Skip to main content

ബഷീര്‍ : വിശ്വവിഖ്യാതനായ പ്രേമലേഖകന്‍

 

ഈ കഥ വെറും പ്രണയകഥ മാത്രമാണോ? ആധുനിക ജനാധിപത്യമൂല്യങ്ങളുടെ ആവിഷ്കാരമാണ്. പാതിയാകാശത്തിന്റെ ഉടമയാണ് സ്ത്രീയെന്ന ചിന്തയുടെ മാധുര്യം, അതു നൽകുന്ന ജീവിതലാളിത്യവും സ്നേഹവും ഓരോ വാക്യവും ആന്തരിക ജീവിതത്തിലേക്ക് പകരുന്നുണ്ട്. പ്രേമലേഖനം മനസ്സിരുത്തി വായിക്കുന്ന യുവതയ്ക്ക് ദാമ്പത്യജീവിത പ്രതിസന്ധി എന്നൊന്നുണ്ടാകുമോ? വിവാഹസമ്മാനമായി നൽകേണ്ട പുസ്തകമാണിത്. പ്രീ-മാരിറ്റൽ കോഴ്സിന് പഠിപ്പിക്കേണ്ട മഹത്തായ കഥയാണിത്.

മലയാള സാഹിത്യത്തിൽ ഏറ്റവും അധികം പേർ വായിക്കുകയും ആസ്വദിക്കുകയും ചെയ്ത രചനകൾ ആരുടേത് എന്നു ചോദിച്ചാൽ ഒരു ഉത്തരമേ ഉണ്ടാകാൻ ഇടയുള്ളൂ. അത് ബഷീർ സാഹിത്യമാണ്. വൈക്കം മുഹമ്മദ് ബഷീറിനെപറ്റി എത്ര എഴുതിയാലും പിന്നേം പിന്നേം പറയാനുണ്ടാകുന്നു എന്നതാണ് നിസ്തന്ദ്രമായ സാഹിതീയാവസ്ഥ. ആണ്ടറുതിയിൽ രാമായണമെന്ന പോലെ ഇന്ന് ബഷീർ സാഹിത്യവും വായിക്കുന്നു. രാമായണത്തിന് ഏറക്കുറെയും അനുഷ്ഠാനപരമായ വായനയാണ് ലഭിക്കുന്നത്. രാമായണത്തിനെ മതാത്മകമായ വായനയാലാണ് കൊണ്ടാടുന്നതെങ്കിൽ ബഷീർ സാഹിതി സഹൃദയലോകത്തെ സമസ്ത മലയാളിയുംവായിക്കുന്നുണ്ട്. അതുകൊണ്ട് ബഷീറിന്റെ ഓരോ ഓർമ്മ ദിനവും മലയാളിക്ക് മത നിരപേക്ഷ കലാ-സാംസ്കാരിക ആഘോഷങ്ങളുടെ അന്തരംഗം സമ്മാനിക്കുന്നു.

വാസ്തവത്തിൽ, വേർപാടിന്റെ 30 വർഷത്തെ വസ്തുതകളും കഥകളും 2024-ൽ സഹൃദയലോകത്തിനു പറയാനുണ്ട്. ആബാല വൃദ്ധ സാന്നിദ്ധ്യം ബഷീറിയൻ സഹൃദയലോകത്തുണ്ട്. ജീവിച്ചിരുന്ന ബഷീറിനേക്കാൾ എത്രയോ വലിയ ബഷീറാണ് ഇന്നത്തേത്. അന്ന് സുൽത്താൻ എന്നു വിളിച്ചപ്പോൾ അഭിപ്രായ ഭേദമുണ്ടായിരുന്ന പണ്ഡിത പണ്ടങ്ങൾ ഒട്ടധികം ഉണ്ടായിരുന്നു. ജീവിച്ചിരുന്നെങ്കിൽ ഇപ്പോൾ അവരുടെ സംശയങ്ങൾ എല്ലാം മാറുമായിരുന്നു. “Gandhi and centralityofethics’ എന്ന പുസ്തകത്തിന്റെ രചയിതാവും ഫിലോസഫി പ്രൊഫസറുമായ കെ.പി. ശങ്കരൻ, കെ.അരവിന്ദാക്ഷനുമായി നടത്തിയ സംഭാഷണത്തിൽ ഈയിടെ ഒരു വസ്തുത വെളിപ്പെടുത്തിയിട്ടുണ്ട്. “രണ്ടാം വായനയിലാണ് ഞാൻ ബഷീറിലുള്ള തത്വചിന്തകനെ കാണുന്നത്. അദ്ദേഹം 1980 കളിൽ ബഷീർ സാഹിത്യം വായിച്ചു തീർത്തിരുന്നു. പുനർവായനയുടെ ഫലത്തെ അദ്ദേഹം കുറച്ചുകൂടി വ്യക്തമാക്കിയിട്ടുണ്ട്. “അവർ തമ്മിലുള്ള ബന്ധം (ബുദ്ധനും, ഗാന്ധിയും, സോക്രട്ടീസും) ഞാനറിയാതെത്തന്നെ എന്നിൽ ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു. ഈ രണ്ടാം വായനയാണ് ബഷീറിനെ, അതും ഞാൻ അറിയാതെത്തന്നെ ഈ മൂന്ന് ചിന്തകരുമായും ബന്ധപ്പെടുത്തിയത്. വൈക്കം മുഹമ്മദ് ബഷീറിനെ മറ്റു മൂന്ന് ചിന്തകരുമായി കൂട്ടിച്ചേർത്തത് ഞാനല്ല, എന്റെ വായനയാണ്. ഈ അനുഭവം എന്റേത് മാത്രമായിട്ടുള്ള അനുഭവമല്ല. പലതരത്തിലുള്ള പുസ്തകങ്ങൾ വായിക്കുമ്പോൾ വായനക്കാരനിൽ പല പുസ്തകങ്ങളും തമ്മിൽ അവരറിയാതെത്തന്നെ കൂടിച്ചേരുന്നത് സ്വാഭാവികം മാത്രമാണ്. അങ്ങനെയാണ് ബഷീറിനെ, ബുദ്ധനോടും ഗാന്ധിയോടും സോക്രട്ടീസിനോടും ഒത്തുനിൽക്കുന്ന മഹാനായ ഒരു തത്ത്വചിന്തകനെ എനിക്ക് കാണാൻ സാധിച്ചത്.

ലോകസാഹിതിയിൽ തന്നെ പുതിയ ആകാശവും, ഭാഷയുടെയും സംസ്കാരത്തിന്റെയും ഭാവനാലോകവും നിത്യനൂതനമായി നിർമ്മിച്ചുകൊണ്ടിരിക്കുന്ന ഇമ്മിണി വല്യ എഴുത്തുകാരനാണ് ബഷീർ. മഹാനായ സാഹിത്യവിമർശകനും സംസ്കാര വിമർശകനുമായ എം.എൻ. വിജയൻ, ബഷീറിന്റെ സാഹിത്യത്തെ പറ്റി “മരുഭൂമികൾ പൂക്കുമ്പോൾ’ എന്ന പഠന പുസ്തകമെഴുതി 1993 സെപ്തംബറിൽ പ്രസിദ്ധീകരിച്ചു. അനുഭവത്തിന്റെ ഒരു ഭൂഖണ്ഡത്തന്നെ സാഹിത്യത്തിലേക്ക് കൊണ്ടുവരാൻ ബഷീറിന് കഴിഞ്ഞെന്ന് അദ്ദേഹം അതിൽ കുറിച്ചിട്ടുണ്ട്. സാർവത്രികമായ മനുഷ്യത്വത്തെയാണ് സർഗാത്മകത കൊണ്ട് ബഷീർ പ്രതിഫലിപ്പിച്ചത്. ലാവണ്യത്തിന്റെ മറുലോകമാണ് അതായത് സമസൃഷ്ടി ബോധത്തിന്റെതായ സമസ്തലോകമെന്ന ബദലാണ് നിർമ്മിച്ചത്. അങ്ങനെ വരേണ്യതയുടെ എതിർലോകങ്ങളിലൂടെ വായനക്കാരെ ബഹുദൂരം നടത്തിച്ചു. ഇന്നും അതു തുടരുന്നു.

മാനകഭാഷാവ്യവഹാരത്തിൽ ഊറ്റം കൊള്ളുന്ന എല്ലാ പണ്ഡിതന്മാരോടും ബഷീർ തൂലികകൊണ്ട് യുദ്ധം ചെയ്തു. താനെഴുതുന്നതാണ് സാഹിതിയെന്നും താനെഴുതുന്നതാണ് ഭാഷയെന്നും, ഭൂമിയുടെ അവകാശികൾ മനുഷ്യർ മാത്രമല്ലെന്നും ആ സാഹിത്യ സുൽത്താൻ സങ്കീർണതകളോ, രസഭംഗങ്ങളോ സൃഷ്ടിക്കാതെത്തന്നെ ആവിഷ്കരിച്ചു. ഭാഷയിലും ചിന്തയിലും ബഷീർ വിപ്ലവംതന്നെ സൃഷ്ടിച്ചു. അതു മനസ്സിലാകാത്ത പണ്ഡിതന്മാരോട് പാത്തുമ്മായുടെ ആടിലെ അബ്ദുൾ ഖാദറിനെ വച്ച് മറുപടി പറയുന്നുണ്ട്. പുതിയ ഭാവാനാലോകം അതായത് സാഹിത്യാസ്വാദകർക്ക് അന്നേവരെ അപരിചിതമായിരുന്ന ഭാഷാശൈലി സൃഷ്ടിച്ചുകൊണ്ട്. ആഖ്യയും ആഖ്യാതവും വെച്ചുള്ള കളിയല്ല സർഗസാഹിത്യം എന്ന് ഇന്നും മനസ്സിലാകാത്ത വൈയാകരണന്മാർ എഴുത്തച്ഛന്റെയും ആശാന്റെയും വ്യാകരണത്തെറ്റുകൾ കണ്ടു പിടിച്ചുകൊണ്ടിരിക്കുന്നു. നാലാപ്പാടൻ കണ്ണുനീർത്തുള്ളി എന്ന കൃതിയിൽ ചോദിക്കുന്നതു പോലെ കഥയെന്തു കണ്ടു! ബഷീർ അതു കണ്ട് ചിരിക്കുന്നു.

ജീവിയ്ക്കപ്പെടാൻ ആരും ആഗ്രഹിക്കാത്ത ജീവിതം തന്നെ ഉദാത്തകലയാക്കി എഴുത്തിൽ ആവിഷ്കരിച്ച ബടാ കേമനാണ് ബഷീർ.ജീവിച്ച പോലെ എഴുതുകയും എഴുതിയ പോലെ ജീവിക്കുകയും ചെയ്തു എന്നത് വാസ്തവ കഥനം തന്നെ. “ജന്മദിനം’ എന്ന ഒരൊറ്റ കഥമാത്രം മതി ബഷീറിനു കഥാ സാഹിത്യചരിത്രത്തിൽ തലയുയർത്തി നില്ക്കാൻ. അല്ലെങ്കിൽ പ്രേമലേഖനം എന്ന കഥ മതി.പേർത്തും പേർത്തും ഇവ വായിച്ചാൽ മതി. ഏതൊരു മനുഷ്യന്റെയും ആന്തരികജീവിതത്തെ മനുഷ്യത്വപരമാക്കിയെടുക്കാൻ. വായനയിലേക്കും എഴുത്തിലേക്കും പ്രവേശിക്കുന്നവർ ഇതുതന്നെ ആവർത്തിച്ച് വായിച്ചുകൊണ്ടിരിക്കണം. അതിന്റെ സാന്ദ്രമായ അർത്ഥവിവക്ഷകളിലേക്ക് സഞ്ചരിക്കണം. ബഷീർ സാഹിത്യത്തിലെ നിത്യസഞ്ചാരിയായ ഒരുവന് നൈതികതയുടെ പാഠങ്ങൾ ആരെങ്കിലും പഠിപ്പിച്ചു കൊടുക്കണോ? അരികാക്കപ്പെട്ട മനുഷ്യരുടെ ലോകം കാണിച്ചു കൊടുക്കണമോ? അവിടെ, എതിർലോകങ്ങളിലെ മനുഷ്യരുടെ അന്ത്യോദയം സഹൃദയലോകത്തിന്റെ മുദ്രാവാക്യമായി മാറുന്നു. പ്രതികരിക്കുന്ന സുവിശേഷകരെ അതുസൃഷ്ടിക്കുന്നു. അതുകൊണ്ടാണ് 1938-ൽ തിരുവിതാംകൂർ ദിവാൻ സി.പി.രാമസ്വാമി അയ്യർ “ധർമ്മ രാജ്യം’ എന്ന രചന കണ്ടുകെട്ടിയത്. അതുമൂലം രണ്ടര വർഷത്തെ ജയിൽശിക്ഷയ്ക്കു വിധേയനായി. ഇങ്ങനെ മറ്റൊരു എഴുത്തുകാരൻ മലയാളത്തിൽ ഉണ്ടോ? തടവറയെ സർഗാത്മകത പൂക്കുന്ന ഒരിടമാക്കി ബഷീർ മാറ്റി എന്നതും ചരിത്രം.

തിരുവനന്തപുരം സെൻട്രൽ ജയിലിൽ വച്ച് 1942-ൽ എഴുതിയ കഥയാണ് പ്രേമലേഖനം. 1943-ൽ പ്രസിദ്ധപ്പെടുത്തി. പക്ഷേ, 1944 ൽ ആ കഥയും തിരുവിതാംകൂർ സർക്കാർ കണ്ടുകെട്ടി. അക്കാലത്ത് തിരുവിതാംകൂറിൽ ആ കഥ സർക്കാർ നിരോധിച്ചു. “ആകാശമിഠായി’ എന്ന നാമനിർമ്മിതിയുടെ ആഴക്കാഴ്ച, ലോകവീക്ഷണമുള്ള സർഗാത്മകത കൊണ്ടു നേടിയതാണ്. കഥയിൽ പുതുമയില്ലെന്നു തോന്നിയവർക്ക് സാറാമ്മ എന്ന യുവതിയുടെ ജീവിത ചിന്തകളുടെ ഔന്നത്യം മനസ്സിലാകാതെ പോയോ? മതനിരപേക്ഷമായ മാനങ്ങൾ ഉൾക്കൊള്ളാനിന്നും കഴിയാതെ പോയതാണോ? പേർത്തും പേർത്തുമുള്ള വായനയിൽ അതുണ്ടാക്കുന്നത് മാനസിക പരിവർത്തനപ്രവാഹമാണ്. രണ്ടാനമ്മയുടെ കുശുമ്പിൽ നിന്ന് രക്ഷനേടി സ്വന്തം കാലിൽ നില്ക്കാൻ ഉപായങ്ങൾ അന്വേഷിക്കുന്നവളാണ് സാറാമ്മ. അവരുടെ വീട്ടിൽ ബാങ്കുദ്യോഗമുള്ള കേശവൻ നായർ വാടകയ്ക്ക് താമസിക്കുന്നു. ചെറിയ ശമ്പളമേയുള്ളൂ. അവർ തമ്മിൽ പ്രേമത്തിലാകുന്നു. സർവസാധാരണമെന്നു തോന്നിക്കുന്ന ഈ കഥ ആഖ്യാന ഗാംഭീര്യം കൊണ്ടും ആശയഗാംഭീര്യം കൊണ്ടും മഹത്തായ വായനാനുഭവം തന്നെയാണ് എട്ടു ദശകം പിന്നിടുമ്പോഴും ഉണ്ടാക്കുന്നത്. മനഃശുദ്ധിയും സത്യസന്ധതയും പ്രായോഗിക യുക്തികളും ജനാധിപത്യസംസ്കാരവും പ്രകാശിക്കുന്ന മഹത്തായ കഥയാണത്.

വെറുമൊരു പ്രണയ കഥയല്ല. മൂല്യവത്തായ ജീവിതത്തിന്റെ മുട്ടൻ സന്ദേശമാണ് ആ കഥ ഇന്നും മുഴക്കുന്നത്. “ക്ഷേത്രവും ചർച്ചുംനിൽക്കുന്നേടത്തു നിൽക്കട്ടേ. നമ്മുടെ ഹൃദയങ്ങളുടെ ഇടയിൽ മതിലുകൾ ഉണ്ടാവരുത്. ക്ഷമ, സഹാനുഭൂതി, കാരുണ്യം ഇവ മറക്കരുത്. തിരിഞ്ഞോ?” കേശവൻ നായരുടെ നിശ്ചയം സാറാമ്മയെ അറിയിക്കുന്നു. അതുപോലെ സാറാമ്മ തന്റെ സന്ദേഹങ്ങൾ പങ്കുവെക്കുന്നു. “നാം രണ്ടു മതക്കാരല്ലേ?” ഉടൻ തന്നെ കേശവൻനായരുടെ മറുപടി. “അതിനെന്ത്? നമുക്കു രജിസ്റ്റർ വിവാഹം ചെയ്യാമല്ലോ?” “സ്ത്രീധനം ഒന്നും വേണ്ടേ?” “സാറാമ്മ മുഴുവനായിത്തന്നെ സ്ത്രീധനമായി അനുഗ്രഹിച്ച് എനിക്കു തന്നാൽ മതി. വിജാതീയമായ പ്രണയവിവാഹത്തിനു മുമ്പിലെ ഗഡാഗഡിയൻ പ്രശ്നങ്ങളെ എത്ര വേഗമാണ് അവർ മറികടക്കുന്നത് എന്നോർക്കുക. പ്രേമം തലയ്ക്കു പിടിച്ചതുകൊണ്ടു മാത്രമല്ല ആ ഉത്തരം ഉണ്ടായത്. എത്ര അനായാസമാണ് കേശവൻ നായരുടെ പ്രതികരണങ്ങൾ എന്നു മനസ്സിലാക്കുക. വളരെ സെക്കുലർ ആയ ഈ ചിന്ത പങ്കുവെക്കുന്നത്. സ്വാതന്ത്ര്യപൂർവ കേരളത്തിലാണെന്ന് ഓർക്കുക. 1940കളുടെ ആരംഭത്തിൽ. ദേശീയതയുടെ അപകടവും ബഷീർ അന്നേ തിരിച്ചറിഞ്ഞിരുന്നുവോ? സാർവദേശീയപ്രേമംഅന്നേ അവരിൽ അങ്കുരിച്ചിരുന്നു. തികച്ചും നവീനമായ മാനുഷ്യകത്തെ, അവർ നിർവചിക്കുന്നു. ദാമ്പത്യജീവിതം മുന്നോട്ടുപോകുമ്പോൾ ഉണ്ടാകുന്ന സന്താനങ്ങളുടെ പേരിനെപ്പറ്റിയും അവർ ചിന്തിക്കുന്നുണ്ടല്ലോ.

“കടിഞ്ഞൂൽ സന്താനത്തിന് മുസൽമാന്റെ പേരിട്ടാൽ ആളുകൾ വിചാരിക്കും, മുസൽമാനാണെന്ന്. ഫാർസിയുടേതും അതുപോലെത്തന്നെ… ചൈനാക്കാരന്റേതും, റഷ്യക്കാരന്റേതും എന്നു വേണ്ട, കുഴപ്പമാണ്. എന്തു പേരിടും? ആരും ഉപയോഗിച്ചിട്ടില്ലാത്ത പേരു വേണം. പേരിന്റെ പിന്നിൽ വിശ്വാസത്തെയോ, മതത്തെയൊ കുറിക്കുന്ന ഒന്നും ഉണ്ടാവരുത്…
ആ ആലോചനകൾ നാനാതലത്തിൽ നീളവേ കേശവൻ നായർ, “സഖാവ് ആകാശമിഠായി’ എന്നു കടിഞ്ഞൂൽ കനിയെ വിളിച്ചു നോക്കുന്നു. ഉടനേ സാറാമ്മയുടെ പ്രതികരണം: “അപ്പോൾ ഒരു ഭയങ്കര സംശയം: എന്റെ തങ്കക്കുട്ടൻ കമ്മ്യൂണിസ്റ്റാണോ?’
കേശവൻനായർ ചിരിച്ചു. “ഹെഡാ, ആവണേ,ആവട്ടെ! ഏതു ഡുങ്കാസിലും ചേരട്ടേ! അവന്റെ ഇഷ്ടം. അല്ലാതെന്താ?
എന്നാൽ, എന്റെ മകന്റെ ഇഷ്ടംപോലെ ആയിക്കോട്ടേ. എന്റെ മകന് ഏതു പാർട്ടിയിലും ചേരാം.

ഈ കഥ വെറും പ്രണയകഥ മാത്രമാണോ? ആധുനിക ജനാധിപത്യമൂല്യങ്ങളുടെ ആവിഷ്കാരമാണ്. പാതിയാകാശത്തിന്റെ ഉടമയാണ് സ്ത്രീയെന്ന ചിന്തയുടെ മാധുര്യം, അതു നൽകുന്ന ജീവിതലാളിത്യവും സ്നേഹവും മറ്റും ഓരോ വാക്യവും ആന്തരികജീവിതത്തിലേക്ക് പകരുന്നുണ്ട്. പ്രേമലേഖനം മനസ്സിരുത്തി വായിക്കുന്ന യുവതയ്ക്ക് ദാമ്പത്യജീവിതത്തിൽ പ്രതിസന്ധി എന്നൊന്നുണ്ടാകുമോ? ഓരോരുത്തർക്കും വിവാഹസമ്മാനമായി നൽകേണ്ട പുസ്തകമാണിത്. പ്രീ-മാരിറ്റൽ കോഴ്സിന് പഠിപ്പിക്കേണ്ട മഹത്തായ കഥയാണിത്.

“ജന്മദിനം’ എന്ന കഥയോ? വായനയുടെയും പുനർവായനയുടെയും പര്യാലോചനകളിൽ ആ കഥ, നോവൽ പോലെ മനസ്സിൽ നിറയുന്നു. പിൽക്കാലത്ത് അങ്ങനെയുണ്ടായ ഒരു കഥയാണ് സി.വി.ശ്രീരാമന്റെ “വാസ്തുഹാര’? ജന്മദിനം 1943ൽ എഴുതിയ കഥയാണ്. ഒരെഴുത്തുകാരൻ യുവാവ് അനുഭവിക്കുന്ന ദാരിദ്ര്യത്തിന്റെയും ചുറ്റിലുമുള്ള മനുഷ്യരുടെ സാമൂഹ്യമനോഭാവത്തിന്റെയും അപഗ്രഥനമാണത്. അതിൽ, ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള സംഭാഷണത്തിന്റെ നേർ ഭാവനകളുണ്ട്. അഭ്യസ്തവിദ്യരുടെ അനുഭവരഹിതമായ ജീവിതത്തിന്റെ വൈരുദ്ധ്യങ്ങളുണ്ട്. എന്തിലും, ലാഭം ഇച്ഛിക്കുന്ന കച്ചവടക്കാരന്റെ മനോഭാവങ്ങളുണ്ട്. ഒരാളുടെ ദയനീയാവസ്ഥ അറിയാതെയുള്ള പെരുമാറ്റമുണ്ട്. അതിന്റെ അസംബന്ധപൂർണമായ ദൃശ്യങ്ങളുണ്ട്. നിജസ്ഥിതി തിരിച്ചറിയാതെ പെരുമാറുന്ന സഖാവിന്റെ ചിത്രമുണ്ട്. കമ്മ്യൂണിസ്റ്റുകാരനെ രാജ്യദ്രോഹിയായും വിപ്ലവകാരിയായും ചിത്രീകരിച്ച് പോലീസിൽ നിന്നുണ്ടാകുന്ന ചോദ്യശരങ്ങളുണ്ട്. ഇവിടത്തെ ഉദ്യോഗസ്ഥ സംവിധാനവും സമൂഹനേതൃത്വവും കഥയറിയാതെ ആട്ടം കാണുന്നവരാണെന്ന സൂചനകളുണ്ട്. വസ്തുതകളുടെ വിവരണമായല്ലാതെ തന്നെ, സർഗസമ്പന്നനായ സാഹിത്യകാരന്റെ കരവിരുതിനാൽ നിത്യമായി പ്രകാശിക്കുന്ന കഥയായ നൂറ്റാണ്ടിനപ്പുറവും തുടരും. ബഷീറിന്റെ ഓരോ രചനയും ഒന്നാമതായി ആത്മസമരമാണ്. രണ്ടാമതായി സാമൂഹ്യ സമരവുമാണ്.

“ബാല്യകാലസഖി’യെക്കുറിച്ച് സംസാരിക്കാതെ മലയാള നോവൽ സാഹിത്യത്തെപ്പറ്റി അളക്കാനാകുമോ? ബാല്യകാല സഖി മാത്രമല്ല മിക്ക രചനകളും ജീവിതത്തിൽ നിന്നു ചീന്തിയെടുത്ത സ്നേഹക്കീറുകൾ തന്നെയാണ്. ആർക്കാണ് ബഷീറിന്റെ ജീവിതത്തിൽ ഇടമില്ലാത്തത്? സാമൂഹികജീവിതത്തിന്റെ പിന്നാമ്പുറത്ത് അസ്പൃശ്യരെന്ന പോലെ കഴിഞ്ഞുകൂടുന്ന എല്ലാ മനുഷ്യരും ബഷീറിന്റെ സർഗജീവിതത്തിലുണ്ട്. നിത്യജീവിതത്തിലുണ്ട്. അവരിലെല്ലാം നന്മയുടെ നറുനിലാവുണ്ട്. ശബ്ദങ്ങളും മുച്ചീട്ടുകളിക്കാരന്റെമകളും സ്ഥലത്തെ പ്രധാന ദിവ്യനും, ന്റുപ്പാപ്പാക്കൊരാനേണ്ടാർന്നും, പാത്തുമ്മയുടെ ആടും മറ്റും മറ്റും വായിക്കുമ്പോൾ ഇതു ബോധ്യമാകുക തന്നെ ചെയ്യും.

പാത്തുമ്മയുടെ ആട് എന്ന നോവലിലെ വീടും പ്രകൃതിയും അതിലെ ജീവജാലങ്ങളും ചേർന്ന ജീവിതം എത്ര സുന്ദരമായ ആഖ്യാനമാണ്. “മറ്റുള്ളവരുടെ മുമ്പിൽ നല്ലവരായി ചമയാനല്ലാതെ നമുക്ക് നമ്മുടെ മുമ്പിൽ നല്ലവനാകാൻ കഴിയുന്നുണ്ടോ?” ഈ ചോദ്യം വളരെ പ്രസക്തമാണ്. എത്രമാത്രം ദാർശനിക മഹിമയുള്ള ചോദ്യം! “നാലും കൂടിയ വഴിയിൽ’ എന്ന കഥയിൽ തെരുവിൽ നിന്നു കിട്ടിയ കുട്ടിയുടെ മതമേതെന്ന് തിരക്കുന്നുണ്ട്. എടുത്തുകൊണ്ടുപോയി വളർത്തിയവന്റെ മതം. മതം എന്ന വൈതരണിയേയും അതിന്റെ നിരർത്ഥകതയെയും എത്രയോ തവണ ബഷീർ പ്രശ്നവത്കരിച്ചിരിക്കുന്നു എന്നതിന്റെ നിദർശനങ്ങൾ എത്രയുണ്ടെന്നോ? ബഷീറിന്റെ ദൈവസങ്കല്പം തന്നെ എത്രയോ സവിശേഷമാണ്. തികച്ചും അത് ബഹുസ്വരമായ തലങ്ങളിലേയ്ക്കുള്ള സഞ്ചാരമാണ്. വിശപ്പിന്റെ ശിക്ഷ (ന്റുപ്പാപ്പാക്കൊരാനേണ്ടാർന്ന്) ദൈവം കൊടുത്തതാണ്.

പ്രവചന സ്വഭാവമുള്ള കഥയാണ് “ഭൂമിയുടെ അവകാശികൾ. മഹത്തായ ആശയങ്ങളും ഭാവനകളും ഈ കഥയും മുന്നോട്ടു വെയ്ക്കുന്നു. ഇവിടെ സഹവർത്തിത്തമാണവശ്യം. മൂർഖൻ, നമ്മുടെ ബഷീറിന് സഖാവ് മൂർഖനാണ്. “എനിക്കീ പ്രപഞ്ചങ്ങളെയെല്ലാം സ്നേഹത്തോടെ ആലിംഗനം ചെയ്യാൻ തോന്നുന്നുണ്ട്” എന്നു ബഷീർ ചിന്തിക്കുന്നു. മറ്റൊന്നിനെ നശിപ്പിക്കാതെ മനുഷ്യനു ജീവിക്കാൻ വല്ല വഴിയുണ്ടോ? ഹിംസകൂടാതെ ജീവിക്കാൻ ഒക്കുമോ? പുതുപുത്തനായ തത്വശാസ്ത്രമാണ് ബഷീർ അന്വേഷിക്കാൻ, അവതരിപ്പിക്കാൻ തുനിഞ്ഞത്. അന്ധവിശ്വാസം പ്രാന്തു പോലാക്കി മനുഷ്യരെ കൊല്ലാതിരിക്കുക എന്ന വസ്തുനിഷ്ഠ യാഥാർഥ്യത്തിൽ ഊന്നിയ സന്ദേശവും ഇവിടെ നിന്നു ഉയരുന്നുണ്ട്.

ബഷീറിന് സ്ത്രീകൾ ദൈവത്തിന്റെ ഉൽകൃഷ്ട സൃഷ്ടികളാണ്. സ്ത്രീകഥാപാത്രങ്ങൾ ധീരമായി സംസാരിക്കുന്നു. പെണ്ണ് ഏതു നിലയിലും ആണിനെ ഭയന്നു ജീവിക്കേണ്ട കാലത്തായിരുന്നു ബാല്യകാലസഖിയിലെ സുഹ്റയെ, ധീരയും ധിക്കാരിയുമായി ബഷീർ അവതരിപ്പിച്ചത്. സൈനബ, സാറാമ്മ, കുഞ്ഞുപാത്തുമ്മ, ആയിഷ… ഭാവദീപ്തിയുള്ള എത്രയെത്ര കഥാപാത്രങ്ങൾ ബഷീറിന്റെ ലോകത്തുണ്ട്. വിസ്താരഭയത്താൽ ഈ ആലോചനകൾ ഇവിടെ നിറുത്തട്ടേ. അനന്തമായ പ്രാർത്ഥന പോലെ ബഷീർ കൃതിയുടെ പാരായണം തുടരാൻ ഭൂമി മലയാളത്തിലെ ചിരിപ്പിടിയോളം പോന്ന മനുഷ്യർക്ക് ആലോചനാബുദ്ധിയും ആയുസുമുണ്ടാകട്ടെ. വിശ്വപ്രേമത്തിന്റെ ലോകത്ത് ജീവിക്കാനുള്ള ഒറ്റമൂലിയാണ് ബഷീർ സാഹിത്യം.

 

No Comments yet!

Your Email address will not be published.