഞ ഇഷിഗുറോ 1990 കളിലെ ഇംഗ്ലണ്ട് പശ്ചാത്തലമാക്കിയാണ് രചന തുടങ്ങിയത്. കാത്തിയുടെ കുട്ടിക്കാല സ്മരണകള്‍ക്ക് പുറമേ, നേര്‍ത്ത സൂര്യപ്രകാശവും ഊര്‍ജസ്വലതയും ഉണ്ടാകാമായിരുന്നെങ്കിലും ചില വിദൂര ഗ്രാമപ്രദേശങ്ങളുമായും പകുതി മറന്നുപോയ കടല്‍ത്തീര പട്ടണങ്ങളുമായും ബന്ധപ്പെടുത്തുംവിധം തണുത്ത സൗന്ദര്യമുള്ള ഒരു ഇംഗ്ലണ്ടിനെ ചിത്രീകരിക്കാന്‍ കൊതിച്ചുവെന്നാണ് അദ്ദേഹത്തിന്റെ ആത്മഗതം. ടോമിയും കാത്തിയും അവരുടെ വിധി കടന്നുവെക്കാന് പരിശ്രമിക്കുന്നുണ്ടെങ്കിലും വിജയിക്കുന്നില്ല. ആ പരാജയം അംഗീകരിക്കുകയും ചെയ്യുന്നു. സത്യത്തില്‍ ഓരോ ഹെയ്ല്‍ഷാം ക്ലോണും അവരുടെ ആത്യന്തിക ലക്ഷ്യം നിറവേറ്റുകയുമാണ്. നാം മരണത്തെ എങ്ങനെ അഭിമുഖീകരിക്കുന്നു എന്നതിന്റെ രൂപകമാണ് തിരയുന്നത്, അതില്‍നിന്ന് നമുക്ക് രക്ഷപ്പെടാനാവില്ലെന്നുമെല്ലാം വിശദീകരിച്ച ഇഷിഗുറോയ്ക്ക് നേരെ ഗൗരവമുള്ള സയന്‍സ് ഫിക്ഷന്‍ എഴുതുന്നത് എന്തുകൊണ്ടെന്ന ചോദ്യമുയരുകയുണ്ടായി.
കഥയെ സഹായിക്കുന്ന ഏത് ഉപകരണവും ഉപയോഗിക്കുന്നുവെന്നായിരുന്നു മറുപടി. എഴുത്തുകാരനായി കരിയര്‍ ആരംഭിച്ച് തിരക്കഥാരചനയിലേക്കും സംവിധാനത്തിലേക്കും തിരിയുകയും ലിയോനാര്‍ഡോ ഡികാപ്രിയോ അഭിനയിച്ച സിനിമയായി മാറിയ ദി ബീച്ച് (1996) അന്താരാഷ്ട്ര ബെസ്റ്റ് സെല്ലര്‍ നോവലിന്റെ കര്‍ത്താവുമായ അലക്സാണ്ടര്‍ മേദാവര്‍ ഗാര്ലന്ഡന്റെ തിരക്കഥയില്‍ 2010-ല്‍ ഏറെ കൃതഹസ്തനായ അമേരിക്കന്‍ സംവിധായകനും ഫോട്ടോഗ്രഫറും സ്വര്‍ഗം കാണാന്‍ കഴിയുന്ന യന്ത്രം കണ്ടുപിടിച്ചതായി അവകാശപ്പെടുന്ന ഒരാളെക്കുറിച്ചുള്ള സ്റ്റാറ്റിക് (1985)കള്‍ട്ട് കോമഡി ആദ്യ ഫീച്ചര്‍ ചിത്രത്തിലൂടെതന്നെ കൈയൊപ്പ് പതിപ്പിച്ച മാര്‍ക്ക് റൊമാനെക് ഒരുക്കിയ നെവര്‍ ലെറ്റ് മി ഗോ ചിത്രത്തില്‍ കാരി മുള്ളിഗന്‍, ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡ്, കെയ്റ നൈറ്റ്ലി എന്നിവര്‍ അഭിനയിച്ചു. അവയവദാനത്തിനായി മനുഷ്യരെ ക്ലോണ്‍ ചെയ്യുന്ന അത് പ്രണയം, നഷ്ടം, മുന്‍കൂട്ടി നിശ്ചയിച്ച വിധിയുടെ നിശബ്ദ ദുരന്തം എന്നിവയെക്കുറിച്ചുള്ള ഹൃദയസ്പര്‍ശിയായ ആഖ്യാനമായി. കാത്തിയായി കാരി മുള്ളിഗനും റൂത്ത് ആയി കെയ്റ നൈറ്റ്ലിയും ടോമിയായി ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡും വേഷമിട്ടു. മുള്ളിഗന്റെയും ഗാര്‍ഫീല്‍ഡിന്റെയും പ്രകടനങ്ങള്‍ക്ക് പ്രത്യേക പ്രശംസയും ലഭിച്ചു.
ജനനം അണുബോംബ് വര്‍ഷിച്ച നാഗസാക്കിയില്‍
ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അണുബോംബ് വര്‍ഷിച്ച രണ്ട് ജപ്പാനീസ് പട്ടണങ്ങളിലൊന്നായ നാഗസാക്കിയില്‍ 1954 നവംബര്‍ എട്ടിനാണ് പിന്നീട് നോവലിസ്റ്റ്, തിരക്കഥാകൃത്ത്, സംഗീതജ്ഞന് , കഥാകാരന് എന്നിങ്ങനെ വിഖ്യാതനായ കസുവോ ഇഷിഗുറോയുടെ ജനനം. അച്ഛന് ഷിസുവോ ഇഷിഗുറോ സമുദ്രശാസ്ത്രജ്ഞനായിരുന്നു. അമ്മ ഷിസുക്കോ. ഇംഗ്ലണ്ടിലെ സതാംപ്ടണിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി (ഇപ്പോള്‍ നാഷണല്‍ ഓഷ്യാനോഗ്രഫി സെന്റര്‍ ) ഗവേഷണ പരിപാടിയിലേക്ക് ക്ഷണംകിട്ടിയപ്പോള് 1960 ല്‍ ഷിസുവോ കുടുംബ സമേതം സറേയിലെ ഗില്ഡ്ഫോര്ഡിലേക്ക് താമസം മാറി.

സ്റ്റൗട്ടണ്‍ പ്രൈമറി സ്കൂളിലെയും സറേയിലെ വോക്കിങ് കൗണ്ടി ഗ്രാമര്‍ സ്കൂളിലെയും വിദ്യാഭ്യാസ കാലത്ത് ഇഷിഗുറോ പള്ളി സ്കൂള്‍ ഗായകസംഘങ്ങള്‍ക്കൊപ്പം സോളോകള് പാടി. 1973-ല്‍ സ്കൂള്‍ വിട്ട ശേഷം റെക്കോര്‍ഡ് കമ്പനികള്‍ക്ക് ഡെമോ ടേപ്പുകള്‍ തയ്യാറാക്കുകയുമുണ്ടായി. ബാല്‍മോറല്‍ കാസിലില്‍ ഗ്രൗസ് ബീറ്ററായും ജോലി ചെയ്തു. എഴുത്തുകാരന് എന്നതിന് ഇഷിഗുറോയ്ക്ക് അടിത്തറയായത് നോര്‍വിച്ചിലെ ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്സിറ്റിയില്‍ നിന്ന് ക്രിയേറ്റീവ് റൈറ്റിങ്ങില്‍ ചേര്‍ന്നതും അവിടെനിന്ന് ബിരുദാനന്തര ബിരുദം നേടിയതും. മാല്‍ക്കം ബ്രാഡ്ബറിയുടെ കീഴിലായിരുന്നു പഠനം. എഴുത്ത് ജീവിതം മികച്ച നിലയില്‍ മുന്നേറിക്കൊണ്ടിരുന്നു. സര്‍വകലാശാലയില്‍ സമര്‍പ്പിച്ച തീസീസാണ് 1982 ല്‍ പ്രസിദ്ധീകരിച്ച ആദ്യ നോവലായ എ പെയില്‍ വ്യൂ ഓഫ് ഹില്‍സ്. കുറച്ചുകാലം സാമൂഹികരംഗത്തും പ്രവര്‍ത്തിച്ചു. നോട്ടിങ്ഹില്ലിലെ വെസ്റ്റ് ലണ്ടന്‍ സിറേനിയന്‍സ് ഹോംലെസ്നെസ് ചാരിറ്റിയില്‍ ജോലി ചെയ്യവെയാണ് ഭാവി ഭാര്യയായ ലോര്‍ണ മക്ഡൊഗാളിനെ കണ്ടുമുട്ടിയത്. 1986 ല്‍ വിവാഹം. മകള്‍ നവോമി ഇഷിഗുറോ എഴുത്തുകാരിയാണ്; എസ്കേപ്പ് റൂട്ട്സ് ചെറുകഥാ സമാഹാരം ഉള്‍പ്പെടെ രണ്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1983-ല്‍ ഇഷിഗുറോ ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചു. ആദ്യ രണ്ട് നോവലുകള്‍ ജാപ്പനീസ് ഭാഷയിലായിരുന്നു. 1989 വരെ ജന്മരാജ്യത്തേക്ക് മടങ്ങിയില്ല. മൂന്ന് പതിറ്റാണ്ടുകള്‍ക്കുശേഷം ശേഷം ജപ്പാന് ഫൗണ്ടേഷന്റെ ഷോര്‍ട്ട്-ടേം വിസിറ്റേഴ്സ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിനാണ് ജപ്പാന് സന്ദര്‍ശിച്ചത്.
ഇഷിഗുറോയുടെ ആദ്യ നോവലുകളുടെ ജാപ്പനീസ് പശ്ചാത്തലം സാങ്കല്പ്പികം
ജാപ്പനീസ് മാതാപിതാക്കളുടെ കൂടെ ജാപ്പനീസ് സംസാരിക്കുന്ന വീട്ടില്‍ വളര്‍ന്നതിനാല്‍ താന്‍ പൂര്‍ണമായും ഇംഗ്ലീഷുകാരെപ്പോലെയായില്ല. വ്യതിരിക്തമായി ചിന്തിക്കുന്നു, കാഴ്ചപ്പാടുകള്‍ അല്പം വ്യത്യസ്തവുമാണെന്നാണ് ഇഷിഗുറോ പറഞ്ഞത്. തന്റെ ആദ്യ രണ്ട് നോവലുകളുടെ ജാപ്പനീസ് പശ്ചാത്തലം സാങ്കല്‍പ്പികമാണെന്ന് കെന്സബുറോ ഓയ്ക്ക് നല്കിയ ഒരഭിമുഖത്തില്‍ പ്രസ്താവിച്ച അദ്ദേഹം മറ്റൊരു രാജ്യത്തെക്കുറിച്ചുള്ള വളരെ ശക്തമായ പ്രതിച്ഛായയോടെയാണ് താന്‍ വളര്‍ന്നത്, തനിക്ക് ഏറെ വൈകാരിക ബന്ധമുള്ള വളരെ പ്രധാനപ്പെട്ട മറ്റൊരു രാജ്യം. ഇംഗ്ലണ്ടില്‍ എപ്പോഴും തലയില്‍ ഈ ചിത്രം കെട്ടിപ്പടുക്കുകയായിരുന്നു; സാങ്കല്‍പ്പിക ജപ്പാന് എന്നാണ് ആ ആശയം വിപുലമാക്കിയതും. 1986- ലെ ‘ആന്‍ ആര്‍ട്ടിസ്റ്റ് ഓഫ് ദി ഫ്ലോട്ടിങ് വേള്‍ഡ്’ അക്കൊല്ലത്തെ വിറ്റ്ബ്രെഡ് സമ്മാനം നേടി. 1945-ല്‍ ജപ്പാന്റെ കീഴടങ്ങലിന് ശേഷം പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന അജ്ഞാത ജാപ്പനീസ് പട്ടണമാണ് നോവലിന്റെ സ്ഥലരാശി. രണ്ടാം ലോക യുദ്ധത്തിലെ തന്റെ പങ്കിനെക്കുറിച്ച് മനസിലാക്കാന്‍ ആഖ്യാതാവ് നിര്‍ബന്ധിതനാകുന്നു. 1989- ല്‍ ഇറങ്ങിയ ‘ ദി റിമെയ്ന്‍സ് ഓഫ് ദി ഡേ’ അദ്ദേഹത്തിന് സാഹിത്യത്തില്‍ അനിഷേധ്യ സ്ഥാനമുറപ്പിച്ചു, ബുക്കര്‍ പുരസ്കാരവും തേടിയെത്തി. ഇന്ത്യന്‍ നിര്‍മാതാവ് ഇസ്മായില്‍ മര്‍ച്ചന്റിന്റെ പ്രൊഫഷണല്‍ പങ്കാളിയായ അമേരിക്കന്‍ ചലച്ചിത്രകാരന് ജെയിംസ് ഫ്രാന്‍സിസ് ഐവറി 1993-ല്‍ പൂര്‍ത്തിയാക്കിയ സിനിമയും പ്രശസ്തം. ആന്റണി ഹോപ്കിന്‍സ് സ്റ്റീവന്‍സ് ദി ബട്ട്ലറായെത്തി. മിസ് കെന്റണായി എമ്മ തോംസണ്‍, ജെയിംസ് ഫോക്സ്, ക്രിസ്റ്റഫര്‍ റീവ്, ഹഗ് ഗ്രാന്റ്, ബെന്‍ ചാപ്ലിന്, ലെന ഹെഡി തുടങ്ങിയര്‍ സഹകഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2005-ല്‍ പ്രസിദ്ധീകരിച്ച നെവര്‍ ലെറ്റ് മി ഗോ ബുക്കര്‍ ബുക്കര്‍ സമ്മാന ഹ്രസ്വപട്ടികയില്‍ ഇടംനേടുകയുമുണ്ടായി.

2017-ലാണ് സാഹിത്യ നൊബേല്‍ നേടിയത്. വലിയ വൈകാരിക ശക്തിയുള്ള നോവലുകളില്‍ അദ്ദേഹം ലോകവുമായുള്ള മിഥ്യാബോധത്തിന് താഴെയുള്ള അഗാധത വെളിപ്പെടുത്തിയെന്നായിരുന്നു സ്വീഷിഷ് അക്കാദമിയുടെ ആദര വാക്കുകള്‍. സമ്മാനം സ്വീകരിക്കവെ ഇഷിഗുറോ വെളിപ്പെടുത്തിയത്, താന്‍ രണ്ട് വ്യത്യസ്ത ലോകങ്ങളിലാണ് വളര്‍ന്നത്, അവയ്ക്കിടയിലുള്ള ഇടം മനസിലാക്കാന്‍ ജീവിതം ചെലവഴിച്ചു. ജപ്പാനും ഇംഗ്ലണ്ടും തമ്മില്‍, ഓര്‍മ്മയ്ക്കും ഭാവനയ്ക്കും ഇടയില്‍, കടമയ്ക്കും ആഗ്രഹത്തിനും നടുവില്‍, നാം ലോകത്തെ കാണിക്കുന്നതിനും സ്വയം മറയ്ക്കുന്നതിനും ഇടയിലുള്ള ഇടം – സാഹിത്യ മേഖലയായി മാറിയെന്നാണ്. ഇത് ഒരു മഹത്തായ ബഹുമതിയാണ്, ജീവിച്ചിരുന്ന ഏറ്റവും മികച്ച എഴുത്തുകാരുടെ കാല്പ്പാടുകളില് താന്‍ ഉണ്ടെന്നാണ് പുരസ്കാരത്തിനര്ഥം. അതിനാല്‍ ഇതൊരു അത്ഭുതകരമായ അഭിനന്ദനമാണ്. ലോകം വളരെ അനിശ്ചിതമായ നിമിഷത്തിലാണ്. എല്ലാ നൊബേല്‍ അംഗീകാരങ്ങളും മറ്റ് പ്രധാന സമ്മാനങ്ങളും ലോകത്ത് എന്തെങ്കിലും നല്ലകാര്യങ്ങള്‍ക്ക് ശക്തിയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വളരെയേറെ കലങ്ങിമറിഞ്ഞ സമയത്ത് ഏതുവിധത്തിലുള്ളതുമായ പ്രതീക്ഷാത്മക അന്തരീക്ഷത്തിന് സംഭാവന നല്കുന്നതില് ഏതെങ്കിലും തരത്തിലുള്ള കാലാവസ്ഥയുടെ ഭാഗമാകാന്‍ കഴിയുമെങ്കില്‍ വളരെയധികം വികാരഭരിതനാകുമെന്ന തുടര്‍ച്ചയും ഉള്ളുലയ്ക്കുന്നതായി. 2017 ഡിസംബര്‍ 10-ന് സ്റ്റോക്ക്ഹോമില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ സ്വീഡിഷ് അക്കാദമിയുടെ സ്ഥിരം സെക്രട്ടറി സാറ ഡാനിയസ് അദ്ദേഹത്തിന്റെ രചനകളെ ജെയിന് ഓസ്റ്റിന്‍, ചാള്‍സ് ഡിക്കന്‍സ്, ഷാര്‍ലറ്റ് ബ്രോണ്ടെ, ജോര്‍ജ് എലിയറ്റ് തുടങ്ങിയ 19-ാം നൂറ്റാണ്ടിലെ എഴുത്തുകാരുമായി താരതമ്യപ്പെടുത്തി.
ബോബ് ഡിലന്റെ കടുത്ത ആരാധകന്
ചലച്ചിത്രങ്ങളെ നെഞ്ചോട് ചേര്‍ത്തുപിടിക്കുന്ന ഇഷിഗുറോയുടേതായി ശ്രദ്ധേയങ്ങളായ ഏതാനും തിരക്കഥകളുമുണ്ട്. 1960- കളിലെ നാടോടിറോക്ക് രംഗങ്ങള്‍ക്കുള്ള സംഭാവനകള്‍ക്ക് സാഹിത്യ നൊബേല്‍ ജേതാവായ ബോബ് ഡിലന്റെ കടുത്ത ആരാധകനുമാണ്. – ‘ഗൗരവമുള്ള സിനിമാപ്രേമി ‘ എന്നും ‘ ബോബ് ഡിലന്റെ വലിയ ആരാധകന്’എന്നും അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നു. ലോകപ്രശസ്ത അമേരിക്കന്‍ ഗായകനും ഗാനരചയിതാവും എഴുത്തുകാരനും ദൃശ്യ കലാകാരനുമാണ് ഡിലന്. ജാപ്പനീസ് സിനിമകള്‍ പ്രത്യേകിച്ച് നിശബ്ദ സിനിമകളുടെ തുടങ്ങി 1953 ലെ ടോക്കിയോ സ്റ്റോറിയിലൂടെ ലോകത്തിലെ ഏറ്റവും മികച്ചതും സ്വാധീനമുള്ളതുമായ ചലച്ചിത്ര നിര്‍മാതാക്കളില്‍ ഒരാളായി കണക്കാക്കപ്പെടുകയും ചെയ്ത യാസുജിറോ ഓസുവിന്റെയും 1930 67 കാലയളവില്‍ 89 ചിത്രങ്ങള്‍ സംവിധാനംചെയ്ത, എക്കാലത്തെയും മികച്ച ജാപ്പനീസ് സംവിധായകരുടെ പട്ടികയില്‍ ഇടംനേടിയ, ഫുമികോ ഹയാഷിയുടെ ഉകിഗുമോ നോവല്‍ ആസ്പദമാക്കി 1955 ല്‍ ‘ഫ്ലോട്ടിങ് ക്ലൗഡ്സ്’ വിഖ്യാത ചിത്രമൊരുക്കിയ മിക്കിയോ നരുസേയുടെയും രചനകള്‍ കൂടുതല്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും പറഞ്ഞ ഇഷിഗുറോ ജാസ് ഗാനങ്ങള്‍ക്കും വരികളെഴുതിയിട്ടുണ്ട്.

2002-ല്‍ ബിബിസി റേഡിയോ പ്രോഗ്രാമായ ഡെസേര്‍ട്ട് ഐലന്‍ഡ് ഡിസ്കസില്‍ പ്രത്യക്ഷപ്പെട്ട് തന്റെ എട്ട് പ്രിയഗാനങ്ങള്‍ തെരഞ്ഞെടുത്തു. അതിലൊന്നാണ് ജാസ് ഗായിക സ്റ്റേസി കെന്റിന്റെ ‘ദേ കാന്റ് ടേക്ക് ദാറ്റ് എവേ ഫ്രം മി’. 2007-ല്‍ ഗ്രാമി നാമനിര്‍ദേശം നേടിയ കെന്റ് ആല്‍ബമായ ബ്രേക്ക്ഫാസ്റ്റ് ഓണ്‍ ദി മോര്‍ണിങ് ട്രാമിനും വരികള്‍ സംഭാവന ചെയ്തു. ഗാനാഭിമുഖ്യം ഫിക്ഷനുകളില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് ഇഷിഗുറോ പറഞ്ഞിട്ടുണ്ട്. ദി അണ്‍കണ്‍സോള്‍ഡ് (1995) എന്ന നാലാമത്തെ നോവലില്‍ ശീര്‍ഷകമില്ലാത്ത മധ്യ യൂറോപ്യന്‍ പട്ടണമാണ് പശ്ചാത്തലം. അത് സാഹിത്യത്തിനുള്ള ചെല്‍ട്ടന്‍ഹാം സമ്മാനം നേടി. കെയ്റ നൈറ്റ്ലി, ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡ്, കാരി മുള്ളിഗന്‍ തുടങ്ങിയവര്‍ കഥാപാത്രങ്ങള്‍ക്ക് ജീവന് നല്കി അതേപേരില്‍ 2010 ല്‍ സിനിമയുമായി. രചനാവഴിയില്‍ നിരന്തരം സ്വയം പുതുക്കിപ്പണിതുകൊണ്ടിരുന്ന ഇഷിഗുറോ നവീന വ്യക്തിയാണ്. എപ്പോഴും സാഹസികതകളെ പുല്കി. ഡിറ്റക്ടീവ് കഥ, സയന്‍സ് ഫിക്ഷന്‍, മിത്ത് തുടങ്ങിയ ഘടകങ്ങള്‍ വിളക്കിച്ചേര്‍ക്കുന്ന മിശ്രിത സമ്പ്രദായം തേടിക്കൊണ്ടേയിരുന്നു. എട്ടാമത്തെ നോവല്‍ ക്ലാര ആന്‍ഡ് ദി സണ്‍ 2021 മാര്‍ച്ച് രണ്ടിന് പുറത്തിറങ്ങി. മനുഷ്യസ്നേഹം മനസിലാക്കാന്‍ ശ്രമിക്കുന്ന എഐ റോബോട്ടിനെക്കുറിച്ചാണത്. അതിന്റെ കേന്ദ്രമാവട്ടെ അമേരിക്കയും. ക്ലാരയെന്ന കൃത്രിമ സുഹൃത്തിന്റെ വീക്ഷണത്തില്‍ സാങ്കേതിക പുരോഗതിയുടെ അപകടങ്ങള്‍, ലോകത്തിന്റെ ഭാവി, മനുഷ്യനായിരിക്കുന്നതിന്റെ അര്‍ഥം തുടങ്ങിയ വിഷയങ്ങള്‍ പ്രതിപാദിച്ചു. അഞ്ചാം വയസില്‍ നാഗസാക്കി വിട്ടുപോയ അദ്ദേഹത്തത്തെ മദിച്ച ചോദ്യങ്ങള്‍ മറ്റൊരു നിലയില്‍ ഉന്നയിക്കപ്പെടുന്നു. ഉള്‍പ്പെട്ടിരിക്കുന്നിടത്ത് നിന്ന് നിങ്ങള്‍ കുടിയിറക്കപ്പെടുമ്പോള്‍ എന്ത് സംഭവിക്കുമെന്നത് അതിന്റെ ദാര്ശനികാനുബന്ധം.
സ്വപ്നസമാനമായ ഗൃഹാതുര സ്മരണ മാത്രമായി മാറിയ ജപ്പാന്
ഇഷിഗുറോയെ സംബന്ധിച്ച കൗതുകകരവും എന്നാല്‍ അമ്പരപ്പിക്കുന്നതുമായ ഒരു കാര്യം 12 വയസുള്ളപ്പോള്‍ മാതൃഭാഷ സംസാരിക്കാന്‍ മറന്നുപോയെന്നതാണ്. എന്നാല്‍ ദശാബ്ദങ്ങള്‍ കഴിഞ്ഞ് ജപ്പാനെക്കുറിച്ച് എഴുതി സാഹിത്യ നൊബേല്‍ ചൂടി. മകന്റെ അഞ്ചാം വയസില്‍ രാജ്യംവിട്ടപ്പോള്‍ ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ തിരിച്ചെത്താമെന്നാണ് മാതാപിതാക്കള്‍ കരുതിയിരുന്നത്. ഇംഗ്ലണ്ടിലെ സറേയില്‍ വളര്‍ന്നുവന്ന ആ കൗമാരക്കാരന്റെ ജാപ്പനീസ് ഭാഷ മങ്ങിക്കൊണ്ടേയിരുന്നു. മാതൃഭാഷ ഒഴുക്കോടെ സംസാരിക്കാന്‍ കഴിയാതേയുമായി. ജപ്പാന് സ്വപ്നസമാനമായ ഗൃഹാതുര സ്മരണ മാത്രമായിമാറി. – അങ്ങനെയാണ് നഷ്ടപ്പെട്ട രാജ്യത്തെ പുനര്‍നിര്‍മിക്കാന്‍ ഇഷിഗുറോ സാഹിത്യ ജീവിതമാകെ മാറ്റിവെക്കാന്‍ തീരുമാനിക്കുന്നത്. ഏറ്റവും സാര്‍വത്രികമായ കഥകള്‍ എവിടെയും പൂര്‍ണമായും ഉള്‍പ്പെടാത്ത ആളുകളില്‍ നിന്നാണ് വരുന്നത്. നിങ്ങള്‍ ലോകങ്ങള്‍ക്കിടയില്‍ ജീവിക്കുമ്പോള്‍ ഓരോ ലോകത്തിനകത്തുമുള്ളവര്ക്ക് കഴിയാത്തത് നിങ്ങള്‍ കാണുന്നു. സാംസ്കാരിക വ്യത്യാസങ്ങള്‍ക്ക് കീഴില്‍, നാമെല്ലാം ഒരേ കാര്യങ്ങളുമായി പൊരുതുന്നു: ഓര്മ, നഷ്ടം, കടമ, സ്നേഹം, മരണം അപ്രത്യക്ഷമാകുന്നതിന് മുമ്പ് പ്രാധാന്യമര്‍ഹിക്കേണ്ട മനുഷ്യന്റെ ആവശ്യം. ഇഷിഗുറോ ജാപ്പനീസ് സംസാരിക്കാന്‍ മറന്നു. എന്നാല്‍ അദ്ദേഹം മനുഷ്യത്വം സംസാരിക്കാന്‍ പഠിച്ചു. ആ ഭാഷയ്ക്ക് വിവര്‍ത്തനം ആവശ്യമില്ല.

ജാപ്പനീസ് സംസ്കാരം, സാമൂഹിക ഘടനകള്‍, വൈകാരിക നിയന്ത്രണം തുടങ്ങിയവയെക്കുറിച്ചുള്ള അതിമനോഹരങ്ങളായ വിശദാംശങ്ങളോടെയാണ് ഏറെക്കുറെ എല്ലാ നോവലുകളും. അഞ്ച് വയസില്‍ ഉപേക്ഷിച്ചുപോയ ബാലന്റെ മങ്ങിയ ഓര്‍മകളിലൂടെ നിലവിലില്ലാത്ത ജപ്പാന് പുനഃസൃഷ്ടിക്കുകയായിരുന്നു. ‘എന്റെ നോവലുകളിലെ ജപ്പാന് വലിയതോതില്‍ സാങ്കല്‍പ്പികമാണ്. ഓര്‍മയുടെയും ഭാവനയുടെയും ശകലങ്ങളില്‍ നിന്ന് ഞാന്‍ നിര്‍മിച്ച ഒരു ജപ്പാനാണത്’ എന്നായിരുന്നു വിശദീകരണം. വിമര്‍ശകര്‍ ആ ആധികാരികതയെ പ്രശംസിച്ചു. ജാപ്പനീസ് വായനക്കാര്‍ക്ക് ചിത്രീകരണങ്ങള്‍ അത്ഭുതകരമാംവിധം കൃത്യമാണെന്ന് അനുഭവവേദ്യമായി. 1989- ലെ’ദി റിമെയിന്‍സ് ഓഫ് ദി ഡേ’ പ്രഭുകുടുംബത്തില്‍ സേവനമനുഷ്ഠിക്കുന്ന ഇംഗ്ലീഷ് ബട്ട്ലര്‍ സ്റ്റീവന്‍സിനെ കുറിച്ചാണ്. അത് അടിസ്ഥാനപരമായി ബ്രിട്ടീഷാണ്: അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങള്‍, വര്‍ഗ ശ്രേണികള്‍, അന്തസിന്റെയും കടമയുടെയും ഭാരമെന്നായിരുന്നു ജാപ്പനീസ് വായനക്കാരുടെ അഭിപ്രായമെങ്കില്‍ ബ്രിട്ടീഷ് അനുവാചകരുടെ വിധിയെഴുത്ത് അത് ഒട്ടും ജാപ്പനീസ് അല്ല, ഇതുവരെ വായിച്ചിട്ടുള്ളതില്‍ ഏറ്റവും കൂടുതല്‍ ബ്രിട്ടീഷ് നോവലാണെന്നാണ്.





No Comments yet!