“നഷ്ടത്തിന്റെ ഭാവഗീതാത്മകതയെ എന്നെന്നും നീട്ടിവയ്ക്കപ്പെടുന്ന
മടങ്ങിവരവിന്റെ നാടകീയതയായി പരിവർത്തിപ്പിക്കാനുള്ള
ഐതിഹാസികമായ ശ്രമമാണ് മഹ്‌മൂദ് ദാർവിഷിന്റെ കവിത”
എഡ്‌വാർഡ് സെയ്ദ്.
മഹ്‌മൂദ് ദാർവിഷും അഡോണിസുമാണ് മലയാളികൾക്ക് ഏറ്റവും പരിചയമുള്ള അറബ് കവികൾ. അവസാനത്തെ ആകാശത്തിനപ്പുറം, പക്ഷികൾ എവിടേയ്ക്കാണ് പറക്കുക? അവസാനത്തെ അതിർത്തിക്കുശേഷം ഞങ്ങൾ എങ്ങോട്ടാണ് പോകുക? എന്ന വരികൾ മനുഷ്യാവകാശവും നീതിയും എങ്ങനെ ഒരു സൗന്ദര്യശാസ്ത്രമായി മാറുന്നു എന്നതിന് ഉദാഹരണമായാണ് നമ്മൾ വായിച്ചത്. പ്രവാസം എന്നത് ഇരുപതാംനൂറ്റാണ്ടിന്റെ സാഹിത്യത്തെ നിയന്ത്രിച്ച ഒരു വലിയ പ്രമേയമാണ്. കുന്ദേര, സോൾഷെനിത് സെൻ, ബ്രോഡ്‌സ്‌കി, മരീന സ്വതയേവ, പാബ്ലോ നെരൂദ തുടങ്ങി ഇരുപതാം നൂറ്റാണ്ടിന്റെ ഐതിഹാസിക സാഹിത്യരൂപങ്ങളൊക്കെ പ്രവാസാനുഭവത്തിലൂടെ കടന്നുപോയവരാണ്. പ്രത്യേകിച്ചും യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും. അതാതിടത്തെ ഭരണകൂടങ്ങളോട് രാഷ്ട്രീയമായ അഭിപ്രായവ്യത്യാസം വച്ചു പുലർത്തിയതിനാലാണ്, മിക്കവാറും അവർ പ്രവാസത്തിലേക്ക് വലിച്ചെറിയപ്പെട്ടത്. പക്ഷെ, മഹ്‌മൂദ് ദാർവിഷിന്റെ പ്രവാസം അത്തരത്തിലുള്ളതായിരിക്കില്ല. സ്വന്തം ജനതയ്‌ക്കൊപ്പമാണ് അദ്ദേഹം പ്രവാസത്തിലേർപ്പെട്ടത്. പാലസ്തീൻ എന്ന രാജ്യവും ജനതയും അപ്പാടെ പ്രവാസത്തിലേക്ക് വലിച്ചെറിയപ്പെടുകയായിരുന്നു. അതിനാൽ ദാർവിഷിന് പ്രവാസം ഒരു രാജ്യം തന്നെയായിരുന്നു.
ദാർവിഷിന്റെ കവിതകളിലെ ചരിത്രധ്വനികൾ അതിനാൽത്തന്നെ കണ്ണിചേർക്കപ്പെടുന്നത് പഴയനിയമം മുതലുള്ള അലച്ചിലിന്റെ സാഹിത്യവുമായാണ്. വാഗ്ദത്തദേശം തേടിയുള്ള യാത്രകൾ. പുറത്താക്കപ്പെടലുകൾ. കാണാതാകലുകൾ. കൂടിച്ചേരലുകൾ. വലിയ നാടകീയതകളുടെ ഒരു ധാര ഇത്തരം സാഹിത്യത്തിൽ കാണാം. പൊടിയുടെയും മരുഭൂമിയുടെയും ഭാവനയാണ് അത്തരം കവിതകൾ. വെള്ളം അതിൽ വെറും വെള്ളമല്ല. ജീവന്റെ പ്രത്യാശയാണ്. നാട് വെറും നാടല്ല. തങ്ങളുടെ എല്ലാ സ്മൃതികളും കുഴിച്ചിടപ്പെട്ട ഇടമാണ്. പുരാതനമായ പറമ്പുകളുടെ ആഴത്തിൽനിന്നും സ്വർണ്ണക്കട്ടികൾ ഉയർന്നുവരും പോലെ ഖനനം കാത്ത് ഓർമ്മകൾ പാലസ്തീന്റെ മണ്ണിനടിയിൽ കഴിയുന്നു.
പ്രണയമാണ് മഹ്‌മൂദ് ദാർവിഷിന്റെ കവിതകളുടെ ഒരു അടിയൊഴുക്ക്. പാലസ്തീൻ – ഇസ്രായേൽ ദ്വന്ദ്വങ്ങൾ സമകാലിക രാഷ്ട്രീയ വ്യവഹാരത്തിൽ ശത്രുതയുടെ നിതാന്ത പ്രതിനിധാനങ്ങളാണെങ്കിലും അവിടുത്തെ എഴുത്തുകാർ പലതും പങ്കുവയ്ക്കുന്നുണ്ട്. ഇസ്രായേലി കവിയായ യഹൂദി അമിച്ചായുടെ കവിതകൾ ഓർക്കുക. ഏതാണ്ട് അമിച്ചായുടെ കവിതകളും ദർവീഷിന്റെ കവിതകളും ആദ്യമായി മലയാളത്തിൽ തർജ്ജമ ചെയ്യപ്പെടുന്നത് എൺപതുകളിലാണ്. യുദ്ധക്കളങ്ങളിൽനിന്ന് ആവാഹിച്ചെടുത്ത പ്രേമത്തിന്റെ തീവ്രത ഈ രണ്ടു കവികളിലും കാണാം. അത് മാംസനിബദ്ധമല്ലാത്ത പ്രണയമല്ല. ആസക്തമായ ഒന്നാണത്. രാജ്യമില്ലാത്ത ഒരുവന്റെ രാജ്യം ശരീരങ്ങളിലാണ് എന്നുതോന്നും ദർവീഷിന്റെ കവിതകളിലെ പ്രണയം വായിക്കുമ്പോൾ. ഓരോ ശരീരത്തിലും അയാൾ സ്വന്തം നാടിനെ തിരയും പോലെ. അല്ലെങ്കിൽ ദേശീയത എന്നത് ഒരിക്കലും അയാളിൽ അമൂർത്തസങ്കല്പമല്ല. അത് എപ്പോഴും മുഖവും ശരീരവുമുള്ള മനുഷ്യസഞ്ചയമാണ്. ആ മനുഷ്യസഞ്ചയത്തെ തമ്മിൽ ചേർക്കുന്നതാകട്ടെ സ്‌നേഹമായിത്തന്നെ പരിണമിച്ച ദേശീയതയും. അങ്ങനെ മറ്റ് സ്വതന്ത്ര റിപ്പബ്ലിക്കുകളിൽ നയതന്ത്ര വ്യവഹാരം മാത്രമായി അഥവാ ചില പൊടിക്കൈകൾ മാത്രമായി ഉപയോഗിക്കപ്പെടുന്ന ദേശീയത, രാജ്യം, ജനത തുടങ്ങിയ പദങ്ങൾ മഹ്‌മൂദ് ദാർവീഷിൽ അടിസ്ഥാന മനുഷ്യവികാരങ്ങളാകുന്നു. എന്നാൽ ഈ വികാരങ്ങളാകട്ടെ നഷ്ടത്തിന്റെ ഒരു ഭൂമിയിലാണ് വിളയുന്നത്. അതുകൊണ്ട് നമുക്ക് പരിചിതമായ ഭാവഗീതാത്മകതയോ യൂറോപ്യൻ ആധുനികതയോ വച്ച് ഈ കവിതയെ അളക്കാനാവില്ല. അതിന് ഒരു കിഴക്കൻ സ്വരമുണ്ട്. എന്നാൽ ആ ആസ്വരം ആദർശവല്കരണത്തിന്റേതല്ല. പുതിയ കാലത്തെ നേരിടാൻ തയ്യാറുള്ള ഒന്നാണത്.
1942 മുതൽ 2008 വരെയായിരുന്നു ദാർവീഷിന്റെ ജീവിതകാലം. ഒരിടത്തുനിന്നും മറ്റൊരിടത്തേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതിനിടയിൽ അയാൾ എഴുതിക്കൊണ്ടേയിരുന്നു. കവിതയിലും ഗദ്യത്തിലുമായി
മുപ്പതോളം പുസ്തകങ്ങൾ പ്രകാശിപ്പിച്ചു. ലെനിൻ സമാധാന സമ്മാനവും ലെനിന്‍ സ്മാരക പുരസ്‌കാരവുമടക്കം നിരവധി പുരസ്‌കാരങ്ങൾ നേടി. പാലസ്തീന്റെ ദേശീയകവിയായി. യാസർ അറഫാത്തിന്റെ പ്രവാസ ഗവൺമെന്റിൽ ഔദ്യോഗിക ചുമതല വഹിച്ചു. അവസാനം റാമള്ളായിൽ അടക്കം ചെയ്യപ്പെട്ടു. ഗൊദാർദിന്റെ പ്രസിദ്ധ ചലച്ചിത്രം മൈ മ്യൂസിക്കിൽ മഹ്‌മൂദ് ദാർവിഷ് പ്രത്യക്ഷപ്പെടുന്നുണ്ട്. മഹ്‌മൂദ് ദാർവിഷായിത്തന്നെ. അദ്ദേഹത്തിന്റെ അവസാന കവിതയായ പകിടകളിക്കാരന്റെ തർജ്ജമയാണിത്. മരിക്കുന്നതിന് ഒരു മാസം മുമ്പ് റാമള്ളായിൽ അദ്ദേഹം വായിച്ച കവിത. ഒരുപക്ഷേ ആത്മകഥാപരം. പാലസ്തീൻ പോലൊരു സ്ഥലത്ത് യാദൃശ്ചികത എന്നത് അതിഭൗതികമായ ഭാഗ്യത്തേക്കാൾ ഭൗതിക ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒന്നാണ് എന്ന് ഈ കവിത പറഞ്ഞുതരുന്നു. അത്തരം ഇടത്ത് എങ്ങനെയാണ് പർവ്വതങ്ങൾക്കും നദികൾക്കും ഉള്ള പോലെത്തന്നെയുള്ള ഒരു സത്ത വാക്കുകൾക്ക് ലഭിക്കുന്നതെന്നും.
ഈ തർജ്ജമയിലേക്ക് എന്നെ പ്രചോദിപ്പിച്ചത് മസ്‌കറ്റിലെ പ്രവർത്തകരാണ്. ഗഫൂർക്കയ്ക്കും സുനിൽ സലാമിനും മറ്റുള്ളവർക്കും നന്ദി. റെമാ ഹമ്മാമിയും ജോൺ ബെർജറും കൂടി തർജ്ജമ ചെയ്ത മ്യൂറൽ എന്ന ഇംഗ്ലീഷ് സമാഹാരത്തെ അടിസ്ഥാനപ്പെടുത്തിയാണ് തർജ്ജമ നടത്തിയിട്ടുള്ളത്. ഈ സമാഹാരത്തിന്റെ മുഖവുരയും; ജോൺ ബെർജർ എഴുതിയത്; തർജ്ജമ ചെയ്ത് ഈ കവിതയ്‌ക്കൊപ്പം ചേർക്കുന്നു. ശ്രീ.പി.എസ്. ഉണ്ണികൃഷ്ണനാണ് ഈ കവിതാസമാഹാരം എന്നിലെത്തിച്ചത്. അദ്ദേഹത്തിനും നന്ദി.
“സ്വദേശമേ, ഞാൻ നിന്നെ
പച്ചയായി, പച്ചയായി സ്‌നേഹിക്കുന്നു.
വെള്ളത്തിലും പ്രകാശത്തിലും നൃത്തംചെയ്യുന്ന ഒരാപ്പിൾപച്ച.
നിന്റെ രാത്രി പച്ച, ഉദയം പച്ച.
അതിനാൽ
ഒരമ്മയുടെ തരളമായ കൈകൊണ്ട്
എന്നെ നട്ടുപിടിപ്പിക്കൂ. “
പകിടകളിക്കാരന്‍
ഞാനെന്താണ് പറയുന്നതെന്ന്
നിങ്ങളോട് പറയാൻ ഞാനാര്?
ജലത്താൽ കഴുകപ്പെട്ട ഒരു കല്ലല്ലാതിരുന്നതിനാൽ
ഞാനൊരു മുഖമായി.
കാറ്റിനാൽ കീറപ്പെട്ട മുളന്തണ്ടല്ലാതിരുന്നതിനാൽ
ഞാനൊരു ഓടക്കുഴലായി.
പകിട വീഴുന്ന വഴിയാണ് ഞാൻ.
ഇടയ്ക്ക് ജയിക്കുന്നു. ഇടയ്ക്ക് തോൽക്കുന്നു.
ഞാൻ നിങ്ങളെപ്പോലെ.
ഒരുപക്ഷെ, അതിലും കുറഞ്ഞത്…
ഞാനൊരു ജലസങ്കേതത്തിനടുത്ത് ജനിച്ചു.
മൂന്നു മരങ്ങൾ കന്യാസ്ത്രീകളെപ്പോലെ നിൽക്കുന്നിടത്ത്.
ആഘോഷമോ പേറെടുപ്പുകാരിയോ ഇല്ലാതെ.
വളരെ യാദൃശ്ചികമായി
ഒരു കുടുംബത്തിലെ അംഗമായി.
അതിന്റെ ഛായകളുടെ, വിഡ്ഢിത്തങ്ങളുടെ,
രോഗങ്ങളുടെ, പാരമ്പര്യം ഏറ്റെടുത്തു.
ഒന്ന്: കനം കുറഞ്ഞ ഹൃദയക്കുഴലുകളും ഉയർന്ന രക്തസമ്മർദ്ദവും.
രണ്ട്: അമ്മയോട്, അച്ഛനോട്, അമ്മൂമ്മയോട്
– അല്ലെങ്കിൽ ഒരു മരത്തോട് സംസാരിക്കുമ്പോഴുള്ള നാണം.
മൂന്ന്: ചൂടുള്ള ഒരു കപ്പ് ചുക്കുകാപ്പിക്ക് പനി ഒഴിവാക്കാനാകും എന്ന വിശ്വാസം.
നാല്: ഗസലുകളെപ്പറ്റിയും വാനമ്പാടികളെക്കുറിച്ചും സംസാരിക്കാനുള്ള വിമുഖത.
അഞ്ച്: ശീതരാവുകളിൽ തനിയെ വൈരസ്യമനുഭവിക്കുന്ന പ്രവണത.
ആറ്: പാടാനുള്ള പരിഹാസ്യമായ കഴിവില്ലായ്മ.
ഞാനാരായിരുന്നു എന്നത് പറയാനാവില്ല.
യാദൃശ്ചികമായി ഞാനൊരു ആണായ് മാറി.
ചെറുനാരങ്ങ പോലെ പേലവമായ
തകിടം മറിഞ്ഞ ചന്ദ്രൻ
രാത്രിയിൽ തിരക്കിടുന്നത്
യാദൃശ്ചികമായ് ഞാൻ കണ്ടുപിടിച്ചു.
അതുപോലെ
എന്റെ കാലുകൾ സന്ധിക്കുന്നിടത്തെ അഗാധമായ അറയിൽ
എളുപ്പത്തിൽ ഒരു മാംസപിണ്ഡം കണ്ടെത്താമെന്നും.
അത് സാധ്യമാണ്.
ഞാനുണ്ടായിരുന്നില്ലെങ്കിൽ
അച്ഛൻ ഉണ്ടായിരുന്നില്ലെങ്കിൽ
അദ്ദേഹത്തിന് എന്റെ അമ്മയെ
വിവാഹം കഴിക്കാനായിരുന്നില്ലെങ്കിൽ
ഒരുപക്ഷേ
ഞാനെന്റെ സഹോദരിയെപ്പോലെ ആയേനെ.
അവൾ കരഞ്ഞു, പിന്നെ മരിച്ചു, ഒരിക്കലും അതറിഞ്ഞില്ല.
കാരണം,
ഒരു മണിക്കൂർ മാത്രമേ അവൾ ജീവിച്ചിരുന്നുള്ളൂ.
അവളുടെ അമ്മ ആരെന്നറിയാതെ.
ആരോ പറഞ്ഞ പോലെ
:കുഞ്ഞ് അതിന്റെ തൊണ്ട് കൊത്തിയുടയ്ക്കും മുമ്പ്
ഉടഞ്ഞുപോയ പ്രാമുട്ട പോലെ.
ഞാൻ യാദൃശ്ചികമായി സംഭവിച്ചു.
ഞാൻ, ബസ്സപകടത്തെ അതിജീവിച്ചവൻ.
കാരണം,
ഞാൻ പള്ളിക്കൂടത്തിലേക്ക് വൈകി.
ഇവിടെ, ഇപ്പോൾ എന്ന് മറന്ന്.
രാത്രിയിൽ ഒരു പ്രേമകഥ വായിച്ച്
കഥ പറച്ചിലുകാരനിലും പ്രേമത്തിന്റെ ഇരയിലും
എന്നെത്തന്നെ നഷ്ടപ്പെടുത്തി.
ഞാൻ, കഥയിലെ തീവ്രതയുടെ രക്തസാക്ഷിയായി.
ബസ്സപകടം അതിജീവിച്ചവനും!
കടലിനോട് തമാശ പറഞ്ഞു നിൽക്കുന്ന എന്നെ
ഞാനൊരിക്കലും കണ്ടിട്ടില്ല.
പക്ഷെ, ഞാനൊരു അശ്രദ്ധയാർന്ന കുട്ടിയായിരുന്നു.
തിരകളിൽ അലയുക എന്റെ വിനോദമായിരുന്നു.
എന്നിലേയ്ക്കു വരൂ: എന്നവർ പാടിക്കൊണ്ടിരിക്കുമ്പോൾ
കടലിൽനിന്നും സ്വയം രക്ഷപ്പെടുന്ന എന്നെ
ഞാനൊരിക്കലും കണ്ടിട്ടില്ല.
കളിമ്പമാർന്ന തിരകൾ എന്റെ കൈ
തളർത്തുന്നത് കണ്ട
കടൽപ്പക്ഷിയാൽ ഞാൻ രക്ഷപ്പെട്ടു.
അത് സാധ്യമാണ്.
വീടിന്റെ വാതിൽ വടക്കോട്ടായിരുന്നെങ്കിൽ
‘ഫാഹിലി മൗലക്കാത്തി’1ന്റെ ഭ്രാന്തിൽ ഞാനൊരിക്കലും തറയുമായിരുന്നില്ല.
അത് കടലിനെ നോക്കാതിരുന്നെങ്കിലും.
റോന്തു ചുറ്റുന്ന പട്ടാളക്കാർ
അപ്പം ചുടുന്ന ഗ്രാമീണരുടെ തീ
ആ രാത്രിയിൽ കാണാതിരുന്നെങ്കിൽ
ബാരിക്കേഡുകൾ വീണ്ടും വീണ്ടും പണിതുയർത്താൻ
15 രക്തസാക്ഷികൾക്കാവുമായിരുന്നെങ്കിൽ
ആ ഗ്രാമപ്രദേശം മാഞ്ഞുപോകാതിരുന്നെങ്കിൽ
ഒരുപക്ഷേ, ഞാനൊരു ഒലീവ്മരമായിത്തീർന്നേനെ.
അല്ലെങ്കിൽ ഒരു ഭൂമിശാസ്ത്രാധ്യാപകൻ.
അല്ലെങ്കിൽ ഒരു ഉറുമ്പുവിദഗ്ദ്ധൻ.
അതുമല്ലെങ്കിൽ
ഒരു പ്രതിധ്വനിയുടെ രക്ഷകർത്താവ്!
പള്ളിയുടെ വാതിലിൽ
ഞാനെന്താണ് പറയുന്നതെന്ന്
നിങ്ങളോട് പറയാൻ ഞാനാര്?
വേട്ടക്കാരനും ഇരയ്ക്കുമിടയിൽ കൂപ്പുകുത്തുന്ന
പകിടയുടെ വീഴ്ചയല്ലാതെ ഞാൻ മറ്റൊന്നുമല്ല.
നിലാവുള്ള രാത്രികളിൽ സന്തോഷങ്ങളെ മറയ്ക്കുന്ന
തെളിമ തേടുന്നു.
ഒപ്പം കൂട്ടക്കൊലയ്ക്ക് സാക്ഷിയാകാൻ നിർബന്ധിതനാവുകയും.
യാദൃശ്ചികമായാണ്
ഞാൻ രക്ഷപ്പെട്ടത്
ഞാൻ ഒരു സൈനിക ലക്ഷ്യത്തേക്കാൾ ചെറുതും
വേലിയ്ക്കും പൂക്കൾക്കുമിടയിൽ പാറുന്ന തേനീച്ചയെക്കാൾ
വലുതുമായിരുന്നു.
എന്റെ സഹോദരങ്ങളെയും പിതാവിനെയും ചൊല്ലി
ഞാനൊരുപാട് പേടിച്ചു.
ചില്ലുകൊണ്ടു നിർമ്മിച്ച ഒരു നേരത്തെച്ചൊല്ലി
പേടിച്ചു.
എന്റെ പൂച്ചയെയും മുയലിനെയും ചൊല്ലി പേടിച്ചു.
പള്ളിയുടെ ഉയർന്ന മിനാരത്തിനു മീതെയുള്ള
മാന്ത്രികച്ചന്ദ്രനെച്ചൊല്ലിപേടിച്ചു.
ഞങ്ങളുടെ പട്ടിയുടെ അകിടിനെപ്പോലെ
വള്ളികളിൽ ചാഞ്ചാടുന്ന
മുന്തിരിക്കുലകളെച്ചൊല്ലിപേടിച്ചു.
ഭയം എന്നിൽ നടന്നു, ഞാനതിലും.
നഗ്നപാദനായി.
എന്റെ കൊച്ചുകൊച്ചോർമ്മകളെ മറന്ന്
നാളെയിൽനിന്ന് എനിക്ക് വേണ്ടതെന്ന് മറന്ന്.
– നാളേയ്ക്കുവേണ്ടി സമയമില്ല –
ഞാൻ നടക്കുന്നു, ഇഴയുന്നു, ഓടുന്നു, കയറുന്നു, ഇറങ്ങുന്നു, നിലവിളിക്കുന്നു, കുരയ്ക്കുന്നു, ഓളിയിടുന്നു, അലറിവിളിക്കുന്നു, എങ്ങലടിക്കുന്നു, വേഗം കൂട്ടുന്നു, പതുക്കെയാകുന്നു, പ്രേമിക്കുന്നു, കനം കുറയുന്നു, വരളുന്നു, മാർച്ചുചെയ്യുന്നു, പറക്കുന്നു, കാണുന്നു, കാണുന്നില്ല, മുടന്തുന്നു, മഞ്ഞയ്ക്കുന്നു, പച്ചയ്ക്കുന്നു, നീലയ്ക്കുന്നു, കിതയ്ക്കുന്നു, തേങ്ങുന്നു, ദാഹിക്കുന്നു, ക്ഷീണിക്കുന്നു, പൊരുതുന്നു, വീഴുന്നു, എണീയ്ക്കുന്നു, ഓടുന്നു, മറക്കുന്നു, കാണുന്നു, കാണാതിരിക്കുന്നു, ഓർക്കുന്നു, കേൾക്കുന്നു, നോക്കുന്നു, അത്ഭുതപ്പെടുന്നു, ഇല്ലാത്തത് കാണുന്നു, വിക്കുന്നു, എനിക്ക് പറ്റില്ലെന്ന് നിലവിളിക്കുന്നു, ഏങ്ങലടിക്കുന്നു, ഭ്രാന്തു പിടിക്കുന്നു, അത് കുറയുന്നു, കൂടുന്നു, വീഴുന്നു, എണീയ്ക്കുന്നു, തകർന്നടിയുന്നു, ചോരയൊലിയ്ക്കുന്നു, മോഹാലസ്യപ്പെടുന്നു.
ഭാഗ്യത്തിന്റെ അഭാവം
കൂടിച്ചേർന്ന യാദൃശ്ചികതയാൽ
ഞങ്ങൾ പട്ടാളക്കാർ രക്ഷപ്പെട്ടു.
എന്റെ ജീവിതത്തിൽ
എനിക്ക് മറ്റൊന്നും പറയാനില്ല.
ഞാൻ ആകുന്നു എന്നല്ലാതെ.
ജീവിതം അതിന്റെ കീർത്തനങ്ങൾ
എന്നെ പഠിപ്പിക്കുമ്പോൾ
ഞാൻ ചോദിച്ചു: ഇനിയും കൂടുതൽ?
അതിനാൽ ഞാനതിന്റെ വിളക്കു കത്തിച്ചു.
അതെന്നോട് കടപ്പെട്ടതാകാൻ പരിശ്രമിച്ചു.
ഞാൻ ഒരു കുരുവിയാകുമായിരുന്നില്ല.
കാറ്റ് അങ്ങനെ ആഗ്രഹിച്ചിരുന്നെങ്കിൽപ്പോലും
കാറ്റിന് ഒരു യാത്രികനെ കിട്ടാനുള്ള ഭാഗ്യമുണ്ടായി.
ഞാൻ വടക്കോട്ടുപോയി, കിഴക്കോട്ടും പടിഞ്ഞാട്ടും.
പക്ഷെ, തെക്ക് ദൂരെയും
തുളച്ചുകടക്കാൻ പറ്റാത്തതുമായിരുന്നു.
കാരണം, തെക്കായിരുന്നു എന്റെ വീട്.
അതിനാൽ ഞാൻ തകർച്ചകൾക്കു മുകളിൽ
പാറുന്ന ഒരു കുരുവിയുടെ രൂപകമായി.
വസന്തത്തിലും ശിശിരത്തിലും
തടാകത്തിനു മുകളിലെ മേഘങ്ങളിൽ
ചിറകുവിരുത്താൻ ശ്രമിച്ചു.
എന്റെ സംരക്ഷകന് ആശംസകൾ ചിതറി.
അദ്ദേഹം മരിക്കില്ല.
കാരണം, അദ്ദേഹത്തിന് ദൈവത്തിന്റെ ആത്മാവായിരുന്നു.
ദൈവമോ, പ്രവാചകന്റെ ഭാഗ്യവും
ഭാഗ്യവശാൽ
ദൈവികങ്ങൾക്ക് തൊട്ടരികിൽ ഞാൻ ജീവിക്കുന്നു.
നിർഭാഗ്യവശാൽ
നാളെയിലേക്കുള്ള ഞങ്ങളുടെ ഒരേ ഒരു ഗോവണി, കുരിശുമാത്രം.
ഞാനെന്താണ് പറയുന്നതെന്ന്
നിങ്ങളോട് പറയാൻ
ഞാനാര്?
പ്രചോദനം വന്നെത്താതിരിക്കുക
എന്നത് സാധ്യമാണ്.
പ്രചോദനം ഏകാകിയുടെ ഭാഗ്യം മാത്രം.
ഇരുട്ടിന്റെ പലകമേലുള്ള
ഒരു പകിടയേറാണ് ഇക്കവിത.
അത് തിളങ്ങുന്നു, തിളങ്ങുന്നില്ല.
മണലിലേക്ക് തൂവലുകൾ എന്നപോലെ
വാക്കുകൾ കൊഴിയുന്നു.
ഞാനാണ് ഈ കവിത എഴുതിയത് എന്നു ഞാൻ വിചാരിക്കുന്നില്ല.
ഞാനതിന്റെ താളം അനുസരിച്ചു എന്നുമാത്രം.
ഓരോന്നും തൊട്ടടുത്തിനെ സ്വാധീനിക്കുന്ന
വികാരങ്ങളുടെ ഒഴുക്ക്.
ഉൾക്കാഴ്ച നൽകുന്ന അർത്ഥം.
മുഴങ്ങുന്ന വാക്കുകളുടെ അതീതത്വം.
ആരുടെയും സഹായം കൂടാതെ
എന്നിൽനിന്നെടുത്ത് മറ്റൊന്നിനു കൊടുക്കുന്ന
എന്റെതന്നെ പ്രതിബിംബം.
ഉറവിനുവേണ്ടിയുള്ള എന്റെ കാത്തിരിപ്പ്.
പ്രചോദനം ഇല്ലാതാകുമ്പോൾ ഒഴികെ
ഞാനാണ് ഇക്കവിത എഴുതിയതെന്ന് ഞാൻ വിചാരിക്കുന്നില്ല.
പ്രചോദനമോ, തങ്ങൾ തങ്ങളിൽത്തന്നെ പ്രയോഗിക്കുമ്പോൾ
നിപുണർക്ക് കിട്ടുന്ന ഭാഗ്യം.
സിനിമാകൊട്ടകയിലേക്കുള്ള വഴിയിൽ
:സമയമെന്തായി, എന്നെന്നോട് ചോദിച്ച
പെൺകുട്ടിയെ പ്രേമിക്കുകയാണ്
ഒരേ ഒരു സാധ്യത.
അവൾ ഒരു മിശ്രവർഗ്ഗക്കാരിയായാൽ മാത്രമേ
അത് സാധ്യമാകൂ.
അല്ലെങ്കിൽ
മാഞ്ഞുപോകുന്ന അത്ഭുതമോ ഇരുട്ടോ ആകണം.
ഇങ്ങനെയാണ് വാക്കുകൾ ഇരട്ടിക്കുക.
ഞാനെന്റെ ഹൃദയത്തെ പ്രണയത്തിലേക്ക് പ്രേരിപ്പിച്ചു.
അതിനാൽ
പൂക്കൾക്കും മുള്ളുകൾക്കുംവേണ്ടി
അതിൽ മുറികളുണ്ടായി.
എന്റെ പദാവലികൾ നിഗൂഢം.
എന്റെ ആർത്തികൾ മാംസനിബദ്ധം.
രണ്ടുപേരുടെ സംഗമമില്ലെങ്കിൽ
ഞാൻ ഞാനല്ല.
എന്റെയും എന്റെ പെൺഭാവത്തിന്റെയും.
പ്രേമമേ നീയെന്ത്?
നീയെത്ര? നീ നീയല്ലേ?
പ്രേമമേ, ഞങ്ങൾക്കുമുകളിൽ കൊടുങ്കാറ്റുപോലുള്ള
ഭ്രാന്തമേ,
അതിനാൽ
സ്വന്തം ശരീരത്തിൽ നിനക്ക് കണ്ടെത്തേണ്ട
ദൈവികതകൾ മാത്രം ഞാൻ കണ്ടെത്തി.
ബാക്കി ഒഴുക്കിക്കളഞ്ഞു.
നിനക്ക്-തുറന്നു കാട്ടുമ്പോഴും മറഞ്ഞിരിക്കുമ്പോഴും
-രൂപമില്ല.
ഞങ്ങൾ പ്രേമിക്കുമ്പോൾ നിന്നെ പ്രേമിച്ചു.
യദൃശ്ചയാ. നീ ദരിദ്രരുടെ ഭാഗ്യമായിരുന്നു.
നിർഭാഗ്യവശാൽ
ഞാൻ മിക്കപ്പോഴും പ്രേമത്തിന്റെ അറയിൽനിന്നും
രക്ഷപ്പെട്ടു.
പക്ഷെ,
വീണ്ടും അതിന്റെ വാതിൽ തുറക്കാൻ മാത്രം ആരോഗ്യവാനായി.
തന്ത്രശാലിയായ കാമുകൻ രഹസ്യമായി
അവനോടുതന്നെ മൊഴിയുന്നു
പ്രേമമാണ് നമ്മുടെ സത്യസന്ധമായ നുണ.
അവനെ ഒളിഞ്ഞുകേട്ട് പ്രിയതമ പ്രതിവചിക്കുന്നു
പ്രേമം വരുന്നു പോകുന്നു
മിന്നലും ഇടിയും പോലെ.
ജീവിതത്തോട് ഞാൻ പറയുന്നു
: പതുക്കെ, ഗ്ലാസ്സിൽനിന്നും ലഹരി ഒഴിയുംവരെ
എന്നെ കാത്തുനിൽക്കൂ.
ഉദ്യാനത്തിൽ എല്ലാ പൂക്കളും നമ്മുടേത്.
പനിനീർപ്പൂവിൽനിന്നും കാറ്റിന്
അതിനെത്തന്നെ അഴിച്ചെടുക്കാനാകുന്നില്ല.
കാത്തുനിൽക്കൂ, നഗരചത്വരത്തിൽ രാപ്പാടികൾ
മാഞ്ഞുപോകാതിരിക്കാൻ, അതുവഴി
താളം ഭേദിക്കാൻ എന്നെ പ്രേരിപ്പിക്കാൻ.
അപ്പോൾ പാണന്മാർ,
വിടപറയൽ, ഗാനമാലപിക്കാൻ
അവരുടെ തന്ത്രികൾ മുറുക്കും.
എനിക്കുവേണ്ടി
പതുക്കെ പോകൂ, സംക്ഷിപ്തമാകൂ,
പാട്ട് ഏറെ നീളാതിരിക്കാൻ.
അല്ലെങ്കിൽ എന്റെ ഉച്ചാരണം
നദിയെ തടഞ്ഞ്, അതിനെ രണ്ടായ് പിളർക്കും.
രണ്ടും രണ്ടും ഒന്നാകട്ടെ,
ജീവിതം നീണാൾ വാഴട്ടെ!
ആവശ്യമായ സമയമെടുത്ത് എന്നെ
നിന്റെ കൈകളിൽ കോരിയെടുക്കൂ.
കാറ്റ് എന്നെ ചിതറിക്കാതിരിക്കാൻ.
അഥവാ കാറ്റെന്നെ സഹിച്ചാൽതന്നെയും.
അക്ഷരമാലകളിൽനിന്നും ഞാൻ അഴിയാതിരിക്കാൻ.
പർവ്വതങ്ങളെ പിഴുതെടുക്കാനായില്ലെങ്കിൽ
ഞാനൊരു പരുന്തിൻകൂടുകൊണ്ട് തൃപ്തിപ്പെട്ടേനെ.
ഒരു മട്ടുപ്പാവുകൊണ്ടല്ല,
പക്ഷെ, അനന്തമായ നീലംകൊണ്ട്
കിരീടമണിയുന്ന അത്തരം കീർത്തി
സന്ദർശിക്കുക പ്രയാസം.
അവിടെ ഉയരത്തിൽ
ഒറ്റയ്ക്ക് പോയവർ ഒറ്റയ്ക്ക് നിൽക്കുന്നു.
ഒരിക്കലും സ്വന്തം കാലുകളിലേക്ക് താഴ്ന്നുവരാനാകാതെ.
അതിനാൽ ഒരു പരുന്തും ഇറങ്ങി നടക്കില്ല.
ഒരു മനുഷ്യനും പറക്കില്ല.
കൊടുമുടികൾ അത്രമാത്രം പാതാളത്തോട് സമാനം.
ഉച്ചകോടിയിലെ ഏകാന്തതേ,
നിനക്കതറിയാം.
ഞാൻ എന്തായിരുന്നു എന്നതിനെപ്പറ്റി
എനിക്കൊന്നും പറയാനില്ല.
എന്താകുമെന്നും…
അതൊരു ഭാഗ്യമാണ്.
ഭാഗ്യത്തിന് പേരില്ല,
നാമൊരു പേരിട്ടേക്കും.
നമ്മുടെ വിധിയുടെ മൂശാരി
അഥവാ
സ്വർഗ്ഗത്തിന്റെ തപാൽക്കാരൻ
അഥവാ
നവജാതരുടെ തൊട്ടിലും
മരിച്ചവന്റെ ശവപ്പെട്ടിയും പണിത ആശാരി
അല്ലെങ്കിൽ
നമുക്കതിനെ ഐതിഹാസിക ദൈവത്തിന്റെ
വേലക്കാരനെന്നു വിളിക്കാം.
ഒളിംപസിനു പിന്നിൽ മറഞ്ഞിരിക്കുന്ന
അയാളുടെ വരികളാണ് നാമെഴുതുന്നത്.
പട്ടിണിക്കുശവർ വിശ്വസിക്കുംപോലെ.
എന്നാൽ നിർഭാഗ്യവശാൽ
സ്വർണ്ണംകൊണ്ട് നനഞ്ഞ പ്രഭുക്കൾ
അവരുടെ കർത്താവിന് വേണ്ടിയല്ല.
അരങ്ങിൽ നിൽക്കുന്ന ഈ ഭൂതം വാസ്തവംതന്നെ.
രംഗത്തിനു പിന്നിൽ മറ്റൊന്നാണ്.
ആ ചോദ്യം ഇനിയില്ല: എപ്പോൾ?
പക്ഷേ: എന്തുകൊണ്ട്? എങ്ങനെ? ആര്?
ഞാൻ പറയുന്നതെന്തെന്ന് നിങ്ങളോടു പറയാൻ
ഞാനാര്?
വാഹനവ്യൂഹം സ്‌ഫോടനത്തിനിരയായി
എന്ന് സങ്കല്പിക്കുക സാധ്യമായിരുന്നില്ല.
കുടുംബത്തിന് ഒരു മകൻ നഷ്ടമായെന്നും.
ഈ കവിത എഴുതുന്ന ആളെപ്പോലെ
അക്ഷരം അക്ഷരമായി
ചോര വാർന്നുവാർന്ന്
ഈ സോഫമേൽ
രക്തം കറുകറുത്ത്
;കാക്കമഷിയല്ല.
അതിന്റെ കരച്ചിലുമല്ല.
രാത്രി മുഴുവൻ കൈകൊണ്ട് ഞെക്കിപ്പിഴിഞ്ഞ്
തുള്ളിത്തുള്ളിയായി
ഭാഗ്യത്തിന്റെയും വൈഭവത്തിന്റെയും കൈകൊണ്ട്.
കവിതയ്ക്ക് ഇതിൽ കൂടുതൽ നേടുക സാധ്യമായേനെ.
ഈ കവി നിലനിന്നിരുന്നെങ്കിൽ, തീർച്ചയായും,
പാതാളത്തിന്റെ വക്കിലെ ഉപ്പൂപ്പൻപക്ഷി.
കവി പറയുമെങ്കിൽ കൂടിയും : മറ്റൊന്നാകുമായിരുന്നെങ്കിലും
ഞാൻ ഞാൻ തന്നെയായേനെ.
ഇങ്ങനെയാണ് ഞാൻ പുലമ്പുന്നത്
: നാർസിസസ്സ്2 അയാൾ വിചാരിച്ചത്ര സുന്ദരനല്ലായിരുന്നു.
അവന്റെ സൃഷ്ടികർത്താക്കൾ അവനെ
സ്വന്തം പ്രതിബിംബത്തിൽ കുടുക്കി.
അതിനാൽ ഞാൻ നേരായ പ്രതിബിംബത്തെ
വെള്ളത്തുള്ളികളാൽ കലക്കുന്നു.
അവന് അവനെയല്ലാതെ മറ്റാരെയെങ്കിലും കാണാൻ കഴിയുമെന്ന് വിചാരിക്കുക.
അവനെ കണ്ണിമയ്ക്കാതെ നോക്കുന്ന ഒരു പെൺകുട്ടിയുടെ സ്‌നേഹം കാണാൻ കഴിയുമെന്നും.
ലില്ലികൾക്കും ഡെയ്‌സികൾക്കും ഇടയ്ക്ക് ഓടിക്കൊണ്ടിരിക്കുന്ന കലമാനുകളെ മറന്നേക്കുക.
അവൻ ഒരു പൊടി സമർത്ഥനായിരുന്നെങ്കിൽ
കണ്ണാടികൾ തകർത്തേനെ.
എത്രമാത്രം മറ്റുള്ളവരെപ്പോലെത്തന്നെയാണ് താനെന്ന് തിരിച്ചറിഞ്ഞേനെ.
എങ്കിൽ
അവൻ സ്വതന്ത്രനാകുമെങ്കിൽക്കൂടിയും
അവനൊരു പുരാവൃത്തമാകുമായിരുന്നില്ല.
മരുഭൂമിയിൽ മരീചിക യാത്രികന്റെ പുസ്തകമാണ്.
അതിനെക്കൂടാതെ
മരീചികകളെക്കൂടാതെ
അവന് വെള്ളം തിരയുന്നത് തുടരാനാകുമായിരുന്നില്ല.
അതാ ഒരു മേഘം
ഒരു കൈയ്യിൽ പ്രത്യാശയുടെ കൂജയും
മറുകൈകൊണ്ട് അമർത്തിപ്പിടിച്ച വയറുമായി
അവൻ അവന്റെ തെറ്റുകളാൽ മണലിൽ വിരലൂന്നുന്നു.
മേഘങ്ങളെ ഒരു കുഴിയിൽ വളച്ചുകെട്ടുന്നു.
മരീചിക അവനെ വിളിക്കുന്നു, പ്രലോഭിപ്പിക്കുന്നു, വഴിതെറ്റിക്കുന്നു.
പിന്നീടവനെ പൊക്കിയെടുക്കുന്നു.
വായിക്കുക, നിങ്ങൾക്ക് വായിക്കാനറിയില്ലെങ്കിൽ.
എഴുതുക, എഴുതാനറിയില്ലെങ്കിൽ.
അതിനാലവൻ വായിക്കുന്നു: വെള്ളം വെള്ളം വെള്ളം.
ഒരു വാചകം മണലിലെഴുതുന്നു.
: മരീചിക കൂടാതെ ഇതുവരെ ഞാൻ ജീവിച്ചിരിക്കില്ലായിരുന്നു.
പ്രത്യാശ നിരാശയുടെ ഇരട്ടയാണെന്നത്
അല്ലെങ്കിൽ അവന്റെ വികസിത കവിതയാണെന്നത്
യാത്രികന്റെ ഭാഗ്യം.
ആകാശം ചാരനിറം പൂകുമ്പോൾ
ഒരു മതിലിന്റെ വിള്ളലുകൾക്കിടയിലൂടെ
ഒരു പാത പൊട്ടിമുളയ്ക്കുന്നത് ഞാൻ കാണുന്നു.
എനിക്ക് പറയാനാകില്ല : ആകാശം ചാരനിറമാകുന്നു.
പക്ഷെ, എന്റെ കണ്ണ് പാതയിലർപ്പിച്ച് പറയുന്നു
: ഇതൊരു ദിവസമാണ്.
നിശാപാതത്തിലെന്നപോലെ
ഞാനെന്റെ രണ്ടു സുഹൃത്തുക്കളോട് പറയുന്നു.
ഒരു സ്വപ്നം ഉണ്ടായിരുന്നെങ്കിൽ
അത് നമ്മെപ്പോലായിരുന്നെങ്കിൽ, ലളിതമായിരുന്നെങ്കിൽ.
ഉദാഹരണത്തിന്: രണ്ടു ദിവസങ്ങൾക്കുശേഷം
നാം മൂന്നുപേരും
നമ്മുടെ സ്വപ്നത്തിന്റെ മുന്നറിയിപ്പ് ആഘോഷിക്കാൻ
ഒന്നിച്ചത്താഴം കഴിക്കും.
അതായത് രണ്ടുദിവസങ്ങൾക്കപ്പുറം
നമ്മിലാരും നഷ്ടപ്പെടാൻ പാടുള്ളതല്ല.
അതിനാൽ നമുക്കീ നിലാവിന്റെ ഗീതം ആഘോഷിക്കാം.
മരണത്തിന്റെ മൃദുത്വത്തിന് അഭിവാദ്യമർപ്പിക്കാം.
നാം മൂന്നുപേരും ഒന്നിച്ചു സന്തോഷിക്കുന്നതും
മറ്റൊരുവിധത്തിൽ കാണപ്പെടുന്നതും
ആരു കണ്ടിരിക്കുന്നു!
ഞാൻ പറയില്ല: സാങ്കല്പിക സ്ഥലങ്ങളിലെ വിദൂരജീവിതമാണ് വാസ്തവം.
ഞാൻ പറയുന്നു: ഇവിടെ ജീവിതം സാധ്യമാണ്.
യദൃശ്ചയാ, ഈ സ്ഥലം പവിത്രമായി.
അതിന്റെ തടാകങ്ങൾ കുന്നുകൾ മരങ്ങൾ
ഇതൊന്നും
സ്വർഗ്ഗത്തിന്റെ കരുത്തല്ല.
ഒരു പ്രവാചകൻ നടന്നതുകൊണ്ടാണ്
അത് പവിത്രമായത്.
ഒരു പാറയിലിരുന്ന് പ്രാർത്ഥിച്ചു.
പാറ കരയാൻ തുടങ്ങി.
ദൈവഭീതിയിൽ മലയിടിഞ്ഞപ്പോൾ
കടന്നുകയറി.
യാദൃശ്ചികമായി, ഈ രാജ്യത്തിലെ ഒരു വയൽച്ചെരിവ്
പൊടിയുടെ പുരാശാലയായി.
കാരണം ഇരുവശത്തുനിന്നും ധാരാളം പട്ടാളക്കാർ അവിടെ മരിച്ചു.
രണ്ട് പട്ടുകൂടാരങ്ങളിലിരുന്ന്
അവരവരുടെ നാശത്തിനുവേണ്ടി
ആക്രമിക്കാൻ ആജ്ഞാപിക്കുന്ന
രണ്ടു നേതാക്കളെ സംരക്ഷിക്കുന്നതിനുവേണ്ടി.
ആരാണ് ജയിച്ചതെന്ന് ഒരിക്കലും അറിയാതെ
പട്ടാളക്കാർ നേരാനേരം മരിച്ചുവീണു.
അതേസമയം, അതിജീവിച്ച കഥപറച്ചിലുകാർ
പറയുന്നു:
ഭാഗ്യംകൊണ്ട് മറ്റവർ ജയിച്ചിരുന്നെങ്കിൽ!
ചരിത്രത്തിന്റെ തലക്കെട്ടുകൾ വ്യത്യസ്തമായേനെ.
സ്വദേശമേ, ഞാൻ നിന്നെ
പച്ചയായി, പച്ചയായി സ്‌നേഹിക്കുന്നു.
വെള്ളത്തിലും പ്രകാശത്തിലും നൃത്തംചെയ്യുന്ന ഒരാപ്പിൾപച്ച.
നിന്റെ രാത്രി പച്ച, ഉദയം പച്ച.
അതിനാൽ
ഒരമ്മയുടെ തരളമായ കൈകൊണ്ട്
എന്നെ നട്ടുപിടിപ്പിക്കൂ.
ഒരു കുമ്പിൾ വായുവിൽ
ഞാൻ, നിന്റെ വിത്തുകളിലൊന്ന്
പച്ച…
ആ ഖണ്ഡികയിൽ ഒന്നിൽകൂടുതൽ കവികളുണ്ട്.
അതിന് ഭാവഗീതമാകാതിരിക്കാൻ സാധ്യമല്ല.
ഞാനെന്താണ് പറയുന്നതെന്ന്
നിങ്ങളോട് പറയാൻ ഞാനാര്?
ഞാനാര് എന്നത് ആകാതിരിക്കാൻ സാധ്യമല്ല.
ഇവിടെ അല്ലാതിരിക്കാനും സാധ്യമല്ല.
ആ പ്രഭാതത്തിൽ എന്നോടുകൂടി
ആ വിമാനം തകർന്നുവീഴുക സാധ്യമായിരുന്നു.
ഭാഗ്യവശാൽ, ഞാനൊരു ഉറക്കാളിയാണ്.
അതിനാൽ വിമാനം നഷ്ടപ്പെട്ടു.
കെയ്‌റോയും ഡമാസ്‌ക്കസും ലൂവ്‌റും മറ്റനേകം
മാന്ത്രികനഗരങ്ങളും
സന്ദർശിക്കാതിരിക്കുക സംഭവ്യമാണ്.
ഞാൻ പതുക്കെ നടന്നിരുന്നെങ്കിൽ
ആ വെടിയുടെ
സാക്ഷിയായ സൈപ്രസുകളിൽനിന്നും
എന്റെ നിഴലിനെ
മുറിച്ചെടുത്തേനെ.
ഞാൻ വേഗം നടന്നിരുന്നെങ്കിൽ
കുഴിബോംബുപൊട്ടി ചിതറിത്തെറിച്ചേനെ.
കടന്നുപോയ ഒരു വിചാരം മാത്രമായേനെ.
ഞാൻ വ്യാപകമായി സ്വപ്നം കണ്ടിരുന്നെങ്കിൽ
എനിക്കെന്റെ ഓർമ്മ നഷ്ടപ്പെട്ടേനെ.
ഭാഗ്യത്തിന്, ഞാൻ ഒറ്റയ്ക്കുറങ്ങി.
എന്റെ ശരീരത്തെ ശ്രദ്ധയോടെ കേട്ടു.
വേദനയെ വേർപെടുത്താനുള്ള എന്റെ കഴിവിൽ
വിശ്വസിച്ചു.
സമയത്തിന് ഡോക്ടറെ വിളിച്ചു.
മരിക്കുന്നതിന് പത്തുനിമിഷം മുമ്പ്
യാദൃശ്ചികമായി ജീവൻ തിരിച്ചുകിട്ടി.
പത്തുനിമിഷം മതിയായിരുന്നു.
ശൂന്യതയിൽ വിശ്വസിക്കാതിരിക്കാനും.
ശൂന്യതയെ അവിശ്വസിക്കാൻ
ഞാനാര് ? ഞാനാര് ?
— — —
1. ഫാഹിലി മൗലക്കാത്ത്: തൂങ്ങിക്കിടക്കുന്ന കവിതകൾ. ഇസ്ലാമിക പൂർവ്വയുഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഏഴു കവിതകൾ. മെക്കയിലെ ക അബയിലെ ചുമരുകളിൽ തൂക്കിയിട്ട് അവയുടെ മഹത്വം അംഗീകരിച്ചുവെന്ന് മധ്യകാല സാഹിത്യ കഥകൾ പറയുന്നു.
2. നാർസിസസ്സ്: ആത്മാനുരാഗിയായ ഗ്രീക്ക് പുരാണ കഥാപാത്രം. ജലാശയങ്ങളിൽ പ്രതിഫലിക്കുന്ന തന്റെതന്നെ പ്രതിബിംബത്തെ പ്രണയിക്കുകയായിരുന്നു നാർസിസസ്സ്.
No Comments yet!