Skip to main content

കൊളാടി ബാലകൃഷ്ണൻ: നായാടികളുടെ വിമോചന സമര നായകൻ

 

കേരളത്തിൽ അധ:സ്ഥിത ജനതയുടെ വിമോചന മുന്നേറ്റങ്ങളിൽ രേഖപ്പെടുത്തപ്പെടാതെ പോയ ഒരു ചരിത്രാദ്ധ്യായമാണ് വെളിയങ്കോട് നടന്ന നായാടികളുടെ അയിത്ത വിരുദ്ധ ജാഥ. ജാതിശ്രേണിയിൽ ഏറ്റവും പിന്നണിയിൽ നില്കുന്ന നായാടികൾക്ക് ഒരു കാലത്ത് കേരളത്തിൽ പകൽ സമയങ്ങളിൽ പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടാൻ പോലും അവകാശമുണ്ടായിരുന്നില്ല. ഇന്നും മുഖ്യധാരയിലേക്ക് അവരെ ഉയർത്താൻ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ആ അവസ്ഥയിൽ വെളിയങ്കോട് നടന്ന നായാടികളുടെ അയിത്ത വിരുദ്ധ ജാഥക്ക് വളരെയേറെ ചരിത്ര പ്രസക്തിയുണ്ട്.

വെളിയങ്കോട് നടന്ന നായാടി സമരത്തിന്റെ സമരനായകൻ കൊളാടി ബാലകൃഷ്ണൻ എന്ന കൊളാടി ഉണ്ണിയായാരുന്നു. പഴയ മലബാറിന്റെ ഭാഗമായ വന്നേരി നാട്ടിലെ ഏറ്റവും വലിയ ജന്മി കുടുംബമായ കൊളാടി തറവാട്ടിലെ മൂത്തവനായി ജനിച്ചയാളാണ് കൊളാടി ബാലകൃഷ്ണൻ. 1918 ൽ ജനിച്ച അദ്ദേഹം ബോംബെയിൽ നിയമം പഠിക്കാൻ പോകുകയും ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലും കമ്മ്യൂണിസത്തിലും ആകൃഷ്ടനായ നിയമപഠനം പാതിവഴിയിൽ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. സമ്പന്നതയുടെ നടുവിൽ, വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച കൊളാടി ബാലകൃഷ്ണന് വേണമെങ്കിൽ നിയമപഠനം വിജയകരമായി പൂർത്തിയാക്കി ബ്രിട്ടീഷ് ഇന്ത്യാ സർവ്വീസിൽ ഉയർന്ന ജോലിയിൽ പ്രവേശിച്ച് ആർഭാട ജീവിതം നയിക്കാൻ എല്ലാ സാഹചര്യങ്ങളുണ്ടായിരുന്നു. കൊളാടി കുടുംബം ആഗ്രഹിച്ചതും അതായിരുന്നു. പക്ഷേ കൊളാടി ബാലകൃഷ്ണന്റെ ലക്ഷ്യം ജന്മനാടിന്റെ സ്വാതന്ത്ര്യവും ദുരിതമനുഭവിക്കുന്ന മഹാഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളുടെ വിമോചനവുമായിരുന്നു.

പഠനമുപേക്ഷിച്ച് നാട്ടിൽ തിരിച്ചെത്തിയ ബാലകൃഷ്ണൻ സ്വന്തം നാടായ വെളിയങ്കോട് ഗ്രാമത്തിൽ വന്നേരി നാട്ടിലെ ആദ്യത്തെകമ്മ്യൂണിസ്റ്റ് പാർട്ടി ഘടകം രൂപീകരിച്ചു. വീടുവിട്ടിറങ്ങിയ സിദ്ധാർത്ഥ രാജകുമാരനെപ്പോലെ ദുരിതമനുഭവിക്കുന്ന ജനങ്ങളിലേക്ക് ഇറങ്ങിവന്ന കൊളാടി ബാലകൃഷ്ണനിൽ സാധാരണക്കാർ സ്വന്തം വിമോചകനെ കണ്ടെത്തി. തികഞ്ഞ യാഥാസ്ഥിതികരായ വീട്ടുകാരിൽ നിന്ന് വലിയ എതിർപ്പുകൾ ഉണ്ടായെങ്കിലും അതൊന്നും വക വെയ്ക്കാതെ രാപ്പകലെന്നില്ലാതെ നാടുമുഴുവൻ ചുറ്റിനടന്ന് സ്വാതന്ത്ര്യ സമരപരിപാടികളും കമ്മ്യുണിസ്റ്റ് പാർട്ടി ഘടകങ്ങളും സംഘടിപ്പിച്ചു. പാവപ്പെട്ടവരെ വഴിയാധാരമാക്കുന്ന കുടിയൊഴിപ്പിക്കലിനെതിരെ കൊളാടി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ജനങ്ങൾ സംഘടിതരായി. അനധികൃത പാട്ടമളക്കലിനെതിരെ കൃഷിക്കാരെയും പാട്ടക്കുടിയന്മാരെയും സംഘടിപ്പിച്ചു. ജാതിവ്യവസ്ഥയും ഉച്ചനീചത്വങ്ങളും കൊടികുത്തിവാണ നാട്ടിൽ കൊളാടി തറവാട്ടിലെ ഇളമുറ തമ്പുരാനായ ബാലകൃഷ്ണൻ താഴ്ന്ന ജാതിക്കാരുടെ കുടിലുകളിൽ അന്തിയുറങ്ങിയും അവരുണ്ടാക്കിയ ഭക്ഷണം കഴിച്ചും ജാതിനിയമങ്ങൾ ലംഘിച്ചു. കുറഞ്ഞ കാലത്തിനുള്ളിൽ തന്നെ കൊളാടി ബാലകൃഷ്ണൻ ജനങ്ങളുടെ കണ്ണിലുണ്ണിയായി മാറി. ജനങ്ങളെ ചൂഷണം ചെയ്തുണ്ടാക്കിയ സമ്പന്നതയുടെ നടുവിൽ സുഖലോലുപരായി കഴിഞ്ഞുകൂടിയിരുന്ന ജന്മിമാരുടെയും കിങ്കരന്മാരുടെയും പേടി സ്വപ്നമായി കൊളാടി ബാലകൃഷ്ണൻ.

ആറടിയിലധികം ഉയരവും അതിനൊത്ത ശരീരവുമുള്ള വെളുത്ത് സുമുഖനായ കൊളാടി ബാലകൃഷ്ണൻ നാട്ടിലെ ചെറുപ്പക്കാരുടെമുഴുവൻ ആവേശമായി. ബാലകൃഷ്ണൻ ക്രമേണ നാട്ടുകാരുടെ ഉണ്ണ്യേട്ടനായി മാറി. നാട്ടിലെ ബഹുമുഖ പ്രശ്നങ്ങളിൽ ഇടപ്പെടാൻ കാൽ നടയായി ചെന്ന് കാര്യങ്ങൾ നടത്താൻ കഴിയാതായപ്പോൾ കൊളാടി ഉണ്ണിയുടെ മനസ്സിൽ ഒരു സൈക്കിൾ കിട്ടിയാൽ കാര്യങ്ങൾ എളുപ്പമാക്കാമെന്ന ആശയമുദിച്ചു. കൊളാടി കുടുംബത്തിൽ ധാരാളം സമ്പത്തുണ്ടെങ്കിലും തീണ്ടലും തൊടീലും നോക്കാതെ കമ്മ്യൂണിസ്റ്റായി തെണ്ടിത്തിരിഞ്ഞു നടക്കുന്ന സ്വന്തം മരുമകന് ഉഗ്രപ്രതാപിയായ തറവാട്ടു കാരണവർ അമ്മാവൻ സൈക്കിൾ വാങ്ങിക്കൊടുക്കാൻ തയ്യാറായില്ല.


ആറടിയിലധികം ഉയരവും അതിനൊത്ത ശരീരവുമുള്ള വെളുത്ത് സുമുഖനായ കൊളാടി ബാലകൃഷ്ണൻ നാട്ടിലെ ചെറുപ്പക്കാരുടെമുഴുവൻ ആവേശമായി. ബാലകൃഷ്ണൻ ക്രമേണ നാട്ടുകാരുടെ ഉണ്ണ്യേട്ടനായി മാറി. നാട്ടിലെ ബഹുമുഖ പ്രശ്നങ്ങളിൽ ഇടപ്പെടാൻ കാൽ നടയായി ചെന്ന് കാര്യങ്ങൾ നടത്താൻ കഴിയാതായപ്പോൾ കൊളാടി ഉണ്ണിയുടെ മനസ്സിൽ ഒരു സൈക്കിൾ കിട്ടിയാൽ കാര്യങ്ങൾ എളുപ്പമാക്കാമെന്ന ആശയമുദിച്ചു. കൊളാടി കുടുംബത്തിൽ ധാരാളം സമ്പത്തുണ്ടെങ്കിലും തീണ്ടലും തൊടീലും നോക്കാതെ കമ്മ്യൂണിസ്റ്റായി തെണ്ടിത്തിരിഞ്ഞു നടക്കുന്ന സ്വന്തം മരുമകന് ഉഗ്രപ്രതാപിയായ തറവാട്ടു കാരണവർ അമ്മാവൻ സൈക്കിൾ വാങ്ങിക്കൊടുക്കാൻ തയ്യാറായില്ല.


കൊളാടി തറവാട്ടിലെ കാരണവരായ അപ്പുമേനോൻ ഗുരുവായൂരപ്പന്റെ പരമഭക്തനാണ്. തറവാട്ടിൽ നിന്ന് പതിനാലു നാഴികഅകലെയുള്ള ഗുരുവായൂർ ക്ഷേത്രത്തിലേക്ക് സ്വന്തം ഭൂമിയിലൂടെ മാത്രം നടന്നാണ് അപ്പു മേനോൻ ഭഗവാനെ തൊഴാൻ പോവുക. ഏകാദശി ഉത്സവത്തിന്റെ പ്രധാന വിളക്കുകളിലൊന്നായ നവമി വിളക്ക് നടത്തുവാൻ നാട്ടിലെ പ്രമുഖ ജന്മിയായ കൊളാടിഅപ്പുമേനോനെയാണ് സാമൂതിരി രാജാവ് ചുമതലപ്പെടുത്തിയിരുന്നത്. അങ്ങനെയിരിക്കെ ഒരു ദിവസം ഗുരുവായൂരപ്പദാസനായ കൊളാടി അപ്പുമേനോന് തപാലിൽ ഒരു കത്തു കിട്ടി. മരുമകൻ കൊളാടി ഉണ്ണിക്ക് ഒരു സൈക്കിൾ വേണമെന്ന ആഗ്രഹമുണ്ടെന്നും ഉണ്ണി അക്കാര്യം മുട്ടിപ്പായി തന്റെ മുന്നിൽവന്ന് പ്രാർത്ഥിക്കാറുണ്ടെന്നും ഈ കത്തു കിട്ടിയാലുടൻ ഉണ്ണിയുടെ ആഗ്രഹംസാധിച്ചു കൊടുക്കണമെന്നും കത്തിലെഴുതിയിരിക്കുന്നു. “എന്ന് സ്വന്തം ഗുരുവായൂരപ്പൻ ” എന്നാണ് കത്തിന്റെ താഴെ പേരെഴുതി ഒപ്പിട്ടിരുന്നത്. ഗുരുവായൂരപ്പന്റെ കത്ത് കിട്ടിയപാടെ ഭക്തശിരോമണിയായ കൊളാടി അപ്പുമേനോൻ പരിചാരകരെ ശട്ടം കെട്ടി ഒരാഴ്ചയ്ക്കകം ഉണ്ണിക്ക് സ്വന്തമായ ഒരു സൈക്കിൾ എന്ന ആഗ്രഹം സാധിപ്പിച്ചു കൊടുത്തു. നേരാംവഴിക്ക് പലവട്ടം ആവശ്യപ്പെട്ടിട്ടും സൈക്കിൾ കിട്ടാതെ വന്നപ്പോൾ സ്വന്തം അമ്മാവന്റെ ഗുരുവായൂരപ്പഭക്തി മുതലാക്കി സൈക്കിൾ കൈക്കലാക്കാം എന്നു നിശ്ചയിച്ച് ഗുരുവായൂരപ്പന്റെ പേരുവെച്ച് ഉണ്ണി തന്നെ അമ്മാവന് കത്തെഴുതുകയായിരുന്നു. ഫലം ഉണ്ണിക്ക് പുതിയൊരു സൈക്കിൾ കിട്ടി. പിന്നെ നാടുനീളെ ഉണ്ണിയുടെ യാത്ര സൈക്കിളിലായി. വീട്ടിൽ നിന്ന് സൈക്കിളെടുത്തിറങ്ങിയാൽ ദിവസങ്ങളോ ആഴ്ചകളോ തന്നെ കഴിഞ്ഞാണ് പലപ്പോഴും തിരിച്ചെത്തുക. ഇങ്ങനെയുള്ള യാത്രക്കിടയിൽ കിട്ടിയവരെയൊക്കെ സൈക്കിളിന്റെ മുന്നിലും പിന്നിലും കയറ്റിയിരുത്തിയാണ് ഉണ്ണിയുടെ നാടുചുറ്റൽ. ഉണ്ണി തന്നെയാണ് സൈക്കിൾ ചവിട്ടിയിരുന്നത്. എത്ര ചവിട്ടിയാലും ക്ഷീണിക്കാത്ത പ്രകൃതമായിരുന്നുവത്രേ ഉണ്ണിക്ക്. നാട്ടിൽ എവിടെ എന്ത് പ്രശ്നങ്ങൾ ഉണ്ടായാലും ഉണ്ണി സൈക്കിളിൽ ഓടിയെത്തും. ഉണ്ണിയോടൊപ്പം ജനങ്ങളുണ്ടാവും. ഉണ്ണി നിലകൊള്ളുന്ന പക്ഷം വിജയിക്കും. നാട്ടിലെ പോലീസ് സ്റ്റേഷനും കോടതിയുമൊക്കെ കൊളാടി ഉണ്ണിയായി മാറി.

ഉണ്ണിക്ക് പതിനൊന്ന് വയസ്സുള്ളപ്പോഴാണ് ഗുരുവായൂർ ക്ഷേത്രപ്രവേശന സമരം നടക്കുന്നത്. അമ്മയോടൊപ്പം ഗുരുവായൂർ ഷേത്രദർശനത്തിന് പോയിരുന്നപ്പോഴൊക്കെ ക്ഷേത്രപ്രവേശന സമര പ്രചാരണവും സത്യാഗ്രഹ പരിപാടികളും ഉണ്ണി കണ്ടിട്ടുണ്ട്. അതിന്റെ സ്വാധീനം ചെറുപ്പത്തിൽ തന്നെ ഉണ്ണിയിലുണ്ടായിരുന്നു. അതുകൊണ്ടാണ് നൂറ്റാണ്ടുകളായി നായാടികൾ നേരിട്ടു കൊണ്ടിരുന്ന മനുഷ്യത്വരഹിതമായ അവജ്ഞയും അവഹേളനവും കൊളാടി ഉണ്ണിയുടെ മനസ്സലിയിച്ചത്.

വെളിയങ്കോട് വഴി കടന്നു പോകുന്ന കനോലി കനാലിന്റെ പടിഞ്ഞാറു ഭാഗത്ത് ഒരു കടവുണ്ട്. അതിനിപ്പുറം കിഴക്കു ഭാഗത്തേക്ക് നായാടികൾക്ക് പ്രവേശനമില്ല. ബ്രാഹ്മണ-സവർണ്ണ ജന്മി കുടുംബങ്ങളാണ് കിഴക്കുഭാഗത്തധികമുള്ളത്. ചില വിശേഷ ദിവസങ്ങളിലെ പ്രഭാതത്തിൽ നായാടികൾ കൂട്ടമായി വന്ന് ജന്മിഗൃഹങ്ങളിൽ നിന്നു ഭിക്ഷയായി എറിഞ്ഞു കൊടുക്കുന്ന ഭക്ഷണത്തിന് യാചിച്ചലറുന്നത് നാട്ടിലെല്ലാവരും കാണാറുണ്ട്. ഉണ്ണിക്ക് അവരോട് എന്നും വല്ലാത്ത സഹാനുഭൂതിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമായി ഉണ്ണി നായാടികളായ ആ പാവം മനുഷ്യരെയും സംഘടിപ്പിച്ചു. ഒരു ഓണക്കാലത്ത് പ്രഭാതത്തിൽ കനോലി കനാലിന്റെ പടിഞ്ഞാറുഭാഗത്ത് ഭക്ഷണത്തിനായി തമ്പടിച്ച നായാടി കുടുംബങ്ങളെ കടത്ത് കടത്തി അന്നേവരെ വിലക്കപ്പെട്ട വഴിയിടങ്ങളിലൂടെ ജാഥയായി നടത്തിക്കൊണ്ടുവന്ന് നായാടി ചരിത്രത്തിലാദ്യമായി അയിത്ത നിയമം ലംഘിച്ചു. അന്നേവരെ വിലക്കപ്പെട്ട വഴിയിടങ്ങളിലൂടെ നായാടി ജാഥ വരുന്നതുകണ്ട് ബ്രാഹ്മണ-സവർണ്ണ ജന്മി തമ്പുരാക്കന്മാർ കലിതുള്ളി. യജമാനന്മാരുടെ കല്പനകേട്ട് കാര്യസ്ഥന്മാരും ഗുണ്ടകളും നായാടികളെ അടിച്ചോടിക്കാൻ ജാഥക്കു നേരെ പാഞ്ഞടുത്തു. നോക്കുമ്പോൾ ജാഥക്കു മുന്നിൽ നെഞ്ചുവിരിച്ചു നടക്കുന്ന കൊളാടി ഉണ്ണി. പിന്നാലെ കല പില ശബ്ദമുണ്ടാക്കി ഭയചകിതരായി നടന്നുവരുന്ന നായാടികൾ. ഉണ്ണി മുമ്പിലുണ്ടെന്നത് മാത്രമാണവർക്ക് അയിത്ത നിയമം ലംഘിക്കാൻ ധൈര്യം നല്കിയത്. ആക്രമിക്കാൻ ചെന്ന ഗുണ്ടകൾ വന്ന വേഗത്തിൽ തന്നെ പിൻതിരിഞ്ഞു. ഇളിഭ്യരായി തിരിച്ചു വരുന്ന കാര്യസ്ഥന്മാരെ കണ്ട് തമ്പുരാക്കന്മാർ ഉത്ക്കണ്ഠാകുലരായി. കൊളാടി ഉണ്ണിയാണ് നായാടി ജാഥ നയിക്കുന്നതെന്നറിഞ്ഞപ്പോൾ അവർ എന്തു ചെയ്യണമെന്നറിയാതെ ഇതികർത്തവ്യതാമൂഢരായി നിന്നു. എല്ലാ പ്രകോപനങ്ങളും അതിജീവിച്ച് നായാടി ജാഥ കൊളാടി തറവാട്ടിലെത്തി. (വാലാടത്തേൽ) ഭക്ഷണം കഴിച്ച് സമാധാനമായി പിരഞ്ഞു പോയി. വിവരമറിഞ്ഞ് നാടാകെ സവർണ്ണ തമ്പുരാക്കൾ കലി തുള്ളിയെങ്കിലും ജനങ്ങൾ കൊളാടി ഉണ്ണിയെ വാഴ്ത്തുന്നതറിഞ്ഞ് എല്ലാവരും അടങ്ങിയിരുന്നു. ആയിരത്താണ്ടുകളായി നിലനിന്ന അയിത്ത നിയമം ലംഘിച്ച് ചരിത്രത്തിലാദ്യമായി നായാടികൾ അവർക്കുകൂടി അർഹതപ്പെട്ട ഭൂമിയിൽ സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കാൻ അങ്ങനെ അർഹത നേടി.


നോക്കുമ്പോൾ ജാഥക്കു മുന്നിൽ നെഞ്ചുവിരിച്ചു നടക്കുന്ന കൊളാടി ഉണ്ണി. പിന്നാലെ കല പില ശബ്ദമുണ്ടാക്കി ഭയചകിതരായി നടന്നുവരുന്ന നായാടികൾ. ഉണ്ണി മുമ്പിലുണ്ടെന്നത് മാത്രമാണവർക്ക് അയിത്ത നിയമം ലംഘിക്കാൻ ധൈര്യം നല്കിയത്. ആക്രമിക്കാൻ ചെന്ന ഗുണ്ടകൾ വന്ന വേഗത്തിൽ തന്നെ പിൻതിരിഞ്ഞു. ഇളിഭ്യരായി തിരിച്ചു വരുന്ന കാര്യസ്ഥന്മാരെ കണ്ട് തമ്പുരാക്കന്മാർ ഉത്ക്കണ്ഠാകുലരായി. കൊളാടി ഉണ്ണിയാണ് നായാടി ജാഥ നയിക്കുന്നതെന്നറിഞ്ഞപ്പോൾ അവർ എന്തു ചെയ്യണമെന്നറിയാതെ ഇതികർത്തവ്യതാമൂഢരായി നിന്നു.


സാഹസികവും ധീരോദാത്തവും മതേതരവുമായ നിരവധി രാഷ്ട്രീയ സാമൂഹ്യ പ്രവർത്തനങ്ങളിലൂടെ പരിമിത ജീവിത കാലത്തിനിടയിൽ തന്നെ ജനഹൃദയങ്ങൾ കീഴടക്കിയ കമ്മൂണിസ്റ്റ് ജനനേതാവായിരുന്നു കൊളാടി ഉണ്ണി. വന്നേരി നാടിന്റെ സ്നേഹഭാജനമായി മാറിയ അദ്ദേഹം ആദ്യത്തെ തെരഞ്ഞെടുപ്പിൽ തന്നെ വെളിയങ്കോട് പഞ്ചായത്തിന്റെ എതിരില്ലാത്ത പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എങ്കിലും അധികം കാലം സജീവമായി പൊതുരംഗത്ത് തുടരാൻ ആരോഗ്യം ഉണ്ണിയെ അനുവദിച്ചില്ല. വിശ്രമമില്ലാത്ത പൊതു പ്രവർത്തനം മുപ്പത്തിരണ്ടാം വയസ്സിൽ തന്നെ ഉണ്യേട്ടനെ കടുത്ത ഹൃദ്രോഗിയാക്കി മാറ്റി. തീർത്തും ശയ്യാവലംബിയായി മാറിയ ഉണ്യേട്ടൻ 1955 നവംബർ 5 ന് നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി ലോകത്തോട് വിട പറഞ്ഞു. പത്മം ആയിരുന്നു ഉണ്ണിയുടെ സഹധർമ്മിണി. അവർക്ക് മക്കളില്ല. അദ്ദേഹത്തിന്റെ ഭൗതിക ശരീരം അവസാനമായി കാണാൻ അന്ന് തടിച്ചു കൂടിയ അത്രയും ജനങ്ങൾ പിന്നീടൊരിക്കലും വെളിയങ്കോട് മറ്റൊരാവശ്യത്തിനും വന്നിട്ടില്ലെന്നാണ് സഹപ്രവർത്തകരായിരുന്നവരിൽ പലരും പറഞ്ഞു കേട്ടിട്ടുള്ളത്.

കൊളാടി ഉണ്ണിയുടെ സഹോദരൻ കൊളാടി ഗോവിന്ദൻകുട്ടി ഉണ്യേട്ടന്റെ രാഷ്ട്രീയ പിൻഗാമിയായി പിന്നീട് വന്നേരി നാട്ടിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായി ജ്വലിച്ചുയർന്നു. ഉണ്യേട്ടൻ മരിച്ച് രണ്ടു വർഷത്തിനകം 1957 ൽ നടന്ന ആദ്യത്തെ പൊതു തെരഞ്ഞെടുപ്പിൽ വന്നേരി ഉൾപ്പെടുന്ന അണ്ടത്തോട് അസംബ്ലി മണ്ഡലത്തിൽ ഉണ്ണിയുടെ രാഷ്ട്രീയ പിൻഗാമിയായി കൊളാടി ഗോവിന്ദൻകുട്ടി കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ചു. വാശിയേറിയ ആ തെരഞ്ഞെടുപ്പിൽ കൊളാടി ഉണ്ണിയോടുള്ള ജനങ്ങളുടെ അദമ്യമായ സ്നേഹം കൊളാടി ഗോവിന്ദൻകുട്ടിക്കനുകൂലമായ വോട്ടായി. കോൺഗ്രസ്സിന് കുത്തക സ്വാധീനമുള്ള മണ്ഡലത്തിൽ ഒട്ടും വിജയ സാധ്യത ഇല്ലാതിരുന്നിട്ടും ഉണ്ണിയുടെ സഹോദരൻ കൊളാടി ഗോവിന്ദൻകുട്ടി 2400 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കേരളം ഭരിക്കാനാവശ്യമായ കേവല ഭൂരിപക്ഷം തികച്ച 64-ാമത്തെ വിജയമണ്ഡലമായി അണ്ടത്തോട് കേരള ചരിത്രത്തിലിടം നേടി. അന്ന് കേരളമാകെ മുഴങ്ങിക്കേട്ട മുദ്രാവാക്യമാണ് “അറുപത്തിനാലിന് മകുടം ചാർത്തിയ അണ്ടത്തോടിന് സിന്ദാബാദ്…..” എന്നത്.

കേരളത്തെ ചുവപ്പിച്ച അണ്ടത്തോടിന്റെ മണ്ണിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിത്തുപാകിയ കൊളാടി ബാലകൃഷ്ണന്റെ കൂടി സംഭാവനയാണ് ഐക്യകേരളത്തിലെ പ്രഥമ കമ്മ്യൂണിസ്റ്റ് സർക്കാർ. കൊളാടി ഉണ്ണി എന്ന ഇതിഹാസ സമര നായകൻ വിടവാങ്ങിഅടുത്തവർഷം തന്നെ വെട്ടിയങ്കോട് കോതമുക്കിൽ ആരംഭിച്ച കൊളാടി ഉണ്ണി സ്മാരക വായനശാല ഇന്ന് പൊന്നാനി താലൂക്കിലെ മികച്ച ഗ്രന്ഥാലയങ്ങളിലൊന്നാണ്. കമ്മ്യൂണിസ്റ്റ് നേതാവും നായാടി ജനതയുടെ വിമോചന സമരനായകനുമായ കൊളാടി ഉണ്ണിയുടെ 69-ാം ചരമവാർഷിക ദിനമാണിന്ന്.

 

********

 

No Comments yet!

Your Email address will not be published.