ദ ഡംപ്ലിങ് എന്ന അർമേനിയൻ നാടകം പൂർണ്ണാർഥത്തിൽ ഇറ്റ്ഫോക്കിലെ ഏറ്റവും മികച്ച ദൃശ്യാനുഭവമായി. നാടകം എന്ന നിലയിൽ നടിച്ചു കാണിക്കാവുന്നതും നാടിൻ്റെ അകം വെളിപ്പെടുത്തുന്നതുമായ ഗംഭീരമായ ആവിഷ്കരണമായിരുന്നു അത്. കയ്യടിക്കാതെ ഒരു കാണിയ്ക്കും ഇരിപ്പിടങ്ങളിൽനിന്ന് എണീക്കാൻ കഴിയാത്ത മാന്ത്രികവിദ്യയാണ് ഒരു കൂട്ടം അതുല്ല്യപ്രതിഭകൾ അരങ്ങിൽ സാക്ഷാത്കരിച്ചത്. മാനവികതയുടെ അടിസ്ഥാനപരമായ ദ്വന്ദ്വസ്വഭാവങ്ങളെ നാടകം ഭാഷയ്ക്കും അതിർത്തിക്കുമപ്പുറം തുറന്നുകാട്ടുന്നു.

ഫ്രഞ്ച് – പ്രഷ്യൻ രാഷ്ട്രീയസാഹചര്യങ്ങളുടെ ചരിത്രഭൂമികയിലാണ് നാടകത്തിലെ കാലം. മോപ്പസാങ്ങിൻ്റെ കഥ. ലോകത്തിലെ ഏതു മനുഷ്യരേയും പ്രതിനിധീകരിക്കാൻ ശേഷിയുള്ള പത്ത് കഥാപാത്രങ്ങൾ. അനിവാര്യമായതും മിനിമലായതുമായ രംഗസജ്ജീകരണങ്ങൾ. പതിഞ്ഞതും എന്നാൽ ഇഴയാത്തതുമായ വേഗം. ചിരിയും ചിന്തയും കരച്ചിലും എന്നിങ്ങനെ ശ്രദ്ധാപൂർവമുള്ള നിർവഹണം. നായകനോ നായികയോ ഇല്ലാത്തവിധം ഒരു കൂട്ടം ടൈപ്പുകളുടെ ആട്ടവിസ്മയം. റിയലിസ്റ്റിക് അവതരണരീതി. ഏതു നിലയിലും ശരിയ്ക്കും ഒരു നാടകം. അതായിരുന്നു Dumpling.
Dumpling എങ്ങനെ കാണണം, വായിക്കണം എന്നത് തീർച്ചയായും ഒരു ആശയക്കുഴപ്പമുണ്ടാക്കും. ഇതൊരു രാഷ്ട്രീയസാഹചര്യത്തെ ആവിഷ്കരിക്കുകയാണ് എന്ന് പറയാം. ഫ്രഞ്ച് ദേശീയതയുടെ വക്താക്കളും പൗരരുമായ എട്ടുപേർക്കുമേൽ മുസോളിനിയുടെ ചിത്രത്തിൽ അഭിവാദ്യം ചെയ്തെത്തുന്ന പ്രഷ്യൻ ഉദ്യോഗസ്ഥൻ നടത്തുന്ന അധികാരപ്രയോഗമാണ് നാടകത്തിൻ്റെ സംഘർഷത്തെ രൂപപ്പെടുത്തുന്നത്. നാടകത്തെ ആഖ്യാനം ചെയ്യുന്ന, നയിക്കുന്ന കുതിരവണ്ടിക്കാരൻ ഇവർക്കിടയിൽ പ്രത്യേകിച്ചൊരു പക്ഷമില്ലാതെയുണ്ട്. രണ്ടാം ലോകമഹായുദ്ധകാലവും അക്കാലത്തെ രാഷ്ട്രീയസാഹചര്യങ്ങളും ഫാഷിസവുമൊക്കെ പശ്ചാത്തലമായി ഉള്ളതുകൊണ്ട് നാടകത്തിന് രാഷ്ട്രീയമുണ്ട് എന്നതും നിസ്തർക്കമാണ്. പക്ഷെ വിശപ്പിനോട് ചേർത്തുവച്ച് നാടകത്തെ കുറേക്കൂടി സാർവകാലികമാക്കാനാണ് സംഘം ശ്രമിക്കുന്നത് എന്ന് തോന്നുന്നു. നാടകം തുടങ്ങുന്നതും ഒടുങ്ങുന്നതും വിശപ്പിലാണ്. നാടകത്തിൽ ഫാഷിസം ഇടപെടുന്ന ഒരു നല്ല സന്ദർഭം വിശപ്പിലാണ്. തീൻമേശയിലേക്ക് കാലുകൾ കയറ്റിവച്ച് എക്സർസൈസ് ചെയ്യുന്ന പ്രഷ്യനധികാരം പിന്നീട് കഴിക്കാൻ അനുവാദം കൊടുക്കുന്നു. പട്ടാളച്ചിട്ടയിലാണ് പിന്നീടുള്ള തീറ്റ. നാടകത്തിലെ ഗംഭീരമായ രംഗങ്ങളിലൊന്നാണ് അത്. ആ വിഷയത്തിലേക്ക് വരാം.
നാടകം പ്രമേയംകൊണ്ടല്ല രൂപം കൊണ്ടാണ്, അതിൻ്റെ അയത്നലളിതമായ ചെയ് വനകൾകൊണ്ടാണ് മികച്ചതാകുന്നത്. ഭക്ഷണമാണ് നാടകത്തിൽ ഏറ്റവുംകൂടുതൽ ഇടപ്പെടുന്നത് എന്ന് കാണാം. യാത്രയിൽ Dumpling എല്ലാവർക്കുമായി നല്കുന്ന ഭക്ഷണംമുതൽ കുതിരവണ്ടിക്കാരൻ വിസ്തരിച്ചും ആവർത്തിച്ചും വിളമ്പുന്ന പലതരം ഭക്ഷണങ്ങളിലൂടെ സഞ്ചരിച്ച് അവസാനം Dumpling ന് കൊടുക്കാതെ മറ്റുള്ളവർ കഴിക്കുന്ന ഭക്ഷണംവരെയാണ് ഒരർഥത്തിൽ നാടകം കളിച്ചുതീരുന്നത്. മറ്റെല്ലാം ഇതിനിടയിൽ വന്നുപോകുന്ന ഉപകഥകളോ ഉപവിഷയങ്ങളോ ആണ് എന്നും പറയാം. നാടകത്തിന്റെ വിഷയം അതുകൊണ്ടുതന്നെ വിശപ്പും ഭക്ഷണവും തന്നെയാകുന്നു.

സവിശേഷമായ ഒരു കഥയോ പരിണാമഗുപ്തിയോ നിർവഹണമോ ഇല്ലാതെതന്നെ വളരെ രസകരമായി മനുഷ്യർ സ്വയം ദ്വന്ദ്വസ്വഭാവങ്ങളിലേക്ക് പരകായപ്പെടുന്നതിന്റെ സാർവവലൗകികമായ ആവിഷ്കാരമാണ് നാടകം അരങ്ങേറിക്കാണിച്ചത്. ഒരു ഭദ്രമായ രചനാപാഠം എന്ന നിലയിലല്ല, ശില്പയുക്തമായ രംഗപാഠമാണ് Dumpling മികച്ച അനുഭവമാകുന്നത്. അത്രമേൽ സ്വാഭാവികമായും ആസ്വദിച്ചും മത്സരിച്ചഭിനയിക്കുന്ന, തുല്യമായ പങ്കാളിത്തമുള്ള നടീനടന്മാരുടെ അത്ഭുതകരമായ പ്രകടനമായിരുന്നു അത്. ഒരു ചരടിൽ കോർത്ത മുത്തുകൾ എന്നൊക്കെ ഏതാണ്ട് പൂർണ്ണമായും ആക്ഷരികമാകുന്നതരം പ്രകടനം. ഒറ്റ നാടകംകൊണ്ട് പതിനാറാമത് ഫെസ്റ്റിവൽ സാർഥകമായി എന്ന് ചുരുക്കട്ടെ! അർമേനിയൻ സംവിധായിക നാരിൻ ഗ്രിഗോറിയനും പിന്നണിയിലുള്ളവർക്കും നാടകം ഉൾപ്പെടുത്തിയ ക്യൂറേറ്റർക്കും നന്ദി.







No Comments yet!