Skip to main content

സ്ത്രീകൾ

ചില സ്ത്രീകൾ സ്വന്തം ഇഷ്ടത്താൽ കിണറ്റിൽ ചാടി
ജീവൻ വെടിഞ്ഞിരുന്നുവെന്ന്
പോലീസ് റെക്കോർഡിൽ ചേർത്തിരിക്കുന്നു.
ചില സ്ത്രീകൾ ചിതയിലെരിഞ്ഞ് മരിച്ചിരുന്നുവെന്ന്

മതഗ്രന്ഥങ്ങളിൽ എഴുതിയിരിക്കുന്നു
ഞാൻ കവിയാണ്, എഴുത്തുകാരനാണ്.
എന്താണിത്ര തിടുക്കം?

ഞാൻ ഒരു ദിവസം
പോലീസിനെയും പുരോഹിതനെയും ഒരുമിച്ച്
സ്ത്രീകളുടെ കോടതിയിൽ നിന്ന് തിരഞ്ഞുപിടിക്കും.
പിന്നെ ഇടയ്ക്കുള്ള
എല്ലാ കോടതികളെയും ഞാനെതിർക്കും.
ഏതൊക്കെ സുന്ദര പുരുഷന്മാരാണോ
സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കുമെതിരെ പ്രവർത്തിച്ചത്

അവരുടെ അധികാരങ്ങളെയൊക്കെ
ഞാൻ റദ്ദ് ചെയ്യും.
ഞാനാ നിയമസംഹിതകളെ കാറ്റിൽപ്പറത്തും.
ദുർബ്ബലന്റെ കൈക്കരുത്തിനാൽ
നേടിയ വിൽപത്രങ്ങളെ
ഞാൻ ഇഷ്ടദാനം കൊടുക്കും.
കിണറ്റിൽ ചാടിയും ചിതയിലെരിഞ്ഞും
ജീവനൊടുക്കിയ സ്ത്രീകളെ

പിന്നെയും ഞാൻ ജീവിപ്പിക്കും.
എവിടെയും വിട്ടുപോകാതെ,
ബാക്കിയാകാതെ, വിസ്മരിക്കപ്പെടാതെ,

ഞാനവരുടെ വാക്കുകളെ
പകർത്താൻ ശ്രമിക്കും.
എന്തെന്നാൽ എനിക്കാ സ്ത്രീകളെക്കുറിച്ചറിയാം.

എന്നോ കടന്നുവന്ന മുറ്റത്ത്
തങ്ങളുടെ മൃതപ്രായമായ ശരീരത്താൽ
ജീവിതമാചരിച്ചു കൊണ്ട്

ഒരിക്കലും അറിയാതെപോലും
പുറത്തേക്കെത്തി നോക്കാത്തവർ.
എപ്പോഴാണോ അവർ പുറത്തിറങ്ങിയത് അത് സ്ത്രീയായല്ല,

തുറസ്സായിടത്ത് നിവർന്നു കിടന്നൊരു ജഡമായി,
ഭൂമാതാവിനെപ്പോലെ.

കൂട്ടരേ, ഒരു സ്ത്രീയുടെ ജഡം ഭൂമാതാവിനെപ്പോലെയാണ്.
തുറസ്സായിടത്ത് വിസ്തരിച്ച് കിടക്കും.
അനീതിയുടെ എല്ലാ തെളിവുകളും

റദ്ദ് ചെയ്യപെട്ടുകൊണ്ടിരിക്കുന്നത്
പോലീസ് സ്റ്റേഷനിൽ തുടങ്ങി
കോടതികളിൽ വരെ ഞാൻ കാണുന്നുണ്ട്.

ചന്ദനം ചാർത്തിയ
തലയുയർത്തിയ പുരോഹിതനും
കിന്നരിവച്ച മെഡലുകളാൽ അലങ്കരിച്ച
നെഞ്ച് വിരിച്ച സൈനികനും
മഹാരാജാവിന് കീ ജയ് വിളിക്കുന്നു.

ആ മഹാരാജാവ്
എന്നേ മരിച്ചു കഴിഞ്ഞിരിക്കുന്നു..
മഹാറാണിമാരും ഉണ്ടാവില്ല.

പിന്നെ വേലക്കാരികൾ എന്ത് ചെയ്യും?
അതിനാൽ

അവരും തയ്യാറെടുപ്പുകൾ നടത്തുന്നു.
എനിക്ക് മഹാറാണിമാരെക്കാളും
വേലക്കാരികളെക്കുറിച്ചോർത്താണ് വിഷമം.
അവരുടെ ഭർത്താവ് ജീവിച്ചിരിക്കുമ്പോഴും നിസ്സഹായരായവർ

കരഞ്ഞുകൊണ്ടിരിക്കുന്നു.
ഒരു സ്ത്രീക്ക് തന്റെ
കരഞ്ഞുകൊണ്ടിരിക്കുന്ന ഭർത്താവിനെ വിട്ട്
മരിക്കുക എത്ര പ്രയാസമാണ്.

എന്നാൽ പുരുഷമാർക്ക്
കരഞ്ഞുകൊണ്ടിരിക്കുന്ന സ്ത്രീകളെ
മർദ്ദിക്കുന്നത് തെറ്റായി തോന്നുകയില്ല.
സ്ത്രീകൾ കരഞ്ഞു കൊണ്ടേയിരിക്കും.
പുരുഷന്മാർ മർദ്ദിച്ചുകൊണ്ടേയിരിക്കും.
സ്ത്രീകൾ ഉച്ചത്തിലുച്ചത്തിൽ കരയുന്നു.
പുരുഷന്മാർ അതിശക്തിയിൽ മർദ്ദിക്കുന്നു.
സ്ത്രീകൾ വീണ്ടും ശക്തിയോടെ കരയുന്നു.
പുരുഷന്മാർ അത്രയ്ക്ക് ശക്തിയോടെ മർദ്ദിക്കുമ്പോൾ

സ്ത്രീകൾ മരിച്ചു പോകുന്നു.

ഇതിഹാസത്തിൽ ആദ്യമായി ചുട്ടെരിച്ചത്
പത്നിയെയായിരുന്നോ മറ്റാരെയെങ്കിലുമായിരുന്നോ?
എനിക്കറിയില്ല.

എന്നാൽ ആരാണോ അവശേഷിച്ചത്
അത് എന്റെ അമ്മയായിരുന്നിരിക്കണം.
എന്നാൽ എൻ്റെ ചിന്തയിതാണ്

ഭാവിയിൽ ഏറ്റവും അവസാനം ചുട്ടെരിക്കുന്നത്
ഏത് സ്ത്രീയെ ആയിരിക്കും?

എനിക്കറിയില്ല.
എന്നാൽ അതാരായിരുന്നാലും
അതെന്റെ മകൾ ആയിരിക്കും.

എന്നാൽ അത് സംഭവിക്കാൻ
ഞാനൊരിക്കലും അനുവദിക്കുകയില്ല.

***

രമശങ്കർ യാദവ്- (വിദ്രോഹി ) ഔരതേം എന്ന കവിത


नहीं रहे जेएनयू के आदिविद्रोही कवि रमाशंकर यादव विद्रोही - rebel poet ramashankar yadav vidrohi died - AajTak

ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാല (JNU) ക്യാമ്പസിൽ സ്ഥിരതാമസമാക്കി, മൂന്ന് പതിറ്റാണ്ടോളം വിദ്യാർത്ഥി സമരങ്ങളിലും പ്രതിഷേധങ്ങളിലും സജീവമായിരുന്ന വിപ്ലവ ഹിന്ദി കവിയാണ് രമശങ്കർ യാദവ് (1957-2015), അല്ലെങ്കിൽ വിദ്രോഹി. എഴുതപ്പെട്ട കവിതകളേക്കാൾ, വാക്കാലുള്ള ആവിഷ്കാരത്തിലൂടെ (oral tradition) ജനമനസ്സുകളിൽ ചേക്കേറിയ അദ്ദേഹം, അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദമായാണ് അറിയപ്പെട്ടത്.

അപരനാമം : വിദ്രോഹി (Rebel/Vidrohi).

ജന്മസ്ഥലം : ഉത്തർപ്രദേശിലെ സുൽത്താൻപൂർ ജില്ല.

പ്രത്യേകത : ജെഎൻയു കാമ്പസിലെ മരച്ചുവടുകളിൽ താമസിച്ച്, ഗംഗാ ധാബയിൽ വെച്ച് കവിതകൾ ചൊല്ലിയിരുന്ന അദ്ദേഹം, സ്വന്തമായി വീടോ മറ്റ് സമ്പാദ്യങ്ങളോ ഇല്ലാത്ത, ‘താമസസ്ഥലമില്ലാത്ത’ കവിയായിരുന്നു.
കവിതകൾ: വർഗീയത, സാമ്പത്തിക അസമത്വം, ലിംഗവിവേചനം, ഭരണകൂട അടിച്ചമർത്തലുകൾ എന്നിവയ്‌ക്കെതിരെ അദ്ദേഹത്തിന്റെ കവിതകൾ ശബ്ദമുയർത്തി.

പ്രശസ്തമായ വരികൾ: “ഞാൻ നിങ്ങളുടെ കവിയാണ്” (Main tumhara kavi hoon).

മരണം: 2015 ഡിസംബർ 8-ന് ഡൽഹിയിൽ ഒരു വിദ്യാർത്ഥി സമരത്തിനിടെയാണ് അദ്ദേഹം അന്തരിച്ചത്.

No photo description available.

അദ്ദേഹത്തിന്റെ ജീവിതത്തെയും കവിതകളെയും ആസ്പദമാക്കി Nitin K. Pamnani & Imran Khan സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ് “Main Tumhara Kavi Hoon”


വിവ : മിനി അനാമിക

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

5 Replies to “സ്ത്രീകൾ”

  1. വിദ്യോഹിയുടെ കവിത ഒരു രാഷ്ട്രീയ പ്രസ്താവനയാണ്. സ്ത്രീകളുടെ വിലാപങ്ങളെ ചരിത്രരേഖകളാക്കി മാറ്റാനും, വരുംതലമുറയിലെ പെൺകുട്ടികൾക്ക് വേണ്ടി ഒരു നീതിപീഠം പണിയാനും ശ്രമിക്കുന്ന ഒരു കവിയെയാണ് നാം ഇവിടെ കാണുന്നത്. മിനി അനാമികയുടെ വിവർത്തനം ഈ കവിതയുടെ ആത്മാവ് ഒട്ടും ചോർന്നുപോകാതെ മലയാളികൾക്ക് മുന്നിലെത്തിക്കുന്നു.
    അഭിനന്ദനങ്ങൾ

  2. വളരെ മനോഹരമായിരിക്കുന്നു🌹👏

  3. രാമശങ്കർ വിദ്രോഹി യുടെ ആത്മാവ് തൊട്ടറിയാനാവുന്ന ഈ കവിത മിനി ഏറെ മനോഹരമായി തന്നെ വിവർത്തനം ചെയ്തിരിക്കുന്നു അദ്ദേഹം എല്ലായിപ്പോഴും സംസാരിക്കുന്നത് പോലും കവിതയിലൂടെയാണെന്ന തോന്നൽ ഉണ്ടായിട്ടുണ്ട്, അദ്ദേഹം അസംഘടിതരുടേയും സ്ത്രീകളുടേയും കുട്ടികളുടേയും കവിയാണ്.

Your Email address will not be published.