സിനിമയിലെ പെൺകൂട്ടായ്മ രൂപപ്പെട്ട സമയത്ത്, അതിനെ വിമർശനപരമായി വിലയിരുത്തിക്കൊണ്ട് എഴുതിയതാണ് ഈ ലേഖനം. ഇപ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ട് വരുമ്പോൾ, ഈ ലേഖനം കൂടുതൽ പ്രസക്തമാകുന്നു എന്ന് കരുതുന്നു. സിനിമയെ ഒരു കച്ചവടമായിട്ടാണൊ കലയായിട്ടാണൊ കാണുന്നത് എന്നതാണ് പ്രസക്തമായ ചോദ്യം. കച്ചവടമാണെങ്കിൽ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ആ വ്യവസായത്തിന്റെ അകത്ത് തന്നെ പരിഹരിക്കപ്പെടും. പക്ഷെ തൊഴിൽ പ്രശ്നങ്ങൾ-കൂലിയുടെയും മറ്റും-പരിഹരിക്കപ്പെടില്ല. അത് തൊഴിലാളികളുടെ സംഘടിതമായ മുന്നേറ്റത്തിലുടെ മാത്രമേ പരിഹരിക്കാൻ കഴിയൂ. കച്ചവട മേഖലയിൽ താരങ്ങളുടെയും മറ്റ് അഭിനേതാക്കളുടെയും കൂലി ഏകീകരിക്കണം എന്ന വാദം ഒരിക്കലും നടക്കില്ല. കാരണം കച്ചവടത്തിൽ വിപണി മൂല്യമാണ് പ്രധാനം. അത് വ്യവസ്ഥാ മാറ്റത്തിലൂടെ സിനിമയെ കലയെന്ന തരത്തിൽ പുതുക്കിക്കൊണ്ട് മാത്രമേ സാധ്യമാകൂ.
ഇന്ന് വിജയിക്കുന്ന സിനിമകൾ ഒക്കെ പരിശോധിച്ചാൽ അതിലൊക്കെ സ്വന്തമായി തീരുമാനമെടുക്കുകയും അത് വിജയത്തിലെത്തിച്ചവരുടെയും കഥകളാണുള്ളത്. ഇങ്ങനെ വളരെ കുറച്ച് പേർ പണമുള്ളവർ, അല്ലെങ്കിൽ പണമുണ്ടായിട്ടും അധ്വാനിച്ച് കഴിവുകേടുകളെ മറികടന്നവർ, ഇവരുടെയൊക്കെ കഥകളാണ് എല്ലാവർക്കും പറയാനുള്ളത്. ഇതിനിടയിൽ ഈ വ്യവസ്ഥയുടെ ക്രൂരതകൾക്കിടയിൽ പെട്ട് നശിച്ചുപോകുന്നവരെ ആരും കാണുന്നില്ല. ഒപ്പം അവരെ നോക്കിയിട്ട് ഈ വ്യവസ്ഥയുടെ വക്താക്കൾ പറയുന്നത് കഷ്ടപ്പെടാൻ തയ്യാറാണെങ്കിൽ നിങ്ങൾക്കും വിജയം സ്വന്തമാക്കാം എന്നാണ്. ഈ പ്രത്യയശാസ്ത്ര പ്രവർത്തനത്തെ എങ്ങനെ നേരിടാം എന്നതാണ് ഇടതുപക്ഷ സാംസ്കാരിക പ്രവർത്തകർ നേരിടുന്ന പ്രധാന വെല്ലുവിളി. ഇതിനിടയിലാണ് ഡബ്ല്യുസിസി എന്ന പേരിൽ സിനിമയിലെ പെൺകൂട്ടായ്മ രൂപം കൊള്ളുന്നത്. അത് ഒരു പ്രതീക്ഷയായി ഇടതുപക്ഷ പ്രവർത്തകർക്കിടയിൽ ചർച്ചയാകുന്നത് കൊണ്ടാണ് അതിനെ വിലയിരുത്തേണ്ടി വരുന്നത്.
എന്താണ് സ്ത്രീപക്ഷം ?
എന്താണ് സ്ത്രീപക്ഷമെന്നറിയേണ്ടത് അല്ലെങ്കിൽ അതിനെ പുനർനിർവചിക്കേണ്ടി വരുന്നത് അധികാര രാഷ്ട്രീയം ഏതൊരു വിപ്ലവ പ്രവർത്തനത്തെയും അതിന്റേതാക്കി മാറ്റും എന്നത് കൊണ്ടാണ്. ചരിത്രത്തിൽ പുരുഷനേക്കാൾ അധികം ചൂഷണമനുഭവിച്ച, അനുഭവിച്ച് കൊണ്ടിരിക്കുന്ന ഒരു വിഭാഗമാണ് സ്ത്രീകൾ എന്ന് നമുക്കറിയാം. ആ കാഴ്ചപ്പാട് ചൂഷിത വർഗ്ഗത്തിന് നഷ്ടപ്പെട്ട് എന്ന് തോന്നലുണ്ടായപ്പോൾ ആണ് ഫെമിനിസം ഒരു വിപ്ലവ ശക്തിയായി ഉയർന്ന് വന്നത്. അത് തൊഴിലാളി വർഗ്ഗത്തിന് എതിരല്ല മറിച്ച് കൂടുതൽ ദീപ്തമായ തൊഴിലാളി വർഗ്ഗമാണത്. ഫെമിനിസം തൊഴിലാളി വർഗ്ഗത്തെ ഉൾച്ചേർക്കാതിരിക്കുന്നതും തൊഴിലാളി വർഗ്ഗം ഫെമിനിസത്തെ ഉൾച്ചേർക്കാതിരിക്കുന്നതും ഒരു പോലെ തെറ്റാണ്. ചരിത്ര വിരുദ്ധമാണ്. പക്ഷേ ഇന്ന് പലപ്പോഴും അത് വേർതിരിഞ്ഞ് നില്ക്കുന്നതായിട്ടാണ് കാണുന്നത്. സിനിമാരംഗത്തുണ്ടായ പെൺകൂട്ടായ്മയുടെ നിലപാടുകൾ മുതലാളിത്ത വ്യക്തി താല്പര്യങ്ങളുമായി ബന്ധപ്പെട്ട് നില്ക്കുന്നത് ആണ് എന്നും അത് കൊണ്ട് തന്നെ ഇന്നത്തെ നിലയിൽ ഇടതുപക്ഷത്തിന് അതൊരു പ്രതീക്ഷാനിർഭരമായ തുടക്കമായി തോന്നുന്നില്ല എന്നുമാണ് ഇവിടെ വിലയിരുത്താൻ ശ്രമിക്കുന്നത്.
മുതലാളിത്തമാണ് രക്ഷകൻ
നാടിനെ കൊള്ളയടിച്ച് സമ്പത്ത് കുന്നുകൂട്ടുക, അത് സമൂഹം തിരിച്ചറിഞ്ഞ് കഴിയുമ്പോൾ രക്ഷപ്പെടുക എന്നതാണ് മുതലാളിത്ത കോടീശ്വരന്മാരുടെ ഇപ്പോഴത്തെ രീതി. അങ്ങനെ മാത്രമല്ല നാം ജീവിക്കുന്ന വ്യവസ്ഥ മുതലാളിത്ത ചൂഷണത്തിന്റെ ഭീകരതകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. അത് നാട്ടിൽ ചൂഷണമനുഭവിക്കുന്ന ഭൂരിപക്ഷവും തിരിച്ചറിഞ്ഞ് കൊണ്ടിരിക്കുന്നു. ആ അവസ്ഥയിൽ നിന്ന് മുതലാളിത്ത വ്യവസ്ഥയെ രക്ഷിച്ച് എടുക്കുക എന്ന പണിയാണ് ഇവിടെ പല സിനിമകളും ചെയ്ത് കൊണ്ടിരിക്കുന്നത്. ‘ഉയരെ’ എന്ന സിനിമ അതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ്. ഇത് ഒരു രക്ഷാപ്രവർത്തനത്തിന്റെ കഥയാണ്. മനുഷ്യബന്ധങ്ങൾ തന്നെ നൈമിഷികമാകുന്നത് മുതലാളിത്ത വ്യവസ്ഥയുടെ പ്രശ്നമാണ്. യഥാർത്ഥത്തിൽ ബന്ധങ്ങളുടെ പരാജയം മുമുതലാളിത്ത വ്യവസ്ഥയ്ക്കെതിരായ വിമർശനമാണ്. ഇവിടെ വ്യക്തിയുടെ കുറ്റം ആ വ്യക്തിയിലേക്ക് മാത്രം ചുരുക്കി മുതലാളിത്തവ്യവസ്ഥയെ രക്ഷിച്ചെടുക്കുന്നു എന്ന് മാത്രമല്ല ആ കുറ്റത്തിലൂടെ ജീവിതം തകരുന്നവരെ രക്ഷിക്കുന്നതും മുതലാളിത്തമാണ് എന്ന് സ്ഥാപിക്കുന്നു. ഇത് കൃത്യമായ പ്രത്യയശാസ്ത്ര ആക്രമണമാണ്.
ഫ്യൂഡൽ പുരുഷാധിപത്യ വ്യവസ്ഥയോട് മാത്രമേ ഇവിടുത്തെ ഫെമിനിസ്റ്റുകൾക്ക് പോലും എതിർപ്പുള്ളു നിങ്ങളെ വേദനിപ്പിക്കാതെ ഇല്ലാതാക്കാൻ കെല്പുള്ള മുതലാളിത്ത വ്യവസ്ഥ ഈ ഫെമിനിസ്റ്റുകൾക്ക് സ്വാതന്ത്ര്യം നല്കുന്നു എന്നാണ് വാദം. അതിന്റെ പ്രത്യയശാസ്ത്ര ഉപകരണമാവുകയാണ് പെൺകൂട്ടായ്മ. അതിന്റെ നേതൃത്വത്തിലുള്ളവരുടെ മുൻകാല സിനിമകളും അവസ്സാനമായി ‘ഉയരെ’ എന്ന സിനിമയും വെളിവാക്കുന്നത് അതാണ്. അവർ മറ്റ് ലിബറൽ ഫെമിനിസ്റ്റുകളെ പോലെ തന്നെ മുതലാളിത്ത വ്യവസ്ഥയുടെ വക്താക്കളും പ്രയോക്താക്കളുമാണ് എന്ന വസ്തുതയാണ് ഇതിൽ നിന്ന് വെളിവാകുന്നത്. ഉദാഹരണത്തിന് പാർവ്വതി എതിർത്ത മമ്മൂട്ടി ചിത്രത്തിൽ, ‘കസബ’യിൽ, മമ്മൂട്ടിയുടെ കഥാപാത്രം സ്ത്രീകളോട് ബഹുമാനമില്ലാത്ത ഒരു ഫ്യൂഡൽ പുരുഷനാണ്. എന്നാൽ അയാൾ പലർക്കും രക്ഷകനായിട്ടാണ് അവതരിക്കുന്നത് അതിനെ പാർവ്വതി എതിർത്തു എന്നാൽ താൻ അഭിനയിച്ച ‘ഉയരെ’ എന്ന ചിത്രത്തിൽ സ്ത്രീകളെ ബഹുമാനിക്കുന്ന മുതലാളിത്ത പുരുഷ വ്യക്തിത്വവും നടത്തുന്നത് രക്ഷാപ്രവർത്തനം തന്നെയാണ്. എന്ത് കൊണ്ടാണ് ഒരു സിനിമ സ്ത്രീ വിരുദ്ധമായതും മറ്റൊന്ന് അങ്ങനെ അല്ലാതായതും? ഇതാണ് നമുക്ക് പരിശോധിക്കേണ്ടത്. ഫ്യൂഡൽ ആണധികാരത്തന്റെ സ്ത്രീവിരുദ്ധമായ അക്രമം പെട്ടെന്നുള്ളതും നേരിട്ടുള്ളുതുമാണ്. എന്നാൽ മുതലാളിത്തം സ്ത്രീകളെ ബഹുമാനിക്കുന്നു എന്ന വ്യാജേനയാണ് ചൂഷണം ചെയ്യുന്നത്. അതിന്റെ അക്രമം സുഖകരമായ ഇക്കിളിപ്പെടുത്തലായി തീരുമെന്ന് മാത്രമല്ല അതിലെ പ്രതിയെ മറച്ച് വയ്ക്കുകയും ചെയ്യുന്നു. നമ്മൾ തിരിച്ചറിയേണ്ടത് ഒരു വ്യക്തിക്കുണ്ടാകുന്ന ഏതൊരു ദുരിതത്തിന്റെയും കാരണം ആ സമൂഹസംവിധാനമാണെന്നുള്ളതാണ്. അതു കൊണ്ട് തന്നെ രക്ഷാപ്രവർത്തനത്തിന് തന്നെ പ്രസക്തിയില്ല. ചൂഷണം അനുഭവിക്കുന്നവർ കൂട്ടായി അതിനുള്ള കാരണം തിരിച്ചറിയുകയും അതിനെ മറികടക്കുകയുമാണ് ഒരു ജനാധിപത്യ സമൂഹം ചെയ്യേണ്ടത്. അല്ലാതെയുള്ള എല്ലാ രക്ഷാപ്രവർത്തനവും മറ്റേതോ ചൂഷണത്തെ മറച്ച് വയ്ക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് രക്ഷാപ്രവർത്തനം ആര് നടത്തിയാലും അത് മനുഷ്യ വിരുദ്ധമാണ്.
പെൺകൂട്ടായ്മ വിലയിരുത്തപ്പെടുന്നു
ഒരു സമരസംഘടന രൂപപ്പെടുന്നത് ഒരു പക്ഷേ വളരെ പെട്ടെന്ന് ആയി എന്ന് വരാം. ഇവിടെ Women Collective in Cinem (WCC) പോലുള്ള സംഘടന രൂപീകരിക്കാനുള്ള അടിയന്തര കാരണം നമുക്കറിയാം. എന്നാൽ സംഘടനയുടെ ലക്ഷ്യം പ്രശ്നം ഉണ്ടായ കാരണത്തെ പരിഹരിക്കുക മാത്രമാകാൻ പാടില്ല. അത് നമ്മൾ തീർച്ചപ്പെടുത്തേണ്ടതുണ്ട്. നമ്മൾ അതിന്റെ പിന്നിൽ സമരം ചെയ്യുമ്പോൾ തന്നെ അതിന്റെ ഭാവിയെ കുറിച്ചുള്ള കാഴ്ചപ്പാട് രൂപീകരിക്കേണ്ടതുണ്ട്. അങ്ങനെ ഒരു ലക്ഷ്യത്തിലേക്ക് എത്തിച്ചേർന്നില്ലെങ്കിലും അത്തരം ലക്ഷ്യത്തിലേക്കെന്ന സ്വപ്നം വളരെ പ്രധാനമാണ്. അത് മുന്നോട്ട് വച്ച് കൊണ്ട് മാത്രമേ നമുക്ക്സമരം ചെയ്യാൻ കഴിയൂ. ഇവിടെ പെൺകൂട്ടായ്മ ഉണ്ടായി വന്നത് നല്ല കാര്യമാകുമ്പോൾ തന്നെ അവരുടെ ലക്ഷ്യത്തിന്റെ പരിമിതി കൂടി തിരിച്ചറിയേണ്ടതുണ്ട്.
പുരുഷൻ സ്ത്രീയെ പീഡിപ്പിക്കുന്നു, അതവസ്സാനിക്കണം എന്ന ഒരു ലക്ഷ്യത്തിലേക്ക് മാത്രമായി ചുരുങ്ങുന്നത് ശരിയല്ല. കാരണം അത് സിനിമയിലൂടെ മാത്രം സാധ്യമാകുന്ന ഒന്നല്ല. മറിച്ച് അത്തരം സിനിമകൾ ആവശ്യപ്പെടുന്ന ഒരു ജനക്കൂട്ടം നിലനില്ക്കുന്നത് കൂടി അത്തരം സിനിമകൾക്ക് കാരണമാണ്. അതിനെ മാറ്റിത്തീർക്കാൻ നമുക്കെന്താണ് ചെയ്യാൻ കഴിയുക. അതിലൊരംഗം സിനിമയിൽ നിലനില്ക്കുന്ന സ്ത്രീവിരുദ്ധതയെ കുറിച്ച് വാചാലയായി. അതിലഭിനയിച്ച സൂപ്പർ താരം വിചാരിച്ചിരുന്നുവെങ്കിൽ അങ്ങനെയുള്ള ഒരു രംഗം ഉണ്ടാകുമായിരുന്നില്ല എന്നാണ് പറഞ്ഞത്. അവർക്ക് വിഷമം ഒരു രംഗത്തെ കുറിച്ചാണ്. എന്നാൽ ആ സിനിമ സൃഷ്ടിക്കുന്ന കാഴ്ചപ്പാട് തന്നെ തീർത്തും സ്ത്രീവിരുദ്ധമാണ്, പൊതുവായി മനുഷ്യ വിരുദ്ധമാണ്. കാരണം ഒരക്രമംനടക്കുമ്പോൾ ഒരു നായകൻ ഉണ്ടായി വരുമെന്നും അയാൾ അതിൽ നിന്ന് ഇരകളെ രക്ഷിക്കുമെന്നുമുള്ള കാഴ്ചപ്പാട് മാറിത്തീരാതെ എങ്ങനെയാണ് ഒരു രംഗം ഒഴിവാക്കി രക്ഷപ്പെടുന്നത്!
ഒരു സംഘടനാ രൂപമാകുമ്പോഴും മറ്റുള്ളവർ മാറണമെന്ന് ആവശ്യപ്പെടുമ്പോഴും ആദ്യം ചെയ്യേണ്ടത് സ്വയം വിമർശനമാണ്. തങ്ങൾ ചെയ്തു കൊണ്ടിരിക്കുന്ന സിനിമയിലും പൊതുവായി സിനിമാ വ്യവസായത്തിലും എത്രത്തോളം മനുഷ്യ വിരുദ്ധത കുടിയിരിക്കുന്നു എന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്. അപ്പോൾ ലക്ഷ്യവും തനിയെ ഉണ്ടായി വരും. അങ്ങനെ തിരിച്ചറിഞ്ഞും മാറിത്തീർന്നും കൊണ്ട് മാത്രമേ ചുറ്റുമുള്ളവർ മാറണമെന്ന് ആഹ്വാനം ചെയ്യാൻ കഴിയൂ.
സിനിമയെ കലയെന്ന നിലയിൽ കാണുന്നില്ല എന്നതാണ് ഈ കൂട്ടായ്മയുടെ ആദ്യ പോരായ്മ. അങ്ങനെയായിരുന്നെങ്കിൽ തന്നിങ്ങനെ അഭിപ്രായം പറഞ്ഞത് കൊണ്ട് തങ്ങളുടെ അവസരങ്ങൾ നഷ്ടപ്പെട്ടു എന്ന തരത്തിലുള്ള ആവലാതികൾ ഉണ്ടാകുമായിരുന്നില്ല. സിനിമ മാത്രമല്ല ഏതൊരു കലയും തൊഴിൽപരമാകാൻ പാടില്ല. കല സാമൂഹ്യ വിമർശനമാണെങ്കിൽ കലയിൽ നിന്ന് പ്രതിഫലം പ്രതീക്ഷിക്കാൻ പാടില്ല. അങ്ങനെ ചെയ്യുമ്പോൾ നമുക്ക് പലരേയും തൃപ്തിപ്പെടുത്തേണ്ടി വരും. സാമൂഹ്യ വിമർശനമായിരുന്നു അവരുടെ മാർഗ്ഗമെങ്കിൽ അവർക്ക് പണ്ടേ തന്നെ അവസരങ്ങൾ നഷ്ടപ്പെട്ടേനെ എന്നും പറയാം.
സിനിമയിലൂടെ സാമൂഹ്യ വിമർശനം സാധ്യമല്ലെങ്കിൽ പിന്നെ ഇങ്ങനെയൊരു സംഘടന ഉണ്ടായിട്ടും കാര്യമൊന്നുമില്ല. സിനിമ ഒരു വ്യവസായമായി നിലനില്ക്കണമെന്നും അതിലൂടെ സ്ത്രീ സുരക്ഷയൊരുക്കുകയാണ് ആവശ്യമെങ്കിൽ അത് ബൂർഷ്വാ വ്യവസ്ഥ തന്നെ ഒരുക്കിത്തരും. തങ്ങൾ കുറച്ച് ഏലീറ്റായിട്ടുള്ള നടിമാരെ മറ്റ് നടന്മാർ ബഹുമാനിക്കുന്നില്ല തുടങ്ങിയ പ്രശ്നങ്ങൾ ബൂർഷ്വാ വ്യവസ്ഥയ്ക്കകത്ത് തന്നെ പരിഹരിക്കാവുന്നവ മാത്രമാണ്. എന്നാൽ സിനിമയുടെ ഉള്ളടക്കത്തിന്റെ കാര്യത്തിലും തുല്യവേതനം വേണമെന്ന ആവശ്യങ്ങളും മറ്റുമാണ് ലക്ഷ്യം വെയ്ക്കുന്നതെങ്കിൽ ഇപ്പോൾ നടത്തുന്ന സമരങ്ങൾ പോരാതെ വരും. കാരണംഅത് ആ വ്യവസ്ഥയുടെ ലാഭത്തെ തന്നെ ബാധിക്കുന്ന കാര്യമാണ്.
മുൻപ് ചോദിച്ചത് പോലെ സിനിമയെ കലയായിട്ടാണോ കച്ചവടമായിട്ടാണോ കാണുന്നത്? അതിന്റെ ഉത്തരമായിട്ടാണ് ഒരു പക്ഷേ അതിന്റെ പരിഹാരങ്ങളും ഉണ്ടായി വരിക. വ്യവസായമായിട്ടാണ് കാണുന്നത് എന്ന് അവരുടെ വർത്തമാനങ്ങളിൽ നിന്നും മനസ്സിലാകും. അങ്ങനെയാണെങ്കിൽ വ്യവസായ ശാലയിൽ പണിയെടുക്കുന്നവരുടെ സുരക്ഷിതത്വം മുതലാളിത്ത വ്യവസ്ഥ സംരക്ഷിക്കും പക്ഷേ അതിലെ അംഗങ്ങളുടെ വേതനത്തിന്റെ കാര്യമാണെങ്കിൽ നിങ്ങൾക്ക് ഈ വ്യവസ്ഥയ്ക്കെതിരെ സമരം ചെയ്യേണ്ടി വരും. നിങ്ങളതല്ല ചെയ്യുന്നത്. നിങ്ങൾ കുറച്ച് പേരുടെ സുരക്ഷിതത്വവും അന്തസും മാത്രമേ ലക്ഷ്യം വയ്ക്കുന്നുള്ളു. അത്ആ വ്യവസ്ഥ തന്നെ തരുന്ന പരിമിതമായ അവകാശങ്ങളിൽ നിന്ന് ലഭിക്കും.
ഫ്യൂഡൽ പുരുഷാധിപത്യ വ്യവസ്ഥയ്ക്കെതിരെ മുതലാളിത്ത ലിബറൽ ചിന്ത കടത്തിവിടുക മാത്രമാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ, പുരുഷ താരങ്ങൾ ഇത്ര വാങ്ങുമ്പോൾ തങ്ങൾക്ക് എന്ത് കൊണ്ട് അത്ര ലഭിക്കുന്നില്ല എന്നത് മാത്രമാണ് നിങ്ങളുടെ പരാതിയെങ്കിൽ, പുരുഷ താരങ്ങൾ വ്യവസായത്തെ നിയന്ത്രിക്കുമ്പോൾ തങ്ങൾക്ക് എന്ത് കൊണ്ട് കഴിയുന്നില്ല എന്നതാണ് നിങ്ങളുടെ പരാതിയെങ്കിൽ ഈ സമരങ്ങളൊക്കെ പരിഹാസ്യമാണ്. അത് മാറാതെ എല്ലാവർക്കും തുല്യവേതനവും തുല്യപരിഗണനയും ലഭിക്കാതെ നിങ്ങൾക്കെങ്ങനെയാണ് സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കാനാവുക. കലാകാരികൾ ആണെന്ന് കരുതുന്നുവെങ്കിൽ ആദ്യം സിനിമ ഒരു തൊഴിലല്ലാതെയാകണം. ശമ്പളത്തിന് വേണ്ടിയല്ലാതെ സിനിമയെടുക്കണം, സിനിമയിലഭിനയിക്കണം.ഇനി ശമ്പളം വാങ്ങുകയാണെങ്കിൽ അത് ഏകീകരിക്കണം. മേൽക്കീഴ് വ്യത്യാസമില്ലാതെ ചെയ്യുന്ന ജോലിയ്ക്കനുസരിച്ചുള്ള ശമ്പളം മതിയെന്ന് പറയാൻ തയ്യാറാകണം. മാറ്റം കൊണ്ടുവരാൻ ശ്രമിക്കുന്നവർ സ്വയം മാറാനും തയ്യാറാകണം. സിനിമയുടെ ഉള്ളടക്കം സാമൂഹ്യ വിമർശനമാകുമ്പോൾ തന്നെ സിനിമയുടെ നിർമ്മാണത്തിലും വിപ്ലവകരമായ മാറ്റം അനിവാര്യമാണ്. അത് പക്ഷേ കൃത്യമായും സാമൂഹ്യ മാറ്റത്തിലൂടെ മാത്രം സാധ്യമാകുന്നതുമാണ്. അങ്ങനെ ശമ്പളം ഏകീകരിക്കുകയും സിനിമയുടെ നിർമ്മാണച്ചെലവ് കുറയുകയും ചെയ്താൽ തന്നെ ആരുടെയും പിന്തുണയില്ലാതെ നല്ല സിനിമകൾ നിർമ്മിക്കാനാകും. അത്തരം സിനിമകൾ പ്രദർശിപ്പിക്കാനുള്ള ശ്രമം കൂടിയുണ്ടായാൽ, നിങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്ന മാറ്റം വളരെ പ്രസക്തമാകും.
അതല്ലാതെ നിങ്ങളുടെ വ്യക്തിത്വത്തിന്റെ മാന്യതയെ കുറിച്ച് മാത്രമാണ് നിങ്ങളുടെ ആവലാതിയെങ്കിൽ ഇതിന്റെയൊന്നും ആവശ്യമില്ല. ഇവിടെ മറ്റ് പുരോഗമന വിഭാഗങ്ങൾ അവരെ പിന്തുണയ്ക്കുന്നത് ഒരു ചെറിയ ശബ്ദമെങ്കിലും കേട്ടോട്ടെ എന്ന് വിചാരിച്ചിട്ടാണ്. ഇങ്ങനെ ബൂർഷ്വാ വ്യവസ്ഥയ്ക്കകത്ത് ലഭിക്കുന്ന സ്വാതന്ത്ര്യം മാത്രമാണ് ലക്ഷ്യമെങ്കിൽ ഇതൊക്കെ മതിയാകും. പക്ഷേഅതൊരു വിപ്ലവമാകുന്നത് തങ്ങളുടെ കുറ്റങ്ങൾ പോലും തിരിച്ചറിഞ്ഞ് പൊരുതുമ്പോഴാണ്. (ഇപ്പോൾ തന്നെ സിപിഎമ്മിനെ പോലെയുള്ള ബൂർഷ്വാ പാർട്ടിയുടെ പിന്തുണയോടെ എത്രയോ കോടി രൂപയുടെ ഫണ്ട് ലഭിച്ചല്ലോ. ഇനി അതിൽ നിന്ന് പുറത്ത് വരാനാണ് ബുദ്ധിമുട്ട്.)
സിനിമ നിലനില്ക്കുക എന്ന് പറഞ്ഞാൽ കച്ചവടം നിലനില്ക്കുക എന്നല്ല. സിനിമയെന്ന കലയുണ്ടാവുകയെന്നാണ്. അതിന് ഇത്ര വലിയ സന്നാഹങ്ങളുടെയൊന്നും ആവശ്യമില്ല. സിനിമയെ A.M.M.A യും സിനിമാ രംഗത്തുള്ള മറ്റ് സംഘടനകളും കരുതുന്നത് കച്ചവടം എന്നാണ്. അങ്ങനെയാണെങ്കിലേ ഇത്ര വലിയ ജനക്കൂട്ടത്തെ നിലനിർത്താൻ കഴിയൂ. അത് തന്നെയാണ് ഡബ്ല്യുസിസിയുടെയും ലക്ഷ്യമെന്നാണ് അവരുടെ പ്രവർത്തനങ്ങളിൽ നിന്നും മനസ്സിലാകുന്നത്. അതിൽ കാര്യമില്ല. ഒപ്പം ഇത് വ്യക്തികൾക്കെതിരായ സമരമാകരുത്. ഇത് മമ്മൂട്ടിയ്ക്കും മോഹൻലാലിനുമെതിരായ സമരമല്ല. അവർ നിലനില്ക്കുന്നത് സ്വയം വില്ക്കാൻ കഴിയുന്നത് കൊണ്ടാണ്. അതവരുടെ കഴിവല്ല. അവർ തങ്ങൾക്ക് കിട്ടിയ അവസരം ഉപയോഗപ്പെടുത്തുന്നുണ്ടാകാം. ഇതിനെയെല്ലാം നിയന്ത്രിക്കുന്നത് സിനിമാ ചന്തയാണ്. അതില്ലാതെ ഇവർക്ക് നിലനില്ക്കാൻ കഴിയില്ല. ചന്തയിൽ വില്ക്കുന്ന കാര്യങ്ങൾ തങ്ങളുടെ സിനിമയിൽ അവർ ഉപയോഗപ്പെടുത്തുന്നു എന്ന് മാത്രം. അങ്ങനെ വരുമ്പോൾ ഒരു നടനെതിരെയോ, സിനിമയ്‌ക്കെതിരെയോ, അതിലെ രംഗത്തിനെതിരെയോ അല്ല നാം സമരം ചെയ്യേണ്ടത്. ഈ സിനിമ സംസ്കാരത്തിനും അതിന്റെ രാഷ്ട്രീയ സമ്പദ് വ്യവസ്ഥയ്ക്കെതിരേയുമാണ്. ദിലീപിനെതിരെയുള്ള സമരം പോലും അതാണ്. അങ്ങനെ വരുമ്പോൾ തങ്ങൾ ഇതു വരെ കഴിഞ്ഞിരുന്നത് ഈ വ്യവസ്ഥയ്ക്കകത്താണെന്നും അതിന്റെ ഫലവും അതിന്റെ നിലനില്പും തങ്ങളുടെ കൂടി ജീവിത പ്രവർത്തനത്തിന്റെ ഭാഗമാണെന്ന് അറിഞ്ഞ് കൊണ്ടും മാറിത്തീർന്നുകൊണ്ടും മാത്രമേ ഈ വ്യവസ്ഥയെ പ്രതിരോധിക്കാനും മാറ്റിത്തീർക്കാനും കഴിയൂ.
‘കസബ’ സ്ത്രീവിരുദ്ധമാണ് പക്ഷേ ‘വരത്ത’നോ
പറഞ്ഞത് പോലെ ‘സിനിമ വ്യവസായം’ എന്നതിന് മിക്കപ്പോഴും ഒരുപക്ഷേ എല്ലായ്പ്പോഴും സിനിമയെന്ന കലയുമായി ബന്ധമൊന്നുമില്ല. നമ്മൾ ‘ കഥാ വ്യവസായം’ എന്നോ ‘നോവൽ വ്യവസായം’ എന്നോ പറയാറില്ലല്ലോ? പക്ഷേ അതും കച്ചവടമാകുമ്പോൾ ഉള്ള പ്രശ്നങ്ങളാണ് സിനിമയിലും ഉള്ളത്. വില്ക്കപ്പെടുന്നതിന് മാത്രമേ വിപണി മൂല്യങ്ങളുള്ളൂ. വില്ക്കപ്പെടന്നത് എപ്പോഴും യാഥാസ്ഥിതികമായ മൂല്യങ്ങൾ തന്നെയായിരിക്കും. സിനിമ വ്യവസായത്തിന് സിനിമയുമായി ബന്ധമൊന്നുമില്ല. ചില പ്രഗത്ഭരുടെ കൈകളിൽ കച്ചവടത്തിന്റെ ചിട്ടവട്ടങ്ങളിൽ നിർമ്മിക്കപ്പെട്ട സിനിമയ്ക്ക് അതിന്റെ കലാത്മകത വന്നുവെന്നുള്ളത്. സ്ത്രീകളുടെ കൂട്ടായ്മ എന്തുകൊണ്ടായിരിക്കും വരത്തൻ പോലുള്ള സിനിമകൾക്കെതിരെ സംസാരിക്കാതെ പോയത്? എന്ന് പരിശോധിച്ച് കൊണ്ട് അവരുടെ രാഷ്ട്രീയത്തിന്റെ പാപ്പരത്തം വെളിവാക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. കസബയിലെ ഒരു രംഗത്തിൽ മമ്മൂട്ടി അങ്ങനെ പെരുമാറിയത് അങ്ങേയറ്റം സ്ത്രീവിരുദ്ധമാണ് എന്നായിരുന്നു പരാതി. ഒപ്പം മമ്മൂട്ടിയെ പോലൊരു നടന് അതൊഴിവാക്കാമായിരുന്നു എന്നുമാണ് പറഞ്ഞത്. ഞാൻ വാദിക്കുന്നത് വരത്തനിൽ നായിക പറയുകയാണ്, നിങ്ങളെ കൊണ്ട് എന്നെ സംരക്ഷിക്കാൻ കഴിയില്ല എന്നും എന്റെ അപ്പയുണ്ടായിരുന്നെങ്കിൽ എനിക്കെതിരെയുണ്ടായ അക്രമം പോലെ ഒന്ന് നടക്കുമായിരുന്നില്ല എന്നും. സ്ത്രീവിരുദ്ധമായ കാര്യങ്ങൾ സ്ത്രീകൾ ചെയ്താലും പറഞ്ഞാലും കുഴപ്പമില്ല എന്നാണോ ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്. അതോ ഇതിലെ നായികയ്ക്ക് (നടിയ്ക്ക് ) ആ രംഗം സിനിമയിൽ നിന്ന് ഒഴിവാക്കാനുള്ള അധികാര ബലമില്ല, മമ്മൂട്ടിയ്ക്ക്അത് കഴിയും അതുകൊണ്ട് തങ്ങളുടെ ലക്ഷ്യവും അത്തരം അധികാരത്തിലേക്ക് എത്തുക എന്നതാണ്. അങ്ങനെയാണോ? ഈ കാര്യം തന്നെയാണ് വരത്തൻ എന്ന സിനിമയും ഒരു പക്ഷേ പറയാൻ ശ്രമിക്കുന്ന രാഷ്ട്രീയം. അധികാരത്തെ അധികാരം കൊണ്ട് നേരിടുക. അക്രമത്തെ അക്രമം കൊണ്ടും Tresspassers will be Shooted എന്നാണ്. കടന്ന് വരുന്നവർ ആരായാലും തങ്ങളുടെ താല്പര്യത്തിനെതിരാണെങ്കിൽ കൊന്നുകളയും. പക്ഷേ ഈ രണ്ട് സിനിമയിലും പ്രസ്തുത രംഗം ഒഴിവാക്കിയത് കൊണ്ട് മാത്രം കാര്യമില്ല സിനിമ സ്ത്രീവിരുദ്ധമാണെന്ന് മാത്രല്ല മനുഷ്യ വിരുദ്ധവുമാണ്.
വരത്തൻ എന്ന സിനിമയല്ല നമ്മുടെ വിഷയം ആ സിനിമ ഉല്പാദിപ്പിക്കുന്ന പ്രത്യയശാസ്ത്രം ആണ്. സിനിമ ഒരു പക്ഷേ ജനങ്ങൾ സ്വീകരിക്കുക കൂടി ചെയ്യുമ്പോൾ അതിനെ പരിശോധിക്കേണ്ടത് ആവശ്യമാണ്. കച്ചവട സിനിമയുടെ സാങ്കേതികമായ പ്രത്യേകതകൾ ആ പ്രത്യയശാസ്ത്രത്തെ എത്രത്തോളം ഗുണപരമായി പിന്തുണയ്ക്കുന്നു എന്ന് മാത്രമാണ് പരിശോധിക്കേണ്ടത്. ഇത്തരം കച്ചവട സിനിമകളുടെ കലാമൂല്യമല്ല പ്രത്യയശാസ്ത്രം തന്നെയാണ് പരിശോധിക്കേണ്ടത്.
ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് വരുമ്പോൾ അവർ (എബിയും പ്രിയയും) കാറിൽ തന്നെ ഇവിടുത്തെ മനുഷ്യരുടെ ലൈംഗികാസക്തി അറിയുന്നു. ഗൾഫിൽ വെച്ച് അവർ കാറിൽ വരുമ്പോൾ ഉള്ള അനുഭവമല്ല ഇവിടെ ഡ്രൈവർ സ്ത്രീയെ കാമത്തോടെ തന്നെ നോക്കുന്നു. ആ നോട്ടം വീട്ടിന് വെളിയിൽ എല്ലായിടത്തും അവർക്ക് നേരിടേണ്ടി വരുന്നു എന്നാണ് സിനിമ പറയുന്നത്. അതിന് പരിഹാരമായി അതിനെ കയ്യൂക്ക് കൊണ്ട് മാത്രമേ നേരിടാനാകു എന്നും സിനിമ പറഞ്ഞ് വയ്ക്കുന്നു. അവർ അവരുടെ പ്രിയയുടെ കുടുംബവീടായ പതിനെട്ടാം മൈലിൽ എത്തുമ്പോൾ തന്നെ അവരെ വരവേല്ക്കുന്നത് ഇത്തരത്തിലുള്ള പുരുഷനോട്ടങ്ങളാണ്. gents beauty parlor എന്ന് എഴുതി വച്ചിരിക്കുന്നത് കാണിക്കുന്നുണ്ട്. അതായത് ഇങ്ങനെ നോക്കുന്നതിന് കാരണമായി അവർ പറയുന്നത് ഇത്തരം തന്റേടിയായ, പുരുഷനെ സാമ്പത്തികമായി പോലും സംരക്ഷിക്കാൻ ശേഷിയുള്ള, സ്ത്രീകൾ ഈ നാടിന്റെ പുരുഷാധിപത്യ സംസ്കാരം നശിപ്പിക്കുമെന്നാണ്. അവർ വീട്ടിലെത്തുമ്പോൾ ആരോ അവരെ പ്രതീക്ഷിച്ചിരിക്കുന്നത് പോലെയുള്ള ക്യാമറ ചലനങ്ങളും, പ്രതീക്ഷിച്ചിരിക്കുന്നയാൾപ്രേതമാണെന്ന് തോന്നുന്ന തരത്തിലുള്ള പശ്ചാത്തല സംഗീതവുമാണ്. നിങ്ങൾ എത്തിപ്പെട്ടത് പുരുഷാധിപത്യം നിലനില്ക്കുന്ന സ്ഥലത്താണ് എന്നും ഇവിടെ നിങ്ങൾ അധികാരത്തിന്റെ നിരീക്ഷണത്തിലാണെന്നും അത് സൂചിപ്പിക്കുന്നു.
വീട്ടിലെ പഴയ സാധനങ്ങളൊക്കെ നോക്കുന്നതിനിടയ്ക്ക് ഒരു തോക്ക് കാണുന്നു. ആ തോക്കെടുക്കുമ്പോൾ അതിന്റെ തുമ്പത്തൊരു പാറ്റ ആ പാറ്റയെ പ്രിയ ചവിട്ടിക്കൊല്ലുന്നു. എന്റെ വീട്ടിലങ്ങനെ ജീവിക്കണ്ട എന്ന് പറഞ്ഞ് കൊണ്ട്. അപ്പോൾ എബി അത് വേണ്ടായിരുന്നു എന്ന് പറയുന്നുണ്ട്. ആദ്യം വരുമ്പോൾ ചായക്കടയിൽ പൈസ കൊടുക്കുന്നതും വീട്ടിൽ സാധനം എടുത്തു വെച്ചയാൾക്ക് പൈസ കൊടുക്കുന്നതുമൊക്കെ പ്രിയയാണ്. പ്രിയയ്ക്ക് ചായയിട്ടു കൊടുക്കുന്നത് എബിയാണ്. ഇതൊക്കെ എബി ഒരു പോങ്ങനാണ് എന്ന് സ്ഥാപിക്കുന്നതിന് വേണ്ടി ഒരുക്കുന്ന സൂക്ഷ്മമായ ബിംബങ്ങളാണ്. പിന്നീട് അതൊക്കെ തകർത്ത് കൊണ്ട് പാറ്റയെ ചവിട്ടിക്കൊല്ലുകയും പ്രിയയിടുന്ന ചായ കുടിക്കുകയും ചെയ്യുന്ന എബിയെ കാണിക്കുന്നുണ്ട്. ഇത് കൊണ്ടുവരുന്നത് സ്ത്രീപുരുഷ സമത്വത്തിന്റെ രീതികൾ ഇവിടുത്തെ ഫ്യൂഡൽ അധികാര ക്രമത്തിൽ തെറ്റാണെന്ന് പറയുന്നതിനും. അതിനെ നേരിടേണ്ടത് പുരുഷാധിപത്യ മൂല്യങ്ങൾ ഉപയോഗിച്ചാണെന്നും പറയുന്നതിന് വേണ്ടിയാണ്. സംഘപരിവാർ മനോഭാവമുള്ള ആൾക്കാർ നിറഞ്ഞിരിക്കുന്ന ലോകത്ത് സ്ത്രീ പുരുഷ സമത്വത്തിലൂന്നുന്ന ജനാധിപത്യ ഭരണക്രമമല്ല വേണ്ടത് മറിച്ച് പുരുഷാധിപത്യ ക്രമത്തിലുള്ള ആയുധ ബലത്തിന്റെ അധികാരക്രമം കൊണ്ടേ കാര്യമുള്ളു എന്ന് ഇതുറപ്പിക്കുന്നു. അത് ആവശ്യപ്പെടുന്നത് സ്ത്രീ കൂടിയാകുമ്പോൾ അത് പൂർണ്ണമാവുകയും ചെയ്യുന്നു.
ചീവീടുകളുടെ ശബ്ദം കാരണം എബിയ്ക്ക് ഉറങ്ങാൻ കഴിയുന്നില്ല. ആൺ ചീവിടുകൾ പെൺ ചീവീടുകളെ ആകർഷിക്കാൻ വേണ്ടിയാണ് ഇങ്ങനെ ശബ്ദമുണ്ടാക്കുന്നത് എന്ന് പറയുമ്പോൾ അതിന്റെ പരിഹാസ്യതയാണ് എബി സൂചിപ്പിക്കുന്നത് എന്നാൽ അത് പ്രിയയെ അത്രയ്ക്ക് അസ്വസ്ഥമാക്കുന്നില്ല. ഇതിന്റെ സൂചന ലൈംഗികാകർഷണത്തിന് വേണ്ടിയാണെങ്കിൽ ഇത്തരം ബഹളം വെയ്പുകൾ സ്ത്രീകൾക്ക് താല്പര്യമുണ്ടെന്ന് സൂചിപ്പിക്കുന്നു.
നൊസ്റ്റാൾജിയ എന്നാൽ മലയാളിക്ക് ഗൃഹാതുരതയാണ്. അത് വീടുമായി ബന്ധപ്പെട്ട വാക്ക് മാത്രമാണ്. അച്ഛനും അമ്മയുമൊത്തുള്ള നിമിഷങ്ങളൊക്കെ ഓർക്കുന്ന സൗഭാഗ്യവാരായ ആളുകളുടെ ഓർമ്മകളാണ് ഗൃഹാതുരത്വ സ്മരണകൾ എന്നാൽ അതില്ലാത്തവർക്ക് ഗൃഹാതുരത്വമില്ല. അത്തരം ഓർമ്മകളില്ലാത്ത എബി പുരുഷാധിപത്യത്തിന്റെ ഗൃഹാതുരതയിൽ ജീവിക്കുന്ന പ്രിയയുടെകാഴ്ചപ്പാടിലേക്ക്, ജനാധിപത്യ ബോധമൊക്കെ ഉപേക്ഷിച്ച്, മാറുന്നു. ഫാസിസത്തിനെതിരേ നിലവിൽ വരേണ്ടത് സ്ത്രീപുരുഷ സമത്വത്തിലൂന്നിയ കുറച്ചു കൂടി അഗാധമായ ജനാധിപത്യമല്ല മറിച്ച് ജനാധിപത്യപൂർവ്വകാലത്ത് നിലനിന്ന കയ്യൂക്കിന്റെയും അധികാരപ്രയോഗത്തിന്റെയും സ്വേച്ഛാധിപത്യ രൂപമാണ്. അതാണ് വരത്തൻ പറഞ്ഞ് വയ്ക്കുന്നത്.
“ എന്റെ അപ്പ ഉണ്ടായിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കുമായിരുന്നില്ല. നിങ്ങളോടൊത്ത് എനിക്ക് സമാധാനത്തോടെ ജീവിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. ഇനിയൊരു കാലത്തും അതിന് കഴിയുമെന്ന് തോന്നുന്നില്ല.” ഇതാണ് ആ നാട്ടിലെ ഫ്യൂഡൽ മാടമ്പിമാരുടെ അക്രമണത്തിന് വിധേയായ സ്ത്രീ പറയുന്നത്. ഫാസിസത്തിന്റെ മുഴുത്ത പുരുഷാധിപത്യത്തിന്റെ കീഴിൽ ചൂഷണമനുഭവിക്കുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന അനേകരുണ്ടാകാമെന്നും അവരെയൊക്കെ സംഘടിപ്പിച്ച് നമുക്ക് പൊരുതാമെന്നല്ല സിനിമ പറയുന്നത്. മറിച്ച് നിങ്ങളുൾപ്പെടുന്ന സ്ത്രീ പുരുഷ സമത്വം സംസാരിക്കുന്ന ജനാധിപത്യത്തിൽ സ്ത്രീയ്ക്ക് സുരക്ഷിതമായി കഴിയാൻ പറ്റില്ലെന്നുമാണ്. സ്ത്രീ സുരക്ഷിതയായിരിക്കുന്നത് തന്റെ പപ്പയുടെ കാലത്തെപ്പോലെ, ജനാധിപത്യപൂർവ്വമായ അക്രമ മാർഗ്ഗങ്ങളിലൂടെ മാത്രമാണെന്ന് സിനിമ പറയുന്നു. അത് ഉറപ്പിക്കുന്നതിന് വേണ്ടിയാണ് ദുബായിലായിരുന്നപ്പോൾ തങ്ങൾക്ക് കുഴപ്പമൊന്നുമുണ്ടായിരുന്നില്ല എന്ന തുടക്കം സിനിമയ്ക്ക് കൈവന്നത്. ദുബായിൽ എന്തു കൊണ്ടാണ് ഇത്തരം അക്രമങ്ങളൊന്നും നേരിടേണ്ടി വരാതിരുന്നത് എന്ന് പരിശോധിച്ചാൽ നാം പറഞ്ഞ് വന്നത് കുറച്ച് കൂടി വ്യക്തമാകും. ദുബായിൽ സ്ത്രീ സുരക്ഷിതയായിരിക്കാൻ കാരണം ക്രൂരമായ ശിക്ഷാവിധികളാണ് എന്ന് പറയാതെ സൂചിപ്പിക്കുകയാണ് സിനിമ. എന്നാൽ യാഥാർത്ഥ്യം നേരെ മറിച്ചാണ് കുറച്ചെങ്കിലും ജനാധിപത്യ മര്യാദകൾ നിലനില്ക്കുന്ന സ്ഥലത്താണ് സ്ത്രീകൾക്കെതിരെയുള്ള അക്രമം കുറഞ്ഞിരിക്കുന്നത്. ക്രൂരമായ ശിക്ഷാവിധികൾ നിലനില്ക്കുന്ന രാജ്യങ്ങളിലല്ല. മറിച്ച് ലളിതമായ ശിക്ഷകളും സാമൂഹ്യ സുരക്ഷിത മേഖലകളിൽ സമൂഹത്തിന്റെ പങ്കാളിത്തം കൂടുതലുമുള്ള രാജ്യങ്ങളിലാണ് കുറ്റകൃത്യം കുറഞ്ഞിരിക്കുന്നത് എന്നതാണ് വസ്തുത. ഇത് മറച്ച് വച്ചിട്ട് ഒറ്റപ്പെട്ട അക്രമങ്ങളെ വലുതാക്കി ക്രൂരമായ ശിക്ഷ കൊടുക്കുമ്പോൾ ജീവിതം സമാധാനപൂർണമാകും എന്ന തെറ്റിദ്ധാരണയാണ് പൊതുബോധത്തിലുള്ളത് അതിനെ വ്യവസ്ഥപ്പെടുത്താനാണ് ഈ സിനിമയും ശ്രമിക്കുന്നത്. അതിലൂടെ ഫാസിസത്തിനെ, പുരുഷാധിപത്യ ക്രമത്തെ ന്യായീകരിക്കുകയും ചെയ്യുന്നു.
സ്ത്രീയെന്നും അധികാരത്തിന്റെ സംരക്ഷണം ആഗ്രഹിക്കുന്നു എന്ന അധികാര രാഷ്ട്രീയത്തിന്റെ ആശയത്തെ മറ്റൊരു തരത്തിൽ പിൻപ്പറ്റുകയാണ് സിനിമ. മുതലാളിത്ത വ്യക്തി സ്വാതന്ത്ര്യത്തിൽ ഊന്നുന്നതും എന്നാൽ കയ്യൂക്കിന്റെ ബലത്തിലാണ് ഫാസിസത്തിനെതിരെയുള്ള ചെറുത്ത് നില്പ് കിടക്കുന്നതെന്നും പോലീസും രാഷ്ട്രീയവുമൊക്കെ അതിനെ പിൻപ്പറ്റുകയാണ് വേണ്ടതെന്നുമുള്ള തീവ്ര മുതലാളിത്ത പ്രത്യയശാസ്ത്രമാണ് സിനിമ മുന്നോട്ട് വയ്ക്കുന്നത്. ഇത് തന്നെയാണോ ഡബ്ല്യുസിസിയുടെയും നിലപാട് എന്നുമറിയേണ്ടതുണ്ട്. പുരുഷാധിപത്യത്തിൽ ഊന്നിയ സിനിമാ വ്യവസ്ഥയെ കൂട്ടായ്മയുടെ സംഘടിത ശക്തിയിൽ തകർക്കാൻ ശ്രമിക്കുകയാണോ വേണ്ടത്, അതോ തങ്ങളുടെ വിപണി മൂല്യമുപയോഗിച്ച് മറികടക്കാൻ കഴിയും എന്ന വ്യാമോഹമാണോ അവർക്കുള്ളത് എന്നുമറിയേണ്ടതുണ്ട്.
——–
No Comments yet!