Skip to main content

ഒറ്റയ്ക്ക് നടന്ന കോവിലന്‍

 

രണ്ടു തരം എഴുത്തുകാരുണ്ട്. സാഹിത്യത്തിന്റെ മുഖ്യധാരയില്‍ പരിചിത ഭാവുകത്വത്തിന്റെ വഴിയിലൂടെ നടന്ന് ഭൂരിപക്ഷം വായനക്കാരുടെയും പ്രിയവും ആരാധനയും സാമൂഹികാംഗീകാരവും നേടുന്നവര്‍ ഒരു വിഭാഗം. മറ്റൊരു വിഭാഗം നിലനില്‍ക്കുന്ന ഭാവുകത്വത്തോട് കലഹിച്ച് സ്വന്തമായ വഴി രൂപപ്പെടുത്തുന്നവരാണ്. വായനാസമൂഹത്തിന്റെ ഭൂരിപക്ഷവും അങ്ങനെയുള്ളവരെ നിരാകരിച്ചു എന്നുവരും. ഗതാനുഗതികമായ അഭിരുചിബോധത്തിന് ഇണങ്ങുന്നതാകുകയില്ല അവരുടെ എഴുത്ത്. അവര്‍ പൊതുധാരയില്‍ നിലവിലുള്ള വായനാസ്വഭാവത്തിന് പാകത്തിലല്ല എഴുതുന്നത്. തങ്ങളുടെ വായനാസമൂഹത്തെ അവര്‍ സ്വയം സൃഷ്ടിച്ചെടുക്കുകയാണ് ചെയ്യുന്നത്. അതെപ്പോഴും ന്യൂനപക്ഷമായിരിക്കും. കാലാന്തരത്തില്‍ അങ്ങനെയുള്ളവരുടെ എഴുത്തിന്റെ തനിമയും മൂല്യവും തിരിച്ചറിയുക തന്നെ ചെയ്യും. പുതിയ ഭാവുകത്വത്തിന്റെ സ്രഷ്ടാക്കള്‍ എന്ന നിലയില്‍ ആ എഴുത്തുകാര്‍ ആദരിക്കപ്പെടും. അപ്പോഴും ജനപ്രിയതയുടെ ആരവാരങ്ങള്‍ അവരില്‍ നിന്ന് അകലെയായിരിക്കും.

മലയാളത്തില്‍ തീര്‍ച്ചയായും ഈ രണ്ടാമത്തെ ഗണത്തില്‍ പെടുന്ന എഴുത്തുകാരില്‍ പ്രമുഖനാണ് കോവിലന്‍. അത്തരം എഴുത്തുകാര്‍ നമുക്ക് വളരെക്കുറച്ചേയുള്ളൂ. മലയാളം അഭിരമിച്ചിരുന്ന, ഇപ്പോഴും അഭിരമിച്ചുകൊണ്ടിരിക്കുന്ന, വിലോലകാല്പനികതയുടെ മറുകരയിലായിരുന്നു എന്നും കോവിലന്‍. വാറ്റിയെടുത്ത കാല്പനികാംശങ്ങള്‍ കോവിലന്റെ രചനകളിലും കാണാന്‍ കഴിയും. അതൊരിക്കലും ലോലമോ ദുര്‍ബ്ബലമോ ആയിരുന്നില്ല. നേര്‍ത്ത ലോഹക്കമ്പികള്‍ വൈദ്യുതിപ്രസരം കൊണ്ട് തിളങ്ങുന്നതിനെ അനുസ്മരിപ്പിക്കുന്നതാണ് കോവിലന്റെ രചനകളിലെ കാല്പനികദീപ്തികള്‍. പൊതുപ്രസ്താവങ്ങളില്‍ കോവിലനെ പരുക്കന്‍ യാഥാര്‍ത്ഥ്യത്തിന്റെ എഴുത്തുകാരന്‍ എന്ന് പലരും വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍ കരിമ്പാറയുടെ അഗാധഹൃദയത്തില്‍ നിന്ന് നീരുറവകള്‍ കിനിയും പോലെ പരുഷവും തീവ്രവുമായ ജീവിതസന്ധികളുടെ നിശിതാവിഷ്‌കാരത്തിനിടയില്‍ ആര്‍ദ്രഭാവങ്ങളുടെ സാന്ദ്രമായ ഉറവകളും കോവിലന്‍ സൃഷ്ടിച്ചിട്ടുണ്ട് എന്നതാണ് സത്യം.

ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തെ അതിന്റെ വ്യാപ്തിയിലും ആഴത്തിലും തിരിച്ചറിഞ്ഞ എഴുത്തുകാരനായിരുന്നു കോവിലന്‍. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത് വിദ്യാലയം വിട്ടിറങ്ങിയ കോവിലന് ഉപജീവനത്തിനു വേണ്ടി പട്ടാളത്തില്‍ ചേരേണ്ടിവന്നു. നേരത്തെ ആര്‍ജ്ജിച്ചിരുന്ന സാഹിത്യാഭിമുഖ്യവും സ്വാതന്ത്ര്യബോധവും പട്ടാളത്തിലെ ജീവിതവുമായി പലപ്പോഴും സംഘര്‍ഷം സൃഷ്ടിച്ചു. എങ്കിലും ഇന്ത്യ എന്ന മഹാരാജ്യത്തെക്കുറിച്ചും ഇവിടത്തെ വൈവിധ്യം നിറഞ്ഞ ജനവര്‍ഗ്ഗങ്ങളെക്കുറിച്ചും അവര്‍ നേരിടുന്ന ജീവിതപ്രശ്‌നങ്ങളെക്കുറിച്ചുമൊക്കെ ധാരണകള്‍ നേടാന്‍ പട്ടാളജീവിതം ഉപകരിച്ചു. കോവിലന്റെ സൂക്ഷ്മഗ്രാഹിയും അപഗ്രഥനോത്സുകവുമായ മനസ്സ് ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തെ വിശകലനം ചെയ്യുകയും അതിന്റെ സാരസത്ത തന്റെ രചനകളില്‍ സന്നിവേശിപ്പിക്കുകയും ചെയ്തു. ആ നിലയില്‍ മലയാളത്തിലെ ആദ്യത്തെ ഇന്ത്യന്‍ എഴുത്തുകാരനാണ് കോവിലന്‍.

കോവിലന്റെ പ്രമേയങ്ങള്‍ മനുഷ്യജീവിതത്തിന്റെ മൌലികയാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് തോറ്റിയെടുത്തവയായിരുന്നു. വിശപ്പും രതിയും അതിജീവനത്തിനുള്ള ത്വരയുമൊക്കെ അത്തരം ആദിമഭാവങ്ങളുടെ ഗണത്തിലുള്ളതാണെങ്കിലും അവയെയൊക്കെ തന്റേതായ രസപാകത്തില്‍ സംസ്‌കരിച്ചാണ് കോവിലന്‍ അവതരിപ്പിച്ചത്. സംസ്‌കരണപ്രക്രിയയ്ക്കിടയില്‍ ആ ഭാവങ്ങളുടെ തനിമ നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിച്ചു. ജീവിതത്തിന്റെ പച്ചമണ്ണില്‍ കാലുറപ്പിച്ചു നിന്നുകൊണ്ടാണ് അത് സാധ്യമാക്കിയത്. മനുഷ്യസങ്കടങ്ങളില്‍ നിന്ന് ഊതിപ്പെരുക്കിയ ഊര്‍ജ്ജം അതിലേക്ക് കടത്തിവിട്ടു കൊണ്ടാണ് കോവിലന്‍ തന്റെ ആഖ്യാനങ്ങളെ ജീവത്താക്കിയത്.

കോവിലന്റെ കഥകളും നോവലുകളും കേന്ദ്രീകരിച്ചിരുന്നത് മനുഷ്യന്റെ ഉള്ളിലെ പ്രതിരോധശക്തിയിലാണ്. ബാഹ്യതലത്തില്‍ മാത്രമല്ല അവയില്‍ സൈനികസംസ്‌കാരം നിലനില്‍ക്കുന്നത്. ഒരോ മനുഷ്യനും മനുഷ്യോചിതമായ ജീവിതത്തിന് അര്‍ഹനാണെന്നും അതവന് ലഭിക്കാന്‍ വേണ്ടി പലപ്പോഴും പൊരുതേണ്ടി വരും എന്നുമുള്ള തിരിച്ചറിവ് കോവിലനുണ്ടായിരുന്നു. വ്യക്തി എന്ന നിലയില്‍ തന്നെ പ്രതിരോധഭാവം കോവിലനില്‍ മുതിര്‍ന്നു നിന്നിരുന്നു. മനുഷ്യനെ മനുഷ്യനെന്ന നിലയില്‍ അംഗീകരിക്കാത്ത എല്ലാ വ്യവസ്ഥകളോടും കോവിലന്‍ കലാപം കൂട്ടിയത് അതുകൊണ്ടാണ്. മനുഷ്യാന്തസ്സിനെ അംഗീകരിക്കാത്ത ശക്തികള്‍ക്കെതിരെ കോവിലന്റെ രചനകള്‍ കലാപസ്വരമുയര്‍ത്തി. തന്റെ കഥാപാത്രങ്ങളെ അത്തരം പരിണതികളിലൊക്കെ സമരോത്സുകരായി അവതരിപ്പിച്ചതിന്റെ കാരണവും മറ്റൊന്നല്ല. എല്ലാ ട്രാജഡികളിലുമെന്ന പോലെ പരാജയപ്പെടുന്ന യുദ്ധങ്ങളിലെ പൊരുതുന്ന കഥാപാത്രങ്ങളായി കോവിലന്‍ വരച്ചിട്ട മനുഷ്യര്‍ മാറിയതും അതുകൊണ്ടു തന്നെ.

കോവിലന്റെ രചനകളിലെ രാഷ്ട്രീയവും നൈതികവുമായ കാഴ്ചപ്പാടുകളിലൊക്കെ ഈ പ്രതിരോധസജ്ജത കാണാനാകും. പട്ടാളത്തിലെ താഴെത്തട്ടിലുള്ള സൈനികര്‍ അനുഭവിക്കുന്ന അടിമത്തം, സമൂഹത്തില്‍ അധഃസ്ഥലങ്ങളില്‍ കഴിയുന്നവര്‍ക്ക് നേരിടേണ്ടി വരുന്ന സാമ്പത്തികവും സാമൂഹികവുമായ വിവേചനം, ഭരണകൂടത്തിന്റെ ഇരയായി മാറുന്ന സാധാരണ പൗരന്‍ നേരിടുന്ന പീഡനം എന്നിങ്ങനെ അധികാരവ്യവസ്ഥയുടെ വിഭിന്നരൂപങ്ങളോട് ഏറ്റുമുട്ടേണ്ടി വരുന്ന മനുഷ്യരാണ് ആ കഥാപാത്രങ്ങള്‍. കോവിലന്റെ രചനകളില്‍ അതീവ സംഘര്‍ഷഭരിതമായ ജീവിതസന്ധികളില്‍ നിന്നുകൊണ്ട് വിട്ടുവീഴ്ചയില്ലാതെ പൊരുതുന്ന സാധാരണക്കാരായ അസാധാരണ മനുഷ്യരെ കാണാം. ആദ്യകാലത്ത് പട്ടാളത്താവളങ്ങളുടെ പശ്ചാത്തലത്തില്‍ പട്ടാളക്കാരായ മനുഷ്യരെ കഥാപാത്രങ്ങളാക്കി അവരനുഭവിക്കുന്ന ജീവിതസംഘര്‍ഷങ്ങളെ ആവിഷ്‌കരിക്കുന്ന ചെറുകഥകളും നോവലുകളുമെഴുതിയതിന്റെ പേരില്‍ കോവിലന്റെ മേല്‍ പട്ടാളക്കഥാകാരന്‍ എന്ന മുദ്ര പതിഞ്ഞു. വസ്തുതാപരമായ സത്യം അതിലുണ്ടെങ്കിലും അങ്ങനെ പരിമിതപ്പടുത്താനവാത്ത വിധം ജീവിതത്തിന്റെ സൂക്ഷ്മവും അഗാധവുമായ ഭാവങ്ങളെ ആഴമുള്ള മാനുഷികസന്ദര്‍ഭങ്ങളിലൂടെ അവതരിപ്പിച്ച കോവിലന്റെ യഥാര്‍ത്ഥ രചനാസ്വത്വത്തെ മറയ്ക്കുന്ന ആവരണമായിത്തീര്‍ന്നു ആ മുദ്ര.

രചനയില്‍ എഴുത്തുകാര്‍ കഥാപാത്രങ്ങളെ മൂര്‍ത്തമാക്കുമ്പോള്‍ അവര്‍ വ്യാപരിക്കുന്ന സ്ഥലകാലങ്ങളും തൊഴിലും സാമുദായികസ്വത്വവും ജീവിതസാഹചര്യങ്ങളുമൊക്കെ അഭിവ്യക്തമാക്കേണ്ടി വരും. തങ്ങള്‍ക്ക് അനുഭവപരിചയമുള്ള മേഖലയില്‍ നിന്നാകും രചയിതാക്കള്‍ കഥാപാത്രങ്ങളെ രൂപപ്പെടുത്തിയെടുക്കുന്നത്. അങ്ങനെയാണ് കഥാപാത്രത്തിന്റെ സാംസ്‌കാരിക സ്വത്വം സ്ഥാപിക്കപ്പെടുന്നത്. കോവിലന്‍ തന്റെ അനുഭവത്തിന്റെയും ജീവിതപരിചയത്തിന്റെയും ഉയിര്‍മണ്ണില്‍ നിന്ന് മെനഞ്ഞെടുത്ത കഥകളിലും നോവലുകളിലും പട്ടാളത്താവളങ്ങളും പട്ടാളക്കാരുമൊക്കെ പ്രാധാന്യം നേടിയത് സ്വാഭാവികം. എന്നാല്‍ അവിടെയും മനുഷ്യന്‍ എന്ന മഹാസമസ്യയെ, ജീവിതം എന്ന അടിസ്ഥാന യാഥാര്‍ത്ഥ്യത്തെയാണ് നിര്‍ദ്ധാരണം ചെയ്യാന്‍ ശ്രമിച്ചത്.
തന്റെ ഗ്രാമീണാനുഭവങ്ങളില്‍ നിന്ന് കഥകളും നോവലുകളും കടഞ്ഞെടുത്തപ്പോഴും മനുഷ്യരെ അവരുടെ തനിമയില്‍ അവതരിപ്പിക്കുക, അവരുടെയുള്ളിലെ സങ്കടത്തിന്റെ കടലിലേക്കിറങ്ങിച്ചെല്ലുക എന്ന സമീപനത്തില്‍ മാറ്റമുണ്ടായില്ല. അവയുടെ ആഖ്യാനഘടനയിലും പരിചരണരീതിയിലും അടിസ്ഥാനപരമായ വ്യതിയാനങ്ങളുണ്ട് എന്നു മാത്രമേയുള്ളൂ. ഗോത്രാനുഭവങ്ങളുടെ ആഴങ്ങളിലേക്ക് ഖനനം ചെയ്തു പോകുകയും നാടന്‍ വാങ്മയത്തിന്റെ സാധ്യതകള്‍ ആവോളം സാക്ഷാത്കരിക്കുകയും ചെയ്തുകൊണ്ടാണ് കോവിലന്‍ തോറ്റങ്ങളും തട്ടകവുമെഴുതിയത്. കേരളീയ സമൂഹം രൂപപ്പെട്ടു വന്ന വഴികളെക്കുറിച്ചുള്ള കോവിലന്റെ ചരിത്രാന്വേഷണത്തിന്റെ അടയാളങ്ങളും ആ കൃതികളില്‍ കാണാനാകും. എഴുത്തുകാരന്റെ സ്വത്വത്തെയും അത് രൂപപ്പെട്ടു വന്ന ഗോത്രാനുഭവങ്ങളെയും സാമൂഹിക പ്രേരണകളെയും കോവിലന്റെ വാക്കുകളെ ശ്രദ്ധാപൂര്‍വ്വം പിന്തുടരുന്നവര്‍ക്ക് വായിച്ചെടുക്കാം.

എന്നും പച്ചമനുഷ്യന്റെ പക്ഷത്തുനിന്ന കോവിലന് വിശപ്പ് എന്ന പ്രാഥമികാനുഭവത്തിന്റെ തീവ്രത അന്യമായിരുന്നില്ല. ഏറ്റവും തീക്ഷ്ണമായ മാനുഷികയാഥാര്‍ത്ഥ്യം വിശപ്പാണെന്ന് കോവിലന്‍ തിരിച്ചറിഞ്ഞിരുന്നു. ഒരു മനുഷ്യനെ കണ്ടാല്‍ അയാള്‍ നേരാംവണ്ണം ഭക്ഷണം കഴിച്ചിട്ടുണ്ടോ എന്നായിരുന്നു ആലോചന. തന്നെപ്പോലെ തന്നെ വിശപ്പിനോടു പടവെട്ടാന്‍ പട്ടാളത്തില്‍ ചേര്‍ന്നവരാണ് കോവിലന്‍ തന്റെ തൊഴിലിടത്തു കണ്ട സാധാരണ പട്ടാളക്കാര്‍. മുന്‍തലമുറയിലെ എഴുത്തുകാര്‍ ചെയ്തതുപോലെ വിശപ്പ് എന്ന അനുഭവത്തിന്റെ ബഹിര്‍ഭാഗസ്ഥമായ ആലേഖനമല്ല, കോവിലന്റെ രചനകളില്‍ കാണുന്നത്. അതുണ്ടാക്കുന്ന മാനസിക സംഘര്‍ഷങ്ങളുടെ ആവിഷ്‌കാരമാണ്. ഉണ്ട ചോറിനോട് കൂറു പുലര്‍ത്തുക എന്നതും കോവിലന്‍ പാലിച്ച നിഷ്ഠയായിരുന്നു. അതുകൊണ്ടാണ് സൈനികന്‍ എന്ന നിലയില്‍ അദ്ദേഹം അഭിമാനിച്ചതും തന്റെ ജോലിയില്‍ തികഞ്ഞ സമര്‍പ്പണബുദ്ധിയോടെ മുഴുകിയതും. ആ അനുഭവത്തിന്റെ സൂക്ഷ്മവും വൈകാരികവുമായ വിതാനത്തിലാണ് കോവിലന്‍ ശ്രദ്ധിച്ചത്. അതിന്റെ സാമൂഹികവും നൈതികവുമായ തലങ്ങള്‍ രചനകളില്‍ വിമര്‍ശനാത്മകമായി ആവിഷ്‌കരിച്ചു. അങ്ങനെ ആ പ്രമേയത്തിന്റെ അഗാധതകളും വൈവിദ്ധ്യങ്ങളും കോവിലന്റെ കൃതികളില്‍ തെളിഞ്ഞുകണ്ടു.

വിശപ്പിനോളം തന്നെ പ്രധാനപ്പെട്ട പ്രമേയമായി രതിയും കോവിലന്റെ രചനകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മനുഷ്യനെ ജീവിപ്പിക്കുന്ന മുഖ്യവികാരങ്ങളിലൊന്നായ രതിയുടെ ആവിഷ്‌കാരം മിക്കവാറും സാഹിത്യകൃതിളുടെ പ്രമേയധാരയില്‍ പ്രാമുഖ്യം നേടാറുണ്ട്. ലോകസാഹിത്യത്തിലാകെത്തന്നെ കഥയും നോവലുമൊക്കെ വലിയൊരളവോളം സ്ത്രീപുരുഷബന്ധത്തിന്റെ, വിശേഷിച്ചും പ്രണയത്തിന്റെ അടിനൂലില്‍ കൊരുത്തടുത്തവയാണ്. വായനക്കാരെ ആകര്‍ഷിക്കുന്ന ആ അടിസ്ഥാന വികാരത്തിന്റെ ലോലവുംമാംസളവുമായ വിതാനങ്ങളെ ആവിഷ്‌കരിക്കുന്നവയാണ് ആ ഗണത്തില്‍ പെട്ട മിക്കവാറും കൃതികള്‍. മണ്ണും അസ്ഥിയുമൊക്കെപ്രണയത്തിന്റെ വിഭവങ്ങളായിത്തീരുകയാണ് കോവിലന്റെ രചനകളില്‍. എന്നാല്‍ അവിടെയും സ്ഥൂലത്തിലല്ല, സൂക്ഷ്മത്തിലാണ് എഴുത്തുകാരന്‍ ശ്രദ്ധിക്കുന്നത്. ആ വികാരത്തിന്റെ ആന്തരികധമനികളിലൂടെ പിന്നെയും പിന്നെയും ആഴങ്ങളിലേക്കിറങ്ങിച്ചെല്ലുകയാണ്. ത്വക്കിന്റെ മിനുപ്പിലും മാംസത്തിന്റെ മെഴുപ്പിലും അഭിരമിക്കുന്നതല്ല, അസ്ഥിയിലേക്കും മജ്ജയിലേക്കും പടരുന്നതാണ് കോവിലന്റെ രചനകളിലെ രതിബോധം.

അനുഭവത്തിന്റെ അമ്ലതീഷ്ണമായ വൈകാരികതയ്ക്കപ്പുറം കോവിലന്റെ എല്ലാ രചനകളിലും ബൗദ്ധികവും വിശകലനപരവുമായതലങ്ങള്‍ കൂടിയുണ്ടാകും. സവിശേഷമായ ജീവിതസന്ധികളുടെ വൈകാരികചിത്രണം മാത്രമല്ല അവ. വൈകാരികവും അനുഭവപരവുമായ തലത്തിനപ്പുറം ജീവിതമെന്ന യാഥാര്‍ത്ഥ്യത്തെ അപഗ്രഥനാത്മകമായി സമീപിക്കാന്‍ കൂടി കോവിലന്‍ എപ്പോഴും ശ്രമിക്കുന്നുണ്ട്. കഥകളിലും നോവലുകളിലുമൊക്കെ ചരിത്രപരവും രാഷ്ട്രീയവും സാമൂഹികവുമായ തലങ്ങള്‍ രൂപപ്പെടുന്നത് അങ്ങനെയാണ്. അതിലൂടെ ലഭിക്കുന്ന ഉള്‍ക്കാഴ്ചകള്‍ കഥകള്‍ക്ക് ആന്തരികമായ ബലിഷ്ഠത നല്‍കുന്നു. ഇങ്ങനെ ആഖ്യാനത്തില് അന്തര്‍ഭവിച്ചിരിക്കുന്ന വൈരുദ്ധ്യാത്മകമായ ഘടകങ്ങളുടെ വിലയനമാണ് കോവിലന്റെ കൃതികളെ വ്യതിരിക്തമാക്കുന്നത്.
കഥയോ നോവലോ എഴുതാനുള്ള ആന്തരികത്വര ഇല്ലാത്ത സന്ദര്‍ഭങ്ങളില്‍ ഇത്തരം ചിന്തകള്‍ അസ്വാസ്ഥ്യം സൃഷ്ടിക്കുമ്പോള്‍ അവ ലേഖനരൂപത്തില്‍ നേരിട്ടവതരിപ്പിക്കാനും കോവിലന്‍ സന്നദ്ധനായിട്ടുണ്ട്. കഥാംശമില്ലെങ്കിലും ചെറുകഥയുടെ ആവിഷ്‌കാര ചാരുത പുലര്‍ത്തിക്കൊണ്ട് കോവിലന്‍ എഴുതിയിട്ടുള്ള ലേഖനങ്ങള്‍ അങ്ങനെ രൂപപ്പെട്ടിട്ടുള്ളവയാണ്. തന്റെ എഴുത്തിന്റെ പിന്നിലെ സംഘര്‍ഷങ്ങള്‍, തന്റെ ചില കൃതികള്‍ രൂപം കൊണ്ടതിന്റെ സര്‍ഗ്ഗക്രിയാരഹസ്യങ്ങള്‍, തന്നെ ഗാഢമായി ആകര്‍ഷിച്ച വ്യക്തികള്‍, ഉള്ളില്‍ കോളിളക്കമുണ്ടാക്കിയ സ്വദേശിയും വിദേശിയുമായ കൃതികള്‍, പ്രകോപനം കൊള്ളിക്കുന്ന സമകാലികമായ രാഷ്ട്രീയവും സാമൂഹികവുമായ അനുഭവങ്ങള്‍, തനിക്ക് അന്നം തന്ന പട്ടാളത്തെക്കുറിച്ചുള്ള വിചാരങ്ങള്‍ – ഇങ്ങനെ പലതും ആ ലേഖനങ്ങളില്‍ വായിക്കാം. ചിന്തയുടെ നിശിതത്വവും വികാരങ്ങളുടെ തീഷ്ണതയും ആവിഷ്‌കാരത്തിന്റെ തനിമയും കൊണ്ട് കോവിലന്റെ കഥകള്‍ക്കും നോവലുകള്‍ക്കും ഒപ്പം നില്‍ക്കുന്നവയാണ് ആ ലേഖനങ്ങള്‍. സവിശേഷവും വിശദവുമായ പഠനത്തിന് വകയുള്ളവയാണ് കോവിലന്റെ ലേഖനങ്ങള്‍.

കോവിലന്‍ ചുണയുള്ള ഗദ്യമെഴുതുമ്പോഴും അതില്‍ കവിതയുടെ താളം മുഴങ്ങി. വാക്കുകള്‍ തിളങ്ങി. ഈണവും ഇണക്കവും തെളിഞ്ഞു. ചിലപ്പോള്‍ വാക്കുകള്‍ അഗ്‌നിപോലെ ജ്വലിച്ചു. സന്ദര്‍ഭൗചിത്യവും ധ്വനനശേഷിയുമുള്ള മൗലികകല്പനകള്‍ വിടര്‍ന്നു വന്നു. പൊന്നു തൂക്കുന്ന ശ്രദ്ധയോടെയാണ് താന്‍ കവിതയില്‍ വാക്കുകള്‍ ചേര്‍ക്കുന്നത് എന്നു കുമാരനാശാന്‍ പറഞ്ഞു. ആ ഗോത്രത്തില്‍ പെട്ടവനാണ് കോവിലന്‍. ബാഹ്യാലങ്കാരങ്ങള്‍ കൊണ്ടോ വാക്കുകളുടെ മാംസളഭംഗി കൊണ്ടോ രൂപപ്പെട്ട കാവ്യാത്മകതയല്ല കോവിലന്റെ ഗദ്യത്തെ തിളക്കുന്നത്. ആന്തരികോര്‍ജ്ജത്തിന്റെ നിശിതചൈതന്യം തനിമയുള്ള വാക്കുകളിലൂടെ പ്രസരിക്കുന്നതിന്റെ ജ്വലനമാണത്. കോവിലന്‍ നാട്ടുമൊഴികളുടെ താളവും ചൈതന്യവും ആവാഹിച്ചിരുന്ന ദ്രാവിഡ മനസ്സുള്ള എഴുത്തുകാരനായിരുന്നു. അതേസമയം സംസ്‌കൃതഭാഷയില്‍നിന്നുള്ള വാക്കുകള്‍ ഉചിതമായി ചേര്‍ക്കുമ്പോള്‍ വാങ്മയ കലയില്‍ തെളിയുന്ന ഭാവദീപ്തിയെക്കുറിച്ചും നല്ല ധാരണയുണ്ടായിരുന്നു. ഈ രണ്ട് ധാരകളുടെയും ഉചിത സമന്വയത്തിലൂടെയും ചിലപ്പോള്‍ സംഘര്‍ഷത്തിലൂടെയും തന്റെ വാക്യങ്ങള്‍ക്ക് വായനക്കാരുടെ ഉള്ളില്‍ തുളഞ്ഞു കയറുന്ന വിധം ശക്തിയും ദീപ്തിയും നല്‍കാന്‍ കോവിലനു കഴിഞ്ഞു.

 

ഡോ. കെ.എസ്. രവികുമാര്‍
പത്തനംതിട്ട ജില്ലയിൽ പന്തളത്തിന് അടുത്ത് പനങ്ങാട് കെ. ശിവരാമപിള്ളയുടെയും മാധവിയമ്മയുടെയും മകനായി 1957ല്‍ ആണ് കെ എസ് രവികുമാര്‍ ജനിച്ചത്. അധ്യാപകനും കാലടി സംസ്‌കൃത സർവകലാശാല പ്രൊ വൈസ് ചാൻസലറും ആയിരുന്നു. പ്രശസ്ത എഴുത്തുകാരൻ പുതുശ്ശേരി രാമചന്ദ്രന്റെ മരുമകനാണ്. മലയാള സാഹിത്യ വിമർശന രംഗത്ത് തനതായ മുദ്ര പതിപ്പിച്ച ഡോ. കെ.എസ്. രവികുമാറിന്റേതായി നിരവധി കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ആഖ്യാനത്തിന്റെ അടരുകൾ’ എന്ന കൃതിക്ക് 2010ല്‍ കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം ലഭിച്ചു.
ആഖ്യാനത്തിന്റെ അടരുകൾ, ക്ഷുഭിത ചലനങ്ങളുടെ എഴുത്തുകാരൻ, വർത്തമാന യാഥാർത്ഥ്യത്തിന്റെ ഒരു ചീള്‌, കഥയുടെ ഭിന്നമുഖങ്ങൾ, ചെറുകഥ: വാക്കും വഴിയും തുടങ്ങിയവയാണ് പ്രധാന കൃതികൾ. സാഹിത്യ വിമര്‍ശനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം (2010), ഫാ. അബ്രഹാം വടക്കേല്‍ അവാര്‍ഡ് (2017), ടിഎം ചുമ്മാര്‍ സ്മാരക സുവര്‍ണകൈരളി അവാര്‍ഡ്, (2016), ഡോ സി പി മേനോന്‍ അവാര്‍ഡ് (2016), പ്രൊഫ. നരേന്ദ്രപ്രസാദ് മെമ്മോറിയല്‍ അവാര്‍ഡ് (2015), അബുദാബി ശക്തി തായാട്ട് അവാര്‍ഡ്(2000) എന്നിവ ലഭിച്ചിട്ടുണ്ട്.

 

000000

One Reply to “ഒറ്റയ്ക്ക് നടന്ന കോവിലന്‍”

Your Email address will not be published.