Skip to main content

ഗാന്ധിജി ഉദ്ധരിച്ച കോൾറിഡ്ജിന്റെ വരിയും കെ.എം. സീതിസാഹിബിന്റെ പരിഭാഷയും

 

പ്രശസ്‌ത എഴുത്തുകാരനും മുതിർന്ന മാധ്യമ പ്രവർത്തകനും ലോകസഞ്ചാരിയുമായ അനിൽകുമാർ എ വി യുടെ തിങ്കളാഴ്‌ച പംക്തി തുടരുന്നു:

നുറുങ്ങുകൾ : 7

ഭൂമിയിൽ ലഭ്യമായ ഏറ്റവും പ്രധാന വിഭവങ്ങളിലൊന്നാണ് ശുദ്ധജലം. എല്ലാ സ്രോതസുകളിലും മൂന്ന്‌ ശതമാനമേ ശുദ്ധജലമുള്ളൂ, ബാക്കി ഹിമാനികൾ, മഞ്ഞുപാളികൾ, ഭൂഗർഭ ജലാശയങ്ങൾ എന്നിവയിലാണ്. കാനഡക്കാരാണ് ലോകത്തിലെ ശുദ്ധജലത്തിന്റെ അഞ്ചിലൊന്നിന്റെയും ഉടമകൾ. മൂന്ന് ശക്തമായ സമുദ്രങ്ങളും ഇരുപതു ലക്ഷം തടാകങ്ങളും ഉള്ളതിനാൽ ആ രാജ്യം ശരിക്കും അത്ഭുതലോകമാണ്. അവയിൽ പലതും ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് പിൻവാങ്ങിയ ഹിമാനികളാണ്‌ രൂപപ്പെടുത്തിയത്. പുനരുപയോഗിക്കാവുന്ന ഉപരിതല ശുദ്ധജലത്തിന്റെ അളവാകട്ടെ 20 ശതമാനത്തിനടുത്തും.

Amazon Rain Forest May Have Once Been a Giant Marine Lake | Scientific American
Amazon River

ഈ വിഭവങ്ങൾ സംരക്ഷിക്കുന്നതിൽ രാജ്യം അതീവശ്രദ്ധ കേന്ദ്രീകരിക്കുന്നു. തടാകങ്ങൾക്കും നദികൾക്കും വന്നുപെടുന്ന നാശനഷ്ടങ്ങൾ നിരീക്ഷിക്കുന്നതിലും തടയുന്നതിലും സർക്കാർ വൻതോതിൽ നിക്ഷേപം നടത്തുന്നുമുണ്ട്‌. ആമസോൺ നദീതടത്തിന്റെ ആസ്ഥാനമായ ബ്രസീലിനും ശുദ്ധജല ശേഖരത്തിന്റെ പട്ടികയിൽ ഉയർന്ന സ്ഥാനമാണ്‌. പ്രതിവർഷം 8,233 ഘന കിലോമീറ്റർ പുനരുപയോഗിക്കാവുന്ന ജലം അവിടെയുണ്ട്. റഷ്യയിലേത്‌ 4500 ഘന കിലോമീറ്റർ. ലോകത്തിലെ ഏറ്റവും ആഴമുള്ളതും പഴക്കമേറിയതുമായ ശുദ്ധജല ശേഖരം ബൈക്കൽ തടാകത്തിലാണ്. വോൾഗ, ലെന, ഒബ് തുടങ്ങി ഒട്ടേറെ നദികൾ ആ രാജ്യത്തിലൂടെ ഒഴുകുന്നു. 2840 ഘന കിലോമീറ്റർ ശുദ്ധജല ശേഖരമുണ്ടായിട്ടും ചൈനയുടെ വടക്കൻ പ്രദേശങ്ങളെ സ്ഥിരമായ ക്ഷാമം പ്രതിസന്ധിയിലാക്കുകയുണ്ടായി. തെക്ക്-വടക്ക് ജല ഗതിമാറ്റ പദ്ധതി ഉപയോഗിച്ച് ആ വിടവ് നികത്താനുള്ള ശ്രമം ഏറെക്കുറെ വിജയമായി. എല്ലാ പ്രകൃതിയുടെയും പ്രേരകശക്തിയാണ് വെള്ളമെന്ന്‌ പറഞ്ഞത്‌ – നവോത്ഥാനകാലത്തെ ഇറ്റാലിയൻ ബഹുമുഖ പ്രതിഭയും ചിത്രകാരനുമായ ലിയോനാർഡോ ഡാവിഞ്ചി. വെള്ളത്തെക്കാൾ മൃദുവായതോ വഴക്കമുള്ളതോ ആയ വേറൊന്നുമില്ല, എന്നിട്ടും അതിനെ ചെറുക്കാൻ ഏത്‌ ശക്തിക്കും കഴിയില്ലെന്ന പ്രസ്‌താവം – ചൈനയിലെ ഗൗതമബുദ്ധൻ എന്നറിയപ്പെടുന്ന പുരാതന ദാർശനികനും താവോയിസത്തിലെ കേന്ദ്രവ്യക്തിത്വവുമായ ലാവോ ത്സുവിന്റേതാണ്‌. ഫ്രഞ്ച് നാവികോദ്യോഗസ്ഥനും സമുദ്രശാസ്ത്രജ്ഞനും ചലച്ചിത്ര നിർമാതാവും പര്യവേഷണങ്ങൾ വിവരിക്കുന്ന നിരവധി പുസ്തകങ്ങളുടെ രചയിതാവുമായ ജാക്വസ്- യെവ്സ് കൂസ്റ്റോ എഴുതിയത്‌ ജല‐ജീവിതചക്രങ്ങൾ ഒന്നാണെന്ന് നാം മറക്കുന്നുവെന്നും. – ഒരു തുള്ളി വെള്ളത്തിൽ എല്ലാ സമുദ്രങ്ങളുടെയും സകല രഹസ്യങ്ങളും കാണാം. എന്തിനും പരിഹാരം ഉപ്പുവെള്ളമാണ്;വിയർപ്പ്, കണ്ണീർ അല്ലെങ്കിൽ കടൽ. ലക്ഷക്കണക്കിന് പേർ സ്നേഹമില്ലാതെ ജീവിച്ചിട്ടുണ്ട്, വെള്ളമില്ലാതെ ഒരാൾ പോലും അതിജീവിച്ചിട്ടില്ലെന്ന പ്രയോഗം – ലെബനീസ്-‐അമേരിക്കൻ എഴുത്തുകാരനും കവിയും ദൃശ്യ കലാകാരനും ദാർശനികനുമായ ഖലീൽ ജിബ്രാന്റേതും.

ദി ലാസ്റ്റ് ഡ്രോപ്പ്: സോൾവിങ്‌ ദി വേൾഡ്സ് വാട്ടർ ക്രൈസിസ്

ജലമലിനീകരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ കാരണങ്ങൾ, ഫലങ്ങൾ, മാനേജ്‌മെന്റ് എന്നിവയെക്കുറിച്ചുള്ള ആഖ്യാന സമീപനം മുന്നോട്ടുവെക്കുന്നതാണ്‌ ‘ക്ലിയറിങ്‌ ദി എയർ: ദി ബിഗിനിങ്‌ ആൻഡ് ദി എൻഡ് ഓഫ് എയർ പൊല്യൂഷൻ’ എന്ന ആദ്യ കൃതിയിലൂടെതന്നെ അതിപ്രശസ്‌തനായ ടിം സ്മെഡ്‌ലി എഴുതി 2024 മെയ്‌ 16ന്‌ ഇറങ്ങിയ ‘ദി ലാസ്റ്റ് ഡ്രോപ്പ്: സോൾവിങ്‌ ദി വേൾഡ്സ് വാട്ടർ ക്രൈസിസ്’എന്ന പഠനം. മലിനീകരണണ്ടാക്കുന്ന ഗുണനിലവാര പ്രശ്നങ്ങൾ ഉൾപ്പെടെ ആഗോള ജല പ്രതിസന്ധിയെക്കുറിച്ചുള്ള അന്വേഷണമാണത്‌. പത്ത് വർഷത്തെ ലണ്ടൻ ജീവിതത്തിന് ശേഷം – ബിസിനസ് പത്രപ്രവർത്തകനായി കരിയർ ആരംഭിച്ച്‌ ഫ്രീലാൻസ് പരിസ്ഥിതി എഴുത്തുകാരനായി -മാറിയ ടിം സ്മെഡ്‌ലി 2014 ൽ മലിനമായ തെരുവുകളിൽ നിന്ന് ഓക്സ്ഫോർഡ്ഷയറിലേക്ക് പലായനം ചെയ്തു.

Clearing the Air: SHORTLISTED FOR THE ROYAL SOCIETY SCIENCE BOOK PRIZE 2019  : Smedley, Tim: Amazon.in: Books

വായു മലിനീകരണം മറ്റൊരു പരിസ്ഥിതി കഥ മാത്രമായിരുന്നു ആദ്യം. എന്നാൽ അദ്ദേഹത്തിന്റെ ത്വക്കിനടിയിലേക്കും സിരകളിലേക്കും അത്‌ ബാധിച്ചു. ഗവേഷണം തുടർന്നപ്പോൾ കൂടുതൽ ഉത്കണ്ഠാകുലനായി. ഫിനാൻഷ്യൽ ടൈംസ്, ദി ഗാർഡിയൻ, ദി സൺഡേ ടൈംസ്, ന്യൂ സയന്റിസ്റ്റ് എന്നിവയുമായി ആ വാസ്‌തവങ്ങൾ പങ്കിട്ടു. മുൻകാല വീഴ്‌ചകളിൽനിന്നും പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങളിൽനിന്നും പാഠം ഉൾക്കൊണ്ട് പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പ്രായോഗിക മാർഗങ്ങൾ നൽകിയതിനും ‘ദി ലാസ്റ്റ് ഡ്രോപ്പ്: സോൾവിങ്‌ ദി വേൾഡ്സ് വാട്ടർ ക്രൈസിസ്’ പ്രശംസിക്കപ്പെട്ടു.

The Last Drop: Solving the World's Water Crisis eBook : Smedley, Tim:  Amazon.in: Kindle Store

മൂന്ന് തവണ ജെറാൾഡ് ലോബ് അവാർഡ് നേടിയ ചാൾസ് ഫിഷ്മാൻ എഴുതിയ ‘ദി ബിഗ് തേഴ്സ്റ്റ്: ദി സീക്രട്ട് ലൈഫ് ആൻഡ് ടർബുലന്റ് ഫ്യൂച്ചർ ഓഫ് വാട്ടർ’ (2010 ഏപ്രിൽ 12), ഫിലാഡൽഫിയയിലെ യൂണിവേഴ്സിറ്റി ഓഫ് ദി സയൻസസിൽനിന്ന് അനലിറ്റിക്കൽ കെമിസ്ട്രിയിൽ ഡോക്ടറേറ്റ്‌ നേടിയ പ്രമുഖ ജല വിദഗ്ദ്ധൻ സതീന്ദർ അഹൂജ എഡിറ്റ് ചെയ്ത ‘ഹാൻഡ്ബുക്ക് ഓഫ് വാട്ടർ പ്യൂരിറ്റി ആൻഡ് ക്വാളിറ്റി’ തുടങ്ങിയവും ഈ ശ്രേണിയിലെ മികച്ച സംഭാവനകൾ.

Handbook of Water Purity and Quality : Ahuja, Satinder: Amazon.in: Books

1982-ൽ മെഗ് സ്വിറ്റ്‌സ്‌ഗബിൾ സംവിധാനംചെയ്ത അമേരിക്കൻ ഡോക്യുമെന്ററി ‘ഇൻ ഔർ വാട്ടർ’ ഒരു കുടുംബം അവരുടെ കുടിവെള്ളം അടുത്തുള്ള മാലിന്യക്കൂമ്പാരത്തിൽനിന്നാണെന്ന്‌ കണ്ടെത്തുന്നത്‌ മുൻനിർത്തിയാണ്‌. ന്യൂജേഴ്‌സിയിലെ സൗത്ത് ബ്രൺസ്‌വിക്കിൽ നിന്നുള്ള ഫ്രാങ്ക് കലർ കുടുംബത്തെ കേന്ദ്രീകരിച്ചാണ് ചിത്രം. ഹൗസ് പെയിന്ററാണ്‌ കലർ. അയൽവാസികളെപ്പോലെ കുടുംബവും സ്വന്തം കിണറ്റിൽ നിന്നാണ് വെള്ളം കോരുന്നത്. സമീപത്തെ അവശിഷ്ടശേഖരത്തിൽനിന്ന് അത്‌ മലിനമാകുന്നുണ്ടെന്ന് മനസിലാക്കുകയും പ്രശ്നം ഗവൺമെന്റ്‌ അംഗീകരിക്കുകയും പരിഹരിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. തദ്ദേശ സ്ഥാപനങ്ങളെയും പിന്നീട് സംസ്ഥാന പരിസ്ഥിതി സംരക്ഷണ വകുപ്പിനെയും ബന്ധപ്പെടാനുള്ള ശ്രമങ്ങൾ നിരസിക്കപ്പെട്ടു. കോൺഗ്രസ് പരാതികേൾക്കലുകളിൽ മൊഴിനൽകാൻ കലർ ഒടുവിൽ വാഷിങ്‌ടൺ ഡിസിയിലേക്ക് പോകുന്നു. ഭൂഗർഭജലത്തിന് എന്താണ് സംഭവിക്കുന്നതെന്നും എന്തുകൊണ്ടാണെന്നും മനസിലാക്കുന്ന അദ്ദേഹത്തിന്റെ അഞ്ച് വർഷമാണ്‌ ഡോക്യുമെന്ററിയുടെ പ്രതിപാദ്യം.

FlixChatter Review: The Shape of Water (2017) – FLIXCHATTER FILM BLOG

വനേസ ടെയ്‌ലർക്ക്കൊപ്പം -തിരക്കഥയൊരുക്കി ഗില്ലെർമോ ഡെൽ ടോറോ സംവിധാനംചെയ്ത് 2017 ആഗസ്‌ത്‌ 31 ന്‌ റിലീസായ റൊമാന്റിക് ഡാർക്ക് ഫാന്റസി ചിത്രമാണ് ‘ദി ഷെയ്‌പ്പ്‌ ഓഫ് വാട്ടർ’. സാലി ഹോക്കിൻസ്, മൈക്കൽ ഷാനൻ , റിച്ചാർഡ് ജെങ്കിൻസ് , ഡഗ് ജോൺസ്, മൈക്കൽ സ്റ്റുൾബർഗ്, ഒക്ടാവിയ സ്പെൻസർ തുടങ്ങിയവരായിരുന്നു പ്രധാന അഭിനേതാക്കൾ. 1962-ൽ ശീതയുദ്ധകാലത്ത് എലിസ എസ്പോസിറ്റോ മേരിലാൻഡിലെ ബാൾട്ടിമോറിലെ രഹസ്യ സർക്കാർ ലബോറട്ടറിയിൽ കാവൽക്കാരിയായി ജോലി ചെയ്തു.കഴുത്തിൽ പാടുകളുള്ള കുഞ്ഞായിരിക്കുമ്പോൾ നദിക്കരയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ അവൾ ഊമയായതിനാൽ ആംഗ്യഭാഷയിലാണ്‌ ആശയവിനിമയം. ആകെയുള്ള സുഹൃത്തുക്കൾ പരസ്യ ചിത്രകാരിയും മധ്യവയസ്‌കയുമായ അയൽക്കാരൻ ഗൈൽസും സഹപ്രവർത്തക സെൽഡയും മാത്രം. കേണൽ റിച്ചാർഡ് സ്ട്രിക്ലാൻഡ് തെക്കേ അമേരിക്കൻ പുഴയിൽനിന്ന് ഒരു ജീവിയെ പിടികൂടി പഠനത്തിന്‌ കൊണ്ടുവന്നു. അത്‌ മനുഷ്യരൂപമുള്ള ഉഭയജീവിയാണെന്ന് എലിസ കണ്ടെത്തി അതുമായി ബന്ധം സ്ഥാപിക്കുന്നു. സ്ട്രിക്ലാൻഡ് ജനറൽ ഫ്രാങ്ക് ഹോയിറ്റിനെ ഉഭയജീവിയുടെ ശ്വസനവ്യവസ്ഥ പരിശോധിക്കാൻ പ്രേരിപ്പിക്കുകയാണ്‌. സോവിയറ്റ് ചാര ശാസ്ത്രജ്ഞൻ റോബർട്ട് ഹോഫ്സ്റ്റെറ്റ്ലർ കൂടുതൽ പഠനത്തിന്‌ സ്ട്രിക്ലാൻഡിനെ ജീവനോടെ നിലനിർത്തണമെന്ന് അപേക്ഷിക്കുന്നുണ്ട്‌. അതേസമയം കൈകാര്യകർത്താക്കൾ ആ ജീവിയെ കൊല്ലാൻ ഉത്തരവിട്ടു. ഹോഫ്‌സ്റ്റെറ്റ്‌ലറും സെൽഡയും എലിസയുടെ അപ്പാർട്ട്മെന്റിലേക്ക് ആംഫിബിയൻ മനുഷ്യനെ എത്തിക്കുന്നു. ആ കഥാഖ്യാനത്തിലാകെ പുഴയും വെള്ളവും മുഖ്യ പശ്‌ചാത്തലമാണ്‌.

ബുഡാപെസ്റ്റിലെ ജല ഉച്ചകോടിയിൽ ബാൻ കി മൂണിന്റെ പ്രൗഢഗംഭീര പ്രഭാഷണം

2013 ഒക്ടോബർ എട്ടിന്‌ ഹംഗറിയിലെ ബുഡാപെസ്റ്റിൽ ജല ഉച്ചകോടി ഉദ്‌ഘാടനംചെയ്‌ത്‌ ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ ബാൻ കി മൂൺ നടത്തിയ പ്രഭാഷണം പ്രൗഢഗംഭീരമായിരുന്നു. സുസ്ഥിര വികസനത്തിൽ ജലത്തിന്റെ നിർണായക പങ്ക്‌ ഊന്നി ഭക്ഷ്യസുരക്ഷ, കാലാവസ്ഥാ വ്യതിയാനം, ശുചിത്വം എന്നിവയിൽ അതിന്റെ പ്രാധാന്യം എടുത്തുകാണിച്ചു. സുസ്ഥിര വികസനത്തിന്റെ താക്കോലാണ് വെള്ളം. ആരോഗ്യം, ഭക്ഷ്യസുരക്ഷ, സാമ്പത്തിക പുരോഗതി എന്നിവയ്ക്ക് അത് അവശ്യം. ഓരോ വർഷവും സമ്മർദ്ദങ്ങൾ ഏറുന്നു.

ബാൻ കി മൂൺ

2030 ൽ ലോകജനസംഖ്യയുടെ പകുതിക്കും ജലക്ഷാമം നേരിടേണ്ടിവരും. ആവശ്യകത വിതരണത്തെക്കാൾ 40 ശതമാനം കൂടുതലാവും. സുസ്ഥിരമല്ലാത്ത ഉപയോഗത്തെ അഭിസംബോധന ചെയ്യണം. നമുക്കുള്ളത് കൂടുതൽ നീതിപൂർവവും ബുദ്ധിപരമായും ഉപയോഗിക്കേണ്ടതുമുണ്ട്‌. സർക്കാരുകൾ ഒറ്റയ്ക്ക് അത് ചെയ്യുമെന്ന് പ്രതീക്ഷിക്കാനാവില്ല. ജലസുരക്ഷിതമായ ലോകം ഉറപ്പാക്കുന്നതിന് എല്ലാ പങ്കാളികളുടെയും പൂർണമായ ഇടപെടൽ ആവശ്യമാണ്, പ്രത്യേകിച്ച് ബിസിനസ്‌ ലോകത്തിന്റെ. ശുദ്ധജലത്തിന്റെ ഏറ്റവും വലിയ ഉപഭോക്താവ് കൃഷിയാണ്‌. ഗാർഹിക, വ്യാവസായിക ആവശ്യങ്ങൾ, പ്രത്യേകിച്ച് ഊർജോൽപ്പാദനം തുടങ്ങിയവയുമായി പൊരുത്തപ്പെടുത്തേണ്ടതിന്റെ അനിവാര്യത വർധിച്ചുവരികയും ചെയ്യുന്നു. ചെറുകിട കർഷകരും വ്യാവസായിക ഭീമന്മാരും ഒരുപോലെ ഓരോ തുള്ളിയിലും കൂടുതൽ വിളവ് നേടാൻ പഠിക്കണം. മെച്ചപ്പെട്ട ജലസേചന സാങ്കേതികവിദ്യകൾ, കുറഞ്ഞ ജല ഉപഭോഗം, കാലാവസ്ഥയെ പ്രതിരോധിക്കുന്ന വിളകൾ എന്നിവയിൽ ഊന്നണമെന്നർഥം. ലോകത്തിന്റെ പല ഭാഗങ്ങളിലും കാലാവസ്ഥാ വ്യതിയാനം ജലലഭ്യത കുറയാനുള്ള സാധ്യത ഉയർത്തുന്നു. സമൂഹങ്ങൾക്കും രാജ്യങ്ങൾക്കുമിടയിൽ സംഘർഷമുണ്ടാകാതിരിക്കാൻ ജലം സഹകരണത്തിനുള്ള ഉത്തേജകമായി നിലനിൽക്കുന്നുവെന്ന് നാം ഉറപ്പാക്കണം. കാലാവസ്ഥാ വ്യതിയാനം ആഗോള ജലചക്രത്തെ ബാധിക്കുന്നുണ്ടെന്ന് ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് ( ഐപിസിസി ) റിപ്പോർട്ട് ചെയ്തിട്ടുണ്ട്‌. മനുഷ്യവാസ കേന്ദ്രങ്ങളിൽനിന്നോ വ്യാവസായിക സ്രോതസുകളിൽനിന്നോ തള്ളുന്ന ആഗോള മലിനജലത്തിന്റെ 80 ശതമാനവും സംസ്കരിക്കാത്തതാണ്‌. മിക്ക പ്രധാന നദീതടങ്ങളുടെയും ചില ഭാഗങ്ങളിലെങ്കിലും ജലത്തിന്റെ ഗുണനിലവാരം ഇപ്പോഴും ലോകാരോഗ്യ സംഘടനയുടെ അടിസ്ഥാന മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. മൂന്നിലൊന്ന് ആളുകളും ആരോഗ്യത്തിന് അപകടമുണ്ടാക്കുന്ന വെള്ളം കുടിക്കുന്നു. അതിലും കൂടുതൽ പേർക്ക് മതിയായ ശുചിത്വമില്ല. 100 കോടി ജനങ്ങൾ തുറസായ സ്ഥലത്താണ്‌ മലമൂത്ര വിസർജനനം നടത്തുന്നത്‌. ന്യുമോണിയ കഴിഞ്ഞാൽ ലോകത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ രണ്ടാമത്തെ വലിയ മരണകാരണമാണ് വയറിളക്കം. ശുചിത്വത്തിലെ നിക്ഷേപം സുസ്ഥിര ഭാവിയിലേക്കുള്ള മുൻകൂർ പേയ്‌മെന്റാണെന്ന് വ്യക്തം. ശുദ്ധവും സമൃദ്ധവുമായ ജലമില്ലാതെ സമൂഹങ്ങൾക്ക് അഭിവൃദ്ധി പ്രാപിക്കാൻ കഴിയില്ല എന്നായിരുന്നു ബാൻ കി മൂണിന്റെ അഭിസംബോധനയിലെ വിശദാംശങ്ങൾ.

മലിന ജലം പ്രതിവർഷം ഉണ്ടാക്കുന്ന നഷ്ടം 12 ലക്ഷത്തിലേറെ മനുഷ്യജീവന്റേത്‌

ആഗോളതലത്തിൽ മരണനിരക്കിന്റെ പ്രധാന കാരണങ്ങളിലൊന്ന്‌ മലിന ജലമാണ്. പ്രതിവർഷം 12 ലക്ഷത്തിലേറെയാണ്‌ ജീവനഷ്ടം. ഈ പ്രതിസന്ധിയിൽ വലിയ തോതിലുള്ള വ്യവസ്ഥാപരമായ പരാജയങ്ങൾ, നഗരവ്യാപകമായ പ്രത്യേക ദുരന്തങ്ങൾ, ദീർഘകാല പരിസ്ഥിതി വിഷബാധ എന്നിവ ഉൾപ്പെടുന്നു. ജലക്ഷാമം നേരിടുന്ന രാജ്യങ്ങളിൽ 200 കോടിയിലധികം ആളുകളാണ്‌ വസിക്കുന്നത്‌. 170 കോടി പേർ മലം കലർന്ന കുടിവെള്ള സ്രോതസുകൾ ഉപയോഗിക്കുന്നു. ശുദ്ധജലം, ശുചിത്വം, എന്നിവയുടെ അഭാവവുമായി ബന്ധപ്പെട്ട രോഗങ്ങൾ കാരണം അഞ്ച് വയസിന് ചുവടെയുള്ള ആയിരത്തിലധികം കുട്ടികൾ ദിവസവും മരിക്കുന്നുണ്ട്‌. 2014 മുതൽ അമേരിക്കയിലെ ഫ്ലിന്റ് നദി ജലസ്രോതസായി ഉപയോഗിച്ചതിനെ തുടർന്ന്‌ വൻതോതിലുള്ള ലെഡ് വിഷബാധയ്ക്കും ലെജിയോണെയേഴ്സ് രോഗത്തിനും ഇടയാക്കി. ലോകത്തിൽ ഏറ്റവും മലിനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്തോനേഷ്യയിലെ സിറ്റാരം നദിയിൽ 2000 ഫാക്ടറികളിൽ നിന്നുള്ള വിഷ മാലിന്യങ്ങളാണ്‌ അടിഞ്ഞുചേരുന്നത്‌. അത്‌ പ്രതിവർഷംഅരലക്ഷം മരണങ്ങളുണ്ടാക്കുന്നു. ഇന്ത്യയിലെ ‘ഏറ്റവും വൃത്തിയുള്ള നഗരം’ എന്ന പ്രശംസയുള്ള മധ്യപ്രദേശിൽ ഇൻഡോറിലെ ഭഗീരത്പുരയിൽ പൈപ്പ്‌ലൈൻ ചോർച്ച കുടിവെള്ളത്തിൽ മലിനജലം കലർത്തിയ പ്രതിസന്ധി 32 മരണങ്ങൾക്ക്‌ കാരണമായി. 1500- താമസക്കാർക്ക് ഗുരുതര ജലജന്യ അണുബാധയും പിടിപെട്ടു. രണ്ട് മാസത്തിലേറെയായി ഭഗീരത്പുര നിവാസികൾ ദുർഗന്ധവും മലിനമായ ജലമാണ്‌ തങ്ങൾക്ക്‌ ലഭിക്കുന്നതെന്ന്‌ പരാതിപ്പെടുകയുണ്ടായി. 2025 ഡിസംബർ 25 ന് പല വീടുകളിലും വെള്ളത്തിന് കയ്പേറിയ രുചിയും ശക്തമായ ദുർഗന്ധവും ഉണ്ടെന്ന് കണ്ടെത്തി. പക്ഷേ പരിമിതമായ ബദലുകൾ കാരണം അത് കുടിക്കാനും മറ്റ് ദൈനംദിന ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നത് തുടർന്നു. പ്രതിഷേധം ശക്തമായപ്പോൾ ടാങ്കറുകൾ വഴിയുള്ള വെള്ളം വിതരണം താൽക്കാലികമായി നിർത്തി. ഇൻഡോർ ബിജെപിക്ക് സ്ഥിരമായി വോട്ട് ചെയ്‌തിട്ടുണ്ട്, എന്നാൽ അവർ പകരം വിഷം കലർന്ന വെള്ളം മാത്രമാണ് നൽകിയതെന്നായിരുന്നു കോൺഗ്രസ്‌ നേതാവ്‌ ജിതു പട്വാരിയുടെ പരിഹാസം.

വെള്ളം എല്ലാ മതങ്ങൾക്കും അനുയോജ്യമായ വിഷയം

ബ്രിട്ടീഷ്‌ കവി ഫിലിപ്പ്‌ ലാർക്ക്‌ 1964-ൽ പുറത്തിറങ്ങിയ ‘ദി വിറ്റ്‌സൺ വെഡ്ഡിങ്‌സ്‌’ എന്ന വാല്യത്തിലെ താളമില്ലാത്ത കവിതയിൽ വെള്ളം മതങ്ങൾക്ക്‌ അനുയോജ്യമായ വിഷയമാകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്‌. എല്ലാത്തിനുമുപരി നാം ജലത്തെ ആശ്രയിക്കുന്നു കുടിക്കുമ്പോഴും കഴുകുമ്പോഴും കുളിക്കുമ്പോഴും ജീവിതം അതിനെ ചുറ്റിപ്പറ്റിയാണ് കറങ്ങുന്നത്. വെള്ളം ഏവരെയും ഒന്നിപ്പിക്കുന്നുവെന്നാണ് അതിനർഥം. ക്രിസ്തുമതത്തിലെ വിവിധ വിഭാഗങ്ങളിൽ സ്നാനം വിശുദ്ധാചാരമായോ കൂദാശയായോ ഉൾപ്പെടുന്നു. മതപരമായ ജീവിതത്തിനായുള്ള തയ്യാറെടുപ്പിൽ ആത്മാവിന്റെ ശുദ്ധീകരണത്തെ വെള്ളം പ്രതീകപ്പെടുത്തിയിട്ടുമുണ്ട്.

സാമുവൽ ടെയ്‌ലർ കോൾറിഡ്‌ജ് - വിക്കിപീഡിയ
സാമുവൽ ടെയ്‌ലർ കോളറിഡ്ജ്

‘ദി റൈം ഓഫ് ദി ആൻഷ്യന്റ് മറൈനർ’ എന്ന ശീർഷകത്തിൽ സാമുവൽ ടെയ്‌ലർ കോളറിഡ്ജ് കുറിച്ചത്‌,

‘ദിവസം തോറും, ദിവസം തോറും,
ഞങ്ങൾ കുടുങ്ങിപ്പോയി,
ശ്വാസമോ ചലനമോ ഇല്ലാതെ;
ചായം പൂശിയ സമുദ്രത്തിൽ,
ചായം പൂശിയ
കപ്പൽ പോലെ, നിഷ്ക്രിയമായി.
വെള്ളം, വെള്ളം, എല്ലായിടത്തും,
എല്ലാ പലകകളും ചുരുങ്ങി;
വെള്ളം, വെള്ളം, എല്ലായിടത്തും,
കുടിക്കാൻ ഒരു തുള്ളിയുമില്ല’

കോൾറിഡ്ജിന്റെ ക്ലാസിക് കവിത ആദ്യമായി പ്രത്യക്ഷപ്പെട്ടത് ‐1798-ൽവില്യം വേഡ്‌സ്‌വർത്തുമായി ചേർന്ന്‌ ലിറിക്കൽ ബല്ലാഡ്‌സിലാണ്. സോമർസെറ്റ് നാവികനിൽ നിന്ന് കോൾറിഡ്ജ് കേട്ട കഥയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട ആ നീണ്ട ആഖ്യാന കവിത വേഡ്‌സ്‌വർത്തിന് ഇഷ്ടമാവാത്തതിനാൽ മനസില്ലാമനസോടെയാണ് ശേഖരത്തിന്റെ പുനഃപ്രസിദ്ധീകരണങ്ങളിൽ ഉൾപ്പെടുത്താൻ അനുവദിച്ചത്. സമുദ്രത്തിലെ കപ്പലിൽ കുടുങ്ങിക്കിടക്കുന്ന നാവികൻ കുടിക്കാൻ യോഗ്യമല്ലാത്ത ഉപ്പുവെള്ളത്താൽ ചുറ്റപ്പെട്ടിരിക്കുന്നു. എന്തിന്റെയെങ്കിലും സമൃദ്ധിയാൽ മൂടിയിട്ടും അതിൽനിന്ന് പ്രയോജനം നേടാൻ കഴിയാത്തതിന്റെ വിരോധാഭാസമാണ്‌ കവിതയുടെ ഹൃദയം. നിരാശാജനകമായ സാഹചര്യത്തെയും ദാഹത്തെയും ഊന്നിപ്പറഞ്ഞ്‌ കുടിക്കാൻ പറ്റാത്ത വിധം മലിനമായ വെള്ളം എല്ലായിടത്തും ഉണ്ടെന്നും വിവരിച്ച്‌ പാരിസ്ഥിതികമോ സാമൂഹികമോ ആയ പ്രശ്നങ്ങൾ സൂചിപ്പിക്കാനും ശ്രമിക്കുകയാണ്‌. ഭൂമി, വായു, കര, ജലം എന്നിവ നമ്മുടെ പൂർവപിതാക്കളിൽ നിന്നുള്ള പാരമ്പര്യ സ്വത്തല്ല, മറിച്ച് നമ്മുടെ കുട്ടികളിൽനിന്ന് കടം വാങ്ങിയതാണ്. അതിനാൽ നമുക്ക് കൈമാറിയതുപോലെയെങ്കിലും നാം അവർക്ക് കൈമാറണം. അഹിംസ ധീരന്മാരുടെ ഗുണമാണ്. ഭീരുത്വവും അഹിംസയും വെള്ളവും തീയുംപോലെ ഒന്നിച്ചു പോവില്ലെന്ന്‌ ഗാന്ധിജി പറയുകയുണ്ടായി.

How did Gandhiji commit suicide?'
ഗാന്ധിജി

ഇംഗ്ലീഷ് സാഹിത്യത്തിലെ മാസ്റ്റർപീസായ കോൾറിഡ്ജിന്റെ രചനയിൽനിന്ന്‌ ഉദ്ധരിക്കുക അദ്ദേഹത്തിന്റെ മിക്ക പ്രസംഗങ്ങളിലും ശീലമായിരുന്നു. 1925 മാർച്ച് 13 ന് വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട് രാജാജി, മഹാദേവ ദേശായി, ദേവദാസ് എന്നിവരോടൊപ്പം ആദ്യമായി തിരുവനന്തപുരം സന്ദർശിച്ച ഗാന്ധിജിക്ക്‌ നഗര പൗരാവലി നൽകിയ സ്വീകരണത്തിൽ കെ എം സീതി സാഹിബാണ് പ്രസംഗം മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്.

KM Seethi Sahib-History – Muslim Students Federation
കെ എം സീതിസാഹിബ്‌

‘Water, water, every where, Nor any drop to drink’ എന്ന വരികൾ ചൊല്ലിയപ്പോൾ സാഹിബ് “വെള്ളം വെള്ളം സർവത്ര തുള്ളി കുടിപ്പാനില്ലത്രെ’ എന്ന്‌ മൊഴിമാറ്റിയത്‌ പിന്നീട്‌ മലയാളത്തിന്റെ സ്വന്തം പ്രയോഗംപോലെയായി. പട്ടം എ താണുപിള്ള മന്ത്രിസഭയിൽ നിയമസഭാ സ്പീക്കറായി സേവനമനുഷ്ഠിച്ച അദ്ദേഹം വക്കം അബ്ദുൾ ഖാദർ മൗലവിയിൽ നിന്നാണ് പ്രചോദനം ഉൾക്കൊണ്ടത്‌. പ്രമുഖ അഭിഭാഷകനും രാഷ്ട്രീയനേതാവും എന്നതിലുപരി സീതി സാഹിബ് എഴുത്തുകാരനും സാമൂഹിക പ്രവർത്തകനും 1930 കളിൽ ചന്ദ്രിക പത്രത്തിന്റെ സഹസ്ഥാപകനായിരുന്നു.

മുംബൈ നിവാസികൾക്ക്‌ കുടിവെള്ളമെത്തിക്കാൻ ഫ്രഞ്ച് ജല ‐മാലിന്യ സംസ്കരണ ഭീമൻ വിയോലിയ

കവിതകളിലും ഗാനങ്ങളിലും ചിത്രങ്ങളിലും സിനിമകളിലും ഗൃഹാതുരമായി ഒഴുകിയ ജലം വാണിജ്യ വിഭവമായതോടെ സങ്കൽപ്പിക്കാനാവാത്ത രൂപമാറ്റമാണ്‌ സംഭവിച്ചത്‌. 2030 ആകുമ്പോഴേക്കും ഭൂരിപക്ഷം മുംബൈ നിവാസികൾക്കും കുടിവെള്ളം എത്തിക്കാൻ ഫ്രഞ്ച് ജല ‐മാലിന്യ സംസ്കരണ ഭീമനായ വിയോലിയ ഗ്ലോബൽ എൻയോൺമെന്റ് മുന്നോട്ടുവരുന്നുവെന്ന വാർത്ത അമ്പരപ്പിക്കുന്നതാണ്‌. പ്രതിദിനം 300 കോടി ലിറ്റർ (എംഎൽഡി) വിതരണം ചെയ്യുമെന്നും അത് മഹാനഗരത്തിലെ ആവശ്യത്തിന്റെ 60 ശതമാനം നിറവേറ്റുമെണന്നുമാണ്‌ വിയോലിയ ഇന്ത്യ സിഇഒയും കൺട്രി ഡയരക്ടറുമായ ഗില്ലൂം ഡൗർഡിൻ ഫോർച്യൂൺ ഇന്ത്യയോട് വെളിപ്പെടുത്തിയത്‌. നഗരപ്രാന്തങ്ങളിലെ ഭാണ്ഡൂപ്പിലും പഞ്ച്രാപൂരിലും രണ്ട് ശുദ്ധീകരണ സൗകര്യങ്ങൾ ഒരുക്കും. അവ യഥാക്രമം 2029 ലും 2030 ലും പ്രവർത്തനക്ഷമമാവുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു വർഷം മുമ്പ് ലോകത്തിലെ ഏറ്റവും വലിയ ശേഷിയുള്ള ഭാണ്ഡൂപ്പ്‌ പ്ലാന്റുകളിൽ ഒന്നായ വെൽസ്പൺ എന്റർപ്രൈസസിന് 4124 കോടി രൂപയുടെ കരാർ ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) നൽകിയിരുന്നു. ആ കോംപ്ലക്സിൽ 2000 എംഎൽഡി ജലശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കുന്നതിന്‌ വെൽസ്പൺ വിയോലിയയെ സാങ്കേതിക പങ്കാളിയായി തെരഞ്ഞെടുത്തു. നിലവിലെ പ്ലാന്റുകൾ (ഡബ്ല്യുടിപി) വഴി മുംബൈ നഗരത്തിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്നു. 2025ൽ താണെ ജില്ലയിലെ ഭീവണ്ടിക്ക് സമീപത്തെ പഞ്ച്രാപൂരിൽ 910 എംഎൽഡി ജലശുദ്ധീകരണ പ്ലാന്റ് രൂപകൽപ്പന ചെയ്യുന്നതിനും നിർമിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള കരാറും നൽകി.

ഫ്രഞ്ച്‌ ജലഭീമൻ വിയോലിയയുടെ പാരീസ്‌ ആസ്ഥാനം

നിറഞ്ഞുകവിഞ്ഞൊഴുകുന്ന മാലിന്യക്കൂമ്പാരങ്ങൾ ചെന്നൈയിലെ ചതുപ്പുനിലങ്ങളെയും ഭൂഗർഭജലവിതാനത്തെയും അപകടത്തിലാക്കുന്നു. വൻ ഇന്ത്യൻ പട്ടണങ്ങളിലെ ഭൂപരിമിതികൾ കണക്കിലെടുത്ത് പ്രവർത്തനച്ചെലവ് കുറയ്ക്കുന്നതിനൊപ്പം കൂടുതൽ ഒതുക്കമുള്ളതും ഊർജക്ഷമതയുള്ളതുമായ രീതിയിലാണ് പുതിയ പ്ലാന്റുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നാണ്‌ ഗില്ലൂം ഡോർഡിൻ അറിയിച്ചത്‌. ആഗോളതലത്തിൽ 4469 കോടി വരുമാനം നേടിയ വിയോലിയ 54 രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു. ആഗോളതലത്തിൽ 215000 ജീവനക്കാരുമുണ്ട്. ജലം, മാലിന്യ സംസ്കരണം, ഊർജ സേവനങ്ങൾ എന്നിവയാണ് മൂന്ന് പ്രധാന ബിസിനസുകൾ. തുടർച്ചയായ 24×7 ജലവിതരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് വിയോലിയ 2000-ൽ ഇന്ത്യയിൽ പ്രവേശിച്ചത്. – അന്ന് ഇന്ത്യൻ നഗരങ്ങളിൽ അപൂർവമായിരുന്ന മാതൃക. അതിന്റെ പ്രധാന വിജയം നാഗ്പൂരിൽ തുടരുന്നു, അവിടെ 38 ലക്ഷം താമസക്കാർക്ക് 24 മണിക്കൂറും കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്‌. വ്യാവസായിക കണക്കുകൾ അനുസരിച്ച്‌ ഇന്ത്യയുടെ വിശാലമായ ജല ആവാസവ്യവസ്ഥ‐ – സംസ്കരണം, വിതരണം, പുനരുപയോഗം എന്നിവ‐ – 1400 കോടി ഡോളറിന്റേതാണ്. 2027 ആകുമ്പോഴേക്കും വരുമാനം 50 ശതമാനം കൂട്ടാനും 2030 ൽ ഇരട്ടിയിലധികം വർധിപ്പിക്കാനും വിയോലിയ ലക്ഷ്യമിടുന്നു.

ലോകബാങ്കിന്റെ സ്വകാര്യവൽക്കരണം തുറന്നുകാട്ടി പ്രതിഷേധിച്ച ഘാന

ആഫ്രിക്കൻ രാജ്യമായ ഘാനയിലെ ജലത്തിന്റെ സ്വകാര്യവൽക്കരണം, പ്രത്യേകിച്ച് 2006 ലെ അക്വാ വിറ്റൻസ് റാൻഡ് ലിമിറ്റഡ് (എവിആർഎൽ) മാനേജ്മെന്റ് കരാർ വഴി സേവന വിതരണം മെച്ചപ്പെടുത്തുന്നതിനുള്ള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പരാജയപ്പെട്ടുവെന്നാണ്‌ തെളിയിച്ചത്‌. അത് കരാർ അവസാനിപ്പിക്കുന്നതിലേക്ക് നയിച്ചു. കാര്യക്ഷമതയില്ലായ്മ പരിഹരിക്കാനുള്ള ലോകബാങ്കിന്റെയും അന്താരാഷ്ട്ര നാണയ നിധിയിയുടെയും സമ്മർദ്ദം കാരണം ഉയർന്ന ചെലവുകൾക്കും അപര്യാപ്തമായ നിക്ഷേപത്തിനും ഇടവരുത്തിയത്‌ പൊതുജന പ്രതിഷേധത്തിനും കാരണമായി. 2006-ൽ ലോകബാങ്കിന്റെ നിർദേശത്താൽ ഘാന സർക്കാർ ഡച്ച്-‐ദക്ഷിണാഫ്രിക്കൻ സ്ഥാപനമായ അക്വാ വിറ്റൻസ് റാൻഡ് ലിമിറ്റഡുമായി പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ ഏർപ്പെട്ടു. അഞ്ച്‌ വർഷത്തേക്ക് നഗര ജല സംവിധാനങ്ങൾ കൈകാര്യം ചെയ്യുന്നതിനായിരുന്നു ഉടമ്പടി. കാര്യക്ഷമതയില്ലായ്മ, ഉയർന്ന കടം, അഴിമതി എന്നിവയാൽ വലയുന്ന സർക്കാർ നിയന്ത്രണ സംവിധാനം പരിഹരിക്കുക എന്നതായിരുന്നു ലക്ഷ്യം. ഉയർന്ന പ്രതീക്ഷകൾ ഉണർത്തിവിട്ടിട്ടും അടിസ്ഥാന സൗകര്യങ്ങളിൽ നിക്ഷേപിക്കുന്നതിൽ കമ്പനി പരാജയപ്പെട്ടു, സുസ്ഥിരമല്ലാത്ത വർധിച്ച താരിഫുകളും അടിച്ചേൽപ്പിക്കുകയുണ്ടായി.

ജലസ്വകാര്യവൽക്കരണത്തിനെതിരായ ഘാനയിലെ പ്രതിഷേധങ്ങളിലൊന്ന്‌

വെള്ളം അവകാശമാണെന്നും ഉപഭോഗവസ്തുവല്ലെന്നും വാദിച്ച്‌ സിവിൽ സമൂഹ സംഘടനകളും യൂണിയനുകളും ആക്ടിവിസ്റ്റുകളും സ്വകാര്യവൽക്കരണത്തെ ശക്തമായി എതിർത്തു. വിദേശ നിയന്ത്രണത്തിനും വർധിച്ചുവരുന്ന ദാരിദ്ര്യത്തിനുള്ള സാധ്യതയ്ക്കും എതിരെ അവർ പ്രതിഷേധിക്കുകയും ചെയ്‌തു. തുടർന്ന്‌ എവിആർഎല്ലുമായുള്ള കരാർ സർക്കാർ പുതുക്കിയില്ല,പൊതു ഉടമസ്ഥതയിലുള്ള ഘാന വാട്ടർ കമ്പനി ലിമിറ്റഡ് (ജിഡബ്ല്യുസിഎൽ) നഗര ജലത്തിന്റെ പൂർണമായ മാനേജ്മെന്റ് ഏറ്റെടുത്തു. സ്വകാര്യവൽക്കരണ ശ്രമങ്ങൾ ദരിദ്രർക്കുള്ള ലഭ്യതയിൽ കാര്യമായ പുരോഗതി വരുത്തിയില്ല, മാത്രവുമല്ല പല പ്രദേശങ്ങളും രൂക്ഷമായ ക്ഷാമം നേരിട്ടു. ഘാന നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സമ്പൂർണ സ്വകാര്യവൽക്കരണത്തെക്കാൾ പൊതുസേവനങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിലേക്കാണ്.

No Comments yet!

Your Email address will not be published.