സാഹിത്യ അക്കാദമിയുടെ ഉത്സവങ്ങളില്‍ വിളിക്കപ്പെടാന്‍ നിങ്ങള്‍ എഴുത്തുകാരനോ കലാകാരനോ സാംസ്‌കാരിക പ്രവര്‍ത്തകനോ ആവണം. കലാ സാഹിത്യമേഖലയില്‍ ശ്രദ്ധേയമായ സംഭാവന ഉണ്ടാവണം. അത്രയേ അക്കാദമി നോക്കുന്നുണ്ടാവൂ. ഒരു ഉത്സവത്തിലും മുഴുവന്‍ പേര്‍ക്കും തൃപ്തികരമായ രീതിയില്‍ പ്രാതിനിധ്യം ഉറപ്പു വരുത്താന്‍ ഒരക്കാദമിക്കും കഴിയില്ല. എന്നാല്‍ ഒരു പതിറ്റാണ്ടിനിടെ ചെറുതും വലുതുമായ ഒരു ഉത്സവത്തിലും ക്ഷണിക്കപ്പെടുന്നില്ലെങ്കില്‍ അക്കാദമിയുടെ കണ്ണില്‍ നിങ്ങള്‍ ശ്രദ്ധിക്കപ്പെടേണ്ട കലാകാരനോ സാഹിത്യകാരനോ സാംസ്‌കാരിക പ്രവര്‍ത്തകനോ അല്ല എന്നാണര്‍ത്ഥം. അത് ഉള്‍ക്കൊള്ളാനുള്ള മനസ്സ് നിങ്ങള്‍ക്ക് ഉണ്ടാവണം.
അടുത്തുനില്‍ക്കുന്നവര്‍ എപ്പോഴും ശ്രദ്ധയില്‍ പെടും. എല്ലാ ഉത്സവത്തിലും അവര്‍ പലവേദികളില്‍ ആവര്‍ത്തിച്ചു കാണപ്പെടും. അതൊക്കെ സാധാരണം എന്നേ കരുതേണ്ടൂ. എന്നാല്‍ ഒരിടത്തും ഓര്‍ക്കപ്പെടാതെ മാറ്റി നിര്‍ത്തപ്പെടുന്ന ഒരാള്‍ അടൂര്‍ പറഞ്ഞതുപോലെ അംഗീകൃത പ്രമുഖരുടെ ശിക്ഷണത്തിന് വിധേയപ്പെട്ട് നല്ല പരിശീലനത്തിലൂടെ ശ്രമം തുടരുകയാണ് വേണ്ടത് എന്നേ അക്കാദമിക്ക് പറയാനാവൂ.
പിന്നെ ക്ഷണിക്കപ്പെടുന്നവര്‍ ഏതെങ്കിലും കേസുകളില്‍ പെട്ടവരാണോ, ആ കേസില്‍ വിധി വന്നിട്ടുണ്ടോ, അവരുടെ ഇപ്പോഴത്തെ സ്വഭാവം എന്താണ് എന്നൊക്കെ കണക്കാക്കുന്നതിന് അക്കാദമിക്ക് പ്രത്യേക സംവിധാനമൊന്നുമില്ല. ഇക്കാര്യത്തില്‍ പരാതി വന്നാല്‍ അതു പരിഗണിക്കാനേ പറ്റൂ. സ്ത്രീപീഡനമോ പീഡനശ്രമമോ നടത്തിയെന്ന് ആക്ഷേപിക്കപ്പെടുന്ന ഒരെഴുത്തുകാരനെ അക്കാദമി പരിപാടിയില്‍ പങ്കെടുപ്പിക്കുന്നത് ശരിയാണോ? പാടില്ലെന്നു പറയാം. പക്ഷേ, ഒരാള്‍ പരാതിപ്പെട്ടു എന്നതുകൊണ്ടു മാത്രം മാറ്റിനിര്‍ത്തല്‍ എളുപ്പമാകുമോ? ഏതെങ്കിലും അന്വേഷണത്തിന്റെയോ കേസിന്റെയോ പരിധിയില്‍ നില്‍ക്കുന്നവരെ മാറ്റി നിര്‍ത്താം എന്ന മട്ടില്‍ ഉപാധി വേണ്ടി വരുമോ?
പീഡനത്തിനോ പീഡനശ്രമത്തിനോ വിധേയപ്പെട്ട് ശമനമില്ലാത്ത ട്രോമയിലേക്കു തള്ളിവീഴ്ത്തപ്പെട്ട ഒരു സ്ത്രീക്ക് കുറ്റവാളി പൊതു അംഗീകാരത്തിന് പാത്രമാവുന്നത് അസഹ്യവും വേദനാകരവുമാകും. അയാളെ തള്ളുവിന്‍ എന്ന് സമൂഹത്തോട് പീഡിതര്‍ വിലപിക്കും. അത് ഗൗരവത്തോടെ സ്വീകരിക്കുക എന്നത് പീഡിതരോടുള്ള സമൂഹത്തിന്റെ അനുഭാവവും ഐക്യദാര്‍ഢ്യവുമാണ്. കുറ്റകൃത്യത്തോടുള്ള അടങ്ങാത്ത അമര്‍ഷവും സമരസപ്പെടാനാവില്ല എന്ന പ്രഖ്യാപനവുമാണ്.
പ്രായത്തിന്റെയും ജീവിത സാഹചര്യത്തിന്റെയും സമ്മര്‍ദ്ദം ഒരാളെ അതിസാഹസികതയിലേക്കോ വൈകാരിക കുറ്റകൃത്യങ്ങളിലേക്കോ (ബലാത്സംഗം, കൊലപാതകം തുടങ്ങിയ കൊടും കുറ്റകൃത്യങ്ങളല്ല ഉദ്ദേശിച്ചത്) തള്ളിവിടാം. അയാള്‍ നിയമപരമായ ശിക്ഷ അനുഭവിക്കാനും തിരുത്താനും സന്നദ്ധനാവണം. പരാതി ഉയര്‍ന്നാല്‍ അത് നിയമത്തിന്റെ മുന്നില്‍ എത്തണം. കോടതിയില്‍ പല കാരണങ്ങളാല്‍ പരാതി എത്തിയില്ലെങ്കിലും അറിവും അനുഭവവും വീണ്ടുവിചാരവുംകൊണ്ട് കുറ്റകൃത്യത്തില്‍ വ്യസനിക്കാനും ആ മാനസികാവസ്ഥകളില്‍നിന്നു മുക്തനാവാനും കഴിഞ്ഞ ഒരാളെ സമൂഹം തിരിച്ചറിയാതെയും പോകരുത്. അവര്‍ കുറ്റം ഏല്‍ക്കാനും തെറ്റ് തിരുത്താനും മുന്നോട്ടു വന്നിട്ടുണ്ടെങ്കില്‍ അവരെ ജീവിതത്തില്‍ ഒരിക്കല്‍ ചെയ്ത കുറ്റകൃത്യത്തിന്റെ പേരില്‍ മരണംവരെ വേട്ടയാടുന്നതും ശരിയാവില്ല. അക്കാദമിക്ക് ഇക്കാര്യങ്ങളൊക്കെ വിവേചിച്ചറിയാനും നീതിയുക്തമായ തീരുമാനമെടുക്കാനും എന്ത് സംവിധാനമാണ് ഉള്ളതാവോ!
ദൗര്‍ഭാഗ്യവശാല്‍, നമ്മുടെ നാട്ടില്‍ അക്കാദമികള്‍ക്കും മേലെ അക്കാദമികളെപ്പോലും നിയന്ത്രിക്കുന്ന ഇടത്ത് ഇത്തരം പരാതികള്‍ക്ക് ഇടവെച്ചവരോ വിധേയപ്പെട്ടവരോ ഇരിക്കുന്നുണ്ടാവും. അവര്‍ അവിടെ തുടരുന്നതിനാല്‍ സര്‍ക്കാര്‍ പരിപാടികളില്‍ ഞാന്‍ പങ്കെടുക്കില്ലെന്ന് പറയാന്‍ ആരും ധൈര്യം കാണിക്കുന്നത് കണ്ടിട്ടില്ല. സമുദായത്തിനകത്തോ രാഷ്ട്രീയ പാര്‍ട്ടിക്കകത്തോ കുറ്റകൃത്യം അടക്കിത്തീര്‍ത്തവര്‍ മാന്യരാവും. ഒറ്റപ്പെട്ട താരതമ്യേന ദുര്‍ബ്ബലരായ വ്യക്തികള്‍ പക്ഷേ, നിരന്തരം കണക്കെടുപ്പിനും വിചാരണക്കും മാറ്റിനിര്‍ത്തലിനും വിധേയരാവും. ഇതില്‍ രാഷ്ട്രീയമായ ഒരധികനിശ്ചയം ബോധപൂര്‍വ്വമല്ലാതെത്തന്നെ പ്രവര്‍ത്തിക്കുന്നത് കാണാതിരുന്നുകൂടാ. അതിനാല്‍ അക്കാദമികളുടെ നേതാക്കളും തീരുമാനമെടുക്കാന്‍ പ്രയാസപ്പെടും.
ഒരുകാലത്തെ ഇഷ്ടം മറ്റൊരു കാലത്ത് അനിഷ്ടമായും ഒരുകാലത്തെ സ്വാഭാവികത മറ്റൊരു കാലത്തെ അസ്വാഭാവികതയായും ഒരുകാലത്തെ കൗതുകം മറ്റൊരു കാലത്തെ കുറ്റകൃത്യമായും അതിവേഗം മാറാം. ഇഷ്ടവും കൗതുകവും സ്വാഭാവികതയുമെല്ലാം ഒരിക്കല്‍ പുരുഷാധികാരശീലങ്ങളുടെ തെറിപ്പുകളായിരുന്നെങ്കിലും വികസിച്ച ജനാധിപത്യ യുഗത്തില്‍ അവ വലിയ കുറ്റകൃത്യങ്ങളാവുമെന്നര്‍ത്ഥം. അതുണ്ടാക്കുന്ന ആഘാതം നമ്മുടെ ആണ്‍പെണ്‍ ലോകങ്ങളെയാകെ ബാധിക്കുന്നു. അധികാരശീലങ്ങളെ മുറിച്ചു കടക്കാനുള്ള ഘട്ടമെന്നത് ലളിതമായ അനുഭവകാലമാവില്ല. അതിന്റെ പരിക്കുകളോടെയേ പുതിയ കാലത്തിലേക്ക് പ്രവേശിക്കാനാവൂ.
തെറ്റു ചെയ്തവരെ നിയമത്തിന് വിട്ടുകൊടുക്കാനാണ് നാം ഉത്സാഹിക്കേണ്ടത്. അതിന് പുറമേ ജനകീയ വിചാരണകൂടി വേണമെന്ന് വ്യക്തികള്‍ക്കു തോന്നാം. എന്നാല്‍ പൊതുസമൂഹം പലവിധമനുഷ്യരെ ചേര്‍ത്ത് അനേക വ്യവഹാര ചക്രങ്ങളില്‍ മുട്ടിയും തടഞ്ഞും പൂരിപ്പിച്ചും മുന്നോട്ടു പോകുന്നതാണ്. അവിടെ പൊതു നിയമമേ പരിഗണിക്കാനാവൂ. ഓരോ വ്യക്തിയുടെ അനുഭവവും പരാതിയും പരിഗണിച്ചല്ല പൊതു നിയമവും മാനദണ്ഡവും മുന്‍നിര്‍ത്തിയാണ് തീരുമാനം നല്ലത്. നിയമം നല്‍കുന്ന ശിക്ഷയ്ക്കു പുറമേ നാട്ടുകൂട്ടങ്ങളുടെ ശിക്ഷാവിധി ശരിയായ കാര്യമാവില്ല.
സ്ത്രീപീഡന പരാതിയില്‍ പേരു വന്നവര്‍ സ്ഥാനക്കയറ്റം നേടുന്ന, കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ ആദരവുകള്‍ ഏറ്റുവാങ്ങുന്ന നാടാണ് നമ്മുടേത്. അവിടെ പ്രതിഷേധിക്കാനോ അതു ചെയ്യുന്നവരെ മാറ്റി നിര്‍ത്താനോ തയ്യാറല്ലാത്തവര്‍ ചില കേസില്‍ തങ്ങള്‍ കുറ്റക്കാരായി കാണുന്നവരെ അക്കാദമികളും ജനങ്ങളും ബഹിഷ്‌കരിക്കണം എന്നാവശ്യപ്പെടുന്നത് ഇരട്ടത്താപ്പാണ്. കുറ്റം ചെയ്തവര്‍ക്ക് പൊതുവായി ബാധകമാവുന്ന നിയമവും നയവുമാണ് പറയേണ്ടത്. ഒരേ തെറ്റ് ചെയ്ത ദുര്‍ബ്ബലരെ നേരിടാനും ബലവാന്മാര്‍ക്കു മുന്നില്‍ കുനിയാനും ഇടവരരുത്. അത് അശ്ലീലമാണ്.
No Comments yet!