ഭാവിയിലെ പാലസ്തീൻ രാജ്യമെന്ന് അടുത്തിടെവരെ വിചാരിച്ചിരുന്നതും ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ ജയിലും (ഗാസാസ്ട്രിപ്പ്) ഏറ്റവും വലിയ കാത്തിരിപ്പുമുറിയുമായ (വെസ്റ്റ് ബാങ്ക്) ആ സ്ഥലത്തുനിന്നും മടങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിൽ ഞാനൊരു സ്വപ്നം കണ്ടു.
ഞാനൊറ്റയ്ക്ക്, ഒരു ചെമ്മൺ മരുഭൂമിയിൽ, അരവരെ നഗ്നനായി നിൽക്കുകയാണ്. മറ്റാരുടെയോ കൈ നിലത്തുനിന്നും പതുക്കെ കുറച്ചു പൊടിമണൽ വാരി എന്റെ നെഞ്ചിലേക്ക് എറിഞ്ഞു. അക്രമാസക്തം എന്നതിനേക്കാൾ പരിഗണനാർഹം എന്നു പറയാവുന്ന പ്രവൃത്തിയായിരുന്നു, അത്. എന്നിലെത്തുംമുമ്പ് മണലോ ചരലോ കീറത്തുണിക്കഷണങ്ങളായ് മാറി. ഒരുപക്ഷേ പരുത്തി.അവ എന്റെ ശരീരത്തെ പൊതിഞ്ഞുകിടന്നു. പിന്നെ അവ വീണ്ടും മാറി. വാക്കുകളായി, ശൈലികളായി. ഞാനെഴുതിയവയല്ല, ആ സ്ഥലത്താൽ എഴുതപ്പെട്ടത്.
ഈ സ്വപ്നം ഓർമ്മിക്കുമ്പോൾ, ‘ദേശപ്രക്ഷാളനം’ എന്ന കണ്ടുപിടിക്കപ്പെട്ട ഒരു വാക്ക് എന്റെ മനസ്സിലേക്ക് വന്നു. വീണ്ടും വീണ്ടും.ആ വാക്ക് ഭൗതികവും ഭൗതികേതരവും ആയ എല്ലാറ്റിനെയും തൂത്തെറിഞ്ഞ, കവർച്ച ചെയ്ത, വടിച്ചുമാറ്റിയ, ഊതിപ്പറത്തിയ, കഴുകിത്തുടച്ച, സ്പർശവേദ്യമായ വെറും ഭൂമിയല്ലാതെ മറ്റെല്ലാം നീക്കപ്പെട്ട ഒരു ദേശത്തെക്കുറിക്കുന്നു.
റാമള്ളായുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ടോക്യോ തെരുവിന്റെ അറ്റത്ത് അൽ റബ്‌വേ എന്ന പേരിൽ ഒരു കുന്നുണ്ട്. ആ കുന്നിന്റെ മുകൾത്തട്ടിനരികിലാണ് മഹ്‌മൂദ് ദാർവിഷ് അടക്കം ചെയ്യപ്പെട്ടത്. അതൊരു ശ്മശാനമല്ല. ടോക്യോ എന്ന പേരിൽ ആ തെരുവ് അറിയപ്പെടുന്നത് അത് തെരുവിന്റെ സാംസ്‌കാരിക കേന്ദ്രത്തിലേക്ക് നയിക്കപ്പെടുന്നതിനാലാണ്. അവിടെയാണ് മഹ്‌മൂദ് ദാർവിഷ് തന്റെ കവിതകളിൽ ചിലത് അവസാനമായി വായിച്ചത്. ആരും അത് അവസാനമാണ് എന്നു കരുതിയിരുന്നില്ല. ഏകാന്തതയുടെ നിമിഷങ്ങളിൽ അവസാനം എന്ന വാക്കിന്റെ അർത്ഥമെന്താണ്?
ഞങ്ങൾ ശവകുടീരം സന്ദർശിക്കാനായി പോയി. അവിടെ ഒരു മീസാൻകല്ലുണ്ടായിരുന്നു. കിളച്ചിട്ട മണ്ണ് അപ്പോഴും നഗ്നമായിരുന്നു. കരച്ചിലുകൾ അവിടെ പച്ചഗോതമ്പിന്റെ ചെറുകൂനകൾ വിതറിയിട്ടിരുന്നു. ചുവന്ന ചില പുഷ്പങ്ങളും കടലാസുതുണ്ടുകളും ഫോട്ടോകളും ചിതറിയിട്ടിരുന്നു. അദ്ദേഹത്തിന്റെ അമ്മ ഇപ്പോഴും ജീവിച്ചിരിക്കുന്നു. ഗലീലിയിൽ അടക്കപ്പെടണം എന്നായിരുന്നു, അദ്ദേഹത്തിന്റെ മോഹം. പക്ഷേ,ഇസ്രയേലികൾ അത് തടഞ്ഞു.
ശവസംസ്‌കാരത്തിന് പതിനായിരങ്ങൾ അവിടെക്കൂടി. അൽറബ്‌വേയിൽ. 96 വയസ്സുള്ള അദ്ദേഹത്തിന്റെ അമ്മ അവരെ അഭിസംബോധന ചെയ്തു. ”അവൻ നിങ്ങളുടെ എല്ലാവരുടെയും മകനായിരുന്നു” അവർ പറഞ്ഞു. ഇപ്പോൾ പിരിഞ്ഞുപോയ അഥവാ കൊല്ലപ്പെട്ട പ്രിയങ്കരരെപ്പറ്റി നാം ഏത് അരങ്ങിലാണ് യഥാർത്ഥത്തിൽ സംസാരിക്കുക? നാം സാധാരണ ജീവിക്കുന്ന വർത്തമാനത്തേക്കാൾ വർത്തമാനമായ ഒരു നിമിഷത്തിലേക്ക് നമ്മുടെ വാക്കുകൾ അനുരണനം ചെയ്യപ്പെടുന്നതായി നമുക്കുതന്നെ തോന്നുന്നു. ഇണചേരലിന്റെ, ഭയങ്കരമായ ഒരു അപകടത്തെ അഭിമുഖീകരിക്കുന്നതിന്റെ, മാറ്റി മറിക്കാനാവാത്ത ഒരു തീരുമാനം എടുക്കുന്നതിന്റെ, ടാംഗോനൃത്തം ചെയ്യുന്നതിന്റെ നിമിഷങ്ങളുമായി താരതമ്യപ്പെടുത്താവുന്നത്. നമ്മുടെ കരച്ചിലിന്റെ വാക്കുകൾ അലയടിക്കുന്ന അനശ്വരതയുടെ അരങ്ങിലല്ല, പക്ഷേ അവയ്ക്കു സ്ഥാനം. മറിച്ച് ആ അരങ്ങിന്റെ ഗ്യാലറിയിൽ എവിടെയോ ആണ്. ഇപ്പോൾ വിജനമായ ആ കുന്നിലിരുന്ന് ഞാൻ ദാർവിഷിന്റെ ശബ്ദം ഓർക്കാൻ ശ്രമിച്ചു. ഒരു തേനീച്ച വളർത്തുകാരന്റെശാന്തമായ ശബ്ദം അയാൾക്കുണ്ടായിരുന്നു.
കൽപ്പേടകം.
ജീവിച്ചിരിക്കുന്നവരും മരിച്ചവരും
അതിലെ ഉണങ്ങിയ കളിമണ്ണിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.
ഒരു പെട്ടിയ്ക്കുള്ളിലെ തേനടയിൽ
തളയ്ക്കപ്പെട്ട തേനീച്ചകളെപ്പോലെ.
ഉപരോധം മുറുക്കുന്ന ഓരോ തവണയും
അവ നിരാഹാരത്തിലേർപ്പെടുന്നു.
എവിടെയാണ് അത്യാപത്തിലെ വാതിൽ
എന്നു കാണിച്ചുകൊടുക്കാൻ കടലിനോട് ആവശ്യപ്പെടുന്നു.
അദ്ദേഹത്തിന്റെ ശബ്ദത്തെ ഓർത്തപ്പോൾ, സ്പർശവേദ്യമായ മണ്ണിലിരിക്കുന്നതിന്റെ ആവശ്യകത എനിക്ക് ബോധ്യപ്പെട്ടു. പച്ചപ്പിൽ ഞാനിരുന്നു. അറബിയിൽ ‘അൽ റബ്‌വേ’ എന്നു പറഞ്ഞാൽ ”പച്ചപ്പുല്ലു പുതച്ച കുന്നാ”ണ്. എവിടെനിന്നാണോ വന്നത്, അവിടേയ്ക്ക് അദ്ദേഹത്തിന്റെ വാക്കുകൾ തിരിച്ചുപോയി. അതിനുശേഷം ഒന്നുമുണ്ടായില്ല. അഞ്ചുകോടി ജനങ്ങൾ ഒന്നിച്ചുപങ്കിട്ട ഒന്നുമില്ലായ്മ. അഞ്ഞൂറുമീറ്റർ അകലെയുള്ള അടുത്ത കുന്ന് ഉപേക്ഷിക്കപ്പെട്ടവയുടെ കൂമ്പാരമായിരുന്നു. കാക്കകൾ അതിനെ വട്ടമിടുന്നു.ചില കുട്ടികൾ തോട്ടിപ്പണി ചെയ്യുന്നു. പുത്തനായിക്കുഴിച്ച അദ്ദേഹത്തിന്റെ ശവകുടീരത്തിനടുത്തിരിക്കുമ്പോൾ അപ്രതീക്ഷിതമായ ഒന്ന് സംഭവിച്ചു. അത് നിർവ്വചിക്കണമെങ്കിൽ, ഞാൻ മറ്റൊരു സംഭവം പറഞ്ഞേ മതിയാകൂ.
കുറച്ചുദിവസങ്ങൾക്ക് മുമ്പായിരുന്നു, അത്. എന്റെ മകൻ യെവ്‌സ് വണ്ടിയോടിക്കുന്നു. ഞങ്ങൾ ഫ്രഞ്ച് ആൽപ്‌സിലെ ക്ലൂസസ് എന്ന പ്രാദേശികനഗരത്തിലായിരുന്നു, മഞ്ഞുപെയ്യുന്നുണ്ടായിരുന്നു. മലഞ്ചെരിവുകൾ, വയലുകൾ, മരങ്ങൾ എല്ലാം വെള്ള. ആദ്യമഞ്ഞിന്റെ വെളുപ്പ് പക്ഷികളെ വഴിതെറ്റിക്കും. ദൂരത്തെയും ലക്ഷ്യത്തെയും കുറിച്ചുള്ള അവയുടെ വിവേകത്തെ അത് അസ്വസ്ഥമാക്കും.
പെട്ടെന്ന് വിൻഡ്‌സ്‌ക്രീനിൽ ഒരു പക്ഷി വന്നിടിച്ചു. ഒരു വശത്തെ കണ്ണാടിയിലൂടെ നിരീക്ഷിച്ച്, അത് പാതയുടെ ഒരുവശത്ത് വീണുകിടക്കുന്നതായി യെവ്‌സ് കണ്ടുപിടിച്ചു. വണ്ടി അവൻ പുറകോട്ടെടുത്തു. അതൊരു ചെറിയ പക്ഷിയായിരുന്നു. ഒരു കുരുവി. കുഴഞ്ഞെങ്കിലും ഇപ്പോഴും ജീവനുണ്ട്. കണ്ണുകൾ അടച്ചുതുറക്കുന്നുണ്ട്. മഞ്ഞിൽനിന്നും ഞാനതിനെ എടുത്തു. എന്റെ കൈത്തലത്തിൽ അത് ഊഷ്മളമായിരുന്നു, വളരെ ഊഷ്മളം. ഞങ്ങൾ വണ്ടിയിൽ മുന്നോട്ടുപോയി. ഇടയ്ക്കിടെ ഞാനതിനെ പരിശോധിച്ചു. അരമണിക്കൂറിനുള്ളിൽ അത് ചത്തു. ഞാനതിനെ എടുത്ത് കാറിന്റെ പിൻസീറ്റിൽ കിടത്തി. അതെ. അതൊരു ആൺകുരുവിയായിരുന്നു. അതിന്റെ ഭാരമാണെന്നെ അത്ഭുതപ്പെടുത്തിയത്. മഞ്ഞിൽ നിന്നതിനെ എടുത്തപ്പോൾ ഉണ്ടായിരുന്നതിനേക്കാളും കുറവ് ഭാരമാണ് ഇപ്പോൾ അതിനുള്ളത്. കൈകളിൽ അങ്ങോട്ടുമിങ്ങോട്ടും മാറിപ്പിടിച്ച് ഞാനതു പരിശോധിച്ചു. ജീവിച്ചിരിക്കുമ്പോൾ അതിനുള്ളിൽ ഉണ്ടായ ഊർജ്ജം, നിലനിൽപ്പിനുവേണ്ടിയുള്ള അതിന്റെ പൊരുതൽ ആയിരുന്നു അതിന് ഭാരം നൽകിയിരുന്നത് എന്നവണ്ണം. ഇപ്പോൾ അതിന് ഭാരം തീരെ ഇല്ല, എന്നുതന്നെ പറയാം.
അൽ റബ്‌വേയിലെ പച്ചപ്പുൽത്തകിടിയിൽ ഞാൻ ഇരുന്നപ്പോൾ, ഏതാണ്ട് അതുപോലെ ഒന്ന് സംഭവിച്ചു. മഹ്‌മൂദിന്റെ മരണത്തിന് അതിന്റെ ഭാരം നഷ്ടപ്പെട്ടു. ബാക്കിയായത് അദ്ദേഹത്തിന്റെ വാക്കുകൾ മാത്രം. പ്രവചനത്തിന്റെയും നിശബ്ദതയുടെയും, നിറഞ്ഞ മാസങ്ങൾ പിന്നിട്ടു. പേരില്ലാത്ത ഒരു തുരുത്തിലേക്ക് ദുരിതങ്ങൾ ഒഴുകിയെത്തി. വൈകി, വളരെ വൈകിമാത്രം വരുന്ന ഭൂശാസ്ത്രജ്ഞർക്ക് മാത്രമേ അതിനെന്തെങ്കിലും പേര് കൊടുക്കാനാകൂ. ഇന്നൊന്നും ചെയ്യാനാവില്ല. പേരില്ലാത്ത ഒരു തുരുത്തിന്റെ കയ്പൻജലത്തിലൂടെ നടക്കുകയല്ലാതെ.
ഗാസ, ലോകത്തിലെ ഏറ്റവും വലിയ ജയിൽ, ഇപ്പോൾ അറവുശാല ആയി മാറിയിരിക്കുന്നു. സ്ട്രിപ്പ് (നാട) എന്ന വാക്ക് (ഗാസാസ്ട്രിപ്പിൽനിന്നെടുത്ത) ഇപ്പോൾ രക്തത്തിൽ കുതിർന്നിരിക്കുന്നു. അറുപത്തഞ്ചുവർഷങ്ങൾക്കുമുമ്പ് ‘ഗെട്ടോ’ (ജൂതച്ചേരി) എന്ന വാക്കിന് സംഭവിച്ചപോലെ. രാത്രിയും പകലും വന്നുവീഴുന്ന ബോംബുകൾ, കുഴിബോംബുകൾ, ഫോസ്ഫറസ് ആയുധങ്ങൾ, പീരങ്കികൾ ആകാശത്തിൽനിന്നും കരയിൽനിന്നും കടലിൽനിന്നും ഒന്നരക്കോടി പൗരർക്കുമേൽ ഇസ്രയേലി സൈന്യം പൊഴിച്ചുകൊണ്ടിരിക്കുന്ന യന്ത്രത്തോക്കിന്റെ ചുറ്റുവെടികൾ. സ്ട്രിപ്പിലേക്കുള്ള പ്രവേശനം ഇസ്രയേലിനാൽ നിരോധിക്കപ്പെട്ടിട്ടുള്ള അന്താരാഷ്ട്ര പത്രപ്രവർത്തകരുടെ ഓരോ റിപ്പോർട്ടിലും സംഖ്യ കൂടിക്കൂടിവരുന്നു. എന്നിട്ടും ഒരേയൊരു ഇസ്രയേലി അത്യാഹിതത്തിലെ നിർണ്ണായകമായ സ്ഥിര സംഖ്യയ്‌ക്കെതിരെ നൂറുകണക്കിന് പലസ്തീൻ അത്യാഹിതങ്ങളുണ്ടായി. ഓരോന്നിലും പകുതിയോളം സ്ത്രീകളും കുഞ്ഞുങ്ങളുമായിരുന്നു. ഇതാണ് ഒരു കൂട്ടക്കൊലയെ നിർണ്ണയിക്കുന്നത്. മിക്ക വാസസ്ഥലത്തും വെള്ളമോ വെളിച്ചമോ ഇല്ല. ഡോക്ടർമാരുടെയും മരുന്നുകളുടെയും ജനറേറ്ററുകളുടെയും കുറവ് ആശുപത്രികളെ ബാധിക്കുന്നു. കൂട്ടക്കൊലയെത്തുടർന്ന് ഒരു ഉപരോധം കൊണ്ടുവരികയുണ്ടായി.
ലോകമെമ്പാടും ചില ശബ്ദങ്ങൾ പ്രതിഷേധമുയർത്തി. പക്ഷെ, പണക്കാരന്റെ ഭരണകൂടവും അവരുടെ ലോകമാധ്യമങ്ങളും അഭിമാനാർഹമായ അണ്വായുധശേഖരത്തോടു കൂടെ ഇസ്രയേലിന് വീണ്ടും ഉറപ്പുനൽകി. ഇസ്രയേലിന്റെ പട്ടാളക്കാർ കവാത്തുനടത്തുന്നുവോ എന്നു പരിശോധിക്കാൻ ഒരു അന്ധമായ കണ്ണ് മാത്രമേ അതിൻമേൽ പതിപ്പിക്കൂ എന്ന്.
”ഞങ്ങളുടെ ഉറക്കത്തിലേക്ക് തേങ്ങുന്ന ഒരു സ്ഥലം കടന്നുവരുന്നു” കുർദിഷ് കവി ബേജൻമാത്തൂർ എഴുതി. ”ഞങ്ങളുടെ ഉറക്കത്തിലേക്ക് തേങ്ങുന്ന ഒരു സ്ഥലം കടന്നുവരുന്നു. അതൊരിക്കലും വിട്ടുപോകുന്നില്ല.” ദേശപ്രക്ഷാളനം ചെയ്യപ്പെട്ട ഭൂമിയല്ലാതെ മറ്റൊന്നുമല്ല. അത്.
നാലുമാസം മുമ്പുള്ള റാമള്ളായിലേക്ക്, ഉപയോഗശൂന്യമായ, ഭൂമിക്കടിയിലെ ഒരു പാർക്കിംഗ് സ്ഥലം, ഒരു പണിശാലയാക്കി മാറ്റിയ ഒരുകൂട്ടം പാലസ്തീൻ ചിത്രകാരന്മാരുടെയും ശില്പികളുടെയും കൂട്ടത്തിലേക്ക്, ഞാൻ മടങ്ങട്ടെ. അവരിൽ റാൻസാ മ്ദാ എന്നുപേരുള്ള ഒരു പെൺശില്പിയുമുണ്ടായിരുന്നു. ‘പാവയരങ്ങ്’ എന്ന പേരിൽ അവർ സാക്ഷാത്കരിച്ച ഒരു പ്രതിഷ്ഠാപനം (installation) കാണുകയായിരുന്നു.
ഒരു മതിലിനെപ്പോലെ എഴുന്നുനിൽക്കുന്ന, മൂന്നു മീറ്റർ ഉയരവും രണ്ടുമീറ്റർ വീതിയുമുള്ള ഒരു ദ്വിമാന പ്രതലം ആ പ്രതിഷ്ഠാപനത്തിലുണ്ടായിരുന്നു. അതിനുമുന്നിൽ നിലത്ത് മൂന്നു പൂർണ്ണമായ ശില്പങ്ങളും. ദ്വിമാനപ്രതലത്തിൽ തോളുകളും മുഖങ്ങളും കൈകളും പോളിയെസ്റ്ററും ഫൈബർഗ്ലാസ്സും കളിമണ്ണും ഉപയോഗിച്ച് നിർമ്മിച്ചിട്ടുണ്ട്. അതിന്റെ ഉപരിതലത്തിൽ ചായം തേച്ചിരുന്നു. കടുത്ത പച്ചകൾ, തവിട്ട്, ചുവപ്പുകൾ. ഗിബർട്ടിയുടെ ‘ഡ്യൂമോ ഇൻ ഫിറൻസ്’ എന്ന പ്രതിഷ്ഠാപനത്തിലെ ഓട്ടുവാതിലുകളുടെ കനത്തോളം വരും ഈ ദ്വിമാന പ്രതലത്തിന്റെ കനവും. ഏതാണ്ട് അതേ കരവിരുതോടുകൂടിത്തന്നെയാണ് താത്ക്കാലികവും വക്രീകരിക്കപ്പെട്ടതുമായ കാഴ്ചപ്പാടുകൾ ഇവിടെയും അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. (ഞാനൊരിക്കലും കലാകാരി ഇത്ര ചെറുപ്പമാണ് എന്നു കരുതിയിരുന്നില്ല. അവൾക്ക് ഇരുപത്താറേ ആയിട്ടുള്ളൂ). ദ്വിമാന പ്രതലത്തിലെ വാതിലുകൾ അവയിലെ ആൾക്കൂട്ടംകൊണ്ടും അനുഷ്ഠാനപരമായ നിറങ്ങൾകൊണ്ടും വേലിപോലെ കാണപ്പെട്ടു. അരങ്ങിൽനിന്നും കാണികളെ നോക്കിക്കാണും പോലൊന്ന്.
തറയിൽ മൂന്ന് യഥാതഥ രൂപങ്ങളുണ്ട്. രണ്ടു സ്ത്രീകളും ഒരു പുരുഷനും. അവയും അതേ വസ്തുക്കൾ കൊണ്ടുതന്നെയാണ് നിർമ്മിച്ചിട്ടുള്ളത്. പക്ഷെ, മങ്ങിയ നിറത്തിൽ. ഒരെണ്ണം കാണികൾക്ക് കൈയ്യെത്തി തൊടാവുന്ന ദൂരത്തിൽ. അടുത്തത് രണ്ടു മീറ്റർ അകലത്തിൽ. അടുത്തതാകട്ടെ രണ്ടുമടങ്ങുകൂടി അകലത്തിൽ. അവരെല്ലാം അവരുടെ ദൈനംദിന വസ്ത്രങ്ങളിൽ, ആ രാവിലെ അണിയാൻ വേണ്ടി തെരഞ്ഞെടുത്ത വസ്ത്രങ്ങളിൽ. മേൽക്കൂരയിൽനിന്നും കൊളുത്തിയിട്ട മൂന്ന് തിരശ്ചീനമായ ദണ്ഡുകളിലേക്ക് ഈ ശരീരങ്ങളിൽനിന്നുള്ള ചരടുകൾ പിടിപ്പിച്ചിട്ടുണ്ട്. അവ പാവകളാണ്. ഇല്ലാത്ത അല്ലെങ്കിൽ അദൃശ്യരായ പാവകളിക്കാരുടെ നിയന്ത്രണ ദണ്ഡുകളാണ് അവ. ദ്വിമാനപ്രതലത്തിലെ രൂപസഞ്ചയം അവരുടെ കണ്ണിന് മുന്നിൽ കാണുന്ന എന്തിനെയോ നോക്കുംപോലെയാണ് നിൽക്കുന്നത്. അവർ കൈകൾ ചുരുട്ടിപ്പിടിച്ചിരിക്കുന്നു. അവരുടെ കൈകളാകട്ടെ കോഴിക്കൂട്ടം പോലിരിക്കുന്നു.
ഇടപെടാൻ മാത്രം ശക്തിയില്ല, അതിനാലാണ് അവർ മുഷ്ടി ചുരുട്ടിയിരിക്കുന്നത്. ദ്വിമാന പ്രതലത്തിൽ രൂപം കൊടുത്തിരിക്കുന്നതിനാൽ അവയ്ക്ക് ത്രിമാനസ്വഭാവമില്ല. യഥാതഥമായ വസ്തുനിഷ്ഠലോകത്തിലേക്ക് ഇറങ്ങിച്ചെല്ലാനോ ഇടപെടാനോ അവയ്ക്കാവില്ല. അവരിൽ ചിലർ വസ്തുസ്ഥിതികഥനം നടത്തുന്നവരെപ്പോലെ തോന്നിപ്പിക്കുന്നു. ചിലർ മാലാഖമാരെപ്പോലെ, മറ്റു ചിലർ ഭരണകൂട വക്താക്കളെപ്പോലെ. ചിലർ രാഷ്ട്രത്തലവന്മാരെപ്പോലെ. ചിലർ സുഹൃത്തുക്കളെപ്പോലെ. എല്ലാവരും ഷണ്ഡത്വത്തെ പ്രകാശിപ്പിക്കുന്നു. ഒറ്റയ്‌ക്കൊറ്റയ്ക്കും കൂട്ടായും. ചുരുട്ടിയ കൈകൾക്കപ്പുറം അവർ നിശ്ശബ്ദതയെ പ്രതിനിധീകരിക്കുന്നു.
അദൃശ്യരായ പാവകളിക്കാരന്റെ ചരടുകളുമായി ബന്ധിക്കപ്പെട്ടിരിക്കുന്ന മൂന്നു കിതയ്ക്കുന്ന രൂപങ്ങളാകട്ടെ ഭൂമിയിലേക്ക് വലിച്ചെറിയപ്പെടുന്നു. തല താഴെയും കാൽ മുകളിലുമായി. വീണ്ടും വീണ്ടും. അവരുടെ തല പൊളിയുംവരെ. അവരുടെ കൈകളും ശരീരങ്ങളും മുഖങ്ങളും വേദനയാൽ ഇളകിമറിയുംവരെ. അവ ഒരിക്കലും അവയുടെ ലക്ഷ്യത്തിൽ എത്തുന്നില്ല. അവയുടെ കാലുകളിൽ നിങ്ങൾക്കതു കാണാം. വീണ്ടും വീണ്ടും.
ദ്വിമാനപ്രതലത്തിലെ ഷണ്ഡന്മാരായ കാണികൾക്കും നിലത്തുവീണുരുളുന്ന ഇരകൾക്കുമിടയിലൂടെ എനിക്ക് നടന്നുപോകാമായിരുന്നു. പക്ഷെ, ഞാനത് ചെയ്തില്ല. അപൂർവ്വമായി മാത്രം കാണപ്പെടുന്ന ഒരു ശക്തി ഈ കലാസൃഷ്ടിയിലുണ്ട്. അത് നിൽക്കുന്ന അതേനിലത്തെ അത് അവകാശപ്പെടുന്നു. അയഥാർത്ഥ കാണികളുടെയും വേദനിക്കുന്ന ഇരകളുടെയും ഇടയ്ക്കുള്ള കൊലക്കളത്തെ അത് വിശുദ്ധമാക്കിയിരിക്കുന്നു. പാർക്കിങ്ങ് സ്ഥലത്തിന്റെ നിലത്തെ അത് ഏതോ തരത്തിൽ ‘ദേശപ്രക്ഷാളന’മാക്കി മാറ്റിയിരിക്കുന്നു.
മറക്കാൻ കഴിയാത്ത ആ കലാസൃഷ്ടി ഗാസാ സ്ട്രിപ്പിനെ പ്രവചിച്ചു.
അൽ റബ്‌വേയിലെ കുന്നിലെ, മഹ്‌മൂദ് ദാർവിഷിന്റെ ശവകുടീരം, പാലസ്തീൻ അധികൃതരുടെ തീരുമാനപ്രകാരം ഇപ്പോൾ വേലികെട്ടിത്തിരിച്ച്, മുകളിൽ ഒരു ഗ്ലാസ്സ് പിരമിഡോടുകൂടിയ ഒന്നാണ്. അദ്ദേഹത്തിനടുത്തേക്ക് നുഴഞ്ഞുകയറാൻ ഇനി സാധ്യമല്ല. അദ്ദേഹത്തിന്റെ ശബ്ദം പക്ഷേ നമ്മുടെ ചെവികൾക്ക് കേൾക്കാം. അത് ചെവിയിൽ നിലനിൽക്കുന്നു. അതിനാൽ നമുക്കവയെ ആവർത്തിക്കാം.
അഗ്നിപർവ്വതങ്ങളുടെ ഭൂശാസ്ത്രത്തിൽ
എനിക്ക് പ്രവർത്തിക്കേണ്ടിവന്നു.
ഒറ്റപ്പെടലിൽനിന്നും തകർച്ചയിലേക്ക്
ഹിരോഷിമകളുടെ സമയം മുതൽ.
എനിക്കിപ്പോഴും തിട്ടമില്ലാത്ത
അത്തരമൊരു കാമത്തോടുകൂടി
ഞാൻ ജീവിച്ചിട്ടില്ല എന്ന വിധം.
ഒരുപക്ഷേ, ഇന്ന് ദൂരെപ്പോയിരിക്കുന്നു.
ഇന്നലെ കൂടുതൽ അടുത്ത് വന്നിരിക്കുന്നു.
അതിനാൽ ഇന്നിന്റെ കൈപിടിച്ച്
ഞാൻ ചരിത്രത്തിന്റെ അതിർത്തിലേക്ക് നടന്നു.
ചാക്രികകാലത്തെ ഒഴിവാക്കാൻ.
അതിന്റെ മലയാടുകളുടെ ചിതറലുകൾക്കൊപ്പം.
എങ്ങനെയാണ് നാളെയെ രക്ഷിക്കുക ?
ആണവസമയത്തിന്റെ പ്രവേഗത്തിൽ
അല്ലെങ്കിൽ
എന്റെയീ മരുഭൂവാഹനത്തിന്റെ സാവകാശത്തിൽ
ഞാനെന്റെ അവസാനംവരെ പണിയെടുക്കും.
നാളെയെ കാണേണ്ടാത്തവിധം
ഇവിടെയില്ലാത്ത ഇന്നിനുവേണ്ടി ഞാൻ പണിയെടുക്കും.
അതിനാൽ
എന്റെ ഹൃദയത്തിന്റെ ഉറുമ്പുമിടിപ്പ്
പതുക്കെപ്പതുക്കെ
കേൾക്കുക.
—- —–
വിവ: പി എന്‍ ഗോപീകൃഷ്ണന്‍
No Comments yet!