പ്രശസ്ത എഴുത്തുകാരനും മുതിർന്ന മാധ്യമ പ്രവർത്തകനും ലോക സഞ്ചാരിയുമായ അനിൽകുമാർ എ. വി. യുടെ തിങ്കൾ പംക്തി തുടരുന്നു…
നുറുങ്ങുകൾ‐ 11

ഇറാനെതിരായ പ്രകോപനപരവും നിയമവിരുദ്ധവുമായ അമേരിക്കൻ‐ ഇസ്രയേൽ യുദ്ധം നീളുമ്പോൾ പ്രധാന സംശയം അതെങ്ങനെ അവസാനിക്കുമെന്നതാണ്. സ്ഥിതിഗതികൾ കൈവിട്ടുപോകുംമുമ്പ് ഡൊണാൾഡ് ട്രംപിന് എന്തെല്ലാം നടപടികൾ സ്വീകരിക്കാൻ കഴിയും? മൂന്ന് വിശാല സാഹചര്യങ്ങളുണ്ട്; ആദ്യത്തേതും ഏറ്റവും സാധ്യതയുള്ളതും ഭരണകൂട സ്ഫോടനം ഉണ്ടാകുംവരെ തുടരുകയും പിന്നീട് വിജയം പ്രഖ്യാപിക്കുകയും എന്ത് സംഭവിച്ചാലും കൈ കഴുകുകയും ചെയ്യുമെന്നതാണ്. അനന്തരഫലങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആരും ആഗ്രഹിക്കുന്നില്ല. ഭരണമാറ്റത്തിനും സംവിധാനത്തകർച്ചയ്ക്കും ഇടയിലെ വ്യത്യാസം അതാണ്. അതുകൊണ്ടാണ് ഇറാഖ് അധിനിവേശ രീതിയിലുള്ള മാറ്റം ആഗ്രഹിക്കാത്തത്. വ്യത്യസ്ത നേതാക്കളെ വധിക്കാൻ അമേരിക്കയ്ക്ക് സാധിച്ചാൽ പൊട്ടിത്തെറി ഉണ്ടാകാം. എന്നാലും ട്രംപ് വിജയം പ്രഖ്യാപിച്ചേക്കാം, അങ്ങനെ സംഭവിച്ചാൽ കടുത്ത അസ്ഥിരതയ്ക്കും ആഭ്യന്തരയുദ്ധത്തിനും സാധ്യതയാണ് കൂടുതലും. ഇറാനികൾ തിരിച്ചടിക്കുകയും ട്രംപിനെ മറികടക്കുകയും ചെയ്യുന്നത് തുടരും. ആക്രമണം അമേരിക്കയ്ക്ക് വളരെ ചെലവേറിയതാവും, മരണനിരക്ക് ഏറും; പണപ്പെരുപ്പം വഷളാകും. ആഗോള വിപണികൾ അസ്ഥിരമാകും. പിന്നെ അന്താരാഷ്ട്ര തലത്തിൽനിന്നും പൗരന്മാരിൽനിന്നും സ്വന്തം അടിത്തറയിൽ നിന്നുമുള്ള സമ്മർദ്ദം ട്രംപിന് മേൽ ശക്തിപ്പെടും. അങ്ങനെ ഒരു വഴി തേടേണ്ടിവരും. ആ ഘട്ടത്തിൽ ചർച്ചയിലുണ്ടായിരുന്ന കരാർ ഏറ്റെടുത്തേക്കാം: ബരാക് ഒബാമ നേടിയെടുത്തതിനെക്കാൾ മികച്ചതും ട്രംപ് നിരസിച്ചതുമായ ഉടമ്പടി സ്വീകരിച്ച് പെട്ടെന്ന് വിജയമായി പ്രഖ്യാപിച്ചേക്കാം.
ആദ്യ ആഴ്ചയിൽ അമേരിക്ക ഇറാനിൽ ചെലവഴിച്ചത് 600 കോടി ഡോളർ
യുദ്ധത്തിന്റെ ആദ്യ ആഴ്ചയിൽ അമേരിക്ക 600 കോടി ഡോളർ ചെലവഴിച്ചുവെന്നാണ് പെന്റഗൺ ഉന്നതർ കോൺഗ്രസിനെ അറിയിച്ചത്. യുദ്ധോപകരണങ്ങൾക്കും നൂതന മിസൈൽ ഇന്റർസെപ്റ്ററുകൾക്കുമായി 400 ഡോളർ പൊടിച്ചതായി തുർക്കിയിലെ അങ്കാറ ആസ്ഥാനമായി പ്രവർത്തിക്കുന്ന അനഡോലു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ന്യൂയോർക്ക് ടൈംസും അത് ശരിവെച്ചു. കോൺഗ്രസിൽ നടന്ന ചർച്ചകളിലാണ് കണക്കുകൾ വെളിപ്പെടുത്തിയത്. പ്രവർത്തനങ്ങൾ നിലനിർത്തുന്നതിനും കാലഹരണപ്പെട്ട സ്റ്റോക്കുകൾ നികത്തുന്നതിനും കൂടുതൽ ധനസഹായം ആവശ്യമാണെന്ന് മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. മിസൈൽ ലോഞ്ചറുകൾ, നാവിക കപ്പലുകൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവയുൾപ്പെടെ 4000 ഇറാനിയൻ ലക്ഷ്യങ്ങൾ ആക്രമിച്ചുവെന്നും അത് ടെഹ്റാന്റെ തിരിച്ചടിക്കാനുള്ള കഴിവിനെ ഗണ്യമായി ഇല്ലാതാക്കിയെന്നുമാണ് അമേരിക്കൻ പത്രങ്ങളുടെ വാർത്തകൾ. യുദ്ധത്തിന്റെ ആദ്യ ദിനംതൊട്ട് ഇറാന്റെ ബാലിസ്റ്റിക് മിസൈൽ വിക്ഷേപണങ്ങൾ 90ഉം ഡ്രോൺ ആക്രമണങ്ങൾ 83 ശതമാനവും കുറഞ്ഞുവെന്നും എന്നിട്ടും രാജ്യം അതിശക്തമായ ആയുധശേഖരം നിലനിർത്തുന്നുവെന്നും യുഎസ് സെൻട്രൽ കമാൻഡ് മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പർ അവകാശപ്പെട്ടു. ഭരണകൂടത്തിൽ നിന്നുള്ള അനുബന്ധ ബജറ്റ് അഭ്യർഥനയ്ക്കായി നിയമനിർമാതാക്കൾ തയ്യാറെടുക്കുകയാണ്. ദ്രുതഗതിയിലുള്ള ചെലവുകൾ വിമർശന വിധേയമായിട്ടുണ്ട്. ദശലക്ഷക്കണക്കിന് ഡോളർ വിലവരുന്ന ഇന്റർസെപ്റ്ററുകൾ യുഎസ് പ്രതിരോധ വ്യാവസായിക അടിത്തറയെ സമ്മർദ്ദത്തിലാക്കുകയും മറ്റ് തന്ത്രപ്രധാന മേഖലകളിൽ കുറവുകൾ വരുത്തുകയും ചെയ്യുമെന്നാണ് നിലപാട്. യുദ്ധ ധനസഹായത്തെക്കുറിച്ചുള്ള ചർച്ചകൾ മുറുകവെ ദീർഘകാല ദേശീയ പ്രതിരോധ മുൻഗണനകൾ സന്തുലിതമാക്കി ഇറാനിയൻ ശേഷിക്കെതിരെ ആക്കം നിലനിർത്തേണ്ടതിന്റെ ആവശ്യകത പെന്റഗൺ ഉദ്യോഗസ്ഥർ ഊന്നിപ്പറഞ്ഞു.

എളുപ്പം സ്വാധീനിക്കപ്പെടാവുന്ന സമ്മർദ്ദത്തിന് ഇരയായി ട്രംപ്
മൂന്നാമത്തെ സാഹചര്യം ഏറ്റവും സാധ്യത കുറഞ്ഞതാണ്, ആക്രമണങ്ങൾക്ക് ശേഷം ഇരുപക്ഷത്തിനും ചർച്ചയുടെ മേശയിലേക്ക് മടങ്ങാൻ കഴിയുമെന്ന് തോന്നിയേക്കാം. പുതിയ ചർച്ചകളിലെ കരാറിലേക്ക് വീണ്ടും പോയേക്കാം. ഇരുഭാഗത്തിനും അത് വിജയമായി കണക്കാക്കാം. ഇറാനിൽ ബോംബ് വച്ചതും ജയിച്ചതും ട്രംപിന് അവകാശപ്പെടാം; തിരിച്ചടിച്ചതും ജയിച്ചതും ഇറാനികൾക്കും. തുടർന്ന് അവർ ഒരുതരം കരാറിലെത്തും. എന്നിരുന്നാലും അത് ബുദ്ധിമുട്ടായിരിക്കും. ചർച്ചകൾ തുടക്കം മുതലേ തന്ത്രമായിരുന്നെന്നും ആക്രമണം നേരത്തെ ആസൂത്രണം ചെയ്തിരുന്നെന്നുമുള്ള കഥ പ്രചരിപ്പിക്കുന്നതിലാണ് ഇസ്രയേലി ശ്രദ്ധ. നയതന്ത്ര ശക്തി എന്ന നിലയിലും ചർച്ചക്കാരൻ എന്ന നിലയിലും അമേരിക്കയുടെ വിശ്വാസ്യതയെ നശിപ്പിക്കും. പക്ഷേ ഒടുവിൽ ട്രംപ് വളരെ എളുപ്പം സ്വാധീനിക്കപ്പെടാവുന്ന സമ്മർദ്ദത്തിന് ഇരയായി. പതിറ്റാണ്ടുകളായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇറാനിയൻ വിപ്ലവ രാഷ്ട്രത്തിന്റെ നാശം ലക്ഷ്യമാക്കുകയാണ്. ഭീഷണി, വ്യാജ ആരോപണം, പരിചിത തിരക്കഥ, ഗംഭീര രൂപകൽപ്പന തുടങ്ങി ട്രംപിനെയും അമേരിക്കയെയും നേരിട്ട് ഇടപെടുവിച്ച് യുദ്ധത്തെ അന്താരാഷ്ട്രവൽക്കരിച്ചു. ഏതൊരു ഗവൺമെന്റിലും ആരോപിക്കപ്പെടുന്ന അടിച്ചമർത്തൽ മറ്റൊരു രാജ്യത്തിന് ആക്രമിക്കാനുള്ള അവകാശം നൽകുന്നില്ല. ലോകമെമ്പാടും നിലനിൽക്കുന്ന ക്രൂര സ്വേച്ഛാധിപത്യങ്ങൾ പലവയും യുഎസിന്റെ പ്രധാന സഖ്യകക്ഷിയാണ്. ഇറാന്റെ ആണവായുധ പദ്ധതിയാണ് പ്രധാന ഭീഷണി യത്രെ. ആക്രമണങ്ങളുടെ ആദ്യ തരംഗത്തെ തുടർന്നുള്ള പ്രസംഗത്തിൽ കരാർ അവസാനിപ്പിക്കാൻ തയ്യാറാകാത്തതിനാൽ ആക്രമിക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്നായിരുന്നു ട്രംപിന്റെ ന്യായീകരണം. 2025 ജൂൺ 22 ന് ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ എന്ന 12 ദിന പ്രഹരത്തിന്റെ ഭാഗമായി ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങൾ നശിപ്പിച്ചുവെന്ന് അദ്ദേഹം വീമ്പിളക്കിയിരുന്നു. രാഷ്ട്രീയ നേട്ടങ്ങൾക്കായുള്ള അതിശയോക്തിപരമായ സംസാരം. പെന്റഗൺ കോൺഗ്രസിൽ നടത്തിയ രഹസ്യ ബ്രീഫിങ്ങുകളിൽ യുഎസ് വൻകരയെ ആക്രമിക്കാൻ ശേഷിയുള്ള മിസൈലുകൾ ഇറാൻ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും മുന്നറിയിപ്പ് നൽകി. ആണവായുധങ്ങൾക്ക് പുറമേ ആസന്നമായ ഇറാനിയൻ ആക്രമണ ഭീഷണിയും തങ്ങൾക്കുണ്ടെന്ന് അവകാശപ്പെട്ടിട്ടുമുണ്ട്. ഇറാൻ ബോംബ് നിർമിക്കാനുള്ള സജീവ ശ്രമങ്ങൾ പുനരാരംഭിച്ചതിന് തെളിവുകളൊന്നുമില്ലെന്ന് അന്താരാഷ്ട്ര നിരീക്ഷണ സ്ഥാപനങ്ങളും യുഎസ് രഹസ്യാന്വേഷണ ഏജൻസികളും നിരന്തരം കണ്ടെത്തിയിട്ടുണ്ട്. 2025 മെയ് മാസത്തിൽ യുഎസ് പ്രതിരോധ ഇന്റലിജൻസ് ഏജൻസി വിലയിരുത്തിയത്, 2035 ൽ മാത്രമേ അമേരിക്കയിൽ എത്താൻ കഴിയുന്ന ദീർഘദൂര മിസൈലുകൾ വികസിപ്പിക്കാനാവൂവെന്നും. – ഏറെക്കാലമായി ആണവായുധങ്ങൾക്കായുള്ള അന്വേഷണം ഉപേക്ഷിച്ച് അത് ദേശീയ നിയമങ്ങളിലും നിർദ്ദേശങ്ങളിലും ക്രോഡീകരിച്ചു. ആണവ നിർവ്യാപന ഉടമ്പടി ( എൻപിടി) അംഗീകരിക്കുകയും ചെയ്തു. അന്താരാഷ്ട്ര പരിശോധനകൾക്ക് സ്വയം തുറന്നുകൊടുത്തു. ആണവായുധങ്ങൾ വികസിപ്പിക്കുന്നതിൽനിന്ന് അമേരിക്കയുമായും മറ്റുള്ളവരുമായും ഔപചാരിക കരാറിൽ ഏർപ്പെട്ടു.
യുഎസ്-‐ഇസ്രയേൽ അച്ചുതണ്ടിന്റെ മുന്നേറ്റം ഉടൻ തടയേണ്ടത് ലോകത്തിന്റെ കടമ
രാജ്യങ്ങളെ തകർത്തും അന്താരാഷ്ട്ര സ്ഥാപനങ്ങളെ നിർവീര്യമാക്കിയും ഉടമ്പടികൾ കീറിയെറിഞ്ഞും യുഎസ്-‐ഇസ്രയേൽ അച്ചുതണ്ട് മുന്നേറുന്നത് ഉടൻ തടയേണ്ടത് ലോകത്തിന്റെ കടമയാണ്. കോർപ്പറേറ്റ് മാധ്യമ റിപ്പോർടിങ്ങിൽനിന്ന് വലിയതോതിൽ വിട്ടുപോയിരിക്കുന്നത് അത് പൂർണമായും നിയമവിരുദ്ധവും തീർച്ചയായും ക്രിമിനൽ കുറ്റവുമാണെന്ന വസ്തുത. അധികാരഭ്രാന്തരും യുദ്ധ ലാഭം കൊയ്യുന്നവരും സയണിസ്റ്റ് പ്രോക്സികളും ചേർന്ന് കെട്ടിച്ചമച്ച വിവരണങ്ങളാണ് പ്രേക്ഷകരെക്കൊണ്ട് തീറ്റിപ്പിക്കുന്നതും; യുദ്ധം സമാധാനമാണ്. സമാധാനം ഭീഷണിയാണ്. ആക്രമണം സ്വയം പ്രതിരോധമാണ്. ഇര കുറ്റവാളിയാണ് തുടങ്ങിയ രൂപീകരണങ്ങളടക്കം. സിവിലിയൻ, സൈനിക കേന്ദ്രങ്ങൾ ഒരുപോലെ ലക്ഷ്യംവെച്ച് തലസ്ഥാനമായ ടെഹ്റാനിലും ഇറാനിയൻ നഗരങ്ങളിലും ആക്സിസ് ബോംബുകൾ വർഷിച്ചു. ആണവായുധങ്ങള് ഉള്ളതിനാലല്ല ഇറാന് ആക്രമിക്കപ്പെട്ടതെന്ന് കാര്യബോധമുള്ള ഏവര്ക്കും നന്നായി അറിയാം. മേഖലയിലെ ആണവായുധങ്ങളുടെ ശേഖരം (പൂർണമായും പ്രഖ്യാപിക്കപ്പെടാത്തതും മേൽനോട്ടമില്ലാത്തതും) കൈവശമുള്ളത് ഇസ്രയേൽ ഭരണകൂടത്തിന് മാത്രം. ഇറാനെ ആക്രമിക്കാൻ മറ്റൊരു ആണവ ശക്തിയായ അമേരിക്കയും ഒപ്പം ചേർന്നു. തങ്ങളുടെ ആക്രമണങ്ങളെ ന്യായീകരിക്കാൻ രണ്ട് തെമ്മാടി ആണവ ശക്തികൾ ശ്രമിച്ചിട്ടുണ്ട്. രണ്ട് നൂറ്റാണ്ടുകളായി മറ്റൊരു രാജ്യവുമായും ഇറാൻ യുദ്ധം ആരംഭിച്ചിട്ടില്ലെങ്കിലും ലോകത്തിലെ മിക്ക സൈനിക ആക്രമണങ്ങൾക്കും യുഎസും ഇസ്രയേലും സംയുക്ത ഉത്തരവാദികളാണ്. സമീപ വർഷങ്ങളിൽ ഇറാഖ്, യെമൻ, സൊമാലിയ, നൈജീരിയ, ലിബിയ, പലസ്തീൻ, ലെബനൻ, സിറിയ, പാക്കിസ്ഥാൻ, വെനിസ്വേല, ഖത്തർ, ഇറാൻ എന്നിവിടങ്ങളിൽ നഗ്നമായി അഴിഞ്ഞാടി. ഗ്രഹത്തിലെ മറ്റൊരു രാജ്യവും അമേരിക്കയുടെയോ ഇസ്രയേലിന്റെയോ അക്രമാസക്ത ക്രൗര്യത്തിന്റെ സമീപംപോലും എത്തുന്നില്ല. ഇരു രാജ്യങ്ങളിലും തീവ്ര വലതുപക്ഷ‐വംശീയ ഗവൺമെന്റുകളാണ്. നേതൃത്വമാകട്ടെ തുടർച്ചയായ യുദ്ധ കുറ്റവാളികളും. പലസ്തീൻ വംശഹത്യയ്ക്ക് കൈകോർത്തു. യുഎസ് ചരിത്രത്തിലെ മറ്റേതൊരു പ്രസിഡന്റിനെക്കാളും കൂടുതൽ രാജ്യങ്ങളെ ട്രംപ് ആക്രമിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ മനുഷ്യരാശിക്കെതിരായ കൃത്യങ്ങളിൽ നീതിയിൽനിന്ന് ഒളിച്ചോടിയ അന്താരാഷ്ട്ര കുറ്റവാളിയാണ് നെതന്യാഹു. വർണവിവേചനം, യുദ്ധക്കുറ്റങ്ങൾ, മനുഷ്യരാശിക്കെതിരായ നടപടികൾ, വംശഹത്യ എന്നിങ്ങനെ. എട്ട് ദശാബ്ദങ്ങളായി പശ്ചിമേഷ്യയിലുടനീളം ദുരിതങ്ങളുടെ പ്രധാന ഉറവിടങ്ങളെ പ്രതിനിധീകരിക്കുന്ന തെമ്മാടി രാഷ്ട്രങ്ങൾ മനുഷ്യാവകാശങ്ങളോടുള്ള ഉത്കണ്ഠയാൽ പ്രചോദിതമാണെന്ന ആശയം അസംബന്ധമാണ്. പതിറ്റാണ്ടുകളായി ഇറാനിൽ മനുഷ്യാവകാശങ്ങൾ ലംഘിച്ച അതേ ശക്തികൾ തന്നെയാണ് ഇപ്പോൾ ആ ജനതയുടെ മനുഷ്യാവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിനെന്ന് അവകാശപ്പെട്ട് അവരെ കൊല്ലുന്നത്.

ക്യൂബ കൂടുതൽ ശക്തമായ നടപടികൾ നേരിടേണ്ടിവരുമെന്ന് ലിൻഡ്സെ ഗ്രഹാം
ട്രംപിന്റെ വിദേശനയത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ഇറാനെതിരായ സമീപകാല ആക്രമണങ്ങളെ ന്യായീകരിക്കുകയും ക്യൂബ കൂടുതൽ ശക്തമായ നടപടികൾ നേരിടേണ്ടിവരുമെന്ന് സൂചന നൽകുകയും ചെയ്ത സൗത്ത് കരോലിന സെനറ്റർ ലിൻഡ്സെ ഗ്രഹാമിന്റെ മുന്നറിയിപ്പ് ഹവാനയുടെ നാളുകൾ എണ്ണപ്പെട്ടുവെന്നാണ്. ഫോക്സ് ന്യൂസിന്റെ സൺഡേ നൈറ്റ് ഇൻ അമേരിക്ക ഷോയിൽ സംസാരിക്കവെ ക്യൂബയുടെ നേതൃത്വം കൂടുതൽ ദുർബലമാവുമെന്നും ഇറാന് സമാനമായി ദ്വീപിനെയും അതേ പാതയിലെത്തിക്കുമെന്നും മുൻ പ്രസിഡന്റ് റൊണാൾഡ് റീഗന്റെ ജോലി പൂർത്തിയാക്കിയതിന് ട്രംപിനെ പ്രശംസിക്കുകയാണെന്നും കൂട്ടിച്ചേർത്തു. വിജയകരമായ വിദേശനയത്തിന്റെ തെളിവായി പുറത്താക്കപ്പെട്ട വെനിസ്വേലൻ നേതാവ് നിക്കോളാസ് മഡുറോയെ ചൂണ്ടിക്കാട്ടി ആ സൗത്ത് കരോലിന റിപ്പബ്ലിക്കംഗം. താൻ റീഗന്റെ വലിയ ആരാധകനാണ്, എന്നാൽ വിദേശനയ കാര്യത്തിൽ ട്രംപിന് സ്വർണ നിലവാരമാണെന്ന് പറയും; എല്ലാവരും സംസാരിക്കുമായിരുന്ന മഡുറോയെ അദ്ദേഹം ജയിലിലടച്ചു. ക്യൂബയാണ് അടുത്തത്. ആ രാജ്യത്തെ കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തിന്റെ ദിനങ്ങൾ എണ്ണപ്പെട്ടു‐ എന്നിങ്ങനെ ലിൻഡ്സെ ഗ്രഹാമിന്റെ പരാമർശങ്ങൾ ട്രംപ് ഭരണകൂടം ഹവാനയ്ക്കെതിരായ വാചാടോപങ്ങളും നടപടികളും ശക്തമാക്കുന്നതിനിടയിലാണ്.
ട്രംപിന്റെയും നെതന്യാഹുവിന്റെയും നിയമവിരുദ്ധ യുദ്ധത്തെ എതിർക്കുന്ന സ്പെയിനിന്റെ നിലപാട് മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. ആ നിലയിൽ ഇറാനെതിരായ നീക്കത്തെ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പിന്തുണയ്ക്കാത്തതിൽ ട്രംപ് രോഷാകുലനായി. സ്പാനിഷ് നഗരങ്ങളായ റോട്ട, മൊറോണുകളിൽ പെന്റഗൺ നിലനിർത്തുന്ന താവളങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് മാഡ്രിഡ് സർക്കാർ വാഷിങ്ടണിനെ വിലക്കിയിരിക്കുന്നു. ഇറാന്റെ അടിച്ചമർത്തലുകളെ അപലപിക്കുന്നുണ്ടെങ്കിലും ഏകപക്ഷീയ നടപടി കൾ അന്താരാഷ്ട്ര നിയമം പാലിക്കുന്നില്ലെന്ന് സ്പെയിൽ വ്യക്തമാക്കി. തുടർന്ന് ട്രംപ് എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുമെന്നും വ്യാപാര ഉപരോധം ഏർപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. യൂറോപ്യൻ യൂണിയന്റെ പ്രതികരണം ശൂന്യവും കപടവുമായ ഭാഷയിയിലായിരുന്നു. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ ആദ്യ ബോംബാക്രമണങ്ങൾക്ക് ശേഷം അന്താരാഷ്ട്ര ധാർമികതയെ ബഹുമാനിക്കാൻ ആഹ്വാനം ചെയ്തെങ്കിലും അമേരിക്കയുടെ നിയമവിരുദ്ധ സ്വഭാവത്തെക്കുറിച്ച് മൗനം പാലിച്ചു; ഇറാനിയൻ പ്രതികരണത്തെ അസ്വീകാര്യം എന്നാണ് മുദ്രകുത്തിയതും. ആക്രമണത്തിന്റെ നിയമസാധുതയെക്കുറിച്ചുള്ള സംശയങ്ങൾ കാരണം ആദ്യ യുഎസ് ബോംബാക്രമണത്തിന് കെയർ സ്റ്റാർമറിന്റെ ബ്രിട്ടീഷ് സർക്കാർ ഡീഗോ ഗാർസിയയിലെ താവളം ഉപയോഗിക്കുന്നതിൽ യോജിച്ചില്ല. എന്നാൽ പിന്നീട് നിലപാട് മാറ്റി.

വാക്കുകളും വസ്തുതകളും തമ്മിലെ മാക്രോണിന്റെ വൈരുധ്യത്തിൽ ഒന്നുകൂടി
ഫ്രാൻസിന്റെ ആണവായുധ ശേഖരം വികസിപ്പിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചും പ്രതിരോധ ആവശ്യങ്ങൾക്ക് കിഴക്കൻ മെഡിറ്ററേനിയനിലേക്ക് ആണവ വിമാനവാഹിനിക്കപ്പൽ അയച്ചും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രതികരിച്ചു. സാഞ്ചസിന്റെ പ്രസ്താവനകൾക്കും സ്പെയിനിനെതിരായ ട്രംപിന്റെ ഭീഷണികൾക്കും ശേഷം മാത്രമാണ് യുഎസ് ആക്രമണം അന്താരാഷ്ട്ര നിയമത്തിന് പുറത്താണെന്ന് അദ്ദേഹം പ്രസ്താവിച്ചത്. തന്റെ പ്രാരംഭ മൗനം വെടിഞ്ഞെങ്കിലും യുഎസ്-‐ഇസ്രയേൽ നേതൃത്വത്തിലുള്ള ആക്രമണത്തിന് ഫ്രഞ്ച് സൈനിക താവളങ്ങൾ അനുവദിച്ചു; വാക്കുകളും വസ്തുതകളും തമ്മിലെ മാക്രോണിന്റെ പതിവ് വൈരുധ്യങ്ങളിൽ ഒന്നുകൂടി. സ്പെയിനിന്റെ നിലപാടിന്റെ ആപേക്ഷിക സ്ഥിരത പോലും ട്രംപിന്റെ പ്രീതി തേടുന്ന മറ്റ് യൂറോപ്യൻ തലസ്ഥാനങ്ങളിൽനിന്നുള്ള അസംബന്ധ പ്രസ്താവനകളിലുണ്ടായില്ല. ലോകത്തിന് മുന്നിൽ ധാർമിക ശക്തിയായി അഭിനയിക്കാൻ ഇയു ഇഷ്ടപ്പെടുന്നുണ്ടെങ്കിലും സമീപ വർഷങ്ങളിൽ അന്താരാഷ്ട്ര വേദിയിൽ നേരിടേണ്ടിവന്ന അപമാനങ്ങൾ പലതാണ്. ഒരു വശത്ത് ഉക്രെയ്നുമായുള്ള വാചാടോപപരമായ ഐക്യദാർഢ്യത്തിനും ഗാസയിലെ ഇസ്രയേലി വംശഹത്യയ്ക്കും വെനിസ്വേലയ്ക്കെതിരായ യുഎസ് ആക്രമണത്തിനും നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോയതിനും മറുവശത്ത് ഇറാനെ ബോംബിടുന്നതിനുമുള്ള പിന്തുണയിൽ പ്രകടമായ കാപട്യം നിലനിൽക്കുന്നു. ട്രംപ് തുറന്നിട്ട പുതിയ ഭൗമരാഷ്ട്രീയ യുഗത്തിൽ യൂറോപ്പിന് സാധ്യമായ ഒരേയൊരു പാത വാഷിങ്ടണിന് കീഴടങ്ങുക മാത്രമല്ലെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് തെളിയിച്ചിട്ടുണ്ട്. മറ്റ് യൂറോപ്യൻ നേതാക്കൾ ആ പാത പിന്തുടരാൻ അത്ര ജാഗ്രത കാണിക്കാതിരിക്കുമ്പോൾ തകർന്നുകൊണ്ടിരിക്കുന്ന യൂറോപ്പിന്റെ അന്താരാഷ്ട്ര അന്തസിനുണ്ടാകുന്ന പരിക്കുകൾ ഏറുകയും നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ക്രമത്തിന് പ്രതിജ്ഞാബദ്ധമായ സ്വയംഭരണാധികാര ശക്തിയായി ഭൂഖണ്ഡം ഗൗരവമായി എടുക്കപ്പെടാനുള്ള സാധ്യത ഇടിയുകയും ചെയ്യുന്നു.
ഭ്രാന്തമായ ഭരണമാറ്റ ശ്രമങ്ങൾ അമേരിക്ക തുടർന്നാൽ മൂന്നാം ലോകയുദ്ധം ആരംഭിക്കുമെന്നാണ് 2008 ‐12 കാലയളവിൽ പ്രസിഡന്റായും 2012 മുതൽ 2020 വരെ പ്രധാനമന്ത്രിയായും സേവനമനുഷ്ഠിച്ച റഷ്യൻ നേതാവ് ദിമിത്രി അനറ്റോലിയേവിച്ച് മെദ്വദേവ് തുറന്നടിച്ചത്. ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നുണ്ടെന്നതിന് വിശ്വസനീയമായ തെളിവുകളൊന്നും മോസ്കോ കണ്ടെത്തിയിട്ടില്ലെന്ന് റഷ്യൻ വിദേശ മന്ത്രി സെർജി വിക്ടോറോവിച്ച് ലാവ്റോവ് ആവർത്തിച്ചു. അമേരിക്കയും ഇസ്രായേലും തുടർച്ചയായ ആക്രമണങ്ങൾക്ക് ചൂണ്ടിക്കാണിക്കുന്ന ആ അവകാശവാദം അദ്ദേഹം തള്ളി. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെയായിരുന്നു റഷ്യയും ആസിയാനും തമ്മിലെ സംഭാഷണ പങ്കാളിത്തത്തിന്റെ 35-‐ാം വാർഷികാഘോഷത്തിൽ ബ്രൂണൈയിൽ സംസാരിച്ച ലാവ്റോവിന്റെ പരാമർശങ്ങൾ. വാഷിങ്ടണും ടെൽ അവീവും ഉപയോഗിച്ച വിവരണത്തെ ചോദ്യംചെയ്ത അദ്ദേഹം സൈനിക പ്രചാരണത്തിന്റെ വ്യാപകമായ അനന്തരഫലങ്ങളും -പ്രത്യേകിച്ച് മേഖലയിലെ അറബ് രാജ്യങ്ങൾക്കുണ്ടാകുന്ന മാനുഷികവും സാമ്പത്തികവുമായ നാശനഷ്ടങ്ങളും എടുത്തുകാണിച്ചു. ട്രംപ് അമേരിക്കയെ അത് ആഗ്രഹിക്കാത്ത യുദ്ധത്തിലേക്ക് വലിച്ചിഴച്ചുവെന്നാണ് അമേരിക്കൻ രാഷ്ട്രീയക്കാരിയും ആക്ടിവിസ്റ്റു മായ അലക്സാൺഡ്രിയ ഒകാസിയോ- കോർട്ടെസ് രോഷത്തോടെ പറഞ്ഞത്. ഇറാനെതിരായ ആക്രമണങ്ങളെക്കുറിച്ചുള്ള നിലപാട് അവ്യക്തതയ്ക്ക് ഇടമില്ലാത്തവിധം മൂന്ന് വാക്യങ്ങളിൽ വിശദീകരിച്ചു: യുദ്ധം നിയമവിരുദ്ധമാണ്. അനാവശ്യമാണ്. അത് ദുരന്തമായിരിക്കും. ഇറാൻ ചർച്ചകളുടെ മേശയിലേക്ക് വരാൻ തയ്യാറായിരുന്നുവെന്നും കോൺഗ്രസ് അനുമതിയില്ലാതെയും തുടർന്നുള്ള അനന്തര ഫലങ്ങൾക്ക് അമേരിക്കൻ ജനതയുടെ സമ്മതമില്ലാതെയും നയതന്ത്രത്തിന് പകരം ട്രംപ് ബോംബുകൾ തെരഞ്ഞെടുത്തുവെന്നും വാദിച്ചു. രാഷ്ട്രീയ എതിർപ്പിന് അപ്പുറമാണത്. മറിച്ച് ഭരണഘടനാപരമാണ്. കോൺഗ്രസ് വോട്ട് ചെയ്തിട്ടില്ല. അമേരിക്കൻ ജനതയോട് കൂടിയാലോചിച്ചിട്ടില്ല. ദീർഘകാല തന്ത്രത്തെക്കാൾ ഹ്രസ്വകാല കാഴ്ചയ്ക്ക് മുൻഗണന നൽകിയ ചരിത്രമുള്ള പ്രസിഡന്റ് വീണ്ടും ആർക്കും വ്യക്തമായി നിർവചിക്കാൻ കഴിയാത്ത സംഘട്ടനത്തിന് സൈന്യത്തെയും വിഭവങ്ങളെയും സമർപ്പിച്ചിരിക്കുന്നു. ബോംബുകൾ ഇതിനകം വീണുകഴിഞ്ഞു. അടുത്തതായി എന്ത് വരുമെന്നതാണ് ഇപ്പോൾ ചോദ്യമെന്നും വിശദീകരിച്ചു.

അമേരിക്കയുടെ ശബ്ദായമാനമായ വിരട്ടലുകൾക്ക് ചെവികൊടുക്കാതെ ഇറാനിയൻ നാവിക കപ്പലായ ഐറിസ് ദേനയിലുണ്ടായതും വധിക്കപ്പെട്ടതുമായ 84 നാവികരുടെ ജഡങ്ങൾ ഇറാന് കൈമാറാൻ ശ്രീലങ്കയെന്ന കൊച്ചു രാജ്യത്തെ കോടതി ഉത്തരവിട്ടത് പ്രത്യാശാഭരിതമാണ്. രക്ഷപ്പെട്ടവരെയും ട്രിങ്കോമലി തുറമുഖത്ത് നങ്കൂരമിടാൻ അനുവദിച്ച ഐറിസ് ബുഷെഹറിലിൽനിന്ന് ഒഴിപ്പിച്ച 208 ജീവനക്കാരെയും തിരിച്ചയക്കരുതെന്ന് കൊളംബോയിലെ യുഎസ് എംബസിയിൽ നിന്ന് അയച്ച കേബിളിൽ ശ്രീലങ്കൻ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. നാവികരുടെ മൃതദേഹങ്ങൾ തിരിച്ചയക്കരുതെന്ന് അമേരിക്കയിൽ നിന്ന് ശ്രീലങ്കയ്ക്ക് നയതന്ത്ര തിട്ടൂരമുണ്ടായതായി റിപ്പോർട്ടുകൾ വരികയും ചെയ്തു. അതിന് വഴങ്ങാതെ കരാപിതിയ ടീച്ചിങ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന അവ ശ്രീലങ്ക ടെഹ്റാനിലേക്ക് അയച്ചു. 2026 മാർച്ച് നാലിന് ശ്രീലങ്കൻ തീരത്ത് നിന്ന് 40 നോട്ടിക്കല് മൈല് അകലെ തകർന്ന ഐറിസ് ദേനയിലെ തിരിച്ചറിഞ്ഞ 84 ക്രൂ അംഗങ്ങളുടെ മൃതദേഹങ്ങള് ഇറാനിയൻ എംബസി ഉദ്യോഗസ്ഥർക്ക് കൈമാറാൻ ഗാലെ ചീഫ് മജിസ്ട്രേറ്റ് കോടതി വിധിക്കുകയുണ്ടായി. രക്ഷപ്പെട്ട 32 പേരെ ശ്രീലങ്കൻ നാവികസേന രക്ഷപ്പെടുത്തി. കൊല്ലപ്പെട്ട 87 പേരിൽ ൽ 84 ജഡങ്ങളേ ആദ്യം തിരിച്ചറിഞ്ഞുള്ളൂ.
ഘടികാരം പിന്നോട്ട് തിരിക്കാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു
വർഷങ്ങളായി അമേരിക്കൻ‐ ഇസ്രയേൽ അച്ചുതണ്ട് കണ്ണില്ലാത്ത കടന്നാക്രമണങ്ങളിലൂടെ ഭൂമുഖമാകെ കൂട്ടക്കൊലകളുടെ ചോരയിൽമുക്കി അഭിരമിക്കുകയാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ളതും രണ്ടാം ലോക യുദ്ധാനന്തരം അഭൂതപൂർവവുമായ വംശഹത്യയുടെ ഏറ്റവും പുതിയ ലഷ്യമാണ് ഇറാൻ. സാമ്രാജ്യത്വം, തീവ്ര വലതുപക്ഷ, കൊളോണിയൽ, സൈനിക പ്രത്യയശാസ്ത്രത്താൽ നയിക്കപ്പെടുന്ന സഖ്യം പശ്ചിമേഷ്യയിലും അതിനപ്പുറത്തും ക്രൂരമായ ആധിപത്യം സ്ഥാപിക്കാൻ ഘടികാരം പിന്നോട്ട് തിരിക്കാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. അമേരിക്കൻ അനുകൂല രാജ്യങ്ങൾപോലും അപലപിച്ചിട്ടും ഇറാന്റെ പരമാധികാരം ലംഘിച്ചതിലും പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിലും ഇന്ത്യ പുലർത്തുന്ന മൗനം വിദേശനയത്തിന്റെ ദിശയും വിശ്വാസ്യതയും സംബന്ധിച്ച് ച്ച് ഗുരുതര സംശയങ്ങൾ ഉയർത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവങ്ങളുടെ ക്രമം പരാമർശിക്കാതെ ഇറാന്റെ പ്രതികരണങ്ങളെ വിമർശിക്കുന്നതിൽ ഒതുങ്ങി. ഇന്ത്യയും ഏറെക്കാലമായി ഭീകരതയുടെ വേദന സഹിച്ചു. മുംബൈ ആക്രമണവും ഇസ്രയേൽ പൗരന്മാരടക്കം ജീവൻ നഷ്ടപ്പെട്ട നിരപരാധികളെ ഓർക്കുന്നു. നിങ്ങളെപ്പോലെ ഇരട്ടത്താപ്പുകളില്ലാതെ തീവ്രവാദത്തോട് വിട്ടുവീഴ്ചയില്ലാത്ത നയമാണ് ഞങ്ങൾക്കും. സമൂഹത്തെ അസ്ഥിരപ്പെടുത്താനും വികസനം തടയാനും വിശ്വാസം ഇല്ലാതാക്കാനും ആ പ്രവണതയെ ചെറുക്കുന്നതിന് ഏകോപിത ആഗോള നടപടി അനിവാര്യം. അത് എല്ലായിടത്തും ജനജീവിതത്തിന് ഭീഷണിയായതിനാൽ ശാശ്വത സമാധാനത്തിനും പ്രാദേശിക സ്ഥിരതയ്ക്കും സംഭാവന ചെയ്യുന്ന എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കുന്നു. 2006 ൽ ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയിലായിരുന്നു എന്റെ ആദ്യ ഇസ്രയേൽ സന്ദർശനം. ഒരാൾ ഒരു ജീവൻ രക്ഷിക്കുന്നെങ്കിൽ അവൻ ലോകത്തെ മുഴുവൻ രക്ഷിക്കുന്നുവെന്ന ജൂത പ്രബോധനം ഓർമിപ്പിക്കുമ്പോൾ നമ്മുടെ സഹകരണത്തിന് പിന്നിലെ മനുഷ്യബന്ധങ്ങളുടെ ശക്തി പ്രതിഫലിപ്പിക്കുന്നു‐ ദ്വിദിന സന്ദർശനത്തിന് ഇസ്രയേലിലെത്തിയ മോദി പാർലമെന്റായ നെസെറ്റിൽ നടത്തിയ പ്രസംഗത്തിന്റെ ഒരു ഭാഗമാണിത്. 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിൽ 1200 പേർ കൊല്ലപ്പെട്ട ആക്രമണത്തെയും 175 പേർ മരിച്ച മുംബൈ ഭീകരാക്രമണത്തെയും താരതമ്യം ചെയ്ത അദ്ദേഹം ഇസ്രയേലുമായുള്ള ബന്ധം ചോരയും ബലിയർപ്പണവുംകൊണ്ട് എഴുതപ്പെട്ടതാണെന്നും ചൂണ്ടിക്കാട്ടി.

സന്ദർശനം ആഘോഷമാക്കി ഇസ്രായേൽ മാധ്യമങ്ങൾ
നെസെറ്റിലേക്ക് കുട്ടികൾ മോദിയെ സ്വീകരിച്ചത് ഇസ്രയേൽ‐ഇന്ത്യൻ പതാകകൾ വീശിയാണ്. അവിടുത്തെ മാധ്യമങ്ങളും സന്ദർശനം ആഘോഷിച്ചു. ദി ജെറുസലേം പോസ്റ്റ് മുൻ പേജ് അതിന് മാറ്റിവെച്ചു. ഡാനിയേൽ ഫെയ്ഗൽ രൂപകൽപ്പനചെയ്ത ഒന്നാം പേജ് ഇസ്രയേലിലും ഇന്ത്യയിലും വ്യാപകമായി പ്രചരിക്കുകയുമുണ്ടായി. ഇന്ത്യൻ മാധ്യമങ്ങൾ ഏറ്റെടുത്ത ആ കവർ സ്റ്റോറി ട്വിറ്ററിൽ മോദിയും പങ്കിട്ടു. ഇന്ത്യയെ ഉന്നതതല തന്ത്രപരമായ മുൻഗണനയായി കണക്കാക്കേണ്ട നിമിഷമാണ്. ബന്ധത്തിന് വിശ്വാസവും ചരിത്രവും രാഷ്ട്രീയ രസതന്ത്രവുമുണ്ട്. ഇനി കൂടുതൽ വികസിപ്പിക്കണമെന്നായിരുന്നു പത്ര മുഖപ്രസംഗം. ഇന്ത്യയിൽ മാധ്യമങ്ങളെ ഭയപ്പെടുന്ന മോദി 2026 ഫെബ്രുവരി 26-ന് കിങ് ഡേവിഡ് ഹോട്ടലിൽ ജെറുസലേം പോസ്റ്റിന് പ്രത്യേക കൂടിക്കാഴ്ച അനുവദിച്ചു. ഹിന്ദിയിൽ എഴുതിയ സന്ദേശത്തിൽ മനുഷ്യത്വം പരമോന്നതമായി തുടരുമെന്നും ജനാധിപത്യം ശാശ്വതമായി നിലനിൽക്കുമെന്നുമാണ് പ്രഖ്യാപിച്ചത്. ‘പതറില്ല: മോദിയുടെ പ്രസംഗം അദ്ദേഹവും ഇന്ത്യയെയും ഇസ്രയേലുമായി ശക്തമായി സംയോജിപ്പിക്കുന്നു’വെന്നായിരു ന്നു -ജെറുസലേം പോസ്റ്റിൽ ഹെർബ് കീനോണിന്റെ വിശകലനം. ആ വാക്കുകളുടെ വ്യാപ്തി മനസിലാക്കാൻ ഇന്ത്യ ഒരിക്കൽ എവിടെയായിരുന്നു നിന്നിരുന്നതെന്ന് പരിശോധിക്കേണ്ടതുണ്ട്; ദശാബ്ദങ്ങളായി ഇസ്രയേലിനെ നയതന്ത്രപരമായി അകറ്റി നിർത്തിയത് എന്തുകൊണ്ടാണെന്ന് മനസിലാക്കുകയും വേണം. നെസെറ്റിലെ പ്രസംഗം ഇന്ത്യൻ പ്രധാനമന്ത്രി ‘ആം ഇസ്രായേൽ ചായ്’എന്ന പ്രയോഗത്താൽ അവസാനിപ്പിച്ചത് ചിലരുടെ ചെവിയിൽ അരോചകമായി തോന്നിയിരിക്കാമെന്നും ലേഖനത്തിലുണ്ട്.
ഗാസയിൽ ഇസ്രയേൽ വിനാശകരമായ അധിനിവേശം ആരംഭിച്ചശേഷം ഉച്ചസ്ഥായിയിലെത്തിയ സഖ്യം ഇനിയും വിപുലമാക്കണമെന്ന സന്ദേശമാണ് ഉയർന്നതും. അതിശയോക്തിയും മുഖസ്തുതിയും നിറഞ്ഞ പശ്ചാത്തലത്തിൽ മോദിയുടെ പ്രസംഗവും അതോടുള്ള പ്രതികരണവും പാശ്ചാത്യലോകത്തിനപ്പുറത്തുള്ള പുതിയ സഖ്യങ്ങളെയും പങ്കാളികളെയും ഇസ്രയേൽ ആശ്രയിക്കുന്നതും അതിൽ ഭാവി പണയംവയ്ക്കാനുള്ള ഇന്ത്യയുടെ സന്നദ്ധതയും മനസിലാക്കാം. 72 000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ട വംശഹത്യയിൽ തൊഴിൽ, ആയുധങ്ങൾ, നയതന്ത്ര പിന്തുണയിലൂടെ ഏറ്റവുമധികം സഹായം ചെയ്ത രാജ്യങ്ങളിലൊന്നായി ഇന്ത്യ. ഗാസ കൂട്ടക്കൊലകൾ സ്പർശിക്കാതെ അമേരിക്കൻ ട്രംപിന്റെ സമാധാന പദ്ധതിയിൽ മോദി ശ്രദ്ധ കേന്ദ്രീകരിച്ചതിൽ അതിശയിക്കാനില്ല. നിരവധി വർഷങ്ങളായി പ്രതിരോധം, കൃഷി, സൈബർ സുരക്ഷ, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ സഹകരണം ക്രമാനുഗതമായി വികസിപ്പിച്ചിട്ടുമുണ്ട്. 2024-‐25 വാണിജ്യ വ്യാപാരം 3620 കോടി, പുതിയ കരാർ ഉപയോഗിക്കാത്ത വിശാല സാധ്യതകൾ തുറക്കുമെന്ന മോദിയുടെ പ്രത്യാശ സാമ്പത്തികവും പ്രത്യയശാസ്ത്രപരവുമാണ്. ഇരു രാജ്യങ്ങളുടെയും ആശയാടിത്തറയായ സയണിസവും ഹിന്ദുത്വവും – അധിനിവേശപരവും ഹിംസാത്മകവും ഒഴിവാക്കലിന്റേതുമാണല്ലോ. സൈനിക വംശീയത ഏകീകരിക്കാൻ ഇന്ത്യ അവസരം കാത്തിരിക്കുന്നത് അതിന്റെ ഭാഗവും.
യുദ്ധക്കുറ്റവാളിയുമായുള്ള സൗഹൃദം
ഇന്ത്യ ഇസ്രയേലിനൊപ്പം പൂർണ ബോധ്യത്തോടെ ഉറച്ചുനിൽക്കുന്നുവെന്ന് മോദി നെസെറ്റിൽ പ്രഖ്യാപിച്ചതിനെ തുടർന്ന് അദ്ദേഹം യുദ്ധക്കുറ്റവാളിയെ സൗഹൃദത്തിലാക്കുകയാണെന്നാണ് പ്രതിപക്ഷം വിമർശിച്ചത്. മുസ്ലിങ്ങൾക്കെതിരായ കൂട്ടായ ശിക്ഷകൾ ഇസ്രയേലിൽനിന്ന് കടമെടുത്തതാണ്. ബുൾഡോസർ ഉപയോഗിച്ച് കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതും മുസ്ലിങ്ങളെയും അരികുവൽകൃത സമൂഹങ്ങളെയും ലക്ഷ്യംവച്ചുള്ള കൂട്ടശിക്ഷാരീതികളും മുതൽ നിരീക്ഷണ സംവിധാനങ്ങളുടെ വികാസംവരെ അനുകരണംതന്നെ. ഇസ്രയേൽ നയങ്ങൾ ആഗോളതലത്തിൽ തീവ്രമായി പരിശോധിക്കപ്പെടുന്ന സമയത്ത് ഇന്ത്യയുടെ ചരിത്രപരമായ വിദേശനയ തത്വങ്ങളോടുള്ള വഞ്ചനയും ധാർമിക ഭീരുത്വത്തിന്റെ പ്രകടനവുമായി സന്ദർശനം. ലോകത്തിന്റെ ഭൂരിഭാഗവും പലസ്തീനിലെ വംശഹത്യയെ വിമർശിക്കുമ്പോഴാണിത്. ഗാസയിലും അധിനിവേശ വെസ്റ്റ് ബാങ്കിലും സാധാരണക്കാരുടെ ദുരിതം തുടരുമ്പോഴും നെതന്യാഹുവിന്റെ ക്ഷണം സ്വീകരിക്കാനുള്ള തീരുമാനം പലസ്തീൻ അവകാശങ്ങളിലും അന്താരാഷ്ട്ര നിയമത്തിലും മുറുകെപിടിച്ച സ്ഥിരമായ നയതന്ത്ര നിലപാട് കളങ്കപ്പെടുത്തും. കൊലപാതക ഭരണകൂടത്തെ നിയമവിധേയമാക്കാൻ മാത്രമേ യാത്ര സഹായിക്കൂ. സയണിസവുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുമെന്നതുമുറപ്പ്. ഇന്ത്യൻ സുരക്ഷാ വിഷയങ്ങളിൽ സഹകരിക്കുമെന്ന് യുദ്ധക്കുറ്റവാളി നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നു. മോദി ഇസ്രയേലിലേക്ക് പോയത് അദ്ദേഹത്തിൻ്റെ താളത്തിനൊത്ത് നൃത്തം ചെയ്യാനും പാടാനുമാണ്. ഈ അവിശുദ്ധ സഖ്യം നമ്മുടെ രാജ്യത്തിന്റെ ആത്മാവിൽ മായാത്ത കളങ്കമായിരിക്കുമെന്നും വിവിധ പാർടികൾ പ്രസ്താവിച്ചു.
തുടക്കം മുതൽ സംശയാസ്പദമായ മോദിയുടെ ഇസ്രയേൽ സന്ദർശനം – പൊതുസമൂഹത്തിന് രാഷ്ട്രീയമായി ദോഷകരമാണെന്ന് പരക്കെ കരുതപ്പെടുകയാണ്. സമീപകാലത്ത് ഒരു വിദേശ നേതാവ് ഇസ്രയേൽ സന്ദർശിച്ചതിൽ വച്ച് ഏറ്റവും ലജ്ജാകരമായ ഒന്നായി അത് വേറിട്ടുനിൽക്കുന്നു. 1947ൽ ഐക്യരാഷ്ട്ര സഭയുടെ പാർട്ടി പ്ലാനിനെതിരെയാണ് ഇന്ത്യ വോട്ട് ചെയ്തത്. ഇസ്രായേൽ രൂപീകരണത്തെ പിന്തുണച്ചതുമില്ല. മോദി എല്ലാം തകിടംമറിച്ചു. ഇസ്രായേൽ ഇന്ത്യയുടെ ഏറ്റവും ശക്തമായ പ്രതിരോധ പങ്കാളികളിൽ ഒന്നാണ്. മിസൈൽ സിസ്റ്റങ്ങൾ, ഡ്രോണുകൾ, റഡാർ സാങ്കേതികവിദ്യ, സൈബർ സഹകരണം തുടങ്ങിയ മേഖലയിൽ ഇരു രാജ്യങ്ങളും അടുത്ത് നിൽക്കുന്നു. വിദേശനയത്തിലെ സുപ്രധാന പൊളിച്ചെഴുത്താണിത്. ഇസ്രയേലിൽനിന്ന് ഏറ്റവും വലിയ ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യമായിരിക്കുന്നു ഇന്ത്യ. ഗാസ വംശഹത്യയ്ക്കിടെ പ്രത്യേക പ്രതിരോധ ഇനങ്ങളുടെ പ്രവാഹം അങ്ങോട്ടേക്കായി. അദാനി ഡിഫൻസ് ആൻഡ് എയ്റോസ് പേസും ഇസ്രയേലി എൽബിറ്റ് സിസ്റ്റവും സംയുക്ത സംരംഭത്തിലൂടെ ഹൈദരാബാദിൽ നിർമിച്ച ഡസൻ കണക്കിന് ഹെർമിസ് 900 ഡ്രോണുകൾ കൈമാറിയതായി റിപ്പോർട്ടുണ്ട്. ഇന്ത്യൻ കമ്പനികൾ സ്ഫോടകവസ്തുക്കൾ, റോക്കറ്റ് ഘടകങ്ങൾ, മറ്റ് യുദ്ധോപകരണങ്ങൾ എന്നിവ കയറ്റുമതി ചെയ്തു. 2024 മെയ് മാസത്തിൽ ചെന്നൈയിൽനിന്ന് ആയുധങ്ങളുമായി പോയ കപ്പലിന് സ്പെയിൻ തുറമുഖത്ത് പ്രവേശനം നിഷേധിച്ചു. ഗാസയിൽ ഇസ്രയേൽ ഇന്ത്യൻ കമ്പനിയുമായി സഹകരിച്ച് നിർമിച്ച എഐ ആയുധ സംവിധാനം മെഷീൻ ഗണ്ണുകളും അസോൾട്ട് റൈഫിളുകളും ഓട്ടോമേറ്റ് ചെയ്യാൻ ഉപയോഗിച്ചതായും തെളിയുകയുണ്ടായി. 2023 ഒക്ടോബറിനുശേഷം പലസ്തീൻ തൊഴിലാളികൾ പ്രവേശിക്കുന്നത് ഇസ്രയേൽ വിലക്കി. കുറഞ്ഞ വേതനത്തിൽ ആളുകളെ അയച്ച് ഇന്ത്യ സഹായിച്ചു. 2025 പകുതിയോടെ 20000- പേർ പോയി. അതിൽ നിർമാണ തൊഴിലാളികളും. അവർ പലസ്തീനികളെ തുരത്തുകയും ഇസ്രയേൽ നിർമാണ മേഖലയെയും സമ്പദ്വ്യവസ്ഥയെയും പിന്തുണയ്ക്കുകയും ചെയ്തു. വംശഹത്യയ്ക്കിടെ ഇസ്രയേലിനെ വിമർശിക്കുന്ന നിരവധി യുഎൻ പ്രമേയങ്ങളിൽനിന്ന് ഇന്ത്യ വഴുതി; അന്താരാഷ്ട്രതലത്തിൽ ഒറ്റപ്പെടുത്തുന്ന ഭാഷ ഒഴിവാക്കി ഗാസയിൽ നിരുപാധികവും ശാശ്വതവുമായ വെടിനിർത്തലിന് ആഹ്വാനം ചെയ്ത 2024 ലെ പൊതുസഭ വോട്ടെടുപ്പിൽ നിന്നടക്കം. 2024 ഡിസംബറിൽ വംശഹത്യ 428 ദിവസം എത്തിയപ്പോൾ ഇസ്രയേലിനുള്ള ആയുധ വിതരണം ന്യായീകരിക്കുന്നതിന് ഇന്ത്യ ദേശീയ താൽപ്പര്യങ്ങളും വിവിധ ഭരണകൂടങ്ങളോടുള്ള പ്രതിബദ്ധതയും ഉദ്ധരിച്ചു. ഹിന്ദുത്വ ഭരണം ഇസ്രയേലുമായി കൂടുതൽ അടുക്കുന്നത് നടുക്കമുണ്ടാക്കുന്നതാണ്. കശ്മീർ നയം അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രയേലി കൊളോണിയൽ കുടിയേറ്റ തന്ത്രം പ്രതിഫലിപ്പിക്കുന്നു. ഗാസയിൽ വംശഹത്യ വ്യാപകമായിട്ടും 2025 ഒക്ടോബർ വരെ ഇസ്രയേലിലേക്ക് ആയുധങ്ങളും വെടിക്കോപ്പുകളും കയറ്റുമതി ചെയ്ത 26 രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെട്ടിട്ടുണ്ട്. സുരക്ഷാ അപകടസാധ്യതകളും സുതാര്യതയുടെ അഭാവവും ചൂണ്ടി തൊഴിലാളി യൂണിയനുകൾ ഇസ്രയേൽ റിക്രൂട്ട്മെന്റ് നീക്കങ്ങളെ വിമർശിച്ചിരുന്നു. 2024-ൽ ഹരിയാണ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ നിർമാണ തൊഴിലാളികൾക്കായി 10000 ഒഴിവുകൾ പരസ്യപ്പെടുത്തി. മണിപ്പൂരിൽനിന്നും മിസോറാമിൽനിന്നും ഗാസയിൽ യുദ്ധം ചെയ്യുകയെന്ന ഇസ്രയേൽ ആഹ്വാനത്തിന് മറുപടി കൊടുക്കുകയുമുണ്ടായി. ഇസ്രയേൽ അനുകൂല റാലികൾക്ക് അനുമതി നൽകുമ്പോൾ പലസ്തീൻ ഐക്യദാർഢ്യങ്ങൾ കർശനമായി അടിച്ചമർത്തി. നെസെറ്റ് പ്രസംഗത്തിൽ മോദി ഇസ്രയേൽ പിതൃഭൂമിയെന്നും ഇന്ത്യയെ മാതൃഭൂമിയെന്നുമാണ് വിളിച്ചത്. പുരാതന വ്യാപാരത്തിലും ജനങ്ങളുടെ സഞ്ചാരത്തിലും വേരൂന്നി ജൂത സമൂഹവുമായുള്ള ഇന്ത്യയുടെ ദീർഘകാല ബന്ധത്തെക്കുറിച്ച് സംസാരിച്ച് അവരുടെ ധൈര്യത്തെയും നേട്ടങ്ങളെയും പ്രകീർത്തിക്കുകയും ചെയ്തു.
പ്രസംഗം പൊറുക്കാനാവാത്ത നിരുത്തരവാദം നിറഞ്ഞ പ്രസംഗം
നെസെറ്റ് പ്ലീനത്തിൽ പങ്കെടുത്ത ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി 2025 ഫെബ്രുവരി 25-ന് നരേന്ദ്ര മോദി നടത്തിയ പ്രസംഗം പൊറുക്കാനാവാത്ത നിരുത്തരവാദം നിറഞ്ഞതായിരുന്നു. സർക്കാരും ജൂഡീഷ്യറിയും തമ്മിലെ തർക്കം തുടരുന്നതിനിടെ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ഐസക് അമിതിനെ ക്ഷണിക്കാത്തതിനാൽ പ്രതിപക്ഷ പാർട്ടികൾ പ്രത്യേക സമ്മേളനത്തിന്റെ ഏറെ സമയവും വിട്ടുനിന്നതും സ്പീക്കർ ഒഹാനയെ ബഹിഷ്കരിച്ചതും നിസാരമായിരുന്നില്ല. ബെൻ-ഗുറിയോൺ വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഭാര്യ സാറയും മോദിയെ സ്വീകരിച്ചു.അവിടെ ഇരുവരും സ്വകാര്യ കൂടിക്കാഴ്ച നടത്തി. തുടർന്ന് നെസെറ്റ് പ്രസംഗത്തിന് ജറുസലേമിലേക്ക് പോയി. ഇത് യഥാർത്ഥ സൗഹൃദത്തിന്റെ ബന്ധമാണെന്നാണ് നെതന്യാഹു മോദിയോട് പറഞ്ഞത്. ഇരു രാജ്യങ്ങളും തമ്മിൽ പങ്കിട്ട ബന്ധത്തെ പ്രശംസിച്ച മോദി നവീകരണം, സാങ്കേതികവിദ്യ, സാമ്പത്തിക പുരോഗതി എന്നിവയിൽ ഒരുമിച്ച് പ്രവർത്തിച്ച് സഹകരണം ശക്തിപ്പെടുത്താനുള്ള പദ്ധതികൾ വിശദീകരിക്കുകയായിരുന്നു. അനിശ്ചിതമായ ലോകത്ത് ഇസ്രയേൽ‐ ഇന്ത്യ സഹകരണം ശക്തിയുടെ ഉറവിടമായി തുടരുന്നു. ഇരു രാജ്യങ്ങളും നവീകരണത്തിൽ അഭിവൃദ്ധി പ്രാപിച്ച പുരാതന നാഗരികതകളാണ്. പങ്കുവെച്ച അനുഭവത്തിൽ അധിഷ്ഠിതമാണത്. സ്റ്റാർട്ടപ്പ് രാഷ്ട്രമാണെന്ന് ഇസ്രയേൽ പറയുന്നു. സമീപ വർഷങ്ങളിൽ നവീകരണവും സർഗാത്മകതയും പുറത്തുകൊണ്ടുവരാൻ ഞങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അഭിലാഷ മനോഭാവം ഇസ്രയേലിന്റെ നവീകരണ ആവാസവ്യവസ്ഥയുമായി സ്വാഭാവികമായി സംയോജിക്കുന്നു. നിർമിത ബുദ്ധിയുടെ പുരോഗതികളിൽ ഒരുമിച്ച് പ്രവർത്തിക്കും. ആഗോളതലത്തിൽ മികച്ച മൂന്ന് സമ്പദ്വ്യവസ്ഥകളിൽ ഒന്നായി ഞങ്ങൾ ഉടൻ മാറും. അതേസമയം ഇസ്രയേൽ നവീകരണത്തിന്റെയും സാങ്കേതിക നേതൃത്വത്തിന്റെയും ശക്തികേന്ദ്രമാണ്. അത് ഞങ്ങളുടെ പങ്കാളിത്തത്തിന് സ്വാഭാവിക അടിത്തറ സൃഷ്ടിക്കുന്നു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് പാർലമെന്ററി ട്രാൻസിറ്റ് ഗ്രൂപ്പ് സ്ഥാപിച്ചിട്ടുണ്ട്. വ്യാപാരവും നിക്ഷേപവും വികസിപ്പിക്കാൻ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണ്. 2025ൽ ഒപ്പിട്ട ഉഭയകക്ഷി നിക്ഷേപ ഉടമ്പടി വ്യവസായങ്ങൾക്ക് നിശ്ചയദാർഢ്യവും വ്യക്തമായ സാധ്യതകളും സൃഷ്ടിച്ചു. 2023 ഒക്ടോബർ ഏഴിന്റെ ഹമാസ് കൂട്ടക്കൊലയെ ശക്തമായി അപലപിക്കുകയും ആക്രമണങ്ങൾക്ക് ശേഷം തന്റെ രാജ്യം ഇസ്രയേലിനോട് സഹാനുഭൂതി പ്രകടിപ്പിച്ചുവെന്നും അദ്ദേഹം അടിവരയിട്ടു. നിങ്ങളുടെ വേദന ഞങ്ങൾ മനസിലാക്കി. ഈ നിമിഷത്തിലും ശേഷവും ഒപ്പം ഉറച്ചുനിൽക്കുന്നു, പൂർണ ബോധ്യത്തോടെ. ഇസ്രയേലിലെ ബ്നെയ് മെനാഷെം സമൂഹത്തെപറ്റി സംസാരിക്കവെ നിരവധി ഇന്ത്യൻ ജൂതന്മാർ കുടിയേറിപ്പാർത്തിട്ടുണ്ടെന്ന് ഓർമിപ്പിച്ചു. ഞങ്ങൾക്ക് ഇവിടെ ജീവിക്കുന്ന ശക്തമായ സമൂഹമുണ്ട്. ആധുനിക ഇസ്രായേൽ കെട്ടിപ്പടുക്കുന്നതിൽ അവർ സംഭാവന നൽകുന്നു. ഇസ്രയേൽ പിതൃരാജ്യമാണെന്നും ഇന്ത്യ മാതൃരാജ്യമാണെന്നും അവർ ഉറച്ചു വിശ്വസിക്കുന്നതിൽ അഭിമാനമുണ്ട്. ഒന്നാം ലോക യുദ്ധത്തിൽ ഓട്ടോമൻ സാമ്രാജ്യം ഭരിച്ചിരുന്ന ഹൈഫയിലും മേഖലയിലെ മറ്റിടങ്ങളിലും നാലായിരത്തിലേറെ ഇന്ത്യൻ സൈനികർ ജീവൻ ബലിയർപ്പിച്ചു. ഒക്ടോബർ ഏഴിന് ശേഷമുള്ള ദുഷ്കരമായ സമയങ്ങളിൽ പോലും ഇന്ത്യൻ തൊഴിലാളികളും ജീവനക്കാരും ഇസ്രയേലി കുടുംബങ്ങൾക്കും സമൂഹങ്ങൾക്കും സംഭാവന നൽകുന്നതിൽ അഭിമാനിക്കുന്നു. ഇന്ത്യയും ഇസ്രയേലും സ്വാതന്ത്ര്യം, ബഹുസ്വരത, നിയമവാഴ്ച എന്നിവയോട് ആഴത്തിലുള്ള പ്രതിബദ്ധത പങ്കിടുന്നു. രണ്ട് ജനതകൾ തമ്മിലുള്ള ശക്തവും ആഴമേറിയതുമായ പങ്കാളിത്തത്തിന്റെ അടിത്തറയാണ് നമ്മുടെ പൊതുവായ മൂല്യങ്ങൾ. സമാധാനം, നവീകരണം, സമൃദ്ധി എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിനും നീതിയുക്തവും സുസ്ഥിരവുമായ ലോകത്തിന് സംഭാവന നൽകുന്നതിനും ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരുമെന്നാണ് സന്ദർശക പുസ്തകത്തിൽ മോദി കുറിച്ചത്.
മോദിക്ക് നെസെറ്റിന്റെ ആദരം
തുടർന്ന് സ്പീക്കർ ഒഹാന നെസെറ്റ് മെഡൽ നൽകി മോദിയെ ആദരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുകയും തന്ത്രപരമായ സഹകരണം കൂടുതൽ ആഴത്തിലാക്കുകയും ചെയ്തതിനാൽ ഓണററി അവാർഡ് നൽകിയതെന്നാണ് പാർലമെന്റ് വക്താവിന്റെ പത്രക്കുറിപ്പ്. ഇസ്രയേലിനും ഇന്ത്യയ്ക്കും ഇടയിൽ തന്ത്രപരമായ സഖ്യം കെട്ടിപ്പടുക്കുന്നതിൽ നടത്തിയ ശ്രമങ്ങളോടുള്ള ആഴമേറിയ ബഹുമാനം കൂടിയാണത്. ഇസ്രയേലുമായുള്ള ധീരവും സ്ഥിരതയുള്ളതും ആത്മാർത്ഥവുമായ ബന്ധവും സങ്കീർണവും വെല്ലുവിളി നിറഞ്ഞതുമായ സമയങ്ങളിൽ പോലും തങ്ങളുടെ പക്ഷത്ത് നിൽക്കാനുള്ള ഉറച്ച പ്രതിബദ്ധതയും അദ്ദേഹത്തിന്റെ നയം പ്രതിഫലിപ്പിക്കുന്നുവെന്നും സൗഹൃദത്തിനും സഹകരണത്തിനും നന്ദിയുമായിരുന്നു നെതന്യാഹുവിന്റെ വാക്കുകൾ. ഇസ്രയേലിന്റെ ഏറ്റവുമടുത്ത സുഹൃത്ത്, ലോക വേദിയിലെ മികച്ച നേതാവ് എന്നെല്ലാം പുകഴ്ത്തിയ അദ്ദേഹം പറഞ്ഞത് വെറും വാക്കുകളല്ല, ഒരു സുഹൃത്തിനെക്കാൾ കൂടുതലാണ്; പല തരത്തിൽ നിങ്ങൾ സഹോദരനാണെന്നും. ഈ സഭയിലും ഇസ്രയേലി പൊതുജനങ്ങൾക്കിടയിലും ലഭിക്കുന്ന ആഴമായ അഭിനന്ദനത്തിന് മറ്റൊരു കാരണമുണ്ട്. ഒക്ടോബർ ഏഴിലെ ഭീകരമായ കൂട്ടക്കൊലയ്ക്ക് തൊട്ടുപിന്നാലെ താങ്കൾ ഇസ്രയേൽ പക്ഷത്ത് ഉറപ്പോടും വ്യക്തമായും നിന്നു. അത് ഒരിക്കലും മറക്കില്ല. എന്തിനെ എതിർത്തുവെന്ന് ഞങ്ങൾക്കറിയാം, പക്ഷേ ലോകത്തിലെ പലരും പെട്ടെന്ന് മറന്നു. രണ്ട് ജനാധിപത്യ രാജ്യങ്ങളായ നമ്മുടെ ബന്ധം ഇപ്പോൾ കൂടുതൽ ആഴത്തിലാകുകയാണ്. ഇസ്രയേൽ എക്കാലത്തെയും ശക്തമായനിലയിലാണ്, ഇന്ത്യയും അങ്ങനെതന്നെ. ഞങ്ങളുടെ വ്യാപാരം ഇരട്ടിയാക്കുകയും സഹകരണ ചട്ടക്കൂടിനുള്ളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തു. ഇസ്രയേൽ ചെറിയ രാജ്യമാണ്, എന്നാൽ വലിയ ശക്തിയുണ്ട്. ഈ സന്ദർശന വേളയിൽ സംസ്കാരം, കൃഷി, പ്രതിരോധം, സാങ്കേതികവിദ്യ, സമ്പദ്വ്യവസ്ഥ എന്നിവയിൽ കരാറുകൾ നെയ്യും. അതിലൂടെ യാഥാർഥ്യം രൂപപ്പെടുത്തുകയാണെന്നായിരുന്നു നെതന്യാഹുവിന്റെ അവകാശവാദം.

നരകത്തിന്റെ അച്ചുതണ്ടിലേക്ക്
അമേരിക്ക നേതൃത്വം നൽകുന്ന നരകത്തിന്റെ അച്ചുതണ്ടിലെ ഏറ്റവും പ്രധാന പങ്കാളിയും വംശഹത്യാ ഉപകരണവുമായ ഇസ്രയേലിന്റെ രക്തക്കറകൾ മറച്ചുപിടിക്കാൻ മോദി ചൊരിഞ്ഞ സ്തുതികൾ ഇന്ത്യൻ പാരമ്പര്യങ്ങളെയാകെ അനാഥമാക്കുന്നതാണ്. 1948 മേയ് 14 തൊട്ട് മുറുകെപിടിച്ച, സയണിസ്റ്റ് ഭീകരതയ്ക്കൊപ്പമല്ലെന്ന പ്രഖ്യാപിത നയമാണ് വലിച്ചെറിഞ്ഞത്. മഹാത്മാ ഗാന്ധിയും ജവഹർലാൽ നെഹറുവും മുതൽ രാജ്യം പലസ്തീന് ഒപ്പമാണെന്നാണ് പ്രഖ്യാപിച്ചിരുന്നത്. ഇന്ത്യൻ ഹൃദയത്തിൽ ആഴത്തിൽ മുറിവേൽപ്പിച്ച് അടിമുടി ഭീതിയിലാഴ്ത്തിയ മുസ്ലിം വംശഹത്യയുടെ പ്രയോക്താവും സയണിസ്റ്റ് തീവ്രവാദിയും പുണർന്നപ്പോൾ രണ്ട് ചോരക്കൊതിയന്മാർ തമ്മിലെ ഐക്യദാർഢ്യ പ്രഖ്യാപനമാവുകയായിരുന്നു. മോദി നെസെറ്റിനെ അഭിസംബോധനചെയ്യവെ പലസ്തീൻ വംശഹത്യയെ പാടെ അവഗണിച്ചു. ഹിന്ദുത്വ രാഷ്ട്രീയത്തെ സംബന്ധിച്ച് അതിൽ അസ്വഭാവികതയില്ലെങ്കിലും ഇന്ത്യൻ പ്രധാനമന്ത്രിയിൽനിന്ന് പ്രതീക്ഷിക്കാനാവാത്തതാണ്. ഗാസവംശഹത്യയെയും അധിനിവേശ വെസ്റ്റ് ബാങ്കിലെ നിയമവിരുദ്ധ കുടിയേറ്റത്തെയും ചില സഖ്യകക്ഷികൾ പോലും – വിമർശിക്കുന്ന ഘട്ടത്തിൽ കൊലപാതക യന്ത്രമായ ഒരു പാർലമെന്റിൽ ‘വിശ്വഗുരു’ വിന്റെ സാന്നിധ്യംതന്നെ പരിഹാസ്യമാണ്. നെതന്യാഹുവിനെതിരെ ഐസിസി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് അഞ്ച് നോർഡിക് രാജ്യങ്ങൾ‐ – നോർവേ, സ്വീഡൻ, ഡെന്മാർക്ക്, ഫിൻലാൻഡ്, ഐസ്ലാൻഡ്‐ – അന്താരാഷ്ട്ര നിയമങ്ങളോടുള്ള പ്രതിബദ്ധത ഊന്നിയ നാളുകളിൽ പ്രത്യേകിച്ചും. ഇസ്രയേൽ പ്രധാനമന്ത്രി തങ്ങളുടെ പ്രദേശത്ത് പ്രവേശിച്ചാൽ തടങ്കലിൽ വയ്ക്കാനുള്ള നിയമപരമായ ബാധ്യതകൾ നിറവേറ്റാൻ തയ്യാറാണെന്ന് ആ രാജ്യങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുമുണ്ട്. എന്നാൽ മോദിയെ സംബന്ധിച്ച് ഇപ്പോഴത്തെ സന്ദർശനവും പാർലമെന്റ് പ്രസംഗവും നെതന്യാഹുവിന്റെ അധികാരം ഉറപ്പിക്കാനും തകർന്ന പ്രതിച്ഛായ പുതുക്കാനുമുള്ള അവസരമാക്കുകയായിരുന്നു. 140 കോടി ഇന്ത്യക്കാരുടെ ആശംസകളും സൗഹൃദത്തിന്റെയും ബഹുമാനത്തിന്റെയും പങ്കാളിത്തത്തിന്റെയും സന്ദേശവും ഒപ്പം കൊണ്ടുവരുന്നു. ഈ മഹത്തായ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് ഞാൻ. ഒമ്പത് വർഷംമുമ്പ് ഇസ്രയേൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാകാനുള്ള ഭാഗ്യം എനിക്കുണ്ടായിരുന്നു, വീണ്ടും ഇവിടെ വരാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നുമായിരുന്നു മോദിയുടെ ആമുഖം. 1950 സെപ്തംബർ 17 ന് ഇന്ത്യ ഇസ്രയേലിനെ ഔദ്യോഗികമായി അംഗീകരിച്ച അതേ ദിവസമാണ് താൻ ജനിച്ചതെന്ന അഭിമാനംകൊള്ളലും ആലോചിച്ചുറപ്പിച്ചത്. ഒരു കാരണത്താലും സിവിലിയന്മാരുടെ കൊലപാതകത്തെയും ഭീകരതയെയും ന്യായീകരിക്കാൻ കഴിയില്ലെന്ന് പ്രസ്താവിച്ചത് ഇസ്രയേൽ വംശഹത്യ മൂടിവെച്ചാണ്. പരമാധികാരവും സ്വതന്ത്രവും പ്രായോഗികവുമായ പലസ്തീൻ രാഷ്ട്രത്തിനായി സംയുക്ത പ്രഖ്യാപനം നടത്തിയ ഇന്ത്യ-‐അറബ് വിദേശ മന്ത്രിമാരുടെ യോഗം നടത്തിയ മോദി അധിനിവേശത്തിൽ നിന്ന് പലസ്തീന് സ്വാതന്ത്ര്യം നൽകണമെന്ന് ആവശ്യപ്പെടാൻ വിസമ്മതിച്ചു. 1974 ൽ പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനെ അംഗീകരിച്ച ആദ്യത്തെ അറബ് ഇതര രാഷ്ട്രത്തിന്റെ പിൻനടത്തമായിരുന്നു അത്. പകരം അബ്രഹാം ഉടമ്പടികളെ (ഇസ്രയേലും അറബ് രാജ്യങ്ങളും തമ്മിൽ യുഎസ് മധ്യസ്ഥതയിലുള്ള സാധാരണവൽക്കരണ കരാറുകൾ) പ്രശംസിക്കുകയും ഇസ്രയേലി ധൈര്യത്തെയും ദർശനത്തെയും കൊണ്ടാടുകയും ചെയ്തു. മോദി തെരഞ്ഞെടുത്ത ഭാഷയും ഗാസയിലെ ഇസ്രയേലി നടപടികളെക്കുറിച്ചുള്ള മൗനവും പലസ്തീൻ മുൻഗണനാവിഷയമല്ലെന്ന് വീണ്ടും വ്യക്തമാക്കി. മാത്രവുമല്ല ഇന്ത്യ ഇസ്രയേലുമായുള്ള സഖ്യത്തിൽ ആഴത്തിൽ ആണ്ടിറങ്ങിയിരിക്കുന്നു. ‘ഹോസ്റ്റൈൽ ഹോംലാൻഡ്സ്: ദി ന്യൂ അലയൻസ് ബിറ്റ്വീൻ ഇന്ത്യ ആൻഡ് ഇസ്രയേൽ’ എന്ന കൃതിയിലൂടെ പ്രശസ്തനായ ആസാദ് എസ്സ പറഞ്ഞത് ഗാസയിലെ വൻ നാശത്തിനിടയിലെ ഇസ്രയേൽ സന്ദർശനം വിശദീകരിക്കാൻ പ്രയാസമാണെന്നാണ്.

സെയ്ദ് ഹൊസൈൻ മൗസാവിയൻ എഴുതിയ ‘ആന്തരിക വീക്ഷണം’
നയരൂപീകരണ വിദഗ്ദ്ധനും പണ്ഡിതനും പ്രിൻസ്റ്റൺ സർവകലാശാലയിലെ ഗവേഷകനുമായ സെയ്ദ് ഹൊസൈൻ മൗസാവിയൻ എഴുതി 2014 മെയ് മാസത്തിൽ ബ്ലൂംസ്ബറി പുറത്തിറക്കിയ ‘ഇറാൻ ആൻഡ് ദി യുണൈറ്റഡ് സ്റ്റേറ്റ്സ്: ആൻ ഇൻസൈഡർ വ്യൂ ഓൺ ദി ഫെയിൽഡ് പാസ്റ്റ് ആൻഡ് ദി റോഡ് ടു പീസ്’ ( ഇറാനും അമേരിക്കയും: പരാജയപ്പെട്ട ഭൂതകാലത്തെയും സമാധാനത്തിലേക്കുള്ള പാതയെയും കുറിച്ചുള്ള ഒരു ആന്തരിക വീക്ഷണം) ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നകരമായ ബന്ധത്തിന്റെ ചരിത്രത്തിന്റെ ഉള്ളറകൾ തുറന്നിട്ടതാണ്. ഇറാനിയൻ പ്രസിഡന്റ് ഹസ്സൻ റൂഹാനിയും വിദേശമന്ത്രി ജവാദ് സരീഫിന്റെയും മറ്റും വിശ്വസ്തനും സഹപ്രവർത്തകനുമായ അദ്ദേഹം മൂന്ന് പതിറ്റാണ്ടിലേറെ ഇറാനും പടിഞ്ഞാറൻ രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ശ്രമങ്ങളിൽ പ്രവർത്തിക്കുകയുണ്ടായി. ഇറാനും യുഎസും തമ്മിലെ പ്രശ്നകരമായ ബന്ധത്തിന്റെ ആന്തരിക ചരിത്ര വിശകലനമാണ് ആ കൃതിയിൽ. അനുരഞ്ജനത്തിനുള്ള അന്വേഷണത്തിലെ നിരവധി പരാജയങ്ങളുടെ വിശദാംശങ്ങൾ സമന്വയിപ്പിക്കുന്നു. ഇരു രാജ്യങ്ങൾക്കും അത്യധികം ആവശ്യമുള്ള സമാധാനത്തിനായുള്ള റോഡ്മാപ്പോടെയാണ് പഠനം അവസാനിക്കുന്നത്. -യുഎസ്‐ ഇറാൻ സംഘർഷത്തിന്റെ അടിസ്ഥാന കാരണങ്ങൾ പരിശോധിച്ച് പാശ്ചാത്യ വിദഗ്ധർ നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ഇറാനിയൻ സംസ്കാരം, സമൂഹം, നയരൂപീകരണ സംവിധാനം എന്നിവയിൽനിന്ന് സങ്കീർണ ബന്ധത്തെക്കുറിച്ചുള്ള ഉൾക്കാഴ്ച അവയൊന്നും അവതരിപ്പിച്ചിട്ടില്ല. ആ വിടവ് തെറ്റിദ്ധാരണകൾക്കും സംഘർഷങ്ങൾക്കും കാരണമായിട്ടുണ്ട്. തുടർന്ന് ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പരാജയപ്പെട്ട നയങ്ങൾ സ്വീകരിച്ചു യുഎസ്. ഓർമക്കുറിപ്പുകൾ, വിശകലനം, അനുരഞ്ജനത്തിനുള്ള അന്വേഷണത്തിൽ മുമ്പ് കാണാത്ത നിരവധി പരാജയങ്ങളുടെ വിശദാംശങ്ങൾ എന്നിവ സമന്വയിപ്പിക്കുന്നു മൗസാവിയൻ. ഇരു രാജ്യങ്ങൾക്കും അത്യധികം ആവശ്യമുള്ള സമാധാനത്തിനായുള്ള മാർഗരേഖയും തെളിയുന്നു. വരും വർഷങ്ങളിൽ ആഗോള സ്ഥിരതയുടെ ഏറ്റവും പ്രധാന നിർണായക ഘടകങ്ങളിൽ ഒന്നായിരിക്കും യുഎസ്- ‐ഇറാൻ ബന്ധങ്ങളുടെ ഭാവി. യുഎസുമായുള്ള ബന്ധത്തെ ഇറാൻ എങ്ങനെ കാണുന്നുവെന്നതിന്റെ വ്യക്തവും ആഴത്തിലുള്ളതും ചിന്തോദ്ദീപകവുമായ വീക്ഷണം. വിപ്ലവ മൂർധന്യത്തിൽ രൂപപ്പെടുത്തിയ കാഴ്ചപ്പാടിന് ബന്ധങ്ങൾ സാധാരണ നിലയിലാക്കുന്നതിനുള്ള വഴി കാണാൻ കഴിയും. വിഷലിപ്തമാക്കപ്പെട്ട അവിശ്വാസത്തിന്റെയും തെറ്റിദ്ധാരണകളുടെയും നഷ്ടപ്പെട്ട അവസരങ്ങളുടെയും കാരണങ്ങളെക്കുറിച്ച് വ്യക്തമായതും ആധികാരികവുമായ ധാരണ നൽകുന്നു. – ഒരുകാലത്ത് അടുത്ത സഖ്യകക്ഷികളായിരുന്ന രാജ്യങ്ങൾ. കൂടുതൽ ക്രിയാത്മകമായ ബന്ധം സ്ഥാപിക്കുന്നതിൽ മുൻകാല പരാജയങ്ങളുടെ കാരണങ്ങളെക്കുറിച്ചും നിലവിലെ അവസരങ്ങളുടെ ജാലകത്തെക്കുറിച്ചും ആശങ്കാകുലരായ അമേരിക്കക്കാർക്കും ഇറാനികൾക്കും ധാരണ നൽകും. ആണവ ചർച്ചകൾ, എംഇകെയുടെ വധശ്രമം, ഇറാനിയൻ ഗവൺമെന്റിന്റെ സ്വന്തം അറസ്റ്റ് എന്നിവയുൾപ്പെടെ വിവരിക്കുന്ന നിരവധി സംഭവങ്ങളിൽ അദ്ദേഹം നേരിട്ട് പങ്കെടുത്തു. കഴിഞ്ഞ കുറേ വർഷങ്ങളായി മൗസാവിയന് തന്റെ വാസസ്ഥലമായ യുഎസിനെയും അറിയാം. ലോകത്തെക്കുറിച്ചുള്ള ഇരു രാജ്യങ്ങളുടെയും വ്യത്യസ്തമായ വീക്ഷണകോണുകളെക്കുറിച്ച് ഇത്രയും നിശിതമായ ധാരണ കൊണ്ടുവരാൻ കുറച്ച് നിരീക്ഷകർക്ക് മാത്രമേ കഴിയൂ.







No Comments yet!