
പ്രശസ്ത എഴുത്തുകാരനും മുതിർന്ന മാധ്യമ പ്രവർത്തകനും ലോകസഞ്ചാരിയുമായ അനിൽകുമാർ എ വി യുടെ തിങ്കളാഴ്ച പംക്തി തുടരുന്നു:
നുറുങ്ങുകൾ : 6
മധ്യ അമേരിക്കയിലും മെക്സിക്കോയിലുമുടനീളം തൊഴിലാളികളെയും കർഷകരെയും അതിവിപുലമായി സംഘടിപ്പിച്ച, കമ്യൂണിസ്റ്റ് പാർടിഓഫ് സെൻട്രൽ അമേരിക്കയുടെയും പിന്നീട് കമ്യൂണിസ്റ്റ് പാർടി ഓഫ് എൽ സാൽവഡോറിന്റെയും സ്ഥാപകരിൽ പ്രധാനിയായ, 1932 ഫെബ്രുവരി ഒന്നിന് വെടിയുണ്ടകളാൽ വധിക്കപ്പെട്ട വിപ്ലവകാരിയായിരുന്നു അഗസ്റ്റിൻ ഫറബുണ്ടോ മാർട്ടി റോഡ്രിഗസ്.

സംസ്കാരത്തിലൂടെ സ്വാതന്ത്ര്യത്തിലേക്ക് എന്ന ആപ്തവാക്യം ഉയർത്തിപ്പിടിച്ച് 1841 ഫെബ്രുവരി 16 ന് സ്ഥാപിതമായ എൽ സാൽവഡോറിലെ നാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് വിദ്യാഭ്യാസം നേടി മാർക്സിസ്റ്റ്-‐ലെനിനിസ്റ്റ് ആശയങ്ങളാൽ സ്വാധീനിക്കപ്പെടുകയും പിന്നീട് ജീവിതം പോരാട്ടങ്ങൾക്ക് സമർപ്പിക്കുകയും ചെയ്തു. 1920- ൽ രാജ്യത്തുനിന്ന് പുറത്താക്കപ്പെട്ട അദ്ദേഹം മധ്യ അമേരിക്കയിലുടനീളം സഞ്ചരിച്ച് ഒട്ടേറെ ഇടതുപക്ഷ പഠന ഗ്രൂപ്പുകൾ രൂപീകരിച്ച് പ്രതിരോധ പ്രസ്ഥാനങ്ങൾ കെട്ടിപ്പടുത്തു. പ്രസിഡന്റ് പിയോ റൊമേറോ ബോസ്ക് കാരാഗൃഹത്തിലടയ്ക്കുകയും നിരാഹാര സമരത്തിന് ശേഷം മോചിതനാകുകയും ചെയ്ത മാർട്ടി 1928-ൽ ന്യൂയോർക്കിലേക്ക് പോയി, രണ്ടു വർഷത്തിനകം തിരിച്ചുവന്ന് കോഫി റിപ്പബ്ലിക് എന്നറിയപ്പെട്ട പടിഞ്ഞാറൻ കാപ്പി എസ്റ്റേറ്റുകളായ അഹുവാചപാൻ, സോൺസോണേറ്റ് എന്നിവ കേന്ദ്രീകരിച്ച് രാഷ്ട്രീയ പ്രവർത്തനങ്ങൾ തുടർന്നു. 1931- ൽ കർഷകരുടെയും തൊഴിലാളിയുടെയും പണിമുടക്കുകൾ നയിച്ചു. അവയെ വ്യാപകമായി അടിച്ചമർത്തി. അദ്ദേഹത്തെ സഹായിച്ച രണ്ട് വിദ്യാർഥികളെയാണ് ആദ്യം ജയിലിലടച്ചത്. ലാ മറ്റാൻസ എന്നറിയപ്പെട്ട പ്രതികാരത്തിൽ അര ലക്ഷത്തിനടുത്ത് കർഷകർ കൂട്ടക്കൊല ചെയ്യപ്പെട്ടു. മാർട്ടിയെയും ആ വിദ്യാർഥികളെയും വിചാരണ ചെയ്യുകയും അടുത്ത ദിവസം ഫയറിങ് സ്ക്വാഡ് വധിക്കുകയും ചെയ്തു. മുതലാളിത്തവും സാമ്രാജ്യത്വവും അവകാശപ്പെടുന്ന സ്ഥിരത പലപ്പോഴും കൂട്ടക്കുഴിമാടങ്ങളിൽ കെട്ടിപ്പടുക്കുന്നതാണെന്ന് അത് അടിവരയിടുന്നു.
വെള്ളത്തൂവല്‍ സ്റ്റീഫന്‍ അനുസ്മരണം
https://www.facebook.com/reel/670459582821796
(A tribute to Sri. Vellathooval Stephen, A life well-lived, a legacy to glean. With gratitude, we remember his name, And cherish the impact he left in the frame)
ശുദ്ധീകരണം ആവശ്യമുള്ള ആത്മീയ രോഗമായ പ്രക്ഷോഭങ്ങൾ
കൊലപാതകങ്ങൾ നടത്തിയ സാൽവഡോറൻ സൈനികോപകരണത്തിന് അമേരിക്ക പരിശീലനം, സിദ്ധാന്തം, ഭൗതിക പിന്തുണ എന്നിവ നൽകിയിരുന്നു. ലാ മറ്റാൻസയുടെ അലയൊലികൾ ആഴമേറിയതായി. സാംസ്കാരികമായി അതിജീവിച്ച തദ്ദേശീയ ജനതയുടെ ഭാഷ, പരമ്പരാഗത വസ്ത്രധാരണം എന്നിവ മറച്ചുവെക്കാൻ അത് നിർബന്ധിതമാക്കി. സാമ്പത്തിക നീതിക്കായുള്ള മുതലാളിത്ത വിരുദ്ധ പോരാട്ടവും തദ്ദേശീയ ജീവിതത്തിന്റെയും സംസ്കാരത്തിന്റെയും വംശീയ വിരുദ്ധ പ്രതിരോധവും തമ്മിലെ അഭേദ്യ ബന്ധത്തെ അത് എടുത്തുകാട്ടി. തിയോസഫിക്കൽ വിശ്വാസങ്ങളാൽ സ്വാധീനിക്കപ്പെട്ട മാർട്ടി, പ്രക്ഷോഭങ്ങളെ ശുദ്ധീകരണം ആവശ്യമുള്ള ആത്മീയ രോഗമായാണ് ചിത്രീകരിച്ചത്. പ്രമുഖ നക്സലൈറ്റും എഴുത്തുകാരനുമായ വെള്ളത്തൂവൽ സ്റ്റീഫൻ 2026 ജനുവരി 31 എൺപത്തിരണ്ടാം വയസിൽ കോതമംഗലം വടാട്ടുപാറയിലെ മകളുടെ വീട്ടിൽ മരിച്ച വാർത്ത അറിഞ്ഞയുടൻ മനസിലെത്തിയത് പേനകളാൽ ചരിത്രം രചിക്കാൻ അനുവദിക്കുന്നില്ലെങ്കിൽ പിന്നെയത് തോക്കുകൾ കൊണ്ടാവണം. മഷിപ്പേനകളുടെ അക്ഷരങ്ങൾ തെളിയുന്നില്ലെങ്കിൽ അതിൽ ഗന്ധകം നിറക്കണം തുടങ്ങിയ മാർട്ടി റോഡ്രിഗസിന്റെ ഉദ്ധരണികളാണ്.
സംസ്ഥാനത്തെ വിറകൊള്ളിച്ച നിരവധി നക്സലൈറ്റ് പോരാട്ടങ്ങളുടെയും ജനകീയ ചെറുത്തുനിൽപ്പുകളുടെയും നേതൃത്വത്തിലുണ്ടായ സ്റ്റീഫൻ ഒരു ഘട്ടത്തിൽ ആത്മീയതയിലേക്ക് മറിഞ്ഞുവീണു (തോക്കിൻകുഴിലിൽനിന്ന് ബൈബിളിലേക്കുള്ള അകലമെന്ന പ്രയോഗംപോലുമുണ്ടായി) എങ്കിലും ആ സംഭാവനകൾ അവഗണിക്കാവുന്നതല്ല. മതപരമായ ചടങ്ങുകളില്ലാതെ മൃതദേഹം സംസ്കരിക്കണമെന്ന ആഗ്രഹമാണ് അദ്ദേഹം അവസാനം കുടുംബത്തെ അറിയിച്ചിരുന്നത്. ഒരുവേള സംസ്ഥാന വ്യാപകമായി സുവിശേഷ പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞ സ്റ്റീഫൻ ഇടുക്കി ചേലചുവട്ടിലെ മാസ് ടൈലേഴ്സിലെ തയ്യൽ ജോലിയിലൂടെയാണ് ഉപജീവനമാർഗം കണ്ടെത്തിയിരുന്നത്. 1960-കളുടെ അവസാനത്തിൽ പശ്ചിമ ബംഗാളിലെ നക്സൽബാരിയിൽ ആരംഭിച്ച സായുധ വിപ്ലവത്തിന്റെ അഗ്നികുണ്ഠം യൗവനത്തിന്റെ ഊർജസ്വലമായ നാളുകളിലേ കൈയിലേന്തി. അദ്ദേഹവും സഖാക്കളും നക്സല്‍ബാരി സിന്ദാബാദ് മുഴക്കി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജാഥകള്‍ നടത്തിയ കാലം പുതിയ ചിന്തകളുടെ വിതയിടൽ കൂടിയായിരുന്നു.

കേരളത്തിലെ നക്സൽ ഓപ്പഷേനുകളിൽ ആദ്യത്തേത് 1968 നവംബർ 22 ന് കുന്നിക്കൽ നാരായണന്റെ നേതൃത്വത്തിൽ 300 പ്രവർത്തകർ തലശേരി പോലീസ് സ്റ്റേഷൻ ആക്രമിച്ച് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുക്കാൻ ഇറങ്ങിയതാണ്. പക്ഷേ ആ ശ്രമം ആസൂത്രണം ചെയ്തതുപോലെ നടന്നില്ല. തലശേരി പൊലീസ് സ്റ്റേഷൻ ആക്രമണത്തിലൂടെയാണ് സ്റ്റീഫൻ പ്രധാനമായും വാർത്തകളിൽ നിറഞ്ഞത്. കുന്നിക്കൽ നാരായണൻ, അരീക്കാട് വർഗീസ്, കെ അജിത തുടങ്ങിയവർക്കൊപ്പം സ്റ്റേഷൻ ആക്രമിച്ച് ആയുധങ്ങൾ പിടിച്ചെടുക്കാനും സായുധ വിപ്ലവം വ്യാപിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതായിരുന്നു ആ സാഹസിക നീക്കം. സ്റ്റീഫന്‍ എറിഞ്ഞ നാടന്‍ ബോംബ് ചുവരില്‍ തട്ടി പുറത്തേക്ക് തെറിച്ച് വീണതിനാല്‍ ആക്രമണം പൂര്‍ണതോതില്‍ സഫലമായില്ല. എന്നാൽ ഒരു ബദൽ പ്രസ്ഥാനത്തിന്റെ കാഹളം കേരളമാകെ മുഴങ്ങി. പുല്‍പ്പള്ളി പൊലീസ് ആക്രമണം കഴിഞ്ഞ് നക്സലൈറ്റ് പോരാട്ടങ്ങള്‍ക്ക് ഏകോപനമുണ്ടായപ്പോള് അതിന്റെ നേതൃസ്ഥാനത്തുണ്ടായിരുന്നു അദ്ദേഹം. ഒന്നര പതിറ്റാണ്ട് ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ സ്റ്റീഫൻ സായുധ വിപ്ലവം ഉപേക്ഷിച്ച് സുവിശേഷകനായിപ്പോൾ പ്രതികരിച്ചത്, പാകതവരാത്ത ചെറുപ്പമായതിനാൽ വിപ്ലവം അറിവില്ലായ്മയിൽ നിന്നുള്ള ആവേശമായിരുന്നെന്നാണ്. ജയിലില്‍ വെച്ചുതന്നെ ചാരുമംജുദാറിന്റെ ഉന്മൂലന പാതയോട് അകന്നു. നക്സല്‍ പ്രസ്ഥാനങ്ങളുടെ ആദ്യ ഘട്ടത്തിന്റെ അവസാനം എന്ന് വിശേഷിപ്പിക്കപ്പെട്ട, 1971- ലെ അറസ്റ്റ് വേളയിൽ ഇരുപതിനടുത്ത് കേസുകളുണ്ടായി. പൊലീസ് ക്യാമ്പുകളിലും ലോക്കപ്പിലും അതിക്രൂര മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നിട്ടുമുണ്ട്. തൃശിലേരിയിലും തിരുനെല്ലിയിലും വര്‍ഗീസിന്റെയും പാലക്കാട് മുണ്ടൂരില്‍ രാവുണ്ണിയുടെയും തിരുവന്തപുരം കൊല്ലം ജില്ലകളിലായി നഗരൂര്‍-കുമ്മിളില്‍ സ്റ്റീഫന്റെയും നേതൃത്വത്തിൽ ജന്മിമാരുമായി ഏറ്റുമുട്ടി. ചിലതിൽ മരണം സംഭവിക്കുകയുമുണ്ടായി. 1968 സെപ്തംബർ-‐ഒക്ടോബർ മാസങ്ങളിലാണ് അനീതി കാട്ടുന്നവർക്കെതിരെ ആയുധമെടുക്കാൻ തീരുമാനിച്ചത്. വർഷങ്ങളായി വനപ്രദേശത്ത് സ്ഥിരവാസമാക്കിയ ഏഴായിരത്തോളം കർഷകരെ കുടിയിറക്കാനുള്ള വനം-പുൽപ്പള്ളി ദേവസ്വത്തിന്റെ നീക്കത്തിനെതിരായ പ്രക്ഷോഭം നേരിടാൻ പുൽപ്പള്ളിയിൽ തുറന്ന മദ്രാസ് സ്പെഷ്യൽ പൊലീസ് ക്യാമ്പിനെതിരെ വർഗീസിന്റെ നേതൃത്വത്തിൽ ആക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു.
ഇടുക്കിയിലെ കുടിയേറ്റ ഗ്രാമമായ വെള്ളത്തൂവലിലെ എസ്തഫനോസ്
കോട്ടയം ജില്ലയിലെ കങ്ങഴയ്ക്കടുത്ത കര്‍ഷക കുടുംബത്തിൽ ചുണ്ടമണ്ണിൽ തറവാട്ടിൽ സക്കറിയയുടെയും അന്നമ്മയുടെയും മകനായി ജനിച്ച എസ്തഫനോസ് എന്ന സ്റ്റീഫൻ ബാല്യത്തിലേ അച്ഛനൊപ്പം ഇടുക്കി ജില്ലയിലെ വെള്ളത്തൂവലിലേക്ക് കുടിയേറി. അവിടെ നിന്നാണ് പേരിനൊപ്പം വെള്ളത്തൂവൽ ചേർത്തത്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം അച്ഛന്റെ വഴി പിന്തുടർന്ന് അവിഭക്ത കമ്യൂണിസ്റ്റ് പാർടി പ്രവര്‍ത്തകനായി രാഷ്ട്രീയാരംഭം. പിളര്‍പ്പിന് ശേഷം സിപിഐയില്‍ നിന്നെങ്കിലും ചാരുമജുംദാറിന്റെ ആഹ്വാനങ്ങളിലേക്ക് ആകൃഷ്ടനായി. പിന്നീടുള്ള ജീവിതം സുവിശേഷ പ്രവർത്തനങ്ങൾക്കും സാഹിത്യ രചനകൾക്കുമായി മാറ്റിവെച്ചെങ്കിലും വസന്തത്തിന്റെ ഇടിമുഴക്കമെന്ന് അതികാല്പ്പനികമായും അപക്വമായ അതിവിപ്ലവ വ്യാമോഹങ്ങളെന്ന് വിമര്‍ശനപരമായും വിശേഷിപ്പിക്കപ്പെട്ട കാലഘട്ടത്തിന്റെ ഒടുവിലത്തെ ഏടുകളിലൊന്നാണ് ആ വിയോഗത്തോടെ ചരിത്രമാവുന്നത്. അവസാനം വരെ ദര്‍ശനത്തിലും പ്രത്യയശാസ്ത്രത്തിലുമെല്ലാം സ്വയം കണ്ടെത്തിയ നിലപാടുകളില്‍ ഉറച്ചുനിന്നു.

2021 ഡിസംബറിൽ പുറത്തിറങ്ങിയ 19 അധ്യായങ്ങളടങ്ങിയ ‘വെള്ളത്തൂവല്‍ സ്റ്റീഫന്റെ ആത്മകഥ’ സ്വയംപരിശോധനകളും തീവ്രവിപ്ലവ പ്രസ്ഥാനങ്ങളോടുള്ള വിമർശനങ്ങളും നിറഞ്ഞതാണ്. കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്റെ പരാജയ കാരണങ്ങളും ബലഹീനതകളും അപചയങ്ങളുമാണ് പ്രധാന അന്വേഷണം. ഭരണകൂടം ആവിര്‍ഭവിച്ചതു മുതല്‍ അതിന്റെ ആനുകൂല്യങ്ങളില്‍ അഭിരമിച്ചവരും ബലിയാടുകളുമുണ്ടായി. പരാജിതര്‍ ഉൾവലിഞ്ഞവരും അടിമകളും വിധേയത്വ ബോധമുള്ളവരുമായിത്തീര്ന്നു. ആറ്റംബോംബ് അപകടകാരിയായ ഭൗതികവസ്തുവാണ്. അനേകം നൂറ്റാണ്ടുകള്‍ക്ക് മുന്നേ അജ്ഞതയില്‍നിന്ന് മനുഷ്യന് സങ്കല്പിച്ച ദൈവം വലിയ സാംസ്കാരിക അപകടമാണ് സൃഷ്ടിച്ചത്. അത് ഭൗതികമായും ആത്മീയമായും മനുഷ്യരാശിയെ നശിപ്പിച്ച് കീഴടക്കുന്നു. ദൈവസങ്കല്പം മനുഷ്യമനസിനെ മതാത്മകമാക്കി അടിമപ്പെടുത്തുന്നതാണ്. ഉല്ക്കര്ഷേച്ഛുക്കളെ വിപരീതമായി ബാധിക്കുന്നു. ഇത്തരം വിചിന്തനങ്ങള്‍ ബാല്യകാലത്ത് എന്റെ മനസിനെ മഥിക്കുകയുണ്ടായി. അച്ഛനായിരുന്നു ആ നാളുകളിൽ മാർഗദര്‍ശി. പാർലമെന്ററിമാത്ര വഴിയിലേക്ക് ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കൾ വ്യതിചലിച്ചപ്പോള്‍ അദ്ദേഹവും ആശയപരമായി മാറി. എനിക്കാവട്ടെ ഭൗതിക ദാര്ശനികതയില്നിന്നും പിന്നോട്ടു നടക്കുക അസാധ്യമായിരുന്നു. നാളെ അല്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ വിപ്ലവം നടക്കുമെന്ന മോഹവും പ്രതീക്ഷയും എന്നില്‍ നാമ്പെടുക്കാന്‍ പരിലാളിച്ചത് ആദ്യകാല നേതാക്കളായിരുന്നു. റഷ്യയിലെ ഒക്ടോബര്‍ വിപ്ലവവും ചൈനീസ് വിപ്ലവവും വിയറ്റ്നാം യുദ്ധവിജയവും എന്റെ മനസിനെയും സ്വാധീനിക്കുകയുണ്ടായി.പഴയകാല കമ്യൂണിസ്റ്റുകാർക്കും പാർടിക്കും എന്തു സംഭവിച്ചുവെന്ന് ഇന്ന് എല്ലാവര്ക്കും അറിവുണ്ടല്ലോ. സ്വാഭാവികമായും അത്തരം വ്യതിയാനത്തിനെതിരായ തീവ്രപ്രതികരണത്തിന്റെ ബഹിര്‍സ്ഫുരണമായിരുന്നു ഇന്ത്യന്‍ നക്സലിസം. ഒരു കൂട്ടര് കൂടുതല്‍ വലത്തോട്ടും ഒരു കൂട്ടര് കൂടുതല്‍ ഇടത്തോട്ടും വ്യതിചലിച്ചു. ഹൃദ്രോഗവും പ്രമേഹവും രക്തസമ്മര്‍ദ്ദവും എന്നോട് വല്ലാതെ മല്ലിടുക്കുന്നുണ്ട്. ഉപജീവനത്തിനായി ജോലി ചെയ്യേണ്ടതിനാൽ എന്റെ മുഴുവന്‍ സമയവും മനസും എഴുത്തില്‍ കേന്ദ്രീകരിക്കാന്‍ കഴിയാത്ത അവസ്ഥയിലായി.

എഴുത്തുകാരും സാമൂഹ്യചിന്തകരും പല സ്ഥലങ്ങളില്‍നിന്നും എന്നെ കാണാന്‍ വരാറുണ്ട്. അവരില്‍ ചിലർ ആത്മകഥ എഴുതാന്‍ എനിക്കു പ്രേരണയായെന്നാണ് അദ്ദേഹത്തിന്റെ ആമുഖം. സി പി ഐ-യിൽ നിന്ന് നക്സലൈറ്റ് പ്രസ്ഥാനത്തിലേക്ക് മാറി തലശേരി പൊലീസ് സ്റ്റേഷൻ ആക്രമണം ഉൾപ്പെടെയുള്ള വിപ്ലവ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന കാലവും ഒളിവ് ജീവിതവും കൃതിയിൽ പ്രതിപാദിച്ചിട്ടുണ്ട്. കേരളത്തിലെ അടിച്ചമർത്തപ്പെട്ട ജനതയ്ക്ക് വേണ്ടി നിലകൊണ്ടു. നാടും കാടും സഞ്ചരിച്ച് വിപ്ലവപാർടിയുടെ കൊടിയുയർത്തി.
ആത്മകഥ സിനിമയാക്കാനുള്ള തയ്യാറെടുപ്പുകൾക്കിടെ മരണം
വയനാട് കേന്ദ്രീകരിച്ച് ചൂഷകരായ ജന്മിമാർക്കെതിരെ നടന്ന നക്സൽ ഇടപെടലുകളിലും സ്റ്റീഫന്റെ സാന്നിധ്യമുണ്ടായതായി ആത്മകഥ വിവരിച്ചിട്ടുണ്ട്. ഭാഷയുടെ പിണഞ്ഞുകെട്ടിയ ഊടും പാവും എന്നതിനെക്കാൾ സാധാരണക്കാരിൽ സാധാരണക്കാരനായ ഞാൻ സത്യസന്ധതയോടെ മനസു തുറക്കുമ്പോൾ വീണുകിട്ടിയ ഭാഷയാണ് തന്റേതെന്ന് ആമുഖത്തിൽ അടയാളപ്പെടുത്തി. എതിരാഖ്യാനങ്ങളെ ദുർവാശിയോടെ അടിച്ചമർത്തുന്ന കപട ഡെമോക്രസി. ഇവിടെ താനും പരാജിതനാണെന്നും കൂട്ടിച്ചേർത്തു. ആത്മകഥ സിനിമയാക്കാനുള്ള തയ്യാറെടുപ്പുകൾ നടന്നു വരികെയായിരുന്നു ആ മരണം. നക്സലിസം ചെറിയ മലയല്ല, വലിയ പർവതമാണ്. അത് സാമ്രാജ്യത്വ ചൂഷണം, ഫ്യൂഡലിസം, അനാചാരങ്ങൾ, അന്ധവിശ്വാസങ്ങൾ തുടങ്ങിയവയ്ക്കെതിരെ ഉയർത്തുന്ന വെല്ലുവിളിയാണെന്ന് നക്സലൈറ്റുകൾ മനസിലാക്കിയില്ല. അതിന് ഏറ്റവും പ്രതികൂലമായി നിന്നത് -റിവിഷനിസമാണ്. കേരളത്തെ സംബന്ധിച്ച് തിരുത്തൽവാദം അധികാരശക്തികൂടിയായിരുന്നുവെന്നും സ്റ്റീഫൻ വിലയിരുത്തി. സഹപ്രവർത്തകരായിരുന്ന എ വർഗീസ് മുതൽ കെ വേണു അടക്കമുള്ളവരുടെ പ്രവർത്തനങ്ങളും പുസ്തകത്തിൽ വിശകലനം ചെയ്തിട്ടുണ്ട്. ജീവിതാനുഭവങ്ങള്‍ക്കൊപ്പം .ചരിത്രശാസ്ത്രവും മാര്‍ക്സിയന്‍ ദര്‍ശനവും, പ്രചോദനം, ആതതായികള്, അർധബിംബം, മേഘപാളിയിലെ കാല്‍പ്പാടുകള്‍, കനൽവഴികള്‍ കടന്ന് ഒരു ദൈവസാക്ഷ്യം തുടങ്ങിയ പുസ്തകങ്ങളും അദ്ദേഹം രചിച്ചിക്കുകയുണ്ടായി.

1960 ‐ 70 പതിറ്റാണ്ടുകളിൽ വിപ്ലവത്തിനായി സർവതും ഇട്ടെറിഞ്ഞ് സ്വയം സമർപ്പിച്ച പ്രക്ഷുബ്ദ തലമുറയുടെ ഉജ്വല പ്രതീകമായിരുന്നു വെള്ളത്തൂവൽ സ്റ്റീഫൻ. അസമത്വങ്ങളോടും അടിച്ചമർത്തലുകളോടും അധഃസ്ഥിത ജനവിഭാഗങ്ങളുടെ അവകാശപ്പോരാട്ടങ്ങളോടും നാട്യങ്ങളില്ലാത്ത കൂറുപുലർത്തിയവരുടെ കളങ്കമേശാത്ത പ്രതിബദ്ധതയുടെയും ഉള്ളടക്കമുള്ള സമരബോധത്തിന്റെയും ചോരനൽകാൻ സന്നദ്ധമായ ആത്മാർഥതയുടെയും ഒരിക്കലും ഉപേക്ഷിക്കാത്ത സമർപ്പണ മനോഭാവത്തിന്റെയും നടുവളക്കാത്ത ത്യാഗസന്നദ്ധതയുടെയും ആർക്കും ചോദ്യംചെയ്യാനാവാത്ത നിലപാടുകൾ വിപ്ലവ കാല്പനികതയായി എഴുതിത്തള്ളുന്നവർ സ്റ്റീഫനെപ്പോലുള്ളവർ പാകിയ വിമോചന സ്വപ്നങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നത് രാഷ്ട്രീയ നിരുത്തരവാദമാണ്. ഭരണസംവിധാനങ്ങളും മുഖ്യധാരാ ഇടതുപക്ഷവും ഒഴികഴിവുകളിൽ വിശ്രമിച്ച് സമയം പാഴാക്കിയപ്പോൾ ഇവിടെ ഇരന്പിയ അനുരഞ്ജനമില്ലാത്ത പാദചലനങ്ങൾ അത്ര നിസാരവുമായിരുന്നില്ല.

കേണിച്ചിറയിൽ 1982 മെയ് മാസത്തില്‍ മഠത്തില്‍ മത്തായിയെന്ന മാടമ്പിയെ ആക്ഷൻ കമാന്‍ഡറായിരുന്ന, 2024 ഏപ്രിൽ 27ന് അന്തരിച്ച കുന്നേല്‍ കൃഷ്ണന്റെ നേതൃത്വത്തിൽ വീട്ടിൽകയറി വകവരുത്തിയത് വയനാട്ടിലെ ഫ്യൂഡല്‍ പ്രമാണിമാരെയാകെ വിറകൊള്ളിച്ചതായിരുന്നു. ഉന്മൂലന പ്രതികാരം ഒഴിവാക്കാന്‍ നിശ്ചയിച്ച ഘട്ടത്തിലായിരുന്നു വധം. മുമ്പുള്ള സംഭവങ്ങളുടെ ഹാങ്ങോവറിലായിരുന്നു അത്. ഗ്രാമങ്ങളെ വിമോചിപ്പിച്ച് നഗരങ്ങൾ വളയുക എന്നതായിരുന്നു പദ്ധതി. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ കടന്നുചെന്ന് ആക്ഷന്‍ നടത്തുന്നതിനു പകരം കൂടുതല്‍ ജനകീയമാക്കാം എന്ന രീതിയിലേക്ക് മാറണമെന്ന് തോന്നി. മത്തായിയുടെ പീഡനങ്ങളും ക്രൂരതകളും ജനങ്ങളില്‍നിന്ന് മനസിലാക്കി അടിച്ചിറക്കിയ നോട്ടീസുമായി വീടുകള്‍ കയറി എന്ത് ശിക്ഷ നല്‍കണമെന്ന് അഭിപ്രായം സ്വരൂപിച്ച് ഉന്മൂലനസമരത്തെ ജനകീയമാക്കി മാറ്റണമെന്ന് തീരുമാനിച്ചു. പലര്‍ക്കും പല അഭിപ്രായമായിരുന്നു. കാലും കൈയും വെട്ടണമെന്ന് ചിലർ പറഞ്ഞു. അത് അയാളെ സഹതാപത്തിന് അര്‍ഹനാക്കും എന്ന് തോന്നി. അങ്ങനെയാണ് ഉന്മൂലനത്തിന് തീരുമാനിച്ചതെന്നാണ് കുന്നേല്‍ കൃഷ്ണൻ ഒരഭിമുഖത്തിൽ വ്യക്തമാക്കിയത്.
കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് താക്കീതായ വിചാരണ
രോഗികളുടെ ജീവൻവെച്ച് വിലപേശിയ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് താക്കീതായ അഴിമതിവിരുദ്ധ പ്രക്ഷോഭം അതിരുവിട്ടതായിപ്പോയെന്ന പരാതിയുണ്ടായെങ്കിലും അതിന്റെ പ്രതിഫലനം തള്ളിക്കളയാവുന്നതല്ല. 1980-‐ 82 കാലയളവിൽ സജീവ സാന്നിധ്യമായിരുന്ന സാംസ്കാരിക ബഹുജന മുന്നണിയായിരുന്ന ജനകീയ സാംസ്കാരിക വേദിയുടെ പ്രവർത്തനങ്ങളും അടിമരീതികളെ നിരാകരിച്ചവയായിരുന്നു. രഹസ്യസ്വഭാവമുള്ള വിപ്ലവപാർടിയിൽനിന്നും വേറിട്ട സ്വതന്ത്ര മുഖമായിരുന്ന അതിന്റെ ആദ്യരൂപം വയനാട് സാംസ്കാരിക വേദി. സാംസ്കാരിക-സാഹിത്യ ഇടങ്ങൾ സർഗാത്മകവും വിപ്ലവകരവുമായ ബദൽ ചുവടുകൾക്ക് നേതൃത്വമായി. നക്സൽ മുന്നേറ്റങ്ങളുടെ ബഹുജന ഇടപെടലിനുള്ള കൾച്ചറൽ ഫ്രണ്ട് എന്ന സംഘടനാ സംവിധാനമായിട്ടായിരുന്നു വേദി പടർന്ന് പന്തലിച്ചതും. കേരളം പിന്നീട് ആദരവോടെ ഏറ്റെടുത്ത വിവിധ വിജ്ഞാന മേഖലകളിലെ ഒട്ടേറെ പ്രതിഭകൾ വേദിയിൽ ഒളിഞ്ഞും തെളിഞ്ഞും പങ്കാളികളായി. എഴുപതുകളിലാണ് ആധുനിക പ്രവണതകളെ രാഷ്ട്രീയമായ ആധുനികതകൊണ്ട് മറികടക്കാനുള്ള ശ്രമം നടന്നത്. കോഴിക്കോട്-‐വയനാട് സാംസ്കാരികവേദികളുടെ നേതൃത്വത്തില്‍ വ്യാപകമായി അരങ്ങേറിയ ബ്രെഹ്റ്റിന്റെ അമ്മ, ബാദല്‍ സര്‍ക്കാരിന്റെ സ്പാര്‍ട്ടക്കസ്, മധുമാഷ് രചിച്ച പടയണി, കെ ജെ ബേബിയുടെ നാടുഗദ്ദിക തുടങ്ങിയ രംഗാവിഷ്ക്കാരങ്ങൾ പ്രമേയയത്താലും രൂപത്താലും പാരമ്പര്യ ഗൃഹാതുരത്വത്തെ വെല്ലുവിളിച്ച പൊട്ടിത്തെറികളായിരുന്നു. പുരാവസ്തു‐ പുരസ്കാരദാഹ സംഘങ്ങൾക്ക് ഒരിക്കലും ചിന്തിക്കാനാവാതിരുന്ന വഴിമാറി നടത്തങ്ങൾ ഏറെ ബലിഷ്ടങ്ങളുമായി.
കോൺസ്റ്റബിൾ പി രാമചന്ദ്രൻ നായർ 1998-ൽ പരസ്യമായി വെളിപ്പെടുത്തിയത്
പ്രമുഖ കമ്യൂണിണ്റ്റ് നേതാവും ട്രേഡ്യൂണിയൻ സംഘാടകനുമായ അന്തരിച്ച എം എം ലോറൻസ് ആത്മകഥാ സ്പർശമുള്ള കുറിപ്പുകളിലൊന്നിൽഎഴുതിയത് ശ്രദ്ധേയമാണ്. ഇടുക്കിയിലെ വെള്ളത്തൂവലിൽ പൊതുയോഗത്തിൽ പ്രസംഗിക്കാൻ പോയപ്പോൾ ശ്രോതാക്കൾയിൽനിന്നും ഒരു യുവാവ് എന്നോട് ചില ചോദ്യങ്ങൾ ഉന്നയിക്കാൻ തുടങ്ങി. എല്ലാത്തിനും ഞാൻ മറുപടി പറഞ്ഞു. യോഗശേഷം അയാൾ അടുക്കൽ വന്ന് സ്വയം പരിചയപ്പെടുത്തി. വർഗീസ് എന്നാണ് പേരെന്നും അവിടെയാണ് താമസമെന്നും പറഞ്ഞു. ശാന്ത സ്വഭാവക്കാരനായിരുന്നു വർഗീസ്.

കുറേനാളുകൾക്ക് ശേഷം കണ്ടുമുട്ടിയപ്പോൾ ചൂഷണരഹിതമായ സമൂഹം സൃഷ്ടിക്കുന്നതിനെകുറിച്ച് ഉറച്ച ഭാഷയിൽ എന്നോട് സംസാരിച്ചു. സായുധ കലാപത്തിലൂടെ മാത്രമേ അതിന് കഴിയൂവെന്ന ഉറച്ച ധാരണയിലായിരുന്നു ആ ചെറുപ്പക്കാരൻ. മറ്റൊരു സന്ദർഭത്തിൽ എന്നോട് അക്കാര്യങ്ങൾ ആവർത്തിക്കുകയും ആ നിലപാട് ശരിയല്ലെന്ന് ഞാൻ പറഞ്ഞപ്പോൾ തർക്കിക്കുകയുമുണ്ടായി. ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ എറണാകുളത്ത് പാർടി ഓഫീസിൽ എന്നെ വന്നു കാണുകയും താൻ ഒരു സ്ഥലംവരെ പോവുകയാണെന്നും കുറച്ചു താമസിച്ചേ മടങ്ങി വരൂവെന്നും അറിയിച്ചു. നക്സൽ പ്രസ്ഥാനത്തിലേക്കുളള പോക്കായിരുന്നു അതെന്ന് ചെറിയൊരു സംശയം എന്റെയുള്ളിൽ ഇല്ലാതിരുന്നില്ല. ഞാൻ അക്കാലത്ത് പാർടി എറണാകുളം ജില്ലാ സെക്രട്ടറി. അധികം താമസിക്കാതെ മടങ്ങി വരണമെന്നും കൂടുതൽ ചർച്ചചെയ്യാനുണ്ടെന്നും ആ സമയത്ത് വർഗീസിനോട് ഞാൻ പറയുകയും ചെയ്തു. ഒളിവിൽ പോയി നക്സൽ പ്രവർത്തനം ആരംഭിച്ച അയാൾ ഞാനുമായി സമ്പർക്കം പുലർത്താതെ എറണാകുളത്ത് ചെലവന്നൂർ കടവന്ത്ര ഭാഗത്തുള്ള ചില ഹരിജൻ വീടുകളിൽ ഒളിവിൽക്കഴിഞ്ഞ് പ്രവർത്തനം നടത്തിയ വിവരങ്ങൾ അവിടെ നിന്നും എനിക്ക് കിട്ടുകയുണ്ടായി.

(അത് ലോറൻസിന് പറ്റിയ ഓർമക്കുറവാണെന്നും വയനാട് വെള്ളമുണ്ട സ്വദേശിയായ വർഗീസല്ല, മധ്യതിരുവിതാംകൂറുകാരനായ വെള്ളത്തൂവൽ സ്റ്റീഫനായിരിക്കാമെന്നും ചിലർ സൂചിപ്പിക്കുകയുണ്ടായി) വർഗീസിനെ പിന്നീട് പിടികൂടുകയും 1970 ഫെബ്രുവരി 18 ന് വെടിവെച്ച് കൊല്ലുകയും ചെയ്തു. ഏറ്റുമുട്ടലിലല്ല മരിച്ചത്. കസ്റ്റഡിയിൽ എടുത്തശേഷം ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായിരുന്ന കെ ലക്ഷ്മണയുടെ നിർദ്ദേശാനുസരണം വർഗീസിനെ വെടിവെച്ചു കൊന്നതാണെന്ന് കോൺസ്റ്റബിൾ പി രാമചന്ദ്രൻ നായർ 1998-ൽ പരസ്യമായി വെളിപ്പെടുത്തി. തിരുനെല്ലി പൊലീസ് സ്റ്റേഷന് സമീപത്തെ കൂമ്പാരക്കുനിയിൽനിന്നാണ് അദ്ദേഹത്തിന്റെ ജഡം കണ്ടെത്തിയത്.
എം എം ലോറൻസിന്റെ ഉറച്ച സ്വയംവിമർശനം
നക്സൽ പ്രസ്ഥാനം ജനങ്ങളിൽ സ്വാധീനമുണ്ടാക്കി ശക്തിപ്രാപിച്ചില്ല. നിരവധി ആളുകൾ മർദനത്തിന് ഇരയാകുകയും മറ്റ് ചിലർ കൊല്ലപ്പെടുകയും ഉണ്ടായി. പല ഇടതുപക്ഷ തീവ്രവാദികൾക്കും പറ്റിയ പ്രധാന തെറ്റ് വ്യക്തിപരമായ സാഹസിക പ്രവർത്തനം മുഖേന സാധാരണ ജനങ്ങളെ തങ്ങളിലേക്ക് ആകർഷിച്ചു പ്രസ്ഥാനം വളർത്താൻ കഴിയുമെന്നും ആ നടപടികൾ സായുധ വിപ്ലവത്തിന് പശ്ചാത്തലമൊരുക്കുമെന്നും കണക്ക് കൂട്ടിയതാണ്. അതല്ല ശരിയായ മാർഗം. ആരുടെ താൽപ്പര്യത്തിന് വേണ്ടിയാണോ പ്രവർത്തിക്കുന്നത് ആ ജനങ്ങളിൽ പരമാവധിപേരെ നിലപാട് ബോധ്യപ്പെടുത്തി ഒപ്പം കൊണ്ടുപോകാൻ കഴിഞ്ഞെങ്കിലേ ലക്ഷ്യ പ്രാപ്തിയിലേക്ക് നയിക്കപ്പെടുകയുള്ളൂവെന്ന പാഠമാണ് അതിൽനിന്ന് ഉൾക്കൊള്ളേണ്ടത്.

എങ്കിലും ഈവിധത്തിൽ പ്രവർത്തിച്ച് ധീരമായ പോരാട്ടത്തിന് നേതൃത്വം കൊടുത്ത സഖാക്കളുടെ സത്യസന്ധതയും ആത്മാർഥതയും ചോദ്യം ചെയ്യാൻ കഴിയാത്തതാണ്. തങ്ങളുടെ കൂടെ വരേണ്ട ജനവിഭാഗത്തിന്റെ രാഷ്ട്രീയവും ആശയപരവുമായ പിന്നോക്കാവസ്ഥ പരിഹരിക്കാൻ അവരെ ഉയർത്തി കൊണ്ടുവരികയെന്നത് വിപ്ലവ പ്രവർത്തനത്തിന്റെ പ്രധാനപ്പെട്ട ഭാഗമായി കണക്കാക്കപ്പെടണം. സ്ഥാനവും പദവിയും സുഖസൗകര്യങ്ങളും പ്രധാന ലക്ഷ്യമായി കണക്കാക്കി പ്രവർത്തിക്കുന്നവർക്ക് യഥാർഥ വിപ്ലവകാരിയാകാൻ കഴിയുകയില്ല. രക്തസാക്ഷികൾ ആ ഗണത്തിൽപെടുന്നില്ല. ഇന്നത്തെ യുവ തലമുറ പ്രത്യേകിച്ചും അക്കാര്യങ്ങൾ മനസിലാക്കിയിരിക്കേണ്ടതാണ് എന്ന എം എം ലോറൻസിന്റെ വാക്കുകൾ സ്വന്തം പാർടിയിലേക്ക് തിരിച്ചുവെച്ച കണ്ണാടികൂടിയാണെന്നത് വാസ്തവം.
കെ അജിതയെയും വധിച്ചേനെ
വർഗീസിനെപ്പോലെ അജിതയെയും കൊല്ലുമായിരുന്നു. കോളേജ് വിദ്യാഭ്യാസകാലത്തേ അച്ഛൻ കുന്നിക്കൽ നാരായണന്റെ വഴിതന്നെ അവളും തെരഞ്ഞെടുത്തു. 1960കളുടെ അന്ത്യത്തിൽ നക്സലിസത്തിലേക്ക് ആകൃഷ്ടയായി. തലശേരി‐ പുൽപ്പള്ളി കലാപങ്ങളിലെ ഏക സ്ത്രീയായിരുന്നു അജിത. പുൽപ്പള്ളി പൊലീസ് സ്റ്റേഷനാക്രമണത്തെ തുടർന്ന് അറസ്റ്റിലാവുമ്പോൾ കോഴിക്കോട് പ്രൊവിഡൻസ് കോളജ് പ്രീഡിഗ്രി വിദ്യാർഥിനി. പുൽപ്പള്ളി സ്റ്റേഷൻ ആക്രമിച്ച് ഇൻസ്പെക്ടറുടെ കൈ വെട്ടിയ സംഭവത്തിൽ പ്രതിയാക്കിയതിനെ തുടർന്ന് ഒളിവിൽ പോയെങ്കിലും 1968 ൽ അറസ്റ്റുചെയ്യപ്പെട്ടു. പൊലീസ് സ്റ്റേഷനിൽ കൊടിയ ക്രൂരതകൾക്ക് ഇരയായി. അറസ്റ്റും പ്രാകൃത മർദനമുറകളും സംസ്ഥാനത്താകെ ഇളക്കമുണ്ടാക്കി. ലോക്കപ്പിന്റെ ഇരുന്പഴികളിൽ അജിത പിടിച്ചുനിന്ന കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്റെ ആ പോസ്റ്റർ ചിത്രം പൊലീസുകാരെ വെട്ടിച്ച് പകർത്തി പത്രത്തിൽ പ്രസിദ്ധീകരിച്ചതിനാലാണ് ആഭ്യന്തര വകുപ്പിന്് അറസ്റ്റ് വിവരം സമ്മതിക്കേണ്ടിവന്നതെന്നും അല്ലെങ്കിൽ ആരോരുമറിയാതെ കൊല്ലപ്പെടുമായിരുന്നുവെന്നും മലയാള മനോരമ ഫോട്ടോഗ്രഫർ ടി നാരായണൻ വെളിപ്പെടുത്തിയിട്ടുണ്ട്. കേസിൽ അജിത ഉൾപ്പെടെ 13 പേരെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയുണ്ടായി. 1968 മുതൽ 72 വരെ ജയിൽവാസമനുഭവിച്ചു.

ബംഗ്ലാദേശ് യുദ്ധത്തിനൊപ്പം റിപ്പോർട്ടുകളിലൂടെയും ഫോട്ടോകളിലൂടെയും മനോരമ ശ്രദ്ധിക്കപ്പെട്ട സംഭവമാണ് കേരളത്തിലെ നക്സൽ ആക്ഷനുകൾ. അതിന്റെ ഒരു കേന്ദ്രമായിരുന്ന തലശേരി പൊലീസ് സ്റ്റേഷനിലേക്ക് ഫോട്ടോഗ്രഫർ ടി നാരായണനെ വിളിച്ചുണർത്തി അയച്ചു. നേരം പുലരുമ്പോഴേക്ക് കോഴിക്കോട്ട് ഡി ഐ ജി കെ ശ്രീനിവാസ റാവുവിന്റെ നേതൃത്വത്തിൽ ഉന്നതോദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായ സ്റ്റേഷനുചുറ്റും വൻ ആൾക്കൂട്ടം. ഒരാളെയും അകത്തേക്ക് പ്രവേശിപ്പിക്കുന്നില്ല. മുൻ പരിചയമണ്ടായ നാരാണനെ ഡിഐജിക്ക് ഉള്ളിലേക്ക് വിളിച്ച് തോക്കുകൾ നിരത്തിവച്ച ഇടത്തേക്ക് വിരൽചൂണ്ടി. റാവു തോക്കെടുത്ത് പരിശോധിക്കുന്നത് ഒപ്പി. അത് മനോരമ ഒന്നാം പേജിൽ ആഘോഷിച്ചു. അതേ നാളുകളിലായിരുന്നു വയനാട്ടിൽ തിരുനെല്ലി ഭാഗത്തെ ചെറുത്തുനിൽപ്പുകളും. മറ്റു പത്രങ്ങൾ മടിച്ചുനിന്നപ്പോൾ മനോരമ അവസരം മുതലാക്കി. 1968-ലെ തലശേരി-‐പുൽപ്പള്ളി സംഭവങ്ങൾക്കു പിന്നിൽ കുന്നിക്കൽ നാരായണനും ഭാര്യ മന്ദാകിനിയും മകൾ പതിനേഴുകാരി അജിതയുമാണെന്ന് കെ എം ചുമ്മാർ പ്രധാന വാർത്തയെഴുതി. സംഘത്തിൽ കുന്നിക്കൽ കുടുംബവുമുണ്ടെന്ന് മിക്ക പത്രങ്ങൾക്കും ധാരണയുണ്ടായെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ലാത്തതിനാൽ റിസ്ക് ഏറ്റെടുത്തില്ല. അതിനിടെ അജിത പൊലീസ് പിടിയിലായി. മനോരമയിൽ വന്ന തന്റെ ഫോട്ടോ കാണാൻ വനത്തിന് വെളിയിൽ ഒരു കടയിയിൽ വന്നപ്പോഴാണ് ഉടമ തിരിച്ചറിഞ്ഞതും പൊലീസിനു വിവരം കൈമാറിയതും. പാന്റ്സ് ധരിച്ച അജിതയെ ജനക്കൂട്ടത്തിനു കാണാൻ പൊലീസുകാർ സ്റ്റൂളിൽ കയറ്റി നിർത്തി ഫോട്ടോഗ്രഫർമാരെക്കൊണ്ട് ചിത്രങ്ങൾ എടുപ്പിച്ചു. അവരെ ജീവനോടെ പിടികൂടാൻ സാധിച്ചതും പൊലീസിന്റെ നിഷ്ഠൂര മർദ്ദനത്തിൽനിന്ന് രക്ഷപ്പെട്ടതും മനോരമ ഫോട്ടോകളും റിപ്പോർട്ടുകളും നിമിത്തമാണെന്ന് ഷാജി ജേക്കബ് ‘കാലം വായിച്ച പത്രാധിപർ’ എന്ന അന്വേഷണ പഠനത്തിൽ എഴുതിയിട്ടുണ്ട്.

കുന്നിക്കൽ നാരായണനും മന്ദാകിനിയും വർഗീസും കെ അജിതയും സ്റ്റീഫൻ വെള്ളത്തൂവലും മറ്റ് അസംഖ്യം അറിയപ്പെടാത്തവരും സ്വന്തം ജീവരക്തത്താൽ വിപ്ലവഭൂപടം ചുവപ്പിച്ചവരാണ്. അത്തരക്കാരുടെ വിടവാങ്ങലുകൾ വ്യക്തിപരമായ നഷ്ടങ്ങളല്ല, മറിച്ച് അനീതിക്കെതിരെ പൊരുതിയ യുഗത്തിന്റെ അന്ത്യമാണ്. അധികാരത്തിന്റെ പഞ്ചനക്ഷത്രത്തണലിൽ വിശ്രമിക്കാൻ കൂട്ടാക്കാതിരുന്ന അവരെല്ലാം ജനവിരുദ്ധ രാഷ്ട്രീയത്തിനെതിരെ സന്ധിയില്ലാത്തവിധമാണ് നിലകൊണ്ടത്. അസൗകര്യങ്ങളാൽ വീർപ്പുമുട്ടിയ ഇരുട്ടുമുറികളായ കാരാഗൃഹങ്ങളും ചോരതുപ്പിച്ച കൊടുംപീഡനങ്ങളും ആ വിപ്ലവകാരികളെ നിർവീര്യമാക്കുകയായിരുന്നില്ല; കരുത്തിന്റെ ഉരുക്കുപ്രതീകങ്ങളാക്കുകയായിരുന്നു. ഭരണകൂട താണ്ഡവത്തോടും വ്യവസ്ഥാപിത പ്രസ്ഥാനങ്ങളുടെ പിൻനടത്തത്തോടും ഒരിക്കലും സന്ധിചെയ്തതുമില്ല രാഷ്ട്രീയാവബോധം. വിപ്ലവം ഉൾക്കനമില്ലാത്ത വാചാടോപമല്ലെന്നും അത് നിരന്തര സമരങ്ങളുടെ പരമ്പരയാണെന്നുമാണ് സ്റ്റീഫനെപ്പോലുള്ളവർ തെളിയിച്ചത്. ചുരുക്കത്തിൽ പരാജയപ്പെടുമെന്ന് ഉറപ്പായ യുദ്ധങ്ങൾക്കും പോരാളികളെ ആവശ്യമുണ്ടെന്നതാണ് ആ പാരമ്പര്യം അവശേഷിപ്പിക്കുന്ന സന്ദേശം. കാലം അത്തരം സന്നദ്ധതകൾക്കാണ് കാതോർക്കുന്നത്.






No Comments yet!